This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഡ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഡ
മലയാള അക്ഷരമാലയിലെ പതിമൂന്നാമത്തെ വ്യഞ്ജനം. മൂര്‍ധന്യമായ 'ട' വര്‍ഗത്തിലെ മൃദുസ്വനമാണിത്. സംവാരം, നാദം, ഘോഷം, അല്പപ്രാണം, എന്നിവയാണ് ബാഹ്യപ്രയത്നങ്ങള്‍. ഭാരതീയ ആര്യഭാഷകളിലും തെലുഗു, കന്നഡ എന്നീ ദ്രാവിഡ ഭാഷകളിലും പതിമൂന്നാമത്തെ വ്യഞ്ജനമാണിത്. തമിഴില്‍ ഈ അക്ഷരമില്ല.
ഉച്ചാരണ സൌകര്യത്തിനുവേണ്ടി വ്യഞ്ജനത്തോട് അകാരം ചേര്‍ത്തുച്ചരിക്കുന്ന രീതിക്ക് 'ഡ്' എന്നതിനോട് 'അ' ചേര്‍ന്ന രൂപമാണ് 'ഡ' (ഡ്+അ=ഡ). മറ്റു സ്വരങ്ങളുമായിചേര്‍ന്ന് ഡാ, ഡി, ഡീ, ഡു, ഡൂ, ഡൃ, ഡെ, ഡേ, ഡൈ, ഡൊ, ഡോ, ഡൌ എന്നീ രൂപങ്ങളുണ്ടാകുന്നു.
മറ്റു വ്യഞ്ജന സ്വനങ്ങളുമായി ചേര്‍ന്ന് ഡ്ഗ, ഡ്ജ, ഡ്ഢ, ഡ്ബ, ഡ്ഭ, ഡ്മ, ഡ്യ, ഡ്ല, ഡ്വ, ഡ്റ, ഡ്ഗ്ര, ഡ്ഢ്യ, ണ്ഡ,ണ്ഡ്യ, ണ്ഡ്വ, ണ്ഡ്റ, ന്‍ഡ്യ എന്നീ സംയുക്താക്ഷരങ്ങളുണ്ടാകുന്നു. ഡ-യുടെ സംയുക്താക്ഷരം തനിമലയാളപദങ്ങളുടെ ആദിയിലില്ല. എന്നാല്‍ ഇംഗ്ളീഷ് തുടങ്ങിയ ഭാഷകളില്‍ നിന്നും തത്സമമായി സ്വീകരിക്കുന്ന ഡ്രസ്സ്, ഡ്രാമ തുടങ്ങിയ പദങ്ങളില്‍ പ്രയോഗിച്ചു കാണുന്നു. സംയുക്താക്ഷരങ്ങളുള്ള പദങ്ങള്‍ക്കുദാഹരണമാണ് ഷഡ്ഗവ്യം, ഷഡ്ജം, ഉഡ്ഡയനം, വിഡ്ഢി, ഷഡ്ബിന്ദു, ഷഡ്ഭാഗം, കുഡ്മളം, ജാഡ്യം, ഷഡ്ലവണങ്ങള്‍, പ്രാഡ്വിപാകന്‍, ഔഡ്ര, ഷഡ്ഗ്രന്ഥികള്‍, വിഡ്ഢ്യാന്‍, അണ്ഡം, പാണ്ഡ്യന്‍, പാണ്‍ഡ്വം,പുണ്ഡ്രം, ഇന്‍ഡ്യ എന്നിവ.
മറ്റു ഭാഷകളില്‍ നിന്നും മലയാളത്തില്‍ സ്വീകരിച്ചിട്ടുള്ള പദങ്ങളിലെ ഡകാരം ചിലപ്പോള്‍ ളകാരമായും ചിലപ്പോള്‍ ഴകാരമായും മാറിക്കാണുന്നു. നാഡി (നാളി), നാഡിക (നാഴിക), ഷഡ്ഗവ്യം (ഷള്‍ഗവ്യം), ജാഡ്യം (ജാള്യം) എന്നിവ ഉദാഹരണം. വൈദിക ഭാഷയില്‍ ളകാരം ഉണ്ടായിരുന്നത് സംസ്കൃതത്തില്‍ ഡകാരമായി മാറുകയുണ്ടായി. ഉദാഹരണമായി 'ഈളേ' (ഞാന്‍ സ്തുതിക്കുന്നു-അഗ്നിമീളേ പുരോഹിതം-ഋഗ്വേദത്തിലെ പ്രഥമമന്ത്രത്തിന്റെ തുടക്കം) എന്ന ക്രിയ. സംസ്കൃതത്തില്‍ ളകാരം ഇല്ലാത്തതിനാല്‍ 'ഈഡേ' എന്നാണ് ഈ ക്രിയാരൂപം.
മറ്റു ഭാഷകളില്‍ നിന്നും മലയാളം സ്വീകരിച്ചിട്ടുള്ള പദങ്ങളിലെ ദകാരം ചിലപ്പോള്‍ 'ഡ'കാരമായി മാറുന്നതിനുദാഹരണമാണ് ദഫേദാര്‍ (ഡഫേദാര്‍), ദംഭം (ഡംഭം), ദര്‍ബാര്‍ (ഡര്‍ബാര്‍), ദാഡിമം (ഡാഡിമം) എന്നിവ.
അനുനാസികമായ ണകാരത്തെ തുടര്‍ന്ന് അതിന്റെ സംയുക്തമായി വരുന്ന ഡകാരം അനുനാസികമായി മാറാറുള്ളതിനുദാഹരണമാണ് പിണ്ഡം (പിണ്ണം), ദണ്ഡം (ദണ്ണം) എന്നീ പദങ്ങള്‍.
ഗ, ജ, ഡ, ദ, ബ, യ, ര, ല എന്നീ അക്ഷരങ്ങളുടെ പ്രത്യേകതയാണ് ഇവയോടു ചേര്‍ന്നുള്ള അകാരം ചിലപ്പോള്‍ എകാരമായി ഉച്ചരിക്കാറുള്ളത്. ഉദാഹരണം ഡപ്പി-ഉച്ചാരണത്തില്‍ 'ഡെപ്പി'.
വര്‍ണോദ്ധാരതന്ത്രം എന്ന ഗ്രന്ഥത്തില്‍ ലക്ഷ്മി, സരസ്വതി, ഭവാനി എന്നിവരെ ഡകാരത്തിന്റെ അധിദേവതകളായി കണക്കാക്കുന്നു. ഈ കൃതിയില്‍, ഡകാരത്തിന് സ്മൃതി, ദാരുകന്‍, യോഗിനി, പ്രിയന്‍, കൌമാരി (പാര്‍വതി), ശങ്കരന്‍, ഭയം, ത്രിവിക്രമന്‍, നദകന്‍, ധ്വനി, ദുരൂഹന്‍, ജടിലി, ഭീമ (ദുര്‍ഗ), ദ്വിജിഹ്വന്‍, പൃഥിവി (പൃഥ്വി), സതി, കോലഗിരി, ക്ഷമ, കാന്തി, നാഭി, ലോചനം എന്നീ അര്‍ഥങ്ങളുള്ളതായി പറയുന്നു. ശിവന്‍, ശബ്ദം, ഭയം, ഒരു തരം ചര്‍മവാദ്യം, ബഡവാഗ്നി, ഡാകിനി (ഒരു പിശാചിക), തൂക്കുകൂട എന്നീ അര്‍ഥങ്ങളാണ് സംസ്കൃതകോശങ്ങള്‍ നല്‍കുന്നത്.