This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അനത്തോളിയന്‍ ഭാഷകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:43, 8 ഏപ്രില്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

അനത്തോളിയന്‍ ഭാഷകള്‍

അനത്തോളിയ, എന്നുകൂടി പേരുള്ള പുരാതന ഏഷ്യാമൈനറില്‍ സംസാരിക്കപ്പെട്ടിരുന്ന ഭാഷകള്‍. ഗ്രീക് ഭാഷയുടെ അധീശത്വം ആരംഭിക്കുന്ന എ.ഡി. ഒന്നാം ശതകം വരെ ഇവയ്ക്കു പ്രചാരം ഉണ്ടായിരുന്നു. അനത്തോളിയന്‍ ഭാഷകളെപ്പറ്റിയുള്ള വിവരങ്ങള്‍ ഏറിയകൂറും ഗ്രീസില്‍ നിന്നാണ് ലഭിക്കുന്നത്. ഈജിപ്തിലും മെസൊപ്പൊട്ടോമിയയിലും നിലവിലിരുന്ന ഒരു സമ്പുഷ്ട സംസ്കാരത്തെ മുഴുവന്‍ പ്രതിനിധാനം ചെയ്യുന്ന ഈ ഭാഷകളെപ്പറ്റിയുള്ള നിരവധി രേഖകള്‍ പുരാവസ്തു ഗവേഷണം മൂലം വെളിച്ചത്തു വന്നിട്ടുണ്ട്.


അതിപ്രാചീനമായ ഒരു ചരിത്രമാണ് അനത്തോളിയയ്ക്കുള്ളത്. ബി.സി. 3000-ത്തോടടുത്ത് മെസൊപ്പൊട്ടോമിയയിലെ അക്കേദിയന്‍ ആക്രമണകാരികള്‍ സുമേറിയന്‍ ഭാഷയുടെ ആദിരൂപത്തെ തങ്ങളുടെ സ്വന്തം ഭാഷയായി ഉപയോഗിച്ചുപോന്നിരുന്നുവെന്നതിനു തെളിവുകളുണ്ട്. ഈ ആദിരൂപം അനത്തോളിയന്‍ ഭാഷകളില്‍ പ്രകടമായിക്കാണാം. അതിപ്രാചീനമായ ഒരു സംസ്കാരത്തിന്റെയും ഭാഷയുടെയും പ്രാഗ്രൂപം അനത്തോളിയയിലെ പുരാവസ്തു ശേഖരത്തില്‍ കണ്ടെത്താന്‍ കഴിയും. ഇവയില്‍ അനത്തോളിയന്‍ ഭാഷകളുടെ അസംസ്കൃതരൂപവും പ്രതിഫലിക്കുന്നുണ്ട്.


ബി.സി. 20-ാം ശ. അനത്തോളിയയെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യം അര്‍ഹിക്കുന്നു. കാക്കസസ് പ്രദേശങ്ങളില്‍ നിന്ന് മെസൊപ്പൊട്ടോമിയയിലേക്ക്് വന്ന ഇന്തോ-യൂറോപ്യന്‍ ഭാഷകള്‍ സംസാരിച്ചിരുന്ന 'ഹിറ്റൈറ്റുകള്‍' എന്ന ആക്രമണകാരികളുമായുള്ള സമ്പര്‍ക്കംമൂലം അക്കാലത്ത് പുതിയൊരു ചിത്രലിപി രൂപം കൊള്ളുവാനിടവന്നു. മധ്യ ഏഷ്യാമൈനറിലെ 'കനെഷ' എന്ന സ്ഥലത്തുള്ള പുരാതന അസ്സീറിയന്‍ വാണിജ്യസംഘത്തിന്റെ രേഖകളില്‍നിന്ന് അനത്തോളിയന്‍ ഭാഷയുടെ ഏറ്റവും പ്രാചീനമായ സ്വരൂപം മനസ്സിലാക്കുവാന്‍ സാധിക്കുന്നു. ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന സാര്‍വജനീനമായ അനത്തോളിയന്‍ ഭാഷയ്ക്ക് രൂപംനല്കിയത് ഹിറ്റൈറ്റുകള്‍ തന്നെയാണ്. ബി.സി. ഒന്‍പതു മുതല്‍ ഏഴു വരെയുള്ള ശതകങ്ങളില്‍ 'കസൈറ്റുകള്‍' എന്ന ആക്രമണകാരികള്‍ അനത്തോളിയന്‍ പ്രദേശത്തു കടന്നപ്പോള്‍ ഇന്തോ-യൂറോപ്യന്‍ അര്‍മീനിയന്‍ ഭാഷാഗോത്രവുമായി ബന്ധപ്പെട്ട അവരുടെ ഭാഷ അനത്തോളിയന്‍ ഭാഷകളെ വളരെ സ്വാധീനിക്കുകയുണ്ടായി. അനത്തോളിയന്‍ ഭാഷകളുടെ ശബ്ദസമുച്ചയത്തെ വികസിപ്പിക്കുവാന്‍ ഈ ഭാഷാ സമ്പര്‍ക്കം വളരെ സഹായകമായിത്തീര്‍ന്നു.


ഹിറ്റൈറ്റ് സാമ്രാജ്യത്തിലെ പുരാവസ്തുക്കള്‍ പരിശോധിച്ചപ്പോള്‍, ഹിറ്റൈറ്റ്, അക്കേദിയന്‍, ഹൂറിയന്‍ എന്നീ ഭാഷകളുടെ സങ്കലിത രൂപമുള്ള പല രേഖകളും കണ്ടെത്തുവാന്‍ സാധിച്ചു. പ്രാകൃത ദേവതകളെ ആരാധിക്കുമ്പോള്‍ ചൊല്ലാനുപയോഗിച്ചിരുന്ന മന്ത്രങ്ങളും കീര്‍ത്തനങ്ങളും ഖറ്റീഷ് ഭാഷയിലാണ് രചിക്കപ്പെട്ടിരുന്നതെന്ന് തെളിയിക്കുന്ന പല ലിഖിതങ്ങളും കണ്ടുകിട്ടിയിട്ടുണ്ട്. ഹത്തുസാസിനു വ.പടിഞ്ഞാറുള്ള 'പലാ' പ്രവിശ്യയില്‍ ഇന്തോ-യൂറോപ്യന്‍ ഭാഷാഗോത്രവുമായി അടുപ്പമുള്ള ഒരു ഭാഷ വ്യവഹാരത്തിലിരുന്നതായി രേഖകളുണ്ട്. ഇതിനെ 'പലാ ഭാഷ' എന്നു പറയുന്നു. ഈ പ്രവിശ്യയുടെ തെക്കന്‍ ഭാഗങ്ങളില്‍ 'ലൂവ്യന്‍' എന്നും 'ലൂയിഷ്' എന്നും പേരുള്ള മറ്റൊരു ഭാഷകൂടെ സംസാരിക്കപ്പെട്ടിരുന്നുവെന്ന് പുരാവസ്തുഗവേഷണത്തില്‍നിന്ന് വ്യക്തമാകുന്നു. ഹിറ്റൈറ്റ്, പലാ, ലൂയിഷ്, ഖറ്റിഷ് തുടങ്ങിയവ അനത്തോളിയന്‍ ഭാഷാ സമൂഹത്തിലെ മുഖ്യ ഭാഷകളാണ്. ബി.സി. 1200-ഓടുകൂടി ഹിറ്റൈറ്റ് സാമ്രാജ്യം തകരുകയും അവരുടെ കേന്ദ്രശക്തി ശിഥിലമാവുകയും ചെയ്തപ്പോള്‍, മാറിമാറി വന്ന രാഷ്ട്രീയ പരിതഃസ്ഥികള്‍ തദ്ദേശഭാഷകളിലും ചില പരിവര്‍ത്തനങ്ങള്‍ വരുത്തി. പുതിയ ജനങ്ങളുടേയും ഭാഷകളുടേയും പരസ്പര സമ്പര്‍ക്കംമൂലം പല അനത്തോളിയന്‍ ഭാഷകളിലും ചിത്രലിപികളുടെ സ്ഥാനത്ത് അക്ഷരമാലകള്‍ രൂപംകൊണ്ടത് ഇക്കാലത്താണ്. ചക്രവര്‍ത്തിമാരുടെ സ്മാരകമന്ദിരങ്ങളില്‍ കൊത്തിവച്ചിട്ടുള്ള ശിലാലിഖിതങ്ങളില്‍ ഈ നൂതന ലിപിരൂപങ്ങള്‍ കണ്ടെത്താന്‍ കഴിയും.


ഹിറ്റൈറ്റ് സാമ്രാജ്യത്തിന്റെ തകര്‍ച്ചയ്ക്കുശേഷം, അനത്തോളിയയുടെ പ്രാധാന്യം ദക്ഷിണഭാഗങ്ങളില്‍ വ്യാപിക്കുവാന്‍ തുടങ്ങി. ഈജിയയിലേയും പടിഞ്ഞാറേ ഏഷ്യാമൈനറിലേയും ഭാഷകള്‍ക്കും ഹിറ്റൈറ്റ് ഭാഷകള്‍ക്കും തമ്മില്‍ ദൃഢ സമ്പര്‍ക്കമുണ്ടായിരുന്നുവെന്ന് ഹിറ്റൈറ്റ് സാമ്രാജ്യത്തിന്റെ തെക്കന്‍ പ്രദേശങ്ങളിലെ നിരവധി സ്ഥലനാമങ്ങളില്‍ നിന്നു വ്യക്തമാകുന്നു.


ബി.സി. 750-ഓടുകൂടി ഈജിയന്‍ പ്രദേശത്തും അനത്തോളിയന്‍ പ്രദേശത്തും ഗ്രീക് അക്ഷരമാല പ്രയോഗത്തില്‍ വന്നതു നിമിത്തം അനത്തോളിയന്‍ ഭാഷയിലും ഒരു പുതിയ ലിപിമാല രൂപം കൊള്ളുവാന്‍ തുടങ്ങി. അക്കാലത്തുണ്ടായ എല്ലാ ലിഖിതങ്ങള്‍ക്കും ഈ നൂതന ലിപികള്‍ ഉപയോഗിച്ചിരുന്നു. ഈ പുതിയ ലിപിമാല ഏഷ്യാമൈനറിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങളിലും ഇയോണിയന്‍ ഗ്രീക് കോളനികളിലും വ്യാപിച്ചു. ഹിറ്റൈറ്റ് സാമ്രാജ്യത്തിന്റെ തകര്‍ച്ചയ്ക്കുശേഷം ഇന്തോ-യൂറോപ്യന്‍ ആക്രമണങ്ങളുടെ ഫലമായി മധ്യ അനത്തോളിയയില്‍ രൂപംകൊണ്ട ഫ്രിജ്യാ എന്ന രാജ്യം ബി.സി. ഏഴാം ശ.-ത്തോടുകൂടി നാമാവശേഷമായി. ഇന്തോ-യൂറോപ്യനുമായി വളരെ അടുപ്പമുള്ള ഫ്രിജ്യന്‍ ഭാഷയില്‍ എഴുതപ്പെട്ട പല ശിലാലേഖനങ്ങളും ആ രാജ്യത്തിന്റെ വകയായി ലഭ്യമാണ്. അനത്തോളിയന്റെ രൂപാന്തരം മാത്രമായ ഫ്രിജ്യന്‍ ഭാഷയുടെ ലിപിക്ക് ഗ്രീക് ലിപിയുമായി വളരെ സാദൃശ്യമുണ്ട്.


ഏഷ്യാമൈനറിന്റെ വിവിധ ഭാഗങ്ങളില്‍ പല പ്രാദേശിക ഭാഷാരൂപങ്ങളും ജനഭാഷയായി വ്യവഹരിക്കപ്പെട്ടിരുന്നു. അവയില്‍ പഫ്ലഗോണിയന്‍, കപ്പഡോഷ്യന്‍, സിലിഷ്യന്‍, ലിക്കോണിയന്‍, ഇസൌറിയന്‍, പിസിഡ്യന്‍, ഗലേഷ്യന്‍ എന്നിവ പ്രാധാന്യം അര്‍ഹിക്കുന്നു. ഈ ഭാഷകള്‍ ബി.സി. മൂന്നാം ശ.-ത്തില്‍ വ്യവഹാരത്തില്‍ ഇരുന്നതായി സൂചന നല്കുന്ന ലിഖിതങ്ങള്‍ ലഭിച്ചിട്ടുണ്ട്.


ക്യാരിയ, ലിഡിയ, ലിസിയ എന്നീ ഭാഷകളും ഒട്ടും അപ്രധാനമല്ല. ബി.സി. 600-മാണ്ട് ക്യാരിയന്‍ ഭാഷയില്‍ എഴുതപ്പെട്ടവയെന്ന് വ്യക്തമായിട്ടുള്ള 75 ലഘു ശിലാലിഖിതങ്ങള്‍ കണ്ടുകിട്ടിയിട്ടുണ്ട്. ഗ്രീക് അക്ഷരമാലയേയും സൈപ്രിയോട് ലിപിരൂപങ്ങളെയും അനുകരിച്ചുണ്ടാക്കിയിട്ടുള്ള വിചിത്രമായ ഒരുതരം പ്രതീകാത്മകലിപികളിലാണ് ഈ ശിലാലിഖിതങ്ങള്‍ എഴുതപ്പെട്ടിരിക്കുന്നത്. സാര്‍ദിസ് എന്ന അതിപുരാതന നഗരത്തിലെ ഭാഷയായിരുന്നു ലിഡിയന്‍. ഈ ഭാഷയില്‍ എഴുതപ്പെട്ട 50 ലിഖിതങ്ങള്‍ കിട്ടിയിട്ടുണ്ട്. പക്ഷേ, ഇവ ഇനിയും വ്യാഖ്യാനിക്കപ്പെടാതെതന്നെ അവശേഷിക്കുന്നു. ദുരൂഹവും പ്രാചീനവുമായ ഒരു ലേഖനരൂപമാണ് ഈ ലിഖിതങ്ങളില്‍ ദൃശ്യമാകുന്നത്. മിലിയന്‍ എന്നറിയപ്പെടുന്ന ചിത്രലിപിയില്‍ എഴുതപ്പെട്ട 200-ല്‍ അധികം ലിഖിതങ്ങള്‍ ലിസിയന്‍ ഭാഷയുടേതായി ലഭിച്ചിട്ടുണ്ട്. ലിസിയന്‍ ചിത്രലിപികള്‍ക്ക് ഗ്രീക് ലിപിമാലയുമായി വളരെ അടുപ്പം കാണുന്നു.


ലിഡിയന്‍, ലിസിയന്‍ എന്നീ അനത്തോളിയന്‍ ഭാഷകളില്‍ ഇന്തോ-യൂറോപ്യന്‍ ഭാഷകളുടെ സ്വരൂപസ്വഭാവങ്ങള്‍ പ്രകടമായി കാണാം. ദക്ഷിണ അനത്തോളിയയില്‍ സംസാരിക്കപ്പെട്ടിരുന്ന ലൂയിഷ് ഭാഷകളുടെ വാക്യഘടനയിലും രൂപപരമായ കാര്യങ്ങളിലും വളരെയധികം സമാനഭാവങ്ങള്‍ ഉണ്ട്. ഗ്രീക്കിന്റെയും സംസ്കൃതത്തിന്റേയും തായ്വഴിയില്‍പ്പെട്ടവയാണ് ഈ ഭാഷകള്‍ എന്ന അഭ്യൂഹത്തിന് ഉപോദ്ബലകമാണ് ഈ സമാനഭാവങ്ങള്‍. മിക്ക അനത്തോളിയന്‍ ഭാഷകള്‍ക്കും പ്രത്യേകം പ്രത്യേകം പദസമുച്ചയമുണ്ട്. എങ്കിലും അനവധി സമാനപദങ്ങള്‍ ഒന്നിലധികം ഭാഷകളില്‍ കാണാം. തുടര്‍ച്ചയായുണ്ടായ വിദേശാക്രമണങ്ങളിലൂടെ വിഭിന്ന ജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തേണ്ടിവന്നതിനാല്‍ ഇന്തോ-യൂറോപ്യന്‍ ഭാഷകളിലെ നിരവധി പദങ്ങള്‍ മിക്ക അനത്തോളിയന്‍ ഭാഷകളിലും കടന്നുകൂടുവാന്‍ ഇടയായി.


ഇന്തോ-യൂറോപ്യന്‍ ഭാഷകളുമായി അനത്തോളിയന്‍ ഭാഷകള്‍ക്ക് സമ്പര്‍ക്കം പുലര്‍ത്താനുള്ള സാഹചര്യം ലഭിച്ചതുമൂലം ഇന്തോ-യൂറോപ്യന്‍ ഭാഷകളുടെ വ്യാകരണപരവും ശബ്ദപരവുമായ സാദൃശ്യങ്ങള്‍ എല്ലാ അനത്തോളിയന്‍ ഭാഷകളിലും ഏറെക്കുറെ വന്നുചേര്‍ന്നു. തന്മൂലം അനത്തോളിയന്‍ ഭാഷകളുടെ അടിസ്ഥാനവ്യാകരണംപോലും ഇന്തോ-യൂറോപ്യന്റേതുമായി ഗണ്യമായ സാദൃശ്യം പുലര്‍ത്തുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍