This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ധ്യാനബിന്ദൂപനിഷത്ത്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:39, 11 മാര്‍ച്ച് 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ധ്യാനബിന്ദൂപനിഷത്ത്

ധ്യാനത്തിന്റെയും യോഗസാധനയുടെയും വിവിധ മാര്‍ഗങ്ങളും പ്രാധാന്യവും വിശദീകരിക്കുന്ന ഉപനിഷത്ത്. ഉപനിഷദ്ദീപ്തി എന്ന ഗ്രന്ഥത്തില്‍ 108 ഉപനിഷത്തുകളില്‍ ഉള്‍പ്പെടുത്തി ഇത് വ്യാഖ്യാനസഹിതം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

   104 പദ്യങ്ങളും ദീര്‍ഘമായ ഒരു ഗദ്യഖണ്ഡവുമാണ് (93-ാം പദ്യത്തിനുശേഷം) ഇതിലുള്ളത്. 'ഓം സഹനാവവതു, സഹനൌഭുനക്തു, സഹവീര്യം കരവാവഹൈ, തേജസ്വി നാവധീതമസ്തു, മാ വിദ്വിഷാവഹൈ, ഓം ശാന്തിഃ, ശാന്തിഃ, ശാന്തിഃ' എന്ന പ്രസിദ്ധ ശാന്തിമന്ത്രത്തോടെയാണ് ഉപനിഷത്ത് ആരംഭിക്കുന്നത്. (ബ്രഹ്മം നമ്മെ രണ്ടുപേരെയും ഒരുമിച്ചു രക്ഷിക്കട്ടെ, അത് നമ്മെ രണ്ടുപേരെയും ഒരുമിച്ചു പരിപാലിക്കട്ടെ, നമ്മള്‍ രണ്ടുപേരും ഒരുമിച്ച് സാമര്‍ഥ്യത്തെ പ്രാപിക്കട്ടെ, നമ്മുടെ അധ്യയനം തേജോമയമയം ആയിരിക്കട്ടെ, നാം പരസ്പരം വിദ്വേഷം ഇല്ലാത്തവരായിരിക്കട്ടെ, എല്ലാവര്‍ക്കും ശാന്തി ലഭിക്കട്ടെ.)
  ധ്യാനയോഗങ്ങളുടെ മാഹാത്മ്യവര്‍ണനയോടെയാണ് തുടക്കം. എത്രതന്നെ ലൌകിക ജീവിതത്തില്‍ മുഴുകിയ ആള്‍ക്കും ധ്യാനത്തിലൂടെയും യോഗസാധനയിലൂടെയും ആത്മജ്ഞാനം ലഭിക്കാം എന്ന പ്രസ്താവനയാണ് ആദ്യത്തെ പദ്യം. ലൌകിക ജീവിതത്തില്‍ ആമഗ്നരായവര്‍ക്ക് മറ്റു മാര്‍ഗങ്ങള്‍ ഈ ലക്ഷ്യ പ്രാപ്തിക്കു ദുഷ്കരമാണെന്നും പറയുന്നു.
  	'യദി ശൈലസമം പാപം വിസ്തീര്‍ണം ബഹുയോജനം

ഭിദ്യതേ ധ്യാനയോഗേന നാന്യോ ഭേദഃ കദാചന'

എന്നാണ് പ്രഥമ പദ്യം. 'വളരെ യോജന വിസ്തീര്‍ണമുള്ള പര്‍വതതുല്യമായ പാപവും ധ്യാനയോഗങ്ങളാല്‍ ഭേദിക്കപ്പെടുന്നു; അത്തരം പാപം ഭേദിക്കുന്നതിന് ഇതിനു മാത്രമേ സാധിക്കൂ' എന്ന് ലൌകികജീവിതബന്ധനത്തെ പര്‍വതാകാരമായ പാപമായി സങ്കല്പിച്ചിരിക്കുന്നു.

  ധ്യാന-യോഗങ്ങള്‍ക്കു സഹായകമായ മന്ത്രങ്ങളില്‍ പ്രഥമമായി ബീജാക്ഷരത്തെ നിര്‍ദേശിക്കുന്നു. അര്‍ഥഗ്രഹണത്തോടെ മന്ത്രസാധന ചെയ്യണമെന്നു നിര്‍ദേശിക്കുകയും തുടര്‍ന്ന് അര്‍ഥസ്മരണയോടെ പ്രണവസാധന വിശദീകരിക്കുകയും ചെയ്യുന്നു. 
  ഓംകാരത്തിന്റെ ആദ്യത്തെ അംശമായ അകാരത്തില്‍ പൃഥ്വി, അഗ്നി, ഋഗ്വേദം, ഭൂമി എന്നിവയുടെയും ബ്രഹ്മാവിന്റെയും സാന്നിധ്യവും രണ്ടാമത്തെ അംശമായ ഉകാരത്തില്‍ അന്തരീക്ഷം, യജുര്‍വേദം, വായു, ഭുവര്‍ലോകം എന്നിവയുടെയും മഹാവിഷ്ണുവിന്റെയും അധിവാസവുമാണ് സ്മരിക്കേണ്ടത്. 
  മൂന്നാമത്തെ അംശമായ മകാരത്തില്‍ ദ്യോവ്, സൂര്യന്‍, സാമവേദം, സ്വര്‍ഗലോകം എന്നിവയുടെയും മഹേശ്വരന്റെയും ഭാവം അന്തര്‍ഭവിക്കുന്നു. അകാരം പീത(മഞ്ഞ)വര്‍ണവും രജോഗുണയുക്തവും ഉകാരം ശ്വേത(വെളുപ്പ്)വര്‍ണവും സത്ത്വഗുണയുക്തവും മകാരം കൃഷ്ണ(കറുപ്പ്)വര്‍ണവും തമോഗുണയുക്തവുമാണ്. എട്ട് അംഗത്തോടും നാല് പാദത്തോടും മൂന്ന് സ്ഥാനത്തോടും കൂടിയതും അഞ്ച് ദേവതമാരുടെ അധിഷ്ഠാനവുമാണ് ഏകാക്ഷരമായ ഓംകാരം.
  	'ഓമിത്യേകാക്ഷരം ബ്രഹ്മ ധ്യേയം സര്‍വമുമുക്ഷുഭിഃ

പൃഥിവ്യഗ്നിശ്ച ഋഗ്വേദോ ഭൂരിത്യേവ പിതാമഹഃ

അകാരേ തു ലയം പ്രാപ്തേ പ്രഥമേ പ്രണവാംശകേ

അന്തരിക്ഷം യജുര്‍വായുര്‍ഭുവോവിഷ്ണുര്‍ ജനാര്‍ദനഃ

ഉകാരേതു ലയം പ്രാപ്തേ ദ്വിതീയേ പ്രണവാംശകേ

ദ്യൌഃസൂര്യഃസാമവേദശ്ച സ്വരിത്യേവമഹേശ്വരഃ

മകാരേതുലയം പ്രാപ്തേ തൃതീയേ പ്രണവാംശകേ

അകാരഃ പീതവര്‍ണഃ സ്യാദ്രജോഗുണ ഉദീരിതഃ

ഉകാരഃ സാത്ത്വികഃ ശുക്ളോ മകാരഃ കൃഷ്ണതാമസഃ

അഷ്ടാംഗം ച ചതുഷ്പാദം ത്രിസ്ഥാനം പഞ്ചദൈവതം'

  പ്രണവം ധനുസ്സും (വില്ലും) ആത്മാവ് ബാണവും (അമ്പും) ബ്രഹ്മം ലക്ഷ്യവുമായി കരുതണം. ഹൃദയകമലത്തിന്റെ കര്‍ണികയില്‍ ദീപശിഖപോലെയും അംഗുഷ്ഠമാത്രാകാരമായും സ്ഥിതിചെയ്യുന്ന ഓംകാര രൂപനായ ഈശ്വരനെ കേന്ദ്രബിന്ദുവായി സ്വീകരിച്ച് ധ്യാനസാധന ചെയ്യാം. ആത്മാവിനെ താഴത്തെ അരണിയായും പ്രണവത്തെ ഉത്തരാരണിയായും ഗ്രഹിക്കാം. ഓംകാരധ്വനിയെ നാദസഹിതം രേചകം ചെയ്തു തീര്‍ന്നതിനുശേഷം നാദലയം സംഭവിക്കുന്നു. 
  ഈ രീതിയില്‍ യോഗ-ധ്യാന തത്ത്വങ്ങളും വിധികളും ക്രമത്തില്‍ വര്‍ണിക്കുകയാണ് തുടര്‍ന്നുള്ള പദ്യങ്ങളില്‍. മഹാവിഷ്ണുവിന്റെയും ബ്രഹ്മാവിന്റെയും പരമശിവന്റെയും ധ്യാനവിധി, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നീ യോഗസാധനാവിധികള്‍; ശരീരശാസ്ത്രപ്രകാരമുള്ള ഇഡ, പിംഗല, സുഷുമ്ന തുടങ്ങിയ പത്ത് പ്രധാന നാഡികള്‍; പ്രാണന്‍, അപാനന്‍ തുടങ്ങിയ വായുക്കള്‍; ഹംസ മന്ത്രജപം, അജാഗായത്രി ജപം, കുണ്ഡലിനീ സാധന, ഉഡ്യാണബന്ധം, ജാലന്ധരബന്ധം, ഖേചരീമുദ്രാഭ്യാസം തുടങ്ങിയവ വിശദീകരിക്കുന്നു.
   93-ാം പദ്യത്തിനുശേഷം ദീര്‍ഘമായ ഒരു ഗദ്യഭാഗത്ത് ആത്മനിര്‍ണയം എന്ന വിഷയം പ്രതിപാദിക്കുന്നു. ധ്യാന-യോഗ സാധനകളുടെ ഫലമായി ലഭിക്കുന്ന ആത്മജ്ഞാനത്തിനു മുന്നോടിയായി മനസ്സിലാക്കേണ്ട ആത്മസ്വരൂപത്തെപ്പറ്റിയുള്ള ചര്‍ച്ചയാണ് ഇത്. ആത്മാവിന്റെ തത്ത്വനിരൂപണത്തിനും ആത്മദര്‍ശനമാര്‍ഗത്തിന്റെ വിശദീകരണത്തിനുംശേഷം പതിനൊന്ന് പദ്യങ്ങളില്‍ ആത്മദര്‍ശനത്തിനു സഹായകമായ യോഗസാധനയെ വിശദീകരിക്കുന്നു. കൈവല്യപദപ്രാപ്തിക്കു സഹായകമായ യോഗവിധിയുടെ വിശദീകരണം നല്കിക്കൊണ്ടാണ് ഈ ഉപനിഷത്ത് സമാപിക്കുന്നത്.
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍