This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
തത്ത്വഭേദങ്ങള്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
തത്ത്വഭേദങ്ങള്‍
പ്രപഞ്ചത്തിന്റെ നിലനില്പിനാധാരമായ അടിസ്ഥാന തത്ത്വങ്ങള്‍. ഭാരതീയ ദാര്ശനികന്മാര് ഇത് പല രീതിയില്‍ വ്യവച്ഛേദിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്തിട്ടുണ്ട്. വിവിധ ശാസ്ത്ര വിശാരദന്മാര് തത്ത്വങ്ങളുടെ സംഖ്യയെപ്പറ്റി പര്യാലോചിക്കുമ്പോള്‍ പല ഭേദങ്ങളും കണ്ടെത്തുന്നു. തത്ത്വസംഖ്യകളിലെ ഇത്തരത്തിലുള്ള ഭേദങ്ങള്‍ ഭാഗവതം ഏകാദശസ്കന്ധത്തിലെ ഇരുപത്തിരണ്ടാം അധ്യായത്തില്‍ ഉദ്ധവര്‍ ഭഗവാനോട് ചോദിക്കുന്ന രൂപത്തില്‍ വര്‍ണിച്ചു കാണുന്നു. തത്ത്വങ്ങള്‍ ഇരുപത്തിയഞ്ചാണെന്നും അറുപതാണെന്നും ഇരുപത്താറാണെന്നും അതല്ല, തൊണ്ണൂറ്റാറാണെന്നും പല തരത്തില്‍ സങ്കല്പനം നടത്തിയിരിക്കുന്നതിന്റെ രഹസ്യമെന്താണെന്നറിയുന്നതിനായിരുന്നു തന്റെ ചോദ്യങ്ങളിലൂടെ ഉദ്ധവര്‍ ഉദ്യമിച്ചത്. തത്ത്വഭേദങ്ങള്‍ എല്ലാ ഉദ്യമങ്ങളും മായയാല്‍ സന്നിവേശിച്ചിട്ടുള്ളതാണെന്നും ഓരോ വ്യക്തിയും ഭേദബുദ്ധിയോടെ എങ്ങനെ സങ്കല്പിക്കുന്നുവോ അപ്രകാരത്തില്‍ ഗണിക്കുന്നുവെന്നേയുള്ളുവെന്നും സംഖ്യാഭേദം സാങ്കല്പികമാകയാല്‍ സംശയത്തിനവകാശമില്ലെന്നും ഭഗവാന് മറുപടി നല്കി ഉദ്ധവരുടെ ജിജ്ഞാസ ശമിപ്പിച്ചു. ജ്ഞാനേന്ദ്രിയങ്ങളും (മൂക്ക്, നാക്ക്, കണ്ണ്, ത്വക്ക്, ചെവി) കര്‍മേന്ദ്രിയങ്ങളും ധവാക്ക്, പാണി, പാദം, പായു (ഗുദം), ഉപസ്ഥം (ഗുഹ്യ പ്രദേശം)പ മനസ്സും ഒത്തുചേരുന്നതോടെ തത്ത്വങ്ങള്‍ ഏകാദശ(പതിനൊന്ന്)ങ്ങളായിത്തീരുന്നു.
ജ്ഞാനേന്ദ്രിയ പഞ്ചകം, കര്‍മേന്ദ്രിയ പഞ്ചകം, ജ്ഞാനേന്ദ്രിയ വിഷയങ്ങളായ രൂപരസഗന്ധസ്പര്‍ശശബ്ദങ്ങള്‍, പഞ്ചപ്രാണങ്ങള്‍ (പ്രാണന്, അപാനന്‍, വ്യാനന്‍, ഉദാനന്‍, സമാനന്‍ എന്നിങ്ങനെ അഞ്ച് പ്രാണന്മാര്), പഞ്ചഭൂതങ്ങള്‍ (ഭൂമി, ജലം, തേജസ്സ്, വായു, ആകാശം) എന്നിവ ചേരുമ്പോള്‍ തത്ത്വങ്ങള്‍ 25 ആകുന്നു എന്ന് ഒരു വിഭാഗം വേദാന്തികള്‍ അഭിപ്രായപ്പെടുന്നു.
മുമ്പ് സൂചിപ്പിച്ച 25 തത്ത്വങ്ങളോടൊത്ത് ഷഡാധാരങ്ങള്‍
(മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി, ആജ്ഞ എന്നിവ) കൂടി ചേരുമ്പോള്‍ തത്ത്വഭേദങ്ങള്‍ 31 ആയി വികസിക്കുന്നു എന്ന് വേറൊരു വിഭാഗം പണ്ഡിതന്മാര് വാദിക്കുന്നു.
ഈ മുപ്പത്തിഒന്നിന് പുറമേ വചനം, ദാനം, ഗമനം, വിസര്‍ഗം, ആനന്ദം എന്നീ അഞ്ച് കര്‍മേന്ദ്രിയ വിഷയങ്ങള്‍ കൂടി ഒരുമിച്ച് തത്ത്വഭേദങ്ങള്‍ 36 ആയിത്തീരുന്നു എന്ന് മൂന്നാമതൊരു സംഘം ജ്ഞാനസിദ്ധന്മാര്‍ അനുമാനിക്കുന്നു.
ഹരിനാമകീര്‍ത്തനത്തിലെ-
'ഐയ്യഞ്ചുമഞ്ചുമുടനയ്യാറുമെട്ടുമുട-
നവ്വണ്ണമെട്ടുമുടനെണ്മൂന്നുമേഴുമഥ
ചൊവ്വോടൊരഞ്ചുമപിരണ്ടൊന്നുതത്ത്വമതില്‍
മേവുന്ന നാഥ ഹരിനാരായണായനമഃ'
എന്ന 25-ാമത്തെ ശ്ളോകത്തിലൂടെ തത്ത്വഭേദങ്ങള്‍ 96 എണ്ണമുണ്ടെന്നും ഇവ മായാവിഭ്രമം മൂലമാണുണ്ടാകുന്നതെന്നും പരംപൊരുള്‍ സച്ചിദാനന്ദരൂപമായ പരമാത്മാവ് മാത്രമാണെന്നും വ്യക്തമാക്കിയിരിക്കുന്നു. ഈ ശ്ളോകത്തില്‍ വിവരിക്കുന്ന പ്രകാരം ഐയ്യഞ്ചും ഇരുപത്തിയഞ്ചും; ഉടന്‍ അഞ്ചും-പിന്നെ ഒരു അഞ്ചും; അയ്യാറും-അഞ്ചും ആറും ചേര്‍ന്ന് പതിനൊന്നും; ഉടനെട്ടും-കൂടെ ഒരു എട്ടും; അവ്വണ്ണമെട്ടും-അതുപോലെ വീണ്ടുമൊരു എട്ടും; എണ് മൂന്നും-ഇരുപത്തിനാലും; അഥ ഏഴും-അതിനുശേഷം ഏഴും; ചൊവ്വോടെ ഒരഞ്ചും-വേണ്ടപോലെ പിന്നെയും ഒരഞ്ചും; രണ്ട് ഒന്നും-പിന്നെ രണ്ടും ഒന്നും-മൂന്നും ആകുമ്പോള്‍ 96 തത്ത്വഭേദങ്ങളുണ്ടാകുന്നു. ഇവയില്‍ നിറഞ്ഞു വര്‍ത്തിക്കുന്ന നാഥനായ ഹരിനാരായണന് നമസ്കാരം പറഞ്ഞുകൊണ്ടാണ് ഇതു രചിച്ച ദാര്‍ശനിക കവി ശ്ളോകം അവസാനിപ്പിക്കുന്നത്.
ഇവിടെ ഭൂമി, ജലം, തേജസ്സ്, വായു, ആകാശം എന്നീ പഞ്ചമ ഹാഭൂതങ്ങള്‍; മൂക്ക്, നാക്ക് തുടങ്ങിയ ജ്ഞാനേന്ദ്രിയങ്ങള്‍; വാക്ക്, പാണി പാദാദികളായ കര്‍മേന്ദ്രിയങ്ങള്‍; വചനം, ആദാനം, യാനം, വിസര്‍ജനം, ആനന്ദനം എന്നീ കര്‍മേന്ദ്രിയ വിഷയങ്ങള്‍; പ്രാണാപാനാദികളായ പഞ്ചപ്രാണനുകള്‍ (ഐയ്യഞ്ചും അഞ്ചും 25+5=30), നാഗന്, കൂര്‍മന്‍, ദേവദത്തന്, ധനഞ്ജയന്, കൃകലന്‍ എന്നീ ഉപപ്രാണന്മാര്; മൂലാധാരം, സ്വാധിഷ്ഠാനം തുടങ്ങിയ ഷഡാധാരങ്ങള്‍ എന്നിവയെയാണ് അയ്യാറും (5 + 6 = 11) എന്ന ഹരിനാമ ശ്ളോകത്തില്‍ നിഗ്രഹണം ചെയ്തിട്ടുള്ളത്.
രാഗം, ദ്വേഷം, കാമം, ക്രോധം, മാത്സര്യം, മോഹം, ലോഭം, മദം എന്നീ അഷ്ടരാഗാദികളാണ് ഉടനെട്ടും(8) എന്ന പ്രയോഗത്തില്‍ സൂചിതമാകുന്നത്. മനസ്സ്, ബുദ്ധി, ചിത്തം, അഹങ്കാരം എന്നിങ്ങനെ നാല് അന്തഃകരണങ്ങളും; സങ്കല്പം, നിശ്ചയം, അഭിമാനം, അവധാരണം എന്ന നാല് അന്തഃകരണവൃത്തികളുമാണ് (8) 'അവ്വണ്ണമെട്ടും' എന്ന പ്രയോഗം കൊണ്ടര്‍ഥമാക്കുന്നത്. ഇഡ, പിംഗള, സുഷുമ്ന എന്നീ മൂന്നു നാഡികളും; അഗ്നിമണ്ഡലം, അര്‍ക്കമണ്ഡലം, ചന്ദ്രമണ്ഡലം എന്ന മൂന്ന് മണ്ഡലങ്ങളും; അര്‍ഥേഷണ, ദാരേഷണ, പുത്രേഷണ എന്ന ഏഷണത്രയവും; ജാഗ്രത്ത്, സ്വപ്നം, സുഷുപ്തി എന്നീ അവസ്ഥകളും; സ്ഥൂലം, സൂക്ഷ്മം, കാരണം എന്നീ ദേഹങ്ങളും; വിശ്വന്, തൈജസന്‍, പ്രാജ്ഞന്‍ എന്നീ മൂന്ന് ദേഹനാഥന്‍മാരും കൂടി ചേരുമ്പോള്‍ 24 തത്ത്വഭേദങ്ങള്‍ രൂപംകൊള്ളുന്നതിനെയാണ് 'എണ്മൂന്ന്' (8 ത 3 = 24) എന്ന പ്രയോഗത്തിലൂടെ ഉദ്ഘോഷിച്ചിരിക്കുന്നത്.
ത്വക്ക്, രക്തം, മാംസം, മേദസ്സ്, അസ്ഥി, മജ്ജ, ശുക്ളം എന്ന സപ്തധാതുക്കളും; അന്നമയം, പ്രാണമയം, മനോമയം, വിജ്ഞാ നമയം, ആനന്ദമയം എന്ന പേരുകളാലറിയപ്പെടുന്ന പഞ്ചകോശങ്ങളും; ആധ്യാത്മികം, ആധിഭൌതികം, ആധിദൈവികം എന്നിങ്ങനെയുള്ള താപത്രയവും സംഗമിക്കുന്നതിലൂടെ തത്ത്വഭേദങ്ങള്‍ 96 എണ്ണമാകുന്നു എന്ന് ഹരിനാമകീര്‍ത്തനാചാര്യന്‍ വ്യക്തമാക്കിയിരിക്കുന്നു.
അഖണ്ഡജ്ഞാനസ്വരൂപനും സച്ചിദാനന്ദാവസ്ഥിതനുമായ പരമാത്മാവിലാണ് മായാസ്പന്ദനംമൂലം തത്ത്വഭേദങ്ങള്‍ ആവിഷ്കരിക്കപ്പെടുന്നത്. തത്ത്വങ്ങളില്‍ പ്രതിബിംബിച്ച് അവയുമായി താദാത്മ്യം പ്രാപിച്ച് ജീവന് നിലനില്ക്കുന്നു. ജീവാത്മാവും പരമാത്മാവും ഒന്നുതന്നെയാണെന്ന സത്യം അറിയുന്നതിനുള്ള അറിവ് കതിരിട്ടുയരുന്നതോടെ തത്ത്വങ്ങളെപ്പറ്റിയുള്ള ഭേദഭാവങ്ങള്‍ അവസാനിക്കുന്നു എന്ന് വേദാന്തദര്‍ശനം ഉദ്ബോധിപ്പിക്കുന്നു. ഒരേ കാരണവസ്തുവിനെ പലതായി കാണുന്നതാണ് തത്ത്വസംഖ്യ 96 ആയി വിവരിക്കാന്‍ കാരണമാകുന്നതെന്ന് ഭഗവദ്ഗീതയില്‍ അനുശാസിച്ചിരിക്കുന്നതിന്റെ പൊരുളും ഇതുതന്നെയാണ്.
'യദാ ഭൂതപൃഥഗ്ഭാവമേകസ്ഥമനുപശ്യതി
തത ഏവ ച വിസ്താരം ബ്രഹ്മ സമ്പദ്യതേ തദാ'
(ഗീത-1330)
(വിവിധ പ്രാപഞ്ചികഘടകങ്ങളില്‍ വെവ്വേറെ നില്ക്കുന്നതു പോലെ കാണപ്പെടുന്ന സത്യം ഒരാള്‍ തന്നില്‍ കാണുമ്പോള്‍ അത് ജഗദ്വ്യാപിയായി വളര്‍ന്നു വികസിക്കും). ഈശാവാസ്യാദി ഉപനിഷദ് കൃതികളിലും ബ്രഹ്മസൂത്രം, വിവേകചൂഡാമണി തുടങ്ങിയ വേദാന്ത ഗ്രന്ഥങ്ങളിലും തത്ത്വഭേദങ്ങളെല്ലാം പരമാത്മാവ് തന്നെയാണെന്ന് സയുക്തികം സ്ഥാപിച്ചിട്ടുള്ളതിന്റെ ശാശ്വത പശ്ചാത്തലം ഈ സത്യദര്‍ശനം തന്നെയാണ്.