This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിരുത്തക്കത്തേവര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:41, 1 ജൂലൈ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

തിരുത്തക്കത്തേവര്‍

തമിഴ് ജൈനകവി. ജീവകചിന്താമണി എന്ന ഇതിഹാസ കാവ്യത്തിന്റെ കര്‍ത്താവ്. തിരുത്തകു മുനിവന്‍, തിരുത്തകു മുനിവര്‍, തിരുത്തകു മാമുനിവര്‍, തേവര്‍ എന്നീ പേരുകളിലും അറിയപ്പെടുന്നു. ഇദ്ദേഹത്തിന്റെ കാലം ക്രി.മു. 900-ത്തിനു മുമ്പായിരുന്നുവെന്നും അതിനുശേഷമായിരിക്കാമെന്നും രണ്ടഭിപ്രായങ്ങള്‍ പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കാലം, സ്ഥലം, പുരസ്കര്‍ത്താക്കള്‍ എന്നിവ സംബന്ധിച്ച വ്യക്തമായ പരാമര്‍ശങ്ങള്‍ തമിഴ് കൃതികളില്‍ പൊതുവേ കാണുന്നില്ല. മൈസൂറിലെ ശ്രവണബെലഗോളയിലുളള ശിലാശാസനത്തില്‍ ഗുണഭദ്രനുശേഷമായിരുന്നു ചിന്താമണിയുടേയും ചൂഢാമണിയുടേയും കര്‍ത്താക്കളുടെ കാലമെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഗുണഭദ്രന്‍ ചിന്താമണിയുടെ കര്‍ത്താവിന്റെ ഗുരുവും അദ്ദേഹം പരാമര്‍ശിച്ചിട്ടുളള നാടുവാഴിയും ആയിരുന്നെങ്കില്‍ ഇദ്ദേഹത്തിന്റെ കാലം 10-ാം ശ.-മായിരിക്കണം.

ജീവകചിന്താമണിയുടെ വ്യാഖാതാവായ നച്ചിനാര്‍ക്കിനിയാര്‍ 'ഇത്തുടര്‍ന്നിലൈ ചെയ്യുളൈ തേവര്‍ ചെയ്കിന്റെ കാലത്തില്‍ നൂല്‍ അകത്തിയമും തൊല്കാപ്പിയമും' എന്ന് ആമുഖത്തില്‍ പറഞ്ഞിരിക്കുന്നതും ഏകദേശം മേല്പറഞ്ഞ കാലത്തേയാണ് അനുസ്മരിപ്പിക്കുന്നത്. ഇതിലെ അവസാന പദ്യത്തിന്റെ വ്യാഖ്യാനത്തില്‍ 'ചോഴകുലമാകിയ കടലിലേ പിറന്തവലംപുരി' എന്നു പറഞ്ഞിരിക്കുന്നതിനാല്‍ ഇദ്ദേഹം ചോഴകുലത്തില്‍പ്പെട്ടവനാണെന്നും 'വന്‍ പെരുവഞ്ചി പൊയ്യാമൊഴിപ്പുകഴ് മെയ്യറു ചീര്‍ത്തിത്തിരുത്തകു മുനിവര്‍' എന്നു പറഞ്ഞിരിക്കുന്നതിനാല്‍ വഞ്ചിയെന്ന സ്ഥലത്തുളള പൊയ്യാമൊഴി എന്ന ആളായി പ്രശംസിക്കപ്പെട്ടിരുന്നു എന്നും മനസ്സിലാക്കാം. ഈ പൊയ്യാമൊഴി 'സത്യവാക്' എന്ന രാജാവുമായിരിക്കാം.

തിരുത്തക്കത്തേവരെക്കുറിച്ച് ഇദ്ദേഹത്തിന്റെ ഗുരുവിനും വലിയ മതിപ്പാണ് ഉണ്ടായിരുന്നത്. ജീവകചിന്താമണിയിലെ 3143-ാമത്തെ പദ്യത്തിലെ 'മുഖം മുതലാ' എന്ന പ്രയോഗം ഇത് വ്യക്തമാക്കുന്നു. മാത്രമല്ല, ചിന്താമണിയുടെ രചനയ്ക്കു മുമ്പ് കുറുനരിയെക്കുറിച്ചുളള നരിവിരുത്തം രചിച്ച് അദ്ദേഹം തന്റെ കവനപാടവം ഗുരുവിനെ ബോധ്യപ്പെടുത്തി എന്നും പറയപ്പെടുന്നുണ്ട്. തിരുത്തക്കത്തേവരെക്കുറിച്ച് തമിഴ്നാട്ടിലെ ജൈനന്മാര്‍ക്കിടയില്‍ പ്രചരിച്ചുവരുന്ന ചരിത്രം ഇപ്രകാരമാണ്.

ചോഴകുലത്തില്‍ ജനിച്ച തമിഴ് സംസ്കൃത പണ്ഡിതനായിരുന്നു തിരുത്തക്കത്തേവര്‍. ആറുവിധ ജൈനകൃതികളും പഠിച്ച് ചെറുപ്പത്തിലേ സന്ന്യാസം സ്വീകരിച്ചു. ഗുരുവിന്റെ വത്സലശിഷ്യനായി മധുരയില്‍ വന്ന് കുറച്ചുനാള്‍ അവിടെ താമസിച്ചു. അവിടത്തെ സംഘം കവികളുമായി സൌഹൃദം സ്ഥാപിച്ച് അവരുടെ പ്രശംസ നേടി. ഇതു കടസംഘമായിരുന്നില്ല. ഒരു ദിവസം ആ കവികള്‍ ഇദ്ദേഹത്തോട് ജൈനകവികള്‍ ഭക്തികാവ്യങ്ങള്‍ രചിക്കുന്നതില്‍ സമര്‍ഥരാണെങ്കിലും രതിപ്രധാനകാവ്യങ്ങള്‍ രചിക്കാന്‍ കഴിയാത്തവരാണെന്ന് അഭിപ്രായപ്പെട്ടു. അതിന് രതിപരമായ കാര്യങ്ങളില്‍ വൈരാഗ്യം കാണിക്കുന്നു എന്നല്ലാതെ രതിപ്രധാനകാര്യങ്ങള്‍ രചിക്കാന്‍ കഴിയാത്തവരല്ല ജൈനകവികള്‍ എന്നു മറുപടിയും പറഞ്ഞു. അങ്ങനെയാണെങ്കില്‍ തേവര്‍ ഒരുകാവ്യം രചിച്ച് തെളിയിക്കാന്‍ അവര്‍ ആവശ്യപ്പെടുകയുണ്ടായി. അങ്ങനെ രചിക്കപ്പെട്ട കാവ്യമാണ് ചിന്താമണി. ഗുരുതന്നെ 'ചെമ്പൊന്‍ വരൈമേല്‍'എന്ന ദൈവസ്തുതിയും 'മുനീര്‍ വലംപുരി'എന്ന സമര്‍പ്പണ പദ്യവും രചിച്ചുകൊടുക്കുകയും ചെയ്തു. പണ്ഡിതസദസ്സിലാണ് ചിന്താമണി അരങ്ങേറിയത്.

അക്കാലത്തു പ്രചാരത്തിലുണ്ടായിരുന്ന ഒരു കഥയാണ് ജീവകചിന്താമണിയുടെ ഇതിവൃത്തം. തമിഴിലെ വിരുത്തം വൃത്തത്തില്‍ 13 സര്‍ഗങ്ങളിലായി രചിക്കപ്പെട്ടിട്ടുളള ഈ കാവ്യത്തില്‍ ജീവകന്റെ ജനനം മുതല്‍ ഭരണം, വിവാഹങ്ങള്‍ തുടങ്ങി സര്‍വസംഗപരിത്യാഗിയാകുന്നതുവരെയുളള വസ്തുതകള്‍ അവതരിപ്പിച്ചിരിക്കുന്നു. വിലാപങ്ങളുടെ ഇതിഹാസം എന്നാണ് ഈ കൃതിയെ നിരൂപകര്‍ വിശേഷിപ്പിക്കുന്നത്. പ്രേമോപാഖ്യാനങ്ങള്‍ ആകര്‍ഷകമായ ഭാഷയില്‍ സംഗീതാത്മകമായി അവതിരപ്പിച്ചിരിക്കുന്നു എന്നതാണ് ഈ കാവ്യത്തിന്റെ സവിശേഷത.

ജൈനസന്ന്യാസിയാണെങ്കിലും പ്രേമോപാഖ്യാനത്തിന് സ്പ ഷ്ടമായ വിശദീകരണം നല്കിയിരിക്കുന്നതു കാരണം കവിയുടെ ബ്രഹ്മചര്യത്തെപ്പോലും ജനങ്ങള്‍ സംശയിക്കുകയുണ്ടായി. അപ്രകാരം സംശയിച്ചവരുടെ മുമ്പില്‍ ചുട്ടുപഴുത്ത ഇരുമ്പുദണ്ഡ് കയ്യിലെടുത്തു തഴുകിയിട്ട് കൈ പൊളളാതിരിക്കുന്നതു കാണിച്ചു കൊടുത്തു. ഈ സംഭവം ശ്രേഷ്ഠമായ സന്ന്യാസി എന്ന ഖ്യാതി നേടിക്കൊടുത്തു. ഇദ്ദേഹത്തിന്റെ കവിതാരീതി പില്ക്കാല കവികള്‍ക്ക് അടിസ്ഥാന മാതൃകയാണ്. നോ: ജീവകചിന്താമണി

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍