This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ധര്‍മശാസ്ത്രം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ധര്‍മശാസ്ത്രം
ധര്‍മത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ശാസ്ത്രം. ഭാരതത്തിന്റെ പൌരാണിക സംസ്കാരത്തിന്റെ ആണിക്കല്ലാണ് ധര്‍മം. സജ്ജനങ്ങളുടെ കര്‍ത്തവ്യകര്‍മങ്ങളുടെ ആകെത്തുകയാണ് ധര്‍മം. 'ധരതി വിശ്വം ഇതി ധര്‍മഃ' എന്ന് ലിംഗഭട്ടന്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. ലോകത്തെ നിലനിര്‍ത്തുന്നത് ധര്‍മം എന്നര്‍ഥം. 'ധ്രിയതേ ലോകഃ അനേന ഇതി ധര്‍മഃ' (ഏതൊന്നിനാലാണോ ലോകം നിലനിര്‍ത്തപ്പെടുന്നത് അത് ധര്‍മം). ഭാനുജി ദീക്ഷിതര്‍ 'ധ്രിയതേ ജനൈഃ ഇതിധര്‍മഃ' (ജനങ്ങളാല്‍ നിലനിര്‍ത്തപ്പെടുന്നത് ധര്‍മം) എന്ന വ്യുത്പത്തിയാണ് നല്കുന്നത്. 'ധാരണാത് ധര്‍മ ഇത്യാഹുഃ ധര്‍മോ ധാരയതേ പ്രജാഃ' എന്ന വ്യാസവാക്യങ്ങള്‍തന്നെയാണ് മേല്‍ ഉദ്ധരിച്ച വ്യാഖ്യാനങ്ങള്‍ക്ക് അവലംബം. ധരിക്കുക എന്നര്‍ഥമുള്ള ധൃ ധാതുവില്‍ നിന്നാണ് ധര്‍മപദത്തിന്റെ ഉത്പത്തി. മഹത്ത്വത്തെ സൂചിപ്പിക്കുന്നതാണ് മകാരം. 'ധാരണാച്ച മഹത്ത്വേന ധര്‍മഃ' എന്ന് മത്സ്യപുരാണത്തില്‍ പറയുന്നു. ധര്‍മത്തിന്റെ പരിണതഫലമായ അര്‍ഥകാമങ്ങളിലൂടെയാണ് പരമപുരുഷാര്‍ഥമായ മോക്ഷം ലഭിക്കേണ്ടത്.
'ഊര്‍ധ്വബാഹുര്‍വിരൌമ്യേഷഃ
നച കശ്ചിത് ശൃണോതിമേ
ധര്‍മാദര്‍ഥശ്ച കാമശ്ച
സധര്‍മഃകിം ന സേവ്യതേ.' മഹാഭാരതം: 18: 5-49
(ധര്‍മത്തിലൂടെയാണ് അര്‍ഥവും കാമവും ലഭ്യമാവുക. എന്നിട്ടും ആളുകളെന്തേ ധര്‍മത്തെ ഉപാസിക്കാത്തത്?) ഈ പ്രശ്നം വ്യാസനെ അലട്ടിയിരുന്നു. ധര്‍മത്തിലൂടെയാണ് യഥാര്‍ഥ സുഖം ലഭിക്കുന്നതെന്ന് അഷ്ടാംഗഹൃദയത്തിലും രേഖപ്പെടുത്തിയിട്ടുണ്ട്.
'സുഖാര്‍ഥാഃ സര്‍വഭൂതാനാം
മതാഃ സര്‍വാഃ പ്രവൃത്തയഃ
സുഖം ച ന വിനാ ധര്‍മാത്
തസ്മാത് ധര്‍മപരോ ഭവ'
(ആളുകള്‍ സുഖം നേടാനാണ് ഏതു പ്രവൃത്തിയും ചെയ്യുന്നത്. സുഖം ധര്‍മത്തിലൂടെയാണ് ലഭിക്കുന്നത്. അതിനാല്‍ എല്ലാവരും ധര്‍മനിഷ്ഠരാവുക.)
ധര്‍മത്തെപ്പറ്റി പ്രതിപാദിക്കുന്ന ശാസ്ത്രമാണ് ധര്‍മശാസ്ത്രം. ഉദ്ബോധിപ്പിക്കുക എന്നര്‍ഥമുള്ള ശംസ് ധാതുവില്‍നിന്നോ കല്പിക്കുക എന്നര്‍ഥമുള്ള ശാസ് ധാതുവില്‍നിന്നോ ശാസ്ത്രം എന്ന പദം നിഷ്പാദിപ്പിക്കാം. മനുഷ്യരുടെ കര്‍ത്തവ്യങ്ങളെപ്പറ്റി ഉദ്ബോധിപ്പിക്കുന്ന ഉപദേശ സമാഹാരമാണ് ധര്‍മശാസ്ത്രം എന്ന് ചുരുക്കം. വൈദികധര്‍മങ്ങള്‍ പ്രതിപാദിക്കുന്ന ആദ്യത്തെ കൃതിയാണ് �ശ്രൌതസൂത്രങ്ങള്‍. ശ്രൌത പദത്തിന് ശ്രുതിയെ അഥവാ വേദങ്ങളെ സംബന്ധിച്ചത് എന്നര്‍ഥം. ധര്‍മപ്രതിപാദകങ്ങളായ വേദഭാഗങ്ങളുടെ വിവരണമാണ് ഇതില്‍ ഉള്ളത്. പിന്നീട് ഗൃഹസ്ഥ ധര്‍മങ്ങളെ പ്രതിപാദിക്കുന്ന ഗൃഹ്യസൂത്രങ്ങള്‍ ഉണ്ടായി. മതപരമായ അനുഷ്ഠാനങ്ങള്‍ക്കാണ് ഇവിടെ ഊന്നല്‍ കൊടുത്തിരിക്കുന്നത്. തുടര്‍ന്ന് ധര്‍മസൂത്രങ്ങള്‍ വിരചിതങ്ങളായി. ഇവയുടെ അടിസ്ഥാനത്തില്‍ കല്പസൂത്രങ്ങളുടെ ഒരു പ്രവാഹംതന്നെ ഉണ്ടായി.
ധര്‍മസൂത്രങ്ങളുടെ വ്യാഖ്യാനങ്ങളാണ് ധര്‍മശാസ്ത്രങ്ങള്‍. ഇവയ്ക്ക് രണ്ട് സഹസ്രാബ്ദത്തെ പഴക്കമുണ്ട്. മനുസ്മൃതിയാണ് ആദ്യകാലത്തെ പ്രധാന ധര്‍മശാസ്ത്രഗ്രന്ഥം. ഇതിന് മേധാതിഥി സര്‍വസ്പര്‍ശിയായ ഒരു വ്യാഖ്യാനം രചിച്ചിട്ടുണ്ട്. പ്രധാന ലോകഭാഷകളിലെല്ലാം ഈ ഗ്രന്ഥം തര്‍ജുമ ചെയ്യപ്പെട്ടിട്ടുണ്ട്. പേര് മനുസ്മൃതി എന്നാണെങ്കിലും, സ്വായംഭുവമനു ഉപദേശിച്ചതിന്‍പ്രകാരം ശിഷ്യനായ ഭൃഗുമുനിയാണ് ഇതിന്റെ രചന നടത്തിയത്. 'സ്വായംഭുവോമനുര്‍ധീമാനിദം ശാസ്ത്രമകല്പയത്' എന്ന് ഗ്രന്ഥത്തില്‍ത്തന്നെ പ്രസ്താവമുണ്ട്.
'തതസ്തഥാ സ തേനോക്തോ മഹര്‍ഷിര്‍മനുനാ ഭൃഗുഃ
താനബ്രവീദൃഷീന്‍ സര്‍വാന്‍ പ്രീതാത്മാശ്രൂയതാമിതി'.
മനുസ്മൃതി : ക-60.
മനുവിന്റെ നിര്‍ദേശമനുസരിച്ച് ഭൃഗു മഹര്‍ഷി രചിച്ചതാണ് ഈ കൃതി എന്ന് ഇതില്‍നിന്നു വ്യക്തമാകുന്നു. 12 അധ്യായങ്ങളിലായി രണ്ടായിരത്തി എണ്ണൂറില്‍പ്പരം അനുഷ്ടുപ് ശ്ളോകങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. പണ്ഡിറ്റ് ഹരഗോവിന്ദ ശാസ്ത്രി മണിപ്രഭ എന്ന പേരില്‍ മനുസ്മൃതിക്ക് സുഗ്രഹമായ ഒരു ഹിന്ദി ടീക രചിച്ചിട്ടുണ്ട്. സംസ്കൃത വ്യാഖ്യാതാവായ മേധാതിഥിയുടെ അഭിപ്രായത്തില്‍ അഞ്ചുതരത്തിലുള്ള ധര്‍മങ്ങളെ പ്രതിപാദിക്കുകയാണ് സ്മൃതികള്‍ ചെയ്യുന്നത്-വര്‍ണധര്‍മം, ആശ്രമധര്‍മം, വര്‍ണാശ്രമധര്‍മം, നൈമിത്തികധര്‍മം, രാജധര്‍മം എന്നിങ്ങനെ. ആചാരം, വ്യവഹാരം, പ്രായശ്ചിത്തം, കര്‍മഫലം എന്നിവയാണ് ധര്‍മശാസ്ത്രത്തിലെ പ്രതിപാദ്യ വിഷയങ്ങള്‍.
മനുവിന്റെ അഭിപ്രായത്തില്‍ സ്മൃതികള്‍തന്നെയാണ് ധര്‍മശാസ്ത്രങ്ങള്‍; ശ്രുതികള്‍ വേദങ്ങളും.
'ശ്രുതിസ്തുവേദോ വിജ്ഞേയോ ധര്‍മശാസ്ത്രം തു വൈ സ്മൃതിഃ
തേ സര്‍വാര്‍ഥേഷ്വമീമാംസ്യേ താഭ്യാംധര്‍മോഹിനിര്‍ബഭൌ'.
മനുസ്മൃതി : ക-10.
ശ്രുതിയും സ്മൃതിയും അമീമാംസ്യങ്ങള്‍-അതായത് ചോദ്യം ചെയ്യപ്പെടരുതാത്തവ ആണെന്നത്രെ ആചാര്യമതം. കാരണം, ധര്‍മം ഉണ്ടായത് ആ രണ്ടില്‍ നിന്നുമാണ്. തുടര്‍ന്ന് ധര്‍മലക്ഷണം നാലു വിധത്തിലുണ്ടെന്ന് ആചാര്യന്‍ പറയുന്നു. വേദം, സ്മൃതി, ആചാരം, മനഃപ്രസാദം എന്നിങ്ങനെ. മനുസ്മൃതിയുടെ പത്താമധ്യായത്തില്‍ ത്രൈവര്‍ണികന്മാരുടെ ധര്‍മങ്ങള്‍ ഏവയെന്നു വിവരിക്കുന്നുണ്ട്:
'അധ്യാപനമധ്യയനം യജനം യാജനം തഥാ
ദാനം പ്രതിഗ്രഹശ്ചൈവ ഷട്കര്‍മാണ്യഗ്രജന്മനഃ
ഷണ്ണാം തു കര്‍മണാമസ്യത്രീണികര്‍മാണി ജീവികാ
യാജനാധ്യാപനേചൈവ വിശുദ്ധാച്ച പ്രതിഗ്രഹഃ'
മനുസ്മൃതി : ത - 75; 76.
(പഠിപ്പിക്കുക, പഠിക്കുക, യാഗം ചെയ്യുക, യാഗം ചെയ്യിക്കുക, ദാനം ചെയ്യുക, ദാനം സ്വീകരിക്കുക ഇവ ആറും ബ്രാഹ്മണര്‍ക്ക് അവശ്യം അനുഷ്ഠേയങ്ങളത്രെ. യാഗം നടത്തിക്കൊടുക്കലും അധ്യാപനവും സജ്ജനങ്ങളില്‍നിന്ന് ധനം സ്വീകരിക്കലും ആണ് അവരുടെ ജീവിതോപായങ്ങള്‍.)
ഈ മൂന്നു ജീവിതോപായങ്ങളും ക്ഷത്രിയര്‍ക്കും വൈശ്യന്മാര്‍ക്കും നിഷിദ്ധമാണെന്ന് തുടര്‍ന്നുള്ള പദ്യങ്ങളില്‍ മനു അഭിപ്രായപ്പെടുന്നുണ്ട്. ബ്രാഹ്മണര്‍ക്കും ക്ഷത്രിയര്‍ക്കും തങ്ങള്‍ക്കു വിധിക്കപ്പെട്ട കര്‍മങ്ങള്‍കൊണ്ട് ജീവിതം നയിക്കാന്‍ സാധിക്കാതെ വരുമ്പോള്‍ വൈശ്യധര്‍മങ്ങളായ കൃഷിയിലേക്കും കച്ചവടത്തിലേക്കുമൊക്കെ ഇറങ്ങിവരാവുന്നതാണെന്ന് തുടര്‍ന്നുള്ള പദ്യങ്ങളില്‍ പ്രസ്താവിക്കുന്നു.
മനുസ്മൃതി പോലെ പ്രാമാണികമാണ് യാജ്ഞവല്ക്യസ്മൃതി. മനുസ്മൃതിയില്‍ പരാമര്‍ശിക്കുന്ന വര്‍ണാശ്രമധര്‍മങ്ങളും സദാചാരനിയമങ്ങളും രാജനീതിയുമെല്ലാം ഇതിലും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ഇതിന് വിശ്വരൂപന്‍ ഒരു വ്യാഖ്യാനം രചിച്ചിട്ടുണ്ട്. ആയിരത്തിമുപ്പതില്‍പ്പരം ശ്ളോകങ്ങളുള്ള ഈ സ്മൃതിഗ്രന്ഥം മനുസ്മൃതിയോടൊപ്പം ഭാരതത്തിലും വിദേശത്തുമുള്ള പല ലോ കോളജുകളിലും പാഠ്യവിഷയമായി സ്വീകരിക്കപ്പെട്ടിട്ടുണ്ട്. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ന്യായാധിപന്മാര്‍ക്ക് ഇരട്ടി ശിക്ഷ കൊടുക്കണമെന്നാണ് യാജ്ഞവല്ക്യന്റെ നിര്‍ദേശം. കള്ളസാക്ഷി പറയുന്നവര്‍ക്കും അദ്ദേഹം കടുത്ത ശിക്ഷ വിധിക്കുന്നുണ്ട്. യാജ്ഞവല്ക്യസ്മൃതിക്ക് മിതാക്ഷര എന്നൊരു ഭാഷ്യവും രചിക്കപ്പെട്ടിട്ടുണ്ട്. പിന്നീടുണ്ടായ സ്മൃതികളാണ് നാരദസ്മൃതി, പരാശരസ്മൃതി എന്നിവ. എല്ലാ സ്മൃതികളും പദ്യരൂപത്തില്‍ വിരചിതങ്ങളാണ്. ഗൌതമന്‍, ബൌധായനന്‍, വസിഷ്ഠന്‍, ആപസ്തംബന്‍ തുടങ്ങിയവര്‍ ഗദ്യരൂപത്തില്‍ രചിച്ച ധര്‍മസൂത്രങ്ങളുടെ പിന്‍ഗാമികളാണ് സ്മൃതികളെല്ലാംതന്നെ. ഇതിഹാസ പുരാണാദികളെയും ചിലര്‍ സ്മൃതികളായി കരുതുന്നുണ്ട്. വിക്രമാദിത്യന്‍, വിജ്ഞാനേശ്വരന്‍, ഹേമാദ്രി തുടങ്ങിയവര്‍ സ്മൃതികളെ വ്യാഖ്യാനിച്ചവരാണ്. ധര്‍മശാസ്ത്രഗ്രന്ഥങ്ങളുടെ അടിത്തറ സനാതനമതമായ ഹിന്ദുധര്‍മം തന്നെയാണ്. ഏറ്റവും ഒടുവില്‍ ഉണ്ടായ രണ്ട്ധര്‍മശാസ്ത്ര ഗ്രന്ഥങ്ങളാണ് ലക്ഷ്മീധരന്റെ കല്പതരുവും ജീമൂതവാഹനന്റെ ധര്‍മരത്നവും.
(ഡോ. മാവേലിക്കര അച്യുതന്‍)