This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
താരതമ്യ മതപഠനം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
താരതമ്യ മതപഠനം
ലോകത്ത് ഇന്ന് നിലനില്ക്കുന്നതും പണ്ട് നിലനിന്നിരുന്നതുമായ എല്ലാ മതങ്ങളുടേയും വിശദവിവരങ്ങള്‍ താരതമ്യം ചെയ്യുന്ന വിജ്ഞാനശാഖ. 19-ാം ശ.-ത്തിന്റെ അന്ത്യഘട്ടത്തില്‍ 'താരതമ്യ മതപഠനം' എന്ന പദം 'മതവിജ്ഞാനീയ'ത്തിന്റെ പര്യായമായും ഉപയോഗിക്കപ്പെട്ടിരുന്നു. വ്യത്യസ്ത മതങ്ങളെ താരതമ്യം ചെയ്യുമ്പോള്‍ അവയുടെ മൂല്യത്തെക്കുറിച്ച് വ്യക്തമായ അറിവ് ലഭിക്കുന്നു.
പാശ്ചാത്യ മതങ്ങളുടെ പഠനത്തില്‍ മാത്രം ഒതുങ്ങി നില്ക്കു വാന്‍ തയ്യാറല്ലാതിരുന്ന ഒരു കൂട്ടം പണ്ഡിതരാണ് താരതമ്യ മത പഠനത്തിനു തുടക്കം കുറിച്ചത്. പാശ്ചാത്യ പാരമ്പര്യത്തിന്റെ സ്വാധീനത്തില്‍ നിന്ന് സ്വതന്ത്രരായി നിന്നുകൊണ്ട്, ലോകത്തിലെ വ്യത്യസ്ത മതങ്ങളെക്കുറിച്ച് പഠിക്കുവാന്‍ ഇവര്‍ ശ്രമിച്ചു. പാശ്ചാത്യ മതങ്ങളില്‍ സര്‍വസാധാരണമായ 'ദിവ്യ വെളിപാട്' എന്ന ആശയത്തിന് താരതമ്യ മതപഠനത്തില്‍ പ്രാധാന്യം ലഭിച്ചിരുന്നില്ല. വ്യത്യസ്ത മതങ്ങളെക്കുറിച്ച് വിവരങ്ങള്‍ ശേഖരിക്കപ്പെട്ടിരുന്നുവെങ്കിലും അവ കൃത്യമായി വ്യാഖ്യാനിക്കുവാന്‍ സഹായിക്കുന്ന ഒരു സിദ്ധാന്തം അന്നുണ്ടായിരുന്നില്ല. 19-ാം ശ.-ത്തിന്റെ അന്ത്യത്തില്‍ പരിണാമ സിദ്ധാന്തം അവതരിപ്പിക്കപ്പെട്ടതോടുകൂടി ഈ അവസ്ഥയ്ക്കു മാറ്റമുണ്ടായി. ജീവശാസ്ത്രത്തില്‍ ഡാര്‍വിന്‍ അവതരിപ്പിച്ച സിദ്ധാന്തത്തിന് സാമൂഹിക മാനം നല്കിയത് സ്പെന്‍സറും കോംതെയും മറ്റുമാണ്. ഓരോ മതത്തിന്റേയും പരിണാമ ചരിത്രം കണ്ടെത്താനാണ് താരതമ്യ മതപഠനം ശ്രമിച്ചത്. യാഥാസ്ഥിതിക ക്രൈസ്തവരില്‍ ഇത് ഏറെ എതിര്‍പ്പുളവാക്കി. ക്രിസ്തുമതത്തെ ആപേക്ഷികമായി വിശകലനം ചെയ്യുന്നതും ദിവ്യ വെളിപാടിന്റെ പ്രാധാന്യം ഇല്ലാതാക്കുന്നതുമാണ് യാഥാസ്ഥിതിക ക്രൈസ്തവരെ പ്രകോപിപ്പിച്ചത്. ഇതിനു മറുപടിയായി താരതമ്യ മതപഠനം 'പടിപടിയായുള്ള വെളിപാട്' (ജൃീഴൃലശ്ൈല ൃല്ലഹമശീിേ) എന്ന ആശയം സ്വീകരിച്ചു.
ഏവര്‍ക്കും സ്വീകാര്യമായ ഒരു പഠനരീതിയോ മാര്‍ഗമോ താരതമ്യ മതപഠനത്തിനുണ്ടായിരുന്നില്ല. ആരംഭഘട്ടങ്ങളില്‍ രണ്ട് രീതിയിലുള്ള പഠനങ്ങളാണ് പ്രധാനമായും നടന്നിരുന്നത്. മാക്സ് മ്യുള്ളറുടെ നേതൃത്വത്തിലുണ്ടായിരുന്ന ഭാഷാതത്ത്വശാസ്ത്രത്തില്‍ അഥവാ ശബ്ദശാസ്ത്രത്തില്‍ അധിഷ്ഠിതമായ രീതിയും, അഡോള്‍ഫ്് ബാസ്റ്റിയന്‍, തിയൊഡൊര്‍ വൈറ്റ്സ്, ഇ.ബി. ടൈലര്‍, ജെയിംസ് ജി. ഫ്രേസര്‍, ആന്‍ഡ്രു ലങ് തുടങ്ങിയവരുടെ നേതൃത്വത്തിലുണ്ടായിരുന്ന നരവംശശാസ്ത്രത്തിലധിഷ്ഠിതമായ രീതിയുമായിരുന്നു ഇവ. മ്യുള്ളറുടെ സേക്രഡ് ബുക്ക്സ് ഒഫ് ദി ഈസ്റ്റ് എന്ന അന്‍പതു വാല്യമുള്ള ഗ്രന്ഥപരമ്പര താരതമ്യ മതപഠനത്തിന് ഒരു മുതല്‍ക്കൂട്ടായിത്തീര്‍ന്നു. എന്നാല്‍ മ്യുള്ളര്‍ അവലംബിച്ച പഠനമാര്‍ഗങ്ങള്‍ തികച്ചും ശാസ്ത്രീയമായിരുന്നില്ല. ഗ്രന്ഥങ്ങളെ മാത്രം ആശ്രയിച്ച് ശേഖരിച്ച വിവരങ്ങള്‍ 'സൌര ഐതിഹ്യം' (ീഹമൃ ാ്യവീേഹീഴ്യ) ആസ്പദമാക്കിയാണ് ഇദ്ദേഹം വ്യാഖ്യാനിച്ചിരുന്നത്. ഇത് പലപ്പോഴും ആശയക്കുഴപ്പത്തിന് ഇടയാക്കി.
നരവംശ ശാസ്ത്രാധിഷ്ഠിതമായ രീതികള്‍ അവലംബിച്ച ഗവേഷകര്‍ ഡാര്‍വീനിയന്‍ സിദ്ധാന്തങ്ങള്‍ക്ക് വളരെയധികം പ്രാധാന്യം നല്കിയിരുന്നുവെന്നു കാണാം. ഡാര്‍വിനിസമില്ലാതെ നരവംശ ശാസ്ത്രത്തിന് നിലനില്ക്കാനാവില്ല എന്ന് ആര്‍.ആര്‍.മാരെറ്റ് അഭിപ്രായപ്പെട്ടു. എന്നാല്‍ മതങ്ങളുടെ പരിണാമ പ്രക്രിയയില്‍ എല്ലാ നരവംശ ശാസ്ത്രജ്ഞരും ഒരുപോലെ തത്പരരായിരുന്നില്ല. എല്ലാ പ്രാകൃതമതങ്ങളും ഭീകരവും ദുര്‍ഗ്രഹവുമാണെന്നായിരുന്നു ലൂയി എച്ച്. മോര്‍ഗനിന്റെ അഭിപ്രായം. എന്നാല്‍ മനുഷ്യസമൂഹത്തിന്റെ പരിണാമത്തിന്റെ പൂര്‍ണചിത്രം ലഭിക്കുന്നതിന് മതങ്ങളുടെ പരിണാമത്തെക്കുറിച്ചുള്ള അറിവും ആവശ്യമാണെന്ന് ചില ഗവേഷകര്‍ മനസ്സിലാക്കി. മൃഗങ്ങളില്‍ നിന്ന് പരിണാമ പ്രക്രിയയിലൂടെ മനുഷ്യന്‍ ആവിര്‍ഭവിച്ചതുപോലെ, പ്രാകൃത മതങ്ങളുടെ പരിണാമത്തിലൂടെയാകാം ആധുനിക മതങ്ങള്‍ രൂപംകൊണ്ടത് എന്നായിരുന്നു ഇവരുടെ അനുമാനം. മതത്തിന്റെ പ്രാകൃത രൂപത്തെക്കുറിക്കുവാന്‍ ഗവേഷകര്‍ വ്യത്യസ്ത പദങ്ങള്‍ ഉപയോഗിച്ചിരുന്നു. ടൈലര്‍ 'അനിമിസം' എന്ന പദവും മാരെറ്റ് 'പ്രിഅനിമിസം' എന്ന പദവും ഓട്ടൊ 'സെന്‍സസ് ന്യുമിനിസ്' എന്ന പദവും ഹെര്‍ബര്‍ട്ട് സ്പെന്‍സര്‍ 'മാനിസം' എന്ന വാക്കുമാണ് ഉപയോഗിച്ചത്. ടോട്ടെമിസം, മന്ത്രവാദം തുടങ്ങിയവയിലും മതത്തിന്റെ ആരംഭങ്ങള്‍ കണ്ടെത്തുവാന്‍ ഇവര്‍ ശ്രമിച്ചു. പണ്ട് നിലനിന്നിരുന്ന വിശ്വാസങ്ങളുടേയും ആചാരങ്ങളുടേയും അവശിഷ്ടങ്ങള്‍ ആധുനിക മതങ്ങളില്‍ കാണപ്പെടുന്നതാണ് ഇത്തരം പഠനങ്ങള്‍ക്ക് പ്രചോദനമായത്.
മെസൊപ്പൊട്ടേമിയ, ഈജിപ്ത്, ഗ്രീസ്, റോം, ഇന്ത്യ, ചൈന, ജപ്പാന്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നിലനിന്നിരുന്ന താരതമ്യേന മെച്ചപ്പെട്ട മതസംസ്കാരങ്ങളില്‍ നിന്നാണ് ആധുനിക പാശ്ചാത്യ- പൌരസ്ത്യ മതങ്ങള്‍ ആവിര്‍ഭവിച്ചിട്ടുള്ളത് എന്നു കരുതപ്പെടുന്നു. ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിലേക്ക് കുടിയേറിപ്പാര്‍ത്ത ജനവിഭാഗങ്ങള്‍ ഓരോ പ്രത്യേക തരം വിശ്വാസങ്ങളും ആചാരങ്ങളും ആ ഭാഗങ്ങളിലേക്ക് പ്രചരിപ്പിക്കുവാനിടയാക്കി. മതവിശ്വാസങ്ങളുടേയും ആചാരങ്ങളുടേയും സങ്കലനത്തിന് ഇത് കാരണമായി. ഫ്രീഡ്റിഷ് ഡെലിറ്റ്ഷ്ന്റേയും ആല്‍ഫ്രഡ് ജെറമിയാസിന്റേയും നവ-ബാബിലോണിയന്‍ സിദ്ധാന്തങ്ങളില്‍ ഈ സങ്കലനം ദൃശ്യമാണ്. എല്യട്ട് സ്മിത്, വില്യം ജയിംസ് പെറി തുടങ്ങിയവര്‍ ഈജിപ്തിനെ 'സംസ്കാരത്തിന്റേയും മതത്തിന്റേയും കളിത്തൊട്ടില്‍' എന്നാണ് വിശേഷിപ്പിച്ചത്. 1930-കളില്‍ പ്രബലമായ 'ആചാരൈതിഹ്യ വീക്ഷണഗതി'(ാ്യവേ & ൃശൌമഹ രെവീീഹ)യും സങ്കലനത്തില്‍ നിന്ന് രൂപംകൊണ്ടതാണ്.
താരതമ്യ മതപഠനത്തിന് ശാസ്ത്രമായി അംഗീകാരം ലഭിക്കുവാന്‍ കാലതാമസം നേരിട്ടിരുന്നു. 1873-ല്‍ ആദ്യത്തെ താരതമ്യ മതപഠന ചെയര്‍ സ്വിറ്റ്സര്‍ലണ്ടിലെ ജനീവയില്‍ ആരംഭിച്ചു. 1877-ല്‍ ഹോളണ്ടിലെ ആംസ്റ്റര്‍ഡാം, ഗ്രോണിങ്ങന്‍, ലൈദന്‍, ഉട്രെഷ്റ്റ് എന്നിവിടങ്ങളിലും 1886-ല്‍ ഫ്രാന്‍സിലെ സോര്‍ബോണിലും ചെയറുകള്‍ ആരംഭിച്ചു. സ്വീഡനില്‍ പണ്ട് നിലനിന്നിരുന്ന ഒരു ചെയര്‍ 1901 മുതല്‍ താരതമ്യ മതപഠനത്തില്‍ ശ്രദ്ധ പതിപ്പിച്ചു തുടങ്ങി. ഇംഗ്ളണ്ടില്‍ 1904-ല്‍ മാഞ്ചെസ്റ്റര്‍ ചെയര്‍ ആരംഭിച്ചു. ജര്‍മനിയില്‍, 1910-ല്‍ ബെര്‍ലിനിലും 1912-ല്‍ ലൈപ്സിഗിലും ചെയറുകള്‍ ആരംഭിച്ചു. ജര്‍മനിയിലെ ഗവേഷകര്‍ പഴയ നിയമത്തിന്റേയും പുതിയ നിയമത്തിന്റേയും ചരിത്രത്തെക്കുറിച്ചും പശ്ചാത്തലത്തെക്കുറിച്ചും മാത്രമാണ് പഠനം നടത്തിയിരുന്നത്. ബെര്‍ലിന്‍-ലൈപ്സിഗ് ചെയറുകള്‍ ഈ സ്ഥിതിയ്ക്ക് മാറ്റം വരുത്തി. സ്കോട്ട്ലന്‍ഡില്‍ 1887 മുതല്‍ സ്വാഭാവിക ദൈവശാസ്ത്രത്തില്‍ ഗിഫോര്‍ഡ് ലെക്ചര്‍ഷിപ്പ് (ഏശളളീൃറ ഹലരൌൃലവെശു)നിലനിന്നിരുന്നെങ്കിലും അവിടെ താരതമ്യപഠനത്തിന് ഒരു ചെയര്‍ ഉണ്ടായിരുന്നില്ല. യു.എസ്സില്‍ ഹാര്‍വാര്‍ഡ്, ബോസ്റ്റണ്‍, പ്രിന്‍സ്റ്റണ്‍, കോര്‍ണല്‍, ചിക്കാഗൊ തുടങ്ങിയ സര്‍വകലാശാലകളില്‍ താരതമ്യ മതപഠനവിഭാഗം ആരംഭിച്ചു. താരതമ്യ മതപഠനത്തെക്കുറിച്ച് നിരവധി ജേര്‍ണലുകളും വിജ്ഞാനകോശങ്ങളും പുറത്തിറങ്ങിയിട്ടുണ്ട്. റെവ്യു ദ ഹിസ്തോയിര്‍ ദെസ് റിലിജിയന്‍സ് (ഞല്ൌല റ വശീശൃല റല ൃലഹശഴശീി) ആണ് ജേര്‍ണലുകളില്‍ പ്രമുഖം. വിജ്ഞാനകോശങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത്
1908-26 വരെയുള്ള കാലയളവില്‍ ജെയിംസ് ഹേസ്റ്റിങ്സ് പ്രസിദ്ധീകരിച്ച എന്‍സൈക്ളൊപീഡിയ ഒഫ് റിലിജിയന്‍ ആന്‍ഡ് എതിക്സ് (ഋിര്യരഹീുമലറശമ ീള ഞലഹശഴശീി മിറ ഋവേശര) ആണ്. ജര്‍മന്‍ ഭാഷയില്‍ പ്രസിദ്ധീകരിക്കപ്പെട്ട ദി റിലിജിയന്‍ ഇന്‍ ഗെസിഷ്റ്റ ഉണ്‍ട് ഗെഗന്‍വാര്‍ട്ട് (ഉശല ഞലഹശഴശീി ശി ഴലരെവശരവലേ ൌിറ ഴലഴലിംമൃ) ആണ് മറ്റൊരു പ്രധാനപ്പെട്ട വിജ്ഞാനകോശം. സ്റ്റോക്ഹോമില്‍ 1877-ലും പാരിസില്‍ 1900-ത്തിലും താരതമ്യ മതപഠനത്തെക്കുറിച്ച് അന്താരാഷ്ട്ര സമ്മേളനങ്ങള്‍ നടന്നിരുന്നു.
ഒന്നാംലോകയുദ്ധത്തിനു ശേഷം താരതമ്യ മതപഠനത്തിലെ പരിണാമവാദത്തിന് ശക്തി കുറഞ്ഞു. താരതമ്യ മതപഠനം എന്ന വിജ്ഞാനശാഖയുടെ പരിധിയിലുണ്ടായിരുന്ന പഠനവിഷയങ്ങള്‍ ചരിത്രം, മനഃശാസ്ത്രം, സാമൂഹ്യശാസ്ത്രം, മതപഠനം, സാമ്പത്തികശാസ്ത്രം എന്നിങ്ങനെ വ്യത്യസ്ത ശാസ്ത്രങ്ങളുടെ പരിധിയില്‍ ഉള്‍പ്പെട്ടു തുടങ്ങി.