This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തൊഴിലധിഷ്ഠിത വിദ്യാഭ്യാസം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:05, 10 ഫെബ്രുവരി 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

തൊഴിലധിഷ്ഠിത വിദ്യാഭ്യാസം

ഢീരമശീിേമഹ ഋറൌരമശീിേ

യുവജനങ്ങളെ വിദഗ്ധ തൊഴിലുകളില്‍ ഏര്‍പ്പെടുവാന്‍ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന വിദ്യാഭ്യാസ സമ്പ്രദായം. ഏതെങ്കിലും പ്രത്യേക തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ കഴിവുകള്‍ മെച്ചപ്പെടുത്തുവാനും തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ഉപകരിക്കും. ഹയര്‍ സെക്കന്‍ഡറി-കോളജ് തലത്തിലാണ് സാധാരണയായി ഇന്ത്യയില്‍ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നല്കുന്നത്. ഇതിലൂടെ വിദ്യാര്‍ഥികള്‍ക്ക് തൊഴിലിലേര്‍പ്പെടുന്നതിനാവശ്യമായ സാങ്കേതിക പരിജ്ഞാനം ലഭിക്കുന്നു.

ലേഖനസംവിധാനം

ക. ചരിത്രം

കക. തൊഴിലധിഷ്ഠിത വിദ്യാഭ്യാസം-വിദേശ രാജ്യങ്ങളില്‍

കകക. തൊഴിലധിഷ്ഠിത വിദ്യാഭ്യാസം-ഇന്ത്യയില്‍

കഢ. അധ്യാപക യോഗ്യതയും പരിശീലനവും

ഢ. ഗുണനിലവാര നിര്‍ണയം

ക. ചരിത്രം. 'തൊഴില്‍' എന്ന ആശയത്തിനു വന്ന ചരിത്രപരമായ പരിണാമം വിശകലനം ചെയ്തുകൊണ്ടുമാത്രമേ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ ചരിത്രം രേഖപ്പെടുത്തുവാന്‍ സാധിക്കുകയുള്ളൂ. മനുഷ്യന്‍ നാടോടിജീവിതം അവസാനിപ്പിച്ച് സ്ഥിരപാര്‍പ്പിടം നിര്‍മിച്ചപ്പോള്‍ തൊഴിലിന്റെ സ്വഭാവത്തിലും മാറ്റമുണ്ടായി. പ്രകൃതിവിഭവങ്ങള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിനും ഭക്ഷണം ഉണ്ടാക്കുന്നതിനും സൂക്ഷിക്കുന്നതിനും മറ്റും നൂതന മാര്‍ഗങ്ങള്‍ അവലംബിക്കേണ്ടിവന്നു. ഈ മാറ്റങ്ങള്‍ ഏതു രീതിയില്‍ നടപ്പിലാക്കപ്പെട്ടു എന്നതിനെക്കുറിച്ചും അതിനുവേണ്ട പരിശീലനം നല്കപ്പെട്ടിരുന്നോ എന്നതിനെക്കുറിച്ചും വ്യക്തമായ വിവരങ്ങള്‍ ലഭ്യമല്ല. മിക്ക യൂറോപ്യന്‍ ഭാഷകളിലെയും തൊഴിലിനെ സൂചിപ്പിക്കുന്ന പദത്തിന്റെ നിഷ്പത്തി പരിശോധിക്കുമ്പോള്‍ അതിന് ജീവിതത്തിന്റെ അസുഖകരവും വേദനാജനകവുമായ വശങ്ങളെ സൂചിപ്പിക്കുന്ന പദങ്ങളുമായി ബന്ധമുണ്ടെന്ന് കാണുന്നു. അസുഖകരമായ തൊഴിലുകള്‍ സമൂഹത്തിന്റെ താഴെക്കിടയിലുള്ളവരും സ്ത്രീകളുമാണ് ചെയ്തിരുന്നത്. ക്ഷാമം, യുദ്ധം തുടങ്ങിയ വിപത്ഘട്ടങ്ങളില്‍ വിദഗ്ധ തൊഴിലാളികളുടെ ദൌര്‍ലഭ്യം അനുഭവപ്പെടുകയും ഇത് പരിഹരിക്കുന്നതിനായി തൊഴിലധിഷ്ഠിത വിദ്യാഭ്യാസ പദ്ധതികള്‍ നടപ്പാക്കിത്തുടങ്ങുകയും ചെയ്തു. പ്രതിസന്ധിഘട്ടങ്ങള്‍ തരണം ചെയ്തതിനുശേഷവും വിദ്യാഭ്യാസരംഗത്തെ പരിഷ്കാരങ്ങള്‍ തുടരുകയും നൂതന തൊഴില്‍-സാങ്കേതിക രംഗങ്ങള്‍ക്കാവശ്യമായ പരിശീലനം നല്കിത്തുടങ്ങുകയും ചെയ്തു. മിക്കവാറും എല്ലാ വ്യാവസായിക രാഷ്ട്രങ്ങളിലും തൊഴിലധിഷ്ഠിത വിദ്യാഭ്യാസ നയം രൂപവത്കരിക്കപ്പെട്ടത് പ്രതിസന്ധിഘട്ടങ്ങളിലാണ് എന്നു കാണുവാന്‍ സാധിക്കും.

 പ്രതിസന്ധിഘട്ടങ്ങളിലൂടെ വികാസം പ്രാപിച്ചെങ്കിലും തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് സാമ്പ്രദായിക വിദ്യാഭ്യാസത്തോളം മാന്യത ലഭിച്ചിരുന്നില്ല. സാമ്പ്രദായിക വിദ്യാഭ്യാസത്തിനും മനുഷ്യനെ തൊഴിലനുഷ്ഠിക്കുന്നതിന് പ്രാപ്തനാക്കുക എന്ന ലക്ഷ്യംതന്നെയാണ് ഉണ്ടായിരുന്നതെങ്കിലും തൊഴിലധിഷ്ഠിത വിദ്യാഭ്യാസം പ്രത്യേകമായാണ് വികാസം പ്രാപിച്ചത്. തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പരിമിത സൌകര്യങ്ങളിലാണ് പ്രവര്‍ത്തിച്ചിരുന്നത്. 
 വ്യാവസായിക വിപ്ളവത്തോടെ പല പുതിയ തൊഴില്‍മേഖലകളും നിലവില്‍വന്നു. കൃഷി, ആരോഗ്യം, വ്യാവസായിക ഉത്പാദനം തുടങ്ങിയ മേഖലകളില്‍ വെറും ജീവിതമാര്‍ഗം മാത്രമായി കണക്കാക്കപ്പെട്ടിരുന്ന പല തൊഴിലുകള്‍ക്കും മാന്യത കൈവന്നു. തൊഴിലാളിസംഘടനകള്‍ക്ക് പ്രസക്തി വര്‍ധിക്കുകയും ഏതു തൊഴിലിനും അതിന്റേതായ മാന്യതയുണ്ടെന്ന ആശയം രൂപംകൊള്ളുകയും ചെയ്തു. ശാസ്ത്രവിഷയങ്ങള്‍, സാങ്കേതികവിദ്യ, വ്യവസായ വാണിജ്യ ശാസ്ത്രങ്ങള്‍ തുടങ്ങിയവയെയും ഉള്‍പ്പെടുത്തിക്കൊണ്ട് തൊഴിലധിഷ്ഠിത വിദ്യാഭ്യാസമെന്ന ആശയം രൂപംകൊണ്ടു.
  19-ാം ശ.-ത്തില്‍, വ്യവസായവത്കരണത്തോടുകൂടി നിരവധി യൂറോപ്യന്‍ രാഷ്ട്രങ്ങളില്‍ എലിമെന്ററി-സെക്കന്‍ഡറി സ്കൂള്‍ തലത്തില്‍ തൊഴിലധിഷ്ഠിത പരിശീലനം ആരംഭിച്ചു. ഈ മാറ്റം ഏറ്റവും പ്രകടമായത് ജര്‍മനിയിലാണ്. 1850-നും 60-നും ഇടയ്ക്ക് നിരവധി ചിന്തകര്‍ യുവാക്കള്‍ക്ക് കൈത്തൊഴിലുകളില്‍ പരിശീലനം നല്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പറഞ്ഞിരുന്നു. ഫിന്‍ലന്‍ഡ് ആണ് ആദ്യമായി (1858-ല്‍) വിദ്യാലയങ്ങളില്‍ കൈത്തൊഴില്‍ പരിശീലനം നടപ്പിലാക്കിയ രാഷ്ട്രം. പിന്നീട് സ്വീഡനിലും റഷ്യയിലും ഇത് നിലവില്‍വന്നു. 1870-കളില്‍ ജര്‍മനിയിലെ വിവിധ നഗരങ്ങളില്‍ തൊഴിലധിഷ്ഠിത വിദ്യാലയങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ചു. ഫ്രാന്‍സില്‍ 1882-ല്‍ സ്കൂളുകളില്‍ കൈത്തൊഴില്‍ പരിശീലനം ആരംഭിച്ചു. യു.എസ്സില്‍ ആദ്യകാലങ്ങളില്‍ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം കരകൌശലവിദ്യകളിലും പ്രായോഗിക കലകളിലും നല്കുന്ന പരിശീലനത്തില്‍ ഒതുങ്ങിയിരുന്നു. 1875-ല്‍ നാഷണല്‍ എഡ്യൂക്കേഷന്‍ അസോസിയേഷനു കീഴില്‍ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ വകുപ്പ് പ്രവര്‍ത്തനമാരംഭിച്ചു. 1900-ാമാണ്ടോടുകൂടി വ്യാവസായിക-വാണിജ്യ കലകളുടെ പരിശീലനത്തില്‍ ഗണ്യമായ പുരോഗതിയുണ്ടാവുകയും, 1906-ല്‍ 'നാഷണല്‍ സൊസൈറ്റി ഫോര്‍ ദ് പ്രൊമോഷന്‍ ഒഫ് ഇന്‍ഡസ്ട്രിയല്‍ എഡ്യൂക്കേഷന്‍' രൂപവത്കൃതമാവുകയും ചെയ്തു. 1917-ലെ സ്മിത്ത്-ഹ്യുസ് ആക്റ്റിലൂടെ (ടാശവേഔഴവല അര) പൊതുവിദ്യാഭ്യാസത്തിന്റെ ഒരു അവിഭാജ്യഘടകമാണ് തൊഴിലധിഷ്ഠിത വിദ്യാഭ്യാസം എന്ന ആശയത്തിന് ഔദ്യോഗിക അംഗീകാരം ലഭിച്ചു. വ്യാവസായിക-വാണിജ്യ, കാര്‍ഷിക, ഗൃഹപരിപാലന പരിശീലന പദ്ധതികള്‍ക്ക് സാമ്പത്തികസഹായം ലഭിക്കുവാന്‍ ഈ ആക്റ്റ് വഴിയൊരുക്കി. 1890-കളില്‍ത്തന്നെ ഇവിടെ കൈത്തൊഴില്‍ പരിശീലനത്തിനായി പ്രത്യേക വിദ്യാലയങ്ങള്‍ സ്ഥാപിതമായിരുന്നു. ബ്രിട്ടനില്‍ 20-ാം ശ.-ത്തിന്റെ ആരംഭത്തിലും തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് അയിത്തം കല്പിക്കപ്പെട്ടിരുന്നു. രണ്ടാം ലോകയുദ്ധത്തിനുമുമ്പ് ബ്രിട്ടനില്‍ വളരെ കുറച്ച് സാങ്കേതികവിദ്യാലയങ്ങളും ട്രേഡ് സ്കൂളുകളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. രണ്ടാം ലോകയുദ്ധകാലത്തും അതിനുശേഷവും തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് ലോകമെമ്പാടും, പ്രത്യേകിച്ച് വികസ്വര രാഷ്ട്രങ്ങളില്‍ വര്‍ധിച്ച പ്രാധാന്യം സിദ്ധിച്ചു.
 സ്വതന്ത്രവും മൌലികവുമായ വിദ്യാഭ്യാസത്തിന്റെ വക്താക്കള്‍ സ്കൂള്‍തലത്തില്‍ തൊഴിലധിഷ്ഠിത പരിശീലനം നല്കുന്നതിനെ എതിര്‍ത്തുപോന്നു. ചെറുപ്രായത്തില്‍ത്തന്നെ വിദ്യാര്‍ഥികളെ പ്രത്യേക തൊഴിലുകളിലേക്ക് തിരിച്ചുവിടുന്നതിനു പുറകിലുള്ള യുക്തിയെ ഇവര്‍ ചോദ്യംചെയ്തു. എങ്കിലും ആധുനിക സമൂഹത്തില്‍, എല്ലാ രംഗങ്ങളിലും സംഭവിച്ചുകൊണ്ടിരിക്കുന്ന ദ്രുതഗതിയിലുള്ള മാറ്റങ്ങള്‍ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ പ്രസക്തി വര്‍ധിപ്പിക്കുന്നു. പരമ്പരാഗത തൊഴിലുകള്‍ കാലഹരണപ്പെടുകയും പുതിയവ രൂപംകൊള്ളുകയും ചെയ്യുന്നതിനാല്‍ വിദഗ്ധ പരിശീലനം അത്യന്താപേക്ഷിതമാണ്.
  കക. തൊഴിലധിഷ്ഠിത വിദ്യാഭ്യാസം - വിദേശ രാജ്യങ്ങളില്‍. വിദേശ രാജ്യങ്ങളിലെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ പദ്ധതികളെ പൊതുവേ ഏഴായി തിരിക്കാവുന്നതാണ്. വ്യവസായ-വാണിജ്യ വിദ്യാഭ്യാസം, ഓഫീസ് ജോലികള്‍ക്കാവശ്യമായ പരിശീലനം, ഉപഭോക്തൃസേവനം അഥവാ വിതരണം നടത്തുവാനുള്ള പരിശീലനം, കാര്‍ഷിക പരിശീലനം, ഗൃഹഭരണ പരിശീലനം, ആരോഗ്യ ക്ഷേമരംഗത്ത് പ്രവര്‍ത്തിക്കുവാനാവശ്യമായ പരിശീലനം, സാങ്കേതിക വിദ്യാഭ്യാസം എന്നിവയാണ് ഈ വിഭാഗങ്ങള്‍.
 വ്യവസായ-വാണിജ്യ വിദ്യാഭ്യാസത്തില്‍, ഉത്പാദന-നിര്‍മാണ-പാലന വ്യവസായങ്ങളില്‍ ഏര്‍പ്പെടുന്നതിനാവശ്യമായ വിദഗ്ധ പരിശീലനം നല്കുന്നു. യന്ത്രവിദഗ്ധര്‍, ആശാരിമാര്‍, പ്ളംബര്‍മാര്‍, പാറ്റേണ്‍-മേക്കര്‍മാര്‍, മെക്കാനിക്കുകള്‍, അച്ചടി പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവര്‍, ബേക്കര്‍മാര്‍ തുടങ്ങിയവര്‍ക്കു നല്കുന്ന പരിശീലനത്തെ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്താം. ഈ മേഖലകളില്‍ പരിശീലനം നേടാനാഗ്രഹിക്കുന്ന ഒരു വിദ്യാര്‍ഥിക്ക് ഒരു തൊഴിലധിഷ്ഠിത വിദ്യാലയത്തില്‍ ചേര്‍ന്ന് സാങ്കേതിക പരിശീലനം നേടുകയും പിന്നീട് വിദഗ്ധരുടെ കീഴില്‍ അപ്രന്റീസ് ആയി പ്രവര്‍ത്തിച്ച് കൂടുതല്‍ അറിവ് സമ്പാദിക്കുകയും ചെയ്യാം.
 ടൈപ്പ്റൈറ്റിങ്, ഷോര്‍ട്ട് ഹാന്‍ഡ്, കംപ്യൂട്ടര്‍ പരിശീലനം തുടങ്ങിയവയെ ഓഫീസ് ജോലിക്കുള്ള പരിശീലനമായി കണക്കാക്കുന്നു. ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമായോ അതിനുശേഷമോ ഇത്തരം പരിശീലനം നേടാവുന്നതാണ്. അക്കാദമിക പരിശീലനം നേടുന്നതിനോടൊപ്പം ഏതെങ്കിലും ഓഫീസില്‍ ജോലിചെയ്ത് പ്രായോഗികവിജ്ഞാനം നേടുകയും ചെയ്യാം.
 സെയില്‍സ്മാന്‍മാര്‍, മാനേജര്‍മാര്‍, ഹോട്ടലുകളിലെ റിസപ്ഷനിസ്റ്റുകള്‍ തുടങ്ങിയവരെ ഉപഭോക്തൃസേവനരംഗത്ത് പ്രവര്‍ത്തിക്കുന്നവരായി കണക്കാക്കാം. ഈ മേഖലകളില്‍ തത്പരരായ വിദ്യാര്‍ഥികള്‍ക്ക് ഹൈസ്കൂള്‍തലത്തില്‍ ഒരു വര്‍ഷത്തെയോ രണ്ടുവര്‍ഷത്തെയോ പരിശീലനം നല്കുന്നു. ഉപഭോക്തൃ താത്പര്യങ്ങള്‍, മാര്‍ക്കറ്റിങ് തന്ത്രങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് വിദ്യാര്‍ഥികള്‍ക്ക് അറിവ് നല്കുകയും പ്രായോഗിക പരിശീലനത്തിനായി ആഴ്ചയില്‍ 15 മണിക്കൂറെങ്കിലും നീക്കിവയ്ക്കുകയും ചെയ്യുന്നു.
 ആധുനിക കര്‍ഷകന് ആവശ്യമായ എല്ലാ അറിവും പകര്‍ന്നുകൊടുക്കുക എന്നതാണ് കാര്‍ഷിക പരിശീലനത്തിന്റെ ലക്ഷ്യം. മണ്ണൊലിപ്പ് തടയാനുള്ള മാര്‍ഗങ്ങള്‍; യന്ത്രങ്ങളുടെ പ്രവര്‍ത്തനം; കാര്‍ഷികോത്പന്നങ്ങളുടെ സംസ്കരണം; മണ്ണിന്റെ ഗുണനിലവാര പരിശോധന; കിണറുകുഴിക്കല്‍; വളങ്ങള്‍, കാലിത്തീറ്റ-കോഴിത്തീറ്റ, യന്ത്രങ്ങള്‍, ഉപകരണങ്ങള്‍ തുടങ്ങിയവയുടെ ക്രയവിക്രയം എന്നിങ്ങനെ കൃഷിയുടെ വിവിധ വശങ്ങളെക്കുറിച്ചുള്ള അറിവ് ആവശ്യമാണ്. ഹൈസ്കൂള്‍ തലത്തില്‍ പരിശീലനം നല്കുമ്പോള്‍ ക്ളാസ്സ് റൂം അധ്യയനവും പ്രായോഗികപരിശീലനവും സമന്വയിപ്പിക്കുന്നു. ഉന്നത പരിശീലനം നല്കുന്ന കൃഷിസാങ്കേതികവിദ്യാപരിശീലന കോഴ്സുകളില്‍ അഗ്രോണമി, വെല്‍ഡിങ്, ഫാം സര്‍വെ, സാങ്കേതിക ഗണിതം, പ്രായോഗിക മനഃശാസ്ത്രം തുടങ്ങിയ വിഷയങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു.
  കുടുംബ ജീവിതത്തിനുള്ള തയ്യാറെടുപ്പായാണ് ഗൃഹഭരണപരിശീലന കോഴ്സുകള്‍ കണക്കാക്കപ്പെടുന്നത്. പെണ്‍കുട്ടികള്‍ക്കു വേണ്ടിയാണ് ഈ പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളതെങ്കിലും ചില ആണ്‍കുട്ടികളും ഇതില്‍ പങ്കെടുക്കാറുണ്ട്. ഹൈസ്കൂള്‍തലത്തില്‍ ഈ കോഴ്സുകള്‍ നാല് വര്‍ഷം വരെ നീണ്ടുനില്ക്കാറുണ്ട്. പോഷകാഹാരം, വസ്ത്രവിധാനം, ശിശുപരിപാലനം, ഗൃഹാലങ്കാരം, സാമ്പത്തിക അച്ചടക്കം, പ്രായമായവരുടെയും രോഗികളുടെയും ശുശ്രൂഷ, വ്യക്തിബന്ധങ്ങള്‍, കുടുംബ ബന്ധങ്ങള്‍, സാമൂഹിക ബന്ധങ്ങള്‍ തുടങ്ങിയവയെക്കുറിച്ചെല്ലാം വിദ്യാര്‍ഥികള്‍ക്ക് അറിവ് നല്കുന്നു. അധ്യാപകര്‍ വിദ്യാര്‍ഥികളുടെ വീടുകള്‍ സന്ദര്‍ശിക്കുകയും മാതാപിതാക്കളുമായി സഹകരിച്ച് വിദ്യാര്‍ഥികള്‍ക്ക് പ്രായോഗികമായി പരിശീലനം നല്കുവാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഗൃഹപരിപാലനവുമായി ബന്ധപ്പെട്ട തൊഴിലുകളായ പാചകം, തയ്യല്‍ തുടങ്ങിയവയ്ക്കുള്ള പരിശീലനമായും ഇത്തരം കോഴ്സുകള്‍ നടത്താറുണ്ട്.
 ഡോക്ടര്‍മാരുടെ സഹായികള്‍, ദന്തചികിത്സാരംഗത്തെ ടെക്നീഷ്യന്മാര്‍, ലബോറട്ടറി അസിസ്റ്റന്റുമാര്‍, നഴ്സിങ് സഹായികള്‍ തുടങ്ങിയവര്‍ ആരോഗ്യക്ഷേമ രംഗത്തെ പ്രത്യേക പരിശീലനം ആവശ്യമുള്ള തൊഴിലാളികളാണ്. ഈ തൊഴിലുകളില്‍ തത്പരരായ വിദ്യാര്‍ഥികള്‍ക്ക് ഹൈസ്കൂളുകളിലെ പഠനത്തോടൊപ്പം ആശുപത്രികളിലും ക്ളിനിക്കുകളിലും മറ്റും പ്രായോഗിക പരിശീലനവും നല്കുന്നു. ജോലിയുടെ സ്വഭാവമനുസരിച്ച് പരിശീലന കാലാവധിയില്‍ വ്യത്യാസം വരാം.
 സാങ്കേതിക വിദഗ്ധര്‍ക്ക് അവരുടെ തൊഴിലില്‍ ആവശ്യമായ സഹായം ഫലപ്രദമായി നല്കുവാന്‍ യുവാക്കളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് സാങ്കേതിക വിദ്യാഭ്യാസം നല്കുന്നത്. എന്‍ജിനീയര്‍മാര്‍, ശാസ്ത്രജ്ഞര്‍ തുടങ്ങിയവര്‍ക്ക് ഇത്തരം സഹായികളുടെ ആവശ്യം വേണ്ടിവരുന്നു. ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷമാണ് സാധാരണയായി സാങ്കേതിക പരിശീലനം നല്കുന്നത്. സാങ്കേതികവിദ്യയില്‍ പ്രായോഗികജ്ഞാനത്തോടൊപ്പം പ്രസക്ത ശാസ്ത്രങ്ങളില്‍ സൈദ്ധാന്തികമായ അറിവും വിദ്യാര്‍ഥിക്കു ലഭിക്കുന്നു.
 വ്യത്യസ്ത രാഷ്ട്രങ്ങളില്‍ വിഭിന്ന സ്ഥാപനങ്ങളിലൂടെയാണ് തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നല്കുന്നത്. യു.എസ്സില്‍ ഹൈസ്കൂളുകള്‍, കമ്യൂണിറ്റി കോളജുകള്‍, സാങ്കേതിക സ്ഥാപനങ്ങള്‍, എക്സ്റ്റന്‍ഷന്‍ സര്‍വീസുകള്‍, കറസ്പോണ്ടന്‍സ് സ്കൂളുകള്‍, തൊഴിലാളി സംഘടനകള്‍, വ്യവസായ സ്ഥാപനങ്ങള്‍, സായുധ സേനകള്‍ തുടങ്ങിയവ വഴിയാണ് പ്രധാനമായും തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നടപ്പിലാക്കുന്നത്.
 പരിശീലനം നേടുന്ന വിദ്യാര്‍ഥികളുടെ ബാഹുല്യത്തിലും പദ്ധതികളുടെ വൈവിധ്യത്തിലും ഹൈസ്കൂളുകളാണ് തൊഴിലധിഷ്ഠിത വിദ്യാഭ്യാസരംഗത്ത് മുന്‍പന്തിയില്‍ നില്ക്കുന്നത്. സാങ്കേതിക പരിശീലനമൊഴിച്ച് മുന്‍പറഞ്ഞ ആറ് വിദ്യാഭ്യാസ മേഖലകളിലും ഹൈസ്കൂളുകളില്‍ പരിശീലനം നല്കുന്നു. പൊതുഹൈസ്കൂളുകളില്‍ മറ്റു വിഷയങ്ങളുടെ പഠനത്തോടൊപ്പം തൊഴില്‍ പരിശീലനം നല്കുന്ന രീതിയും തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിനായി പ്രത്യേകം സ്കൂളുകള്‍ സ്ഥാപിക്കുന്ന രീതിയും നിലവിലുണ്ട്.
 കാനഡയില്‍ ട്രേഡ് സ്കൂളുകള്‍, തൊഴിലധിഷ്ഠിത ഹൈസ്കൂളുകള്‍, സാങ്കേതിക പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ എന്നിങ്ങനെ മൂന്നുതരം സ്ഥാപനങ്ങളാണ് പ്രധാനമായും തൊഴിലധിഷ്ഠിത പരിശീലനം നല്കുന്നത്. ബ്രിട്ടനില്‍ ഹൈസ്കൂളുകള്‍, സായാഹ്ന വിദ്യാലയങ്ങള്‍, ട്രേഡ് സ്കൂളുകള്‍ എന്നിവ എല്ലാത്തരം തൊഴിലുകള്‍ക്കും പരിശീലനം നല്കുന്നുണ്ട്.
 തൊഴിലധിഷ്ഠിത വിദ്യാഭ്യാസരംഗത്ത് വളരെയധികം സ്വാധീനം ചെലുത്തിയ 'ഷോപ്പ് ക്ളാസ്സുകള്‍' എന്ന ആശയം രൂപംകൊണ്ടത് സോവിയറ്റ് റഷ്യയിലാണ്. മെക്കാനിക്കല്‍ വിഷയങ്ങള്‍ കാലതാമസമില്ലാതെ പഠിപ്പിക്കുവാനാണ് 'ഷോപ്പ് ക്ളാസ്സുകള്‍' ആരംഭിച്ചത്. പഠിപ്പിക്കുവാനുദ്ദേശിക്കുന്ന മെക്കാനിക്കല്‍ പ്രശ്നത്തിന്റെ പല ഘട്ടങ്ങളെ സൂചിപ്പിക്കുന്ന ചിത്രങ്ങള്‍ തയ്യാറാക്കിയതിനുശേഷം അധ്യാപകന്‍ (അതായത് ഒരു വിദഗ്ധ മെക്കാനിക്ക്) ക്ളാസ്സില്‍ ഈ പ്രശ്നം പരിഹരിച്ചുകാണിക്കുന്നു. പിന്നീട് ഓരോ വിദ്യാര്‍ഥിയും ഇതേ പ്രശ്നം സ്വയം പരിഹരിക്കുന്നതിന് പരിശീലിക്കുന്നു. അഭ്യസിക്കേണ്ട തൊഴില്‍ വ്യത്യസ്ത ഘട്ടങ്ങളായി വിഭജിച്ച് പഠിപ്പിക്കുന്ന ഈ രീതിക്ക് ഗണ്യമായ അംഗീകാരം ലഭിച്ചു. ട്രേഡ് സ്കൂളുകള്‍, റെയില്‍വേ സ്കൂളുകള്‍, ഫാക്റ്ററി സ്കൂളുകള്‍, 'ടെക്നികം' എന്നറിയപ്പെടുന്ന പ്രത്യേക വിദ്യാലയങ്ങള്‍ എന്നിവയാണ് റഷ്യയില്‍ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നടപ്പാക്കുന്നത്. ഏതെങ്കിലും ഒരു പ്രത്യേക മേഖലയെ മാത്രം ആസ്പദമാക്കിയാണ് ടെക്നികങ്ങളില്‍ അധ്യയനം നടക്കുന്നത്. വിദ്യാര്‍ഥികള്‍ അപ്രന്റീസുകളായി പ്രവര്‍ത്തിക്കുകയും ടെക്നികങ്ങളില്‍ പരിശീലനം നേടുകയും ചെയ്യുന്നു. വ്യവസായം, ഗതാഗതം, കൃഷി, വൈദ്യം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ മധ്യതല വിദഗ്ധ തൊഴിലാളികളെ വാര്‍ത്തെടുക്കുക എന്നതാണ് ഇത്തരം സ്ഥാപനങ്ങളുടെ ലക്ഷ്യം.
 ഫ്രാന്‍സില്‍ 1940-നു ശേഷമാണ് തൊഴിലധിഷ്ഠിത വിദ്യാഭ്യാസരംഗത്ത് ഗണ്യമായ പുരോഗതിയുണ്ടായത്. വാണിജ്യ-കൃഷി മന്ത്രാലയങ്ങളും പബ്ളിക് സ്കൂളുകളും പ്രമുഖ വ്യവസായ സ്ഥാപനങ്ങളും തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് നേതൃത്വം നല്കുന്നു.
 ജര്‍മനിയില്‍ എലിമെന്ററി തലത്തിലുള്ള വിദ്യാഭ്യാസത്തിനുശേഷം പൊതുവിദ്യാലയങ്ങളിലോ വ്യാവസായിക വിദ്യാലയങ്ങളിലോ വാണിജ്യ വിദ്യാലയങ്ങളിലോ വിദ്യാഭ്യാസം തുടരാവുന്നതാണ്. ഇവിടെ തൊഴിലധിഷ്ഠിത പാഠ്യപദ്ധതികള്‍ വളരെ വിശാലമായാണ് ആസൂത്രണം ചെയ്യപ്പെട്ടിട്ടുള്ളത്. ഉത്തര ജര്‍മനിയിലെ തൊഴിലധിഷ്ഠിത വിദ്യാലയങ്ങള്‍ സൈദ്ധാന്തിക പരിശീലനത്തിനു പ്രാധാന്യം നല്കുമ്പോള്‍ ദക്ഷിണ ജര്‍മനിയില്‍ പ്രായോഗിക പരിശീലനത്തിനാണ് പ്രാധാന്യം കല്പിക്കുന്നത്. എലിമെന്ററി വിദ്യാഭ്യാസവും യഥാര്‍ഥ തൊഴിലവസരങ്ങളും തമ്മിലുള്ള വിടവ് പരിഹരിക്കുന്നതിനായി ജി. കെര്‍ഷന്‍സ്റ്റൈനര്‍ എന്ന ജര്‍മന്‍ വിദ്യാഭ്യാസ പണ്ഡിതന്‍ രൂപംനല്കിയ 'മ്യൂണിച്ച് സമ്പ്രദായം' ലോകശ്രദ്ധ നേടി. തൊഴില്‍പ്രാവീണ്യത്തിന് ഊന്നല്‍ നല്കുന്ന ഈ പരിശീലനപദ്ധതി തൊഴില്‍ദാതാക്കളുടെയും വിദ്യാലയങ്ങളുടെയും സംയുക്ത സംരംഭമാണ്. തൊഴില്‍ദാതാക്കള്‍ പരിശീലകര്‍ക്ക് വിദഗ്ധോപദേശം നല്കുകയും വിദ്യാര്‍ഥികള്‍ക്ക് പഠന സാമഗ്രികള്‍ നല്കുകയും ചെയ്യുന്നു.
 തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് വളരെ പ്രാധാന്യവും മാന്യതയും കല്പിക്കുന്ന രാജ്യമാണ് സ്വിറ്റ്സര്‍ലന്‍ഡ്. ട്രേഡ് സ്കൂളുകളും സാങ്കേതിക വിദ്യാലയങ്ങളുമാണ് ഇവിടെ തൊഴിലധിഷ്ഠിത പരിശീലനം നല്കുന്നത്.
  കകക.	തൊഴിലധിഷ്ഠിത വിദ്യാഭ്യാസം-ഇന്ത്യയില്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ 1936-ലെ വാര്‍ധാ സമ്മേളനത്തില്‍ വിദ്യാഭ്യാസ നയത്തിനു രൂപംനല്കിയപ്പോള്‍ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് ഗാന്ധിജി ഊന്നല്‍ നല്കിയിരുന്നു. എന്നാല്‍ 1950-കളിലാണ് തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് പ്രാധാന്യം ലഭിച്ചുതുടങ്ങിയത്. മധ്യതലത്തിലുള്ള വിദഗ്ധ തൊഴിലാളികളെ വാര്‍ത്തെടുക്കുക എന്നതാണ് ഇവിടെ നടപ്പാക്കിയിട്ടുള്ള തൊഴിലധിഷ്ഠിത വിദ്യാഭ്യാസ നയത്തിന്റെയും ലക്ഷ്യം. സര്‍ക്കാരിന്റെ കീഴിലുള്ള തൊഴിലധിഷ്ഠിത വിദ്യാലയങ്ങള്‍ക്കു പുറമേ അടുത്തകാലത്ത് സ്വകാര്യ മേഖലയിലും നിരവധി തൊഴിലധിഷ്ഠിത പരിശീലന കേന്ദ്രങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.
 കേരളത്തില്‍ പ്രത്യേകം സ്ഥാപിക്കപ്പെട്ട ഡയറക്റ്ററേറ്റിനു കീഴിലാണ് തൊഴിലധിഷ്ഠിത വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. എസ്.എസ്.എല്‍.സി.ക്കു ശേഷം ഹയര്‍ സെക്കന്‍ഡറി തലത്തിലാണ് തൊഴിലധിഷ്ഠിത പരിശീലനം നല്കുന്നത്. ഗവണ്മെന്റ് ഹൈസ്കൂളുകള്‍, എയ്ഡഡ് ഹൈസ്കൂളുകള്‍, ടെക്നിക്കല്‍ ഹൈസ്കൂളുകള്‍, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകള്‍ എന്നിവയിലാണ് തൊഴിലധിഷ്ഠിത പരിശീലനം നടപ്പാക്കിയിട്ടുള്ളത്. കോഴ്സിന്റെ കാലാവധി രണ്ടുവര്‍ഷമാണ്. വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ താത്പര്യമനുസരിച്ച് തൊഴിലധിഷ്ഠിത വിഷയങ്ങളില്‍ മാത്രമായി പരിശീലനം നേടുകയോ ഈ വിഷയങ്ങളോടൊപ്പം മറ്റു ശാസ്ത്ര വിഷയങ്ങള്‍കൂടി പഠിക്കുകയോ ചെയ്യാവുന്നതാണ്. തൊഴിലധിഷ്ഠിത വിഷയങ്ങളോടൊപ്പം മറ്റു വിഷയങ്ങളിലും പരിശീലനം നേടുന്ന വിദ്യാര്‍ഥികള്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടുന്നു.
 തൊഴിലധിഷ്ഠിത വിദ്യാഭ്യാസ കോഴ്സുകളെ നാല് ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു. ഒന്നാമത്തെ ഗ്രൂപ്പായ എന്‍ജിനീയറിങ് സാങ്കേതികവിദ്യയില്‍ കെട്ടിടനിര്‍മാണം, അറ്റകുറ്റപ്പണി, വാഹനങ്ങളുടെ കേടുപാടുകള്‍ തീര്‍ക്കല്‍, റേഡിയൊ-ടെലിവിഷന്‍-ഗൃഹോപകരണങ്ങള്‍ തുടങ്ങിയവയുടെ റിപ്പയര്‍ ജോലി, റഫ്രിജറേഷനും എയര്‍ കണ്ടീഷനിങ്ങും, അച്ചടി സങ്കേതങ്ങള്‍, റബ്ബര്‍ ടെക്നോളജി, കംപ്യൂട്ടര്‍ പരിശീലനം തുടങ്ങി വിവിധ മേഖലകളിലായി പതിനഞ്ച് കോഴ്സുകളുണ്ട്. രണ്ടാമത്തെ ഗ്രൂപ്പില്‍ കൃഷി, മൃഗസംരക്ഷണം, മത്സ്യബന്ധനം, പാരാമെഡിക്കല്‍ വിഷയങ്ങള്‍, കായികവിദ്യാഭ്യാസം, ഗാര്‍ഹികശാസ്ത്രം എന്നീ ആറ് ഉപവിഭാഗങ്ങളിലായി ഇരുപത്തിരണ്ട് കോഴ്സുകള്‍ നടക്കുന്നു. മൂന്നാമത്തെ ഗ്രൂപ്പായ വ്യവസായ-വാണിജ്യ വിദ്യാഭ്യാസത്തില്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം കോഴ്സ് മാത്രമാണ് ഇപ്പോള്‍ നിലവിലുള്ളത്. നാലാമത്തെ ഗ്രൂപ്പില്‍ സെക്രട്ടേറിയല്‍ പരിശീലനം, അക്കൌണ്ടന്‍സിയും ഓഡിറ്റിങ്ങും, മാര്‍ക്കറ്റിങ് തന്ത്രങ്ങള്‍ തുടങ്ങി ഏഴ് വ്യത്യസ്ത കോഴ്സുകള്‍ ഉണ്ട്. കേരളത്തില്‍ 375 വിദ്യാലയങ്ങളില്‍ തൊഴിലധിഷ്ഠിത പരിശീലനം നല്കിവരുന്നു. 
  കഢ. അധ്യാപക യോഗ്യതയും പരിശീലനവും. തൊഴിലധിഷ്ഠിത കോഴ്സുകളിലെ അധ്യാപകരുടെ യോഗ്യതയെക്കുറിച്ചും പരിശീലനത്തില്‍ പാലിക്കേണ്ട മാനദണ്ഡങ്ങളെക്കുറിച്ചും വ്യത്യസ്ത രാജ്യങ്ങള്‍ക്കിടയില്‍ അഭിപ്രായസമന്വയമുളവായിട്ടുണ്ട്. സെക്കന്‍ഡറി തലത്തിലുള്ള വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയവര്‍ക്കു മാത്രമേ തൊഴിലധിഷ്ഠിത അധ്യാപക പരിശീലനം നേടുവാന്‍ അര്‍ഹതയുള്ളൂ. ഇവര്‍ക്ക് പരിശീലനം നല്കുമ്പോള്‍ പൊതുവായ അധ്യാപന മാര്‍ഗങ്ങളെക്കുറിച്ചും തൊഴിലധിഷ്ഠിത വിഷയങ്ങളുടെ പ്രത്യേക അധ്യാപന മാര്‍ഗങ്ങളെക്കുറിച്ചും അറിവ് നല്കുന്നു. വിദ്യാഭ്യാസ മനശ്ശാസ്ത്രം, പാഠ്യപദ്ധതി ആസൂത്രണം, ക്ളാസ്സ് റൂം നിയന്ത്രണം, വിദ്യാഭ്യാസ സങ്കേതങ്ങള്‍, തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ ചരിത്രം തുടങ്ങിയവയും പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആശയവിനിമയത്തിനുള്ള കഴിവ് മെച്ചപ്പെടുത്തുവാനും തൊഴിലധിഷ്ഠിത വിഷയങ്ങളില്‍ പ്രായോഗിക പരിജ്ഞാനം നല്കുവാനും പ്രത്യേകം ശ്രദ്ധിക്കുന്നു. അധ്യാപകര്‍ക്ക് കാലാനുസൃതമായി അറിവ് പുതുക്കുവാനുള്ള അവസരങ്ങള്‍ നല്കുന്നതിനായി അധ്യാപക വിനിമയ പദ്ധതികളും റിഫ്രഷര്‍ കോഴ്സുകളും മറ്റും നടത്തേണ്ടതാണ്. തൊഴിലധിഷ്ഠിത അധ്യാപകര്‍ക്ക് ആവശ്യമായ പ്രത്യേക കഴിവുകള്‍ എന്തൊക്കെയാണെന്ന് കണ്ടെത്തി അവ വികസിപ്പിക്കുവാനുള്ള ശ്രമമാണ് അധ്യാപക പരിശീലനം. പരിശീലനം സിദ്ധിച്ച അധ്യാപകരുടെ പ്രകടനം വിലയിരുത്തുന്നത് പരിശീലന പദ്ധതിയുടെ കാര്യക്ഷമത മനസ്സിലാക്കുവാന്‍ സഹായകമാകും.
  ഢ. ഗുണനിലവാര നിര്‍ണയം. വിദ്യാര്‍ഥികളുടെ പ്രകടനം വിലയിരുത്തിക്കൊണ്ടാണ് തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം നിര്‍ണയിക്കേണ്ടത്. വിദ്യാര്‍ഥികളെ വിലയിരുത്തുന്നതിനായി എഴുത്തുപരീക്ഷകളും പ്രായോഗികപരീക്ഷകളും നടത്തുന്നു. വിദഗ്ധ തൊഴിലുകളെക്കുറിച്ചുള്ള സൈദ്ധാന്തികമായ അറിവ് അളക്കുവാന്‍ വേണ്ടിയാണ് എഴുത്തുപരീക്ഷകള്‍ നടത്തുന്നത്. അഭ്യസിച്ച തൊഴില്‍ ചില നിശ്ചിത സാഹചര്യങ്ങളില്‍ എങ്ങനെ ഉപയോഗപ്പെടുത്തുന്നു എന്നറിയുവാന്‍ പ്രായോഗിക പരീക്ഷകള്‍ ഉപകരിക്കുന്നുണ്ട്. ധിഷണാപരമായ കഴിവുകളും മനഃശാരീരിക കഴിവുകളും അളക്കുവാന്‍ എഴുത്തുപരീക്ഷകളിലൂടെയും പ്രായോഗിക പരീക്ഷകളിലൂടെയും സാധ്യമാണ്. എന്നാല്‍ വിദ്യാര്‍ഥികളുടെ വൈകാരികവും സാമൂഹികവുമായ കഴിവുകള്‍ ഇത്തരത്തില്‍ അളക്കുക സാധ്യമല്ല. പല തൊഴിലുകളിലും ഈ കഴിവുകള്‍ക്ക് വളരെയധികം പ്രാധാന്യമുണ്ട്. അതിനാല്‍ ഇവയും വിലയിരുത്തപ്പെടേണ്ടതാണ്. ഇതിനായി അധ്യാപകര്‍ പരിശീലനകാലത്ത് വിദ്യാര്‍ഥികളെ സൂക്ഷ്മമായി നിരീക്ഷിക്കുകയും തികച്ചും നിഷ്പക്ഷമായി അവരുടെ പ്രൊഫൈലുകള്‍ തയ്യാറാക്കുകയും ചെയ്യേണ്ടതാണ്.
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍