This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
തോമസ് മാത്യു, എം. (1940 - )
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
തോമസ് മാത്യു, എം. (1940 - )
മലയാള സാഹിത്യനിരൂപകനും പത്രപ്രവര്‍ത്തകനും. പത്തനംതിട്ട ജില്ലയിലെ കീക്കൊഴൂര്‍ എന്ന ഗ്രാമത്തില്‍ മാടപ്പിള്ളേത്ത് വേങ്ങമൂട്ടില്‍ കുടുംബത്തില്‍ മത്തായി തോമസിന്റെയും മറിയാമ്മയുടെയും മകനായി 1940 സെപ്. 27-ന് ജനിച്ചു. എറണാകുളം മഹാരാജാസ് കോളജില്‍ പഠിച്ച് മലയാളം എം.എ. ബിരുദം നേടി. അതിനുശേഷം വിവിധ ഗവണ്മെന്റ് കോളജുകളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചു. ദീര്‍ഘകാലം മഹാരാജാസ് കോളജില്‍ ലക്ചററും പ്രൊഫസറും ആയിരുന്നു. മൂന്നാര്‍ ഗവണ്മെന്റ് കോളജില്‍ പ്രിന്‍സിപ്പലായിരിക്കെ 1996-ല്‍ ജോലിയില്‍ നിന്നു വിരമിച്ചു. സമസ്തകേരള സാഹിത്യ പരിഷത്ത്, കേരള സാഹിത്യ അക്കാദമി, കേന്ദ്ര സാഹിത്യ അക്കാദമി തുടങ്ങിയവയില്‍ അംഗമായിരുന്നു. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍, കേരള ഗവണ്മെന്റിന്റെ സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പിന്റെ ഉപദേശകസമിതി അംഗം, ഇടപ്പള്ളി എ.കെ.ജി. സ്മാരക ഗ്രന്ഥശാലയുടെ പ്രസിഡന്റ്, സ്റ്റേറ്റ് ലൈബ്രറി കൌണ്‍സില്‍ അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
വിദ്യാര്‍ഥിജീവിതകാലത്തുതന്നെ സാഹിത്യത്തില്‍ അതീവ താത്പര്യം പ്രകടിപ്പിച്ചിരുന്ന ഇദ്ദേഹം പാശ്ചാത്യ സാഹിത്യ നിരൂപണത്തോടാണ് കൂടുതല്‍ ആഭിമുഖ്യം പുലര്‍ത്തിയിരുന്നത്. സാഹിത്യത്തിലും സാഹിത്യനിരൂപണത്തിലും അവഗാഹം നേടിയശേഷമാണ് തോമസ് മാത്യു സാഹിത്യരചന ആരംഭിച്ചത്. വളരെ കുറച്ചുമാത്രം എഴുതി നിരൂപണരംഗത്ത് തന്റെ സ്ഥാനം ഉറപ്പിച്ചു നിര്‍ത്താന്‍ തോമസ് മാത്യുവിനു കഴിഞ്ഞു. മുഖം നോക്കാതെ തന്റെ അഭിപ്രായങ്ങള്‍ അവതരിപ്പിക്കുക എന്നതാണ് ഇദ്ദേഹത്തിന്റെ നിരൂപണ രീതി. ചെറുകഥയോടാണ് കൂടുതല്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുള്ളത്.
ദന്തഗോപുരത്തിലേക്ക് വീണ്ടും ആണ് ആദ്യ കൃതി. എന്റെ വല്മീകമെവിടെ, സാഹിത്യദര്‍ശനം, ആത്മാവിന്റെ മുറിവുകള്‍, സത്യം നിങ്ങളെ സ്വതന്ത്രരാക്കും എന്നിവയാണ് മറ്റു കൃതികള്‍. ന്യൂ ഹ്യൂമനിസം എന്ന കൃതി ഇംഗ്ളീഷില്‍നിന്ന് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ദന്തഗോപുരത്തിലേക്ക് വീണ്ടും എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമിയുടെ സി.ബി. കുമാര്‍ എന്‍ഡോവ്മെന്റ് അവാര്‍ഡ് ലഭിച്ചു.
(ഡോ. ബി. ഭാനുമതി അമ്മ)