This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
തിരുവല്ലാ ചെപ്പേടുകള്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
തിരുവല്ലാ ചെപ്പേടുകള്‍
തിരുവല്ലാ ക്ഷേത്രത്തിനു ലഭിച്ച ദാനങ്ങളുടെ വിവരങ്ങളും അവയുടെ വിനിയോഗം സംബന്ധിച്ച വ്യവസ്ഥകളും രേഖപ്പെടുത്തിയ ചെപ്പേടുകള്‍. ഇപ്പോള്‍ തിരുവനന്തപുരം മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്ന ഇവ അപൂര്‍ണമാണ്. രണ്ട് മുതല്‍ നാല്പത്തിനാല് വരെ വശങ്ങളുള്ളതില്‍ 1, 4, 6, 7, 16, 32, 34, 41 എന്നീ ഏടുകളും 44-നുശേഷമുള്ളവയും നഷ്ടപ്പെട്ടുപോയി. ലഭിച്ചിട്ടുള്ള ചെപ്പേടുകളില്‍ ദാതാക്കളായും ഭൂമിയുടെ കാരാളന്മാരായും 98 പേരുകളുണ്ട്. ദാനം ഭൂമിയായും സ്വര്‍ണമായും നല്കിയിരുന്നു. ദാതാക്കളില്‍ ചോള ചക്രവര്‍ത്തിയായ പരാന്തക ചോളനും അദ്ദേഹത്തിന്റെ ഭാര്യ കിഴാനടികളുമുണ്ട്. കേരളത്തിലെതന്നെ പുറവഴിനാട് മുതല്‍ വേണാട് വരെയുള്ള നാടുവാഴികളും ദേശവാഴികളും പ്രഭുക്കന്മാരും ഉണ്ട്. അഞ്ഞൂറിലേറെ സ്ഥലനാമങ്ങളും കാണാം. ക്ഷേത്ര ഭരണം സംബന്ധിച്ച എല്ലാ വിവരങ്ങളും ലിഖിതങ്ങളില്‍ നിന്നു ലഭിക്കുന്നു. പൂജകള്‍, മറ്റു ചടങ്ങുകള്‍, ക്ഷേത്ര ജീവനക്കാര്‍, ഓരോ വകയ്ക്കും നീക്കിവച്ച തുകകള്‍ എന്നിവ വ്യക്തമായി രേഖകളില്‍ പറയുന്നു. മൂന്ന് വൈദിക വിദ്യാര്‍ഥികളും ഒരു ശിവ പ്രതിഷ്ഠയും ക്ഷേത്രത്തില്‍ ഉണ്ടായിരുന്നതായി കാണുന്നു. കാളിയങ്കംകൂത്ത് എന്നൊരു ദൃശ്യ കലാരൂപത്തെക്കുറിച്ചും ഈ രേഖകളില്‍ പരാമര്‍ശമുണ്ട്.
മലനാട്ടിലെ 13 തിരുപ്പതികളില്‍ തിരുവനന്തപുരത്തെ ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിനൊപ്പം തിരുവല്ലവാഴ് ക്ഷേത്രവും ഉണ്ടായിരുന്നു എന്ന് നമ്മാള്‍വാറുടെ കീര്‍ത്തനങ്ങളില്‍ (9-ാം ശ.) നിന്നു മനസ്സിലാക്കാം. എന്നാല്‍ 12-ാം ശ. വരെ തിരുവല്ലാ ക്ഷേത്രമായിരുന്നു സാമ്പത്തികമായി മുന്നിട്ടു നിന്നതെന്ന് തിരുവല്ലാ ചെപ്പേടുകള്‍ സൂചിപ്പിക്കുന്നു. രേഖകളില്‍ അധികവും പത്തും പതിനൊന്നും ശ.ങ്ങളിലേതാണെന്നു കാണാം. ഒരു ക്ഷേത്രസമിതി ഉണ്ടായിരുന്നിരിക്കാമെങ്കിലും ക്ഷേത്രസങ്കേതത്തിന് ഒരു രക്ഷാപുരുഷന്‍ ഉണ്ടായിരുന്നതായി കാണുന്നില്ല. പെരുമ്പടപ്പുമൂപ്പന്‍ ക്ഷേത്രത്തിന്റെ രക്ഷാപുരുഷനായത് 16-ാം ശ.-ത്തിലോ അതിനുശേഷമോ ആയിരിക്കണം. വടക്കന്‍ സ്വരൂപങ്ങള്‍ ആക്രമിച്ചു കീഴടക്കിയശേഷം പെരുമ്പടപ്പുമൂപ്പന് ആ പദവി നഷ്ടമായി. കേണല്‍ മണ്‍റോയുടെ ഭരണകാലത്ത് (1811-14) പ്രധാന ക്ഷേത്രങ്ങള്‍ സര്‍ക്കാരിലേക്ക് എടുത്തതുമുതലായിരിക്കണം ചെപ്പേടുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് തിരുവനന്തപുരം ട്രഷറിയില്‍ സൂക്ഷിച്ചത്. പിന്നീടവ മ്യൂസിയത്തിലേക്കു മാറ്റുകയായിരുന്നു.
(കെ. ശിവശങ്കരന്‍ നായര്‍)