This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടാന്‍ഗോ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:36, 26 സെപ്റ്റംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ടാന്‍ഗോ

ഠമിഴീ

തെക്കേ അമേരിക്കയിലെ ഒരു ജനപ്രിയ കലാരൂപം. ദക്ഷിണാഫ്രിക്കന്‍ പ്രയോഗമായ 'ടാന്‍ഗോ' എന്നതിനു വാദ്യം എന്നും 'നൃത്തത്തിനായുള്ള ഒത്തുചേരല്‍' എന്നും അര്‍ഥമുണ്ട്. 18-ാം ശ.-ത്തിന്റെ ഉത്തരാര്‍ധം വരെ പല നൃത്തസംഗീത കലാരൂപങ്ങളെയും 'ടാന്‍ഗോ' ചേര്‍ത്താണ് വിളിച്ചിരുന്നത് - ടാന്‍ഗോ സിനീഗ്രോ, ടാന്‍ഗോ അമേരിക്കാനോ, ടാന്‍ഗോ അര്‍ജെന്റിനോ തുടങ്ങിയവ ഉദാഹരണം. 'ക്രൈസ്തവവല്ക്കരണം' എന്ന കാരണം ചുമത്തി 18-ാം ശ. -ത്തിന്റെ അന്ത്യത്തിലും 19-ാം ശ. -ത്തിന്റെ തുടക്കത്തിലും ആഫ്രിക്കക്കാരുടെയും ആഫ്രിക്കന്‍-അര്‍ജന്റീനക്കാരുടെയുമിടയില്‍ നിലവിലിരുന്ന 'ടാന്‍ഗോ'കളെ നിരോധിക്കുകയുണ്ടായി. 1860-നും 1890-നുമിടയ്ക്കു ബ്യൂണസ് അയേഴ്സ്, അര്‍ജന്റീന, മൊന്‍ടിവീഡിയോ എന്നിവിടങ്ങളിലായാണ് 'ടാന്‍ഗോ' എന്ന സവിശേഷ കലാരൂപം മൌലികമായ ഒന്നായി ഉരുത്തിരിഞ്ഞത്.

  നഗരങ്ങളിലും പരിസരങ്ങളിലുമാണ് ഇതു പ്രായേണ നിലവിലിരുന്നത്. വ്യഭിചാരകേന്ദ്രങ്ങളില്‍ ടാന്‍ഗോ ഒരു പതിവായിരുന്നതു കാരണം ഇതിന് ഒരു അധാര്‍മികത കല്പിക്കപ്പെട്ടിരുന്നു എങ്കിലും ഇറ്റലിക്കാരും സ്പെയിന്‍കാരും മറ്റും തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളില്‍ കുടുംബങ്ങള്‍ ഒത്തുചേരുമ്പോഴൊക്കെ ഇത് അവതരിപ്പിക്കാറുണ്ടായിരുന്നു. 
  1907-ല്‍ ഇതു പാരിസിലെത്തി. അവിടെനിന്ന് യൂറോപ്യന്‍ തലസ്ഥാന നഗരങ്ങളിലേക്കും ന്യൂസിലന്‍ഡിലേക്കും ചേക്കേറി. പ്രഭുവര്‍ഗത്തിന്റെ ബാര്‍ റൂമുകളില്‍ ടാന്‍ഗോയ്ക്കു പെട്ടെന്നു പ്രിയമേറുകയായിരുന്നു. 1950 മുതലാണ് പ്രചാരം കുറഞ്ഞു തുടങ്ങിയത്. 
  ഇതിനെ ഒരു 'ആലിംഗനനൃത്തം' എന്നു വിശേഷിപ്പിക്കാവുന്നതാണ്. പുരുഷനെ പുണര്‍ന്നു കൊണ്ട് അയാളുടെ കൈകള്‍ക്കുള്ളില്‍ നിന്നു സ്ത്രീകള്‍ ചുവടുവയ്ക്കുന്നു എന്നതാണ് ഇതിന്റെ മുഖ്യസ്വഭാവം. പുരുഷനും ഒപ്പം കളിക്കുന്നുണ്ടാവും. പുരുഷനാണ് തുടക്കമിടുക. അയാള്‍ക്കു തന്നെയായിരിക്കും എപ്പോഴും മേല്‍ക്കൈയും. എങ്കിലും സ്ത്രീക്കും പുരുഷനും തുല്യപങ്കാളിത്തം തന്നെയാണുള്ളതെന്നു പറയാം, ക്ളോക്കിലെ സൂചി തിരിയുന്നതിനു വിപരീതമായാണ് ആലിംഗനബദ്ധരായ നര്‍ത്തകര്‍ മെല്ലെ വട്ടം ചുറ്റുന്നത്. നൃത്തം ചെയ്യുമ്പോള്‍ പുരുഷന്റെ വലതു കൈത്തലം കൊണ്ടു സ്ത്രീയുടെ പിന്‍ഭാഗത്തു തലോടുകയും ചെയ്യും. ഈ രീതികള്‍ക്കപ്പുറം ടാന്‍ഗോയ്ക്കു നിയതനിയമങ്ങളില്ലെന്നു പറയാം. എങ്കിലും ഓഷോ, ബോളിയോ, സെന്റാഡ, ക്യൂബ്രാഡ തുടങ്ങിയ ചില 'ചുവടു'കള്‍ ഇതിനുണ്ട്. ഇത് സ്റ്റേജിലും ഡാന്‍സ് ഹാളിലും അവതരിപ്പിക്കാറുണ്ട്. രണ്ടു സന്ദര്‍ഭത്തിലും അവതരണരീതി വ്യത്യസ്തവുമാണ്. ഹാളില്‍ ഓരോ ആണും പെണ്ണും പലരുമായും മാറിമാറി നൃത്തം ചെയ്യും. കോറിയോഗ്രാഫിക്കു പകരം മനോധര്‍മം കൊണ്ട് ഉചിതമായത് അവതരിപ്പിക്കുകയാണ് പതിവ്. സ്റ്റേജില്‍ പ്രൊഫഷണല്‍ നര്‍ത്തകര്‍ ജിംനാസ്റ്റിക്സും അക്രോബാറ്റിക് ഡാന്‍സും ഇഴചേര്‍ത്ത് അവതരിപ്പിക്കുന്ന പതിവുമുണ്ട്. സ്റ്റേജില്‍ പാരിസ് ശൈലിയിലുള്ള ആര്‍ഭാടപൂര്‍ണമായ നൃത്തമാണ് നടത്തുക. 
  ടാന്‍ഗോ സംഗീതത്തിന്റെ താളം ആഫ്രിക്കനും ഈണം ഇറ്റാലിയനുമാണ്. 20-ാം ശ. -ത്തിന്റെ തുടക്കം മുതല്‍ തന്നെ ടാന്‍ഗോ സംഗീതം മൌലികത കൈവരിച്ചു തുടങ്ങി. പ്രസിദ്ധ ടാന്‍ഗോ കവിയായ എന്റിക് സാന്റോസിന്റെ അഭിപ്രായത്തില്‍ 'നൃത്തം ചെയ്യാവുന്ന ഒരു വിഷാദചിന്ത'യാണ് ടാന്‍ഗോയിലെ ഇതിവൃത്തം. കാര്‍ലോസ് ഗാര്‍ഡെല്‍ (1890-1935) ടാന്‍ഗോയ്ക്ക് ഒരു ആലാപനശൈലിയും ആസ്റ്റര്‍ പിയാസ്സോള (1921-1992) ഒരു സവിശേഷ സംഗീതഭാവവും നല്കുകയുണ്ടായി. 20-ാം ശ. -ത്തിന്റെ അന്ത്യപാദത്തില്‍ ഈ നൃത്തരൂപത്തെ പുനര്‍ജനിപ്പിച്ചത് ക്ളാഡിയോ സെഗോവിയയും ഹെക്ടര്‍ ഒറിസ്സോലിയുമാണ്. 1993-ല്‍ അമേരിക്കയിലെയും യൂറോപ്പിലെയും ജപ്പാനിലെയും ലാറ്റിനമേരിക്കയിലെയും 57 നഗരങ്ങളില്‍ ഇവര്‍ തങ്ങളുടെ 'ടാന്‍ഗോ അര്‍ജന്റിനോ' അവതരിപ്പിക്കുകയുണ്ടായി.
  വിഖ്യാത ടാന്‍ഗോ നര്‍ത്തകര്‍, കാസിമിറോ എയ്ന്‍, ജോസ് ഒവിഡിയോ, കാര്‍ലോസ് ആല്‍ബെര്‍ട്ടോ, റാമണ്‍ ഗിമ്പെറ, ജൂവാന്‍ കാര്‍ലോസ് കോപ്സ്, അന്റോണിയോ ടൊഡറോ തുടങ്ങിയവരാണ്; നര്‍ത്തകിമാര്‍: എഡിത് ബഗ്ഗി, ഓള്‍ഗസാന്‍ ജൂവാന്‍, മരിയ നീവ്സ്, എല്‍വിറ സാന്റാമരിയ തുടങ്ങിയവരും.
"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9F%E0%B4%BE%E0%B4%A8%E0%B5%8D%E2%80%8D%E0%B4%97%E0%B5%8B" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍