This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
തിരു അത്താഴ ശുശ്രൂഷ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
തിരു അത്താഴ ശുശ്രൂഷ
ക്രിസ്തുവിന്റെ തിരു അത്താഴത്തെ അനുസ്മരിച്ചു കൊണ്ട് പതിവായി ക്രൈസ്തവ ദേവാലയങ്ങളില്‍ നടക്കുന്ന ശുശ്രൂഷ. ഉയിര്‍പ്പു ഞായറാഴ്ചയ്ക്കു മുമ്പ് നാല്പതു ദിവസം നീണ്ടു നില്ക്കുന്ന നോമ്പിന്റെ അവസാന ദിവസങ്ങളാണ് പെസഹാ വ്യാഴാഴ്ച, ദുഃഖ വെള്ളിയാഴ്ച, വലിയ ശനിയാഴ്ച എന്നിവ. ഇതില്‍ പെസഹാ വ്യാഴാഴ്ച ദേവാലയങ്ങളില്‍ നടക്കുന്ന ശുശ്രൂഷകളാണ് തിരു അത്താഴത്തെ അനുസ്മരിച്ചുള്ളത്.
ഉയിര്‍പ്പുതിരുനാള്‍കാലത്തെ ആദ്യ ദിവസമായ വ്യാഴാഴ്ച പല പേരുകളിലും അറിയപ്പെടുന്നു. പെസഹാ വ്യാഴാഴ്ചയെന്നാണ് ഈ ദിവസം പൊതുവേ അറിയപ്പെടുന്നത്. ചില സ്ഥലങ്ങളില്‍ ഈ ദിവസത്തെ ഉയിര്‍പ്പിനു തൊട്ടു മുമ്പുള്ള വ്യാഴാഴ്ച എന്നു വിളിക്കുന്നു. വലിയ വ്യാഴാഴ്ച എന്നും ഈ ദിനം അറിയപ്പെടുന്നു. ഇംഗ്ലീഷ് ഭാഷയില്‍ ഈ ദിവസത്തെ മോണ്ടി തെര്‍സ്ഡേ (Maundy Thursday) എന്നു പറയുന്നു. ക്രിസ്തു അന്ത്യ അത്താഴ സമയത്ത് ഒരു പുതിയ ഉടമ്പടി -"ഇതെന്റെ ശരീരമാകുന്നു............. ഇതെന്റെ രക്തമാകുന്നു എന്ന ഉടമ്പടി-നല്കിയതിനാലാണ് അതിന്റെ അനുസ്മരണ ദിനത്തിന് മോണ്ടി തെര്‍സ്ഡേ എന്ന പേര്‍ ലഭിച്ചത്. ജര്‍മനിയില്‍ ഈ ദിവസത്തെ ഗ്രീന്‍ തെഴ്സ്ഡേ (Green Thursday) എന്നു വിളിക്കുന്നു. ഷീര്‍ തെഴ്സ്ഡേ (Sheer Thursday) എന്ന പേരും ഈ ദിവസത്തിനുണ്ട്.
തിരു അത്താഴ ശുശ്രൂഷ വളരെ പഴക്കമേറിയ ഒന്നാണ്. കര്‍ത്താവിന്റെ അത്താഴത്തിന്റേതായ വ്യാഴാഴ്ച (Thursday of the Last Supper) എന്നാണ് ആദ്യകാലങ്ങളില്‍ ഈ ദിവസം അറിയപ്പെട്ടിരുന്നത്. ക്രിസ്തു പരിശുദ്ധ കുര്‍ബാന സ്ഥാപിച്ചതാണ് തിരു അത്താഴത്തിന്റെ പ്രാധാന്യം. വിശുദ്ധ കുര്‍ബാനയുടെ അനുസ്മരണമാണ് ഈ ദിവസത്തിലെ പ്രധാന ശുശ്രൂഷ.
വിശുദ്ധ വ്യാഴാഴ്ചയിലെ ശുശ്രൂഷാക്രമം വളരെ പഴക്കമുള്ളതാണെങ്കിലും, ആദ്യ നൂറ്റാണ്ടുകളില്‍ ഉയിര്‍പ്പു തിരുനാളിന്റെ (Easter Vigil) ഭാഗമായിട്ടല്ല വിശുദ്ധ വ്യാഴാഴ്ചയിലെ ശുശ്രൂഷകള്‍ നടത്തിവന്നത്. അക്കാലത്ത് ഉയിര്‍പ്പു ദിനാഘോഷമെന്നു പറഞ്ഞാല്‍ മൂന്നു ദിവസത്തെ പരിപാടികള്‍-(ദുഃഖ വെള്ളിയാഴ്ച, വലിയ ശനിയാഴ്ച, ഉയിര്‍പ്പു ഞായറാഴ്ച) മാത്രമായിരുന്നു. ഉയിര്‍പ്പ് ആഘോഷത്തിനായുള്ള ഒരുക്ക ദിനമായി മാത്രമേ വ്യാഴാഴ്ചയിലെ പരിപാടികളെ കരുതിയിരുന്നുള്ളൂ. വിശുദ്ധ ത്രിദിനാചരണത്തിനുള്ള ദുഃഖവെള്ളിയാഴ്ച, വലിയ ശനിയാഴ്ച, ഉയിര്‍പ്പു ഞായറാഴ്ച-പശ്ചാത്താപത്തിന്റേതായ ഒത്തുതീര്‍പ്പുണ്ടാക്കല്‍ (Reconciliation of Penetance) ആയി വ്യാഴാഴ്ചയിലെ ശുശ്രൂഷകളെ പരിഗണിച്ചിരുന്നു. എ.ഡി. 7-ാം ശ. വരെ ഉയിര്‍പ്പുദിനത്തില്‍ മാമോദീസ നല്കുന്നതിനുള്ള തൈലം ബിഷപ്പ് ആശിര്‍വദിച്ചിരുന്നത് ഞായറാഴ്ച രാവിലെതന്നെയായിരുന്നു. പില്ക്കാലത്ത് ഉയിര്‍പ്പു കാലഘട്ടത്തിലെ തിരക്ക് ഒഴിവാക്കുവാന്‍ വേണ്ടി ബിഷപ്പ് തൈലം ശുദ്ധീകരിക്കുന്ന ചുമതല പരിശുദ്ധ വ്യാഴാഴ്ചയിലേക്കു മാറ്റി.
വിശുദ്ധ കുര്‍ബാന സ്ഥാപിച്ച വ്യാഴാഴ്ച തന്നെ അതിന്റെ അനുസ്മരണ നിലനിര്‍ത്തുവാന്‍ ഇതിനോടനുബന്ധിച്ചുള്ള പ്രത്യേകം ശുശ്രൂഷാ കര്‍മങ്ങള്‍ വേണമെന്നുള്ള ചിന്താഗതി വളര്‍ന്നപ്പോഴാണ് വിശുദ്ധ വ്യാഴാഴ്ചയുടെ പ്രാധാന്യം വര്‍ധിച്ചത്. ആദ്യ കാലങ്ങളില്‍ സ്ഥലത്തെ ബിഷപ്പും ജനങ്ങളും ഒന്നു ചേര്‍ന്ന് ഈ ദിനം ആചരിച്ചിരുന്നു. (ആദ്യ നൂറ്റാണ്ടുകളില്‍ ക്രൈസ്തവ സഭയില്‍ സാധാരണ പുരോഹിതര്‍ ഉണ്ടായിരുന്നോ എന്ന കാര്യം സംശയമാണ്. ബിഷപ്പുമാരും ഡീക്കന്മാരും ആയിരുന്നു ഇക്കാലത്തെ സഭാപ്രമാണികള്‍. എ.ഡി.നാലാം നൂറ്റാണ്ടില്‍ ഈ ദിവസം അന്ത്യ അത്താഴത്തിന്റേതായ വ്യാഴാഴ്ച എന്നറിയപ്പെട്ടിരുന്നു. ദിവ്യകുര്‍ബാന സ്ഥാപിച്ച വ്യഴാഴ്ച വൈകുന്നേരം തന്നെ ഇതിനുവേണ്ടിയുള്ള അനുസ്മരണചടങ്ങുകള്‍ ആരംഭിച്ചത് ജെറുസലേമില്‍ ആണെന്നു വിശ്വസിക്കുന്നു.
കത്തോലിക്കരേയും പൗരസ്ത്യ സഭാംഗങ്ങളേയും സംബന്ധിച്ചിടത്തോളം ഒരു പ്രധാന ദിവ്യബലിയാണ് തിരു അത്താഴ ശുശ്രൂഷയില്‍ പ്രധാനപ്പെട്ട ഇനം. അന്നു രാവിലെ എല്ലാ കത്തീഡ്രലുകളിലും (ബിഷപ്പിന്റെ ഏറ്റവും പ്രധാനപ്പെട്ട ദേവാലയമാണ് കത്തീഡ്രല്‍) തൈലം ആശിര്‍വദിക്കുന്നതിനു വേണ്ടി ബിഷപ്പു തന്നെ നടത്തുന്ന ഒരു ദിവ്യബലിയും ഉണ്ടായിരിക്കും. അന്ന് ഉച്ച കഴിഞ്ഞ് എല്ലാ ദേവാലയങ്ങളിലും ആഘോഷമായ ദിവ്യബലി നടത്തുന്നു. പൂജാ സമയത്ത് അള്‍ത്താര കമനീയമാംവിധം അലങ്കരിച്ചിട്ടുണ്ടാവും. ദിവ്യപൂജയ്ക്കിടയില്‍ തിരു അത്താഴത്തിന്റെ പ്രാധാന്യം വിവരിച്ചുകൊണ്ടുള്ള ഒരു പ്രസംഗവും ഉണ്ടായിരിയ്ക്കും. തൊട്ടടുത്ത ദിവസമായ ദുഃഖവെള്ളിയാഴ്ച ദിവ്യബലി നടത്താത്തതിനാല്‍ അന്ന് വിശ്വാസികള്‍ക്കു നല്കേണ്ട കുര്‍ബാനയും വ്യാഴാഴ്ചത്തെ പൂജാ സമയത്തു തന്നെ തയ്യാറാക്കുന്നു.
പരിശുദ്ധ വ്യാഴാഴ്ചയിലെ ദിവ്യബലി തീര്‍ന്ന ഉടനെ അടുത്ത ഉപ അള്‍ത്താരയിലേക്ക് (Repose) കുര്‍ബാനയും കൊണ്ടുള്ള ഘോഷയാത്രയും വളരെ പഴക്കമുള്ള ഒരു ആചാരമാണ്. ആദ്യ നൂറ്റാണ്ടുകളില്‍ ഈ വിധം തയ്യാറാക്കപ്പെട്ട കുര്‍ബാനയെ (അഥവാ വോസ്തിയെ) അടുത്ത ഉപ അള്‍ത്താരയിലേക്ക് ഡീക്കന്‍ തന്നെ മാറ്റിയിരുന്നു. ആ വോസ്തിയെ അവിടെ ഒരു ദിവസം സൂക്ഷിച്ച് ജനങ്ങള്‍ ഭക്തിയോടു കൂടി ആരാധിച്ചിരുന്നു. ഈ വിധത്തില്‍ കുര്‍ബാനയെ അടുത്ത ഉപ അള്‍ത്താരയിലേക്കു മാറ്റുമ്പോള്‍ അതിനോടനുബന്ധിച്ച് ഭക്തിസാന്ദ്രമായ ഘോഷയാത്ര ആരംഭിച്ചത് 11-ാം ശ.-ത്തിലാണ്. ദുഃഖ വെള്ളിയാഴ്ച ദിവ്യബലി ഇല്ലാത്തതിനാല്‍ ഈ വിധം സൂക്ഷിക്കുന്ന കുര്‍ബാനയെ ദുഃഖവെള്ളിയാഴ്ച ഭക്തര്‍ക്കു നല്കുന്നു. പ്രധാന അള്‍ത്താരയില്‍ നിന്നും കുര്‍ബാനയെ ഉപ അള്‍ത്താരയിലേക്കു മാറ്റുന്നതോടൊപ്പം മുഖ്യ അള്‍ത്താരയിലെ അലങ്കാര വസ്തുക്കളും മെഴുകുതിരിക്കാലുകളും നീക്കം ചെയ്യപ്പെടുന്നു. ക്രിസ്തുവിന്റെ കുരിശാരോഹണത്തിനു മുമ്പായി അദ്ദേഹത്തിന്റെ വസ്ത്രങ്ങള്‍ മാറ്റപ്പെട്ടതിനെ അനുസ്മരിക്കാന്‍ വേണ്ടിയാണ് ഈ ചടങ്ങ്.
പാദം കഴുകല്‍ ശുശ്രൂഷ പുരോഹിതര്‍ മാത്രമല്ല, മറ്റു പല പ്രശസ്ത വ്യക്തികളും നടത്തിയിരുന്നു. എ.ഡി. 15-ാം ശ.വരെ ഇംഗ്ളണ്ടിലെ രാജാക്കന്മാര്‍ കാരുണ്യത്തിന്റെ അടയാളമായി പന്ത്രണ്ട് ദരിദ്രരുടെ പാദങ്ങള്‍ ഈ ദിവസം കഴുകിയിരുന്നു. പ്രൊട്ടസ്റ്റന്റ് മതനവീകരണ പ്രസ്ഥാനം നിലവില്‍ വന്നതോടു കൂടി ഈ പതിവ് ഇംഗ്ലണ്ടില്‍ അവസാനിച്ചു. എന്നാല്‍ പണ്ടത്തെ ഓര്‍മയെ അനുസ്മരിക്കുന്നതിനു വേണ്ടി ലണ്ടനിലുള്ള ഒരു പ്രത്യേക ദേവാലയത്തില്‍ പരിശുദ്ധ വ്യാഴാഴ്ച ദിനം ബ്രിട്ടിഷ് രാജകുടുംബക്കാര്‍ സാധുക്കള്‍ക്ക് പ്രത്യേകതരം ദാനങ്ങള്‍ നല്കുന്ന പതിവ് ഇന്നും ഉണ്ട്.
(പ്രൊഫ. നേശന്‍ റ്റി. മാത്യു)