This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ദേശീയ ഗ്രന്ഥസൂചി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
09:56, 3 മാര്‍ച്ച് 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
ദേശീയ ഗ്രന്ഥസൂചി
ചമശീിേമഹ ആശയഹശീഴൃമുവ്യ
ഇന്ത്യയില്‍ പ്രസിദ്ധീകരിക്കുന്ന ആധികാരിക ഗ്രന്ഥങ്ങളുടെ ഗ്രന്ഥസൂചി. ഇവ ഇംഗ്ളീഷിലും ഭാരതത്തിലെ അംഗീകൃതമായ 22 പ്രാദേശിക ഭാഷകളിലും പ്രസിദ്ധീകരിക്കുന്നു. കേന്ദ്ര ഗവണ്മെന്റിന്റെ കീഴിലുള്ള, കൊല്‍ക്കത്തയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ലൈബ്രറിയുടെ പരിധിയില്‍ വരുന്ന സെന്‍ട്രല്‍ റഫറന്‍സ് ലൈബ്രറിയാണ് 1958 മുതല്‍ നാഷണല്‍ ബിബ്ളിയോഗ്രഫി പ്രസിദ്ധീകരിച്ചുവരുന്നത്.
1954-ല്‍ പാസ്സാക്കിയ 'ഡെലിവറി ഒഫ് ബുക്സ് (പബ്ളിക് ലൈബ്രറീസ്)' നിയമം അനുസരിച്ച് ഇന്ത്യയില്‍ പ്രസിദ്ധപ്പെടുത്തുന്ന എല്ലാ ഗ്രന്ഥങ്ങളുടെയും ഓരോ കോപ്പി നാഷണല്‍ ലൈബ്രറി ഉള്‍പ്പെടെയുള്ള നാല് ലൈബ്രറികള്‍ക്ക് അയച്ചുകൊടുക്കണം. വര്‍ത്തമാനപത്രങ്ങളെയും ആദ്യ ലക്കമൊഴിച്ചുള്ള ആനുകാലിക പ്രസിദ്ധീകരണങ്ങളെയും ഈ നിയമത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇപ്രകാരം ലഭിക്കുന്ന ഗ്രന്ഥങ്ങളുടെ വിവരണമാണ് ദേശീയ ഗ്രന്ഥസൂചിയില്‍ ഉള്‍പ്പെടുത്തുന്നത്.
ആദ്യം മൂന്നുമാസത്തിലൊരിക്കല്‍ (ത്രൈമാസികം) പ്രസിദ്ധീകരിച്ചു തുടങ്ങിയ ഗ്രന്ഥസൂചി 1963 മുതല്‍ മാസികയായി ഇറങ്ങിത്തുടങ്ങി. ഈ മാസികകളുടെ ഓരോ വര്‍ഷത്തെയും സൂചികകള്‍ ഒരുമിച്ചുചേര്‍ത്ത് വാര്‍ഷിക വാല്യങ്ങളും പ്രസിദ്ധീകരിച്ചുവരുന്നു. 1977-ല്‍ മുടങ്ങിയ പ്രസിദ്ധീകരണം 1984-ല്‍ പുനരാരംഭിച്ചു. 1984-87, 1989-90 വര്‍ഷങ്ങളില്‍ കൃത്യമായി പ്രസിദ്ധീകരിച്ച മാസികകളുടെ സഞ്ചിത വാര്‍ഷിക വാല്യങ്ങളും തയ്യാറാക്കിയിട്ടുണ്ട്. അഞ്ചുവര്‍ഷത്തിലൊരിക്കല്‍ പഞ്ചവത്സര ഇന്‍ഡെക്സുകളുടെ പ്രകാശനവും വിഭാവനം ചെയ്തിട്ടുണ്ടെങ്കിലും 1958 മുതല്‍ 1962 വരെയുള്ള സഞ്ചിത വാല്യം മാത്രമേ പ്രകാശിതമായിട്ടുള്ളൂ.
1972-വരെ ദേശീയ ഗ്രന്ഥസൂചിക്ക് രണ്ട് ഭാഗങ്ങളുണ്ടായിരുന്നു. ഡ്യൂയി ഡെസിമല്‍ ക്ളാസിഫിക്കേഷന്‍ നമ്പര്‍ അനുസരിച്ച് ഒരു പട്ടികയായി എല്ലാ ഭാഷകളുടെയും ഗ്രന്ഥവിവരങ്ങള്‍ സൂചികയില്‍ ചേര്‍ക്കുന്നു. റോമന്‍ ലിപിയിലാണ് ഗ്രന്ഥങ്ങളുടെ സൂചിക അച്ചടിക്കുന്നത്. കോളന്‍ ക്ളാസിഫിക്കേഷന്‍ അനുസരിച്ചുള്ള നമ്പറും നല്കിവരുന്നു. ഗ്രന്ഥകര്‍ത്താവ്, ഗ്രന്ഥനാമം, പ്രസിദ്ധീകരണ വര്‍ഷം, സ്ഥലം, പ്രസാധകര്‍, മുദ്രണാലയത്തിന്റെ പേര്, വില, ബയന്റിങ് രീതി, വലുപ്പം, ചിത്രങ്ങളുടെ വിവരണം എന്നിവ നല്കിയിരിക്കുന്നു. ഗ്രന്ഥത്തിന്റെ ഭാഷയും വിലയും ഉചിതമായ സ്ഥാനത്ത് നല്കുന്നുണ്ട്. ഗ്രന്ഥനാമം, ഗ്രന്ഥവിഷയം, ഗ്രന്ഥകര്‍ത്താവ് എന്നിവയുടെ ഇന്‍ഡെക്സും ഉള്‍പ്പെടുത്തിവരുന്നു.
ഇവ കൂടാതെ ഓരോ ഭാഷയിലും പ്രസിദ്ധീകരിക്കുന്ന ഗ്രന്ഥങ്ങളുടെ സൂചിക അതതു ഭാഷകളില്‍ത്തന്നെ തയ്യാറാക്കുന്നുണ്ട്. ഇതിന്റെ പ്രസിദ്ധീകരണച്ചുമതല സംസ്ഥാന ഗവണ്മെന്റുകള്‍ക്കാണ്.
ഒന്നാം ഭാഗം അനൌദ്യോഗിക പ്രസിദ്ധീകരണങ്ങളുടെ പട്ടികയും രണ്ടാം ഭാഗം സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയുടെ ഔദ്യോഗിക പ്രസിദ്ധീകരണങ്ങളുടെ പട്ടികയുമാണ്. 1973 മുതല്‍ രണ്ടുഭാഗങ്ങളും സംയോജിപ്പിച്ച് ഒന്നായി പ്രസിദ്ധീകരിച്ചുവരുന്നു. എല്ലാ ഭാഷകളിലെയും പുസ്തകങ്ങള്‍ വിഷയാടിസ്ഥാനത്തില്‍ ക്രമീകരിച്ച് 'ഡ്യൂയി ഡെസിമല്‍ ക്ളാസിഫിക്കേഷന്‍' നമ്പര്‍ അനുസരിച്ച് ഒറ്റ പട്ടികയായി ക്രമപ്പെടുത്തിയിരിക്കുകയാണ്. ഇത് ഗ്രന്ഥങ്ങളുടെ ഭാഷാഭേദം പരിഗണിക്കാതെ ഒരേ ക്രമത്തില്‍ റോമന്‍ ലിപിയില്‍ നല്കിയിരിക്കുന്നു. ഓരോ പുസ്തക വിവരണം കഴിഞ്ഞും കോളന്‍ ക്ളാസിഫിക്കേഷന്‍ അനുസരിച്ചുള്ള നമ്പര്‍ നല്കിയിട്ടുണ്ട്. കോളന്‍ പദ്ധതി സ്വീകരിച്ചിട്ടുള്ള ഗ്രന്ഥശാലകളുടെ സൌകര്യം മുന്‍നിര്‍ത്തിയാണ് ഇത്തരം ക്രമീകരണം ചെയ്തിട്ടുള്ളത്.
എല്ലാ ഭാഷകളിലെയും ഗ്രന്ഥങ്ങളെ ഉള്‍പ്പെടുത്തിയിട്ടുള്ളതും റോമന്‍ ലിപിയില്‍ തയ്യാറാക്കിവരുന്നതുമായ സാധാരണ ലക്കങ്ങള്‍ക്കു പുറമേ, ഓരോ ഭാഷയിലെയും പുസ്തകപ്പട്ടികകള്‍ അതതു ഭാഷകളില്‍ത്തന്നെ വാര്‍ഷിക വാല്യങ്ങളായി പ്രസിദ്ധീകരിക്കാനും 1958-ല്‍ ആരംഭമിട്ടു. ഭാരതീയ ഭാഷകളിലെ പ്രഥമ ശാസ്ത്രീയ ഗ്രന്ഥസൂചികള്‍ എന്ന ബഹുമതി ഈ വാര്‍ഷിക ലക്കങ്ങള്‍ക്കാണ് ലഭിച്ചത്. മലയാളത്തെ സംബന്ധിച്ചിടത്തോളം ആദ്യമായി അച്ചടിച്ച മലയാളം കാറ്റലോഗോടുകൂടിയാണ് വാര്‍ഷിക വാല്യങ്ങള്‍ പ്രസിദ്ധീകരിച്ചത്. സെന്‍ട്രല്‍ റഫറന്‍സ് ലൈബ്രറിയാണ് വിവിധ ഭാഷാവാല്യങ്ങള്‍ തയ്യാറാക്കുന്നതെങ്കിലും അവയുടെ വിതരണച്ചുമതല ബന്ധപ്പെട്ട സംസ്ഥാന ഗവണ്മെന്റുകള്‍ക്കാണ്.
ദേശീയ ഗ്രന്ഥസൂചിയുടെ മലയാള വാല്യത്തിന്റെ 1000 കോപ്പികള്‍ പ്രധാന ഗ്രന്ഥശാലകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സൌജന്യമായി വിതരണം ചെയ്തുവരുന്നു. തിരുവനന്തപുരം പബ്ളിക്ക് ലൈബ്രറിയുടെ ലൈബ്രേറിയനാണ് ഈ വിതരണത്തിന്റെ ചുമതല വഹിക്കുന്നത്.
ഭാരതീയ ഗ്രന്ഥങ്ങളുടെ പട്ടിക എന്ന നിലയിലും അതതു ഘട്ടത്തില്‍ പ്രസിദ്ധീകരിക്കുന്ന ഗ്രന്ഥങ്ങള്‍ ലൈബ്രറികളുടെയും പൊതുജനങ്ങളുടെയും സത്വര ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനുള്ള മാധ്യമമെന്ന നിലയിലും ദേശീയ ഗ്രന്ഥസൂചി പ്രാധാന്യമുള്ള ഒരു പ്രസിദ്ധീകരണമാണ്.