This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

താടകാവധം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:01, 24 ജൂണ്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

താടകാവധം

മലയാള കാവ്യം. ആധുനികരീതിയിലുളള ഈ ആട്ടക്കഥ വി.കൃഷ്ണന്‍ തമ്പി 1920-ല്‍ രചിച്ചു. രാമായണത്തിലെ താടകാവൃത്താന്തത്തില്‍ നിന്ന് ഭിന്നമായി കാളിദാസന്‍ രഘുവംശത്തില്‍ അവതരിപ്പിക്കുന്ന ബീജമാത്രമായ ആശയത്തെ വികസിപ്പിച്ച് പുനരവതരിപ്പിക്കുകയാണ് ഒന്‍പത് രംഗങ്ങളുളള താടകാവധത്തില്‍ ചെയ്തിരിക്കുന്നത്. ഇതിലെ കഥ ഇപ്രകാരമാണ്.

ദ്രാവിഡ റാണിയായ താടക ആര്യാവര്‍ത്തത്തിലെ ആര്യവംശക്കാരെ കഠിനമായി എതിര്‍ക്കുകയും ഗോഹത്യാപരമായ യാഗങ്ങള്‍ തകര്‍ക്കുകയും ചെയ്തു. ഇതില്‍ കുപിതരായ മുനിമാര്‍ വിശ്വാമിത്രന്റെ നേതൃത്വത്തില്‍ ദശരഥനെ സമീപിച്ച് രാമന്റെ സഹായം ആവശ്യപ്പെട്ടു. രാമനെ ലഭിച്ച വിശ്വാമിത്രന്‍ താടകാവധമാണ് ആവശ്യപ്പെട്ടത്. എന്നാല്‍ സ്ത്രീഹത്യ ചെയ്യാന്‍ രാമന്‍ തയ്യാറായില്ല. മാത്രമല്ല, സുഭഗനായ രാമനില്‍ ദ്രാവിഡറാണി അനുരാഗപരവശയാവുകയും ചെയ്തു. എന്നാല്‍ വിശ്വാമിത്രന്റെ നിരന്തരമായ സമ്മര്‍ദത്തിന്റെ ഫലമായി രാമന് താടകയുടെ നേര്‍ക്ക് ശരം തൊടുക്കേണ്ടിവന്നു. ശരമേറ്റ താടക രാമ രാമ എന്നു പറഞ്ഞ് ജീവന്‍ വെടിഞ്ഞ് ജീവിതേശ സന്നിധിയിലെത്തി. മരിക്കുന്നതിനു മുമ്പ് രാമനെ ശപിക്കുകയും ചെയ്തു.

ഇതിവൃത്ത സംസ്കരണം, പാത്രാവിഷ്കരണം, രംഗസജ്ജീകരണം, കലാസൌകുമാര്യം എന്നീ കാര്യങ്ങളിലെല്ലാം നിലവിലുളള ആട്ടക്കഥകളില്‍ നിന്ന് വ്യത്യസ്തമായ സമീപനമാണ് താടകാവധത്തില്‍ കവി പുലര്‍ത്തിയിട്ടുളളത്. സാധാരണ ആട്ടക്കഥകളില്‍ നിന്ന് വ്യത്യസ്തമായ സംവിധാനവും പ്രതിപാദനവുമാണ് ഇതിലുളളത്. കാവ്യത്തിന്റെ ഇതിവൃത്തത്തെ ചരിത്ര വസ്തുതകള്‍ക്കും മാനവസമുദായ രീതിക്കും നാടകീയ സിദ്ധാന്തങ്ങള്‍ക്കും അനുയോജ്യമായ രീതിയില്‍ സംസ്കരിച്ചെടുത്തിരിക്കുന്നതു കാണാം. വീരരസപ്രധാനമായ പുരാണകഥയെ ശൃംഗാരാദിവ്യഞ്ജകമായി പുനരവതരിപ്പിച്ചു എന്നതും പ്രത്യേകതയാണ്. താടകയെ ഒരു കാമുകിയായ യുവതിയായാണ് ഇതില്‍ അവതരിപ്പിച്ചിരിക്കുന്നത്.

കഥാപാത്രങ്ങളുടെ സ്വഭാവരൂപീകരണത്തിലെന്നതുപോലെ രംഗസജ്ജീകരണത്തിലും കവിയുടെ കലാപാടവം തെളിഞ്ഞു കാണാം. ഓരോ സന്ദര്‍ഭത്തിന്റേയും ഭാവതീവ്രതയ്ക്ക് അനുയോജ്യമായ വിധത്തിലാണ് രംഗങ്ങള്‍ സന്നിവേശിപ്പിച്ചിരിക്കുന്നത്. ഭാവബന്ധുരങ്ങളായ പദങ്ങളുടെ രചനകൊണ്ടും നല്ലൊരു കലാസൃഷ്ടിയായിത്തീര്‍ന്നിട്ടുണ്ട് താടകാവധം. ശബ്ദാര്‍ഥങ്ങളുടെ സമഞ്ജസമായ സമ്മേളനം കൊണ്ട് രസപുഷ്കലമായ അനേകം പദ്യങ്ങള്‍ ഈ ആട്ടക്കഥയിലുണ്ട്. ഒരു ഭാഗം നോക്കുക.

 'കമനീയാങ്ഗനിതാരോ കവരുന്നു കണ്ണിണ
 കാനന നീലിമയില്‍ പൂനിലാവൊളി പൂശി
 നീരദനികരനിലീന നവോദിത
 പൂര്‍ണ സോമസാര്‍വ്വ ഭൌമസദൃശാതി ശോഭിതതനു'
 സാധാരണ ആട്ടക്കഥകളില്‍ കാണുന്നതുപോലെ അമാനുഷ വും അതിമാനുഷവുമായ കാര്യങ്ങള്‍ താടകാവധത്തിലില്ല.  ദശരഥന്റെ സര്‍വമത സമ്മേളനം; ബ്രഹ്മവാഹകര്‍, ചാര്‍വാകര്‍, യജ്ഞവാദികള്‍ തുടങ്ങിയവരുടെ പ്രസംഗം എന്നിങ്ങനെയുള്ള ധാരാളം പുതുമകളും ഈ ആട്ടക്കഥയിലുണ്ട്.

കൊച്ചി വീരകേരളവര്‍മ രാജാവും താടകാവധം എന്ന പേരില്‍ ഒരു ആട്ടക്കഥ രചിച്ചിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍