This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഥ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഥ
മലയാള അക്ഷരമാലയിലെ പതിനേഴാമത്തെ വ്യഞ്ജനം. 'ത' വര്‍ഗത്തിലെ അതിഖരം. ദന്ത്യവും നാദയുക്തമല്ലാത്തതും മഹാപ്രാണവുമായ വിരാമം. സ്വനവിജ്ഞാനപ്രകാരം മഹാപ്രാണീകൃതവും നാദരഹിതവുമായ സ്പര്‍ശ വ്യഞ്ജനം. മിക്ക ഭാരതീയ ഭാഷകളിലും തമിഴ് ഒഴികെയുള്ള ദ്രാവിഡഭാഷകളിലും 'ഥ' തന്നെയാണ് പതിനേഴാമത്തെ വ്യഞ്ജനം. തമിഴില്‍ ഈ അക്ഷരം ഇല്ല. ഉച്ചാരണസൗകര്യത്തിന് വ്യഞ്ജനങ്ങളോട് 'അ'കാരം ചേര്‍ത്ത് ഉച്ചരിക്കുന്ന രീതിക്ക് 'ഥ്' എന്നതിനോട് 'അ' ചേര്‍ന്നതാണ് 'ഥ' എന്ന രൂപം (ഥ = ഥ് + അ). മറ്റു സ്വരങ്ങള്‍ ചേരുമ്പോള്‍ ഥാ, ഥി, ഥീ, ഥു, ഥൂ, ഥൃ, ഥെ, ഥേ, ഥൈ, ഥൊ, ഥോ, ഥൗ എന്നീ ലിപിരൂപങ്ങളുണ്ട്. മറ്റു മഹാപ്രാണങ്ങളെപ്പോലെ ഈ വര്‍ണവും മലയാളം സംസ്കൃതത്തില്‍നിന്നു സ്വീകരിച്ചതാണ്. മലയാളത്തില്‍ പദമധ്യത്തിലേ ഈ രൂപം വരാറുള്ളൂ. ഈ അക്ഷരംകൊണ്ട് തുടങ്ങുന്ന പദങ്ങള്‍ സംസ്കൃതത്തിലും വിരളമാണ്. സംസ്കൃതപദങ്ങളിലെ 'ഥ' കാരം തത്സമങ്ങളില്‍ മാറ്റമില്ലാതെ തുടരുകയും തദ്ഭവങ്ങളില്‍ അധികവും 'ത'കാരമായി മാറുകയും ചെയ്യുന്നു.
വ്യഞ്ജനങ്ങള്‍ക്ക് ഇരട്ടിപ്പ്, മറ്റു വ്യഞ്ജനങ്ങളുമായുള്ള ചേര്‍ച്ച എന്നിവ വരുന്ന രീതിക്കുള്ള വികാരങ്ങള്‍ ഈ അക്ഷരത്തിനുണ്ടെങ്കിലും ഇരട്ടിപ്പ് അക്ഷരത്തിന്റെ മഹാപ്രാണം ഒഴിച്ചുള്ള ഭാഗത്തേ സംഭവിക്കുന്നുള്ളൂ. ഥ്ന, ഥ്യ, ഥ്വ, ക്ഥ, ക്ഥ്യ, ത്ഥ, ത്ഥ്വ, ത്സ്ഥ, ന്ഥ, മ്സ്ഥ, ര്‍ത്ഥ, ര്‍ത്ഥ്യ, ര്‍ഥ, ല്സ്ഥ, സ്ഥ, സ്ഥന എന്നിങ്ങനെയാണ് കൂട്ടക്ഷരങ്ങളും ലിപികളും. ഉദാ. ന്ഥ-ഗ്രന്ഥം,ഥ്യ-പഥ്യം, ഥ്വ-പൃഥ്വി, ക്ഥ-സക്ഥി, ക്ഥ്യ-ഉക്ഥ്യം, ത്ഥ-ഇത്ഥം, ത്ഥ്വ-പൃത്ഥ്വി, ത്സ്ഥ-കാകുത്സ്ഥന്‍, ന്ഥ-പന്ഥാവ്, മ്സ്ഥ-സംസ്ഥാനം, ര്‍ത്ഥ-അര്‍ത്ഥം, ര്‍ത്ഥ്യ-സാമര്‍ത്ഥ്യം,ര്‍ഥ-അര്‍ഥം, ല്സ്ഥ-കാകുല്സ്ഥന്, സ്ഥ-പ്രസ്ഥാനം, സ്ഥ്ന- അസ്ഥ്നി. ഈ വ്യഞ്ജന സംയുക്തങ്ങളില്‍ 'സ്ഥ' മാത്രമേ പദാദിയില്‍ പ്രയോഗിച്ചു കാണുന്നുള്ളൂ: സ്ഥലം, സ്ഥാനം തുടങ്ങിയവ.സംസ്കൃതസന്ധിപ്രകാരം ചിലപ്പോള്‍ 'ഥ' കാരം 'ഠ' കാരമായി മാറുന്നു.
ഥ എന്ന അക്ഷരത്തിന് ഭക്ഷണം, ഏഴ് എന്ന സംഖ്യ (പരല്‍ പേരനുസരിച്ച്) എന്നീ അര്‍ഥങ്ങളും ഥന് എന്ന പദത്തിന് രക്ഷകന് എന്ന അര്‍ഥവും ഥം എന്ന പദത്തിന് പര്‍വതം, ആപത്സൂചന, ഒരു രോഗം, ഭയം, മംഗളം എന്നീ അര്‍ഥങ്ങളും നിഘണ്ടുക്കളില്‍ നല്‍കിയിട്ടുണ്ട്.