This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സോഷ്യല്‍ സയന്‍സസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:22, 29 ഒക്ടോബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സോഷ്യല്‍ സയന്‍സസ്

Tata Institute of Social Sciences

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ഡീംഡ് സര്‍വകലാശാല. സാമൂഹ്യസേവന രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് ശാസ്ത്രീയ പരിശീലനം നല്‍കുക എന്ന ലക്ഷ്യത്തോടുകൂടി 1936-ല്‍ 'സര്‍ ദൊറാബ്ജി ടാറ്റാ ഗ്രാഡ്വേറ്റ് സ്കൂള്‍ ഒഫ് സോഷ്യല്‍ വര്‍ക്ക് ' എന്ന പേരില്‍ പ്രവര്‍ത്തനം ആരംഭിച്ചു. 1944-ല്‍ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സോഷ്യല്‍ സയന്‍സസ് എന്ന് പുനര്‍നാമകരണം ചെയ്ത ഈ സ്ഥാപനത്തിന് 1964-ല്‍ ഡീംഡ് സര്‍വ്വകലാശാലാ പദവി ലഭിച്ചു.

സാമൂഹ്യസേവനത്തില്‍ ഏര്‍പ്പെടുന്നതിനു വ്യക്തികളെ പ്രാപ്തരാക്കുന്നതിനുതകുന്ന പഠനപദ്ധതികള്‍ ആവിഷ്ക്കരിച്ചു നടപ്പാക്കുക, പേഴ്സണല്‍ മാനേജ്മെന്റ്, ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ്, ആശുപത്രി ഭരണം തുടങ്ങിയ വിഷയങ്ങളില്‍ ശാസ്ത്രീയ പരിശീലനം നല്‍കുക, സാമൂഹിക പ്രസക്തിയുള്ള മറ്റു വിഷയങ്ങളില്‍ ഗവേഷണം നടത്തുക തുടങ്ങിയവ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍‍പ്പെടുന്നു.

കുട്ടികളുടെയും യുവാക്കളുടെയും പ്രശ്നങ്ങള്‍, വിദ്യാഭ്യാസത്തിന്റെ സാമൂഹികശാസ്ത്രാംശം, സാമൂഹിക നയങ്ങളും ക്ഷേമകാര്യങ്ങളും, നാഗരിക ജീവിതം, ഗ്രാമീണ ജീവിതം, കുടുംബ ജീവിതം, സ്ത്രീകളുടെ പ്രശ്നങ്ങള്‍, തൊഴില്‍ പ്രശ്നങ്ങള്‍ എന്നിവയെക്കുറിച്ചു പഠിക്കുന്ന എട്ട് ഗവേഷണ വിഭാഗങ്ങള്‍ ഈ സര്‍വകലാശാലയിലുണ്ട്. നിരവധി സാമൂഹികക്ഷേമ പദ്ധതികളും സര്‍വകലാശാലയുടെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കിയിട്ടുണ്ട്. തെരുവിലെ കുട്ടികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന 'ഹമാരാ ക്ളബ്' ', ജയിലുകളില്‍ ക്ഷേമപ്രവര്‍ത്തനം നടത്തുന്ന 'പ്രേയസ്' എന്നിവ പ്രത്യേകം പ്രാധാന്യം അര്‍ഹിക്കുന്നു. കുട്ടികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുന്നതിനും നിരാലംബരായ സ്ത്രീകള്‍ക്ക് സഹായമെത്തിക്കുന്നതിനും മറ്റുമുള്ള പ്രോജക്ടുകള്‍ക്കും ഇന്‍സ്റ്റിറ്റ്യൂട്ട് നേതൃത്വം നല്‍കിവരുന്നുണ്ട്.

സോഷ്യല്‍ വര്‍ക്ക്, പേഴ്സണല്‍ മാനേജ്മെന്റ് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് എന്നീ വിഷയങ്ങളില്‍ എം.എ.,എംഫില്‍, പിഎച്ച്.ഡി ബിരുദങ്ങള്‍ നല്‍കിവരുന്ന സര്‍വ്വകലാശാലയില്‍ നിരവധി ഡിപ്ളോമ കോഴ്സുകളും ഉണ്ട്. രണ്ടു സെമസ്റ്ററുകളായി വിഭജിക്കപ്പെട്ടിട്ടുള്ള അധ്യയന വര്‍ഷം ജൂണില്‍ ആരംഭിച്ചു മാര്‍ച്ചില്‍ അവസാനിക്കുന്നു. വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പുകളും ഫെലോഷിപ്പുകളും നല്‍കിവരുന്നു. വിപുലമായ ലൈബ്രറി സജ്ജീകരണങ്ങളും ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍