This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അകിട്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:06, 14 ഫെബ്രുവരി 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

അകിട്

Udder

പശു, ആട്, എരുമ തുടങ്ങിയ നാല്ക്കാലികളുടെ പാല്‍ ചുരത്തുന്ന ചര്‍മഗ്രന്ഥി. ഉദരവുമായി ഇത് വംക്ഷണനാളി (Inguinal canal)യിലൂടെ ബന്ധപ്പെട്ടിരിക്കുന്നു. വംക്ഷണനാളി ഏകദേശം 10 മി.മീ. നീളം വരുന്ന ശക്തിയേറിയ ഒരു കുഴലാണ്. ഉദരത്തില്‍ നിന്നും പുറപ്പെടുന്ന രക്തക്കുഴലുകളും ലസികാവാഹി (lymphduct)കളും നാഡീതന്തു (nervefibre) ക്കളും അകിടിലെത്തുന്നത് ഈ നാളിവഴിയാണ്. (കാളകളുടെ വംക്ഷണനാളി ഉദരത്തെയും വൃഷണത്തെയും ബന്ധിക്കുന്നു.) ഉദരത്തില്‍ അസാമാന്യ മര്‍ദം അനുഭവപ്പെടുമ്പോള്‍ പോലും ഉദരാവയവങ്ങള്‍ വംക്ഷണനാളിയിലേക്ക് കടക്കുകയില്ല.

അകിടിന്റെ രൂപം സമചതുരമെന്നു പുറമേ തോന്നാമെങ്കിലും അത് ഏതാണ്ട് വര്‍ത്തുളമാണ്. ഇരുവശങ്ങളും തുടകൊണ്ട് മറയ്ക്കപ്പെട്ടിരിക്കുന്നു. അകിടിനെ ഇടതും വലതും ഭാഗങ്ങളാക്കി തിരിക്കുന്ന ഒരു സ്തനമധ്യരേഖ കാണാം. മുന്നകിടും പിന്നകിടും തമ്മില്‍ മിക്കപ്പോഴും യോജിപ്പിച്ചിരിക്കുന്നത് അവയെ വേര്‍തിരിച്ചിരിക്കുന്ന രേഖ കാണാനൊക്കാത്തവിധത്തിലാണ്. പിന്നകിടിനാണ് താരതമ്യേന വലുപ്പക്കൂടുതല്‍. ബന്ധപ്പെട്ട സ്നായുക്കള്‍ ക്ഷയിക്കുമ്പോള്‍ അകിട് താഴോട്ടു തൂങ്ങുന്നു. ഇവിടെ അകിടുഗ്രന്ഥികള്‍ ഉദരഭിത്തിയില്‍നിന്ന് ഭാഗികമായി വേറിടുകയാണ്. ഉദരപേശികള്‍ക്കുണ്ടാവുന്ന 'വലിച്ചില്‍' അകിടിന് ഉള്ളതിലധികം വലുപ്പം തോന്നിപ്പിക്കുന്നു. സംയോജക കല കൂടുതലായിരുന്നാലും അകിടിന് വലുപ്പം തോന്നാം. പ്രായമേറുമ്പോള്‍, ധാരാളം പാല്‍ തരുന്ന മൃഗങ്ങളില്‍ പ്രത്യേകിച്ചും അകിടു തൂങ്ങാറുണ്ട്. ഊറുന്ന പാലിന്റെ ഭാരവും കീഴ്വലിവും ആണ് ഇതിനു കാരണം.

അകിട് മുന്നോക്കം ഏന്തിനിന്നാല്‍ മാത്രമേ കൂടുതല്‍ പാല്‍ ഉള്‍ക്കൊള്ളാന്‍ സാധ്യമാകൂ. ഉറവെടുക്കുന്ന പാലിന്റെ 40 ശ.മാ. മാത്രമാണ് സംഭരണകേന്ദ്രങ്ങളില്‍ കൊള്ളുന്നത്; ബാക്കി 60 ശ.മാ. സംഭരിക്കാന്‍ വലിച്ചില്‍കൊണ്ടുണ്ടാകുന്ന സ്ഥലം വേണം. അകിടിന്റെ ഈ സംഭരണശേഷി ക്ഷീരത്തിന്റെ മര്‍ദത്തിലും അകിടിന്റെ ബാഹ്യരൂപത്തിലും കാര്യമായ മാറ്റങ്ങളുണ്ടാക്കാതെ സൂക്ഷിക്കുന്നു. അകിടിനെ ആവരണം ചെയ്തിരിക്കുന്ന ചര്‍മം ഒരു രക്ഷാകവചമായി പ്രവര്‍ത്തിക്കുന്നതോടൊപ്പം നടക്കുമ്പോള്‍ അധികം ആടാതിരിക്കാന്‍ അതിനെ സഹായിക്കുകയും ചെയ്യുന്നു.

പശുവിന്റെ അകിടില്‍ സാധാരണ നാലു മുലകള്‍ ഉണ്ട്. വശങ്ങളില്‍ വരിയൊപ്പിച്ച് ഒന്നോ രണ്ടോ ചെറുമുലകള്‍ (അധിസംഖ്യകങ്ങള്‍) ഉണ്ടാകാം. ഈ ചെറുമുലകള്‍ക്കും ചിലപ്പോള്‍ ക്ഷീരോത്പാദനഗ്രന്ഥി ഉണ്ടായെന്നുവരാം. ഏകദേശം 40 ശ.മാ. പശുക്കള്‍ക്ക് ഇങ്ങനെ ഒന്നോ ഒന്നിലധികമോ ചെറുമുലകള്‍ കാണാറുണ്ട്. സാധാരണയായി ഈ ചെറുമുലകള്‍ പിന്‍മുലകളിലാണ് കാണുക. ചിലപ്പോള്‍ പിന്നിലെയും മുന്നിലെയും മുലകള്‍ക്കിടയിലും ആകാം. മുന്നിലെ മുലയുടെ മുമ്പില്‍ വളരെ വിരളമായേ ഈ 'അഞ്ചാംമുലകള്‍' കാണാറുള്ളു.

Image:akidu.png

Image:garthakam.png

ആന്തരികഘടന. അകിടിന്റെ ഉള്‍ഭാഗം ഛേദിച്ചു നോക്കിയാല്‍ സാമാന്യം കനമുള്ള ഒരു സ്നായുഭിത്തി അതിനെ ഇടതും വലതും അറകളാക്കി വേര്‍തിരിക്കുന്നതു കാണാം. അകിടിനുള്ളില്‍ നാലറകള്‍ ഉണ്ട്. അപ്രകാരം നാലു കര്‍മഗ്രന്ഥികളും നാലു സ്രോതസുകളും സ്രോതസുകളുടെ ബഹിര്‍ഗമനകവാടങ്ങളും നാലു മുലകളും കൂടിയതാണ് അകിടിന്റെ ആന്തരികഘടന. മുലയുടെ തുമ്പില്‍ സുഷിരസങ്കോച പേശികള്‍ ഘടിപ്പിക്കപ്പെട്ടിരിക്കുന്നു. ഇവയിലെ ഒരു സുഷിരത്തിന് അര മുതല്‍ ഒന്നര സെ.മീ. വരെ നീളം കാണും. സുഷിരസങ്കോചിയുടെ മുകളിലായി, ദ്വാരം തുറക്കുന്നിടത്ത് മുലയ്ക്കകത്തെ ഉള്‍സ്തരം തെല്ലു മടങ്ങിക്കിടക്കും; മുകളില്‍നിന്നൊരു മര്‍ദമുണ്ടായാല്‍ ഈ മടക്കുകള്‍ നിവരും; ഇവ ദ്വാരത്തില്‍ നിറഞ്ഞുനിന്ന് ഓട്ടയടയ്ക്കുകയും ചെയ്യും. 12 കി.ഗ്രാം പാല്‍ അകിടില്‍ കെട്ടിനിന്ന അവസരത്തില്‍, കനത്ത ആ മര്‍ദത്തിനുപോലും ഈ മടക്കിനെ ദുര്‍ബലമാക്കാന്‍ കഴിയാതിരുന്ന ഉദാഹരണങ്ങളുണ്ട്. അധികോത്പാദനശേഷിയുള്ള പശുക്കളില്‍ പ്രകൃതിയുടെ ഈ ദ്വിപ്രതിരോധനിര ഊര്‍ജിതമായി പ്രവര്‍ത്തിച്ചേ പറ്റൂ. ഇല്ലെങ്കില്‍ ഉറവെടുക്കുന്ന പാലെല്ലാം പുറത്തുപോകും. (സുഷിരപേശിയുടെ ശക്തിക്ഷയിക്കുമ്പോഴോ പേശീദ്വാരത്തില്‍ എന്തെങ്കിലും വളര്‍ച്ചയുണ്ടാകുമ്പോഴോ ഇത് സംഭവിക്കാറുണ്ട്.) പാല്‍ പുറത്തു പോകുന്നതിനെ തടയുന്നതോടൊപ്പം അപകടകാരികളായ രോഗബീജങ്ങളെ അകത്തേക്കു പ്രവേശിപ്പിക്കാതിരിക്കുകയും കൂടി ചെയ്യുന്നുണ്ട് ഈ പ്രതിരോധനിര.

മുലയ്ക്കകത്ത് ഒരു ചെറിയ അറയുണ്ട്. ഇരുപതു മുതല്‍ അമ്പതുവരെ മി.ലി. പാല്‍ ഉള്‍ക്കൊള്ളാനൊക്കുന്ന ഈ അറയുടെ ഉള്‍ഭാഗം നിറയെ അന്തസ്തരത്തിന്റെ വര്‍ത്തുളഞൊറികളുണ്ട്. സുഷിരപേശികളില്ലെങ്കില്‍ത്തന്നെ ഇവ ചിലപ്പോള്‍ സങ്കോചിച്ചെന്നുവരാം. ഈ സങ്കോചം മുലയുടെ അറയും അകിടിനകത്തെ ഗ്രന്ഥിയുമായി യോജിക്കുന്നിടത്ത് -- മുലയുടെ കടയ്ക്കല്‍ -- വച്ചാണെങ്കില്‍ ആ തടസം മാറ്റാന്‍ ശസ്ത്രക്രിയ തന്നെ ആവശ്യമാവും.

അകിടിന്റെ ഉള്ളറയായ ക്ഷീരാശയത്തിന് 100 മി.ലി. മുതല്‍ ഒരു ലി. വരെ പാല്‍ ഉള്‍ക്കൊള്ളാന്‍ കഴിയും. ക്ഷീരാശയം പ്രായേണ ചെറുതാണെങ്കില്‍ ക്ഷീരസംഭരണം കാര്യമായി നടക്കുക ക്ഷീരനാളികളിലാവും. അകിടിലെ ക്ഷീരകലയുടെ തോതും ക്ഷീരാശയത്തിന്റെ വലുപ്പവും തമ്മില്‍ യാതൊരു ബന്ധവുമില്ല.

ക്ഷീരാശയത്തിലേക്കു പാല്‍ എത്തിക്കാന്‍ ക്ഷീരവാഹിനികളുണ്ട്. ഇവ 5 മുതല്‍ 25 വരെ കാണും. ശാഖകളും എണ്ണമറ്റ ഉപശാഖകളുമായി വേര്‍തിരിഞ്ഞ് ഈ ക്ഷീരവാഹിനികള്‍ അവസാനം ഓരോ ഗര്‍ത്തകത്തിനും (alveolus) നിര്‍ഗമനനാളികളാകുന്നു; എന്നാല്‍ ഇവ സാധാരണ നിര്‍ഗമനനാളികള്‍പോലെയല്ല. ഇവ തമ്മില്‍ കൂടിച്ചേര്‍ന്നു വലുതാവുന്നതിനു തൊട്ടുമുമ്പ് ഓരോന്നും അല്പം വീര്‍ക്കുന്നു. നിര്‍ഗമനനാളികള്‍ കൂടിച്ചേര്‍ന്ന് അവസാനം വലിയ ക്ഷീരവാഹികളാകുന്നു.

ക്ഷീരവാഹിനികള്‍ ക്ഷീരാശയത്തിലേക്ക് കറവസമയത്ത് പാല്‍ ചുരുന്നുകൊടുക്കുന്നു. സാധാരണ നിലയില്‍ യാതൊരു തടസവുമില്ലാതെ ഈ 'ചുരത്തല്‍' സംഭവിക്കും. എങ്കില്‍ തന്നെ സംഭരണനാളിയിലെ എല്ലാ ഉറവയും കറവസമയത്ത് ക്ഷീരാശയത്തിലേക്ക് ചോര്‍ന്നുവീഴണമെന്നില്ല. ഒരു ചെറിയ അംശം എപ്പോഴും അവിടെ ബാക്കിനില്‍ക്കും. നാളീസംയോഗകേന്ദ്രത്തിലെ ഏതെങ്കിലും സങ്കോചം മൂലമാവാം ഇത് സംഭവിക്കുക; അല്ലെങ്കില്‍ ക്ഷീരാശയത്തിലേക്കു ചെല്ലുന്ന നാളികളുടെ പതനകോണിലെ വിഗതികള്‍ മൂലവുമാവാം.

മുലയുടെയും ക്ഷീരാശയത്തിന്റെയും വലിയ ക്ഷീരവാഹികളുടെയും അന്തസ്തരം ഇരട്ട അട്ടിയുള്ളതാണ്. മുലയില്‍ ഈ അന്തസ്തരത്തിനും ഉപരിചര്‍മത്തിനുമിടയിലാണ് നാളീമേഖല (corpus cavarmosum). ഇത് നിറയെ ധമനികളും സിരകളും വല നെയ്തെടുത്തതുപോലെ കാണപ്പെടുന്നു. രക്തവ്യൂഹത്തിന്റേതായ ഈ വലക്കണ്ണികളെ ബന്ധിക്കാനും താങ്ങിനിര്‍ത്താനും സംയോജകകലയുടെയും പേശീതന്തുക്കളുടെയും മറ്റൊരു വലയുണ്ട്.

സ്രവണം. ഏകകോശനിരയുടെ ഭിത്തിയുള്ള ഗര്‍ത്തകങ്ങളാണ് സ്രവണ യൂണിറ്റുകള്‍ എന്ന് പറയാറുണ്ടെങ്കിലും അവ മാത്രമല്ല ക്ഷീരസ്രവണം സാധിച്ചെടുക്കുന്നത് എന്നാണ് പുതിയ നിഗമനം. സ്തനഗ്രന്ഥിയിലെ സൂക്ഷ്മനാളികള്‍ക്കു ഗര്‍ത്തകങ്ങളുടെ സ്തരഘടനയാണുള്ളതെന്നും അവയും ഒരു പരിധിവരെ സ്രവണ യൂണിറ്റുകളാണെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ആകെ ഉറവെടുക്കുന്ന പാലിന്റെ ഒരു ചെറിയ ശതമാനമെങ്കിലും ഈ സൂക്ഷ്മനാളികള്‍ സംഭാവന ചെയ്യുന്നതായി കാണാം. നാളീസ്രവം എന്നു പേരുള്ള ഈ പദാര്‍ഥമാണ് കിടാരികളില്‍നിന്നു കിട്ടുന്ന പാലുറവയെന്ന ഒരു പക്ഷമുണ്ട്.

ഏകകോശനിരയുള്ള സൂക്ഷ്മനാളികള്‍ വന്‍നാളികളാവുമ്പോള്‍ ഭിത്തിയില്‍ ഒരുനിര കോശം കൂടി വളര്‍ന്നുവരുന്നു. ഏകകോശനിരയെന്നത് അങ്ങനെ ഇരട്ട നിരയായി അവിടെ നാളീസ്രവമുണ്ടാവുകയില്ല. ക്ഷീരാശയത്തിലേക്കു പാല്‍ എത്തിക്കാനുള്ള വെറും ക്ഷീരവാഹികളാണ് അവ. ഭിത്തിയില്‍ ഏറിയ തോതില്‍ വര്‍ത്തുളവും അക്ഷവുമായ പേശീതന്തുക്കള്‍ വന്നുകൂടുന്നു. ചുരത്തുമ്പോള്‍ ഈ പേശീതന്തുക്കള്‍ സങ്കോചിക്കുന്നു. അപ്പോള്‍ നാളികള്‍ക്ക് നീളം കുറയും. വളവുപിരിവുകള്‍ ഒന്ന് നിവര്‍ന്നുകിട്ടുകയും ചെയ്യും. അങ്ങനെ ക്ഷീരാശയത്തിലേക്ക് പാല്‍ എളുപ്പത്തില്‍ ഒഴിയുന്നു.

അകിടിന്റെ പാരന്‍കൈമകലകള്‍ (parenchyma) സ്രവണ (Secretory) കോശങ്ങളുടെയും സംഭരണനാളികളുടെയും ഒരു സമസന്തതികപിണ്ഡമല്ല; സംയോജകകലയുടെ കനം കുറഞ്ഞ ഭിത്തിയില്‍ തമ്മില്‍തമ്മില്‍ ചേര്‍ത്ത കര്‍ണകക്കൂട്ടങ്ങളുള്‍ക്കൊള്ളുന്ന ഒരു ബഹുകോഷ്ഠാവയവമാണ്; കര്‍ണകങ്ങളുടെ കൂട്ടം ഒരൊറ്റ സംഭരണനാളിയിലേക്ക് നാളികകളെ ചേര്‍ത്തുവയ്ക്കുമ്പോള്‍ അത് ഒരു കര്‍ണമാവുന്നു; കര്‍ണങ്ങള്‍ ഒന്നുചേര്‍ന്ന് ഒരു ഗ്രന്ഥിയും. യൂണിറ്റുകള്‍ വലുതായി വരുമ്പോള്‍ അവയെ യോജിപ്പിച്ചു നിര്‍ത്തുന്ന സംയോജകഭിത്തിക്ക് കനം കൂടിവരും. അകിടിന്റെ ഒരു ഛേദമെടുത്ത് പരിശോധിച്ചാല്‍ നഗ്നനേത്രങ്ങളാല്‍ കാണാന്‍ കഴിയുന്നതാണ് ഈ ഭിത്തി. കര്‍ണകങ്ങളെ യോജിപ്പിക്കുന്ന (അഥവാ വേര്‍തിരിക്കുന്ന) ഭിത്തികള്‍ വരെ ഇങ്ങനെ കാണാനൊക്കും. പിന്നെയുള്ളത് കാണാന്‍ സൂക്ഷ്മദര്‍ശനിയുടെ സഹായം വേണം.

കര്‍ണകം ഒറ്റയ്ക്കെടുത്താല്‍ ഒരു മുന്തിരിക്കുലപോലെയിരിക്കും. ഇവിടെ മുന്തിരിക്കുല ഗര്‍ത്തകങ്ങളാണ്. അനേകം മുന്തിരിക്കുലകള്‍ കൂടിച്ചേര്‍ന്ന് ഒരു കര്‍ണമാവുന്നു; അനേകം കര്‍ണങ്ങള്‍ ചേര്‍ന്ന് ഒരു ഗ്രന്ഥിയും. ഗര്‍ത്തകങ്ങളുടെ നിര്‍ഗമനനാളികള്‍ മുന്തിരിഞെട്ടിന്റെ സ്ഥാനം വഹിക്കുന്നു. അനേകം മുന്തിരിഞെട്ടുകള്‍ ഒത്തുചേരുമ്പോള്‍ അത് ഒരു കര്‍ണകനാളിയാവും. അനേകം കര്‍ണകനാളികള്‍ ഒത്തുചേരുമ്പോള്‍ ഒരു കര്‍ണനാളിയുണ്ടാവുന്നു.

ഗര്‍ത്തകഭിത്തി ഒറ്റനിരകോശംകൊണ്ട് നിര്‍മിക്കപ്പെട്ടിരിക്കുന്നു; ഉള്ളു പൊള്ളയാണ്. പുറത്തേക്ക് ഒരു നാളീവാതില്‍ തുറക്കുന്നു. പൊള്ളയായ ഈ നാളിയാണ് നാളീസ്രവം ഉത്പാദിപ്പിക്കുന്നത്. രക്തവാഹിനികളുടെ ഒരു നനുത്ത വല ഓരോ ഗര്‍ത്തക ഭിത്തിയേയും ആവരണം ചെയ്യുന്നു. അനൈച്ഛിക നാഡീവ്യൂഹത്തിന്റെ ചെറിയൊരു ചോദകത്താല്‍ (stimulus) പോലും ഉണരുന്ന രക്തവാഹിനിയുടെ ഭിത്തിയില്‍ക്കൂടി പോഷകദ്രവം വാര്‍ന്നുകൊണ്ടിരിക്കും. ഗര്‍ത്തകകലകള്‍ക്ക് പാല്‍ ഉത്പാദിപ്പിക്കാന്‍ കൈവന്നു കിട്ടുന്ന അസംസ്കൃതപദാര്‍ഥമാണിത്.

ഗര്‍ത്തകകോശങ്ങള്‍ക്ക് രൂപവ്യത്യാസമില്ല. സ്രവണശക്തിയുള്ള കോശങ്ങളുടെ എല്ലാ ഭാവങ്ങളും -- കോശദ്രവ്യത്തിലെ വ്യതിരിക്തകണികകളുടെ സാന്നിധ്യം എടുത്തു പറയണം - ഈ കോശങ്ങള്‍ക്കുണ്ട്. (ടി.ആര്‍. ശങ്കുണ്ണി)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%95%E0%B4%BF%E0%B4%9F%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍