This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ധ്വന്യാലോകം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
12:47, 11 മാര്‍ച്ച് 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
ധ്വന്യാലോകം
സംസ്കൃതത്തില്‍ രചിതമായ കാവ്യമീമാംസാ ഗ്രന്ഥം. 9-ാം ശ.-ത്തില്‍ കാശ്മീരില്‍ ജീവിച്ചിരുന്ന ആനന്ദവര്‍ധനനാണ് രചയിതാവ്. കാവ്യത്തിന്റെ ആത്മാവായി ധ്വനി എന്ന തത്ത്വത്തെ വിശദീകരിക്കുന്നതോടൊപ്പം ധ്വനിയും മറ്റു കാവ്യതത്ത്വങ്ങളുമായുള്ള ബന്ധവും ഈ കൃതിയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു.
നാല് ഭാഗമായാണ് (ഭാഗത്തിന് ഉദ്യോതം എന്ന് പേരു നല്കിയിരിക്കുന്നു) ധ്വന്യാലോകത്തിലെ പ്രതിപാദനം. പദ്യരൂപത്തില്‍ കാരികയും ഉദാഹരണപദ്യ-ഗദ്യഭാഗങ്ങളോടൊപ്പം ഗദ്യരൂപത്തില്‍ വൃത്തിയും ഇടകലര്‍ന്നാണ് രചനാശൈലി. ചില പണ്ഡിതന്മാര്‍ ഇതിലെ നിര്‍വചനപരമായ കാരികാപദ്യങ്ങള്‍ അജ്ഞാത നാമാവായ ഒരു പണ്ഡിതന്‍ രചിച്ചതാണെന്നും വൃത്തിയുടെ രചയിതാവാണ് ആനന്ദവര്‍ധനന്‍ എന്നും കരുതുന്നുണ്ട്. എന്നാല്‍ കൂടുതല്‍ ഗവേഷകരും കാരികയും വൃത്തിയും ആനന്ദവര്‍ധനന്റെതന്നെ കൃതിയാണെന്നാണ് രേഖപ്പെടുത്തുന്നത്. ഗ്രന്ഥാരംഭത്തിലെ പദ്യത്തില്‍ 'സഹൃദയമനഃപ്രീതിക്കായിട്ട് ധ്വനിയുടെ സ്വരൂപം വിശദീകരിക്കുന്നു' എന്നു പ്രസ്താവിച്ചതില്‍നിന്ന് കാരികാകാരന്റെ നാമം സഹൃദയന്‍ എന്നാകാം എന്ന് പ്രസ്താവം കാണുന്നുണ്ടെങ്കിലും ഈ മതം സാമാന്യമായി സ്വീകാര്യമായിട്ടില്ല. സഹൃദയാലോകം എന്ന പേരിലും ധ്വന്യാലോകം അറിയപ്പെടുന്നുണ്ട്. കാവ്യാലോകം എന്നും ഈ ഗ്രന്ഥത്തിനു പേരു നല്കിക്കാണുന്നു.
'കാവ്യാത്മാവ് ധ്വനിയാണ് എന്ന് തന്റെ പൂര്‍വസൂരികളായ കവികള്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അതിന്റെ അസ്തിത്വത്തെ ചില പണ്ഡിതന്മാര്‍ നിഷേധിക്കുകയും ചിലര്‍ ധ്വനി എന്നത് അനുമാനം എന്ന തത്ത്വത്തില്‍ അന്തര്‍ഭൂതമാണെന്ന് കരുതുകയും മറ്റു ചിലര്‍ ധ്വനിതത്ത്വം ഉണ്ടെങ്കിലും അത് അനിര്‍വചനീയമാണെന്നു വിലയിരുത്തുകയും ചെയ്യുന്നതിനാല്‍ ധ്വനിയെ വ്യക്തമാക്കുന്നതിനുവേണ്ടി താന്‍ ഈ കൃതി രചിക്കുന്നു' എന്ന് ഗ്രന്ഥകാരന്‍ ആമുഖമായി പറയുന്നു.
'കാവ്യസ്യാത്മാ ധ്വനിരിതി ബുധൈര്‍
യഃ സമാമ്നാതപൂര്‍വഃ
തസ്യാഭാവം ജഗദുരപരേ
ഭാക്തമാഹുസ്തദനേ
കേചിദ്വാചാംസ്ഥിതമവിഷയേ
തത്ത്വമൂചുസ്തദീയം
തേനബ്രൂമഃ സഹൃദയമനഃ/പ്രീതയേ തത്സ്വരൂപം'
ധ്വന്യഭാവവാദികളുടെയും മറ്റും വാദമുഖങ്ങളെ ഓരോന്നായി വിശകലനംചെയ്ത് അവയുടെ നിരാസനത്തിനുശേഷം ധ്വനിയുടെ സ്വരൂപം വ്യക്തമാക്കുകയാണ് ആദ്യത്തെ ഉദ്യോതത്തില്‍. രസാഭിവ്യക്തിക്ക് വ്യഞ്ജനാവ്യാപാരം അനുപേക്ഷണീയമാണെന്നും കാളിദാസനെപ്പോലെ പ്രഗല്ഭരായ മഹാകവികള്‍ ഈ വസ്തുത തങ്ങളുടെ കൃതികളിലൂടെ സ്പഷ്ടമാക്കിയിട്ടുണ്ടെന്നും ആനന്ദവര്‍ധനന്‍ സൂചിപ്പിക്കുന്നു.
ധ്വനിഭേദത്തിന്റെ വിശദീകരണത്തോടെയാണ് രണ്ടാം ഉദ്യോതം ആരംഭിക്കുന്നത്. ഇതോടൊപ്പം ആനുഷംഗികമായി അലങ്കാരം, ഗുണം എന്നിവയും ധ്വനിയും തമ്മിലുള്ള ബന്ധത്തെപ്പറ്റി കൂലങ്കഷമായി ചര്‍ച്ചചെയ്യുന്നുണ്ട്. രസവദലങ്കാരവും രസധ്വനിയും തമ്മിലുള്ള വ്യത്യാസം, ഗുണങ്ങളെങ്ങനെ രസധര്‍മങ്ങളാകുന്നു എന്നീ വിഷയങ്ങളുടെ പഠനമാണ് ഇതില്‍ പ്രധാനം.
ധ്വനിഭേദങ്ങളുടെ പദ-വാക്യപ്രകാശകത വിശദമാക്കിക്കൊണ്ടാണ് മൂന്നാം ഉദ്യോതം ആരംഭിക്കുന്നത്. ഒരു ഒറ്റ പദം ധ്വന്യാത്മകമായി മാറുന്നതും ഒരു വാചകത്തിന് ഈ ശക്തി ലഭിക്കുന്നതും ഈ സന്ദര്‍ഭത്തില്‍ പ്രതിപാദിക്കുന്നു. ഇതോടൊപ്പം വാക്കുകളുടെയും വാചകങ്ങളുടെയും ചേര്‍ച്ചയാല്‍ ലഭിക്കുന്ന സംഘടന, പ്രബന്ധം എന്നിവയും രസാദിധ്വനിക്കു വ്യഞ്ജകമാകുന്നതും ഈ ഉദ്യോതത്തില്‍ വിശദീകരിക്കുന്നുണ്ട്. ഗുണീഭൂതവ്യംഗ്യവും ചിത്രകാവ്യവും ഈ സന്ദര്‍ഭത്തില്‍ പ്രതിപാദിതമായിരിക്കുന്നു. രസ്വാദിധ്വനിയുടെ ആവിഷ്കാരരീതികളാണ് മറ്റൊരു പ്രധാന വിഷയം. ഈ സന്ദര്‍ഭത്തില്‍ ഔചിത്യത്തിന്റെ പ്രാധാന്യം മറ്റെന്തിനെക്കാളുമധികമാണെന്നു നിരീക്ഷിക്കുന്നു. ഈ തത്ത്വനിരൂപണമാണ് പില്ക്കാലത്ത് ക്ഷേമേന്ദ്രന് ഔചിത്യവിചാരചര്‍ച്ച എന്ന ഗ്രന്ഥത്തിന്റെ രചനയ്ക്കുതന്നെ പ്രേരകമായതെന്ന് നിരൂപകര്‍ കരുതുന്നുണ്ട്. ഒരു കൃതിയില്‍ത്തന്നെ വിരുദ്ധരസങ്ങളെ ആവിഷ്കരിക്കേണ്ടിവരുമ്പോള്‍ ശ്രദ്ധിക്കേണ്ടകാര്യങ്ങളും ശാസ്ത്രീയമായിചര്‍ച്ചചെയ്യുന്നു.
പൂര്‍വസൂരികളായ കവികള്‍ അവതരിപ്പിച്ച ആശയങ്ങള്‍തന്നെ ധ്വനിയുടെ സമ്മേളനത്താല്‍ കൂടുതല്‍ ചമത്കാരകമായിത്തീരുന്നതെങ്ങനെയെന്ന വിശദീകരണത്തോടെയാണ് നാലാം ഉദ്യോതം ആരംഭിക്കുന്നത്. രാമായണത്തിലെയും മഹാഭാരതത്തിലെയും അംഗിയായ രസം ഏതെന്ന നിരൂപണമാണ് ഈ ഉദ്യോതത്തിലെ മറ്റൊരു പ്രസിദ്ധമായ വിഷയം. രാമായണത്തിലെ അംഗിയായ രസം കരുണവും മഹാഭാരതത്തിലേത് ശാന്തവുമാണെന്ന് ആന്ദവര്‍ധനന്‍ സമര്‍ഥിക്കുന്നു. ഇങ്ങനെ ധ്വനിയുടെ അവതരണത്തിലാരംഭിച്ച് കാവ്യതത്ത്വങ്ങളെ ഒട്ടുമിക്കതിനെയും സമഗ്രമായി വിലയിരുത്തിക്കൊണ്ട് രചിച്ച ധ്വന്യാലോകത്തിന് ഭാരതീയകാവ്യശാസ്ത്രരംഗത്ത് അദ്വിതീയ സ്ഥാനമാണുള്ളത്.
ധ്വന്യാലോകം ആദ്യവായനയില്‍ വളരെ സരളമായ പ്രതിപാദനശൈലി പ്രകടമാക്കുന്നുവെങ്കിലും അതിലെ ധ്വനിതത്ത്വം പൂര്‍ണമായി മനസ്സിലാക്കുക അത്രതന്നെ അനായാസമല്ല. ധ്വന്യാലോകത്തിന് അഭിനവഗുപ്തന്‍ രചിച്ച ലോചനം എന്ന വ്യാഖ്യാനഗ്രന്ഥമാണ് ധ്വനിയുടെ സത്ത സഹൃദയര്‍ക്ക് സുഗ്രഹമാക്കിത്തീര്‍ത്തത്. ലോചനത്തിന് ഉത്തുംഗോദയന്‍ എന്ന പണ്ഡിതന്‍ വ്യാഖ്യാനം രചിച്ചിട്ടുണ്ട്. ചന്ദ്രാദിത്യന്റെ പുത്രനായ കയ്യടന്‍ ധ്വന്യാലോകത്തിന് പ്രൌഢമായ മറ്റൊരു വ്യാഖ്യാനം രചിച്ചിട്ടുണ്ട്. അഭിനവഗുപ്തന്റെ ലോചനത്തിലെ പല നിരീക്ഷണങ്ങളെയും ഖണ്ഡിച്ചുകൊണ്ട് കേരളീയനായ നീലകണ്ഠശാസ്ത്രി ധ്വന്യാലോകത്തിനു രചിച്ച വ്യാഖ്യാനം ആ നിലയില്‍ ശ്രദ്ധേയമാണ്. ലോചനത്തിന് കേരളീയനായ ദാശരഥി നമ്പൂതിരി അഞ്ജനം എന്ന പേരില്‍ ഒരു വ്യാഖ്യാനം രചിച്ചു. കേരളീയരായ ഉദയന്‍, രാമപിഷാരടി എന്നിവര്‍ യഥാക്രമം കൌമുദി, ബാലപ്രിയ എന്നീ പേരുകളില്‍ സംസ്കൃതത്തില്‍ രചിച്ച വ്യാഖ്യാനങ്ങളും ഉപലബ്ധമാണ്.
ധ്വനിതത്ത്വം എന്നത് ഒരു തത്ത്വമായി അവതരിപ്പിക്കേണ്ടതില്ല, മുമ്പുതന്നെ പ്രസിദ്ധമായ അനുമാനം എന്ന തത്ത്വത്തിന്റെ വിശദീകരണം മാത്രമാണ് എന്ന് വിശദീകരിച്ചുകൊണ്ട് ധ്വന്യാലോകത്തിലെ ആശയങ്ങളെ നിശ്ശേഷം ഖണ്ഡിച്ച് മഹിമഭട്ടന്‍ രചിച്ച ഗ്രന്ഥമാണ് വ്യക്തിവിവേകം. എന്നാല്‍ പില്ക്കാലത്തും ധ്വനിയും ധ്വന്യാലോകവും സര്‍വാംഗീണമായി മാറുകയാണുണ്ടായത്. തത്ത്വശാസ്ത്രമേഖലയില്‍ അദ്വൈതമതസ്ഥാപകനായ ശങ്കരചാര്യരുടെ സ്ഥാനമാണ് സാഹിത്യമീമാംസാരംഗത്ത് ധ്വന്യാലോകരചയിതാവായ ആനന്ദവര്‍ധനന് പണ്ഡിതന്മാര്‍ കല്പിക്കുന്നത്.
എല്ലാ ഭാരതീയഭാഷകളിലും പല വിദേശഭാഷകളിലും ധ്വന്യാലോകത്തിന് വിവര്‍ത്തനവും വ്യാഖ്യാനവും പഠനവും ഉപലബ്ധമാണ്. ഡോ. കെ. കൃഷ്ണമൂര്‍ത്തി ഇംഗ്ളീഷില്‍ രചിച്ച പ്രഗല്ഭമായ പഠനഗ്രന്ഥവും ധ്വന്യാലോകത്തിന് തയ്യാറാക്കിയ സംശോധിതസംസ്കരണവും പ്രസിദ്ധമാണ്. മലയാളത്തില്‍ വിവര്‍ത്തനവും പഠനവുമായി അനേകം ഗ്രന്ഥങ്ങള്‍ ധ്വന്യാലോകത്തിനുണ്ടായിട്ടുണ്ട്. ഇതില്‍ ഇ.വി. ദാമോദരന്‍ ധ്വന്യാലോകത്തെയും ലോചനത്തെയും മലയാളത്തില്‍ പരിചയപ്പെടുത്തുന്ന ഗ്രന്ഥം പ്രധാനമാണ്. മലയാളസാഹിത്യത്തിലെ ധ്വനിപ്രധാനമായ സന്ദര്‍ഭങ്ങള്‍ ഉദാഹരണമായി പരിചയപ്പെടുത്തിക്കൊണ്ട് ഡോ.പി. കെ. നാരായണപിള്ള രചിച്ച കൈരളീധ്വനിയെ 'കേരളീയരുടെ ധ്വന്യാലോകം' എന്നു വിശേഷിപ്പിക്കാം. പില്ക്കാലത്ത് മലയാളത്തില്‍ ധ്വനിയെയും ധ്വന്യാലോകത്തെയും വിശദമാക്കാന്‍ രചിച്ച പല പഠനങ്ങളിലും മലയാളസാഹിത്യത്തിലെ കാവ്യാത്മകമായ ഭാഗങ്ങള്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്ന ഈ രീതി സ്വീകരിച്ചുവന്നു. നോ: ധ്വനി