This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ദേവസ്യ, പി.സി. (1906 - 2006)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ദേവസ്യ, പി.സി. (1906 - 2006)
കവിയും സംസ്കൃത പണ്ഡിതനും. മലയാളത്തിലും സംസ്കൃതത്തിലും കവിത, കഥ, ഉപന്യാസം, വ്യാകരണം എന്നീ വ്യത്യസ്തമേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചു. കോട്ടയത്തിനു സമീപം കുടമാളൂരില്‍ 1906 മാ. 24-ന് ജനിച്ചു. മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് മലയാളത്തിലും സംസ്കൃതത്തിലും എം.എ. ബിരുദം നേടിയശേഷം തൃശൂര്‍ സെന്റ് തോമസ് കോളജില്‍ മലയാളം അധ്യാപകനായി ഔദ്യോഗികജീവിതമാരംഭിച്ചു. പിന്നീട് തേവര എസ്.എച്ച്. കോളജിലും തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജിലും സേവനമനുഷ്ഠിച്ചു. വിവിധ സര്‍വകലാശാലകളില്‍ അക്കാദമിക് കൌണ്‍സില്‍, അഡ്വൈസറി ബോര്‍ഡ്, ബോര്‍ഡ് ഒഫ് സ്റ്റഡീസ് തുടങ്ങിയ സമിതികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1966-ല്‍ ഔദ്യോഗിക രംഗത്തുനിന്നു വിരമിച്ചതിനുശേഷം ഗവേഷണരംഗത്തും ഗ്രന്ഥരചനയിലും വ്യാപൃതനായി. ഇരുപത് വര്‍ഷത്തിലധികം ജയഭാരതം മാസികയുടെ പത്രാധിപരായി പ്രവര്‍ത്തിച്ചു.
സോമദേവന്റെ കഥാസരിത്സാഗരത്തിന് മലയാളത്തില്‍ തയ്യാറാക്കിയ വിവര്‍ത്തനം സംസ്കൃതത്തിന്റെയും മലയാളത്തിന്റെയും സാഹിത്യനഭസ്സില്‍ ഇദ്ദേഹത്തിന് സ്ഥിരപ്രതിഷ്ഠ നേടിക്കൊടുത്തു. ഗുണാഢ്യന്റെ ബൃഹത്കഥയുടെ പുനരാഖ്യാനമായ കഥാസരിത്സാഗരത്തെ മലയാളികള്‍ക്ക് പരിചയപ്പെടുത്തുകവഴി പഞ്ചതന്ത്രം, ഹിതോപദേശം തുടങ്ങിയ സംസ്കൃതകഥാഗ്രന്ഥങ്ങളില്‍ നിന്നു വ്യത്യസ്തമായ ഒരു കഥാസാഹിത്യം ഭാരതത്തില്‍ വളര്‍ച്ച നേടിയിരുന്നതിനെപ്പറ്റി മനസ്സിലാക്കുവാന്‍ മലയാളികള്‍ക്ക് അവസരമുണ്ടായി. ക്രിസ്തുഭാഗവതമാണ് ഇദ്ദേഹത്തെ ദേശീയതലത്തിലും അന്തര്‍ദേശീയതലത്തിലും പ്രശസ്തനാക്കിയ മറ്റൊരു കൃതി. സംസ്കൃത മഹാകാവ്യമായ ഇതില്‍ കാളിദാസ പ്രഭൃതികളായ മഹാകവികളുടെ കല്പനകളും ശൈലിയും സ്വാംശീകരിച്ചതിന് ദൃഷ്ടാന്തങ്ങളുണ്ട്. ഭാരതീയമായ ഒരു തട്ടകം സൃഷ്ടിച്ച് അതിനനുഗുണമായ രീതിയില്‍ കഥാപാത്രങ്ങളുടെ ചിത്രീകരണം നിര്‍വഹിച്ചിരിക്കുന്നത് ശ്രദ്ധേയമാണ്. ഭഗവദ്ഗീതയ്ക്കു സമാനമായ ഗിരിഗീതയും ഭാരതീയ പുരാണസന്ദര്‍ഭങ്ങളെ അനുസ്മരിപ്പിക്കുന്ന മറ്റനേകം സന്ദര്‍ഭങ്ങളും വര്‍ണനകളും യേശുക്രിസ്തുവിന്റെ കഥ വര്‍ണിക്കുന്ന മഹാകാവ്യം എന്നതിനൊപ്പം ആധുനിക കാലത്തെ ഉത്കൃഷ്ടമായ കാവ്യം എന്ന സ്ഥാനവും ഇതിനു നല്കുന്നുണ്ട്.
പാണിനിയുടെ അഷ്ടാധ്യായിയെ ലളിതമായി മലയാളിക്കു പരിചയപ്പെടുത്തുന്ന കൃതിയാണ് പാണിനീയപ്രദ്യോതം. ഭാരതശില്പികള്‍, പതിമൂന്നു കഥകള്‍, നാലുഭാഗങ്ങളുള്ള പോലീസ് കഥകള്‍, ബാലനഗരം, വേതാളകഥകള്‍, ജനകീയകാവ്യം, കര്‍ഷകഗീതം, വാല്മീകിയുടെ ലോകത്തില്‍, രാജനീതി, മതം ഇരുപതാം ശതകത്തില്‍, മരുഭൂമിയിലെ ഗര്‍ജിതം, ശബ്ദങ്ങളും രൂഢാര്‍ഥങ്ങളും തുടങ്ങിയവയാണ് മറ്റു പ്രധാന കൃതികള്‍. പണ്ഡിതരത്നം, വിദ്യാവിഭൂഷണന്‍, വാചസ്പതി, സാഹിത്യകലാനിധി തുടങ്ങിയ ബഹുമതിബിരുദങ്ങള്‍ നേടിയിട്ടുള്ള ഇദ്ദേഹത്തിന് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, കേരളസാഹിത്യ അക്കാദമി അവാര്‍ഡ്, മികച്ച സംസ്കൃതപണ്ഡിതന് രാഷ്ട്രപതി നല്കുന്ന അവാര്‍ഡ്, ശ്രീശങ്കര അവാര്‍ഡ്, മഹാറാണി സേതുപാര്‍വതീഭായി അവാര്‍ഡ്, പ്രൊഫ. എം.എച്ച്. ശാസ്ത്രികള്‍ പുരസ്കാരം തുടങ്ങിയ നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഭാഷാസാഹിത്യമേഖലയിലെന്നവണ്ണം ചിത്രകലയിലും ഇദ്ദേഹത്തിനുണ്ടായിരുന്ന പ്രാവീണ്യം ശ്രദ്ധേയമാണ്.
2006 ഒ. 10-ന് ഇദ്ദേഹം അന്തരിച്ചു.