This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിയോഫ്രാസ്റ്റസ് (ബി.സി. 370 - 287)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:46, 1 ജൂലൈ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

തിയോഫ്രാസ്റ്റസ് (ബി.സി. 370 - 287)

Theophrastus

ഗ്രീക്ക് ശാസ്ത്രകാരനും തത്ത്വചിന്തകനും. ലെബോസിലെ (Lesbos) എറിസുസ് (Eresus) പട്ടണത്തില്‍ ജനിച്ചു. ക്രിസ്തുവിനു മുമ്പ് 370-287 കാലഘട്ടത്തിലാണ് ഇദ്ദേഹം ജീവിച്ചിരുന്നത്. അരിസ്റ്റോട്ടലിന്റെ കാലശേഷം ശിഷ്യനായ തിയോഫ്രാസ്റ്റസ് പെരിപാറ്റെറ്റിക് പാഠശാലയുടെ തലവനായി. നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവായ തിയോഫ്രാസ്റ്റസ് അരിസ്റ്റോട്ടലിന്റെ കൃതികളും വിവര്‍ത്തനം ചെയ്തിട്ടുണ്ട്. അരിസ്റ്റോട്ടലിന്റെ കൃതികള്‍ ഭാവി തലമുറയ്ക്കായി സംരക്ഷിക്കുന്നതിനും ഇദ്ദേഹം ശ്രദ്ധ ചെലുത്തിയിരുന്നു.

തിയോഫ്രാസ്റ്റസിന്റെ കൃതികളില്‍ സസ്യശാസ്ത്രസംബന്ധി യായ രണ്ടെണ്ണം മാത്രമേ അവശേഷിച്ചിട്ടുള്ളൂ. ഒമ്പതുവാല്യങ്ങളുള്ള ഹിസ്റ്റോറിയ പ്ലാന്റാറം (എന്‍ക്വയറി ഇന്റു പ്ലാന്റ്സ്), ആറു വാല്യങ്ങളുള്ള ദെ കൗസിസ് (എറ്റിയോളജി ഒഫ് പ്ലാന്റ്സ്) എന്നിവയാണ് ഇവ. ഈ ഗ്രന്ഥങ്ങളാണ് സസ്യങ്ങളുടെ ഘടനാവ്യവസ്ഥകളെപ്പറ്റി വ്യക്തമായ അവബോധം ആദ്യമായി നല്കിയത്. അനേകം ശാസ്ത്രപ്രബന്ധങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഇവയില്‍ ചിലവ അപൂര്‍ണവും മറ്റു ചിലവ സംഗൃഹീത രൂപത്തിലുമാണ്. അഗ്നി, കാറ്റ്, ശിലകള്‍, കാലാവസ്ഥാസൂചനകള്‍, ഗന്ധം, വിയര്‍പ്പ്, ക്ഷീണം (തളര്‍ച്ച), മാന്ദ്യം, ബോധക്ഷയം, പക്ഷാഘാതം എന്നിങ്ങനെ വൈവിധ്യമാര്‍ന്ന വിഷയങ്ങള്‍ ഇദ്ദേഹത്തിന്റെ ശാസ്ത്ര പ്രബന്ധങ്ങളില്‍ പ്രതിപാദ്യമായിട്ടുണ്ട്. മെറ്റാഫിസിക്സിനെപ്പറ്റിയുള്ള ഇദ്ദേഹത്തിന്റെ ഉപന്യാസവും 'കാരക്ടേഴ്സ്'എന്ന കൃതിയും ശാസ്ത്രലോകത്ത് ശ്രദ്ധ പിടിച്ചു പറ്റി.

തത്ത്വചിന്തയിലും തിയോഫ്രാസ്റ്റസ് നിര്‍ണായകമായ നിരവധി സംഭാവനകള്‍ നല്കിയിട്ടുണ്ട്. ഓണ്‍ ദി ഒപ്പീനിയന്‍സ് ഒഫ് ദ് ഫിസിക്കല്‍ ഫിലോസഫേഴ്സ് എന്ന 18 വാല്യങ്ങളുള്ള ഗ്രന്ഥപരമ്പരയില്‍ ഇദ്ദേഹം സോക്രട്ടീസിനു മുമ്പുള്ള തത്ത്വജ്ഞാനികളുടെ ചിന്താപദ്ധതികളെക്കുറിച്ചു പ്രതിപാദിക്കുന്നതായി ഹെര്‍മാന്‍ ഡയല്‍സ് സൂചിപ്പിക്കുന്നു (1879). എന്നാല്‍ തിയോഫ്രാസ്റ്റസിന്റെ നിഗമനങ്ങളും പ്രതിപാദ്യങ്ങളും അരിസ്റ്റോട്ടലിന്റെ ആശയങ്ങളുടെ പിന്തുടര്‍ച്ചയാണെന്ന് മക് ഡയാര്‍മിഡിനെ(Mc Diarmid)പ്പോലുള്ളവര്‍ അഭിപ്രായപ്പെടുന്നു. അരിസ്റ്റോട്ടലിന്റെ ചിന്താമണ്ഡലത്തിനുള്ളില്‍ നിലനിന്നുകൊണ്ടു തന്നെ നവീനമായ ആശയങ്ങളുടെ പ്രഭവ കേന്ദ്രങ്ങളെ നേരിട്ടു സമീപിക്കുവാന്‍ തിയോഫ്രാസ്റ്റസിനു കഴിഞ്ഞിരുന്നു എന്നു ചൂണ്ടിക്കാണിക്കുന്നവരുമുണ്ട്. ഓണ്‍ സെന്‍സേഷന്‍ എന്ന ഗ്രന്ഥത്തില്‍ അരിസ്റ്റോട്ടലിന്റെ സിദ്ധാന്തങ്ങളെ നിരൂപണ ബുദ്ധിയോടെ തിയോഫ്രാസ്റ്റസ് വിശകലനം ചെയ്തിരിക്കുന്നു. മറ്റു പല രചനകളിലും ഇദ്ദേഹം ഇതേ നിലപാട് സ്വീകരിച്ചിരുന്നതായി കരുതുന്നവരുമുണ്ട്. എങ്കിലും ഒരു സ്വതന്ത്ര ചിന്തകന്‍ എന്ന നിലയ്ക്ക് ഇദ്ദേഹം പില്ക്കാലത്ത് അംഗീകരിക്കപ്പെട്ടു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍