This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അക്കിബവോ ബെന്‍ ജോസെഫ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
= അക്കിബവോ ബെന്‍ ജോസെഫ് (40? - 135) =
Akibva Ben Joseph
പലസ്തീനിയന്‍ യഹൂദ ഗുരു. എ.ഡി. 40-നോടടുപ്പിച്ചായിരുന്നു ജനനം. ഇദ്ദേഹം നിരക്ഷരകുക്ഷിയായ ഒരു ആട്ടിടയനായിരുന്നു എന്നും 40-ാം വയസ്സുമുതലാണ് പഠനം ആരംഭിച്ചതെന്നും പറയപ്പെടുന്നു. അടിസ്ഥാന വിദ്യാഭ്യാസം നേടി അധികമാകുന്നതിനു മുന്‍പു തന്നെ അക്കാലത്തെ പ്രസിദ്ധ പണ്ഡിതന്മാരുടെ സമശീര്‍ഷനായി. വേദഗ്രന്ഥങ്ങളെ വ്യാഖ്യാനിക്കുന്നതില്‍ സ്വന്തമായ ഒരു രീതി ആവിഷ്കരിച്ചു. അവയിലെ ആശയങ്ങള്‍ക്കു പ്രത്യക്ഷമായ ഒരു അര്‍ഥവും പരോക്ഷമായ മറ്റൊരര്‍ഥവും ഉണ്ടെന്നും ലിഖിതനിയമവും (Torah) വാമൊഴിയായി പകര്‍ന്നു കിട്ടിയിട്ടുള്ള നിയമവും (Halakhah) അടിസ്ഥാനപരമായി ഒന്നുതന്നെയാണെന്നും ഇദ്ദേഹം വിശ്വസിച്ചു. യഹൂദരുടെ സാമൂഹികവും മതപരവുമായ ജീവിതരീതി എങ്ങനെ ആയിരിക്കണമെന്നതിനെപ്പറ്റിയുള്ള വാമൊഴിയില്‍ മാത്രം നിലനിന്നിരുന്ന പരമ്പരാഗത നിയമങ്ങളെ ഇദ്ദേഹം ശേഖരിച്ച് ക്രോഡീകരിച്ചെടുത്തു. അങ്ങനെ "മിഷ്ന (Mishna)യുടെ അടിസ്ഥാനമിട്ടു. (മിഷ്ന: വാമൊഴിയായി നിഷ്ക്കര്‍ഷിക്കപ്പെട്ടിരുന്ന യഹൂദ നിയമങ്ങള്‍ പില്ക്കാലത്ത് ലിഖിതരൂപത്തിലാക്കി. അത്തരത്തില്‍പ്പെട്ട ഏറ്റവും പ്രാചീനവും ആധികാരികവുമായ സമാഹാരം.)
പുരോഹിതന്മാരുടെ വേദവ്യാഖ്യാനങ്ങളെ ചോദ്യം ചെയ്ത അക്കിബവോ അധഃസ്ഥിതരുടെ - വിശേഷിച്ച് കൈപ്പണിക്കാരുടേയും തൊഴിലാളികളുടേയും പ്രശ്നങ്ങളില്‍ താത്പര്യം എടുത്തു. പുരോഹിതന്മാരുടെ അവകാശങ്ങള്‍ക്കു പരിധി കല്പിക്കുവാനും സ്ത്രീകള്‍ക്കു സമൂഹത്തിലുളള സ്ഥാനം ഉയര്‍ത്തുവാനും ഇദ്ദേഹം പരിശ്രമിച്ചു. 'ബെനെ ബെറാക്ക്' എന്ന പേരില്‍ സ്വന്തമായി ഒരു അക്കാദമിയും ഇദ്ദേഹം നടത്തിവന്നു. പലസ്തീനിലെ റോമന്‍ ഭരണകൂടത്തിനെതിരെ വിപ്ളവം നയിച്ചു പരാജയപ്പെട്ട ബാര്‍ കോക്ബായെ (മരണം 135) മിശിഹാ ആയി ഇദ്ദേഹം അംഗീകരിച്ചു. പ്രസ്തുത വിപ്ളവത്തില്‍ അക്കിബവോയും നേതൃസ്ഥാനത്തുണ്ടായിരുന്നു എന്ന് ചിലര്‍ കരുതുന്നു. എന്നാല്‍ ഇത് വസ്തുതകള്‍ക്കു നിരക്കുന്നതല്ല എന്നാണ് പണ്ഡിതമതം. 'തോറാ' പഠിപ്പിക്കരുതെന്ന് റോമന്‍ ഭരണകൂടം കര്‍ശനമായി നിര്‍ദേശിച്ചിട്ടും ഇദ്ദേഹം അതു ചെവിക്കൊണ്ടില്ല. തുടര്‍ന്ന് തടവിലാക്കപ്പെട്ട ഇദ്ദേഹത്തിന് മൂന്നു വര്‍ഷത്തിനുശേഷം റോമന്‍ ഭരണകര്‍ത്താക്കള്‍ വധശിക്ഷ നല്കി ജീവനോടെ തോലുരിച്ചു കൊല്ലുകയായിരുന്നത്രെ. ക്രി.പി. 135-ലായിരുന്നു ഈ ദാരുണസംഭവം