This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്ലീവ് ലന്‍ഡ്, സ്റ്റീഫന്‍ ഗ്രോവര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

14:50, 18 ഏപ്രില്‍ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ക്ലീവ് ലന്‍ഡ്, സ്റ്റീഫന്‍ ഗ്രോവര്‍

Cleveland, Stephen Grover (1837-1908)

സ്റ്റീഫന്‍ ഗ്രോവര്‍ ക്ലീവ് ലന്‍ഡ്

യു.എസ്സിലെ 22-ാമത്തെയും 24-ാമത്തെയും പ്രസിഡന്റ്. ന്യൂജെഴ്സിയിലെ കാള്‍ഡ് വെല്ലില്‍ 1837-മാ. 18-ന് ജനിച്ചു. 1859-ല്‍ നിയമബിരുദം സമ്പാദിച്ച ക്ലീവ് ലന്‍ഡ് വക്കീലായി ബഫലോവില്‍ പ്രാക്റ്റീസ് ആരംഭിച്ചു. ഡെമോക്രാറ്റിക് കക്ഷിയിലെ ഒരു സജീവാംഗമായി. അസിസ്റ്റന്റ് ഡിസ്റ്റ്രിക്റ്റ് അറ്റോര്‍ണിയായും എറീ (Erie) കൗണ്ടിയിലെ ഷെറീഫ് ആയും പ്രവര്‍ത്തിച്ചു. രാഷ്ട്രീയ പ്രവര്‍ത്തകരുടെ അഴിമതിയും അപ്രാപ്തിയും കണ്ടുമടുത്ത ബഫലോയിലെ ജനങ്ങള്‍ ക്ലീവ് ലന്‍ഡിനെ മേയര്‍സ്ഥാനത്തേക്കു മത്സരിക്കാന്‍ പ്രേരിപ്പിച്ചു. 1881-ലെ മേയര്‍ തിരഞ്ഞെടുപ്പില്‍ ഇദ്ദേഹം വിജയിച്ചു. മേയറായതിനുശേഷം ക്ലീവ് ലന്‍ഡ് ബഫലോവിലെ ഭരണത്തില്‍ നിന്ന് സ്വജനപക്ഷപാതവും അഴിമതിയും തുടച്ചുനീക്കി. ഈ നടപടികള്‍ ഇദ്ദേഹത്തിന്റെ പ്രശസ്തി അമേരിക്കയാകമാനം വളര്‍ത്തി. 1882-ല്‍ ഇദ്ദേഹം ന്യൂയോര്‍ക്കിലെ ഗവര്‍ണറായി തിരഞ്ഞെടുക്കപ്പെട്ടു. ജനജീവിതത്തില്‍ നിയമ സമാധാനം സ്ഥാപിക്കുകയും സ്വത്തവകാശം സംരക്ഷിക്കുകയും ചെയ്യുന്നതിലുപരി ഗവണ്‍മെന്റ് ഒന്നും ചെയ്യാന്‍ പാടില്ല എന്ന അഭിപ്രായക്കാരനായിരുന്നു ക്ലീവ് ലന്‍ഡ്. ഈ അഭിപ്രായങ്ങള്‍ കൂടുതല്‍ വോട്ടുകള്‍ സംഭരിക്കാന്‍ ഇടയാക്കുമെന്ന വിശ്വാസത്തോടെ ഡെമോക്രാറ്റിക് കക്ഷി ഇദ്ദേഹത്തെ 1884-ല്‍ യു.എസ്. പ്രസിഡന്റു സ്ഥാനാര്‍ഥിയായി തിരഞ്ഞെടുത്തു. നേരിയ ഭൂരിപക്ഷത്തില്‍ ക്ലീവ് ലന്‍ഡ് തിരഞ്ഞെടുക്കപ്പെട്ടു.

ക്ലീവ് ലന്‍ഡിന്റെ കാലത്ത് സാമൂഹിക പരിരക്ഷ ഗവണ്‍മെന്റിന്റെ ഒരു പരിപാടിയായി അംഗീകരിക്കപ്പെട്ടില്ല. അതിനാല്‍ ഇദ്ദേഹം ബിസിനസ്സിന് താരിഫ് ഇളവോ അമേരിക്കന്‍ ആഭ്യന്തരയുദ്ധത്തില്‍ പങ്കെടുത്തവര്‍ക്ക് പെന്‍ഷനോ, റെയില്‍ റോഡു കമ്പനികള്‍ക്ക് സൗജന്യമായി സ്ഥലമോ, കൃഷിക്കാര്‍ക്കും തൊഴിലാളികള്‍ക്കും സാമ്പത്തികാനുകൂല്യങ്ങളോ നല്കാന്‍ വിസമ്മതിച്ചു. തന്നിമിത്തം ഇദ്ദേഹം 'വീറ്റോ പ്രസിഡന്റ്' എന്നാണ് പരക്കെ അറിയപ്പെട്ടിരുന്നത്.

പ്രസിഡന്റായ ഉടനെ ക്ലീവ് ലന്‍ഡിന് അഭിമുഖീകരിക്കേണ്ടിവന്ന പ്രശ്നം രാഷ്ട്രീയ സൗജന്യങ്ങള്‍ ആയിരുന്നു. യു.എസ്. സമ്പ്രദായമനുസരിച്ച് ഓരോ പ്രസിഡന്റും തന്റെ കക്ഷിയിലെ പ്രവര്‍ത്തകരെ പല പ്രധാന സ്ഥാനങ്ങളിലും നിയമിക്കുന്ന പതിവുണ്ടായിരുന്നു. ക്ലീവ് ലന്‍ഡ് ഈ പതിവിനെതിരായി പിടിച്ചുനിന്നെങ്കിലും പാര്‍ട്ടിപ്രവര്‍ത്തകരുടെ തുടര്‍ച്ചയായ സമ്മര്‍ദം കാരണം ധാരാളം പേരെ അപ്രകാരം നിയമിക്കേണ്ടിവന്നു. എന്നാല്‍ ഈ നിയമനങ്ങളിലും അര്‍ഹിക്കുന്ന ഡെമോക്രാറ്റുകളെ മാത്രമേ നിയമിച്ചുള്ളൂവെന്നതുകൊണ്ട് തുടര്‍ന്ന് എതിര്‍പ്പുണ്ടായി.

പ്രസിഡന്റിന്റെ അധികാരങ്ങള്‍ പുനഃസ്ഥാപിക്കാന്‍ ക്ലീവ് ലന്‍ഡ് നടത്തിയ ശ്രമങ്ങള്‍ പരക്കെ പ്രശംസിക്കപ്പെട്ടു. അമേരിക്കന്‍ ആഭ്യന്തരയുദ്ധത്തിനുശേഷം ദേശീയ കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നത് കോണ്‍ഗ്രസ് നേരിട്ടായിരുന്നു. റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരായിരുന്നു അതില്‍ പ്രധാനഭാഗം വഹിച്ചിരുന്നത്. അവര്‍ പ്രസിഡന്റ് ആന്‍ഡ്രൂ 'ജാക്സണെ' ഇംപീച്ചു ചെയ്തു; പ്രസിഡന്റ് ഗ്രാന്റിനെ പൂര്‍ണമായും നിഷ്പ്രഭനാക്കി; തുടര്‍ന്നു വന്ന പ്രസിഡന്റുമാരെയും ഒതുക്കുവാന്‍ ശ്രമിച്ചു. ഇപ്രകാരം ഭരണനിര്‍വാഹകവിഭാഗവും നിയമനിര്‍മാണവിഭാഗവും തമ്മില്‍ നിലനിന്ന ഉരസല്‍ ഡെമോക്രാറ്റിക് കക്ഷി പ്രസിഡന്റായ ക്ലീവ് ലന്‍ഡിന്റെ കാലത്തു നിലനിര്‍ത്താന്‍ റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് ശ്രമിച്ചു. ഫെഡറല്‍ ഉദ്യോഗസ്ഥന്മാരെ നിയമിക്കുന്നതിനും പിരിച്ചുവിടുന്നതിനും ഉള്ള കാരണങ്ങള്‍ കാണിക്കണമെന്ന് അവര്‍ പ്രസിഡന്റിനോട് ആവശ്യപ്പെട്ടു. എന്നാല്‍ ഭരണഘടനയനുസരിച്ച് താന്‍ അതിനു ബാധ്യസ്ഥനല്ലെന്ന് ഇദ്ദേഹം വാദിച്ചു. പ്രസിഡന്റിന്റെ നിയമനങ്ങള്‍ക്ക് സെനറ്റ് അംഗീകാരം നല്കാതെ തടഞ്ഞുവച്ചു. എന്നാല്‍ 1887-ല്‍ സെനറ്റിന് അവരുടെ വാദം പിന്‍വലിക്കേണ്ടിവന്നു. ഇത് ക്ലീവ് ലന്‍ഡിനു ലഭിച്ച വ്യക്തിപരവും രാഷ്ട്രീയവും ആയ ഒരു വിജയമായിരുന്നു.

ആഭ്യന്തരയുദ്ധത്തില്‍ പങ്കെടുത്തവര്‍ക്കുള്ള പെന്‍ഷന്‍ വിഷയത്തിലായിരുന്നു രണ്ടാമത്തെ തര്‍ക്കം, യുദ്ധത്തില്‍ യഥാര്‍ഥത്തില്‍ പങ്കെടുത്തവരാണോ എന്ന് തീരുമാനിക്കാതെയായിരുന്നു പെന്‍ഷന്‍ ബില്ലുകള്‍ കോണ്‍ഗ്രസ് പാസ്സാക്കിയിരുന്നത്. ക്ലീവ് ലന്‍ഡ് ഇതിനെ എതിര്‍ത്തു. അര്‍ഹരായവര്‍ക്കല്ലാതെയുള്ള ബില്ലുകളെല്ലാം ഇദ്ദേഹം വീറ്റോ ചെയ്തു. തന്റെ അടുത്ത തവണത്തെ തിരഞ്ഞെടുപ്പിനെ ഇതു ബാധിക്കുമെന്ന് അറിയാമായിരുന്നിട്ടും ഇദ്ദേഹം ഇക്കാര്യത്തില്‍ ഉറച്ചു നിന്നു. 1888-ലെ തിരഞ്ഞെടുപ്പില്‍ ഇദ്ദേഹം പരാജിതനായി.

ക്ലീവ് ലന്‍ഡ് കൈകാര്യം ചെയ്ത മറ്റൊരു വിവാദവിഷയം താരിപ്പ് പോളിസിയായിരുന്നു. ക്ലീവ് ലന്‍ഡിന്റെ അഭിപ്രായത്തില്‍ സംരക്ഷണതാരിപ്പുകള്‍ സാമ്പത്തിക നിയമങ്ങളുടെ ലംഘനമായിരുന്നു. വ്യവസായങ്ങള്‍ക്കനുവദിച്ചിരുന്ന സംരക്ഷണതാരിപ്പുകള്‍ കുറയ്ക്കുന്നതിനായിരുന്നു ക്ലീവ് ലന്‍ഡിന്റെ ശ്രമം. എന്നാല്‍ അടുത്ത കൊല്ലത്തെ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് ഡെമോക്രാറ്റിക് പാര്‍ട്ടിക്കുതന്നെ ആ ശ്രമം ഉപേക്ഷിക്കേണ്ടിവന്നു.

1888-ലെ തിരഞ്ഞെടുപ്പില്‍ ക്ലീവ് ലന്‍ഡ് പരാജയപ്പെട്ടെങ്കിലും 1892-ലെ തിരഞ്ഞെടുപ്പില്‍ നല്ല ഭൂരിപക്ഷത്തോടെ ജയിച്ചു. ഇദ്ദേഹത്തിന്റെ രണ്ടാം കാലാവധി യു.എസ്സിലെ സാമ്പത്തികമാന്ദ്യത്തിന്റെ ഏറ്റവും മോശമായ കാലഘട്ടമായിരുന്നു. താരിഫ് നിയന്ത്രണം നീക്കുകയെന്ന ഒരു പരിപാടി മാത്രമേ ഈ ഘട്ടം തരണം ചെയ്യാന്‍ ക്ലീവ് ലന്‍ഡ് നടപ്പാക്കിയുള്ളൂ. അമേരിക്കന്‍ ട്രഷറി ബോണ്ടുകള്‍ ഇക്കാലത്ത് ഒരു പ്രൈവറ്റ് സ്ഥാപനത്തിനു വിറ്റത് വളരെയേറെ വിവാദവിഷയമായി.

വെനിസ്വേലയും ബ്രിട്ടീഷ് ഗിയാനയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം തീര്‍ക്കാന്‍ അമേരിക്ക മുന്‍കൈയെടുത്തത് ക്ലീവ് ലന്‍ഡിന്റെ കാലത്തെ ഒരു പ്രധാന സംഭവമായിരുന്നു. ഇക്കാര്യത്തില്‍ ഒരു കമ്മിഷനെ നിയമിക്കാന്‍ കോണ്‍ഗ്രസ് വളരെവേഗം അനുമതി നല്കിയതുതന്നെ ക്ലീവ് ലന്‍ഡിന്റെ ആത്മാര്‍ഥതയ്ക്കുള്ള അംഗീകാരമായിരുന്നു.

പ്രസിഡന്റുസ്ഥാനത്തു നിന്നു വിരമിച്ചശേഷം ക്ലീവ് ലന്‍ഡ് ന്യൂജഴ്സിയിലെ പ്രിന്‍സ്ടണില്‍ താമസമുറപ്പിച്ചു. 1908 ജൂണ്‍ 14-ന് ഇദ്ദേഹം അന്തരിച്ചു.

(ഡോ. എ.പി. ഇബ്രാഹിം കുഞ്ഞ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍