This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടനെയ്ഡേസിയേ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:28, 4 ഒക്ടോബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ടനെയ്ഡേസിയേ

Tanaidacea

പെര്‍ക്കാരിഡ ജന്തു അതിഗോത്രത്തില്‍പ്പെടുന്ന യുമലാക്കോസ്ട്രാക്ക (Eumalacostraca)കളുടെ ഒരു ഗോത്രം. ഇതില്‍ രണ്ട് ഉപഗോത്രങ്ങളും അഞ്ചു കുടുംബങ്ങളും അടങ്ങിയിരിക്കുന്നു. ഈ ഗോത്രത്തില്‍ 44 ജീനസ്സുകളിലായി 350 സ്പീഷീസും ഉണ്ട്. അപ്സ്യൂഡെസ് (Apseudes), സ്ഫൈറാപ്പസ് (Sphyrapus), ടനെയ്സ് (Tanais) എന്നിവയാണ് പ്രധാന ജീനസ്സുകള്‍. ആഗോളവ്യാപകത്വമുള്ള ഈ ഗോത്രത്തിലെ ജീവികളെല്ലാം പ്രധാനമായും സമുദ്രജലവാസികളാണ്. സമുദ്രതീരത്തിനടുത്തു മുതല്‍ സമുദ്രത്തിന്റെ അത്യഗാധങ്ങളില്‍ വരെ ഇവയെ കാണാനാകും. സ്വതന്ത്രജീവിതം നയിക്കുന്ന ഇവയെല്ലാം നിതലസ്ഥ (Benthonic) ജീവികളുമാണ്. അര്‍ജെന്റീനയില്‍ ചില ശുദ്ധജലഇനങ്ങളെയും കണ്ടെ ത്തിയിട്ടുണ്ട്.

ജീവികള്‍ക്ക് മൂന്നു മി. മീ. വരെ നീളമേയുള്ളു. ആണ്‍ജീവികള്‍ പെണ്‍ജീവികളേക്കാള്‍ ചെറുതാണ്. നീണ്ടു മെലിഞ്ഞ ശരീരം ഉരുണ്ടതോ പാര്‍ശ്വസമ്മര്‍ദിതമോ ആയിരിക്കും. വക്ഷസ്സിന്റെ ഒന്നും രണ്ടും ഖണ്ഡങ്ങള്‍ (segments) തലയുമായി സംയോജിച്ച് ശ്വസനഅറയെ പൊതിയുന്ന കാരപേസ് ആയി രൂപപ്പെട്ടിരിക്കുന്നു. അവസാന ഉദരഖണ്ഡം പുച്ഛഖണ്ഡ (telson) വുമായി സംയോജിച്ചിരിക്കും. ഇടതു ചിബുകാസ്ഥി (mandible)ക്ക് ലാസിനിയ മൊബി ലിസ് (lacinia mobilis) എന്നൊരു പ്രത്യേകഭാഗം ഉണ്ടെങ്കിലും വലതു മാന്‍ഡിബിളില്‍ പലപ്പോഴും ഇതു കാണാറില്ല. എട്ടുജോടി വക്ഷീയപാദങ്ങളുണ്ട്. ആദ്യത്തെ ജോടി ജംഭിക (maxillipeds) ങ്ങളും രണ്ടാമത്തെ ജോടി കെലിപെഡുകളും ബാക്കി ആറെണ്ണം പെരിയോപോഡുകളും (pereiopods) ആയിരിക്കും. പ്ളവപാദങ്ങള്‍ (pleopod) ചില ഇനങ്ങളില്‍ മാത്രമേ കാണപ്പെടാറുള്ളു. പശ്ചാന്തപാദം (uropod) തന്തുരൂപമായിരിക്കും. കരണ്ടിയുടെ ആകൃതിയിലുള്ള മൂന്നാമത്തെ ജോടി കാലുകള്‍കൊണ്ടാണ് തുരങ്കങ്ങളുണ്ടാക്കുന്നത്.

തലച്ചോറ്, ഉപഗ്രസികാപുഞ്ജം (suboesophageal mases), അധരചെയിന്‍ (ventral chain) എന്നിവ അടങ്ങിയ നാഡീവ്യവസ്ഥയാണിതിനുള്ളത്. നേത്രപാളി (eyelobes) സ്ഥാനബദ്ധം (sessile) ആണ്. ആണ്‍ജീവികളില്‍ വികാസം പ്രാപിച്ച നേത്രങ്ങളാണുള്ളതെങ്കിലും പെണ്‍ജീവികളുടെ നേത്രങ്ങള്‍ അല്പവികസിതങ്ങളാണ്. കാലുകളിലും ഖണ്ഡങ്ങളിലും സംവേദക രോമങ്ങളും സംവേദക മുള്ളുകളും കാണുന്നു.

ടെനെയ്ഡേസിയേ ഗോത്രത്തിലെ ജീവികളില്‍ ലിംഗദ്വിരൂപത (sex dimorphism) കാണപ്പെടുന്നു. ആണ്‍-പെണ്‍ജീവികളില്‍ ലഘുശൃംഗികകള്‍ (antennules) വ്യത്യസ്തമായിരിക്കും. ആണ്‍ജീവികളുടെ ലഘുശൃംഗികകള്‍ കാണാന്‍ കൗതുകമുള്ളവയാണ്. പലപ്പോഴും തല, വദനഭാഗങ്ങള്‍, കെലിപെഡുകള്‍, രണ്ടാമത്തെ ജോടി പെരിയോപോഡുകള്‍, പ്ലിയോപോഡുകള്‍ എന്നിവയുടെ ആകൃതി വിവിധയിനങ്ങളില്‍ വ്യത്യസ്തമായി കാണപ്പെടുന്നു. ദഹനേന്ദ്രീയ വ്യൂഹത്തില്‍ അധരവദനം (ventral chain), ഉദരം, ബഹുകേന്ദ്രകയുത(syncytial)മധ്യനാളി, ഗുദം എന്നിവയുണ്ടായിരിക്കും. രണ്ടു ജോടി ഹെപ്പാറ്റോപാന്‍ക്രിയാസും കാണാറുണ്ട്. ഒരു ജോടി മാക്സിലറി ഗ്രന്ഥികളാണ് വിസര്‍ജനാവയവങ്ങളായി വര്‍ത്തിക്കുന്നത്.

വക്ഷീയ പാദങ്ങള്‍ക്കിടയിലായി സ്ഥിതിചെയ്യുന്ന അണ്ഡസഞ്ചിയിലേക്ക് പെണ്‍ജീവികള്‍ ഒരു പ്രജനനഘട്ടത്തില്‍ 10-20 മുട്ടകളിടും. 14-19 ദിവസത്തിനകം മുട്ട വിരിഞ്ഞ് ലാര്‍വ പുറത്തുവരുന്നു. ലാര്‍വയ്ക്ക് അവസാന ജോടി പെരിയോപോഡുകളും പ്ലിയോപോഡുകളും ഉണ്ടാകാറില്ല. നാലു ലാര്‍വല്‍ ഘട്ടങ്ങളിലൂടെ കടന്നാണ് ലാര്‍വ പൂര്‍ണവളര്‍ച്ചയെത്തുക. പ്രായപൂര്‍ത്തിയെത്തുന്നതിനുമുമ്പ് ലാര്‍വ പല പ്രാവശ്യം പടംപൊഴിക്കലും (moulting) നടത്തുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍