This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടെയ്ലര്‍, എലിസബത്ത് (1932- )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:24, 5 നവംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ടെയ്ലര്‍, എലിസബത്ത് (1932- )

Taylor,Elizabeth

അമേരിക്കന്‍ ചലച്ചിത്രനടി. 1932 ഫെ. 27-ന് ലണ്ടനില്‍ ജനിച്ചു. ചെറുപ്പത്തില്‍ത്തന്നെ ബാലെ പഠിക്കുകയും അഭിനേത്രിയാവുകയും ചെയ്തു. 1943-ല്‍ 10-ാം വയസ്സില്‍ ചലച്ചിത്രരംഗത്തെത്തി. ലാസികം ഹോം ആയിരുന്നു പ്രഥമചിത്രം. അടുത്ത വര്‍ഷംതന്നെ നാഷണല്‍ വെല്‍വെറ്റ് എന്ന ചിത്രത്തിലും അഭിനയിച്ചു. പക്ഷേ, ഈ ചിത്രങ്ങളിലെ അഭിനയവും ഇവരെ അത്രയൊന്നും പ്രസിദ്ധയാക്കിയില്ല. ഇതിനിടയ്ക്ക് ഹോളിവുഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് അഭിനയത്തില്‍ ഡിപ്ലോമയെടുത്തു. 1951-ല്‍ പുറത്തിറങ്ങിയ എ പ്ളേസ് ഇന്‍ ദ് സണ്‍ ആണ് എലിസബത്ത് ടെയ്ലര്‍ക്ക് താരപരിവേഷം നല്‍കിയത്. ആദ്യകാലത്ത് ലിസ് ടെയ്ലര്‍ എന്ന പേരിലാണ് അറിയപ്പെട്ടത്. തുടര്‍ന്ന്, തുടരെത്തുടരെ അവസരങ്ങള്‍ ലഭിക്കുകയും ലോകമെങ്ങുമുള്ള യുവജനങ്ങളുടെ ആരാധനാപാത്രമാവുകയും ചെയ്തു. അക്കാലത്തിറങ്ങിയ ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവ ജയന്റ് (1956), റെയിന്‍ട്രീ കണ്‍ട്രി (1957), കാറ്റ് ഓണ് എ ഹോട്ട് ടിന്‍ റൂഫ് (1958) എന്നിവയാണ്. 1960-ല്‍ ബട്ടര്‍ഫീല്‍ഡ് എന്ന ചിത്രത്തിലെ മികച്ച അഭിനയം ഇവര്‍ക്ക് ഓസ്കാര്‍ പുരസ്കാരം നേടിക്കൊടുത്തു. 1966-ല്‍ ഒരിക്കല്‍ക്കൂടി ഓസ്കാര്‍ പുരസ്കാരം ഇവരെത്തേടിയെത്തി. ചിത്രങ്ങള്‍: ഹു ഈസ് അഫ്രൈഡ് ഒഫ് വിര്‍ജീനിയ വൂള്‍ഫ്, ടെയ്മിങ് ഒഫ് ദ് ഷ്രൂ. ഷേക്സ്പിയര്‍ കഥാപാത്രമായ ക്ലിയോപാട്രയുടെ (1963) വേഷം ഇവരുടെ പ്രശസ്തിമുദ്രകളില്‍ മറ്റൊരെണ്ണമാണ്. മറ്റു മുഖ്യ ചിത്രങ്ങള്‍: ദി ഒണ്‍ലി ഗെയിം ഇന്‍ ടൗണ്‍ (1970), ദ് ബ്ളൂബേഡ് (1971), ദ് ലിറ്റില്‍ ഫോക്സസ് (1981).

എലിസബത്ത് ടെയ്ലര്

പാശ്ചാത്യസിനിമയില്‍, ഒരു കാലഘട്ടത്തിലെ മാദകസാന്നിധ്യമായിരുന്ന ഇവരുടെ സ്വകാര്യജീവിതം ഏറെ വിവാദങ്ങളുയര്‍ത്തിയിട്ടുണ്ട്. എട്ടുതവണ ഇവര്‍ വിവാഹം കഴിക്കുകയുണ്ടായി. പക്ഷേ, പില്ക്കാലത്ത് സാമൂഹികസേവനരംഗത്ത് ആത്മാര്‍ഥമായി നിലയുറപ്പിച്ചുകൊണ്ട് ഇവര്‍ വ്യത്യസ്തമായൊരു പ്രതിച്ഛായ സൃഷ്ടിച്ചെടുത്തു. 1985-ല്‍ അമേരിക്കന്‍ ഫൗണ്ടേഷന്‍ ഫോര്‍ എയ്ഡ്സ് റിസര്‍ച്ച് (ആംഫാര്‍) എന്ന സന്നദ്ധസേവനസംഘടനയുടെ നാഷണല്‍ ചെയര്‍ പേഴ്സണ്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു. ഇപ്പോള്‍ (2002) എയ്ഡ്സിനെതിരായുള്ള പ്രവര്‍ത്തനങ്ങളുമായി അമേരിക്കയില്‍ കഴിയുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍