This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ട
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ട
മലയാള അക്ഷരമാലയിലെ പതിനൊന്നാമത്തെ വ്യഞ്ജനം.
'ട' വര്‍ഗത്തിലെ ഖരാക്ഷരവും ആദ്യത്തെ അക്ഷരവുമാണ് ട'. ഇതിന്റെ ശുദ്ധവ്യഞ്ജനരൂപം ട്' ആണ്. സ്പര്‍ശിയായ മൂര്‍ധന്യസ്വനമാണിത്. ഭാഷാശാസ്ത്രത്തില്‍ ഇത് പ്രതിവേഷ്ടിതസ്വനം എന്നറിയപ്പെടുന്നു. (നാക്കിന്റെ മുകള്‍ഭാഗം ഉയര്‍ത്തി പിറകോട്ട് വളച്ച് മൂര്‍ധാവില്‍ സ്പര്‍ശിച്ചതിനുശേഷം, സ്പര്‍ശം നീക്കുമ്പോള്‍ പുറപ്പെടുന്ന സ്വനം.) ഉച്ചാരണസൌകര്യത്തിനു വേണ്ടി ട്' എന്ന വ്യഞ്ജനത്തോട് അകാരം ചേര്‍ത്തുണ്ടാക്കുന്ന രൂപമാണ് ട'. (ട് + അ = ട). മറ്റു സ്വരങ്ങള്‍ ചേരുമ്പോള്‍ ടാ, ടി, ടീ, ടു, ടൂ, ടൃ, ടെ, ടേ, ടൈ, ടൊ, ടോ, ടൌ എന്നീ ലിപിരൂപങ്ങള്‍ ലഭിക്കുന്നു. ആഭ്യന്തര പ്രയത്നത്തെ സംബന്ധിച്ചിടത്തോളം ഇത് സ്പൃഷ്ട'മെന്ന വിഭാഗത്തില്‍പ്പെടുന്നു. ബാഹ്യപ്രയത്നത്തിന്റെ കാര്യത്തില്‍ ശ്വാസി' (നാദരഹിതം) ആണ്. ഉച്ചാരണത്തില്‍ ഹകാരധ്വനി കലരാത്തത് എന്ന അടിസ്ഥാനത്തില്‍ കേരളപാണിനി ഇതിനെ അഘോഷി'യായി കണക്കാക്കുന്നു. ഭാഷാശാസ്ത്രപ്രകാരം അല്പപ്രാണ'മാണിത്. മിക്ക ഭാരതീയ ഭാഷകളിലും ട' തന്നെയാണ് പതിനൊന്നാമത്തെ വ്യഞ്ജനം. എന്നാല്‍ തമിഴില്‍ ഇതിന് അഞ്ചാമത്തെ സ്ഥാനമാണുള്ളത്.
മലയാളത്തില്‍ ട'യിലോ ട' ചേര്‍ന്ന കൂട്ടക്ഷരത്തിലോ തുടങ്ങുന്ന തനതു പദങ്ങള്‍ ഇല്ല. ഇംഗ്ളീഷ്, ഫ്രഞ്ച്, പേര്‍ഷ്യന്‍ തുടങ്ങിയ അന്യഭാഷകളില്‍ നിന്നു കടമെടുത്തവയോ, സ്വനപരിണാമംമൂലം കാലാന്തരത്തില്‍ രൂപം കൊണ്ടവയോ ആയ പദങ്ങള്‍ മാത്രമാണ് മലയാളത്തില്‍ 'ട'കാരത്തില്‍ ആരംഭിക്കുന്നതായുള്ളത്.
ഉദാ: ട്രെയിന്‍, ട്രാം, ടര്‍പെന്റയിന്‍, ടപ്പ തുടങ്ങിയവ.
പദമധ്യത്തിലെ'ട' ചിലപ്പോള്‍ 'ള' ആയി ഉച്ചരിക്കുകയും എഴുതുകയും ചെയ്യുന്ന രീതി നിലവിലുണ്ട്.
ഉദാ: ഷട്പദം - ഷള്‍പദം
വിട്ചരം - വിള്‍ചരം
ചില സംസ്കൃതപദങ്ങളിലെ മറ്റ് മൂര്‍ധന്യസ്വനങ്ങളുടെ സ്ഥാനത്ത് മലയാള തദ്ഭവങ്ങളില്‍ 'ട'കാരം കാണുന്നുണ്ട്.
ഉദാ: ശണ്ഠ - ചണ്ട
ഢക്ക - ഇടക്ക
മേഷം - മേടം
'ട'കാരം പദമധ്യത്തില്‍ വരുമ്പോള്‍ അതിനെ മൃദുവ്യഞ്ജനമെന്നപോലെ കേരളീയര്‍ ഉച്ചരിക്കാറുണ്ട്്.
ഉദാ: വട - വഡ
അട - അഡ
എന്നാല്‍ സംസ്കൃതം, ഹിന്ദി തുടങ്ങിയ ഭാഷകള്‍ വ്യവഹരിക്കുന്നവര്‍ ഖരോച്ചാരണം തന്നെ നടത്തുന്നു.
'ട'കാരത്തിന് (സംസ്കൃതത്തില്‍ ടാ) ഭൂമി, ശപഥം എന്നീ അര്‍ഥങ്ങളുണ്ട്. ഇതിന് പാട്ടുകാരന്‍ എന്ന് അര്‍ഥമുള്ളതായി അഗ്നിപുരാണത്തില്‍ പരാമര്‍ശിച്ചു കാണുന്നു. അനുസ്വാരം ചേര്‍ന്നുള്ള 'ടം' എന്ന പദത്തിന് മലയാളമഹാനിഘണ്ടുവില്‍ ശബ്ദം, പരിപ്പ് ഇല്ലാത്ത പൊള്ളയായ തേങ്ങ, നാലിലൊന്ന് (1/4) എന്നീ അര്‍ഥങ്ങള്‍ കൊടുത്തിരിക്കുന്നു.
അന്താരാഷ്ട്രീയ സ്വനലിപിമാലയില്‍ (കിലൃിേമശീിേമഹ ജവീിലശേര അഹുവമയല) ' എന്ന് രേഖപ്പെടുത്തുന്ന സ്വനത്തിന് സമാനമാണ് ട്' എന്ന മലയാള വ്യഞ്ജനം. ട'കാരത്തിന്റെ ഇരട്ടിച്ച രൂപമാണ് ട്ട'. ഇത് ധാരാളം മലയാള പദങ്ങളില്‍ പ്രയോഗിക്കപ്പെടുന്നു. ട'കാരം മറ്റ് വ്യഞ്ജനങ്ങളോട് ചേര്‍ന്ന് ഉണ്ടാകുന്ന കൂട്ടക്ഷരങ്ങളാണ് ട്ക, ട്ഖ, ട്ച, ട്ട്വ, ട്ഠ, ട്ണ, ട്ത, ട്ത്ര, ട്ത്വ, ട്പ, ട്പ്ര, ട്ഫ, ട്യ, ട്ര, ട്ല, ട്വ, ട്ഷ, ട്ള, ക്ട, ണ്ട, ണ്ട്യ, ണ്ട്ര, പ്ട, മ്ഷ്ട്ര, ര്‍ഷ്ട്യ, ഷ്ട, ഷ്ട്യ, ഷ്ട്ര, ഷ്ട്വ എന്നിവ. ഈ സംയുക്താക്ഷരങ്ങള്‍ അടങ്ങുന്ന വാക്കുകള്‍ക്ക് ഉദാഹരണങ്ങളായി താഴെ ചേര്‍ക്കുന്നവ ചൂണ്ടിക്കാണിക്കാം:
ഷട്കം (ആറ് എണ്ണം), വിട്ഖദിരം (പീനാറി, കറിവേലം), വിട്ചരം (പന്നി, പോര്‍ക്ക്), കുട്ടി, പട്ട്വി (സമര്‍ഥ), വിട്ഠലന്‍ (വിഷ്ണു), ചട്ണി (ചമ്മന്തി), ഷട്താലം (ഒരു അളവ്), ഷട്ത്രിംശത് (മുപ്പത്തിയാറ്), ഷട്ത്വം (ആറ് എണ്ണമുള്ള ശ്രേണി), ഷട്പദം (ശലഭം), ഷട്പ്രജ്ഞന്‍ (ധര്‍മാര്‍ഥ കാമമോക്ഷങ്ങള്‍, ലോകം, തത്ത്വാര്‍ഥം എന്നിവ അറിയുന്നവന്‍), കട്ഫലം (കുമ്പിള്‍, തേക്ക്, ചെറുകുമിഴ്), കട്യാലം (കുമ്പിള്‍വൃക്ഷം), പെട്രോള്‍, ഇട്ലി (ഇഡ്ഡലി, ഇടവഴി), കട്വരം (മോര്), ഷട്ഷഷ്ടി (അറുപത്തിയാറ്), ഇട്ള (മുളങ്കൂട്, ഇടവഴി), ക്ടാവ് (പശുക്കുട്ടി), ചെണ്ട, പാണ്ട്യന്‍, വണ്ട്ര (അഴുക്ക്, ബാലികമാരുടെ ഒരു കളി), പ്ടാവ് (വയലിന്റെ നടുക്ക് മുള കൊണ്ടുണ്ടാക്കുന്ന കാലിത്തൊഴുത്ത്), ദംഷ്ട്ര, ധാര്‍ഷ്ട്യം, കഷ്ടം, ദൌഷ്ട്യം (ദുഷ്ടത), രാഷ്ട്രം, ഘൃഷ്ട്വി (പന്നി, ബ്രഹ്മി, രശ്മി, മത്സരം) എന്നിവ. ഇവയില്‍ പലതും സംസ്കൃതപദങ്ങളാണ്. തനി മലയാളപദങ്ങള്‍ ചിലതു മാത്രമാണ്.