This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ടങ് മരം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ടങ് മരം
Tung tree
യുഫോര്‍ബിയേസീ (Euphorbiaceae) സസ്യകുടുംബത്തിലെ സാമ്പത്തിക പ്രാധാന്യമുള്ള വൃക്ഷം. ശാസ്ത്രനാമം: അല്യുറൈടിസ് ഫോര്‍ഡിയൈ (Aleurites fordii). ഈ വൃക്ഷത്തിന്റെ വിത്തുകളില്‍ നിന്നു ലഭിക്കുന്ന എണ്ണയ്ക്ക് വ്യാവസായിക പ്രാധാന്യമുണ്ട്. ചൈന വുഡ് ഓയില്‍ എന്ന പേരില്‍ ഈ എണ്ണ പരക്കെ അറിയപ്പെടുന്നു. എണ്ണയ്ക്കുവേണ്ടിയാണ് പ്രധാനമായും ഈ വൃക്ഷം നട്ടുവളര്‍ത്താറുള്ളത്. അപൂര്‍വമായി ചോലമരമായും അലങ്കാരവൃക്ഷമായും വളര്‍ത്തി വരുന്നുണ്ട്. ഉഷ്ണമേഖലയിലാണ് ഇവ സമൃദ്ധമായുള്ളത്. ഇതിന്റെ ജന്മദേശം മധ്യപശ്ചിമ ചൈനയാണെന്നു കരുതപ്പെടുന്നു.
പരീക്ഷണാടിസ്ഥാനത്തില്‍ ടങ് മരത്തിന്റെ കൃഷി ബ്രിട്ടണില്‍ ആരംഭിച്ചത് 1927-ലാണ്. ഇന്ത്യയിലും മ്യാന്‍മറിലും തേയിലത്തോട്ടങ്ങളോടനുബന്ധമായിട്ടാണ് ടങ് മരക്കൃഷി തുടങ്ങിയത്. അസം, ബംഗാള്‍, ബീഹാര്‍, കൂര്‍ഗ്, മൈസൂര്‍ എന്നിവിടങ്ങളിലായിരുന്നു തുടക്കം. ആദ്യം അല്യുറൈടിസ് ഫോര്‍ഡിയൈ എന്ന ഇനത്തിന്റെ കൃഷിയാണ് ആരംഭിച്ചതെങ്കിലും ഇവയേക്കാള്‍ നന്നായി വളരുന്നത് അ. മൊണ്ടാന എന്ന ഇനമാണെന്ന് പില്ക്കാലത്ത് തെളിഞ്ഞു. എങ്കിലും ഇന്ത്യയില്‍ ഇന്നും വ്യാവസായികാടിസ്ഥാനത്തില്‍ ടങ് മരക്കൃഷി ആരംഭിച്ചിട്ടില്ല.
ടങ് മരം 12 മീറ്ററോളം ഉയരത്തില്‍ വളരും. 30 വര്‍ഷക്കാലം കൊണ്ടു മാത്രമേ ഇതിന്റെ വളര്‍ച്ച പൂര്‍ത്തിയാവുകയുള്ളൂ. ധാരാളം ശാഖോപശാഖകളോടെ പടര്‍ന്നു വളരുന്നു. ശാഖകള്‍ക്ക് ബലം കുറവായതിനാല്‍ വേഗം ഒടിഞ്ഞുപോകാറുണ്ട്. ടങ് മരങ്ങളുടെ ആകൃതി പരിരക്ഷിക്കാനായി ഒരു വര്‍ഷത്തെ വളര്‍ച്ചയ്ക്കു ശേഷം ശാഖകള്‍ മുറിച്ചു നീക്കാറുണ്ട്. ഇലകള്‍ക്ക് കടുംപച്ചനിറവും തിളക്കവുമുണ്ട്. വലിയ ഇലകള്‍ക്ക് 7.5 സെ.മീ. വരെ നീളം വരും. നീളം കൂടിയ ഇലഞെട്ട് പത്രപാളിയോടു ചേരുന്ന ഭാഗത്തായി ചുവപ്പുകലര്‍ന്ന തവിട്ടുനിറത്തിലുള്ള 1-4 ഗ്രന്ഥികള്‍ കാണാറുണ്ട്.
ടങ് വൃക്ഷങ്ങള്‍ മൂന്നരവര്‍ഷം പ്രായമാകുമ്പോഴേക്കും പുഷ്പിച്ചു തുടങ്ങും. വൃക്ഷത്തില്‍ എക്കാലവും പുഷ്പങ്ങളുണ്ടാകാറുണ്ടെങ്കിലും മേയ്-ആഗസ്റ്റ് മാസങ്ങളാണ് ഇതിന്റെ യഥാര്‍ഥ പുഷ്പകാലം. ഈ മാസങ്ങളില്‍ ടങ് മരങ്ങളില്‍ ഏറ്റവും കൂടുതല്‍ പുഷ്പങ്ങള്‍ കാണുന്നു. ശാഖാഗ്രങ്ങളില്‍ കുലകളായിട്ടാണ് പുഷ്പങ്ങള്‍ കാണാറുള്ളത്. ആണ്‍ പെണ്‍ പുഷ്പങ്ങള്‍ ഒരേ കുലയിലോ വെവ്വേറെ കുലകളിലോ കാണപ്പെടുന്നു. പെണ്‍ പുഷ്പങ്ങള്‍ കുലകളുടെ മധ്യഭാഗത്തും, അതിനുചുറ്റും ആണ്‍ പുഷ്പങ്ങളും വിന്യസിക്കപ്പെട്ടിരിക്കുന്നു. ആണ്‍പുഷ്പങ്ങളുടെ സംഖ്യ പെണ്‍പുഷ്പങ്ങളേക്കാള്‍ ഏറിയിരിക്കും. പുഷ്പങ്ങള്‍ക്ക് വെളുപ്പുനിറമാണ്. പെണ്‍പുഷ്പങ്ങള്‍ക്ക് 3-7 സെ. മീ. വരെ നീളമുണ്ട്. ആണ്‍പുഷ്പങ്ങള്‍ പൊതുവേ ചെറുതായിരിക്കും. അഞ്ചു ദളങ്ങള്‍ കാണപ്പെടുന്നു. ഇവയില്‍ ധാരാളം എണ്ണഗ്രന്ഥികളുണ്ടാകാറുണ്ട്. സ്വതന്ത്രകേസരതന്തുക്കളോടുകൂടിയ 8-20 കേസരങ്ങള്‍ ഓരോ പുഷ്പത്തിലും കാണപ്പെടുന്നു. കായ്കള്‍ ശാഖകളില്‍ ഒറ്റയായോ കുലകളായോ കാണാം. ഇവയ്ക്ക് തക്കാളിയുടെ ആകൃതിയാണുള്ളത്. ആറുമാസം കൊണ്ട് കായ്കള്‍ മൂപ്പെത്തി ഉണങ്ങിവീഴും. ഇവയ്ക്ക് ഇളം തവിട്ടുനിറമാണ്. കായ്കള്‍ക്കുള്ളില്‍ മൂന്നു വിത്തുകള്‍ വീതം ഉണ്ടായിരിക്കും. തോടിനു നല്ല കട്ടിയുണ്ട്. ഇതിനുള്ളിലെ വെളുത്തു മാംസളമായ പരിപ്പിലാണ് എണ്ണ അടങ്ങിയിരിക്കുന്നത്.
നല്ല നീര്‍വാര്‍ച്ചയുള്ളതും, കളിമണ്ണിന്റെ അംശം കുറഞ്ഞതും വളക്കൂറുള്ളതുമായ മണ്ണാണ് ടങ് മരത്തിന്റെ കൃഷിക്ക് അനുയോജ്യം. വിത്തു പാകി മുളപ്പിച്ചാണ് കൃഷി ചെയ്യുന്നത്. നന്നായി ഉണങ്ങിയതും ശേഖരിച്ചിട്ട് രണ്ടാഴ്ചയിലധികമാകാത്തതുമായ കായ്കളുടെ പുറന്തോടു മാറ്റി വിത്ത് കേടുകൂടാതെ എടുക്കുന്നു. നല്ല വിത്തുകള്‍ മാത്രം തിരഞ്ഞെടുത്ത് തടങ്ങളില്‍ പാകിമുളപ്പിക്കുകയോ നടാനുള്ള സ്ഥലത്ത് കുഴിയെടുത്ത് നടുകയോ ചെയ്യുന്നു. മൂന്നാഴ്ചയ്ക്കുശേഷം വിത്തുകള്‍ മുളയ്ക്കുന്നു. 3-4 മാസം പ്രായമാകുമ്പോള്‍ തൈകള്‍ പറിച്ചുനടാന്‍ പ്രാപ്തമാകുന്നു.
ടങ് മരങ്ങളെ വിവിധയിനം കീടങ്ങള്‍ ആക്രമിക്കാറുണ്ട്. അസ്പിഡിയോട്ടസ് (Aspidiotus), സെറിക്ക (Serica), സ്പീഷീസ് പ്രധാനമായും ടങ് മരത്തിന്റെ ഇലകളെയാണ് ആക്രമിക്കാറുള്ളത്. ലാക്ട്രോസ്റ്റോമ (Lactrostoma), അനോമല (Anomala) എന്നീ സ്പീഷീസ് മരത്തൊലിക്കാണ് നാശമുണ്ടാക്കുന്നത്. നിരവധി ഇനം കുമിളുകള്‍ വേരിലും ശാഖകളിലും ഇലകളിലും പരാദങ്ങളായി ജീവിക്കാറുമുണ്ട്.
കായ്കള്‍ വറുത്തശേഷം തിളച്ച വെള്ളത്തിലിട്ടു വിത്തുകള്‍ പുറത്തെടുക്കുകയോ, കായ്കള്‍ കൂട്ടിയിട്ടു വയ്ക്കോല്‍ കൊണ്ട് കുറേ ദിവസം മൂടിവച്ച് അഴുകുമ്പോള്‍ വിത്തുകള്‍ പുറത്തെടുക്കുകയോ ചെയ്യുന്നു. വിത്തുകള്‍ ഉണക്കിയശേഷം ആട്ടി എണ്ണയെടുക്കുന്നു.
ടങ് എണ്ണയ്ക്ക് വ്യാവസായിക പ്രാധാന്യമുണ്ട്. ഇത് എളുപ്പത്തില്‍ ഉണങ്ങി കട്ടിയേറിയ ജലസഹപാളിയായി മാറും എന്നതിനാല്‍ പെയിന്റുകള്‍, വാര്‍ണീഷുകള്‍ തുടങ്ങിയ സംരക്ഷണ ലേപനങ്ങളുടെ നിര്‍മാണത്തിനുപയോഗിക്കുവാന്‍ സാധിക്കും. അമ്ള-ക്ഷാര പ്രതിരോധകഗുണവും ഈ എണ്ണയ്ക്കുണ്ട്. ടങ് എണ്ണ 8-10 മിനിട്ട് ചൂടാക്കിയാല്‍ കുറുകി കുഴമ്പുരൂപത്തിലായിത്തീരുന്നു. ടങ് എണ്ണയുടെ ഒരു പ്രത്യേകതയാണിത്. അ. ഫോര്‍ഡിയൈ ഇനത്തിന്റെ എണ്ണയില്‍ പ്രധാനമായും മ-എലെയോസ്റ്റിയറിക് ഗ്ളിസറൈഡുകളും ഒലിയിക് ആസിഡുകളും അടങ്ങിയിരിക്കുന്നു. അ. ഫോര്‍ഡിയൈയുടേയും അ. മൊണ്ടാനയുടേയും എണ്ണയ്ക്ക് ഒരേ ഗുണങ്ങളാണുള്ളത്. ഇവ തമ്മില്‍ കൂട്ടിക്കലര്‍ത്തിയും ഉപയോഗിക്കാറുണ്ട്.
ഉപ്പുവെള്ളം ടങ് എണ്ണയ്ക്ക് യാതൊരു കേടും ഉണ്ടാക്കാത്തതിനാല്‍ ബോട്ടുകള്‍ പെയിന്റു ചെയ്യാന്‍ ഉപയോഗിക്കുന്നു. ലിനോളിയം, ഓയില്‍ ക്ളോത്ത്, പ്രിന്റിംഗ് മഷികള്‍, ബ്രേക് ലൈ നിങ്, പശ വസ്തുക്കള്‍ എന്നിവയുടെ ഉത്പാദനത്തിനും ടങ് എണ്ണ പ്രയോജനപ്പെടുന്നു. എണ്ണ ആട്ടിയശേഷം ലഭിക്കുന്ന പിണ്ണാക്ക് നല്ല വളമാണ്. സാപ്പോനിന്‍ എന്ന വിഷാലുവസ്തു അടങ്ങിയിട്ടുള്ളതിനാല്‍ പിണ്ണാക്ക് കാലിത്തീറ്റയായി ഉപയോഗിക്കാറില്ല.