This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡച്ചു യുദ്ധങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:43, 9 ഡിസംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ഡച്ചു യുദ്ധങ്ങള്‍

ഇംഗ്ലണ്ടും നെതര്‍ലന്‍ഡ്സും തമ്മില്‍ 1652 മുതല്‍ 74 വരെ നടന്ന മൂന്നു യുദ്ധങ്ങള്‍. ഇവയെ ഡച്ചു യുദ്ധങ്ങള്‍ എന്ന് ഇംഗ്ലീഷുകാരും ഇംഗ്ലീഷ് യുദ്ധങ്ങള്‍ എന്ന് ഡച്ചുകാരും വിളിച്ചിരുന്നു. നാവികപരവും വാണിജ്യപരവുമായ കിടമത്സരത്തില്‍ നിന്നും ഉടലെടുത്തതാണ് ഈ യുദ്ധങ്ങള്‍. പൂര്‍വേഷ്യയ്ക്കുമേല്‍ ഡച്ചുകാര്‍ക്കുണ്ടായിരുന്ന മേധാവിത്വം, സമുദ്രാന്തര വ്യാപാരബന്ധത്തില്‍ നിലനിന്ന മേല്‍ക്കോയ്മ, മത്സ്യബന്ധന രംഗത്തെ മത്സരം, പാശ്ചാത്യനിര്‍മിത വസ്തുക്കളുടെ കയറ്റുമതിക്കുത്തുക മുതലായവ യുദ്ധത്തിനുള്ള കാരണങ്ങളായി ഭവിച്ചു.

സമുദ്രഗതാഗതം പൊതുവില്‍ സ്വതന്ത്രമായിരിക്കണമെന്ന് ഡച്ചുകാര്‍ ശഠിച്ചു. പക്ഷേ, ബ്രിട്ടിഷ് താത്പര്യം അതിനെതിരായിരുന്നു. അവര്‍ സമുദ്രാന്തര ഗതാഗതം നിയന്ത്രണ വിധേയമാക്കാന്‍ നിര്‍ബന്ധം കാട്ടി. മാത്രമല്ല, ഡച്ചുകാരുടെ മത്സ്യബന്ധനം നിരോധിക്കാനും കപ്പലുകളുടെ സുഗമമായ യാത്രയ്ക്ക് തടസ്സമുണ്ടാക്കാനുമുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യാനും മടിച്ചില്ല. ഇതുമൂലം ഡച്ചുകാര്‍ക്ക് മത്സ്യബന്ധനം നടത്തണമെങ്കില്‍ ബ്രിട്ടിഷുകാര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന നിലപോലും സംജാതമായി. ഈ പ്രത്യേക സാഹചര്യത്തിലും ഡച്ചുകാരുമായി സൗഹൃദം പുലര്‍ത്താന്‍ സാധ്യമാകുമെന്നായിരുന്നു ബ്രിട്ടിഷ് നേതൃത്വം കരുതിയത്. ഓറഞ്ച്-സ്റ്റുവര്‍ട്ട് രാജകുടുംബബന്ധം അത്രമാത്രം സൗഹാര്‍ദപരമായി നിലനിന്നതാണ് ഇത്തരമൊരു പ്രതീക്ഷയ്ക്ക് വഴിവച്ചത്. എന്നാല്‍, പ്രതീക്ഷിച്ചതുപോലെ ഈ സൗഹൃദം സഫലമായില്ല. ഇതിനെത്തുടര്‍ന്ന് ഇംഗ്ലണ്ടിലെ ക്രോംവെല്‍ ഭരണകൂടം ഡച്ച് വിരുദ്ധനിലപാട് കൂടുതല്‍ ശക്തമാക്കി. ബ്രിട്ടന്‍ 1651-ല്‍ പാസ്സാക്കിയ നാവികനിയമം വഴി ബ്രിട്ടിഷ് സാധനങ്ങള്‍ ഡച്ച് കപ്പലില്‍ കൊണ്ടുപോകാന്‍ പാടില്ലെന്ന് നിബന്ധനയുണ്ടാക്കി. നാവിക നിയമം നടപ്പിലായതോടെ ബ്രിട്ടിഷ്-ഡച്ച് ബന്ധം കൂടുതല്‍ വഷളായിത്തീരുകയും ചെയ്തു. ഇതോടെ 1652 മേയ് മാസത്തില്‍ ഒന്നാം ഡച്ചുയുദ്ധം പൊട്ടിപ്പുറപ്പെട്ടു.

ഒന്നാം ഡച്ചുയുദ്ധം (1652-54). ഒന്നാമത്തെ ഡച്ചുയുദ്ധം രണ്ടുവര്‍ഷക്കാലം നീണ്ടുനിന്നു. ഇംഗ്ലീഷുകാരോടു യുദ്ധംചെയ്യുകയും അതോടൊപ്പംതന്നെ നോര്‍ത്ത് സീയിലൂടെയുള്ള തങ്ങളുടെ വ്യാപാരത്തിനു സംരക്ഷണം നല്‍കുകയും ചെയ്യുകയെന്ന രണ്ടു കാര്യങ്ങളും ഒരേസമയം നിര്‍വഹിക്കുവാന്‍ ഡച്ചു സൈന്യത്തിനു കഴിഞ്ഞില്ല. യുദ്ധത്തിന്റെ ആദ്യകാലങ്ങളില്‍ ഓരോ കക്ഷിയും മാറിമാറി ജയിച്ചുകൊണ്ടിരുന്നു. എന്നാല്‍ 1653-ഓടെ ഇംഗ്ലീഷ് പക്ഷത്തിന്റെ വിജയം ഉറപ്പായി. ഈ മാറിയ സാഹചര്യത്തില്‍ ഡച്ചുകാര്‍ സൌഹൃദത്തില്‍ വര്‍ത്തിക്കാന്‍ തയ്യാറായി. 1654 ഏ.-ലെ വെസ്റ്റ്മിനിസ്റ്റര്‍ സമാധാനസംഭാഷണത്തിലൂടെ യുദ്ധത്തിന് വിരാമമുണ്ടായി. ഇത് ഡച്ചുകാര്‍ക്ക് അനുകൂലമായിരുന്നില്ല. പ്രധാന പ്രശ്നങ്ങള്‍ പലതും പരിഹരിക്കാനാകാതെ തന്നെ അവശേഷിച്ചു.

രണ്ടാം ഡച്ചുയുദ്ധം (1665-67). ഇംഗ്ലണ്ടില്‍ ചാള്‍സ് II-ന്റെ അധികാരത്തിലേക്കുള്ള തിരിച്ചുവരവോടെ രണ്ടാം ഡച്ചുയുദ്ധത്തിന് വഴിയൊരുങ്ങി. 1660-ല്‍ ചുമതലയേറ്റ അദ്ദേഹം വാണിജ്യകാര്യങ്ങള്‍ സജീവമാക്കി. ഇതോടുകൂടി നയപരമായ പുതിയ പ്രശ്നങ്ങള്‍ തലപൊക്കുകയും അവ വളര്‍ന്ന് യുദ്ധത്തില്‍ കലാശിക്കുകയുമാണുണ്ടായത്. ഡച്ച് വെസ്റ്റ് ഇന്‍ഡീസ് കമ്പനിയുടെ പശ്ചിമാഫ്രിക്കയിലേയും അമേരിക്കയിലേയും വസ്തുവകകള്‍ 1664-ല്‍ ഇംഗ്ലീഷുകാര്‍ കൈക്കലാക്കിയതിനെത്തുടര്‍ന്നായിരുന്നു1665-ല്‍ യുദ്ധം ആരംഭിച്ചത്. ഡച്ച് നാവികപ്പട ബ്രിട്ടനെ പല പ്രാവശ്യം തോല്പിച്ചു. തുടര്‍ന്ന് 1667-ജൂല.-ലെ സന്ധിയനുസരിച്ച് യുദ്ധം അവസാനിപ്പിച്ചുകൊണ്ട് നിലവിലിരുന്ന നാവിക നിയമങ്ങളില്‍ എതാനും മാറ്റങ്ങള്‍ വരുത്തുകയുണ്ടായി. തത്ഫലമായി പ്രദേശങ്ങള്‍ പരസ്പരം വിട്ടുകൊടുക്കുവാനും ഇരുകൂട്ടരും സന്നദ്ധത പ്രകടിപ്പിച്ചു.

മൂന്നാം ഡച്ചുയുദ്ധം (1672-74). ഈ യുദ്ധത്തില്‍ ഡച്ചുകാര്‍ക്കെതിരായി ഇംഗ്ലണ്ടിനോടൊപ്പം ഫ്രാന്‍സും അണിനിരന്നു. ഫ്രാന്‍സിലെ ലൂയി XIV ആയിരുന്നു മൂന്നാം ഡച്ചുയുദ്ധത്തിനു തുടക്കമിട്ടത്. ഡച്ചുശക്തിയുടെ ആധിപത്യവും വളര്‍ച്ചയും ഫ്രാന്‍സിന് ഹിതകരമായിരുന്നില്ല. ഇത് ഫ്രഞ്ചു മുന്നേറ്റത്തിന് തടസ്സമാണെന്ന് ലൂയി കണ്ടെത്തി. 1760-ല്‍ ഫ്രഞ്ചുകാരും ബ്രിട്ടിഷുകാരും തമ്മില്‍ ഡച്ചുകാര്‍ക്കെതിരായി ഒരു രഹസ്യ ഉടമ്പടി ഉണ്ടാക്കികൊണ്ട് 1672-ല്‍ വീണ്ടും യുദ്ധം തുടങ്ങിയെങ്കിലും ഫ്രഞ്ചുകാരുടെ സഹായസഹകരണങ്ങളോടെ യുദ്ധത്തിലേര്‍പ്പെട്ട ബ്രിട്ടന് കനത്ത നഷ്ടങ്ങളാണുണ്ടായത്. ബ്രിട്ടിഷ് പാര്‍ലമെന്റിലുണ്ടായ രൂക്ഷമായ എതിര്‍പ്പിനെത്തുടര്‍ന്ന് 1674 ഫെ. -ല്‍ വെസ്റ്റ്മിനിസ്റ്ററില്‍ വച്ച് സന്ധിസംഭാഷണം നടത്താന്‍ ചാള്‍സ് II നിര്‍ബന്ധിതനായി. തന്മൂലം ആത്യന്തികമായി ബ്രിട്ടന്‍ തങ്ങളുടെ നാവികക്കുത്തകമോഹം ഉപേക്ഷിച്ചു. മാത്രമല്ല സമുദ്രാന്തരവ്യാപാരം സ്വതന്ത്രമാവുകയും ചെയ്തു. ഫ്രാന്‍സിനെതിരായി ഡച്ചുകാരുടെ പുതിയ ഒരു യൂറോപ്യന്‍ ഐക്യം 1673-ല്‍ നിലവില്‍വന്നു. 1678-79-ലെ സന്ധി വരെ ഈ ഐക്യം നിലനിന്നു. അനന്തരം ഡച്ച്-ബ്രിട്ടിഷ് സൌഹൃദം രൂഢമൂലമായിത്തീരുകയും ചെയ്തു.

(ഡോ. ആര്‍. മധുദേവന്‍ നായര്‍, സ.പ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍