This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ദായക്കളി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ദായക്കളി
ഒരു നാടന്‍ കളി. കളം വരച്ചുള്ള ഈ കളി കേരളത്തില്‍ പാഠദേദങ്ങളോടെ നിലനിന്നിരുന്നു. രണ്ടോ നാലോ ആളുകളാണ് ഇതില്‍ പങ്കെടുക്കാറുള്ളത്. കളിക്കാര്‍ പ്രത്യേകം തയ്യാറാക്കിയ കളത്തില്‍ കക്കയോ കവിടിയോ എറിഞ്ഞാണ് കളിക്കുക. 25 സമചതുരങ്ങള്‍ ഉള്‍ ക്കൊള്ളുന്ന വലിയൊരു സമചതുരമായാണ് കളം വരയ്ക്കുന്നത്. ഓരോ വശത്തെയും നടുവിലത്തെ കള്ളിയിലും മധ്യത്തിലെ കള്ളിയിലും ഗുണനചിഹ്നം അടയാളപ്പെടുത്തിയിരിക്കും. ആ കള്ളികള്‍ 'ചേല' എന്നാണറിയപ്പെടുന്നത്. രണ്ടുപേര്‍ കളിക്കുമ്പോള്‍ കളത്തിനിരുവശവും മുഖാമുഖം ഇരുന്ന് കളിക്കുന്നു. നാലുപേരാകുമ്പോള്‍ ഓരോരുത്തരും കളത്തിന്റെ ഓരോ വശത്തുമിരിക്കും. മുഖാമുഖം ഇരിക്കുന്നവര്‍ ഒരു ചേരിയായിട്ടാണ് കളിക്കുക. ഓരോ ആളിനും മൂന്ന് കരുക്കള്‍ വീതം ഉണ്ടായിരിക്കും. അതിനുപുറമേ ഓരോരുത്തരുടെ കയ്യിലും നാല് കവിടിയോ കക്കയോ ഉണ്ടാകും. കവിടി മേല്പോട്ടെറിഞ്ഞുകൊണ്ടാണ് കളി ആരംഭിക്കുക. നാലുകവിടിയും മലര്‍ന്നുവീണാല്‍ നാല്, കമിഴ്ന്നുവീണാല്‍ എട്ട്, മൂന്നെണ്ണം മാത്രം മലര്‍ന്നാല്‍ മൂന്ന്, രണ്ടെണ്ണം മലര്‍ന്നാല്‍ രണ്ട് എന്നിങ്ങനെയാണ് കളിക്കാര്‍ക്ക് 'സംഖ്യ' കിട്ടുന്നത്. ഒരു കവിടിമാത്രം മലര്‍ന്നാല്‍ ഒന്നാണ് കിട്ടുക. അതിന് ദായം എന്നു പറയും. ദായം വീണുകിട്ടിയ ആള്‍ക്കാണ് കളിക്കളത്തില്‍ കരുകയറ്റി കളിക്കാനുള്ള അവകാശം ലഭിക്കുക. തങ്ങളുടെ വശത്തുള്ള ഗുണനചിഹ്നമുള്ള കള്ളിയിലൂടെയാണ് കരു കയറ്റിത്തുടങ്ങേണ്ടത്. തുടര്‍ന്ന് കവിടി വീണ്ടും മേലോട്ടെറിഞ്ഞ് സംഖ്യ കണക്കാക്കണം. കിട്ടുന്ന സംഖ്യയ്ക്കനുസരിച്ച് കരു ചേലയില്‍നിന്ന് എത്ര കളത്തിനപ്പുറത്ത് എത്തിക്കണോ അവിടെ എത്തിക്കണം. ഇങ്ങനെ കരു നീക്കിനീക്കി കളി മുന്നേറുമ്പോള്‍ ഒരാളുടെ കരു എതിര്‍ചേരിയിലുള്ളയാളുടെ കരു ഇരിക്കുന്ന കളളിയിലെത്തുകയാണെങ്കില്‍, എതിര്‍ചേരിക്കാരന്റെ കരു 'കൊത്തി' പുറത്തുകളയണം. ഇത്തരത്തില്‍ എതിര്‍ചേരിക്കാരുടെ കരുക്കളെല്ലാം കൊത്തി പുറത്തുകളയുന്ന ആളാണ് കളിയിലെ ആദ്യവിജയി. ദായക്കളിക്ക് ചില സ്ഥലങ്ങളില്‍ 'എട്ടെറിഞ്ഞുകളി' എന്ന പേരുമുണ്ട്. മൂന്ന് കരുക്കള്‍ക്കു പകരം നാല് കരുക്കള്‍ ഉപയോഗിച്ചു നടത്തുന്ന ദായക്കളിയും ചിലയിടങ്ങളില്‍ നിലവിലുണ്ട്.