This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദാമോദര മേനോന്‍, കെ.എ. (1906 - 80)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:57, 26 ഫെബ്രുവരി 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ദാമോദര മേനോന്‍, കെ.എ. (1906 - 80)

കേരളത്തിലെ മുന്‍ രാഷ്ട്രീയ നേതാവും മന്ത്രിയും പത്രപ്രവര്‍ത്തകനും സാഹിത്യകാരനും. പറവൂര്‍ ആണ് ജന്മദേശം. കരുമാലൂര്‍ താഴത്തുവീട്ടില്‍ അച്യുതന്‍ പിള്ളയുടെയും കളപ്പുരയ്ക്കല്‍ നങ്ങു അമ്മയുടെയും മകനായി 1906 ജൂണ്‍ 12-ന് ജനിച്ചു. പ്രൈമറി വിദ്യാഭ്യാസത്തിനുശേഷം പറവൂര്‍ ഹൈസ്കൂളില്‍ ചേര്‍ന്നു. ദാമോദരന്‍ സ്കൂള്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ത്തന്നെ പിതാവ് മരണമടഞ്ഞു. അക്കാലത്ത് തിരുവനന്തപുരത്ത് ഗവണ്മെന്റ്ജോലി ലഭിച്ച ജ്യേഷ്ഠന്‍ പരമേശ്വരനോടൊപ്പം ദാമോദരന്‍ തിരുവനന്തപുരത്തെത്തി; എസ്.എം.വി. സ്കൂളില്‍ പഠനം തുടര്‍ന്നു. ഇക്കാലത്ത് ദേശീയ പ്രസ്ഥാനത്തിലും മഹാത്മാഗാന്ധിയുടെ ആദര്‍ശപരിപാടികളിലും ആകൃഷ്ടനായി. അന്നത്തെ തിരുവിതാംകൂര്‍ ദിവാനായിരുന്ന രാഘവയ്യ, സ്കൂള്‍ ഫീസ് വര്‍ധിപ്പിക്കുവാന്‍ തീരുമാനമെടുത്തതോടെ അതില്‍ പ്രതിഷേധിച്ചുണ്ടായ വിദ്യാര്‍ഥിസമരത്തില്‍ ദാമോദര മേനോനും പങ്കെടുത്തു. 1922-ല്‍ മെട്രിക്കുലേഷന്‍ പരീക്ഷ ജയിച്ച ഇദ്ദേഹം തിരുവനന്തപുരത്തുതന്നെ കോളജുവിദ്യാഭ്യാസവും പൂര്‍ത്തിയാക്കി.

വിദ്യാഭ്യാസാനന്തരം ദേവസ്വം കമ്മിഷണറുടെ ഓഫീസില്‍ ഉദ്യോഗത്തില്‍ പ്രവേശിച്ച ദാമോദര മേനോന്‍ മെച്ചപ്പെട്ട ജോലി ലക്ഷ്യമിട്ട് ബര്‍മ(മ്യാന്‍മര്‍)യിലേക്കു പോയി. ബര്‍മയില്‍ അക്കൌണ്ടന്റ് ജനറല്‍ ഓഫീസില്‍ ക്ളാര്‍ക്ക് ആയി ജോലി ലഭിച്ചു. പിന്നീട് ഇദ്ദേഹം മാണ്ഡലേയിലെ കെല്ലി ഹൈസ്കൂളില്‍ അധ്യാപകനായി. ഒരു വര്‍ഷത്തിനുശേഷം റംഗൂണ്‍ സര്‍വകലാശാലയില്‍ അധ്യാപക പരിശീലന കോഴ്സിനു ചേര്‍ന്നു. ഡി.ടി. (ഡിപ്ളോമ ഇന്‍ ടീച്ചിങ്) ബിരുദം നേടിക്കഴിഞ്ഞ് തെക്കേ ബര്‍മയിലെ പ്യാപ്പോണ്‍ നഗരത്തിലുള്ള സര്‍ക്കാര്‍ സ്കൂളില്‍ അധ്യാപകനായി ഒരു വര്‍ഷം ജോലിനോക്കി. കേരളത്തിലെ സ്വാതന്ത്ര്യസമരപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാനുള്ള ആവേശംമൂലം ജോലി മതിയാക്കി ഇദ്ദേഹം നാട്ടിലേക്കു മടങ്ങി. മടക്കയാത്രയില്‍ ഇന്ത്യയിലെ മറ്റു പ്രധാന കേന്ദ്രങ്ങളിലെ സ്വാതന്ത്ര്യസമരപ്രവര്‍ത്തനങ്ങള്‍ നേരിട്ടുകണ്ട് മനസ്സിലാക്കുകയും ചെയ്തു. കൊല്‍ക്കത്ത, ബിഹാര്‍, സൂറത്ത്, മുംബൈ എന്നിവിടങ്ങളിലെ സ്വാതന്ത്ര്യസമരപ്രവര്‍ത്തനങ്ങള്‍ ഇദ്ദേഹം നിരീക്ഷിച്ചിരുന്നു.

പാലക്കാട്ട് എത്തിയ ദിവസംതന്നെ കോണ്‍ഗ്രസ് സമ്മേളന സ്ഥലത്തുവച്ച് ദാമോദര മേനോനെ അറസ്റ്റ് ചെയ്ത് പാലക്കാട് സബ് ജയിലില്‍ പാര്‍പ്പിച്ചു. രണ്ടാഴ്ചയ്ക്കുശേഷം ഒന്‍പതുമാസത്തെ തടവിനു ശിക്ഷിച്ച് കോയമ്പത്തൂരിലെ സെന്‍ട്രല്‍ ജയിലിലേക്കും അവിടെനിന്ന് ബെല്ലാരി ക്യാമ്പ് ജയിലിലേക്കും മാറ്റി. ജയില്‍മോചിതനായശേഷം ഇദ്ദേഹം മുഴുവന്‍സമയ രാഷ്ട്രീയ പ്രവര്‍ത്തനത്തിനിറങ്ങി. ഇക്കാലത്ത് ദാമോദരന്‍ കേരളത്തിലെ കോണ്‍ഗ്രസ് കമ്മിറ്റിയുടെ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ഗവണ്മെന്റിന്റെ നിരോധനാജ്ഞ നിലനില്ക്കേ അതു ലംഘിച്ച് കോഴിക്കോട് കടപ്പുറത്ത് പൊതുയോഗത്തില്‍ പ്രസംഗിച്ച കുറ്റത്തിന് ഇദ്ദേഹത്തെ അറസ്റ്റ്ചെയ്ത് ആറുമാസത്തെ തടവുശിക്ഷയ്ക്കു വിധിച്ചു. കോഴിക്കോട്ടും കണ്ണൂരുമായിരുന്നു ജയില്‍വാസം. ജയിലിലായിരുന്ന വേളയില്‍ രാഷ്ട്രവിജ്ഞാനം എന്ന ഗ്രന്ഥം രചിച്ചു. ശിക്ഷയില്‍നിന്നു മോചിതനായശേഷം സംഘടനാകാര്യങ്ങളുമായി ബന്ധപ്പെട്ട് കൊല്‍ക്കത്തയില്‍ എത്തിയ ദാമോദര മേനോനെയും കൂട്ടരെയും പൊലീസ് അറസ്റ്റ് ചെയ്ത് അലിപ്പൂര്‍ ജയിലില്‍ പാര്‍പ്പിച്ചു.

നിയമലംഘനം നിറുത്തിവച്ച് നിയമസഭാ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ 1933-ഓടെ കോണ്‍ഗ്രസ് തീരുമാനമെടുത്തു. ഇക്കാലത്ത് ദാമോദര മേനോന്‍ പൊതുപ്രവര്‍ത്തനം താത്കാലികമായി നിറുത്തിവച്ച് തിരുവനന്തപുരം ലോ കോളജില്‍ നിയമപഠനത്തിനു ചേര്‍ന്നു. പത്രപ്രവര്‍ത്തകനായ കേസരി ബാലകൃഷ്ണപിള്ളയുമായി ബന്ധം സ്ഥാപിക്കുവാന്‍ ഇദ്ദേഹത്തിനു സാധിച്ചു. പത്രപ്രവര്‍ത്തനത്തില്‍ പരിശീലനം നേടുവാന്‍ ഈ ബന്ധം സഹായകമായി. നിയമബിരുദമെടുത്തശേഷം ദാമോദര മേനോന്‍ തിരുവനന്തപുരത്ത് അഭിഭാഷകവൃത്തി സ്വീകരിച്ചു. ഇക്കാലത്ത് സമദര്‍ശി എന്ന വാരികയുടെ പത്രാധിപത്യം ഏറ്റെടുക്കുകയും കേസരിയില്‍ എഴുതുകയും ചെയ്തിരുന്നു. 1937-ല്‍ ദാമോദര മേനോന്‍ മാതൃഭൂമിയുടെ പത്രാധിപരായി.

കേരളത്തിലെ കോണ്‍ഗ്രസ് സംഘടനയില്‍ അക്കാലത്ത് ഗാന്ധിയന്‍ വിഭാഗം എന്നും സോഷ്യലിസ്റ്റ് വിഭാഗം എന്നുമുള്ള വേര്‍തിരിവ് രൂപപ്പെട്ടിരുന്നു. ഇതില്‍ ഗാന്ധിസംഘത്തിന്റെ നേതാവാകാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. തൊഴിലാളിപ്രസ്ഥാനവുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങളിലും ദാമോദര മേനോന്‍ വ്യാപൃതനായിരുന്നു. 1941 ജൂണില്‍ ഇദ്ദേഹം വിവാഹിതനായി. പില്ക്കാലത്ത് രാഷ്ട്രീയരംഗത്തു പ്രശസ്തയായ ലീലാ ദാമോദര മേനോന്‍ ആയിരുന്നു ഭാര്യ.

തിരുവിതാംകൂറില്‍ ഉത്തരവാദഭരണം നേടിയെടുക്കുന്നതിനു വേണ്ടിയുള്ള സമരങ്ങളെ സഹായിക്കുവാന്‍ കോഴിക്കോട് കേന്ദ്രീകരിച്ച് രൂപവത്കരിക്കപ്പെട്ട തിരുവിതാംകൂര്‍ സമരസഹായ കമ്മിറ്റിയുടെ സെക്രട്ടറിയായി ദാമോദര മേനോന്‍ സേവനമനുഷ്ഠിച്ചു. ക്വിറ്റ് ഇന്ത്യാ സമരത്തോടനുബന്ധിച്ച് 1942-ല്‍ അറസ്റ്റിലായ ഇദ്ദേഹത്തെ വെല്ലൂരിലെയും അമരാവതിയിലെയും ജയിലുകളില്‍ പാര്‍പ്പിച്ചു. 1945 ജൂണ്‍ വരെ തടവില്‍ കഴിഞ്ഞു. മോചിതനായതോടെ മാതൃഭൂമിയില്‍ പ്രവര്‍ത്തനം തുടര്‍ന്നു. അതോടൊപ്പം സ്വാതന്ത്ര്യസമര പ്രവര്‍ത്തനങ്ങളിലും സജീവമായി പങ്കെടുത്തു. കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ (കെ.പി.സി.സി.) ട്രഷറര്‍, അഖിലേന്ത്യാ കിസാന്‍ മസ്ദൂര്‍ സംഘത്തിലേക്ക് കേരളത്തില്‍ നിന്നുള്ള പ്രതിനിധി, തൃശൂരില്‍ നടന്ന (1947) ഐക്യകേരള സമ്മേളനത്തിന്റെ ജനറല്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. 1948-ല്‍ ഇദ്ദേഹം മാതൃഭൂമിയുടെ പത്രാധിപത്യം ഒഴിഞ്ഞു.

1949-ല്‍ ദാമോദര മേനോന്‍ ഇന്ത്യയുടെ ഇടക്കാല പാര്‍ലമെന്റില്‍ അംഗമായി. കോണ്‍ഗ്രസ്സില്‍ അക്കാലത്ത് ഡെമോക്രാറ്റിക് ഫ്രന്റ് എന്നൊരു വിഭാഗം ഉരുത്തിരിഞ്ഞു. ആചാര്യ കൃപലാനി ആയിരുന്നു ഈ വിഭാഗത്തിന്റെ നേതാവ്. ദാമോദര മേനോന്‍ ഇവരോടൊപ്പമായിരുന്നു. ഈ വിഭാഗം പിന്നീട് കിസാന്‍ മസ്ദൂര്‍ പ്രജാ പാര്‍ട്ടി എന്ന പുതിയൊരു രാഷ്ട്രീയ കക്ഷിയായിത്തീര്‍ന്നു. പാര്‍ട്ടിയുടെ പാര്‍ലമെന്ററി സെക്രട്ടറിയായി ദാമോദര മേനോന്‍ തെരഞ്ഞെടുക്കപ്പെട്ടു. 1952-ല്‍ കോഴിക്കോട്ടുനിന്ന് പാര്‍ലമെന്റംഗമാകുവാന്‍ ദാമോദര മേനോനു കഴിഞ്ഞു. കിസാന്‍ മസ്ദൂര്‍ പ്രജാ പാര്‍ട്ടിയില്‍നിന്നു പിന്‍വാങ്ങിയശേഷം 1956-ല്‍ ഇദ്ദേഹം കോണ്‍ഗ്രസ്സില്‍ തിരിച്ചെത്തി. 1957-ല്‍ കെ.പി.സി.സി. പ്രസിഡന്റായി. എ.ഐ.സി.സി. മെമ്പറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1960-ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ പറവൂരില്‍നിന്നു മത്സരിച്ചു ജയിച്ച ഇദ്ദേഹം തുടര്‍ന്നുണ്ടായ കൂട്ടുകക്ഷി മന്ത്രിസഭയില്‍ വ്യവസായ വകുപ്പു മന്ത്രിയായി. 1964 വരെ മന്ത്രിസ്ഥാനത്ത് തുടര്‍ന്നു. വീണ്ടും മാതൃഭൂമിയില്‍ സേവനമനുഷ്ഠിച്ചു. 1978 ജൂണില്‍ മാതൃഭൂമിയില്‍നിന്നു വിരമിച്ചു. അലസവേളകള്‍, രാഷ്ട്രവിജ്ഞാനം, തോപ്പിലെ നിധി, ഭാവനാസൂനം, ബാലാരാമം, തിരിഞ്ഞുനോക്കുമ്പോള്‍ എന്നീ കൃതികള്‍ രചിച്ചിട്ടുണ്ട്.

1980 ന. 1-ന് ഇദ്ദേഹം നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍