This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ദണ്ഡി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ദണ്ഡി
സംസ്കൃത കവിയും ഗദ്യകാരനും അലങ്കാരശാസ്ത്രകാരനും. 7-ാം ശ.-ത്തില്‍ തമിഴ്നാട്ടില്‍ ജീവിച്ചിരുന്നതായാണ് കൂടുതല്‍ പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നത്. 6-ാം ശ. എന്നും 8-ാം ശ. എന്നും ഭിന്നാഭിപ്രായങ്ങളുണ്ട്. അലങ്കാരശാസ്ത്രകാരനായ ഭാമഹനു ശേഷമാണ് ഇദ്ദേഹത്തിന്റെ കാലഘട്ടം എന്നും ഭാമഹനു മുമ്പാണ് എന്നും ഭിന്നമതവുമുണ്ട്. ഭാമഹന്‍ അവതരിപ്പിക്കുന്ന ചില തത്ത്വങ്ങളെ ദണ്ഡി വിമര്‍ശിക്കുന്നുണ്ടെങ്കിലും ഇവര്‍ പരസ്പരം അറിഞ്ഞിരുന്നില്ല എന്നാണ് അഭിജ്ഞമതം. അന്നു നിലവിലിരുന്ന വിഭിന്ന കാവ്യതത്ത്വങ്ങളില്‍ ചിലതിന് അനുകൂലമായും ചിലതിനെ വിമര്‍ശിച്ചും ഇവര്‍ കൃതികള്‍ രചിച്ചതാകാം എന്നും ഇവര്‍ സമകാലികരാകാന്‍ സാധ്യതയുണ്ടെന്നും പണ്ഡിതന്മാര് വിലയിരുത്തുന്നു. ഭാമഹന്‍ ഉത്തരേന്ത്യയിലും ദണ്ഡി തമിഴ്നാട്ടിലും ജീവിച്ചിരുന്നതും പരസ്പരം കൃതിയില്‍ പരാമര്‍ശിക്കപ്പെടാതിരിക്കാന്‍ കാരണമായി കരുതപ്പെടുന്നു.
ദണ്ഡി ദേശസഞ്ചാരപ്രിയനായിരുന്നതായും ഭാരതത്തിലെ വിഭിന്ന ദേശങ്ങളില്‍ നിലനിന്നിരുന്ന ആചാരങ്ങളും സാമൂഹികാവസ്ഥയും മനസ്സിലാക്കിയിരുന്നതായും നിരൂപകര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇദ്ദേഹത്തിന്റെ മിത്രങ്ങളായി കേരളീയരായ മാതൃദത്തന്‍, ദേവശര്‍മാവ്, ജയന്തന്, നാരായണന്, ഭജനാനന്ദന്‍, വിമതന് തുടങ്ങിയവരുടെ പേരുകള്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്.
പുലികേശി ചാലൂക്യന്റെ രണ്ടാമത്തെ പുത്രനായ ചന്ദ്രാദിത്യന്റെ പത്നിയായ വിജയമഹാദേവി പണ്ഡിതയായ കവയിത്രി എന്ന നിലയില്‍ പ്രശസ്തയായിരുന്നു. വിജ്ജക എന്ന പേരിലാണ് ഇവര്‍ അറിയപ്പെട്ടത്. 7-ാം ശ.-ത്തിന്റെ ഉത്തരാര്‍ധത്തിലാണ് വിജ്ജക ജീവിച്ചിരുന്നത് എന്ന് ചരിത്രകാരന്മാര് രേഖപ്പെടുത്തിയിട്ടുണ്ട്. തന്റെ പാണ്ഡിത്യത്തിലും കവിത്വത്തിലും ഇവര്‍ അഹങ്കരിച്ചിരുന്നതായി സൂചിപ്പിക്കുന്ന പരാമര്‍ശം ഇങ്ങനെയാണ്: കാവ്യാദര്‍ശത്തിന്റെ മംഗളാചരണത്തില്‍ ദണ്ഡി സര്വശുക്ളയായ സരസ്വതിയെ വന്ദിക്കുന്നു. സരസ്വതീദേവിക്കു നല്കിയ ഈ വിശേഷണം ഇഷ്ടപ്പെടാതിരുന്ന വിജ്ജക 'നീലോല്പലദളശ്യാമാം വിജ്ജകാം മാമജാനതാ വൃഥൈവ ദണ്ഡിനാ പ്രോക്തം സര്വശുക്ളാസരസ്വതീ' എന്ന് സ്വയം പുകഴ്ത്തി പറഞ്ഞു. നീലത്താമരയിതള്‍പോലെ കറുത്ത നിറമുള്ള വിജ്ജക എന്ന എന്നെപ്പറ്റി അറിയാഞ്ഞതിനാലാണ് ദണ്ഡി സരസ്വതീദേവിയെ സര്വശുക്ള-പൂര്‍ണമായും ശുഭ്രവര്‍ണയായവള്‍ - എന്നു വിശേഷിപ്പിച്ചത് എന്നാണ് വിജ്ജക പറഞ്ഞത്. ദണ്ഡി വിജ്ജകയുടെ സമകാലികനായിരുന്നു എന്നും 7-ാം ശ.-ത്തിന്റെ ഉത്തരാര്‍ധമാണ് ദണ്ഡിയുടെ കാലമെന്നും ഈ കഥ സൂചന നല്‍കുന്നുണ്ട്.
ദണ്ഡിയുടെ പൂര്‍വികര്‍ പഞ്ചാബില്‍ നിവസിച്ചിരുന്നു. അവിടെ നിന്ന് നാസിക്കിലേക്കു കുടിയേറിയ കുടുംബത്തിലെ ദാമോദരസ്വാമി തമിഴ്നാട്ടില്‍ കാഞ്ചീപുരത്തു താമസമാക്കി. ഇദ്ദേഹത്തിന്റെ പുത്രനായ മനോരഥന്റെ പുത്രന് വീരദത്തന്റെയും ഗൌരിയുടെയും മകനാണ് ദണ്ഡി. കുശിക (കൌശിക) ഗോത്രത്തില്‍പ്പെട്ട ബ്രാഹ്മണനായിരുന്നത്രെ ദണ്ഡി. കാഞ്ചിയില്‍ പല്ലവരാജഭരണകാലമാണ് ദണ്ഡിയുടെ കാലഘട്ടമെന്ന് ഇദ്ദേഹം സ്വകൃതിയില്‍ പരാമര്‍ശിക്കുന്ന രത്നവര്‍മ, രാജവര്‍മ എന്നീ രാജാക്കന്മാരുടെ പേരുകള്‍ തെളിവു നല്‍കുന്നതായി ചരിത്രകാരന്മാര് കരുതുന്നു.
കാവ്യാദര്‍ശം എന്ന അലങ്കാരശാസ്ത്രഗ്രന്ഥവും ദശകുമാരചരിതം എന്ന ഗദ്യകാവ്യവുമാണ് ദണ്ഡിയുടെ പ്രശസ്ത കൃതികള്‍. അവന്തിസുന്ദരീകഥ എന്ന ഗദ്യകാവ്യവും മൃച്ഛകടികം, ഛന്ദോവിചിതി, കലാപരിച്ഛേദം, ദ്വിസന്ധാനകാവ്യം എന്നീ കൃതികളും ദണ്ഡി രചിച്ചതായി പരാമര്‍ശമുണ്ടെങ്കിലും ഇവയുടെ കര്‍തൃത്വത്തെപ്പറ്റി നിശ്ചിതമായ തെളിവില്ല. ദശകുമാരചരിതത്തില്‍ത്തന്നെ കാവ്യാദര്‍ശത്തില്‍ അവതരിപ്പിച്ച തത്ത്വങ്ങളില്‍നിന്ന് വ്യതിയാനം കാണുന്നുണ്ടെന്നും അതിനാല്‍ ദശകുമാരചരിതം ദണ്ഡി രചിച്ചതല്ല എന്നു കരുതാം എന്നും ചിലര്‍ നിരൂപണം ചെയ്തിട്ടുണ്ട്. ദണ്ഡി എന്ന പേര് ഇദ്ദേഹത്തിന്റെ യഥാര്‍ഥനാമം ആകണമെന്നില്ല എന്നും ദശകുമാരചരിതത്തിലെ മംഗളശ്ളോകത്തില് 'ദണ്ഡ' എന്ന പദം അനേകം തവണ പ്രയോഗിച്ചതിനാല്‍ ദണ്ഡി എന്ന പേരില്‍ ഇദ്ദേഹം പ്രശസ്തനായതാകാം എന്നും അഭിപ്രായപ്പെടുന്നവരുണ്ട്. പ്രസ്തുത ശ്ളോകം ഇതാണ്:
'ബ്രഹ്മാണ്ഡച്ഛത്രദണ്ഡഃ ശതധൃതിഭവനാംഭോരുഹോ
നാലദണ്ഡഃ
ക്ഷോണീനൌകൂപദണ്ഡഃ ക്ഷരദമരസരിത്പട്ടികാകേതു
ദണ്ഡഃ
ജ്യോതിശ്ചക്രാക്ഷദണ്ഡസ്ത്രിഭുവനവിജയസ്തംഭ ദണ്ഡോം ഘ്രിദണ്ഡഃ
ശ്രേയസ്ത്രൈവിക്രമസ്തേ വിതരതു വിബുധദ്വേഷിണാം കാലദണ്ഡഃ.'
ദണ്ഡി ദശകുമാരചരിതത്തില്‍ തന്റെ പൂര്‍വസൂരികളെ സ്മരിക്കുന്നുണ്ട്. സേതുബന്ധം, ബൃഹത്കഥ എന്നീ കൃതികളെപ്പറ്റി ഇതില്‍ പരാമര്‍ശിക്കുന്നു. എന്നാല്‍ ഹര്‍ഷചരിതം, കാദംബരി എന്നീ പ്രശസ്ത ഗദ്യകാവ്യങ്ങളെയോ ഇവയുടെ കര്‍ത്താവായ ബാണഭട്ടനെയോ പരാമര്‍ശിക്കുന്നില്ല. 7-ാം ശ.-ത്തിന്റെ പൂര്‍വാര്‍ധമാണ് ബാണഭട്ടന്റെ കാലഘട്ടമെന്നു കരുതുന്നു. ദണ്ഡിയും ഈ കാലഘട്ടത്തില്‍ത്തന്നെയോ അതിനുശേഷമോ ജീവിച്ചിരുന്നു എന്നതിന് ബാണഭട്ടനെപ്പറ്റി പരാമര്‍ശമില്ലാത്തത് സൂചന നല്കുന്നു.
'ത്രയോ ദണ്ഡിപ്രബന്ധാശ്ച ത്രിഷു ലോകേഷു വിശുത്രാഃ' (മൂന്നുലോകത്തിലും വിശ്രുതമായ മൂന്ന് പ്രബന്ധങ്ങളാണ് ദണ്ഡിരചിച്ചത്) എന്നു പ്രസ്താവമുണ്ട്. അവന്തിസുന്ദരീകഥ എന്ന ഗദ്യകാവ്യത്തെയാണ് മൂന്നാമത്തെ ഗ്രന്ഥമായി പരിഗണിച്ചിരിക്കുന്നത് എന്നാണ് പണ്ഡിതമതം. ഈ കൃതിയുടെ ചെറിയ ഒരു ഭാഗം മാത്രമേ ലഭ്യമായിട്ടുള്ളൂ.
ഭോജരാജന്റെ ശൃംഗാരപ്രകാശം എന്ന അലങ്കാരശാസ്ത്ര ഗ്രന്ഥത്തില്‍ ആചാര്യ ദണ്ഡി രചിച്ച ദ്വിസന്ധാനകാവ്യത്തിലെ പദ്യങ്ങള്‍ ഉദ്ധരിക്കുന്നുണ്ട്. രാമായണകഥയും മഹാഭാരതകഥയും ഒരേ സമയം വര്‍ണിക്കുന്ന ഈ കൃതിയിലെ ഉദ്ധൃതപദ്യങ്ങളിലൊന്നാണ്:
'ഉദാരമഹിമാ രാമഃ പ്രജാനാം ഹര്ഷവര്ദ്ധനഃ
ധര്മപ്രഭവഇത്യാസീത് ഖ്യാതോ ഭരതപൂര്‍വജഃ.'
ബാണഭട്ടന്റെയും, രാജാവായ ശ്രീഹര്‍ഷന്റെയും കാലത്തു ജീവിച്ചിരുന്നതായി കരുതുന്ന ദണ്ഡിയുടെ ഈ പദ്യത്തിലെ ഹര്ഷവര്ധനന് എന്ന പദം രാജാവായ ശ്രീഹര്‍ഷനെ പ്രകീര്‍ത്തിക്കുന്നതുമാകാം. ദ്വിസന്ധാനകാവ്യം മിക്കവയും അര്‍ഥഗ്രഹണത്തിന് ക്ളേശകരമാണെന്നു കരുതുമ്പോഴും ഈ പദ്യത്തിലെ പദലാളിത്യം ഇത് ദണ്ഡിവിരചിതമാണെന്നു വിശ്വസിക്കാന്‍ കാരണമാകുന്നു.
സംസ്കൃത ഗദ്യകൃതികളില്‍ ഏറ്റവും പ്രശസ്തമായത് ബാണഭട്ടന്റെ കാദംബരി, ഹര്‍ഷചരിതം എന്നിവയാണെന്നു പ്രസിദ്ധിയുണ്ടെങ്കിലും സരളവും സുഗ്രഹവുമായ ഗദ്യശൈലി ദണ്ഡിയുടെ ദശകുമാരചരിതത്തിനാണെന്നത് സുസമ്മതമാണ്. 'ദണ്ഡിനഃപദലാളിത്യം' എന്ന വാക്യം ദണ്ഡിയുടെ ഭാഷാശൈലിയെ വെളിപ്പെടുത്തുന്നു.
'ഉപമാ കാളിദാസസ്യ, ഭാരവേര്ഥഗൌരവം
ദണ്ഡിനഃപദലാളിത്യം, മാഘേസന്തിത്രയോഗുണാഃ'
എന്നാണ് ഇവരുടെ രചനാവിശേഷത്തെ പ്രകീര്‍ത്തിക്കുന്നത്.
മറ്റു സംസ്കൃത കാവ്യശാസ്ത്ര ഗ്രന്ഥങ്ങളെ അപേക്ഷിച്ച് ദണ്ഡിയുടെ കാവ്യാദര്‍ശത്തില്‍ അവതരിപ്പിച്ച കാവ്യതത്ത്വങ്ങള്‍ ഉദ്ധരിക്കുന്നതില്‍ പില്ക്കാല പണ്ഡിതന്മാര് കൂടുതല്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു. നൂതന തത്ത്വങ്ങള്‍ എന്നതോടൊപ്പം അവതരണശ്ളോകങ്ങളുടെ അനായാസമായ അര്‍ഥഗ്രഹണവും ലളിതപദവിന്യാസവും ഇതിനു കാരണമാണ്.
കാവ്യശാസ്ത്ര ഗ്രന്ഥങ്ങളില്‍ പ്രധാനമായി അവതരിപ്പിക്കുന്ന വ്യത്യസ്ത 'പദ്ധതി'കളില്‍ 'ഗുണപദ്ധതി'യുടെ വക്താവായാണ് ദണ്ഡി അറിയപ്പെടുന്നത്. അലങ്കാരപദ്ധതി, രീതിപദ്ധതി, ധ്വനിസിദ്ധാന്തം, അനുമാനപദ്ധതി, വക്രോക്തിപദ്ധതി, ഔചിത്യപദ്ധതി തുടങ്ങിയവയാണ് മറ്റു പ്രധാന പദ്ധതികള്‍. ഭരതന് നാട്യശാസ്ത്രത്തില്‍ അവതരിപ്പിച്ച പത്ത് കാവ്യഗുണങ്ങളെത്തന്നെ കാവ്യത്തിന്റെ ഏറ്റവും പ്രധാന തത്ത്വമായി അവതരിപ്പിച്ചു വിശദീകരിക്കുകയാണ് ദണ്ഡി ചെയ്തത്. 'ഈ പത്ത് ഗുണങ്ങള്‍ വൈദര്ഭീമാര്ഗത്തിന്റെ പ്രാണങ്ങളാണ്' (ഇതിവൈദര്‍ഭമാര്‍ഗസ്യപ്രാണാദശഗുണാഃസ്മൃതാഃ) എന്ന് ഗുണങ്ങളുടെ പ്രാഥമ്യം അവതരിപ്പിച്ചതോടൊപ്പം വൈദര്‍ഭി തുടങ്ങിയ രീതികളുടെ പ്രാധാന്യവും ദണ്ഡി സൂചിപ്പിച്ചിരുന്നു. കാവ്യത്തിന് സൌന്ദര്യം പ്രദാനം ചെയ്യുന്ന ഘടകങ്ങളെയെല്ലാം അലങ്കാരം എന്ന പദംകൊണ്ടു വ്യവഹരിക്കാം എന്നാണ് ദണ്ഡി അഭിപ്രായപ്പെടുന്നത് ('കാവ്യശോഭാകരാന്‍ ധര്മാന് അലങ്കാരാന്‍ പ്രചക്ഷതേ'). രസാവിഷ്കരണവും ഈ നിലയില്‍ ദണ്ഡിയുടെ ദൃഷ്ടിയില് അലങ്കാരമാണ്. ഇതേസമയം ഗുണങ്ങള്‍ക്കും ഗുണസന്നിവേശംമൂലം നിഷ്പന്നമാകുന്ന വൈദര്ഭമാര്ഗത്തിനും ദണ്ഡി പ്രത്യേക പ്രാധാന്യം നല്കുന്നു. ഈ തത്ത്വമാണ് വാമനന് രീതിപദ്ധതിയുടെ അടിസ്ഥാനമായി സ്വീകരിച്ച് വിശദീകരിച്ചത്. അലങ്കാരപദ്ധതിയിലെ പ്രമുഖ അലങ്കാരമായ സ്വഭാവോക്തി ആദ്യം നിര്‍വചിച്ച് വിശദീകരിച്ചത് ദണ്ഡിയാണ്. അലങ്കാരപദ്ധതിയുടെ പ്രഥമ പ്രവക്താവായി ഭാമഹന്‍ അറിയപ്പെടുമ്പോഴും സ്വഭാവോക്തിയുടെ നിര്‍വചന വിശദീകരണത്തിലൂടെ അലങ്കാരപദ്ധതിയിലും ദണ്ഡിയുടെ സ്ഥാനം അദ്വിതീയം തന്നെയാണെന്ന് പണ്ഡിതന്മാര് കരുതുന്നു. ശബ്ദവൃത്തിക്ക് കാവ്യത്തില്‍ അര്‍ഥവൃത്തിക്കു സമാനമായ സ്ഥാനമുണ്ടെന്ന് ദണ്ഡി കരുതി. മൂന്ന് പരിച്ഛേദങ്ങളായി തിരിച്ച കാവ്യാദര്‍ശത്തില്‍ രണ്ടാം പരിച്ഛേദത്തില്‍ 33 അര്‍ഥാലങ്കാരവും മൂന്നാം പരിച്ഛേദത്തില്‍ ശബ്ദാലങ്കാരവും വിശദീകരിക്കുന്നു. കാവ്യലക്ഷണം, കാവ്യവര്‍ഗീകരണം, കാവ്യഗുണങ്ങള്‍, കാവ്യഹേതു തുടങ്ങിയവയാണ് ഒന്നാം പരിച്ഛേദത്തിലെ പ്രധാന വിഷയങ്ങള്‍. മൂന്നാം പരിച്ഛേദത്തില്‍ ശബ്ദാലങ്കാരത്തോടൊപ്പം കാവ്യദോഷങ്ങളും കാവ്യപ്രയോജനവും വിശദീകരിക്കുന്നു.
കാവ്യകാരണം അഥവാ കാവ്യഹേതുവിനെപ്പറ്റി മറ്റ് ആലങ്കാരികന്മാരില്‍നിന്നു വ്യത്യസ്തമായ അഭിപ്രായം ദണ്ഡി പ്രകടിപ്പിച്ചിട്ടുണ്ട്. ജന്മനാ ലഭിക്കുന്ന കവിപ്രതിഭയ്ക്കാണ് മിക്ക ആലങ്കാരികന്മാരും പ്രമുഖ സ്ഥാനം നല്‍കിയിട്ടുള്ളത്. വ്യുത്പത്തി (പാണ്ഡിത്യം), അഭ്യാസം (കാവ്യാനുശീലനം) ഇവ പ്രതിഭ ഉണ്ടെങ്കില്‍ മാത്രം പ്രയോജപ്പെടുന്നവയാണ് എന്ന് ഇവര്‍ കരുതുന്നു. എന്നാല്‍ ദണ്ഡിയുടെ അഭിപ്രായത്തില്‍ അങ്ങനെയൊരു പ്രതിഭ ഇല്ലെങ്കില്‍ക്കൂടി നിരന്തരം താത്പര്യപൂര്‍വം വാഗ്ദേവതയെ ഉപാസിച്ചാല്‍ വാഗ്ദേവത അനുഗ്രഹിക്കുകതന്നെ ചെയ്യും.
('നവിദ്യതേയദ്യപി പൂര്വവാസനാഗുണാനുബന്ധി
പ്രതിഭാനമദ്ഭുതം
ശ്രുതേന യത്നേചവാഗുപാസിതാ ധ്രുവം കരോ ത്യേവ കമപ്യനുഗ്രഹം' 1-104)
അതിനാല്‍ യശസ്സ് ആഗ്രഹിക്കുന്നവരും സാഹിത്യസദസ്സുകളില്‍ അഭിമതരാകാന്‍ ഇഷ്ടപ്പെടുന്നവരും അനവരതം കാവ്യാനുശാസനമെന്ന വാഗ്ദേവതാപൂജ ചെയ്യണം എന്നു ദണ്ഡി നിഷ്കര്‍ഷിക്കുന്നു.
('തദസ്തതന്ദ്രൈരനിശം സരസ്വതീ
ശ്രമാദുപാസ്യാ ഖലു കീര്ത്തിമീപ്സുഭിഃ
കൃശേകവിത്വേപി ജനാഃ കൃതശ്രമാഃ
വിദഗ്ധഗോഷ്ഠീഷുവിഹര്ത്തുമീശതേ')
(1-105).
'ശ്ളേഷഃപ്രസാദഃസമതാ മാധുര്യം സുകുമാരതാ
അര്ഥവ്യക്തിരുദാരത്വമോജഃകാന്തിസമാധയഃ'
എന്ന് പത്ത് കാവ്യഗുണങ്ങളെ പരിചയപ്പെടുത്തുന്ന പദ്യവും
'ഗദ്യപദ്യമയം കാവ്യം ചമ്പൂരിത്യഭിധീയതേ'
എന്ന് ചമ്പൂകാവ്യത്തെ നിര്‍വചിക്കുന്ന വരികളും
'ഇദമന്ധം തമഃകൃത്സ്നം ജായേത ഭുവനത്രയം
യദിശബ്ദാഹ്വയം ജ്യോതിരാസംസാരം ന ദീപ്യതേ'
(ശബ്ദാഭിധാനമായ ഈ തേജസ്സ് എന്നും പ്രകാശിച്ചിരുന്നില്ലെങ്കില്‍ മൂന്നുലോകവും പൂര്‍ണമായും കൂരിരുള്‍ നിറഞ്ഞതായേനേ) എന്ന ശബ്ദാര്‍ഥതത്ത്വനിരൂപണവും മറ്റും ശാസ്ത്രവിഷയം അത്യന്തം ലളിതവും സുഗ്രഹവുമായ ശൈലിയില്‍ അവതരിപ്പിക്കുവാനുള്ള ദണ്ഡിയുടെ കഴിവിനെ വെളിപ്പെടുത്തുന്നു.
ക്രിസ്ത്വബ്ദാരംഭകാലത്ത് ഭരതമുനി നാട്യശാസ്ത്രം രചിച്ചതിനുശേഷം ദണ്ഡിയുടെയും ഭാമഹന്റെയും വരെയുള്ള ദീര്‍ഘമായ കാലഘട്ടത്തില്‍ കാവ്യശാസ്ത്രപരവും നാട്യശാസ്ത്രപരവുമായ അനേകം കൃതികള്‍ രചിക്കപ്പെട്ടിട്ടുണ്ടെങ്കിലും അവ ലഭ്യമായിട്ടില്ല. ഈ കാലഘട്ടത്തില്‍ നാട്യശാസ്ത്രത്തിലെ ഒരു പഠനവിഭാഗം മാത്രമായിരുന്ന കാവ്യശാസ്ത്രം ഒരു പ്രത്യേക പഠനശാഖയായി വികാസം പ്രാപിച്ചതായി കരുതാം.
ദണ്ഡിയുടെ കാവ്യാദര്‍ശത്തിന് മറ്റു സംസ്കൃത അലങ്കാരശാസ്ത്രഗ്രന്ഥങ്ങളെ അപേക്ഷിച്ച് സിംഹളം, കന്നഡ, തമിഴ് ഭാഷകളിലെ അലങ്കാരശാസ്ത്ര പഠനമേഖലയില്‍ കൂടുതല്‍ സ്വാധീനം ഉണ്ടായി. ശ്രീലമേഘവര്‍ണസേനന്റെ സിയബലകര എന്ന സിംഹളിഗ്രന്ഥവും അമോഘവര്‍ഷനൃപതുംഗന്‍ ഒന്നാമന്റെ കവിരാജമാര്‍ഗ എന്ന കന്നഡ കൃതിയും തമിഴിലെ വീരചോഴിയത്തിന്റെ അലങ്കാരപ്രകരണവും ദണ്ഡിയലങ്കാരവും പാലിയിലെ സുബോധാലങ്കാരവും കാവ്യാദര്‍ശവിവര്‍ത്തനവും മറ്റും കാവ്യാദര്‍ശത്തിന് ഭാരതത്തില്‍ എല്ലായിടത്തും, ദക്ഷിണേന്ത്യയില്‍ പ്രത്യേകിച്ചും, പ്രചാരവും ആദരവും ലഭിച്ചിരുന്നു എന്നതിനു ദൃഷ്ടാന്തമാണ്.