This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡബ്ബിംഗ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:25, 9 ഡിസംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ഡബ്ബിംഗ്

ഊയയശിഴ

ചിത്രീകരണത്തിനുശേഷം ചലച്ചിത്രത്തില്‍ ശബ്ദം ആലേഖനം ചെയ്യുന്ന സാങ്കേതിക വിദ്യ. സംഭാഷണങ്ങള്‍, പശ്ചാത്തല സംഗീതം, പശ്ചാത്തല ശബ്ദങ്ങള്‍ (ഇഫക്ട്സ്), കമന്ററികള്‍, ഗാനങ്ങള്‍ എന്നിങ്ങനെയുളള എല്ലാത്തരം ശബ്ദസന്നിവേശ പ്രക്രിയകളും ഇതിന്റെ പരിധിയില്‍ വരുന്നു.

  ചലച്ചിത്രത്തിലെ ശബ്ദസന്നിവേശസാധ്യതകള്‍ ആദ്യം ആരാഞ്ഞത് മയ്ബ്രിഡ്ജും എഡിസണും ആയിരുന്നു. പക്ഷേ പ്രയോഗികമായ അസൌകര്യങ്ങള്‍ നിമിത്തം അവര്‍ക്ക് ആ അന്വേഷണം തുടരാനായില്ല. വിജയിച്ച ആദ്യപരീക്ഷണം നടത്തിയത് വാര്‍ണര്‍ ബ്രദേഴ്സ് ആയിരുന്നു. അമേരിക്കയിലെ ബെല്‍ ടെലഫോണ്‍ കമ്പനിക്കാര്‍ കണ്ടുപിടിച്ച വിറ്റാഫോണ്‍ എന്ന യന്ത്രമുപയോഗിച്ച് വാര്‍ണര്‍ ബ്രദേഴ്സ് ഒരു സംഗീതക്കച്ചേരിയുടെ ചിത്രത്തോടൊപ്പം ശബ്ദം സന്നിവേശിപ്പിക്കുകയുണ്ടായി. എങ്കിലും ശബ്ദസന്നിവേശപ്രക്രിയയിലെ നാഴികക്കല്ലായത് ജാസ് സിംഗര്‍ എന്ന ചലച്ചിത്രമാണ്. 1927 ഒ. 6-ന് ആ ചിത്രം പുറത്തിറങ്ങിയത്. വാര്‍ണര്‍ ബ്രദേഴ്സ് ആയിരുന്നു അതിന്റെയും അണിയറ പ്രവര്‍ത്തകര്‍. വിറ്റാഫോണിലെ റെക്കോര്‍ഡുകളില്‍ നിന്ന് ചലച്ചിത്രത്തിനു സമാന്തരമായി ശബ്ദം പുറപ്പെടുവിക്കുന്ന രീതിയായിരുന്നു അതില്‍ അവലംബിച്ചത്. അതിലെ കന്നി സംഭാഷണം ഇതായിരുന്നു - "നിങ്ങള്‍ ഇതു വരെ കേട്ടിട്ടില്ല. കേള്‍ക്കാന്‍ പോകുന്നതേയൂളളൂ!
  ചുണ്ടുകളുടെ ചലനവുമായി പൂര്‍ണമായും ഇണങ്ങിച്ചേരുന്ന തരത്തിലായിരുന്നില്ല, ജാസ് സിംഗറില്‍ നിന്നുയര്‍ന്ന ശബ്ദം. അതു സാധ്യമാക്കുന്നതിനായി ഫിലിമില്‍ ശബ്ദം ആലേഖനം ചെയ്യാനുളള പരീക്ഷണങ്ങളാണ് പിന്നീടുണ്ടായത്. ലി.ഡി. ഫോറസ്റ്റ് എന്ന ശാസ്ത്രജ്ഞനിലൂടെയാണ് അതു വിജയിച്ചത്. മൈക്രോ ഫോണില്‍ നിന്നുളള ശബ്ദതരംഗങ്ങളെ പ്രകാശതരംഗങ്ങളാക്കി ഫിലിമില്‍ ഒരു വശത്ത് സൌണ്ട് ട്രാക്കുകളായി രേഖപ്പെടുത്താന്‍ കഴിയും എന്ന് അദ്ദേഹം കണ്ടെ ത്തി. ഫോട്ടോ ഇലക്ട്രിക് സെല്ലിന്റെ സഹായത്തോടെ ആ ട്രാക്കിലെ ശബ്ദം പുനഃസൃഷ്ടിക്കാന്‍ കഴിയുമെന്നും അദ്ദേഹം തെളിയിച്ചു. ഈ കണ്ടെത്തല്‍ വാണിജ്യപരമായി ഉപയോഗപ്പെടുത്തിയത് 'ട്വെന്റിയെത്ത് സെഞ്ച്വറി ഫോക്സ്' എന്ന ചലച്ചിത്ര നിര്‍മാണ കമ്പനിയാണ്. ഫിലിമില്‍ത്തന്നെ ശബ്ദം രേഖപ്പെടുത്തി അവര്‍ പുറത്തിറക്കിയ ചിത്രങ്ങള്‍ 'മൂവിടോണ്‍' എന്നാണ് അറിയപ്പെട്ടത്. എങ്കിലും, ആദ്യന്തം സംഭാഷണമുളള പ്രഥമ കഥാചിത്രം പുറത്തിറക്കിയത് വാര്‍ണര്‍ ബ്രദേഴ്സ് ആയിരുന്നു. ലൈറ്റ് ഒഫ് ന്യൂയോര്‍ക്ക് (1928) ആണ് ആ ചിത്രം. ഇന്ത്യയില്‍ പ്രദര്‍ശിപ്പിച്ച പ്രഥമ പൂര്‍ണ ശബ്ദ ചിത്രം മെലഡി ഒഫ് ലവ് ആയിരുന്നു.
  ആദ്യകാലത്ത് ചിത്രം ഷൂട്ട് ചെയ്യുമ്പോള്‍ത്തന്നെ മൈക്രോഫോണില്‍ നിന്നുളള ശബ്ദം ഫിലിമില്‍ രേഖപ്പെടുത്തുകയായിരുന്നു പതിവ്. അത് 'സിങ്കിള്‍ സിസ്റ്റം റിക്കാര്‍ഡിങ്' എന്നാണറിയപ്പെട്ടത്. അനാവശ്യ ശബ്ദങ്ങളെ നിയന്ത്രിക്കുന്നതിനുളള പ്രായോഗിക ബുദ്ധിമുട്ടു കാരണം ചിത്രീകരിക്കുമ്പോള്‍ ശബ്ദം രേഖപ്പെടുത്താതിരിക്കുകയും പിന്നീട് സ്റ്റുഡിയോയില്‍ വച്ച് ശബ്ദസന്നിവേശം നടത്തുകയും ചെയ്യുന്ന രീതി നിലവില്‍ വന്നു. ഇതാണ് ഡബ്ബിംഗ് എന്നറിയപ്പെടുന്നത്. അഭിനേതാവു തന്നെ 'ശബ്ദാഭിനയവും' നടത്തേണ്ടതില്ല എന്ന സൌകര്യം ഇതോടെ ലഭ്യമായി. അങ്ങനെ ചലച്ചിത്ര രംഗത്ത് ശബ്ദതാരങ്ങള്‍ (ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകള്‍) എന്നൊരു പുതിയ വിഭാഗം കൂടി രൂപം കൊണ്ടു. ഡബ്ബിംഗ് ആദ്യമായി വിജയപൂര്‍വം നിര്‍വഹിച്ച ചിത്രം വിഡോറിന്റെ സംവിധാനത്തില്‍ ജി. എം. കമ്പനി നിര്‍മിച്ച ഹലേലുയ്യ (1929) ആണ്.
  ഡബ്ബിംഗിന്റെ വരവോടെ ഒരു ഭാഷയില്‍ നിര്‍മിച്ച ചിത്രങ്ങള്‍ മറ്റൊരു ഭാഷയിലേക്ക് മൊഴിമാറ്റം നടത്തുന്നതിനുളള സാധ്യത വളരെയധികം വര്‍ധിച്ചു.
  ഡബ്ബിംഗ് കേവലം സാങ്കേതികമായ കാര്യമെന്ന നിലയില്‍ നിന്ന്, ചലച്ചിത്രത്തിന്റെ കലാമൂല്യം വര്‍ധിപ്പിക്കുന്ന മറ്റൊരു മുഖ്യഘടകമായി ഇന്നു മാറിയിട്ടുണ്ട്. ശബ്ദസന്നിവേശ പ്രക്രിയയെ കലാത്മകമായി ഉപയോഗിച്ചു തുടങ്ങിയ ചലച്ചിത്രകാരന്മാരില്‍ പ്രമുഖന്‍ ഭൂവിവിയെ എന്ന സംവിധായകനായിരുന്നു. വസ്തുനിഷ്ഠമായ ഒരു സാങ്കേതിക കര്‍മമെന്ന നിലയില്‍ നിന്ന് ഡബ്ബിംഗിനെ ആത്മനിഷ്ഠമാക്കി മാറ്റുകയാണ് അദ്ദേഹം ചെയ്തത്.
  ചുണ്ടുകള്‍ക്കനുസൃതമായി സംഭാഷണങ്ങള്‍ പറഞ്ഞൊപ്പിക്കുക എന്ന ശ്രമകരമായ ജോലി ഡിജിറ്റല്‍ ഡബ്ബിംഗ് എന്ന നൂതനസാങ്കേതിക വിദ്യയുടെ വരവോടെ ലളിതമായ സാങ്കേതിക പരിപാടിയായി മാറിയിട്ടുണ്ട്.
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍