This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ടെണ്ടുല്‍ക്കര്‍, ഡി.ജി. (1909 - 71)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
04:51, 6 ഒക്ടോബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
ടെണ്ടുല്‍ക്കര്‍, ഡി.ജി. (1909 - 71)
സ്വാതന്ത്യ്രസമരസേനാനിയും ഇന്ത്യന്‍ - ഇംഗ്ളീഷ്, മറാഠി സാഹിത്യകാരനും. മഹാരാഷ്ട്രയിലെ രത്നഗിരിയില്‍ 1909 ഒ. 9-ന് ജനിച്ചു. ദീനനാഥ് ഗോപാല്‍ ടെണ്ടുല്‍ക്കര്‍ എന്നാണ് പൂര്‍ണനാമം. മുംബൈ, കേംബ്രിജ്, മന്‍ബുര്‍ഗ്, ഗോട്ടിന്‍ജന്‍ (ജര്‍മനി) എന്നീ സര്‍വകലാശാലകളില്‍ പഠിച്ച് ബിരുദങ്ങള്‍ നേടിയെങ്കിലും ഗവണ്‍മെന്റിന്റെ ഉന്നതപദവികളില്‍ ആകൃഷ്ടനാകാതെ സ്വാതന്ത്യ്രസമരരംഗത്ത് നിലയുറപ്പിച്ചു. പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കുകയും ജയില്‍വാസമനുഭവിക്കുകയും ചെയ്തിട്ടുണ്ട്.
സ്വാതന്ത്യ്രപ്രാപ്തിയോടെ ഭാരതസര്‍ക്കാര്‍ പല പദവികളിലേക്കും ടെണ്ടുല്‍ക്കറെ ക്ഷണിച്ചെങ്കിലും അതില്‍ തത്പരനാകാതെ, സാഹിത്യം, സംഗീതം, ഫോട്ടോഗ്രാഫി തുടങ്ങിയ മേഖലകളില്‍ വ്യാപരിക്കുന്നതിനായിരുന്നു ഇഷ്ടപ്പെട്ടത്. മഹാത്മാഗാന്ധിയുടെയും ഖാന്‍ അബ്ദുള്‍ഗഫാര്‍ഖാന്റെയും ജീവചരിത്രങ്ങള്‍ ഇദ്ദേഹത്തിന്റെ കൃതികളില്‍ പ്രധാനപ്പെട്ടവയാണ്. ഗാന്ധിജിയുടെ ജീവചരിത്രം 'മഹാത്മാ' എന്ന പേരില്‍ എട്ടു വാല്യമായി ഇംഗ്ളീഷില്‍ 1951-54 കാലഘട്ടത്തില്‍ പ്രസിദ്ധീകരിച്ചു. കേന്ദ്ര ഗവണ്‍മെന്റിന്റെ പ്രസിദ്ധീകരണവിഭാഗമാണ് ഈ കൃതി പ്രസാധനം ചെയ്തത്. പല ഇന്ത്യന്‍ ഭാഷകളിലും ഇതിന് വിവര്‍ത്തനമുണ്ടായിട്ടുണ്ട്. കന്നഡയില്‍, പ്രശസ്തരായ ഒരു സംഘം എഴുത്തുകാര്‍ സഹകരിച്ചാണ് വിവര്‍ത്തനം നിര്‍വഹിച്ചത്. ഗാന്ധിജിയുടെ എഴുപത്തിയഞ്ചാം ജന്മദിനത്തില്‍ ഒരു അഭിനന്ദനഗ്രന്ഥം പ്രസിദ്ധീകരിച്ചതിന്റെ സമ്പാദകന്‍ ടെണ്ടുല്‍ക്കറായിരുന്നു. കന്നഡ, ഇംഗ്ളീഷ്, ഗുജറാത്തി ഭാഷകളിലായിരുന്നു ഈ ഗ്രന്ഥം. ഗാന്ധിജിയുടെ ചമ്പാരന്‍ സത്യാഗ്രഹത്തെ അധികരിച്ച് ഇംഗ്ളീഷില്‍ തയ്യാറാക്കിയ ഗ്രന്ഥമാണ് പ്രധാനപ്പെട്ട മറ്റൊരു രചന.
ജവാഹര്‍ലാല്‍ നെഹ്റുവിന്റെ ഉറ്റ സുഹൃത്തായിരുന്നു ടെണ്ടുല്‍ക്കര്‍. നെഹ്റു എ ബഞ്ച് ഒഫ് ലെറ്റേഴ്സ് (ഒരു കൂട്ടം കത്തുകള്‍) പ്രസിദ്ധീകരിച്ചപ്പോള്‍ കത്തുകള്‍ തിരഞ്ഞെടുക്കുന്നതിലും പ്രസാധനം ചെയ്യുന്നതിലും ടെണ്ടുക്കല്‍ക്കറുടെ സഹായമാണ് സ്വീകരിച്ചത്. സഞ്ചാരപ്രിയനായിരുന്ന ഇദ്ദേഹം പല തവണ ലോകപര്യടനം നടത്തുകയും ദീര്‍ഘകാലം റഷ്യയില്‍ താമസിക്കുകയും ഒരു റഷ്യന്‍ ചലച്ചിത്രത്തിന്റെ നിര്‍മാണത്തില്‍ പങ്കുചേരുകയും ചെയ്തിട്ടുണ്ട്. റഷ്യയിലെ ജീവിതത്തെ അധികരിച്ച് 'റഷ്യയില്‍ മുപ്പതുമാസം' എന്ന ഗ്രന്ഥം ഇംഗ്ളീഷിലും മറാഠിയിലും പ്രസിദ്ധീകരിച്ചു. 1971 ജൂണ്‍ 12-ന് മുംബൈയില്‍ വച്ച് ടെണ്ടുല്‍ക്കര്‍ അന്തരിച്ചു.