This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഡെല്‍റ്റ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഡെല്‍റ്റ
ഒരു നദീമുഖ നിക്ഷേപം. നദീമുഖ തുരുത്ത് എന്നും അറിയപ്പെടുന്നു. നദികള്‍, പ്രധാന നൗകാശയങ്ങളായ കായല്‍, കടല്‍, സമുദ്രം എന്നിവിടങ്ങളില്‍ നിപതിക്കുമ്പോഴാണ് ത്രികോണാകൃതിയിലുള്ള ഇത്തരം നിക്ഷേപങ്ങള്‍ രൂപം കൊള്ളുന്നത്. ഗ്രീക്ക് അക്ഷരമാലയിലെ നാലാമത്തെ അക്ഷരമായ ഡെല്‍റ്റ (δ)യുടെ ആകൃതിയാണ് ഈ സംജ്ഞയ്ക്ക് അടിസ്ഥാനം. നൈല്‍ നദിയുടെ പതനസ്ഥാനത്ത് ത്രികോണാകൃതിയില്‍ കാണപ്പെട്ട അവസാദ നിക്ഷേപത്തെ സൂചിപ്പിക്കുവാന്‍ ഗ്രീക്ക് ചരിത്രകാരനായ ഹെറോഡോട്ടസാണ് പ്രസ്തുത പദം ആദ്യമായി ഉപയോഗിച്ചത്.
നദികളുടെ മുഖ്യ സംഗമകേന്ദ്രങ്ങളായ സമുദ്രതീരങ്ങളിലാണ് ഭൗമോപരിതലത്തിലെ പ്രധാന ഡെല്‍റ്റകള്‍ ഉപസ്ഥിതമായിട്ടുള്ളത്. സമതലങ്ങളിലൂടെ ഒഴുകുന്ന നദികള്‍ നദീമുഖത്തോടടുക്കുന്നതോടെ അവയുടെ വേഗതയും അവസാദങ്ങള്‍ നീക്കം ചെയ്യാനുള്ള ധാരകത്വവും താരതമ്യേന മന്ദഗതിയിലാവുകയും നദികള്‍ വഹിച്ചുകൊണ്ടുവരുന്ന അവസാദങ്ങള്‍ നദീമുഖത്തു തന്നെ നിക്ഷേപിക്കപ്പെടുകയും ചെയ്യുന്നു. മിക്ക ഡെല്‍റ്റാ നിക്ഷേപങ്ങളുടേയും ആകൃതിയും ആന്തരിക ഘടനയും പ്രധാനമായും രണ്ടു ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. (1) നദികള്‍ അഥവാ സബ്മറൈന്‍ കാന്യോണുകള്‍ നീക്കം ചെയ്യുന്ന അവസാദത്തിന്റെ പരിമാണം, (2) ഡെല്‍റ്റ രൂപംകൊള്ളുന്ന ജലപിണ്ഡത്തിലെ പ്രവാഹങ്ങളുടെയും തിരമാലകളുടെയും സ്വഭാവം, ഭൂപ്രകൃതി, കാലാവസ്ഥ, നദികളുടെ ആകൃതി, വെള്ളപ്പൊക്ക പ്രവണത എന്നിവയാണ് ഡെല്‍റ്റാ രൂപീകരണത്തെ നിര്‍ണായകമാംവിധം സ്വാധീനിക്കുന്ന മുഖ്യഘടകങ്ങള്‍. അണക്കെട്ടുകള്‍ പോലുള്ള മനുഷ്യനിര്‍മിത ഘടകങ്ങളും ചിലപ്പോള്‍ ഡെല്‍റ്റ രൂപീകരണത്തിന് നിദാനമായേക്കാം.
ജി. കെ. ഗില്‍ബര്‍ട്ട് എന്ന ഭൂതത്ത്വശാസ്ത്രജ്ഞന്‍ ഡെല്‍റ്റയുടെ സ്തരവിന്യാസത്തെ ടോപ്സെറ്റ്, ഫോര്‍സെറ്റ്, ബോട്ടം സെറ്റ് ബെഡ് എന്നിങ്ങനെ മൂന്നായി വിഭജിച്ചു. ഡെല്‍റ്റാ രൂപീകരണത്തിന്റെ പ്രാഥമിക ഘട്ടത്തില്‍ വളരെ ചെറിയ അവസാദ ഘടകങ്ങള്‍ ചെറുസ്തരമായി നിക്ഷേപിക്കപ്പെടുന്നു. സമുദ്രത്തിലേക്ക് ചായ്മാനം പ്രദര്‍ശിപ്പിക്കുന്ന ഡെല്‍റ്റയുടെ ഈ അടിത്തട്ടാണ് 'ബോട്ടം സെറ്റ് ബെഡ്'. ഡെല്‍റ്റാ രൂപീകരണത്തിന്റെ അടിസ്ഥാനഘടകമാണ് ബോട്ടം സെറ്റ് ബെഡ്.
ഡെല്‍റ്റാ നിര്‍മിതിയുടെ രാംഘട്ടത്തില്‍ വലിയൊരു ശ.മാ. സില്‍റ്റും ചെളിയും സ്തരാവസ്ഥയില്‍ നിക്ഷേപിക്കപ്പെടുന്നു. ഈ ഘട്ടത്തിലും ഡെല്‍റ്റയുടെ ചായ്മാനം സമുദ്രത്തിന് അഭിമുഖമായിരിക്കും. ബോട്ടം സെറ്റ് ബെഡിനു മുകളില്‍ ചെങ്കുത്തായി നിക്ഷേപിക്കപ്പെടുന്ന ഈ പാളിയാണ് ഫോര്‍സെറ്റ് ബെഡ്. താരതമ്യേന വലുപ്പം കൂടിയ അവസാദ ഘടകങ്ങള്‍ ഈ പാളിയുടെ സവിശേഷതയാകുന്നു. ഫോര്‍സെറ്റ് ബെഡിന്റെ നിക്ഷേപണത്തോടെ ഡെല്‍റ്റാ നിര്‍മിതി ഭാഗികമായി പൂര്‍ത്തിയാകുന്നു.
മൂന്നാം ഘട്ടത്തില്‍ നദിത്തട്ട് തന്നെ സമുദ്രത്തിലേക്ക് വ്യാപിക്കുകയും നദി ഡല്‍റ്റോപരിതലത്തില്‍ നിരവധി ചാനലുകള്‍ സൃഷ്ടിക്കുകയും അവസാദങ്ങള്‍ കടല്‍ത്തട്ടിലേക്ക് നീക്കം ചെയ്യുവാന്‍ ആരംഭിക്കുകയും ചെയ്യുന്നു. ഈ ഘട്ടത്തില്‍ തുടരെ ത്തുടരെ ഉണ്ടാകുന്ന വെള്ളപ്പൊക്കം ഫോര്‍സെറ്റ് ബെഡിന്മേല്‍ സില്‍റ്റിന്റെയും ചെളിയുടെയും നേരിയ പാളികള്‍ നിക്ഷേപിക്കുന്നതിനു കാരണമാകുന്നു. ചായ്മാനം വളരെ കുറഞ്ഞ ഡെല്‍റ്റയുടെ ഈ ഉപരിതലപാളിയാണ് 'ടോപ്സെറ്റ് ബെഡ്.'
നദികള്‍ നൗകാശയത്തിലേക്ക് ഒഴുക്കിക്കൊണ്ടുവരുന്ന അവസാദം നദിയുടെ പ്രവേഗം കുറയുന്നതോടെ നിക്ഷേപണത്തിന് വിധേയമാകുന്നു. സാന്ദ്രതാ വ്യത്യയം (density contrast) നിക്ഷേപണത്തെ ത്വരിതപ്പെടുത്തുന്നു. നദീജലസാന്ദ്രത നൗകാശയത്തിലേതിനെക്കാള്‍ കൂടുതലാണെങ്കില്‍ ഔട്ട് ഫ്ളോ (out flow) സംജാതമാകുകയും അത് നൗകാശയത്തിന്റെ ഉപരിതലത്തില്‍ വളരെ വിസ്തൃതിയില്‍ വ്യാപിക്കുകയും ചെയ്യുന്നു. നദീജല സാന്ദ്രത നൗകാശയത്തിനേക്കാള്‍ കുറവാണെങ്കില്‍ സാന്ദ്രതാപ്രവാഹം സൃഷ്ടിക്കപ്പെടുകയും നിര്‍ഗമമുഖത്തിന് വളരെ അകലെയായി നിക്ഷേപണം സംഭവിക്കുകയും ചെയ്യുന്നു.
സമുദ്രപരിതഃസ്ഥിതികളില്‍ രൂപംകൊള്ളുന്ന മിക്ക ഡെല്‍റ്റകളിലും മുകളില്‍ നിന്ന് താഴോട്ടുപോകുന്തോറും അടിസ്ഥാനഘടകങ്ങളില്‍ പരിതഃസ്ഥിതിയുടെ സ്വാധീനം വളരെ കൂടുതലായിരിക്കും. ടോപ്സെറ്റ് ബെഡിലെ അവസാദ ഘടകങ്ങളുടെ വലുപ്പവും സംയോഗവും ഏറെ വിഭിന്നമായിരിക്കും. ചാനല്‍ നിക്ഷേപം മുതല്‍ ചെളിയുടെ അതിസൂക്ഷ്മ തരികള്‍ വരെ ഇതില്‍ ഉള്‍പ്പെടുന്നു. പാളീകൃതസില്‍റ്റും ചെളിയുമാണ് ഫോര്‍സെറ്റിലെ മുഖ്യ സംയോഗഘടകങ്ങള്‍. ബോട്ടം സെറ്റില്‍ സില്‍റ്റി ക്ളേക്കായിരിക്കും പ്രാമുഖ്യം. ജൈവാവശിഷ്ടങ്ങളുടെ നല്ലൊരു ശ. മാ. വും ഈ പാളിയില്‍ കണ്ടെത്താം.
ഡെല്‍റ്റാ നിക്ഷേപണം വര്‍ധിക്കുന്നതിനനുസൃതമായി ഡെല്‍റ്റകള്‍ നദിയിലേക്കും താഴ്ന്ന പ്രദേശത്തേക്കും വ്യാപിക്കുന്നു. ഡെല്‍റ്റകള്‍ ദൈര്‍ഘ്യം കുറഞ്ഞതും ചായ്മാനം കൂടിയതുമായ പാത സ്വീകരിക്കുന്നതോടെ സബ്ഡെല്‍റ്റകള്‍ ഉപേക്ഷിക്കപ്പെടുന്നു. ഇത്തരം ഡെല്‍റ്റാ രൂപീകരണത്തിന് ഉത്തമ ഉദാഹരണമാണ് മിസിസിപ്പി ഡെല്‍റ്റ. ഉപേക്ഷിക്കപ്പെട്ട ഡെല്‍റ്റകള്‍ കാലാന്തരത്തില്‍ നിമജ്ജനം ചെയ്യപ്പെടുകയും തിരമാലകളുടെ അപക്ഷരണത്തിന് വിധേയമാകുകയും ചെയ്യുന്നു. അവസാദങ്ങളുടെ വര്‍ധിച്ച അളവിലുള്ള നിക്ഷേപണം, സൂക്ഷ്മാവസാദ ഘടകങ്ങളുടെ സാന്ദ്രീകരണം എന്നിവയാണ് സബ്ഡെല്‍റ്റകളുടെ നിമജ്ജനത്തിനു നിദാനമാകുന്ന മുഖ്യ ഘടകങ്ങള്‍.
മൂന്ന് അടിസ്ഥാനഘടകങ്ങള്‍ ശ്രേണീകൃതമായ ഒരു അവസാദ നിക്ഷേപമായി ഡെല്‍റ്റയെ പരിഗണിക്കാറുണ്ട്. (1) ചാനല്‍ നിക്ഷേപം, നദീമുഖ ബാര്‍സ്, ലിവി നിക്ഷേപങ്ങള്‍ എന്നിവ ഉള്‍പ്പെട്ട ദൈര്‍ഘ്യമേറിയ 'ബോഡി'. (2) കായല്‍ അവസാദത്തിന്റയും ജലോഢസമതല ചതുപ്പുനിലത്തിന്റെയും മാട്രിക്സ്. (3) നദീമുഖനിക്ഷേപങ്ങള്‍ക്കുമേല്‍ തിരമാലകള്‍, പ്രവാഹങ്ങള്‍, വേലിയേറ്റ-ഇറക്കങ്ങള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തന ഫലമായി സംജാതമാകുന്ന ലിറ്റോറല്‍ സോണ്‍. മിസിസിപ്പി ഡെല്‍റ്റയിലാണ് ഇത്തരം ഒരു ഘടന നിര്‍ണയിക്കപ്പെട്ടിട്ടുള്ളത്.
ലോകത്തെ പ്രധാന ഡെല്‍റ്റകളുടെ നിരീക്ഷണ ഗവേഷണങ്ങളുടെ അടിസ്ഥാനത്തില്‍ ഭൂതത്ത്വശാസ്ത്രജ്ഞര്‍ ഡെല്‍റ്റാ നിക്ഷേപണ രീതിയെ സംബന്ധിച്ച് ചില പൊതുതത്ത്വങ്ങള്‍ ആവിഷ്ക്കരിച്ചിട്ടുണ്ട്. നദികള്‍ പ്രദാനം ചെയ്യുന്ന അവസാദങ്ങളുടെ നിരക്ക്, അവസാദത്തിന്റെ ഗ്രാമ്യത, സമുദ്രജലപ്രവാഹങ്ങളുടെയും തിരമാലകളുടെയും പ്രവര്‍ത്തന ഫലമായി സംഭവിക്കുന്ന അവസാദങ്ങളുടെ പുനര്‍നിക്ഷേപണം എന്നിവയാണ് ഡെല്‍റ്റാ രൂപീകരണത്തെ സ്വാധീനിക്കുന്ന മുഖ്യ ഘടകങ്ങള്‍. സമുദ്രതീരത്തിന്റെയും സമുദ്രാടിത്തട്ടിന്റെയും ആകൃതി, നദിയിലും സമുദ്രത്തിലും കാലാനുസൃതമായി സംഭവിക്കുന്ന കാലാവസ്ഥാ വ്യതിയാനം, വേലിയേറ്റത്തിന്റെ പരിധി തുടങ്ങിയ ഘടകങ്ങള്‍ക്കും ഡെല്‍റ്റാ രൂപീകരണത്തില്‍ നിര്‍ണായക സ്വാധീനമുണ്ട്.
അതിസൂക്ഷ്മ അവസാദഘടകങ്ങളും ചെളിയടങ്ങിയ മാട്രിക്സും മിസിസിപ്പി ഡെല്‍റ്റയുടെ സവിശേഷതയാകുന്നു. 'ബേഡ് ഫുഡ്' ഡെല്‍റ്റാ മാതൃകയ്ക്ക് ഉത്തമ ഉദാഹരണമാണ് മിസിസിപ്പി ഡെല്‍റ്റ. അവസാദ നിക്ഷേപത്തിന്റെ തോത് വളരെ കൂടുതലുള്ള ഡെല്‍റ്റയാണ് റോണ്‍ (Rhone). ഗ്രാമ്യത കൂടിയ അവസാദ ഘടക പദാര്‍ഥങ്ങള്‍ റോണിന്റെ പ്രത്യേകതയാണ്. തിരമാലകളുടെയും സമുദ്രജലപ്രവാഹങ്ങളുടെയും സ്വാധീനം വളരെ കൂടുതലുള്ള ഈ ഡെല്‍റ്റയില്‍ മണലിന്റെ പരിമാണം വളരെ കൂടുതലാണ്.
ഗംഗാ-ബ്രഹ്മപുത്രാ നദികള്‍ സംയുക്തമായി സൃഷ്ടിച്ച ഡെല്‍റ്റ, ഈജിപ്തിലെ നൈല്‍ ഡെല്‍റ്റ, അമേരിക്കയിലെ മിസിസിപ്പി ഡെല്‍റ്റ, ബ്രസീലിലെ ആമസോണ്‍ ഡെല്‍റ്റ, റഷ്യയിലെ വോള്‍ഗ ഡെല്‍റ്റ എന്നിവയാണ് ലോകത്തിലെ പ്രധാന ഡെല്‍റ്റകള്‍. ഗംഗാനദീമുഖ ഡെല്‍റ്റയുമായി ചേര്‍ന്നു കിടക്കുന്ന സുന്ദരവനം (Sundarbans) കല്‍ കാടുകള്‍ വൈവിദ്ധ്യമാര്‍ന്ന ജൈവസമ്പത്തിനാല്‍ സമ്പന്നമാണ്. തെ. വ. ഉദ്ദേശം 400 കി.മീ. ഉം, കി. പ. 320 കി.മീറ്ററുമാണ് ഗംഗാ-ബ്രഹ്മപുത്ര നദീ ഡെല്‍റ്റയുടെ പരമാവധി നീളം. ഇന്ത്യയിലും ബംഗ്ലാദേശിലുമായി വ്യാപിച്ചിരിക്കുന്ന ഈ ഡെല്‍റ്റ ബംഗാള്‍ ഉള്‍ക്കടല്‍ തീരത്താണ് ഉപസ്ഥിതമായിട്ടുള്ളത്. ഡെല്‍റ്റാ പ്രദേശങ്ങളിലൂടെ ഒഴുകുന്ന ഗംഗയുടെ കൈവഴികളില്‍ ഭൂരിഭാഗവും ഇവിടത്തെ ഭൂപ്രതല ഘടനയ്ക്ക് അനുസൃതമായി കിഴക്കോട്ട് ദിശമാറിയൊഴുകുന്നത് ശ്രദ്ധേയമാണ്. ഡെല്‍റ്റാ പ്രദേശത്തിന്റെ പ. ഭാഗത്തെ നദീതടങ്ങള്‍ മിക്കവയും അവസാദ നിക്ഷേപങ്ങളാല്‍ മൂടപ്പെട്ടിരിക്കുന്നു. എന്നാല്‍ കി. ഭാഗത്തെ ഗംഗയുടെ കൈവഴികള്‍ പുതിയ ചാനലുകളും ഡെല്‍റ്റകളും സൃഷ്ടിക്കുന്നതില്‍ പ്രവര്‍ത്തനോന്മുഖമാണ്. വര്‍ഷന്തോറും ഉണ്ടാകാറുള്ള വെള്ളപ്പൊക്കത്തിന്റെ ഫലമായി നിക്ഷേപിക്കപ്പെടുന്ന വളക്കൂറുള്ള മണ്ണ് ഇവിടെ നിരവധി ചെറുകൃഷിയിടങ്ങള്‍ക്കും മനുഷ്യാവാസ കേന്ദ്രങ്ങള്‍ക്കും ജന്മം നല്‍കിയിട്ടുണ്ട്. എന്നാല്‍ മണ്‍സൂണ്‍ കാലങ്ങളിലും മറ്റും ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും വീശുന്ന ശക്തിയേറിയ കാറ്റുകള്‍ ഈ പ്രദേശങ്ങളില്‍ ജീവനും സ്വത്തിനും കനത്ത നാശനഷ്ടം വിതയ്ക്കുന്നു. 1970-ലെ കൊടുങ്കാറ്റില്‍ ഇവിടെ 250000 പേര്‍ കൊല്ലപ്പെട്ടതായി കണക്കാക്കപ്പെടുന്നു.
നദീജന്യവും അല്ലാത്തതുമായ 150-ല്‍പ്പരം ഡെല്‍റ്റകള്‍ ലോകത്ത് നിര്‍ണയിക്കപ്പെട്ടിട്ടുണ്ട്. ഹിമയുഗത്തില്‍ സമുദ്രനിരപ്പിനുണ്ടായ ഉയര്‍ച്ച ലോകത്തിന്റെ പല ഭാഗത്തും ആഴമുള്ള അഴിമുഖങ്ങളുടെ സൃഷ്ടിക്ക് കാരണമായിട്ടുണ്ട്. ആമസോണ്‍ അഴിമുഖം ഇതിന് ഉദാഹരണമാണ്. ഇവ പില്‍ക്കാലത്ത് ഡെല്‍റ്റാ നിര്‍മിതിയുടെ അടിത്തറയായി പരിണമിക്കുന്നു. വ. പടിഞ്ഞാറന്‍ കാനഡയിലെ ഏറ്റവും വലിയ നദിയായ മക്കെന്‍സിയുടെ അഴിമുഖ ഡെല്‍റ്റ മനോഹരമായ പ്രകൃതിദൃശ്യം പ്രദാനം ചെയ്യുന്നു.
യൂറോപ്പില്‍ വേലിയേറ്റ-ഇറക്കങ്ങള്‍ അനുഭവപ്പെടാത്ത മെഡിറ്ററേനിയന്‍ തീരത്താണ് താരതമ്യേന വലുപ്പം കൂടിയ ഡെല്‍റ്റകള്‍ കാണപ്പെടുന്നത്. എന്നാല്‍ അത് ലാന്തിക് സമുദ്രത്തില്‍ നിപതിക്കുന്ന വന്‍ നദികള്‍പോലും ഇവിടെ ഡെല്‍റ്റകള്‍ സൃഷ്ടിക്കുന്നില്ല. അത് ലാന്തിക് തീരത്തെ ശക്തമായ വേലിയേറ്റ-ഇറക്കങ്ങളുടെ സ്വാധീനമാണ് ഇതിന് നിദാനം. എബ്രോ, റോണ്‍, പോ തുടങ്ങിയ നദീ ഡെല്‍റ്റകള്‍ മെഡിറ്ററേനിയന്‍ ഡെല്‍റ്റകള്‍ക്ക് ഉദാഹരണമാണ്. യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ നീര്‍വാഴ്ചാ വിസ്തൃതിയുള്ള ഡാന്യൂബിന്റെ ഡെല്‍റ്റ കരിങ്കടലിലാണ് നിപതിക്കുന്നത്. ഒരേ സമുദ്രത്തില്‍ പതിക്കുന്ന നദികള്‍ എല്ലാം തന്നെ ഒരുപോലെ ഡെല്‍റ്റാ നിര്‍മിതിയില്‍ ഏര്‍പ്പെടുന്നില്ല എന്നതും ശ്രദ്ധേയമാണ്. നൈജര്‍ നദി നിയതാകൃതിയിലുള്ള ഡെല്‍റ്റക്ക് ജന്മം നല്‍കുമ്പോള്‍, ദൈര്‍ഘ്യം കൊണ്ട് ശ്രദ്ധേയമായ കോംഗോ (Congo), അതിന്റെ അവസാദങ്ങളെ നദിത്തട്ടില്‍ തന്നെ നിക്ഷേപിക്കുന്നതിനാല്‍ ഡെല്‍റ്റാ നിര്‍മിതിയില്‍ ഏര്‍പ്പെടുന്നില്ല. തെക്കേ അമേരിക്കയിലെ ഒറിനോകോ നദിക്ക് വലിയ ഡെല്‍റ്റയുളളപ്പോള്‍, ആമസോണ്‍ അതിന്റെ അവസാദങ്ങള്‍ വിശാലമായ അഴിമുഖത്ത് ചിതറിയ മാതൃകയില്‍ നിക്ഷേപിക്കുകയാണ് ചെയ്തിട്ടുള്ളത്. ആര്‍ട്ടിക് മേഖലയിലെ മക്കെന്‍സി, ലെന (lena) എന്നീ നദികള്‍ക്ക് വിശാലമായ ഡെല്‍റ്റകള്‍ ഉള്ളപ്പോള്‍, പശ്ചിമ സൈബീരിയയിലെ നദികള്‍ ഇപ്പോഴും ജലോഢ സമതല നിര്‍മിതിയുടെ ഘട്ടം പിന്നിട്ടിട്ടില്ല. ഭൂമുഖത്തെ വിശാല നദീജന്യസമതലങ്ങള്‍ പ്രത്യേകിച്ചും, റൈന്‍ നദീസമതലം, ഉത്തര ചൈനാതടം എന്നിവയെ പൊതുവേ ഡെല്‍റ്റകള്‍ എന്നു വിശേഷിപ്പിക്കാറുണ്ടെങ്കിലും നിയതാര്‍ഥത്തില്‍ ഇവ ഡെല്‍റ്റകളല്ല.
ഡെല്‍റ്റകളിലെ വളക്കൂറുള്ള മണ്ണ് കൃഷിക്ക് ഏറെ അനുയോജ്യമാണ്. കല്‍ക്കട്ട, ഷാന്‍ഹായ്, വെനീസ്, അലക്സാണ്ട്രിയ, ന്യൂ ഓര്‍ലീന്‍സ് തുടങ്ങിയ ലോകത്തെ പ്രമുഖ നഗരങ്ങള്‍ ഡെല്‍റ്റകളിലാണ് സ്ഥിതി ചെയ്യുന്നത്. മിസിസിപ്പിയിലെ ലൂയിസിയാന (Louisiana) അമേരിക്കയിലെ ഒരു പ്രധാന കാര്‍ഷികോത്പാദന കേന്ദ്രമാണ്. ഫലവര്‍ഗങ്ങള്‍ക്കും പച്ചക്കറികള്‍ക്കും പുറമേ നിരവധി ധാന്യവിളകളും ഇവിടെ കൃഷി ചെയ്യുന്നു. പൗരാണിക കാലഘട്ടം മുതലേ നൈല്‍ ഡെല്‍റ്റ ഒരു പ്രധാന കാര്‍ഷികമേഖലയാണ്. ബര്‍മയിലെ ഇരാവതി (Irravady), വിയറ്റ്നാമിലെ മീകോങ് (Mekong) എന്നിവ നെല്ല് ഉത്പാദനത്തില്‍ മുന്നിട്ടു നില്‍ക്കുന്നു. ഡെല്‍റ്റകള്‍ ചരിത്രത്തില്‍ മനുഷ്യ സംസ്കൃതിയുടെ വികാസത്തിന് നിര്‍ണായക സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്ന് ഈ അവലോകനം വ്യക്തമാക്കുന്നു.