This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:13, 29 ഒക്ടോബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച്

Tata Institute of Fundamental Research(T.I.F.R.)

വിവിധ ശാസ്ത്രവിഷയങ്ങളില്‍ അടിസ്ഥാന ഗവേഷണം നടത്തുന്ന ഭാരതീയ സ്ഥാപനം. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം ടി.ഐ.എഫ്.ആര്‍. എന്ന ചുരുക്കപ്പേരിലറിയപ്പെടുന്നു. ലോകത്തിലേതന്നെ മികച്ച ഗവേഷണ കേന്ദ്രങ്ങളിലൊന്നായ ഇവിടെ ഭൗതികം, ജൈവശാസ്ത്രം, രസതന്ത്രം, ഗണിതം, കമ്പ്യൂട്ടര്‍ സയന്‍സ് , ശാസ്ര്ത വിദ്യാഭ്യാസം എന്നിവയിലെല്ലാം അടിസ്ഥാന ഗവേഷണം നടക്കുന്നുണ്ട്.

'ഭാരതത്തിന്റെ അണുശാസ്ത്രഗവേഷണത്തിന്റെ പിതാവ്' എന്നറിയപ്പെടുന്ന ഡോ. ഹോമി ജെ. ഭാഭ 1943-ല്‍ വ്യവസായ പ്രമുഖനായ ജെ.ആര്‍.ഡി.ടാറ്റയ്ക്ക് എഴുതിയ ഒരു കത്തില്‍നിന്നാണ് ടി.ഐ.എഫ്. ആറിന്റെ തുടക്കം. അടിസ്ഥാന ഗവേഷണത്തിന് ഒരു സ്ഥാപനം തുടങ്ങാന്‍ സഹായിക്കണമെന്ന അഭ്യര്‍ഥനയായിരുന്നു കത്തിന്റെ ഉള്ളടക്കം. 'സര്‍ ദൊറാബ്ജി ടാറ്റാ ട്രസ്റ്റി'ന്റെ ചെയര്‍മാന് പ്രോജക്റ്റ് സമര്‍പ്പിക്കാന്‍ ടാറ്റാ നിര്‍ദേശിച്ചു. പ്രസ്തുത ട്രസ്റ്റിന്റെയും ബോംബെ പ്രസിഡന്‍സി ഗവണ്‍മെന്റിന്റെയും ധനസഹായത്തിനുള്ള തീരുമാനമായതോടെ 1945 ജൂണ്‍ 1-ാം തീയതി ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തനമാരംഭിച്ചു. ഭാഭ അന്നു പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ബാംഗ്ളൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സയന്‍സസിലെ കോസ്മിക് റേ ഗവേഷണ വിഭാഗത്തിലായിരുന്നു ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തുടക്കം. ആറുമാസത്തിനകം അത് ഭാഭയുടെ ജന്മഗൃഹമായ ബോംബെയിലെ കെനില്‍വര്‍ത്തിലേക്കു മാറ്റി. 1949 മുതല്‍ 'ഗേറ്റ് വേ ഒഫ് ഇന്ത്യ'യ്ക്കു സമീപമുള്ള റോയല്‍ ബോംബെ യാട്ട് ക്ളബ്ബിലാണ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് നേവി നഗറില്‍ 6.075 ഹെ. സ്ഥലത്ത് ടി.ഐ.എഫ്.ആറിന്റെ ആസ്ഥാനമന്ദിരം പണിതീര്‍ത്തു. 1962 ജനു. 15-ന് അന്നത്തെ പ്രധാനമന്ത്രി പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്റു പ്രസ്തുത കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്തു. സര്‍ ദൊറാബ്ജി ടാറ്റാ ട്രസ്റ്റ്, ശാസ്ത്ര വ്യാവസായിക ഗവേഷണ കൌണ്‍സില്‍ (C.S.I.R.), ഭാരതസര്‍ക്കാരിന്റെ പ്രകൃതി വിഭവത്തിനും ശാസ്ത്രഗവേഷണത്തിനുമുള്ള മന്ത്രാലയം എന്നിവയുടെ സഹായം തുടക്കംമുതല്‍തന്നെ ഇന്‍സ്റ്റിറ്റ്യൂട്ടിന് ലഭിച്ചുവന്നു. 1953 മുതല്‍ അണുശക്തി കമ്മീഷന്‍ അണുശാസ്ത്രത്തിലെ അടിസ്ഥാന ഗവേഷണത്തിനുള്ള കമ്മീഷന്റെ ലബോറട്ടറിയായി ടി.ഐ.എഫ്.ആറിനെ അംഗീകരിച്ചു. ഭാരതസര്‍ക്കാരും ബോംബെ സംസ്ഥാന സര്‍ക്കാരും സര്‍ ദൊറാബ്ജി ടാറ്റാ ട്രസ്റ്റും ചേര്‍ന്ന് 1955-ല്‍ അംഗീകരിച്ച കരാറനുസരിച്ച് അണുശാസ്ത്രത്തിലും ഗണിതശാസ്ത്രത്തിലും അടിസ്ഥാന ഗവേഷണത്തിനും പഠനത്തിനുമുള്ള ഭാരതസര്‍ക്കാരിന്റെ ഒരു ദേശീയ കേന്ദ്രമായി ടി.ഐ.എഫ്.ആര്‍. അംഗീകരിക്കപ്പെട്ടു. ഇന്ന് ഇന്‍സ്റ്റിറ്റ്യൂട്ടിനുവേണ്ട ഫണ്ടുകള്‍ നല്‍കുന്നത് ഭാരത സര്‍ക്കാരാണ്. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഭരണം നടത്തുന്നതിന് ഒരു ഡയറക്ടറും നയപരിപാടികള്‍ തീരുമാനിക്കുന്നതിന് ഒരു മാനേജ്മെന്റ് കൌണ്‍സിലും നിലവിലുണ്ട്. സ്കൂള്‍ ഒഫ് ഫിസിക്സ്, സ്കൂള്‍ ഒഫ് മാത്തമാറ്റിക്സ് എന്നീ രണ്ടു ഫാക്കല്‍റ്റികള്‍ അക്കാദമിക രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നു.

ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആദ്യകാലത്തെ പ്രവര്‍ത്തനങ്ങള്‍ കോസ്മിക് റേ, ഹൈ എനര്‍ജി ഫിസിക്സ്, തിയററ്റിക്കല്‍ ഫിസിക്സ്, മാത്തമാറ്റിക്സ് എന്നീ മേഖലകളിലെ ഗവേഷണത്തിലായിരുന്നു. ഡോ. ഭാഭയ്ക്ക് താത്പര്യമുള്ള വിഷയങ്ങളായിരുന്നു ഇവ. 1950-ല്‍ പ്രൊ. കെ. ചന്ദ്രശേഖരനും പ്രൊ. കെ. ജി. രാമനാഥനും ചേര്‍ന്ന് സ്കൂള്‍ ഒഫ് മാത്തമാറ്റിക്സ് ആരംഭിച്ചു. പിന്നീട് അണുശക്തി കമ്മീഷനെ സഹായിക്കുന്നതിനായി ഒരു ഇലക്ട്രോണിക്സ് ഗ്രൂപ്പും പ്രവര്‍ത്തനമാരംഭിച്ചു. കമ്പ്യൂട്ടര്‍ സാങ്കേതികരംഗത്തും ടി.ഐ.എഫ്.ആര്‍. ഭാരതത്തിനുവേണ്ട നേതൃത്വം നല്‍കി. ഭാരതത്തിലെ ആദ്യത്തെ കമ്പ്യൂട്ടറായ ടിഫ്രാക്ക് (Tifrac) രൂപകല്പന ചെയ്തു നിര്‍മ്മിച്ചത് ഇവിടത്തെ ശാസ്ത്രജ്ഞരാണ്. പില്ക്കാലത്ത് പാര്‍ട്ടിക്കിള്‍ ആക്സിലറേറ്ററുകള്‍, മൈക്രോവേവ് വാര്‍ത്താവിനിമയം, സോഫ്റ്റ്വെയര്‍ ടെക്നോളജി, ശാസ്ത്രവിദ്യാഭ്യാസം എന്നീ മേഖലകളില്‍ ഗവേഷണത്തിനും സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കുന്നതിനുമുള്ള ഗ്രൂപ്പുകള്‍ ഇവിടെ പ്രവര്‍ത്തനമാരംഭിച്ചു. ഈ ഗ്രൂപ്പുകള്‍ പ്രസ്തുത വിഷയങ്ങളില്‍ ഇന്ത്യയില്‍ നിലവില്‍ വന്ന പല സ്ഥാപനങ്ങള്‍ക്കും നേതൃത്വം നല്‍കുകയും ചെയ്തു. 1997-ല്‍ നടപ്പാക്കിയ ഭരണസംവിധാനത്തിലെ പുനഃസംഘടനയില്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനത്തെ മൂന്നു പ്രധാന സ്കൂളുകളായി തിരിച്ചു: സ്കൂള്‍ ഒഫ് നാച്വറല്‍ സയന്‍സ്, സ്കൂള്‍ ഒഫ് മാത്തമാറ്റിക്സ്, സ്കൂള്‍ ഒഫ് ടെക്നോളജി ആന്‍ഡ് കമ്പ്യൂട്ടര്‍ സയന്‍സ്.

സ്കൂള്‍ ഒഫ് നാച്വറല്‍ സയന്‍സില്‍ മുംബൈയിലുള്ള ഏഴു ഡിപ്പാര്‍ട്ട്മെന്റുകളും മൂന്ന് ടി.ഐ.എഫ്.ആര്‍. കേന്ദ്രങ്ങളും അഞ്ച് ഫീല്‍ഡ് സ്റ്റേഷനുകളും ഉള്‍പ്പെടുന്നു. ഡിപ്പാര്‍ട്ട്മെന്റ് ഒഫ് ബയോളജിക്കല്‍ സയന്‍സസ്, ഡിപ്പാര്‍ട്ട്മെന്റ് ഒഫ് കെമിക്കല്‍ സയന്‍സസ്, ഡിപ്പാര്‍ട്ട്മെന്റ് ഒഫ് അസ്ട്രോണമി ആന്‍ഡ് അസ്ട്രോഫിസിക്സ്, ഡിപ്പാര്‍ട്ട്മെന്റ് ഒഫ് കണ്ടന്‍സ്ഡ് മാറ്റര്‍, ഫിസിക്സ് ആന്‍ഡ് മെറ്റീരിയല്‍ ഫിസിക്സ്, ഡിപ്പാര്‍ട്ട്മെന്റ് ഒഫ് ഹൈ എനര്‍ജി ഫിസിക്സ്, ഡിപ്പാര്‍ട്ട്മെന്റ് ഒഫ് ന്യൂക്ളിയര്‍ ആന്‍ഡ് അറ്റോമിക് ഫിസിക്സ്, ഡിപ്പാര്‍ട്ട്മെന്റ് ഒഫ് തിയററ്റിക്കല്‍ ഫിസിക്സ് എന്നിവയാണ് ഡിപ്പാര്‍ട്ട്മെന്റുകള്‍. ടി.ഐ.എഫ്.ആറിന്റെ മൂന്നു കേന്ദ്രങ്ങളാണ് മുംബൈയില്‍ പ്രവര്‍ത്തിക്കുന്ന ശാസ്ത്ര വിദ്യാഭ്യാസത്തിനുള്ള ഹോമി ഭാഭ കേന്ദ്രം (ഹോമി ഭാഭ സെന്റര്‍ ഫോര്‍ സയന്‍സ് എഡ്യൂക്കേഷന്‍), ബാംഗ്ളൂരില്‍ പ്രവര്‍ത്തിക്കുന്ന ജൈവശാസ്ത്ര ദേശീയ കേന്ദ്രം (നാഷണല്‍ സെന്റര്‍ ഫോര്‍ ബയോളജിക്കല്‍ സയന്‍സസ്), പൂനെയിലുള്ള നാഷണല്‍ സെന്റര്‍ ഫോര്‍ റേഡിയോ അസ്ട്രോഫിസിക്സ് എന്നിവ. അടിസ്ഥാന പഠനത്തിനുള്ള ഫീല്‍ഡ് സ്റ്റേഷനുകളാണ് പച്മാര്‍ഹിയിലെ ഹൈ എനര്‍ജി ഗാമാ റേ ഒബ്സര്‍വേറ്ററി, ഊട്ടിയിലെ കോസ്മിക് റേ ലബോറട്ടറി, ഗൌരിബിഡനൂറിലെ ഗ്രാവിറ്റേഷന്‍ ലബോറട്ടറി, ഹൈദരാബാദിലെ അന്തരീക്ഷ പഠനത്തിനുള്ള ബലൂണ്‍ ഫസിലിറ്റി, ടി.ഐ.എഫ്.ആറില്‍ത്തന്നെ പ്രവര്‍ത്തിക്കുന്ന എപ്പിഡമോളജി ആന്‍ഡ് ഡന്റല്‍ റിസര്‍ച് എന്നിവ. ബന്ധപ്പെട്ട വിഷയങ്ങളിലെ ഏറ്റവും ആധുനികമായ മേഖലകളിലെല്ലാം ഇവിടങ്ങളില്‍ ഗവേഷണം നടക്കുന്നുണ്ട്.

സ്കൂള്‍ ഒഫ് മാത്തമാറ്റിക്സ് മുംബൈയിലും ബാംഗ്ളൂര്‍കേന്ദ്രത്തിലുമായി പ്രവര്‍ത്തിക്കുന്നു. സ്കൂള്‍ ഒഫ് ടെക്നോളജി ആന്‍ഡ് കമ്പ്യൂട്ടര്‍ സയന്‍സ് മുംബൈ കേന്ദ്രത്തിലാണ് പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത്. ഇവിടെ വികസിപ്പിച്ചെടുക്കുന്ന ആധുനികോപകരണങ്ങള്‍ മറ്റു ദേശീയ കേന്ദ്രങ്ങളുമായിച്ചേര്‍ന്ന് പല സ്ഥാപനങ്ങള്‍ക്കും നല്‍കിവരുന്നു.

ഡോ. ഹോമി ഭാഭയായിരുന്നു ടി.ഐ.എഫ്.ആറിന്റെ സ്ഥാപക ഡയറക്ടര്‍. അദ്ദേഹത്തിന്റെ നിര്യാണ(1966)ത്തെത്തുടര്‍ന്ന് പ്രൊ. എം.ജി.കെ. മേനോന്‍ 1975 വരെ ഡയറക്ടറായി. 1987 വരെ പ്രൊ. ബി.വി. ശ്രീകണ്ഠനും 1997 വരെ പ്രൊ. വീരേന്ദ്രസിങും ഡയറക്ടര്‍മാരായി. ഇപ്പോഴത്തെ (2001) ഡയറക്ടര്‍ പ്രൊ. എസ്.എസ്. ഝാ പേരുകേട്ട സൈദ്ധാന്തിക ഭൗതിക ശാസ്ത്രജ്ഞനാണ്.

ടി. ഐ. എഫ്. ആര്‍. 1996-ല്‍ സുവര്‍ണജൂബിലി ആഘോഷിച്ചു. പ്രൊ. ജയന്ത് നര്‍ലിക്കറെപ്പോലുള്ള പ്രശസ്ത ശാസ്ത്രജ്ഞരുടെ നേതൃത്വത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഗവേഷണങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു.

(ഡോ. വി. ഉണ്ണിക്കൃഷ്ണന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍