This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ധര്‍മപുത്രര്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ധര്‍മപുത്രര്‍
മഹാഭാരത കഥയിലെ പ്രസിദ്ധനായ രാജാവ്. പാണ്ഡവരില്‍ ജ്യേഷ്ഠന്. കുന്തീദേവിയുടെയും യമധര്മന്റെയും മകന്. സത്യത്തിന്റെയും ധര്‍മത്തിന്റെയും പ്രതീകമായാണ് ധര്‍മപുത്രര്‍ പുരാണങ്ങളില്‍ പ്രകീര്‍ത്തിക്കപ്പെടുന്നത്.
പാണ്ഡു കുന്തീദേവിയെയും മാദ്രിയെയും വിവാഹം ചെയ്തു. എന്നാല്‍ ഒരു മുനിയുടെ ശാപംമൂലം പാണ്ഡുവിന് സ്ത്രീസമാഗമം സാധ്യമല്ലാതായി. ദുര്വാസാവുമഹര്ഷിയുടെ മന്ത്രോപദേശത്താല്‍ മന്ത്രജപത്തോടെ ഏതു ദേവനെയും പ്രത്യക്ഷനാക്കാനും ആ ദേവന്റെ അനുഗ്രഹത്താല്‍ സന്താനമുണ്ടാകാനും കുന്തീദേവിക്ക് മുമ്പുതന്നെ വരം ലഭിച്ചിരുന്നു. പാണ്ഡു രാജ്യഭാരം ധൃതരാഷ്ട്രരെ ഏല്പിച്ചിട്ട് ശതശൃംഗവനത്തില് താമസിക്കുന്ന കാലത്ത് പാണ്ഡുവിന്റെ പ്രേരണയാല്‍ കുന്തീദേവി മന്ത്രജപത്തോടെ യമധര്‍മനെ (ധര്മദേവനെ) സ്മരിക്കുകയും ധര്മദേവന് പ്രത്യക്ഷനാവുകയും അദ്ദേഹത്തിന് കുന്തീദേവിയില്‍ ധര്‍മപുത്രര്‍ ജനിക്കുകയും ചെയ്തു. ധര്‍മപുത്രരുടെ ജനനസമയത്ത് 'ഇവന് ധര്‍മിഷ്ഠരില്‍ ശ്രേഷ്ഠനും പരാക്രമിയും സത്യവാദിയുമായ രാജാവാകും; യുധിഷ്ഠിരന് എന്ന് വിളിക്കപ്പെടും' എന്ന് അശരീരി ഉണ്ടായി.
കുന്തീദേവിക്കു വരമായി ലഭിച്ചിരുന്ന മന്ത്രോപദേശത്താല്‍
വായുദേവന്റെ പുത്രനായി ഭീമസേനനും ദേവേന്ദ്രന്റെ പുത്രനായി അര്‍ജുനനും ജനിച്ചു. ശേഷിച്ച ഒരു മന്ത്രത്താല്‍ അശ്വിനീദേവന്മാരെ പ്രത്യക്ഷരാക്കുകയും ഇവര്‍ക്ക് മാദ്രിയില്‍ നകുലനും സഹദേവനും ജനിക്കുകയും ചെയ്തു. വനത്തില്‍ വച്ചുതന്നെ മുനിമാരുടെ സഹായത്താല്‍ കുമാരന്മാര്ക്ക് ജാതകര്‍മാദി സംസ്കാരകര്‍മങ്ങള്‍ നടത്തി. കാശ്യപനാണ് യുധിഷ്ഠിരന്റെ ഉപനയനത്തിന് നേതൃത്വം നല്‍കിയത്. രാജര്‍ഷിയായ ശുകനില്നിന്ന് യുധിഷ്ഠിരന് കുന്തപ്രയോഗത്തില്‍ പ്രാവീണ്യം നേടി. വനത്തില്‍വച്ച് പാണ്ഡു ചരമമടയുകയും മാദ്രി തന്റെ പതിയുടെ ചിതയില്‍ പ്രവേശിക്കുകയും ചെയ്തതോടെ കുന്തീദേവിയെയും പാണ്ഡവരെയും മുനിമാര്‍ ഹസ്തിനപുരത്തിലെത്തിച്ച് ഭീഷ്മരെ ഏല്പിച്ചു. ദുര്യോധനാദികളായ കൌരവരോടൊപ്പം കൃപാചാര്യരുടെയും ദ്രോണാചാര്യരുടെയും ശിഷ്യത്വത്തില്‍ അസ്ത്രശസ്ത്രാഭ്യാസത്തില് പ്രാവീണ്യം നേടിയ പാണ്ഡവര്‍ ജനങ്ങള്‍ക്ക് ദുര്യോധനാദികളെക്കാള് സമ്മതരായി മാറി. അതുമൂലം ദുര്യോധനനും സഹോദരന്മാര്ക്കും പാണ്ഡവരോട് സ്പര്‍ധ വര്‍ധിച്ചുവന്നു. കുന്തം ഉപയോഗിച്ചുള്ള ആയുധാഭ്യാസത്തിലും രഥത്തിലിരുന്നു ചെയ്യുന്ന യുദ്ധത്തിലും ധര്‍മപുത്രര്‍ അദ്വിതീയനായി മാറി.
പാണ്ഡവകൌരവന്മാരില് ജ്യേഷ്ഠനായ ധര്‍മപുത്രരെ ധൃതരാഷ്ട്രര്‍ യുവരാജാവായി അഭിഷേകം ചെയ്തു. ഭരണനൈപുണ്യത്താല്‍ ജനങ്ങളുടെ സ്നേഹാദരങ്ങള്‍ ധര്‍മപുത്രര്‍ക്കു ലഭിച്ചു. ഇതില്‍ അസന്തുഷ്ടനായ ദുര്യോധനന് ധൃതരാഷ്ട്രരുടെകൂടി സമ്മതത്തോടെ വാരണാവതം എന്ന അതിര്‍ത്തിദേശത്ത് ഒരു കൊട്ടാരം നിര്‍മിച്ച് ആ പ്രദേശത്തെ ക്ഷേമപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കാനെന്ന നിലയില്‍ ധര്‍മപുത്രരെയും പാണ്ഡവരെയും അവിടെ നിവസിക്കുന്നതിനു നിയോഗിച്ചു. ദുര്യോധനന്റെയും ശകുനിയുടെയും പദ്ധതിപ്രകാരം ഭിത്തികളില്‍ കോലരക്കു നിറച്ചായിരുന്നു കൊട്ടാരം നിര്‍മിച്ചത്. പാണ്ഡവര്‍ മാതാവായ കുന്തീദേവിയോടൊപ്പം അവിടെ താമസമായി ദിവസങ്ങള്‍ക്കകം കൊട്ടാരം അഗ്നിക്കിരയാക്കി. അപകടം മുന്നില്‍ക്കണ്ട് കൊട്ടാരത്തിനുള്ളില്ക്കൂടി വിദുരര്‍ പണിതിരുന്ന തുരങ്കംവഴി പാണ്ഡവര്‍ മാതാവിനോടൊപ്പം രക്ഷപെട്ടു. പാണ്ഡവര്‍ മരിച്ചു എന്നു കരുതി ധൃതരാഷ്ട്രര്‍ അവരുടെ സംസ്കാരകര്‍മങ്ങള്‍ നടത്തി. പാണ്ഡവര്‍ രക്ഷപെട്ടിട്ടുണ്ടെന്ന് വിദുരര്‍ ഭീഷ്മരെ മാത്രം അറിയിച്ചിരുന്നു. അരക്കില്ലത്തില്‍നിന്നു രക്ഷപെട്ട പാണ്ഡവര്‍ വനത്തിലെത്തിച്ചേര്‍ന്നു. കുറേക്കാലം അജ്ഞാതരായി കഴിയാന്‍ തീരുമാനിച്ച് വനത്തില്‍ത്തന്നെ ബ്രാഹ്മണവേഷധാരികളായി നിവസിച്ചു.
ബ്രാഹ്മണവേഷധാരികളായി പാഞ്ചാലദേശത്തെത്തിയ പാണ്ഡവര്‍ പാഞ്ചാലീസ്വയംവരത്തില്‍ പങ്കെടുത്ത് പാഞ്ചാലിയെ സ്വന്തമാക്കി. മാതാവിന്റെ നിര്‍ദേശത്താല്‍ പാഞ്ചാലി പാണ്ഡവര്‍ അഞ്ചുപേരുടെയും പത്നിയായി സ്വീകൃതയായി. പഞ്ചാലിയുമൊത്ത് ഹസ്തിനപുരത്തിലെത്തിയ പാണ്ഡവരെ ധൃതരാഷട്രര്‍ സ്വാഗതം ചെയ്യുകയും ധര്മപുത്രര്ക്ക് പകുതി രാജ്യം നല്കി ഖാണ്ഡവപ്രസ്ഥം തലസ്ഥാനമാക്കി രാജാവായി അംഗീകരിക്കുകയും ചെയ്തു. ധര്‍മപുത്രര്‍ ഇന്ദ്രപ്രസ്ഥത്തില്‍ മയാസുരന്‍ പണിതുനല്‍കിയ ദേവേന്ദ്രപുരിസദൃശമായ കൊട്ടാരത്തില്‍ നിവസിച്ച് രാജ്യഭരണം നയിച്ചുവന്നു. നാരദന്റെ നിര്‍ദേശത്താല്‍ പാഞ്ചാലി ഓരോ വര്‍ഷം ഓരോ പതിമാരോടൊപ്പം നിവസിച്ചു.
ധര്‍മ
പുത്രര്‍ക്ക് പാഞ്ചാലിയില്‍ പ്രതിവിന്ധ്യന്‍ എന്ന പുത്രന് ജനിച്ചു. ശിബി രാജകുമാരിയായ ദേവികയെ ധര്‍മപുത്രര്‍ വിവാഹം ചെയ്യുകയും ഇവര്‍ക്കു ജനിച്ച പുത്രന് യൌഥേയന് എന്നു പേരിടുകയും ചെയ്തു.
ചൂതുകളിക്കുന്നതിന് ദുര്യോധനന് ധര്‍മപുത്രരെ ക്ഷണിക്കുകയും ഹസ്തിനപുരത്തിലെത്തിയ ധര്‍മപുത്രരെ ദുര്യോധനനും ശകുനിയും കള്ളച്ചൂതില്‍ പരാജയപ്പെടുത്തി ധര്‍മ
പുത്രരുടെ എല്ലാ സ്വത്തും കൈവശമാക്കുകയും ചെയ്തു. എന്നാല്‍ ധൃത
രാഷ്ട്രരുടെ നിര്‍ദേശ
പ്രകാരം അവയെല്ലാം തിരികെ നല്കി ധര്‍മപുത്രരെ യാത്രയാക്കിയെങ്കിലും ഉടന്‍തന്നെ വീണ്ടും ചൂതിനു ക്ഷണിക്കുകയും ധര്‍മപുത്രര്‍ മറ്റുള്ളവരുടെ നിര്‍ദേശം ഗൌനിക്കാതെ ചൂതിനു പോവുകയും ചെയ്തു. രാജ്യത്തെയും അനുജന്മാരെയും പാഞ്ചാലിയെയും അടിയറവയ്ക്കേണ്ടിവന്ന ധര്മപുത്രര്ക്ക് അനുജന്മാരെയും പാഞ്ചാലിയെയും തിരികെ ലഭിച്ച് അവരോടൊപ്പം പന്ത്രണ്ടു വര്‍ഷം വനവാസത്തിനും ഒരു വര്‍ഷം അജ്ഞാതവാസത്തിനും പോകേണ്ടിവന്നു.
വനവാസം വേണ്ടിവന്നതില്‍ നിരാശനായ ധര്‍മപുത്രരെ ഒരിക്കല്‍ ബൃഹദശ്വന് എന്ന മുനി സന്ദര്‍ശിച്ചപ്പോള്‍ ധര്‍മപുത്രരെപ്പോലെ ചൂതുകളിയില്‍ തോറ്റ് വനവാസമനുഭവിക്കേണ്ടിവന്ന നളന്റെ കഥ പറഞ്ഞ് ആശ്വസിപ്പിക്കുന്നത് മഹാഭാരതത്തില്‍ വര്‍ണിക്കുന്നുണ്ട്. ഇതേപോലെ മാര്‍ക്കണ്ഡേയമുനി ശ്രീരാമന്റെ കഥ (രാമായണ കഥ) പറഞ്ഞ് യുധിഷ്ഠിരനെ സമാശ്വസിപ്പിക്കുന്നു. ഒരിക്കല്‍ ഒരു സരസ്സില്‍നിന്നു വെള്ളം കൊണ്ടുവരാന്‍ പോയ അനുജന്മാര് സരസ്സിന്റെ തീരത്തു മരിച്ചുകിടക്കുന്നത്കണ്ട യുധിഷ്ഠിരന് സരസ്സിലിറങ്ങിയപ്പോള്‍ ഒരു യക്ഷന് തന്റെ ചോദ്യങ്ങള്‍ക്കെല്ലാം ശരി ഉത്തരം നല്കിയിട്ടേ ജലം എടുക്കാവൂ എന്നും അല്ലെങ്കില്‍ അനുജന്മാരുടെ ഗതിയുണ്ടാകുമെന്നും അറിയിച്ചു. ധര്‍മപരമായ അനേകം ചോദ്യങ്ങള്‍ക്ക് ശരിയായ ഉത്തരം നല്കിയ ധര്മപുത്രരില് സന്തുഷ്ടനായ യക്ഷന് ഒരു അനുജനെ ജീവിപ്പിക്കാമെന്നും ആരെ വേണമെന്നു പറയണമെന്നും നിര്‍ദേശിച്ചു. നകുലനെ ജീവിപ്പിക്കണമെന്നു പറഞ്ഞ യുധിഷ്ഠിരനോട് അതിന്റെ കാരണമന്വേഷിച്ചു. കുന്തിയും മാദ്രിയും തങ്ങള്‍ക്ക് ഒരേപോലെയാണെന്നും അതിനാലാണ് മാദ്രിയുടെ ഒരു പുത്രന് ജീവന് നല്കണമെന്നാഗ്രഹിച്ചതെന്നും യുധിഷ്ഠിരന് മറുപടി നല്കി. ഇതില്‍ സന്തുഷ്ടനായ യക്ഷന് താന്‍ ധര്‍മരാജനാണെന്ന സത്യം വെളിപ്പെടുത്തിയിട്ട് നാല് അനുജന്മാര്ക്കും ജീവന് തിരികെ നല്‍കിയശേഷം അജ്ഞാതവാസത്തിന് വിരാടരാജധാനിയില്‍ വേഷപ്രച്ഛന്നരായി ഒരു വര്‍ഷം നിവസിക്കുന്നതിനു നിര്‍ദേശിച്ച് അനുഗ്രഹിച്ചു.
വിരാട രാജധാനിയില്‍ വിവിധ വേഷങ്ങളില്‍ പാണ്ഡവരും പാഞ്ചാലിയും ഒരു വര്‍ഷം കഴിഞ്ഞുകൂടി. രാജാവിന്റെ ഉപദേശകനെന്ന നിലയില്‍ ഒരു പണ്ഡിതനായി കങ്കന്‍ എന്ന പേരിലാണ് യുധിഷ്ഠിരന് അവിടെ നിവസിച്ചത്. അജ്ഞാതവാസത്തിനുശേഷം തങ്ങളുടെ രാജ്യമോ തങ്ങള്‍ക്കു നിവസിക്കാന്‍ ഒരു വീടുപോലുമോ നല്കാന് ദുര്യോധനും ധൃതരാഷ്ട്രരും തയ്യാറാകാഞ്ഞപ്പോള്‍ അത് കുരുക്ഷേത്രയുദ്ധത്തിലേക്കു നയിച്ചു. ധര്‍മപുത്രരോട് സ്നേഹവാത്സല്യങ്ങളുണ്ടായിരുന്നെങ്കിലും ഭീഷ്മര്‍, ദ്രോണര്, കൃപര്‍, ശല്യര്‍ തുടങ്ങിയവര്‍ക്ക് ദുര്യോധനനോടൊപ്പം
നിന്ന് ധര്‍മപുത്രര്‍ക്കും പാണ്ഡവര്ക്കുമെതിരെ യുദ്ധം ചെയ്യേണ്ടിവന്നു.
യുദ്ധത്തിനുമുമ്പ് ധര്‍മപുത്രര്‍ ഇവരുടെയെല്ലാം അനുഗ്രഹം വാങ്ങിയിരുന്നു. യുദ്ധത്തില്‍ ശല്യരെ ധര്‍മപുത്രര്‍ വധിച്ചു. ഭീഷ്മര്‍, ശകുനി, അശ്വത്ഥാമാവ്, കൃതവര്‍മാവ്, ദുര്യോധനന്, കര്ണന് തുടങ്ങിയ മഹാരഥന്മാരോടു യുദ്ധം ചെയ്യേണ്ടിവന്നു. യുദ്ധം ജയിച്ചശേഷം ബന്ധുക്കളുടെ സംസ്കാരകര്‍മം നടക്കുന്ന സന്ദര്‍ഭത്തില്‍ കുന്തീദേവി പറഞ്ഞാണ് തന്റെ സഹോദരനാണ് കര്ണന് എന്ന് ധര്‍മപുത്രര്‍ അറിയുന്നത്. ഈ സമയത്ത് 'സ്ത്രീ
കള്‍ക്ക് രഹസ്യം സൂക്ഷിക്കാന്‍ സാധിക്കാതെ വരട്ടെ' എന്ന് ധര്‍മപുത്രര്‍ ശപിക്കുന്നതായി മഹാഭാരതത്തില്‍ പരാമര്‍ശമുണ്ട്. യുധിഷ്ഠിരന് രാജാവായി അഭിഷിക്തനാവുകയും ശരശയ്യയില്‍ കിടക്കുന്ന ഭീഷ്മപിതാമഹനെ അനുജന്മാരോടും ശ്രീകൃഷ്ണനോടുമൊപ്പം സന്ദര്‍ശിച്ച് ധര്‍മോപദേശം സ്വീകരിക്കുകയും ചെയ്തു. ദീര്‍ഘകാലം രാജ്യഭരണത്തില്‍ നിഷ്ണാതനായ ധര്‍മപുത്രര്‍ രാജസൂയം നടത്തി ഭാരതത്തിന്റെ ചക്രവര്‍ത്തിയായി.
ദ്വാരകയില്‍നിന്ന് മടങ്ങിവന്ന അര്ജുനന് പറഞ്ഞ് ശ്രീകൃഷ്ണന്റെ വിയോഗം അറിഞ്ഞപ്പോള്‍ ധര്‍മപുത്രര്‍ അനുജന്മാരോടും പാഞ്ചാലിയോടുമൊപ്പം സര്‍വസംഗപരിത്യാഗിയായി ഹിമാലയത്തിലേക്ക് കാല്‍നടയായി യാത്ര തിരിച്ചു. മഹാപ്രസ്ഥാനം എന്നറിയപ്പെടുന്ന ഈ യാത്രയ്ക്കുമുമ്പ് ചെറുമകനായ പരീക്ഷിത്തിനെ രാജാവായും യുയുത്സുവിനെയും കൃപാചാര്യരെയും പരീക്ഷിത്തിന്റെ സംരക്ഷകരായും നിയോഗിച്ചു. കാല്‍നടയായി യാത്ര ചെയ്ത് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ക്രമത്തില്‍ പാഞ്ചാലി, സഹദേവന്, നകുലന്, അര്ജുനന്, ഭീമന് എന്നിവര്‍ ക്ഷീണിതരായി നിലം പതിച്ചു. തിരിഞ്ഞുനോക്കാതെ യാത്ര തുടര്‍ന്ന ധര്‍മപുത്രരുടെ സമീപം ദേവേന്ദ്രന് രഥവുമായെത്തി സ്വര്‍ഗലോകത്തിലേക്കു ക്ഷണിച്ചു. അനുജന്മാരോടും പാഞ്ചാലിയോടും ഒപ്പമല്ലാതെ സ്വര്ഗത്തേക്കില്ല എന്നു ധര്‍മപുത്രര്‍ പറഞ്ഞു. അവര്‍ ജ്യേഷ്ഠനെ പ്രതീക്ഷിച്ച് സ്വര്ഗലോകത്തുണ്ടെന്ന് ഇന്ദ്രന് ധര്‍മപുത്രരെ അറിയിച്ചു. മഹാപ്രസ്ഥാനത്തിന്റെ തുടക്കം മുതല്‍ ഒരു പട്ടിയും ധര്‍മപുത്രരോടൊപ്പം നടന്നുവന്നിരുന്നു. ആ പട്ടിയെക്കൂടി ഒപ്പം സ്വര്‍ഗത്തിലേക്കു വരാന്‍ അനുവദിച്ചാലേ താന്‍ രഥത്തില്‍ കയറൂ എന്ന് ധര്‍മപുത്രര്‍ അറിയിച്ചു. ധര്മരാജന് പട്ടിയുടെ വേഷം വെടിഞ്ഞ് സ്വന്തം രൂപം ധരിച്ച് ധര്‍മപുത്രരെ അനുഗ്രഹിച്ചു. ധര്‍മപുത്രര്‍ ദേവലോകത്തെത്തി അനുജന്മാരോടും ദുര്യോധനനോടുമൊപ്പം ചേര്‍ന്നു. ധര്‍മപുത്രര്‍ ധര്മദേവനായി ദേവത്വം നേടി.