This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ട്രക്ക്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:20, 19 നവംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ട്രക്ക്

Truck

ചരക്ക് കയറ്റിക്കൊണ്ടു പോകാന്‍ ഉപയോഗിക്കുന്ന വാഹനം. നീരാവി എന്‍ജിന്‍ ഉപയോഗിച്ച് വലിച്ചുകൊണ്ടു പോകാവുന്ന വണ്ടി അഥവാ വാന്‍ ആയിരുന്നു ആദ്യകാല ചരക്കു വാഹനം. 1870 കളില്‍ ബ്രിട്ടനിലാണ് ഇവ ആദ്യമായി പരീക്ഷിക്കപ്പെട്ടത്. വാണിജ്യ ആവശ്യങ്ങള്‍ക്കായി ഇത്തരത്തിലുള്ള ഒരെണ്ണം 1892-ല്‍ ഫ്രഞ്ചുകാരനായ മൗറിസ് ലെ ബ്ലാങ്ക് നിര്‍മിച്ചു. പെട്രോള്‍ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ആന്തര ദഹന യന്ത്രം കാള്‍ ബെന്‍സ് (Karl Benz) കണ്ടുപിടിച്ചതോടെ അതില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ജര്‍മന്‍ എന്‍ജിനീയറായ ഗൊട്ട്ലിബ് ഡയ് മ്ലെര്‍ (Gottlieb Daimler) 1896 ഓടെ പെട്രോള്‍ ഇന്ധനമായുള്ള ഒരു ചരക്ക് വാഹനം നിര്‍മിച്ചു പുറത്തിറക്കി.

നാലു കുതിരശക്തിയുള്ള എന്‍ജിനാണ് അതില്‍ ഉപയോഗിച്ചിരുന്നത്. ബെല്‍റ്റ് ചാലിത (belt drive) സംവിധാന ത്തില്‍ പ്രവര്‍ത്തിച്ചിരുന്ന അതിനെ രണ്ടു ദിശകളിലേക്കായി-മുന്നോട്ടും പിന്നോട്ടും-ഓടിക്കാമായിരുന്നു. തുടര്‍ന്ന് പെട്രോള്‍ ഇന്ധനമായിട്ടുള്ളതും ആറ് കുതിരശക്തിയുള്ളതുമായ ഒരിനം 'വാഗണ്‍' യു.എസ്സിലെ വില്യം കമ്പനി 1898-ല്‍ പുറത്തിറക്കി. ഒന്നും രണ്ടും ലോകയുദ്ധങ്ങളില്‍ സൈനിക ആവശ്യങ്ങള്‍ക്കായും മറ്റും ട്രക്കുകള്‍ വ്യാപകമായി പ്രയോജനപ്പെടുത്തിയിരുന്നു.

ആദ്യകാല ട്രക്കുകള്‍ താരതമ്യേന ഭാരമുള്ളവയും പ്രാകൃത യന്ത്ര സംവിധാനങ്ങള്‍ ഉപയോഗിക്കുന്നവയുമായിരുന്നു. കുണ്ടും കുഴിയും ചെളിയും നിറഞ്ഞ റോഡിലൂടെ അവയ്ക്ക് സഞ്ചരിക്കാനാവാത്തതിനാല്‍ അക്കാലത്ത് നഗര വീഥികളിലൂടെ മാത്രമേ ട്രക്കുകള്‍ക്ക് ചരക്കു വിനിമയം നടത്താന്‍ കഴിഞ്ഞിരുന്നുള്ളൂ. വിവിധ ഇനം വാണിജ്യ ട്രക്കുകളുടെ ഗുണവും മറ്റും പരീക്ഷിച്ചറിയാനുള്ള പ്രഥമ മത്സരം അമേരിക്കയിലെ ഓട്ടോമൊബൈല്‍ ക്ളബ് 1903 ല്‍ സംഘടിപ്പിച്ചു. ഇതിന്റെ വിജയം മോട്ടോര്‍ ട്രക്കുകളുടെ ഉത്പാദനത്തിന് ആക്കം കൂട്ടി.

നീരാവിയോ ആന്തര ദഹന എന്‍ജിനോ ഉപയോഗിച്ചാണ് ആദ്യകാല ട്രക്കുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. 1930-തുകളോടെ ഡീസല്‍ എന്‍ജിന്‍ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ട്രക്കുകള്‍ നിര്‍മിക്കപ്പെട്ടു. ക്രമേണ അത്തരം ഇനങ്ങള്‍ വ്യാപകമായിത്തീരുകയും ചെയ്തു.

വര്‍ഗീകരണം. പ്രധാനമായി രണ്ടിനം ട്രക്കുകളുണ്ട്; നേര്‍ ഇനവും സന്ധാന (articulated) ഇനവും. ഒരൊറ്റ ചട്ടക്കൂടില്‍ തന്നെ എല്ലാ ആക്സിലുകളും ഉറപ്പിച്ചിട്ടുള്ളതാണ് നേര്‍ ട്രക്ക്. രണ്ടോ അതിലധികമോ ചട്ടക്കൂടുകളെ അനുയോജ്യമായ കപ്ളിങ് മൂലം പരസ്പരം ബന്ധിപ്പിച്ച് തയ്യാറാക്കുന്നവയാണ് സന്ധാന ട്രക്കുകള്‍. സന്ധാന ഇനത്തിലെ ഘടക ഭാഗങ്ങളായ ചട്ടക്കൂടുകളെ ട്രെയിലറുകള്‍ എന്ന് വിളിക്കുന്നു. ഇവയെ ട്രക്ക് മൂലമോ ട്രക്ക് ട്രാക്റ്റര്‍ മൂലമോ വലിച്ചുകൊണ്ടു പോകുന്നു. ട്രെയിലറുകളെ അര്‍ധട്രെയിലര്‍ (semitrailer), പൂര്‍ണട്രെയിലര്‍ (fulltrailer) എന്നു രണ്ടായി വീണ്ടും തരംതിരിക്കാം. ട്രെയിലറിന്റേയും അതിലെ ചരക്കിന്റേയും കൂടുതല്‍ ഭാരവും ട്രക്ക് ട്രാക്റ്ററില്‍ അനുഭവപ്പെടുന്ന തരത്തില്‍ നിര്‍മിക്കപ്പെട്ടവയാണ് അര്‍ധട്രെയിലര്‍. മറിച്ച്, ട്രെയിലറിന്റേയും അതിലെ ചരക്കിന്റേയും മുഴുവന്‍ ഭാരവും ചക്രങ്ങളില്‍ തന്നെ അനുഭവപ്പെടുന്ന തരത്തില്‍ തയ്യാറാക്കപ്പെട്ടവയാണ് പൂര്‍ണട്രെയിലര്‍. ആവശ്യമെങ്കില്‍ ഇതര ഉപകരണങ്ങള്‍ ഉപയോഗിച്ച് അര്‍ധട്രെയിലറെ പൂര്‍ണട്രെയിലറായി പരിവര്‍ത്തനം ചെയ്യാനും കഴിയും.

ഉപയോഗരീതി ആസ്പദമാക്കിയും ട്രക്കുകളെ വര്‍ഗീകരിക്കാനാകും. സ്വകാര്യ ആവശ്യങ്ങള്‍ക്കായി മാത്രം ഉപയോഗിക്കുന്നവ, കരാര്‍ അടിസ്ഥാനത്തില്‍ ഓടുന്നവ, പൊതു ആവശ്യങ്ങള്‍ക്കായുള്ളവ എന്നിവയാണ് ഇവയില്‍ പ്രധാനപ്പെട്ടവ.

ഒരു കമ്പനിയുടെയോ വ്യക്തിയുടെയോ ആവശ്യങ്ങള്‍ക്കായി പ്രയോജനപ്പെടുത്തുന്നവയാണ് സ്വകാര്യ ട്രക്കുകള്‍ (private carrier). കൃഷി സ്ഥലത്തു നിന്ന് വില്പന കേന്ദ്രത്തിലേക്ക് കാര്‍ഷിക വസ്തുക്കള്‍ കയറ്റിക്കൊണ്ടു പോവുക, ആവശ്യമുള്ള അസംസ്കൃത പദാര്‍ഥങ്ങള്‍ ഫാക്ടറികളിലും, അവിടെ നിന്ന് ഉത്പന്നങ്ങള്‍ വിപണിയിലോ കമ്പനിയുടെ തന്നെ ഇതര ഫാക്ടറികളിലോ എത്തിക്കുക എന്നിവയ്ക്കായാണ് ഇത്തരം ട്രക്കുകള്‍ ഉപയോഗിക്കുന്നത്.

വലിയ വ്യവസായ സ്ഥാപനങ്ങളുമായി 'ദീര്‍ഘ കാല ഉടമ്പടി' ഉണ്ടാക്കിയ ശേഷം അവരുടെ ചരക്കുകള്‍ മാത്രം കയറ്റിക്കൊണ്ടു പോകുന്നവയാണ് കരാര്‍ അടിസ്ഥാനത്തില്‍ ഓടുന്ന ട്രക്കുകള്‍ (contract carrier). ഈ രീതിയില്‍ ഒരു ട്രക്കു തന്നെ ഒന്നിലേറെ കമ്പനികള്‍ക്കു വേണ്ടിയും ഓടിക്കാറുണ്ട്. പൊതു ആവശ്യങ്ങള്‍ക്കായി സാധനങ്ങളും മറ്റും കൊണ്ടു പോകുന്നവ പൊതുട്രക്ക് (common carrier) എന്നറിയപ്പെടുന്നു.

ആക്സില്‍. രണ്ടോ അതിലധികമോ ആക്സിലുകള്‍ ഭാരം കൂടിയ ട്രക്കുകളില്‍ ഉപയോഗിക്കാറുണ്ട്. ട്രക്കിന്റെ ഭാരവും ശേഷിയും വര്‍ധിക്കുംതോറും ആക്സിലുകളുടെ എണ്ണവും വര്‍ധിക്കുക പതിവാണ്. ആവശ്യാനുസരണം ആക്സിലുകളെ പവേഡും (പ്രവര്‍ത്തിക്കാന്‍ ആവശ്യമായ ഊര്‍ജത്തിന്റെ ഒരംശം എന്‍ജിനില്‍ നിന്നും ലഭ്യമാക്കുന്നു) ആക്കാനാകും. ആക്സിലുകളുടെ കേന്ദ്ര ബിന്ദുക്കള്‍ തമ്മിലുള്ള ദൂരം പൊതുവേ ചക്രവും അതിലെ ടയറും ചേര്‍ന്നുള്ള മൊത്തം വ്യാസത്തിന്റെ ഒന്ന്/ ഒന്നര മടങ്ങോളമേ വരൂ. എന്നാല്‍ ഇതിലും ഉയര്‍ന്ന ദൂരത്തിലാണ് ആക്സിലുകള്‍ ഘടിപ്പിക്കുന്നതെങ്കില്‍, അതിനെ സ്പ്രെഡ് ടാന്‍ഡം (spread tendem) അസെംബ്ലി സംവിധാനമെന്ന് പറയുന്നു. മിശ്രലോഹ ഉരുക്കു കൊണ്ടുള്ള രണ്ട് ചാനല്‍ ഛേദഭാഗങ്ങള്‍ (channel sections) ഉപയോഗിച്ചാണ് പൊതുവേ ചട്ടക്കൂട് പണിയുന്നത്. അര്‍ധട്രെയിലറും മറ്റും ഇന്ന് യൂണിറ്റ് ഘടക ഭാഗങ്ങള്‍ ചേര്‍ന്ന് നിര്‍മിക്കാറാണു പതിവ്. Image:442trucker1.png Image:442trucker2.png Image:442trucker3.png

നിലംബനം (suspension). മുന്‍ ആക്സിലിലെ ലീഫ് സ്പ്രിങുകളും ഷോക്ക് അബ്സോര്‍ബറുകളും ഉപയോഗിച്ച് മുന്‍ ആക്സിലിനെ ചട്ടക്കൂടുമായി ഉറപ്പിക്കുന്നതായിരുന്നു ആദ്യകാലത്തെ മുന്‍ നിലംബന (front suspension) സംവിധാനം. പ്രത്യേകമായ മുന്‍ നിലംബന രീതി വികസിപ്പിച്ചെടുക്കപ്പെട്ടത് 1960-ലാണ്. എന്നാല്‍ ഇതിനു വിപരീതമായി പിന്‍ നിലംബനം (rear suspension) വിവിധ രീതികളില്‍ നടപ്പാക്കാറുണ്ട്. ഒരു പവേഡ് ആക്സില്‍ മാത്രമുള്ള ട്രക്കില്‍ ലീഫ് സ്പ്രിങ് മൂലമാണ് പൊതുവേ ആക്സിലിനെ ചട്ടക്കൂടുമായി ബന്ധപ്പെടുത്തുന്നത്. ആക്സില്‍ ഫുള്‍- ഫ്ളോട്ടിങ് (full-floating) ഇനമായതിനാല്‍ മുഴുവന്‍ ഭാരവും ആക്സില്‍ ഹൗസിങ് തന്നെയാണ് താങ്ങുന്നത്. തന്മൂലം ഹൌസിങ്ങിനുള്ളിലെ ചാലിത ആക്സിലില്‍ (drive axle) ഒരു ഭാരവും അനുഭവപ്പെടാറേയില്ല. ഇതു കാരണം ചാലിത ആക്സില്‍ ഒടിഞ്ഞു പോയാലും ഹൗസിങ് തന്നെ ലോഡിനെ താങ്ങിനിറുത്തുന്നു. ഏക-വേഗ (single speed), ദ്വി-വേഗ (two-speed) ടാന്‍ഡം- ഡ്രൈവ്, പവേഡ് എന്നിങ്ങനെ പല തരത്തിലുള്ള ആക്സിലുകള്‍ ആവശ്യാനുസരണം ഉപയോഗിക്കാറുണ്ട്.

സ്റ്റീയറിങ്. മുന്‍വശത്തെ ഓരോ ചക്രത്തിനും ഒരു കിങ് പിന്‍ വീതം നല്‍കുന്നു. എക്കര്‍മാന്‍ രീതിയിലുള്ള പവര്‍ സ്റ്റീയറിങ് സംവിധാനമാണ് ട്രക്കുകളില്‍ സ്വീകരിക്കപ്പെട്ടിട്ടുള്ളത്. മുന്‍ ചക്രത്തിന്റെ പരമാവധി ക്രാംപ് കോണം (cramp angle) ഏകദേശം 35° ആണ്. ടേണിങ് വ്യാസാര്‍ധത്തിന്റെ ഏറ്റവും കുറഞ്ഞ മൂല്യം നിജപ്പെടുത്തുന്നത്, ചക്രത്തിന്റെ അടിത്തറയ്ക്ക് (wheelbase) ആനുപാതികമായിട്ടായിരിക്കും. ചില ട്രക്കുകള്‍ക്ക് മുന്‍വശത്ത് രണ്ട് സ്റ്റീയറിങ് ആക്സിലുകളും ഉണ്ടായിരിക്കും.

എന്‍ജിനും ഇന്ധനവും. 1930 വരെ പെട്രോള്‍ എന്‍ജിനാണ് ട്രക്കുകളില്‍ പ്രത്യേകിച്ചും, യു.എസ്സിലുള്ളവയില്‍, വ്യാപകമായി ഉപയോഗിച്ചിരുന്നത്. എന്നാല്‍ രണ്ടാം ലോകയുദ്ധശേഷം ഇവയില്‍ ഡീസല്‍ എന്‍ജിന്‍ പ്രയോജനപ്പെടുത്തിത്തുടങ്ങി. 1950-ല്‍ യു. എസ്സിലെ ബോയിങ് കമ്പനി ട്രക്കില്‍ ആദ്യമായി വാതക ടര്‍ബൈന്‍ സംവിധാനം പരീക്ഷിച്ചു. 1952 ല്‍ പ്രൊപ്പൈന്‍ ദ്രാവകം കൊണ്ടു പ്രവര്‍ത്തിപ്പിക്കാവുന്ന ഒരു എന്‍ജിന്‍ നിര്‍മിക്കപ്പെട്ടു. ട്രക്കില്‍ ഡീസല്‍ എന്‍ജിന്‍ ഘടിപ്പിക്കാനുള്ള മുതല്‍മുടക്ക് വളരെ ഉയര്‍ന്നതാണ്. പക്ഷേ പ്രൊപ്പൈന്‍ ദ്രാവക എന്‍ജിന്റെ നിര്‍ഗമ (output) ശേഷി ഡീസല്‍ എന്‍ജിനെ അപേക്ഷിച്ച് താരതമ്യേന കുറവാണ്.

ടയര്‍. ഒന്നാം ലോകയുദ്ധ കാലം വരെ ട്രക്കുകളില്‍ ഖര ടയറാണ് ഉപയോഗിച്ചിരുന്നത്. 1930-കളോടെ റയോണും, 1940-കളോടെ നൈലോണും ട്രക്ക് ടയര്‍ നിര്‍മാണത്തില്‍ പ്രയോജനപ്പെടുത്തി ത്തുടങ്ങി. ഒന്നിലേറെ ടയറുകളുള്ള 'ടയര്‍ ചങ്ങലകള്‍' (tyre chains) 1940 ഓടെ ട്രക്കുകളില്‍ ഉപയോഗത്തില്‍ വന്നു. ക്രമേണ വിവിധ ഇനം ടയറുകള്‍ ട്രക്കുകള്‍ക്കായി നിര്‍മിക്കപ്പെട്ടിട്ടുണ്ട്.

പ്രേഷണവും ബ്രേക്കിങും. പൊതുവേ സ്വചാലിത പ്രേഷണം (transmission) ആണ് ട്രക്കുകളില്‍ ഉപയോഗത്തിലുള്ളത്. വളരെ സരള രീതിയില്‍ നിന്ന് ആരംഭിച്ചെങ്കിലും ഇന്ന് എയര്‍ / നിര്‍വാത ബൂസ്റ്റര്‍ / ഹൈഡ്രോളിക് / എയര്‍-ഓവര്‍ ഹൈഡ്രോളിക് / വൈദ്യുത തുടങ്ങിയ വളരെ സങ്കീര്‍ണമായ ബ്രേക്കിങ് സംവിധാനമാണ് ട്രക്കുകളില്‍ കാണാറുള്ളത്. ബ്രേക്കിങ് ഉപകരണത്തിന് തകരാറു സംഭവിച്ചാല്‍ അത്യാസന്ന ഘട്ടങ്ങളില്‍ പ്രയോജനപ്പെടുത്തുവാനുള്ള എമര്‍ജന്‍സി ബ്രേക്കിങ് രീതിയും ട്രക്കുകളില്‍ ഘടിപ്പിച്ചിട്ടുണ്ടാവും. ട്രക്കുകളിലെ എല്ലാ ട്രെയിലറുകളിലും ഒരേ സമയം ബ്രേക്ക് അനുഭവപ്പെടുന്ന രീതിയിലാണ് ഈ എമര്‍ജന്‍സി സംവിധാനം തയ്യാറാക്കിയിരിക്കുന്നത്. ഇതു കൂടാതെ ട്രക്കിലെ പാര്‍ക്കിങ് ബ്രേക്കിനേയും സ്പ്രിങ് ബ്രേക്കിനേയും അത്യാസന്ന സന്ദര്‍ഭങ്ങളില്‍ പ്രയോജനപ്പെടുത്താനാകും. ബ്രേക്കിങ് സംവിധാനത്തിലെ വായു നഷ്ടപ്പെട്ടാലും പ്രവര്‍ത്തിപ്പിക്കാവുന്നതാണിവ.

ഗുണമേന്മകള്‍. നഗരത്തിലെ വീടുകള്‍ തോറും ചരക്കുകള്‍ കൊണ്ടെത്തിക്കുക, ചെറിയ ദൂരം മാത്രം കൊണ്ടുപോകേണ്ട ചരക്കുകള്‍ക്കായി താരതമ്യേന ചെലവു കുറഞ്ഞതും വേഗതയേറിയതുമായ രീതിയില്‍ പ്രയോജനപ്പെടുത്താനാവുക, വാഹനത്തില്‍ നിന്ന് എളുപ്പത്തില്‍ ചരക്ക് കയറ്റി ഇറക്കാനാവുക, റോഡോ മറ്റ് പാതകളോ ഉള്ളിടത്തേക്കെല്ലാം ഓടിച്ചു പോകാനാവുക മുതലായവയാണ് ട്രക്കിന്റെ പ്രധാന ഗുണമേന്മകള്‍.

പോരായ്മകള്‍. ഭാരം കൂടിയ ബള്‍ക്ക് ഇനം ചരക്കുകള്‍ നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ ട്രക്കു മൂലം എത്തിക്കുക ചെലവേറിയ കാര്യമാണ്. ട്രക്കില്‍ കയറ്റാവുന്ന ചരക്കിന്റെ ഇനം ട്രക്കിന്റെ രൂപത്തെ ആശ്രയിച്ചിരിക്കുമെന്നതാണ് മറ്റൊരു പോരായ്മ. കാലാവസ്ഥ, റോഡിന്റെ അവസ്ഥ, ഗതാഗത രീതി എന്നിവയും ട്രക്കിന്റെ സുഗമമായ സഞ്ചാരത്തെ പ്രതികൂലമായി സ്വാധീനിക്കും എന്നതും എടുത്തു പറയേണ്ട ഒരു അപര്യാപ്തതയാണ്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9F%E0%B5%8D%E0%B4%B0%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍