This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

താര്‍ക്കികപ്രത്യക്ഷജ്ഞാനവാദം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:18, 30 ജൂണ്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

താര്‍ക്കികപ്രത്യക്ഷജ്ഞാനവാദം

മീമാംസാദര്‍ശനത്തിലുള്‍പ്പെട്ട ജ്ഞാനസിദ്ധാന്തങ്ങളിലൊന്ന്. അവ്യക്തങ്ങളായ തത്ത്വശാസ്ത്രവാക്യങ്ങളെ അപഗ്രഥിച്ച് അവയെ വ്യക്തമാക്കുകയാണ് ഇതിന്റെ ലക്ഷ്യം. യൌക്തിക പ്രകൃതിതത്ത്വജ്ഞാനമെന്ന പേരിലും ഇതിന് പ്രസിദ്ധിയുണ്ട്. ആധുനിക പാശ്ചാത്യതത്ത്വശാസ്ത്രത്തിന്റെ ഒരു പ്രധാനശാഖയായ അപഗ്രഥനാത്മക തത്ത്വചിന്തയും താര്‍ക്കിക പ്രത്യക്ഷ ജ്ഞാനവാദവും തമ്മില്‍ ഏറെ സാമ്യം കാണുന്നു. തത്ത്വശാസ്ത്രവാക്യങ്ങള്‍ രൂപീകരിക്കലല്ല, പ്രത്യുത അവയുടെ വിശദീകരണമാണ് അപഗ്രഥനാത്മക തത്ത്വചിന്തയുടെ ലക്ഷ്യമെന്ന് പാശ്ചാത്യ തത്ത്വചിന്തകനായ വിറ്റ്ജെന്‍സ്റ്റൈന്‍ ഇദ്ദേഹത്തിന്റെ ട്രാക്റ്ററ്റസ്-ലോജിക്കോ-ഫിലസോഫിക്കസ് എന്ന ഗ്രന്ഥത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

സത്യാപനതത്ത്വമാണ് താര്‍ക്കികപ്രത്യക്ഷജ്ഞാനവാദികളുടെ അടിസ്ഥാന പ്രമാണം. ഇവരുടെ നിലപാട് വിവരിക്കുന്ന പ്രധാന സിദ്ധാന്തങ്ങള്‍ അര്‍ഥവത്തായ ചര്‍ച്ചകള്‍ക്ക് തര്‍ക്കവാക്യങ്ങളുടെയോ ഗണിതവാക്യങ്ങളുടെയോ സഹായം അനിവാര്യമാക്കുന്നു. വസ്തുതാപരമായി ശരിയാണെന്ന് വിശേഷിപ്പിക്കുന്ന എല്ലാറ്റിനും സത്യാപനരീതി ഉള്‍ക്കൊണ്ടിരിക്കും. സത്യാപനം എന്ന രീതി നിരീക്ഷണത്തെ ആശ്രയിച്ചിരിക്കുന്നതാണ്. താര്‍ക്കിക പ്രത്യക്ഷവാദികളുടെ പ്രസ്താവനകളെല്ലാം ഒന്നുകില്‍ അപഗ്രഥനാത്മക വാക്യങ്ങള്‍, അല്ലെങ്കില്‍ സംഗ്രഥനാത്മക വാക്യങ്ങള്‍ ആയിരിക്കും. ഗണിതവാക്യങ്ങള്‍ എപ്പോഴും അപഗ്രഥനാത്മകമാണ്. ശാസ്ത്രവാക്യങ്ങളാകട്ടെ സംഗ്രഥനാത്മകവുമാണ്. ഗണിത വാക്യങ്ങളുടെ തെറ്റും ശരിയും നിശ്ചയിക്കുന്നത് അവയുടെ യൌക്തികപ്പൊരുത്തം വിലയിരുത്തിയാണ്. എന്നാല്‍ ശാസ്ത്രവാക്യങ്ങളുടെ ശരിയും തെറ്റും മനസ്സിലാക്കുന്നതിന് നിരീക്ഷണം ആണ് വേണ്ടത്.

സത്യാപനത്തിന്റെ കര്‍ക്കശ സ്വഭാവം കാരണം ഈ സിദ്ധാന്തം ക്ഷയോന്മുഖമാവുകയാണുണ്ടായത്. താര്‍ക്കികപ്രത്യക്ഷജ്ഞാനവാദത്തില്‍ യുക്തി, ഭാഷ, നിരീക്ഷണം എന്നീ മൂന്ന് ഘടകങ്ങള്‍ക്കാണ് പ്രാധാന്യം സിദ്ധിച്ചിരുന്നത്. ക്രമേണ ഇത് ഭാഷാവിശ്ളേഷണ പ്രസ്ഥാനമായും, ഒടുവില്‍ ഭാഷാശാസ്ത്രപരമായ പഠനമായും മാറുകയാണുണ്ടായത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍