This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ടാപ് നൃത്തം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ടാപ് നൃത്തം
Tap dance
ഒരു അമേരിക്കന്‍ തിയെറ്റര്‍ നൃത്തം. ഷൂ ധരിച്ച പാദങ്ങള്‍ താളത്തിനൊപ്പിച്ച് നിലത്തുചവുട്ടി ശബ്ദം പുറപ്പെടുവിക്കുകയാണ് ഇതിന്റെ മുഖ്യസ്വഭാവം. ആഫ്രിക്കന്‍ നീഗ്രോകളുടെ ചുവടുനൃത്തത്തെ അനുകരിച്ച് വെള്ളക്കാര്‍ നീഗ്രോകളെപ്പോലെ മുടി കറുപ്പിച്ചശേഷം അവതരിപ്പിച്ചിരുന്ന 'മിനിസ്ട്രല്‍ ഷോ'കളില്‍ നിന്നാണ് ഈ നൃത്തരൂപം ജന്മം കൊണ്ടതെന്നു കരുതപ്പെടുന്നു. ഏതാണ്ട് എ.ഡി. 1650 മുതലിങ്ങോട്ടുള്ള രണ്ടു ശതാബ്ദം കൊണ്ടാണ് ടാപ് നൃത്തം നിയത രൂപഭാവങ്ങളാര്‍ജിച്ചത്. വിഭിന്നരാജ്യങ്ങളില്‍ നിലനിന്നിരുന്ന ഒട്ടനവധി പരമ്പരാഗത ചുവടുനൃത്തങ്ങളില്‍ നിന്ന് പല ഘടകങ്ങളും സ്വീകരിച്ചുകൊണ്ടാണ് ഈ നൃത്തവിശേഷം പിറന്നത്. ഐറിഷ് സ്റ്റെപ് ഡാന്‍സ്, ഇംഗ്ലീഷ് ക്ലോഗ് ഡാന്‍സ്, സ്കോട്ടിഷ് ഫ്ളിങ്സ് എന്നിവയാണ് ആഫ്രിക്കന്‍ ചുവടുനൃത്തത്തോടൊപ്പം ടാപ് നൃത്തത്തില്‍ സ്വാംശീകരിക്കപ്പെട്ടിട്ടുള്ളത്. രണ്ടു ശതകത്തോളം നീണ്ട പരിണതികള്‍ക്കൊടുവില്‍ 1828-ല്‍ തോമസ് റൈഡിലൂടെ (1808-60) ആധുനിക ടാപ് നൃത്തം നിലവില്‍വന്നു.
നിയതരൂപം കൈവരിച്ചതോടെ ടാപ് നൃത്തത്തിന് നിശ്ചിത പേരുകളിലറിയപ്പെടുന്ന താളച്ചുവടുകളും നിശ്ചിതമായി. ബ്രപ്പ്, ഫ്ളോപ്, ഷഫിള്‍, ബാള്‍ചെയ്ഞ്ച്, ക്രാംപ്റോള്‍ എന്നിവ അത്തരത്തിലുള്ള ഏതാനും താളച്ചുവടുകളാണ്. പാദം രംഗത്തറയില്‍ ചേര്‍ത്തുവച്ചോ, മുന്നോട്ടുരച്ചുനീക്കിയോ, ചവുട്ടി വശത്തേക്കു തെന്നിച്ചോ, പിന്നിലേക്കു ശബ്ദത്തോടെ ചവുട്ടി നീക്കിയോ ഒക്കെയാണ് ഈ താളച്ചുവടുകള്‍ സാക്ഷാത്ക്കരിക്കുക. പാദതാളത്തോടൊപ്പം കൈകൊട്ടിയും താളമിടാറുണ്ട്. പാറ്റ് റുനെ, ജോര്‍ജ് എം.കേഹന്‍, ജോണി ബോലെ, ടോം പാട്രികോള, ബില്‍ റോബിന്‍സണ്‍ എന്നിവര്‍ ടാപ് നൃത്തം നവീകരിക്കുന്നതില്‍ ഏറെ സംഭാവനകള്‍ ചെയ്തിട്ടുള്ളവരാണ്. 1739-ലെ അടിമകലാപം മൂലം പ്രതിസന്ധിയിലായ നീഗ്രോ നൃത്തം പുതിയൊരു രൂപത്തില്‍ പുനര്‍ജനിച്ചതാണ് ടാപ് നൃത്തം എന്നും അഭിപ്രായമുണ്ട്. 19-ാം ശ. -ത്തിന്റെ ആദ്യകാലത്ത് റാല്‍ഫ് കീലറിലൂടെയും ഡാനിയേലിലൂടെയും ലിഞ്ച് ആന്‍ഡ് ഡയമണ്ടിലെ നര്‍ത്തകരിലൂടെയും വളര്‍ന്നു വികസിച്ച ഈ നൃത്തം നൂറ്റാണ്ടിന്റെ അന്ത്യമായതോടെ കൂടുതല്‍ സങ്കേതബദ്ധമാവുകയും രണ്ട് മുഖ്യധാരകളായി ഒഴുകിപ്പരക്കുകയും ചെയ്തു. അതിചടുലമായ ചുവടുവയ്പുകളോടുകൂടിയ 'ബക് ആന്‍ഡ് വിങ്' ആണ് ഒരിനം. ഇതില്‍ നര്‍ത്തകര്‍ തടിസോളുള്ള ഷൂ ധരിക്കുകയും രംഗനിലത്ത് ആഞ്ഞുചവിട്ടി വന്‍ശബ്ദത്തില്‍ താളം പുനഃസൃഷ്ടിക്കുകയും ചെയ്യും. ഡോയ് ല്‍, ഡിക്സന്‍ എന്നിവരായിരുന്നു ഈ ശാഖയിലെ ആദ്യകാല പ്രമുഖനര്‍ത്തകര്‍. താരതമ്യേന മൃദുവായ ടാപ് നടനസരണിയാണ് 'സോഫ്റ്റ് ഷൂ'. ഇതില്‍ പിരിമുറുക്കം കുറഞ്ഞ താളത്തില്‍ മെല്ലെ പാദങ്ങളമര്‍ത്തിയാണ് നൃത്തം ചെയ്യുക. ജോര്‍ജ് പ്രിമ്റോസ് ആണ് ഈ രീതിയിലെ ആദ്യകാല പ്രയോക്താക്കളില്‍ പ്രമുഖന്‍.
ടാപ് നര്‍ത്തകര്‍ ധരിക്കുന്ന ഷൂസില്‍ ലോഹത്തകിടു കൊണ്ടുള്ള സോള്‍ നിലവില്‍ വന്നത് 1912-ലാണെന്നും 1920-ലാണെന്നും രണ്ട് അഭിപ്രായമുണ്ട്. എങ്ങനെയായാലും 1910-നും 25-നും ഇടയ്ക്കാണ് അതു നിലവില്‍ വന്നതെന്ന് അനുമാനിക്കപ്പെടുന്നു. അതുവരെ പൊതുവേ തുകല്‍സോളുള്ള ഷൂകളായിരുന്നു ഉപയോഗിച്ചിരുന്നത്. ബില്ലും റോബിന്‍സനുമാണ് ഈ പരിഷ്കാരം നടപ്പിലാക്കിയത്. 1930-ല്‍ സങ്കേതപരമായ ചില പരിഷ്കാരങ്ങള്‍ വരുത്തിക്കൊണ്ട് ഇതിനെ കോറല്‍ ഡാന്‍സില്‍ ഉള്‍പ്പെടുത്തി. 1940-ലും ചില പരിഷ്കാരങ്ങള്‍ നിലവില്‍ വന്നു. പ്രധാനമായും ബാലെയില്‍ നിന്നുള്ള ചില ഘടകങ്ങളാണ് അക്കാലത്ത് ടാപ് നൃത്തത്തില്‍ ഉള്‍ക്കൊള്ളിച്ചിരുന്നത്. അതോടെ ഒരു താള-ദൃശ്യവിരുന്നായി മാറിയ ഈ കലാരൂപത്തിന് ചലച്ചിത്രങ്ങളിലും സ്ഥാനം ലഭിച്ചു. ഈ കാലഘട്ടത്തിലെ പ്രമുഖ നര്‍ത്തകര്‍ ഫ്രെഡ് ആസ്ടെയര്‍, ജീന്‍ കെല്ലി, റേ ബോള്‍ഗെര്‍, ജിഞ്ചര്‍ റോഹേഴ്സ്, പവ്വല്‍ എന്നിവരായിരുന്നു. ഇവരില്‍ ഫ്രെഡ് ആസ്ടെയര്‍ അമേരിക്കയിലെ എക്കാലത്തെയും മികച്ച ടാപ് നര്‍ത്തകനായാണ് അറിയപ്പെടുന്നത്. മോര്‍ട്ടന്‍ ഗോള്‍ഡ് എ കണ്‍സെര്‍ട്ടോ ഫോര്‍ ടാപ്ഡാന്‍സ് രചിച്ചതോടെയാണ്, ഓര്‍ക്കെസ്ട്രയിലും ഇത് പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. പോള്‍ ഡ്രോപ്പര്‍ ക്ളാസ്സിക്കല്‍ കണ്‍സേര്‍ട്ടുകളിലും ആധുനികജാസിലും ഒരുപോലെ അവതരിപ്പിച്ചുകൊണ്ട് ടാപ് നൃത്തത്തിന്റെ ലോകം വിപുലമാക്കി.
1962-ല്‍ നടന്ന ന്യൂപോര്‍ട്ട് ജാസ് ഫെസ്റ്റിവല്‍ ടാപ് നൃത്ത ത്തിന് പുത്തനുണര്‍വു നല്‍കി. അതിന്റെ അനന്തരഫലമാണ് 1970-കളില്‍പ്പിറന്ന 'ജാസ് ടാപ്' അഥവാ 'റിഥം ടാപ്' എന്ന സവിശേഷ ടാപ് നൃത്തം. '80-കളില്‍ വര്‍ണപ്പകിട്ടാര്‍ന്ന വേഷവിധാനങ്ങള്‍ ടാപ്നര്‍ത്തകര്‍ ഉപയോഗിക്കുവാന്‍ തുടങ്ങി. അക്കാലത്ത് അമേരിക്കയില്‍ ദേശീയ ടാപ് നൃത്തോത്സവങ്ങള്‍ നടത്തുക പതിവായിത്തീര്‍ന്നു. '90-കളില്‍ നൃത്തസംഗീതരംഗത്തുണ്ടായ ചടുലമായ മാറ്റങ്ങള്‍ക്കനുസൃതമായി ടാപ് നൃത്തവും മാറുകയുണ്ടായി. ആ മാറ്റങ്ങള്‍ക്ക് നേതൃത്വം വഹിച്ചവരില്‍ പ്രമുഖന്‍ സാവിയോണ്‍ ഗ്ലോവര്‍ ആണ്. 1996-ല്‍ അദ്ദേഹം അവതരിപ്പിച്ച നവീന ടാപ് നൃത്തത്തെ 'പവര്‍ ടാപ്' എന്നാണ് വിമര്‍ശകര്‍ വിശേഷിപ്പിച്ചത്.