This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
തംബുരു
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
തംബുരു
ശ്രുതിവാദ്യങ്ങളിലൊന്ന്. പ്ളാവിന്റെ തടികൊണ്ടാണ് തംബുരു നിര്‍ മിക്കുന്നത്. പ്ളാവിന്റെ തടിയില്‍ അകം പൊള്ളയായി അര്‍ധഗോളാ കൃതിയില്‍ കുഴിച്ചുണ്ടാക്കിയ ഒരടി വലുപ്പമുള്ള കുടവും അതിനോടു ചേര്‍ന്ന് ഉദ്ദേശം മൂന്നടി നീളവും നാലിഞ്ചു വണ്ണവുമുള്ള അകം പൊള്ളയായ ഒരു ദണ്ഡും അതിന്മേല്‍ ഘടിപ്പിച്ചിട്ടുള്ള നാലു ബരഡകളും ഒരു ബ്രിഡ്ജും നാലു മണിക്കായകളുമാണ് തംബുരുവിനുള്ളത്.
മിടിയില്‍ വലതുവശത്തായി കുത്തനെ നിര്‍ത്തിയശേഷം വലതുകൈവിരലുകള്‍കൊണ്ട് ഓരോരോ തന്ത്രികളില്‍ തട്ടിയാണ് തംബുരു വായിക്കുന്നത്. മീട്ടുമ്പോള്‍ ഏറ്റവും താഴെ അറ്റത്തായിരിക്കും കുടംപോലുള്ള ഭാഗം. അതിനുമുകളിലായുള്ള ദണ്ഡിന്റെ മറ്റേത്തലയ്ക്കല്‍ ബരഡകളുണ്ട്. കുടംപോലുള്ള ഭാഗത്തിന്റെ മധ്യത്തിലായാണ് വീതികൂടിയ ബ്രിഡ്ജുള്ളത്. ബരഡകളില്‍ നിന്ന് ദണ്ഡിനുമുകളിലൂടെ വരുന്ന തന്ത്രികള്‍ ബ്രിഡ്ജിനു മുകളില്‍ക്കൂടി കുടംപോലുള്ള ഭാഗത്തിന്റെ കീഴറ്റത്തേയ്ക്കു ചെല്ലുന്നു. അവിടെയാണ് അത് വലിച്ചുചേര്‍ത്ത് ഘടിപ്പിച്ചിട്ടുള്ളത്. ഈ അറ്റത്തിനും ബ്രിഡ്ജിനുമിടയിലായി നാല് മണിക്കായകള്‍ കോര്‍ത്തിട്ടുമുണ്ട്.
തംബുരുവിന് നാല് കമ്പികളാണുള്ളത്. അവയെ മീട്ടുന്ന ക്രമത്തില്‍ അതായത് ഇടത്തുനിന്ന് വലത്തോട്ട് ആദ്യത്തെ കമ്പി പഞ്ചമം, രണ്ടാമത്തേത് സാരണ, മൂന്നാമത്തേത് അനുസാരണ, ഒടുവിലത്തേത് മന്ദ്രം. ഇതില്‍ ആദ്യത്തെ കമ്പി (പഞ്ചമം) മധ്യസ്ഥായി പഞ്ചമത്തിലും സാരണയും അനുസാരണയും താരസ്ഥായി ഷഡ്ജത്തിലും ഒടുവിലത്തെ കമ്പി (മന്ദ്രം) മധ്യസ്ഥായി ഷഡ്ജത്തിലുമാണ് ശ്രുതി ചേര്‍ക്കേണ്ടത്. ബരഡകള്‍ വേണ്ടതുപോലെ മുറുക്കിയും അയച്ചുമാണ് ശ്രുതി ശരിപ്പെടുത്തുന്നത്. കുടം വലതുവശം വരത്തക്കവിധം തംബുരു വിലങ്ങനെ മലര്‍ത്തിക്കിടത്തി ഇടതുകൈ കൊണ്ട് ബരഡകള്‍ മുറുക്കിയും അയച്ചും വലതു കൈവിരല്‍ കൊണ്ട് ആദ്യം സാരണയും അനുസാരണയും വെവ്വേറെ മീട്ടി നോക്കിയും ശ്രുതി ശരിപ്പെടുത്തണം. തുടര്‍ന്ന് പഞ്ചമത്തെ (ഇരിക്കുന്ന ആളിന്റെ അടുത്തുനിന്ന് നാലാമത്തെ കമ്പി) മധ്യസ്ഥായി പഞ്ചമത്തിലും മന്ദ്രത്തെ (ഇരിക്കുന്ന ആളിന്റെ തൊട്ടടുത്തുള്ള കമ്പി) മധ്യസ്ഥായി ഷഡ്ജത്തിലും ശ്രുതി ചേര്‍ക്കണം. ബ്രിഡ്ജിന്റെ മീതെയായി മുറുകി നില്ക്കുന്ന കമ്പികളുടെ ഇടയില്‍ സില്‍ക്കിന്റെയോ പരുത്തിയുടെയോ നൂല്‍ക്കഷണങ്ങള്‍ ഇട്ടിരിക്കും. ഈ നൂലുകളെ ജീവാളികള്‍ അഥവാ ജീവ എന്നും പറയാറുണ്ട്. ജീവ പിടിപ്പിക്കുന്നതുമൂലം തംബുരുവിന്റെ നാദത്തിനു ദൈര്‍ഘ്യം ലഭിക്കുന്നു. ബരഡകള്‍ മുറുകി ശരിപ്പെടുത്തിയതിനുശേഷം പിന്നെയും എന്തെങ്കിലും ചില്ലറ ക്രമീകരണങ്ങള്‍ ആവശ്യമായി വന്നാല്‍ മണിക്കായകള്‍ അങ്ങോട്ടുമിങ്ങോട്ടും നീക്കി അതു ശരിപ്പെടുത്താവുന്നതാണ്.
ഹാര്‍മോണിയം, ശ്രുതിപ്പെട്ടി തുടങ്ങിയവയില്‍ ഷഡ്ജവും പഞ്ചമവും മേല്‍ ഷഡ്ജവും ഒരേസമയത്ത് ഒന്നിച്ചു പുറപ്പെടുവിച്ച് അതിനെ ആധാരമാക്കിയാണ് പാടുന്നത്. ശ്രുതിയിടുന്ന ആളിന്റെ ശക്തിക്കനുസരിച്ച് ഈ മൂന്നു സ്വരങ്ങള്‍ക്കും ഒരുമിച്ച് ശബ്ദം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാമെന്നല്ലാതെ ഇടവിട്ട് ഓരോ സ്വരത്തെയും തുടര്‍ച്ചയായും മുറിയാതെയും പുറപ്പെടുവിക്കുക സാധ്യമല്ല. ഈ സ്വരങ്ങള്‍ ഒരുമിച്ചു ശബ്ദിക്കുമ്പോള്‍ ഒരു ബഹളമാണു സൃഷ്ടിക്കുന്നത്. തംബുരുവിലാകട്ടെ ഓരോന്നിനേയും ഇടവിട്ട് വഴിക്കു വഴിയെ മീട്ടാന്‍ കഴിയുമെന്നു മാത്രമല്ല ഓരോ കമ്പിയും മീട്ടുമ്പോള്‍ തുടര്‍ച്ചയായി കുറച്ചു നേരത്തോളം മുഴങ്ങുകയും ചെയ്യുന്നു. കൂടാതെ പഞ്ചമം മീട്ടിയാല്‍ കമ്പനത്തിന്റെ അന്ത്യത്തില്‍ തീവ്രഋഷഭവും മന്ദ്രം മീട്ടിയാല്‍ കമ്പനത്തിന്റെ അന്ത്യത്തില്‍ അന്തരഗാന്ധാരവും ധ്വനിക്കുന്നു. അതിനാല്‍ തംബുരുവിനു കര്‍ണാനന്ദകരവും അനുരണനാത്മകവുമായ ശ്രുതി ലഭിക്കുന്നു. ഇതു പാട്ടുകാരന് ശ്രുതിയില്‍ ലയിച്ചു പാടാനുള്ള പ്രചോദനം നല്കുന്നു. ശ്രുതിപ്പെട്ടിയിലോ ഹാര്‍മോണിയത്തിലോ ഇത്തരമൊരു പശ്ചാത്തലം സൃഷ്ടിക്കുക സാധ്യമല്ല.
ഹാര്‍മോണിയം ശ്രുതിപ്പെട്ടി എന്നിവയുടെ സ്ഥാനത്ത് ഇപ്പോള്‍ സംഗീതാഭ്യസനത്തിനും സംഗീത കച്ചേരികള്‍ക്കും തംബുരുവാണ് ഉപയോഗിക്കുന്നത്.