This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അപസ്മാരം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:39, 9 ഏപ്രില്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

അപസ്മാരം

Epilepsy

തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളില്‍ പൊടുന്നനേ ഉണ്ടാകുന്ന വ്യതിയാനംമൂലം ബോധരഹിതനാവുക, ചിലപ്പോള്‍ പൂര്‍ണമായി ബോധം നശിക്കാതെ ഉന്മത്തനെപ്പോലെ പെരുമാറുക, കൈകാലുകള്‍ തുടര്‍ച്ചയായി ചലിപ്പിക്കുക തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകടമാക്കുന്ന ഒരുതരം രോഗം. ലോകജനസംഖ്യയില്‍ ഇരുന്നൂറില്‍ ഒരാള്‍ വീതം അപസ്മാരരോഗബാധിതരാണെന്ന് കണക്കാക്കിയിരിക്കുന്നു.

വര്‍ഗീകരണം: രോഗലക്ഷണങ്ങളെ അടിസ്ഥാനമാക്കി അപസ്മാരത്തെ മൂന്നായി തിരിക്കുന്നു.

1. ഗ്രാന്‍ഡ്മാല്‍ അപസ്മാരം (Grandmal Epilepsy). രോഗബാധയുണ്ടാകുമ്പോള്‍ കരച്ചില്‍പോലെയുള്ള ഒരു ശബ്ദം പുറപ്പെടുവിച്ചുകൊണ്ട് രോഗി പരിപൂര്‍ണമായും ബോധരഹിതനായിത്തീരുന്നു. തുടര്‍ന്ന് ആദ്യത്തെ ഇരുപതു സെക്കന്‍ഡുകളില്‍ കൈകാലുകള്‍ ദൃഢമായി ഇറുക്കി പിടിക്കുന്ന സങ്കോചാവസ്ഥയും (tonic phase) അടുത്ത നാല്പതു സെക്കന്‍ഡുകളോളം കൈകാലുകള്‍ ദ്രുതഗതിയില്‍ ചലിപ്പിക്കുന്ന കമ്പനാവസ്ഥയും (clonic phase) ഉണ്ടാകുന്നു. ഇതോടൊപ്പം ശ്വാസോച്ഛ്വാസത്തിന്റെ വേഗത വര്‍ധിക്കുകയും വായില്‍നിന്ന് നുരയും പതയും വരികയും മലമൂത്രങ്ങള്‍ വിസര്‍ജിക്കുകയും ചെയ്യുന്നു. അടുത്ത മൂന്നോ നാലോ മിനിറ്റുകള്‍ക്കുള്ളില്‍ ബോധം തെളിയുകയും ചെയ്യുന്നു.

ചില രോഗികള്‍ക്ക് രോഗബാധയുണ്ടാകുന്നതിന് ഏതാനും മണിക്കൂറുകളോ ദിവസങ്ങള്‍ക്കു മുന്‍പുതന്നെയോ തലവേദന, വയറ്റുവേദന, വിശപ്പില്ലായ്മ മുതലായവ അനുഭവപ്പെടുന്നു. ഈ ലക്ഷണങ്ങളെ അപസ്മാരബാധയുടെ മുന്നോടിയായി കണക്കാക്കാം. രോഗബാധയെ തുടര്‍ന്ന് പല രോഗികളും നിദ്രാധീനരായിപ്പോകുന്നു. ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍ തലവേദനയോ, ശരീരമാസകലം വേദനയോ ഉണ്ടാകുന്നതും സാധാരണമാണ്. അപസ്മാരബാധയുണ്ടാകുന്ന അവസരത്തില്‍ തീയിലോ വെള്ളത്തിലോ വീഴുക, നിലത്തു വീഴുക തുടങ്ങിയ അപകടങ്ങള്‍ക്ക് സാധ്യതയുണ്ട്.

2. പെറ്റിറ്റ്മാല്‍ അപസ്മാരം (Petitmal Epilepsy). ഇത്തരം അപസ്മാരബാധയുണ്ടാകുമ്പോള്‍ ഏതാനും സെക്കന്‍ഡു നേരത്തേക്ക് രോഗി ബോധരഹിതനാകുന്നു. 5 മുതല്‍ 30 വരെ സെക്കന്‍ഡുമാത്രം നീണ്ടുനില്ക്കുന്ന ഈ ഘട്ടത്തില്‍ രോഗി നില്ക്കുകയാണെങ്കില്‍ താഴെ വീഴാറില്ല. അതു കഴിഞ്ഞാലുടന്‍ പൂര്‍ണബോധത്തോടുകൂടി താന്‍ അതുവരെ ചെയ്തുകൊണ്ടിരുന്ന പ്രവൃത്തി തുടരുവാന്‍ അയാള്‍ക്ക് സാധിക്കുകയും ചെയ്യുന്നു. ബോധം നഷ്ടപ്പെടുന്നതോടൊപ്പം കണ്‍പോളകള്‍ തുടരെ ചലിക്കുകയും കൈകാലുകളിലെയോ മുഖത്തേയോ മാംസപേശികള്‍ തുടിക്കുകയും ചെയ്തേക്കാം. രോഗിയുടെ കൈയിലിരുന്ന വസ്തുക്കള്‍ പൊടുന്നനെ താഴെവീഴുന്നത് മാത്രമായിരിക്കാം പലപ്പോഴും സമീപത്തുള്ള ഒരാളുടെ ശ്രദ്ധയില്‍പ്പെടുന്ന രോഗലക്ഷണം. ശൈശവത്തില്‍ ആരംഭിക്കാറുള്ള ഈ രോഗം സാധാരണ യൌവനാരംഭത്തോടെ അപ്രത്യക്ഷമാകുന്നു.

3. സൈക്കോമോട്ടോര്‍ അപസ്മാരം (Psychomotor Epilepsy). പലപ്പോഴും രോഗബാധയുണ്ടാകുമ്പോള്‍ രോഗി ഒരു സ്വപ്നാടകനെപ്പോലെ പെരുമാറുന്നു. ചുണ്ടുകള്‍ നക്കുക, വസ്ത്രങ്ങള്‍ അഴിക്കുക, കളഞ്ഞുപോയ ഏതോ വസ്തു തിരയുന്നതുപോലെ പെരുമാറുക തുടങ്ങിയ അവസരോചിതമല്ലാത്ത പ്രവൃത്തികള്‍ ചെയ്യുന്നു. ചിലപ്പോള്‍ അക്രമപ്രവൃത്തികളും ചെയ്യാറുണ്ട്. രോഗിക്ക് അടിസ്ഥാനരഹിതമായ സംശയങ്ങള്‍ (delusions) ഉണ്ടാകാം. അയഥാര്‍ഥമായ ശബ്ദങ്ങളും കാഴ്ചകളും (auditory and visual hallucinations) അനുഭവപ്പെടാറുണ്ട്. തനിക്ക് വളരെക്കാലം മുന്‍പുണ്ടായ അനുഭവങ്ങള്‍ അതേപടി വീണ്ടും ആവര്‍ത്തിക്കുന്നതുപോലെ തോന്നുക, ചിരപരിചിതങ്ങളായ സ്ഥലങ്ങളും വ്യക്തികളും അപരിചിതമായി തോന്നുക എന്നിങ്ങനെ പലതരത്തിലുള്ള മാനസികവിഭ്രാന്തികളും രോഗിക്ക് ഈ ഘട്ടത്തില്‍ അനുഭവപ്പെടുന്നു. അപസ്മാര ബാധയ്ക്കുശേഷം തന്റെ അസാധാരണമായ പ്രവൃത്തികളെപ്പറ്റിയോ അനുഭവങ്ങളെപ്പറ്റിയോ അയാള്‍ക്ക് ഓര്‍മയുണ്ടായിരിക്കുകയില്ല. പഴക്കം ചെല്ലുന്നതോടെ അപസ്മാരബാധയോടനുബന്ധിച്ചുള്ള മാനസികരോഗങ്ങള്‍ അധികരിക്കുന്നതായി കാണപ്പെടുന്നു. തലച്ചോറിന്റെ പല ഭാഗങ്ങളിലുമുള്ള തകരാറുകള്‍ ഇത്തരം അപസ്മാരത്തിന് കാരണമാകാമെങ്കിലും ഭൂരിപക്ഷം രോഗികളിലും ഇതിന്റെ ഉദ്ഭവസ്ഥാനം തലച്ചോറിലെ ശംഖപാളി (temporal lobe) എന്ന ഭാഗമാകുന്നു.

മേല്പറഞ്ഞ മൂന്നു പ്രധാനവിഭാഗങ്ങള്‍ കൂടാതെ അപ്രധാനവും അപൂര്‍വവുമായ ചിലതരം അപസ്മാരങ്ങളെപ്പറ്റി താഴെ വിവരിക്കുന്നു.


ജാക്സോണിയന്‍ അപസ്മാരം. വായുടെ കോണിലോ കൈകാലുകളുടെ വിരലിലോ വിറയല്‍പോലെ ആരംഭിച്ച് ക്രമേണ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കുന്ന ഒരുതരം അപസ്മാരമാണ് ജാക്സോണിയന്‍ അപസ്മാരം (Jacksonian epilepsy). രോഗബാധയുണ്ടാകുമ്പോള്‍ രോഗി പരിപൂര്‍ണ ബോധവാനായിരിക്കും. രോഗബാധയ്ക്കുശേഷം കുറേനേരത്തേക്ക് അതിന് അധീനമായ അവയവങ്ങള്‍ക്ക് പൂര്‍ണമായോ ഭാഗികമായോ ബലക്ഷയം ഉണ്ടായേക്കാം. അര്‍ബുദമോ തലച്ചോറിന്റെ ഒരു പ്രത്യേകഭാഗത്തുമാത്രം ആരംഭിക്കുന്ന മറ്റു രോഗങ്ങളോ ആണ് സാധാണ ഇത്തരം അപസ്മാരബാധയ്ക്ക് കാരണം.


അനൈച്ഛിക-അപസ്മാരം (Reflex epilepsy). കണ്ണില്‍ ശക്തമായ വെളിച്ചം തട്ടുക, കുളിക്കുവാന്‍ തലയില്‍ ചൂടുവെള്ളം ഒഴിക്കുക മുതലായ സന്ദര്‍ഭങ്ങളില്‍ ആരംഭിക്കുന്ന അപസ്മാരബാധക്ക് അനൈച്ഛിക അപസ്മാരം എന്നു പറയുന്നു. അനിയന്ത്രിതമാംവിധം ചിരിക്കുക, ലക്ഷ്യമില്ലാതെ ഓടുക എന്നിങ്ങനെ പല വിചിത്രലക്ഷണങ്ങളുമുള്ള അപസ്മാരബാധകളും അപൂര്‍വമായി കാണപ്പെടാറുണ്ട്.


സ്റ്റാറ്റസ് എപ്പിലെപ്റ്റിക്കസ് (Status Epilepticus). ഈ രോഗത്തില്‍ അപസ്മാരബാധ ഒന്നിനുപുറകെ ഒന്നായി അനേകം പ്രാവശ്യം ഉണ്ടാകുകയും അതിനാല്‍ രോഗി വളരെ നേരത്തേക്ക് ബോധരഹിതനായിത്തീരുകയും ചെയ്യുന്നു. കഴിവതും വേഗം ചികിത്സ ചെയ്ത് അപസ്മാരബാധയെ നിയന്ത്രിച്ചില്ലെങ്കില്‍ ഇത് രോഗിയുടെ മരണത്തില്‍തന്നെ കലാശിച്ചേക്കാം. ശിശുക്കളില്‍ ആദ്യവര്‍ഷങ്ങളില്‍ പനിയുണ്ടാകുമ്പോള്‍ ഗ്രാന്റ്മാല്‍ അപസ്മാരത്തില്‍ പ്രകടമാകുന്ന തരത്തിലുള്ള ശാരീരികചനലങ്ങള്‍ ഉണ്ടാകുന്നതായി കാണുന്നു. അമിതമായ ചൂടു കുറയുമ്പോള്‍ രോഗലക്ഷണവും അപ്രത്യക്ഷമാകും. ഇത്തരം ചലനങ്ങള്‍ക്ക് 'ഫെബ്രൈല്‍ കണ്‍വല്‍ഷന്‍സ്' (Febrile convulsions) എന്നു പറയുന്നു. കുട്ടികളില്‍ സാധാരണയായി ഇതു കണ്ടുവരാറുണ്ട്.

രോഗകാരണങ്ങള്‍. അപസ്മാരബാധയെ ഒരു രോഗമെന്നതിനെക്കാള്‍ രോഗലക്ഷണമായി കരുതുന്നതായിരിക്കും ശരി. തലച്ചോറിന്റെയോ ശരീരത്തിലെ മറ്റു പ്രധാന അവയവങ്ങളുടെയോ പ്രവര്‍ത്തനത്തെ തകരാറിലാക്കുന്ന പല രോഗങ്ങളോടും അനുബന്ധിച്ച് അപസ്മാരബാധയുണ്ടാകാറുണ്ട്. ജന്മനാ തലച്ചോറിനുണ്ടായിരിക്കാവുന്ന കേടുകള്‍, പ്രസവസമയത്ത് കുട്ടികള്‍ക്ക് സംഭവിക്കാവുന്ന ഹേമദണ്ഡങ്ങള്‍, തലയിലേല്ക്കുന്ന മുറിവുകള്‍, മെനിന്‍ജൈറ്റിസ്, എന്‍സഫലൈറ്റിസ്, സിഫിലിസ്, അര്‍ബുദം തുടങ്ങി തലച്ചോറിനെ ബാധിക്കുന്ന രോഗങ്ങള്‍, അമിതമായ മദ്യപാനം, രക്തത്തില്‍ അന്നജത്തിന്റെ കുറവ്, യൂറിയ പോലെയുള്ള വിഷദ്രവ്യങ്ങളുടെ വര്‍ധനവ് എന്നിങ്ങനെയുള്ള പല കാരണങ്ങളാല്‍ അപസ്മാരബാധയുണ്ടാകാം. പക്ഷേ മൂന്നില്‍ രണ്ടുഭാഗം അപസ്മാരരോഗികളിലും രോഗബാധയ്ക്ക് നിദാനമായി ഇത്തരം കാരണങ്ങളൊന്നും തന്നെ പ്രകടമായി കാണുന്നില്ല.

സാധാരണ ജനങ്ങളെ അപേക്ഷിച്ച് അപസ്മാരരോഗികളുടെ മാതാപിതാക്കള്‍, കുട്ടികള്‍, സഹോദരങ്ങള്‍ തുടങ്ങിയവരില്‍ അപസ്മാരം ഉണ്ടാകാനുള്ള സാധ്യത അല്പം കൂടുതലാണ്. അതിനാല്‍ പാരമ്പര്യം അപസ്മാരരോഗകാരണങ്ങളില്‍ പ്രധാനമായ ഒന്നാണ് എന്ന് ശാസ്ത്രജ്ഞന്മാര്‍ കരുതുന്നു.

25 ശ.മാ. അപസ്മാരരോഗികളുടെ രോഗാരംഭം പത്തുവയസ്സിനു മുന്‍പും 75 ശ.മാ. പേര്‍ക്ക് രോഗം ആരംഭിക്കുന്നത് 20 വയസ്സിനു മുന്‍പും ആണ്. 40 വയസ്സിനുശേഷം പ്രത്യക്ഷപ്പെടുന്ന അപസ്മാരബാധ ശരീരത്തിലെ മറ്റേതെങ്കിലും രോഗത്തിന്റെ ലക്ഷണമായിരിക്കാനാണ് സാധ്യത.

രോഗനിര്‍ണയമാര്‍ഗങ്ങള്‍. അപസ്മാരബാധയ്ക്ക് കാരണമായ മറ്റേതെങ്കിലും രോഗം ശരീരത്തിലുണ്ടോ ഇല്ലയോ എന്നു തീരുമാനിക്കേണ്ടത് വളരെ ആവശ്യമാണ്. അതുപോലെതന്നെ ഹിസ്റ്റീരിയ എന്ന മാനസികരോഗമുള്ളവരില്‍ അപസ്മാരത്തിന്റേതുപോലെയുള്ള ലക്ഷണങ്ങള്‍ കാണാറുള്ളതിനാല്‍, അതില്‍ നിന്നും യഥാര്‍ഥ-അപസ്മാരത്തെ വേര്‍തിരിച്ച് മനസ്സിലാക്കേണ്ടതുണ്ട്. വിശദമായ രോഗചരിത്രം, വിദഗ്ധമായ ശരീരപരിശോധന, അതിനെത്തുടര്‍ന്ന് തലയുടെ എക്സ്റേ, രക്തം, മൂത്രം, സി.എസ്.എഫ് (cerebro spinal fluid) മുതലായവയുടെ പരിശോധന എന്നിവ രോഗനിര്‍ണയത്തിന് സഹായകമാണ്.

ഇലക്ട്രോ എന്‍സഫലോഗ്രാം (electro encephalogram-E.E.G.) എന്ന പ്രത്യേകപരിശോധനാ-ഉപകരണം അപസ്മാരപഠനത്തിന് വളരെ സഹായകരമാണ്. തലച്ചോറിലുണ്ടാകുന്ന വൈദ്യുതവീചികളെ കടലാസ്സില്‍ ആലേഖനം ചെയ്യുന്ന ഈ റിക്കാര്‍ഡിന് ഇ.ഇ.ജി (electro encephalograph) എന്നു പറയുന്നു. ഏകദേശം 60 ശ.മാ. അപസ്മാരരോഗികളുടെ ഇ.ഇ.ജി. സാധാരണയില്‍നിന്ന് വ്യത്യസ്തമായിരിക്കും. അപസ്മാരരോഗനിര്‍ണയത്തില്‍ ഇതു വളരെ ഉപയോഗപ്രദമാണെങ്കിലും പരിപൂര്‍ണമായി രോഗനിര്‍ണയത്തിനു ഇതിനെ ആശ്രയിച്ചുകൂടാ. ആരോഗ്യവാന്മാരില്‍ 20 ശ.മാ. പേരുടെ ഇ.ഇ.ജി. അസാധാരണമായിരിക്കയും ചെയ്യും.


ചികിത്സാമുറകള്‍. ഇടയ്ക്കിടെ അപസ്മാരബാധയുണ്ടായിക്കൊണ്ടിരിക്കുന്നതിനാല്‍, ഒരാള്‍ ജോലി ചെയ്യാതിരിക്കുകയോ സാമൂഹിക ജീവിതത്തില്‍നിന്ന് അകന്നുനില്ക്കുകയോ ചെയ്യേണ്ട ആവശ്യമില്ല. നേരെമറിച്ച് കഴിയുന്നിടത്തോളം പ്രവര്‍ത്തനനിരതവും പ്രയോജനപ്രദവുമായി തന്റെ സമയം ചെലവഴിക്കാനായി അപസ്മാരരോഗി ഉത്സാഹിക്കേണ്ടതാണ്. ഉറക്കം, ഭക്ഷണം എന്നീ കാര്യങ്ങളില്‍ സമയനിഷ്ഠപാലിക്കുകയും മലബന്ധം ഉണ്ടാകാതെ സൂക്ഷിക്കുകയും ചെയ്യേണ്ടതാണ്. ഉയരത്തില്‍ നിന്നു ജോലി ചെയ്യുക, സൈക്കിള്‍, കാര്‍ മുതലായവ ഓടിക്കുക, നീന്തുക മുതലായ പ്രവൃത്തികള്‍ ചെയ്തുകൊണ്ടിരിക്കുന്ന സന്ദര്‍ഭങ്ങളില്‍ അപസ്മാരബാധയുണ്ടായാല്‍ അത് ആപല്‍ക്കരമായിരിക്കുമെന്നതിനാല്‍ അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കുന്നത് നന്നായിരിക്കും. അര്‍ബുദം, രക്തത്തില്‍ അന്നജത്തിന്റെ കുറവ്, യൂറിയയുടെ വര്‍ധനവ് മുതലായ കാരണങ്ങളാല്‍ അപസ്മാരബാധയുണ്ടാകുന്നവരുടെ രോഗശമനത്തിനുവേണ്ടി ആ അടിസ്ഥാനകാരണങ്ങളെ ചികിത്സിച്ചു മാറ്റുകയാണാവശ്യം.


അജ്ഞാതകാരണങ്ങളാല്‍ ഉണ്ടാകുന്ന അപസ്മാരം (Idiopathic epilepsy) ചികിത്സിക്കുന്നതില്‍ ഔഷധങ്ങള്‍ക്ക് ഒരു പ്രധാന പങ്കുണ്ട്. അപസ്മാരബാധയുടെയും അതിനധീനനായ രോഗിയുടെയും പ്രത്യേക സ്വഭാവവിശേഷങ്ങളെ കണക്കിലെടുത്തുവേണം ഓരോ അപസ്മാരരോഗിയും കഴിക്കേണ്ട മരുന്നുകള്‍ തീരുമാനിക്കാന്‍. ബ്രോമൈഡ് വര്‍ഗത്തില്‍പെട്ട മരുന്നുകളാണ് അപസ്മാരചികിത്സയില്‍ ആദ്യമായി ഉപയോഗിക്കപ്പെട്ടവ. ഫിനോബാര്‍ബിറ്റോണ്‍ (phenobarbitone), ഡൈലാന്റിന്‍ സോഡിയം (dilantin sodium) എന്നീ മരുന്നുകള്‍ ഗ്രാന്റ്മാല്‍, സൈക്കോമോട്ടോര്‍ എന്നീ തരം അപസ്മാരങ്ങളുടെ ചികിത്സയില്‍ പ്രധാന്യം അര്‍ഹിക്കുന്നു. ഈ മരുന്നുകള്‍കൊണ്ട് ഭേദമാകാത്ത ഗ്രാന്റ്മാല്‍, സൈക്കോമോട്ടോര്‍ അപസ്മാരങ്ങളുടെ ചികിത്സക്കായി ഉപയോഗിക്കാവുന്ന ഒരു മരുന്നാണ് മൈസൊലിന്‍ (mysoline). ഓക്സസോളിഡിന്‍ (Oxazolidene), സക്സിനമൈഡ് (succinamide) എന്നീ വര്‍ഗങ്ങളില്‍പെട്ട ഔഷധങ്ങള്‍ പെറ്റിറ്റ്മാല്‍ അപസ്മാരത്തിന് ഉപകരിക്കുന്നു. മരുന്നുകൊണ്ടു ഗുണം സിദ്ധിക്കാത്ത പല രോഗികള്‍ക്കും അപസ്മാരത്തിനു കാരണമായ മസ്തിഷ്കത്തിന്റെ പ്രത്യേകഭാഗം ശസ്ത്രക്രിയമൂലം നീക്കുന്നത് പ്രയോജകീഭവിച്ചേക്കാം.

കാര്യക്ഷമമായ ചികിത്സയാല്‍ 50 ശ.മാ. അപസ്മാരരോഗികളെ പരിപൂര്‍ണരോഗവിമുക്തരാക്കുവാനും വേറൊരു 35 ശ.മാ. രോഗികളുടെ അപസ്മാരബാധയുടെ എണ്ണം കുറയ്ക്കുവാനും സാധിക്കുന്നു. വളരെ ചെറുപ്പത്തില്‍ത്തന്നെ അപസ്മാരബാധ ആരംഭിക്കുന്നവരില്‍ പലര്‍ക്കും ചികിത്സകൊണ്ട് വലിയ പ്രയോജനം സിദ്ധിക്കുന്നില്ല. കുറെനാള്‍ അപസ്മാരബാധയുണ്ടായതിനുശേഷം വളരെ വര്‍ഷങ്ങളോളമോ, ജീവിതം മുഴുവന്‍ തന്നെയുമോ പ്രത്യേക ചികിത്സയൊന്നുമില്ലാതെതന്നെ രോഗവിമുക്തരായിരിക്കുന്നവരുമുണ്ട്.

വളരെക്കാലമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന അനിയന്ത്രിതമായ അപസ്മാരത്തിന്റെ പരിണതഫലമായ ബുദ്ധിമാന്ദ്യവും മാനസികരോഗങ്ങളും പല രോഗികളിലും ഉണ്ടായിക്കാണുന്നു.


(ഡോ. കെ. കുരുവിള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍