This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗൂഢഭാഷയും ഗൂഢലേഖനവിദ്യയും

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

17:12, 10 ഏപ്രില്‍ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ഉള്ളടക്കം

ഗൂഢഭാഷയും ഗൂഢലേഖനവിദ്യയും

നിര്‍ദിഷ്ട സ്വീകര്‍ത്താവിനു മാത്രം ഗ്രഹിക്കാന്‍ കഴിയുന്ന ഭാഷ. സ്വീകര്‍ത്താവിനെ ആശയം ഗ്രഹിപ്പിക്കുന്ന മാധ്യമത്തിനു ഗൂഢലേഖനവിദ്യ (cryptology) എന്നു പറയുന്നു. ഇത് ഒരു സാങ്കേതിക വിദ്യയാണ്. ഗൂഢം എന്ന് അര്‍ഥമുള്ള ക്രിപ്റ്റോസ്, ശാസ്ത്രം എന്നര്‍ഥമുള്ള ലോഗോസ് എന്നീ ഗ്രീക്കു പദങ്ങളില്‍ നിന്നാണ് ക്രിപ്റ്റോളജി എന്ന ആംഗലേയപദം നിഷ്പന്നമായിട്ടുള്ളത്. ഈ നിഗൂഢാശയ വിനിമയ ശാസ്ത്രം ആശയങ്ങളെ ഗൂഢമായി ആവിഷ്കരിക്കുകയും ഗൂഢസന്ദേശങ്ങളെ സുഗ്രഹമാക്കുകയും ചെയ്യുന്നു.

ഭാഷകളുടെ ഉത്പത്തിയോളം തന്നെ പഴക്കമുണ്ട് ഈ സാങ്കേതിക വിദ്യയ്ക്ക്. ഭാരതീയ വൈദിക സാഹിത്യത്തിലും ബൈബിളിലും ഗ്രീക് കൃതികളിലും ഇതിനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കാണാം. ചരിത്രവും സംസ്കാരവും വളര്‍ന്നതിനൊപ്പം നിഗൂഢാശയവിനിമയശാസ്ത്രവും വളര്‍ന്നു കൊണ്ടിരുന്നു. എല്ലാ ഭാഷകളെയും ആരംഭദശയില്‍ സമൂഹത്തിലെ കുറച്ചുപേര്‍ മാത്രം കൈകാര്യം ചെയ്യുകയും ആശയവിനിമയത്തിനുള്ള ഗൂഢ ഉപാധിയാക്കുകയുമാണുണ്ടായത്. കാലക്രമത്തില്‍ ആശയവിനിമയോപാധിയായി ഭാഷ പ്രചാരം നേടിയപ്പോഴും, വ്യത്യസ്തമായൊരു മാധ്യമത്തിലൂടെ ആശയത്തിന്റെയോ സന്ദേശത്തിന്റെയോ രഹസ്യസ്വഭാവം പരിരക്ഷിക്കാനായി ഗൂഢഭാഷയും വളര്‍ന്നു കൊണ്ടിരുന്നു. രാഷ്ട്രങ്ങളുടെ സൈനിക നീക്കങ്ങള്‍, സര്‍ക്കാരിന്റെ ഭരണകാര്യങ്ങള്‍, നയപരമായ പ്രശ്നങ്ങള്‍ ഇവയിലും വ്യവസായ-വാണിജ്യ-ബാങ്കിങ് മേഖലയിലും ശാസ്ത്ര സാങ്കേതിക കാര്യങ്ങളിലും ഈ ഗൂഢവിദ്യയ്ക്കുള്ള പ്രസക്തി വര്‍ധിച്ചുവന്നു. നിത്യജീവിതത്തില്‍ അത് ഗൂഢ സംഭാഷണങ്ങളിലും ഗൂഢ ടെലിവിഷന്‍ സംപ്രേഷണത്തിലും വരെ എത്തി നില്‍ക്കുന്നു. എല്ലാ ഭരണകൂടങ്ങളും ഗൂഢലേഖനവിദ്യ രഹസ്യമാക്കി സൂക്ഷിക്കുകയാല്‍ കൃത്യമായൊരു ചരിത്രനിര്‍ണയം എളുപ്പമല്ല.

ഉദ്ഭവവും വളര്‍ച്ചയും

മനുഷ്യന്റെ ആശയങ്ങളെ ആവിഷ്കരിക്കുന്ന മാധ്യമമാണ് ലിപി. ആദിയില്‍ ആശയ പ്രകാശത്തിനു വസ്തുക്കളുടെ ചിത്രം വരച്ചു തുടങ്ങി. ക്രമത്തില്‍ വസ്തുക്കളില്‍ കൊത്തിവച്ച രൂപങ്ങള്‍ ആ വസ്തുക്കളെ തിരിച്ചറിയാനുള്ള അടയാളമായി. ഉദാ. ആയുധങ്ങളില്‍ കൊത്തിവച്ച മൃഗരൂപം ആ മൃഗത്തിന്റെ പ്രത്യേക ശക്തി ആവാഹിക്കുമെന്നു വിശ്വസിച്ചിരുന്നു. ഇത് ആലേഖന കലയെ പോഷിപ്പിച്ചു. വസ്തുക്കളെക്കുറിക്കുന്ന ശബ്ദങ്ങളെ വ്യഞ്ജിപ്പിക്കാനുതകുന്ന തരത്തില്‍ ആ പ്രതീകങ്ങള്‍ സമൂഹത്തില്‍ പ്രചരിച്ചു. കാലാന്തരത്തില്‍ ഇതു ലിപിവിന്യാസവിദ്യയ്ക്ക് ആധാരമായി. പിന്നീട് ഒരു ഭാവത്തിന്റെയോ സംഭവത്തിന്റെയോ ആശയത്തിന്റെയോ ഉള്ളടക്കം മൊത്തത്തില്‍ ആവിഷ്കരിക്കുവാന്‍ തുടങ്ങി. അതാണ് ആശയലേഖനം അഥവാ ചിത്രലേഖനം. ശവകുടീരത്തിലെ തുഴയുടെ ചിത്രം മരിച്ച വ്യക്തി തോണിക്കാരനായിരുന്നുവെന്നു സൂചിപ്പിക്കുന്നു. തുടര്‍ന്ന് ചിത്രങ്ങള്‍ തുടരെ കോര്‍ത്തിണക്കി കഥകള്‍ ആവിഷ്കരിക്കുന്ന രീതി നിലവില്‍ വന്നു. പുരാതന ഈജിപ്തിലാണു ചിത്രലിപിക്ക് ഏറ്റവും പ്രാധാന്യം കാണുന്നത്. ഈജിപ്തിലെ പുരോഹിതന്മാര്‍ ഹൈറോഗ്ലിഫിക്കുകളും ചിത്രങ്ങളും ഗൂഢലേഖനത്തിന് ഉപയോഗിച്ചിരുന്നു. ക്ഷേത്രഭാരവാഹികള്‍ക്കു മാത്രമേ ഈ ഹൈറാറ്റിക് രചനയുടെ രഹസ്യങ്ങള്‍ അറിയാമായിരുന്നുള്ളൂ. ഇന്നും ഇന്ത്യ, അമേരിക്ക, ആസ്റ്റ്രേലിയ എന്നീ രാജ്യങ്ങളിലെ ആദിവാസികള്‍ക്കിടയില്‍ ഈ സമ്പ്രദായം നിലനില്‍ക്കുന്നുണ്ട്. ഉദാ. പിതാവ് പുത്രനയച്ച സന്ദേശം: വീട്ടിലേക്കു മടങ്ങി വരണം; അതിനു ചെലവിനായി 53 ഡോളര്‍ അയയ്ക്കുന്നു. ഇതിന്റെ ആലേഖനം ഇങ്ങനെയാണ്: ആണ്‍ ആമയെ അനുഗമിക്കുന്ന പെണ്‍ ആമ. പെണ്‍ ആമയെയും മനുഷ്യരൂപത്തെയും ബന്ധിക്കുന്ന ഒരു വക്രരേഖ. ഇതേരൂപം മറ്റൊരു വക്രരേഖകൊണ്ട് കൊച്ചു മനുഷ്യനുമായും ബന്ധപ്പെട്ടിരിക്കുന്നു. അയാളുടെ വായില്‍നിന്നു വളഞ്ഞു കുനുപ്പുകളോടുകൂടിയ രണ്ടു രേഖകള്‍ ചെറിയ മനുഷ്യരൂപത്തെ തന്നിലേക്കു വലിച്ചെടുക്കുന്നു. 53 വൃത്താകാരങ്ങള്‍.

കാനഡയിലെ സുപ്പീരിയര്‍ തടാകത്തിനു സമീപമുള്ള കുന്നിലെ പാറയില്‍ ആലേഖനം ചെയ്തിട്ടുള്ള ലിഖിതമാണു ചിത്രത്തില്‍. തടാകത്തിനു കുറുകെ സംഘത്തലവനായ മാന്ത്രികന്‍ നടത്തുന്ന സാഹസികയാത്രയാണു ചിത്രീകരിച്ചിട്ടുള്ളത്. അയാളുടെ കൈയില്‍ മാന്ത്രികവടിയുണ്ട്. അഞ്ചു തോണികളിലായി 51 യാത്രക്കാര്‍ (ആദ്യത്തേതില്‍ 16, രണ്ടാമത്തേതില്‍ 9, മൂന്നില്‍ 10, നാലും അഞ്ചും തോണികളില്‍ 8 പേര്‍ വീതം). ആദ്യത്തെ ബോട്ട് കിങ്ഫിഷര്‍ അടയാളമുള്ള തലവന്‍ നിയന്ത്രിക്കുന്നു. അവര്‍ മറുകര എത്തിയതിന്റെ സൂചനയാണ് കരയാമയുടെ ചിത്രം. തടാകം കടക്കാന്‍ മൂന്ന് ദിവസം എടുക്കുന്നു എന്നതിന്റെ ചിത്രമാണ് ആകാശത്തെ സൂചിപ്പിക്കുന്ന മൂന്ന് അര്‍ധവൃത്തങ്ങളും സൂര്യന്റെ മൂന്ന് ചിത്രങ്ങളും. മാന്ത്രികനു മുന്നില്‍ ധീരതയുടെ പ്രതീകമായി ഗരുഡനെ ചിത്രീകരിച്ചിരിക്കുന്നു.

കാലക്രമത്തില്‍ ഓരോ ആശയാംശത്തെയും ദ്യോതിപ്പിക്കുവാന്‍ പ്രത്യേക രേഖാപ്രതീകങ്ങളുപയോഗിക്കാന്‍ തുടങ്ങി. ഇങ്ങനെയാണു ഭാരതീയ താന്ത്രിക രചനകളും ഹൈറോഗ്ലിഫിക് ലേഖന രീതികളും ചൈനീസ് ലിപിയും ക്യൂണിഫോം ലേഖന സമ്പ്രദായവും രൂപം കൊണ്ടത്. ശബ്ദത്തെയല്ല ചിന്തയെയാണ് ആശയലേഖനം ചിത്രീകരിക്കുന്നത്. ഹൈറോഗ്ലിഫിക്കില്‍ നിന്നാണ് പുരാതന സെമിറ്റിക് ലിപികള്‍ രൂപംകൊണ്ടത്. ഇതില്‍നിന്നു ഗ്രീക്കു ലിപിയും ഫൊണീഷ്യന്‍ ലിപിയുമുണ്ടായി. തുടര്‍ന്ന് അരാമിക് ലിപിയുണ്ടായി. മധ്യഏഷ്യയിലെ ലിപികളുടെ മൂലം ഇതാണെന്നാണ് പാശ്ചാത്യരുടെ നിഗമനം.

ഗൂഢാക്ഷരവിദ്യ ആദ്യകാലത്തു വികസിപ്പിച്ചെടുത്തത് ഭാരതീയരും യഹൂദരും ഈജിപ്തുകാരുമാണ്. അതിന്റെ ഉപയോഗപരിധി നിഗൂഢമാണ്. ലാസിഡിയോണിയക്കാരോ അഥവാ സ്പാര്‍ട്ടക്കാരോ ബി.സി. 400-ല്‍ ഗൂഢാക്ഷരവിദ്യ ഉപയോഗിച്ചിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. സൈനിക മേധാവികള്‍ തമ്മില്‍ രഹസ്യ സന്ദേശങ്ങള്‍ കൈമാറുന്നതിന് ഇവര്‍ സൈറ്റെയ്ല്‍ എന്നൊരു ഗൂഢാക്ഷര പദ്ധതി ആവിഷ്കരിച്ചു. അഗ്രം നീണ്ടു കൂര്‍ത്ത വടിയില്‍ ഒരു തുകല്‍ ചുറ്റുന്നു. ഈ തുകലില്‍ സന്ദേശം രേഖപ്പെടുത്തിയ ശേഷം തുകല്‍ മാറ്റും. തുകലിലെ ലിഖിതം ആര്‍ക്കും ഗ്രഹിക്കാനാവില്ല. എന്നാല്‍ ശരിയായ രീതിയില്‍ വടിയില്‍ ചുറ്റിയാല്‍ യഥാര്‍ഥ സന്ദേശം വ്യക്തമാവും. ബി.സി. 4-ാം ശ.-ത്തില്‍ കോട്ടകൊത്തളങ്ങളുടെ സംരക്ഷണത്തെക്കുറിച്ച് ഈനിയറസ് ടാക്റ്റിക്കസ് എന്നയാള്‍ ഒരു ഗ്രന്ഥമെഴുതി. അതിലെ ഒരധ്യായം ഗൂഢാക്ഷരവിദ്യയെക്കുറിച്ചായിരുന്നു. റോമക്കാര്‍ ഏകാക്ഷര ക്രമമാറ്റ പദ്ധതി സ്വീകരിച്ചു. ജൂലിയസ് സീസറിന്റെ ഗൂഢാക്ഷര പദ്ധതിയില്‍ A=D എന്നും അഗസ്റ്റസ് സീസറിന്റേത് A=B എന്നുമായിരുന്നു.

റോമിലെ നഗര രാഷ്ട്രങ്ങള്‍ തമ്മിലുള്ള ആശയവിനിമയത്തിന് എ.ഡി. 1200-ഓടുകൂടി ഗൂഢലേഖനവിദ്യ പ്രയോഗത്തിലായതോടെ ആധുനിക കാലത്ത് ഈ വിദ്യ പ്രചാരത്തില്‍ വന്നു. ക്ലമന്റ് ഏഴാം മാര്‍പ്പാപ്പയുടെ സേവകനായിരുന്ന പാര്‍മയിലെ ഗബ്രിയേല്‍ ദയാവിന്‍ഡെ 1379-ല്‍ ഗൂഢാക്ഷരവിദ്യയെക്കുറിച്ച് ആധികാരിക പ്രമാണമുണ്ടാക്കി. ഇപ്പോള്‍ ഇത് വത്തിക്കാന്‍ ആര്‍ക്കൈവ്സിലുണ്ട്. ഇതിലെ ഗൂഢപദാവലികള്‍ക്ക് 'നോമന്‍ക്ളേച്ചറുകള്‍' എന്നാണു പേര്. 15-ാം ശ.-ത്തിന്റെ മധ്യത്തോടെ യൂറോപ്പിലെ മിക്ക ഗവണ്‍മെന്റുകളും ഈ ഗൂഢപദാവലി അംഗീകരിച്ചിരുന്നു. 1470-ല്‍ ലിയോണ്‍ ബാറ്റിസ്റ്റ അല്‍ബര്‍ട്ടി രചിച്ച ട്രാറ്റാറ്റി-ഇന്‍സിഫ്ര എന്ന ഗ്രന്ഥത്തില്‍ ഗൂഢാക്ഷര ചക്രത്തെക്കുറിച്ച് പരാമര്‍ശമുണ്ട്. രണ്ടോ മൂന്നോ പദങ്ങള്‍ ലേഖനമാക്കിയാലുടനെ ഡിസ്കിന്റെ ഘടന മാറ്റാന്‍ അതില്‍ നിര്‍ദേശമുണ്ട്. ഇതു ബഹ്വക്ഷര ഗൂഢലേഖനത്തിന്റെ നാന്ദിയാണ്. ഗൂഢലേഖന വിദ്യയെക്കുറിച്ച് പ്രസിദ്ധീകരിക്കപ്പെട്ട ആദ്യത്തെ ഗ്രന്ഥം ജോഹനസ് ത്രിത്തെമിയൂസ് (1462-1516) എന്ന പുരോഹിതന്റെ പോളിഗ്രാഫിയ ആണ്. 1563-ല്‍ ജിയോവാനി ബാറ്റിസ്റ്റ ദല്ല പോര്‍ട്ട ദ ഫര്‍റ്റിവിസ് ലിറ്ററം നോത്തിസ് എന്ന ഗ്രന്ഥം എഴുതി. ഇതില്‍ സമചതുരത്തിന്റെ മാതൃകയും ക്രമം മാറ്റലും പ്രതിപാദിച്ചിട്ടുണ്ട്. ബ്ലെയ്ഡ് ദ വിഗെനര്‍ 1586-ല്‍ ട്രൈക്ത്തെ ദഷിഫ്രെ പ്രസിദ്ധീകരിച്ചു. ഇതില്‍ ഗൂഢസന്ദേശത്തെയും രഹസ്യ ചിഹ്നാവലിയെയും കുറിച്ചു വിശദമായി പ്രതിപാദിക്കുന്നു. 17-ാം ശ.-ത്തില്‍ ഫ്രാന്‍സില്‍ ലൂയി XIII-ഉം ലൂയി XIV-ഉം ദ്വിഭാഗ ഗൂഢസന്ദേശങ്ങള്‍ പ്രയോഗത്തിലാക്കി. 1860-ല്‍ നയതന്ത്ര പ്രവര്‍ത്തനങ്ങള്‍ക്ക് ഉതകുന്ന തരത്തില്‍ ഈ വിദ്യ വികസിപ്പിച്ചു. അമേരിക്കയിലെ ആഭ്യന്തര കലാപത്തില്‍ ഫെഡറല്‍ സൈന്യം വിഗെനര്‍ ഗൂഢാക്ഷര രീതിയാണുപയോഗിച്ചത്.

ഒന്നാം ലോകയുദ്ധത്തിന്റെ ആദ്യവര്‍ഷങ്ങളില്‍ ഓരോ രാജ്യവും ഗൂഢാക്ഷരവിദ്യ പ്രയോഗിച്ചു. 1917 ആയതോടെ ഉന്നതതല ആശയവിനിമയങ്ങളെല്ലാം ഗൂഢാക്ഷര സന്ദേശങ്ങളിലൂടെയായി. വളരെ സങ്കീണമായ രീതികളാണു പല രാജ്യങ്ങളും ഉപയോഗിച്ചത്. ഉദാ. ജര്‍മന്‍കാരുടെ പ്രശസ്തമായ ADFGVX, 1918 മാ. 1-ന് പ്രയോഗത്തിലായി.

മിലാനിലെ ഗൂഢാക്ഷരാപഗ്രഥന വിദഗ്ധനായിരുന്ന സിക്കോസിമൊനെറ്റ 1474 ജൂല. 4-നു ഗൂഢാക്ഷരവിദ്യയുടെ നിയമാവലി തയ്യാറാക്കി. ജിയോവാനി സോറോ 40 വര്‍ഷക്കാലം വെനീസിലെ ഗൂഢാക്ഷരാപഗ്രഥന വിദഗ്ധനായിരുന്നു. ജോണ്‍ വാലിസ് 50 വര്‍ഷക്കാലം ഇംഗ്ലണ്ടിലെ ഗൂഢാക്ഷരാപഗ്രഥന വിദഗ്ധനായി പ്രവര്‍ത്തിക്കുകയുണ്ടായി. അമേരിക്കയില്‍ റവ. സാമുവല്‍ വെസ്റ്റും, അഞ്ചാമത്തെ വൈസ് പ്രസിഡന്റായ എല്‍ബ്രിഡ്ജ് ജെറിയുമായിരുന്നു ഗൂഢാക്ഷരാപഗ്രഥന വിദഗ്ധര്‍.

ഗൂഢാക്ഷരലേഖനം ചരിത്രഗതിയെ ശക്തമായി സ്വാധീനിച്ചിട്ടുണ്ട്. ഒന്നാം ലോകയുദ്ധത്തില്‍ റഷ്യക്കാര്‍ റ്റാനെന്‍ ബര്‍ഗ് യുദ്ധത്തില്‍ പരാജയപ്പെട്ടത് തെറ്റായ ഗൂഢാക്ഷരസന്ദേശം മൂലമാണ്. 1917 ജനു.-ല്‍ ബ്രിട്ടീഷുകാര്‍ നടത്തിയ ഗൂഢാക്ഷരാപഗ്രഥനം ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു. സിമ്മര്‍മന്‍ ടെലഗ്രാം എന്ന പേരിലറിയപ്പെടുന്ന സന്ദേശമായിരുന്നു അത്. ഈ വ്യാഖ്യാനം മൂലമാണ് അമേരിക്കക്കാര്‍ ഏ. 6-നു യുദ്ധത്തില്‍ ചേര്‍ന്നത്. ജര്‍മന്‍കാര്‍ക്കൊപ്പം നിന്നാല്‍ മെക്സിക്കോയ്ക്കു ടെറിട്ടോറിയല്‍ പദവി നല്കാം എന്നായിരുന്നു സന്ദേശം. ഇംഗ്ലീഷുകാര്‍ ഈ സന്ദേശം ചോര്‍ത്തി അമേരിക്കന്‍ പ്രസിഡന്റ് വില്‍സനെ അറിയിച്ചു. ആറ് ആഴ്ച കഴിഞ്ഞ് അമേരിക്ക യുദ്ധം തുടങ്ങി. രണ്ടാം ലോകയുദ്ധത്തില്‍ ഈ വിദ്യ അമേരിക്കയെ സഹായിച്ചു. ഗൂഢാക്ഷരാപഗ്രഥനത്തിലൂടെ ജപ്പാന്റെ സന്ദേശം വായിച്ച് അവരുടെ സൈന്യത്തിന്റെ ആസ്ഥാനവും സംഖ്യാബലവും അമേരിക്ക കണ്ടെത്തി. ഈ സന്ദേശം ലഭിക്കാതിരുന്നെങ്കില്‍ അമേരിക്കന്‍ സൈന്യം ജപ്പാന്‍ സൈന്യത്തില്‍നിന്നു 4800 കി.മീ. അകലെ ആകുമായിരുന്നു. എന്നാല്‍ ഏറ്റവും പ്രശസ്തമായ ഗൂഢാക്ഷര വിശകലനം പുറത്തുവന്നതു യുദ്ധത്തിനുശേഷമാണ്. കോണ്‍ഗ്രസ് കമ്മിറ്റി പോര്‍ട്ട്ബ്ലെയര്‍ സംഭവം അന്വേഷിക്കുകയായിരുന്നു. ജപ്പാന്‍കാരുടെ ഗൂഢാക്ഷരസന്ദേശതന്ത്രം കണ്ടുപിടിക്കുവാന്‍ യു.എസ്സിന് കഴിഞ്ഞിരുന്നു എന്ന വസ്തുത അപ്പോഴാണ് വെളിവാക്കപ്പെട്ടത്. ഇതില്‍നിന്നു കമ്മിറ്റി എത്തിച്ചേര്‍ന്ന നിഗമനം ഇങ്ങനെയാണ്: 'ജപ്പാന്‍കാരുടെ ഗൂഢസന്ദേശതന്ത്രം കണ്ടുപിടിച്ചതുകൊണ്ട് യുദ്ധത്തിന്റെ കാലവിളംബം കുറഞ്ഞു. കൂടുതല്‍ മനുഷ്യരുടെ മരണം ഒഴിവായി.

പ്രാചീന ഭാരതത്തില്‍

പരമാണു മുതല്‍ പരബ്രഹ്മം വരെയുള്ള സര്‍വകാര്യങ്ങളും പ്രതിപാദിക്കുവാന്‍ ഭാരതത്തില്‍ ഗൂഢഭാഷയും ഗൂഢലേഖനവിദ്യയും പ്രചാരത്തിലുണ്ടായിരുന്നു. സര്‍വസംഗപരിത്യാഗിയായ ജ്ഞാനി, ഭാഷയും ലിപിയുമില്ലാതെ ആശയവിനിമയം നടത്തിയിരുന്നുവത്രെ. ഇതിന് 'ഊമ എഴുത്ത്' എന്നു പേര്‍.

ഹാരപ്പ, മോഹഞ്ജൊദരോ എന്നിവിടങ്ങളില്‍ പ്രചാരത്തിലിരുന്ന സൈന്ധവ ലിപികളുടെ ഭാഷ സര്‍വസമ്മതമായ വിധത്തില്‍ വ്യാഖ്യാനപ്പെട്ടിട്ടില്ല. എന്നാല്‍ ജൈനഗ്രന്ഥങ്ങളായ പണ്ണാവണസൂത്രം, സമവായംഗസൂത്രം എന്നീ കൃതികളില്‍ 18-ഉം മഹാവസ്തു, ഭഗവതീസൂത്രം എന്നീ കൃതികളില്‍ 30-ഉം തരത്തിലുള്ള ലിപികളുടെ പേരുകളുണ്ട്. ഏറ്റവുമധികം (64 തരം) ലിപികളുടെ പേരുകള്‍ രേഖപ്പെടുത്തിക്കാണുന്നത് പാലിഭാഷയിലുള്ള ലളിതവിസ്തരമെന്ന ബൗദ്ധ കൃതിയിലാണ്. 64 തരം ലിപികള്‍.

ബ്രാഹ്മി, ഖരോഷ്ഠി, പുഷ്കരസാരി, അംഗ, വംഗ, മാഗധ, മാംഗല്യ, മനുഷ്യ, അംഗുലീയ, ശകാരി, ബ്രഹ്മവല്ലി, ദ്രാവിഡ, കനാരി, ദക്ഷിണ, ഉഗ്ര, സംഖ്യാ, അനുലോമ ഊര്‍ധധനുഃ, ദാരദ, ഖാസ്യ, ചീന, ഹൂണ, മധ്യാക്ഷരവിസ്തര പുഷ്പ, ദേവ, നാഗ, യക്ഷ, ഗാന്ധര്‍വ, കിന്നര, മഹോരാഗ, അസുര ഗാരുഢ, മൃഗചക്ര, ചക്ര, വായുമാരു, ഭൗമദേവ, അന്തരീക്ഷ, ഉത്തര കുരുദ്വീപ, ഉപരാഗൗദ, പൂര്‍വവിദേഹ, ഉത്ക്ഷേപ, നിക്ഷേപ, വിക്ഷേപ, പ്രക്ഷേപ, സാഗര, വജ്ര, ലേഖപ്രതിലേഖ, അനുദ്രുത ശാസ്ത്രാവര്‍ത്ത, ഗണാവര്‍ത്ത, ഉത്ക്ഷേപാവര്‍ത്ത, വിക്ഷേപാവര്‍ത്ത, പാദലിഖിത, ദ്വിരുത്തര പാദസന്ധിലിഖിത, ദശോത്തര പാദസന്ധിലിഖിത, അധ്യാഹാരിണി, സര്‍വരുത്സംഗ്രഹിണി, വിദ്യാനുലോമവിമിസ്രിത, ഋഷിതപസ്തപ്ത, ധാരണിപ്രേക്ഷണ, സര്‍വൌസാധനിഷ്യന്ത, സര്‍വസാര സംഗ്രഹണി, സര്‍വഭൂതരുദ്ഗ്രഹണ എന്നിവയാണ് 64 ലിപികള്‍.

താന്ത്രിക സാഹിത്യവും നിഗൂഢരചനകളും

സ്വര്‍ണഭൈരവയന്ത്രം
രോഗഹരയന്ത്രം

താന്ത്രിക രചനകളേറെയും താളിയോലകളിലാണുള്ളത്. പ്രാകൃതവും ലളിതവുമായ ഭൂത ലിപികളിലാണ് ഇവയുടെ രചനകള്‍, എന്നാല്‍ സങ്കീര്‍ണമായ മധ്യകാല കൃതികള്‍ ദേവനാഗരി ലിപിയിലാണ്. പ്രധാനതത്ത്വങ്ങളുടെ പരിണാമത്തെ സ്വരങ്ങള്‍, അനുസ്വാരം, വിസര്‍ഗം ഇവ നിര്‍വഹിക്കുന്നു. വ്യഞ്ജനങ്ങള്‍ ഈ തത്ത്വങ്ങളുടെ അന്തര്‍ഭവിക്കലിനെയും പരിണാമത്തെയും പൂര്‍ത്തിയാക്കുന്നു. ക വര്‍ഗം പഞ്ചഭൂതങ്ങളെയും ച വര്‍ഗം കര്‍മേന്ദ്രിയങ്ങളെയും ട വര്‍ഗം ജ്ഞാനേന്ദ്രിയങ്ങളെയും ത വര്‍ഗം തന്മാത്രകളെയും പ, ഫ, ബ, ഭ എന്നിവ യഥാക്രമം മനസ്സ്, അഹങ്കാരം, മഹത്, പ്രകൃതി ഇവയെയും 25-ാമത്തെ തത്ത്വമായ ജീവാത്മാവിനെയും കുറിക്കുന്നു. ഒപ്പം ഇവ എല്ലാറ്റിന്റെയും അധിദേവതകളെയും. സ്ഥൂല സൂക്ഷ്മശരീരങ്ങളോടുകൂടിയ മനുഷ്യപ്രകൃതത്തെ അക്ഷരങ്ങള്‍ ആവഹിക്കുന്നു. സൂക്ഷ്മ ശരീരികള്‍ക്കു ലിഖിത പ്രതീകങ്ങളായി യ മുതല്‍ ഹ വരെയുള്ള അക്ഷരങ്ങള്‍ ഉപയോഗിക്കുന്നു.

താന്ത്രിക സാഹിത്യത്തിലെ ഗൂഢസങ്കേതങ്ങളില്‍ വ്യുത്പത്തി ഉള്ളവര്‍ക്കു മാത്രമേ ഇവയുടെ ഉപയോഗം അറിയൂ. എന്തെന്നാല്‍ മന്ത്രത്തിലെ എല്ലാ അക്ഷരങ്ങളും ഉച്ചരിക്കപ്പെടേണ്ടവയല്ല. പ്രത്യുത മൂര്‍ത്തിധ്യാനമാണു വേണ്ടത്. ഉദാ. 'ഓം നമോ നാരായണായഃ' ഈ അഷ്ടാക്ഷര മന്ത്രം, അ ഉ മ ബിന്ദു, നാദം, കല, കാലതീതം, തത്പരം ഇങ്ങനെ അഷ്ടാക്ഷരങ്ങളുള്ള പ്രണവം എന്നറിയപ്പെടുന്ന, സൂക്ഷ്മ അഷ്ടാക്ഷര മന്ത്രത്തിനു തുല്യമായ സ്ഥൂല അഷ്ടാക്ഷര മന്ത്രമാണ്. സൂക്ഷ്മ മന്ത്രത്തിലെ അവസാനത്തെ അഞ്ച് അക്ഷരങ്ങള്‍ ഉച്ചരിക്കപ്പെടാനുള്ളവയല്ല. ആകയാല്‍ ഓം (അ ഉ മ)-നു ശേഷം പരാകാശത്തിന്റെ അഥവാ പരമാത്മാവിന്റെ (തത്പരം) സഹജഭാവമായ നാരായണനെ സ്മരിക്കുന്നു.

തമിഴിലെ ഗൂഢരചനാസങ്കേതങ്ങള്‍

എഴുത്ത് എന്ന പദത്തിനു ലിപി, അക്ഷരം എന്നു മാത്രമല്ല, ചിത്രരചന എന്നും അര്‍ഥമുണ്ട്. പരിപാടല്‍, കുറുംതൊകൈ എന്നീ കൃതികളില്‍ എഴുത്ത് എന്നതിനു ചിത്രരചന എന്നും അര്‍ഥം നല്കി കാണുന്നു. ഇതില്‍ നിന്നു വ്യക്തമാകുന്നതു പ്രാചീന തമിഴര്‍ രചനയോടൊപ്പം ചിത്രരചനയും ഉള്‍പ്പെടുത്തിയിരുന്നു എന്നാണ്. തമിഴ്ഛന്ദശ്ശാസ്ത്ര കൃതിയായ യാപ്പരുങ്കലത്തിന്റെ ഭാഷ്യത്തില്‍ അവസാന സൂത്രവിശകലനത്തില്‍ ഒരു പണ്ഡിതന്‍ അറിഞ്ഞിരിക്കേണ്ട 15 തരം രചനാരീതികളെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. എന്നാല്‍ ഇവയെക്കുറിച്ചു മറ്റൊരിടത്തും പരാമര്‍ശങ്ങളില്ലതാനും.

ആയവ എഴുത്തു (വായവെഴുത്ത്), ഇരാശിയെഴുത്ത്, നാളെഴുത്ത്, തോലമെഴുത്ത് (തോപതം, തേര്‍പതം), തന്‍മൈ എഴുത്ത്, ഉക്കിരവെഴുത്ത്, മുത്തിരവെഴുത്ത്, പാകിയല്‍ എഴുത്ത് (പരചിനായിക), പുത്തേള്‍ എഴുത്ത്, ധാതുവെഴുത്ത്, മാകമടൈയമെഴുത്ത്, മാചുമടൈയമെഴുത്ത്, ബ്രഹ്മദേവലിപി (ബ്രഹ്മവല്ലിലിപി), കട്ടുരൈയെഴുത്ത്, വടിവെഴുത്ത് എന്നിവയാണവ.

കരം, ലെവി എന്നിവയെക്കുറിക്കാനും വ്യാപാരസംബന്ധമായ പ്രതീകങ്ങളെയും ചിഹ്നങ്ങളെയും രേഖപ്പെടുത്താനുമുള്ള രചനാ വിശേഷമാണ് 'വായവെഴുത്ത്'. ജ്യോതിശ്ശാസ്ത്രവും ജ്യോതിഷവും കൈകാര്യം ചെയ്യുന്നവര്‍ക്കു ഗ്രഹങ്ങളും ഗ്രഹനിലയും കുറിക്കാനുപയോഗിക്കുന്ന പ്രതീകങ്ങളാണ് 'ഇരാശി എഴുത്ത്'. ദിനം നക്ഷത്രത്തിലൂടെ സൂചിപ്പിക്കുവാന്‍ 'നാളെഴുത്ത്' ഉപയോഗിക്കുന്നു. സാമവേദോച്ചാരണത്തില്‍ ഉദാത്തം, അനുദാത്തം, സ്വരിതം തുടങ്ങിയവ ഉച്ചരിക്കേണ്ടതിനെ വ്യക്തമാക്കാന്‍ 'തോപതം' ഉപയോഗിക്കുന്നു. സൂക്ത രഹിതസ്തോഭോച്ചാരണ നിയമങ്ങള്‍ സാമതന്ത്രത്തില്‍ വ്യക്തമായിട്ടുണ്ട്. വസ്തുവിന്റെ സ്വഭാവഗുണങ്ങളനുസരിച്ചും വര്‍ണങ്ങളുടെ വര്‍ണഭേദമനുസരിച്ചുമുള്ള ജാതിനിര്‍ണയം വ്യക്തമാക്കാന്‍ തന്‍മൈ എഴുത്ത് ഉപയോഗിച്ചിരുന്നു. താന്ത്രികാരാധനയില്‍ ഉച്ചാടനത്തിനും മറ്റും ഉപയോഗിക്കുന്ന മന്ത്രവിശേഷങ്ങളെ കുറിക്കാന്‍ 'ഉക്കിരവെഴുത്ത്' ഉപയോഗിക്കുന്നു. നൃത്തവാദ്യമേളങ്ങളുടെ താളവിശേഷങ്ങളെക്കുറിക്കാന്‍ 'മുത്തിരവെഴുത്ത്' ഉപയോഗിക്കുന്നു. ജീവകചാന്താമണി, പത്തുപാട്ട് എന്നീ ഗ്രന്ഥങ്ങളില്‍ ആനകളെ മെരുക്കുന്ന പാപ്പാന്മാരുടെ ഭാഷയെ 'പാകിയല്‍' എന്നു രേഖപ്പെടുത്തിക്കാണുന്നു. പാപ്പാന്മാര്‍ക്കിടയില്‍ ലിഖിത രൂപമില്ലാത്ത ഒരു ഭാഷ ഇന്നും പ്രയോഗത്തിലുണ്ട്. ദേവഗതി, മനുഷ്യഗതി, അസുരഗതി, കിന്നരഗതി എന്നീ നാലുവിധ ഗതികളെ കുറിക്കുന്ന മാധ്യമമാണ് 'പുത്തേള്‍'. കൗടില്യന്റെ അര്‍ഥശാസ്ത്രത്തില്‍ ഗൂഢലേഖനമെഴുതാന്‍ ലവണങ്ങള്‍, ലോഹങ്ങള്‍, ധാതുവര്‍ണങ്ങള്‍ എന്നിവ ഉപയോഗിക്കണമെന്നു നിര്‍ദേശിച്ചിട്ടുണ്ട്. രസതന്ത്രത്തിലെ മൂലകങ്ങളുടെ വേര്‍തിരിക്കല്‍പോലെ ധാതുക്കളെ വേര്‍തിരിച്ച് രചനാരീതിക്ക് ഉപയോഗക്ഷമമാക്കുന്നതാണ് 'ധാതുഎഴുത്ത്'. മാകമടൈയം, മാചുമടൈയം എന്നിവ പരമ്പരാഗതമായ നിഗൂഢ രചനകളാണ്. എല്ലാ ശാസ്ത്രവിജ്ഞാനശാഖകളിലും ഇത്തരം സാങ്കേതിക രചനകളുണ്ട്. ഉദാ. പ്രാചീന ഗണിതത്തിലെ ഭൂതസംഖ്യാരീതിയും കടപയാദികളും. കവിതയില്‍ ഗൂഢാര്‍ഥപ്രയോഗത്തിലൂടെ കാലഗണന രേഖപ്പെടുത്താന്‍ കടപയാദി ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്. ഭൂദേവന്മാരുടെ ലിപിയാണ് ബ്രഹ്മദേവ ലിപി. ദേവ ഭാഷിതങ്ങളാണ് ബ്രഹ്മവല്ലി ലിപിയില്‍ രേഖപ്പെടുത്തുന്നത്. കട്ടുരൈ എഴുത്ത് അലങ്കാര ഭാഷയാണ്. വടിവെഴുത്ത്, അക്ഷരമാലാസമ്പ്രദായത്തെയും ചിത്രലേഖന വിദ്യയെയും സൂചിപ്പിക്കുന്നു. അവസാനത്തെ രണ്ടു വിഭാഗങ്ങളൊഴികെ മറ്റു 13 രചനാസമ്പ്രദായങ്ങളും കാലഹരണപ്പെട്ടിരിക്കുന്നു.

ഗൂഢഭാഷാരീതി മലയാളത്തില്‍

ആലങ്കാരിക ശൈലിയിലൂടെയുള്ള ഗൂഢഭാഷാരീതി മലയാളത്തില്‍ ഇന്നും നിലവിലുണ്ട്. ഉദാ. (1) മധ്യാഹ്നവേളയില്‍ എണ്ണക്കിണ്ണവുമായി തേച്ചു കുളിക്കു പുറപ്പെട്ട ഒരുവനുമായി മറ്റൊരുവന്റെ സംഭാഷണം. ചോദ്യം: 'എണ്ണക്കിണ്ണത്തില്‍ കണ്ണാടൊ ?' ഉ. 'വെട്ടിത്താളിതേക്കും.' ചോ. 'അത്താഴം കഞ്ഞിയാണോ?' ഉ. 'പൂവാങ്കുറന്തല്‍ ചൂടും.' ചോ. 'പടിപ്പുര പൊന്നാണോ?' ഉ. 'പകല്‍ അല്പം ഉറങ്ങും'. താത്പര്യം: മധ്യാഹ്നത്തിലെ എണ്ണ തേച്ചുകുളി ദൃഷ്ടിനാശം വരുത്തും. വെട്ടിത്താളി ദൃഷ്ടിക്കു നന്നാണ്, പക്ഷേ ദാരിദ്യ്രം ക്ഷണിച്ചു വരുത്തും. പൂവാങ്കുറന്തല്‍ നിത്യവും ചൂടുന്നവന്‍ സമ്പന്നനാകും. ദിവാസ്വപ്നത്തിനു സമ്പത്ക്ഷയകരത്വമുണ്ട്. കേരളീയരുടെ ഈ വിശ്വാസങ്ങളെല്ലാം ശാസ്ത്രമൂലമാകുന്നു. ഇപ്പോള്‍ സംഭാഷണസാരം വ്യക്തം. ഉദാ. (2) മൂന്നു പശുക്കളെ പഞ്ചഗോപാലന്മാര്‍ ഏഴു ജലാശയത്തില്‍ വെള്ളം കുടിപ്പിച്ച്, നവപാശങ്ങളെക്കൊണ്ടു ബന്ധനസ്ഥനാക്കിയിരുന്നു. ജീവന്റെ ബന്ധനാവസ്ഥയാണു സാരം. മൂന്നു പശുക്കള്‍-സ്ഥൂലം, സൂക്ഷ്മം, കാരണം അഥവാ താമസം, രാജസം, സാത്വികം. പഞ്ചഗോപാലന്മാര്‍-പഞ്ചകോശങ്ങള്‍ (പഞ്ചഭൂതങ്ങള്‍). ഏഴ് ജലാശയം-സപ്തധാതുക്കള്‍. നവപാശങ്ങള്‍-നവചക്രങ്ങള്‍ (നവദ്വാരങ്ങള്‍).

ക്രിപ്റ്റോഗ്രാഫി (ഗൂഢലേഖന ശാസ്ത്രം)

സാധാരണ ഭാഷയിലുള്ള സന്ദേശത്തെ ക്രിപ്റ്റോഗ്രാം ആക്കുന്ന പ്രക്രിയയ്ക്കു എന്‍ക്രിപ്റ്റിങ് അഥവാ എന്‍സിഫെറിങ് (എന്‍കോഡിങ്) എന്ന് പറയുന്നു. ക്രിപ്റ്റോഗ്രാഫിനെ സ്വീകരിച്ചു മൂലഭാഷയാക്കുന്നതിന് ഡീക്രിപ്റ്റിങ് അഥവാ ഡെസിഫറിങ് (ഡീകോഡിങ്) എന്നും. മുഖ്യമായും രണ്ടു രീതികളിലൂടെയാണ് ക്രിപ്റ്റോഗ്രാം തയ്യാറാക്കുന്നത്-സൈഫര്‍ സിസ്റ്റവും കോഡ് സിസ്റ്റവും. സൈഫര്‍ സിസ്റ്റത്തില്‍ മുഖ്യമായി രണ്ടു ഗൂഢ രീതികളാണുള്ളത്-ക്രമം മാറ്റലും (transposition) പകരം പ്രതിഷ്ഠിക്കലും (substitution).

ക്രമം മാറ്റല്‍ രീതിയില്‍ സന്ദേശങ്ങളുടെയോ ഗൂഢാക്ഷരങ്ങളുടെയോ സ്ഥാനചലനമാണു മുഖ്യം. കൂടാതെ ജ്യാമിതീയ രൂപങ്ങളും ഡിസൈനുകളും ഉപയോഗിക്കുന്നു. പ്രേക്ഷകനും സ്വീകര്‍ത്താവും നിശ്ചയിച്ചുറപ്പിച്ച രഹസ്യചിഹ്നാവലി അഥവാമൂലഭ്രദം ആണ് ഇതിന് ആധാരം. ഈ രഹസ്യചിഹ്നാവലി പ്രകാരമാണു ലിഖിതത്തിന്റെ രൂപഭേദങ്ങളും ഡിസൈനുകളും നിശ്ചയിക്കുക. ക്രമമാറ്റ രൂഢാക്ഷരവിദ്യയുടെ ആദിമ രൂപങ്ങളിലൊന്നാണു റൂട്ട് സൈഫര്‍.

ഉദാ. സന്ദേശം-PACKAGE SENT TO YOU BY COURIER ACKNOWLEDGE ഈ സന്ദേശം എട്ടു നിരകളുള്ള ഒരു ദീര്‍ഘചതുരത്തില്‍ നിരത്തി എഴുതുന്നു. വീണ്ടും ഡയഗണല്‍ ആകൃതിയില്‍ ഒന്നിടവിട്ടു പകര്‍ത്തുന്നു. തുടക്കം ഇടതുവശം മുകളിലെ അഗ്രം മുതല്ക്കാണ്.

ഏറ്റവും ഒടുവിലത്തെ ലിഖിതം പഞ്ചാക്ഷര സംഘാതമാണ്. സന്ദേശം അയയ്ക്കുന്നതിനുള്ള സൗകര്യാര്‍ഥമാണിത്.

ഗൂഢലിഖിതം

PAUBD CKYYK NCCOA GTOAD

WPUTE SNROL ETIEESDGRE

ഈ പദ്ധതിപ്രകാരം യഥാര്‍ഥ സന്ദേശം ഒന്നിടവിട്ടുള്ള തിരശ്ചീന നിരയില്‍ വ്യക്തമാണ്. ഡയഗണല്‍ റൂട്ടിനു പകരം തിരശ്ചീനവഴി, ഇടവിട്ടുള്ള ലംബനിര, ദക്ഷിണവാമഭാഗങ്ങള്‍, ചിത്രത്തിന്റെ മധ്യം തുടങ്ങി പല രീതികളും പ്രയോഗത്തിലുണ്ടായിരുന്നു.

ഏകാക്ഷരക്രമമാറ്റരീതിയില്‍ ഒരു ഗൂഢാക്ഷരം സന്ദേശത്തിലെ ഒരക്ഷരത്തെ സൂചിപ്പിക്കുന്നു.

ഉദാ.സാധാരണാക്ഷരം-ABCDEFGHIJKLMN etc

ഗൂഢാക്ഷരം-LMNOPQRSTUVWXYZ etc

ഈ പട്ടിക 25 സാധ്യതകളില്‍ ഒന്നു മാത്രമാണ്. ഇതനുസരിച്ച് -ARTILLERY എന്ന പദത്തിന്റെ ഗൂഢപദം -LCETWWDCJ എന്നാണ്. ബഹു പാര്‍ശ്വസമ്പ്രദായത്തില്‍ (മള്‍ട്ടിലാറ്ററല്‍) നിയതമായ രഹസ്യ ചിഹ്നാവലിയുടെ സഹായത്താല്‍ സന്ദേശത്തിലെ ഒരക്ഷരത്തിന് ഒന്നിലേറെ ഗൂഢാക്ഷരങ്ങള്‍ ഉണ്ടാവുന്നു. ഇതു ദ്വയാക്ഷര സംഘാതമോ രണ്ടക്ക സംഘാതമോ ആകാം.

സന്ദേശത്തിലെ അക്ഷരം വരുന്ന ലംബ-തിരശ്ചീന നിരകളിലെ രണ്ടക്ഷരങ്ങള്‍ ഗൂഢാക്ഷരമായി ഉപയോഗിക്കുന്നു.

ഉദാ.സന്ദേശാക്ഷരം-E സന്ദേശാക്ഷരം-E

ഗൂഢാക്ഷരം-WK ഗൂഢാക്ഷരം-05

ഈ രീതിയിലുള്ള സംഖ്യാവിഷ്കരണരീതി ഇന്ത്യയിലെ ജ്യോതിഷ ഗണിതാചാര്യന്മാര്‍ പ്രാചീനകാലം മുതലേ പ്രയോഗിച്ചിരുന്നു. കടപയാദി, ഭൂതസഖ്യ, സിദ്ധമാതൃക, നന്നാദി തുടങ്ങിയവ അവയില്‍ ചിലതുമാത്രമാണ് (സംഖ്യാ പദ്ധതി കാണുക).

ഉദാ. നന്നാദി

ഗൂഢവിഷയ പ്രതിപാദ്യ ഗ്രന്ഥങ്ങളുടെ ഏടുകള്‍ പരതി വായിക്കുന്നത് ഒഴിവാക്കാനും വിഷയത്തിന്റെ രഹസ്യസ്വഭാവം സൂക്ഷിക്കുന്നതിനുമായി താളിയോലകള്‍ ചിട്ട തെറ്റിച്ചാണ് സൂക്ഷിച്ചിരുന്നത്. എന്നാല്‍ 'നന്നാദി' അറിയുന്നവര്‍ക്കു ഗ്രന്ഥത്തെ ക്രമപ്പെടുത്തി ഉപയോഗിക്കുവാന്‍ കഴിയും. ഗൂഢചക്രങ്ങളുടെ അളവുകളെ കുറിക്കുവാനും ഈ രീതി പ്രയോഗിച്ചിരുന്നു. നന്നാദി ചിഹ്നപദ്ധതിയുടെ സൂത്രമിതാണ്.

പകരം പ്രതിഷ്ഠിക്കല്‍ രീതിയിലും നിശ്ചിത നിയമങ്ങള്‍ക്കനുസൃതമായുമാണ് ഗൂഢാക്ഷരം ഉപയോഗിക്കുന്നത്. ഒരക്ഷരത്തിന് പകരം മറ്റൊരു അക്ഷരമോ ചിഹ്നമോ ഉപയോഗിക്കുന്നു. ഷോര്‍ട്ട് ഹാന്‍ഡിലും മോഴ്സ് കോഡിലും അക്ഷരങ്ങള്‍ക്കും വാക്കുകള്‍ക്കും പകരം ചിഹ്നങ്ങള്‍ ഉപയോഗിക്കുന്നു. ഗണിതത്തിലെ ചിഹ്നങ്ങള്‍ ഗൂഢാക്ഷരങ്ങളെയും വാക്യങ്ങളെയും സൂചിപ്പിക്കുന്നു. മാര്‍ത്താണ്ഡവര്‍മയില്‍ ചതിക്കുമോ എന്ന ആശയം 'ടപി അ് ഉനോ' എന്ന രഹസ്യ രീതിയിലായിരിക്കുന്നു. അതിന്റെ രഹസ്യ ചിഹ്നാവലി ഇതാണ്.

'ആകോ ഖഗോ ഘങശ്ചൈവ

ചടോ ഞണ തപോനമ

യശോ രഷോ ലസശ്ചൈവ

വഹക്ഷ ളഴ റ റ്റ ന'

'അ'യ്ക്കു പകരം 'ക'യും മറിച്ചും പ്രയോഗിക്കുന്നു. ഈ പദ്ധതിയില്‍ പ്രസിദ്ധമായതു വിഗെനര്‍ പട്ടികയാണ്. ഫ്രഞ്ച് ഗൂഢാക്ഷര വിദഗ്ധനായ ബെയ്സ്ദ വിഗെനര്‍ ആണ് ഇതിന് പ്രചാരം നല്കിയത്.

സമചതുരത്തിനു മുകളിലായി സാധാരണ അക്ഷരങ്ങളും ഇടതുവശത്തു മുകളില്‍ നിന്നു താഴേക്കു സൂചകാക്ഷരങ്ങളും കൊടുത്തിരിക്കുന്നു. ഈ പട്ടിക പ്രകാരം D എന്ന സാധാരണാക്ഷരത്തിന് സൂചകാക്ഷരം F-ല്‍ ഗൂഢാക്ഷരം I ആയിരിക്കും. ഇതിന്റെ ഗൂഢാക്ഷരലിഖിതം Dp(Fk)=Ic എന്നായിരിക്കും. P-സാധാരണാക്ഷരം, K-സൂചകാക്ഷരം, C-സൈഫര്‍.

ഒന്നാം ലോകയുദ്ധത്തില്‍ ഉപയോഗിച്ചത് ഈ സമ്പ്രദായത്തിന്റെ ഒരു പരിഷ്കൃതരൂപമാണ്. ഒരു വിചിത്ര ഡിസ്കും അതില്‍ സൂചകാക്ഷരങ്ങളും ആലേഖനം ചെയ്തിരിക്കുന്നു. ഇവയില്‍ ഒന്നു സൂചകാക്ഷരം ആയിരിക്കും. സാധാരണാക്ഷരത്തിലെ A ആയിരിക്കും മിക്കപ്പോഴും സൂചകാക്ഷരം. ഏതക്ഷരവും സൂചകാക്ഷരം ആക്കാവുന്നതേയുള്ളൂ. ഈ അക്ഷരം തുടങ്ങി ഗൂഢാക്ഷരനിരയില്‍ ഘടികാരദിശയായോ പ്രതിഘടികാരദിശയായോ ഗൂഢാക്ഷരങ്ങളെ പ്രതിനിധാനം ചെയ്യാവുന്നതാണ്.

ഉദാ. സാധാരണാക്ഷരം AA=F എന്നോ

ഗൂഢാക്ഷരം FA=D എന്നോ എഴുതാവുന്നതാണ്.

വിഗെനര്‍ സമ്പ്രദായവുമായി സാദൃശ്യമുള്ളതാണ് ഗ്രോന്‍ഫെന്‍ഡ് സമ്പ്രദായം. ഇതില്‍ ആദ്യത്തെ പത്ത് അക്ഷരങ്ങളേ ഉപയോഗിക്കുന്നുള്ളൂ. ഈ പദ്ധതിയുടെ സവിശേഷത സൂചക പട്ടികയുടെ സഹായം കൂടാതെ തന്നെ ഗൂഢാക്ഷര ലേഖനവും ഗൂഢാക്ഷര വ്യാഖ്യാനവും നിര്‍വഹിക്കാമെന്നതാണ്.

ഗൂഢാര്‍ഥ പദ സഞ്ചയ-കോഡ് രീതിയും ഗൂഢാക്ഷര രീതിയും തമ്മില്‍ വലിയ വ്യത്യാസമില്ല. വാക്കുകള്‍ക്കും വാചകങ്ങള്‍ക്കും പകരം തിരഞ്ഞെടുത്ത വാക്കുകള്‍ ഉപയോഗിക്കുന്നുവെന്നുമാത്രം. അവ ചിലപ്പോള്‍ ഏകാക്ഷരങ്ങളോ, സിലബിളുകളോ, അക്ഷരസംഘാതങ്ങളോ ആയിരിക്കും. തുടര്‍ന്നുകൊടുത്തിരിക്കുന്ന സിലബറി സ്ക്വയറില്‍ 26 അക്ഷരങ്ങളും പത്ത് അക്കങ്ങളും 64 ഡയഗ്രാഫുകളും ടൈഗ്രാഫുകളുമുണ്ട്.

ESTIMATED എന്ന പദം ഗൂഢാക്ഷരലേഖനം ചെയ്യുന്നതിന് പ്രസ്തുത വാക്കിനെ വിവിധ ഭാഗങ്ങളാക്കുന്നു. EST-I-M-ATE-D ഇങ്ങനെ തിരിച്ച ഗ്രൂപ്പുകള്‍ക്കു പകരം പട്ടികയിലുള്ള അക്കങ്ങള്‍ എടുത്തെഴുതുന്നു. അതായതു 45 54 68 1031 എന്ന്. ഇതു ESTIMATED എന്ന പദത്തിന്റെ ഗൂഢാക്ഷരാലേഖനമാണ്.

ടെലിപ്രിന്റുകളും വലിയ യന്ത്രങ്ങളും ഡിസ്കുകളും ഈ രംഗത്തു വ്യാപകമായി പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ സൈഫണി, സൈഫാക്സ്, സൈവിഷന്‍ തുടങ്ങിയ ആധുനിക സങ്കേതങ്ങള്‍ക്കാണ് ഇന്നു പ്രചുരപ്രചാരം. സംസാരത്തെ ഗൂഢലേഖനം ചെയ്യുന്ന വിദ്യയാണു സൈഫണി. ലിഖിത ഗൂഢാക്ഷരവിദ്യയില്‍ ഉപയോഗിക്കുന്ന ഗൂഢാക്ഷരങ്ങള്‍ക്കു പകരം സൈഫണിയില്‍ തുടര്‍ച്ചയായി മാറിക്കൊണ്ടിരിക്കുന്ന ദൃശ്യ-ശ്രാവ്യ ഘടങ്ങളെയാണു ഗൂഢാലേഖനം ചെയ്യുന്നത്. 1928-ല്‍ നിലവില്‍ വന്ന ഫാസിമിലി സമ്പ്രദായത്തില്‍ സന്ദേശം ദൃശ്യപരമായി ശിഥിലീകരിക്കും. തുടര്‍ന്ന് കാലവിഭജനം ദൃശ്യസന്ദേശത്തെ മാത്രാവിഛേദനത്തിലൂടെ ദ്വയാങ്ക (ബൈനറി) ഡിജിറ്റല്‍ സിഗ്നലുകളുടെ പ്രവാഹമാക്കി മാറ്റും. ഒരു ഇഞ്ച് ദൃശ്യം 10,000 ബൈനറി ഡിജിറ്റുകളാക്കും. സന്ദേശത്തോടൊപ്പം ഒരു രഹസ്യ സമ്പ്രദായത്തില്‍ ഈ ഉപാധിയാണു സ്വീകരിച്ചിട്ടുള്ളത്.

രഹസ്യസന്ദേശങ്ങളുടെ ഗൂഢാവിഷ്കരണം കംപ്യൂട്ടറുകളുടെയും മറ്റും സഹായത്താല്‍ വളരെ പുരോഗമിച്ചിട്ടുണ്ട്. പക്ഷേ, ഈ ശാസ്ത്രത്തിന്റെ പുരോഗതിയും പ്രായേണ രഹസ്യമായി സൂക്ഷിക്കുകയാണു പതിവ്.

ഗൂഢാക്ഷരാപഗ്രഥനം

ഗൂഢാക്ഷരാപഗ്രഥനത്തിനു മൂന്നു വിഭാഗങ്ങളുണ്ട്. ലഭ്യമായ വിവരങ്ങളുടെ ചിട്ടപ്പെടുത്തല്‍, ലഭിച്ച രഹസ്യസന്ദേശങ്ങളെ തിരിച്ചറിയല്‍, ഈ സന്ദേശങ്ങളെ വിശകലനം ചെയ്യല്‍.

ഗൂഢാക്ഷരവിദഗ്ധനാണ് ഗൂഢസന്ദേശ വ്യാഖ്യാനം നടത്തേണ്ടത്. സന്ദേശത്തിലുള്ള സൂചനകളെ കണ്ടുപിടിക്കുകയും ഒരേ വിഭാഗത്തിലുള്ള സൂചനകളെ തരം തിരിക്കുകയും വേണം. ആവര്‍ത്തനങ്ങളുണ്ടോ എന്നു പരിശോധിക്കണം. ഓരോ ഗൂഢാക്ഷരവും പ്രതിനിധാനം ചെയ്യുന്ന സ്ഥിതിവിവരക്കണക്കുകള്‍ കണ്ടെത്തണം. ശത്രുവിന്റെ ഭാഷയില്‍ മാത്രമല്ല, അനേകം ഭാഷയിലുള്ള അഗാധജ്ഞാനം ഗൂഢാക്ഷര വിദഗ്ധന് ആവശ്യമാണ്. മാതൃഭാഷകളുടെ വ്യാഖ്യാനത്തിനും പുനരാവിഷ്കരണത്തിനും ഗൂഢാക്ഷരാപഗ്രഥന തത്ത്വങ്ങള്‍ സ്വീകരിക്കാറുണ്ട്.

ഉദാ. ജോര്‍ജ് ഫ്രെഡറിക് ഗ്രോറ്റൈഫെന്‍സ് 1802-ല്‍ നടത്തിയ ക്യൂണിഫോം രചനാവ്യാഖ്യാനം. 1822-ല്‍ ഴാങ്-ഫ്രാങ്കോ ഷാബോലിയന്‍ ഈജിപ്ഷ്യന്‍ ഹൈറോഗ്ലിഫ് വ്യാഖ്യാനിച്ചു. ജെയിംസ് പ്രിന്‍സെപ്പിന്റെ ബ്രാഹ്മിലിപി കണ്ടെത്തലും ഡോ. ആര്‍. ശ്യാമശാസ്ത്രിയുടെ പ്രാചീന ഭൂതലിപി വ്യാഖ്യാനവും ഈ രംഗത്തെ ഭാരതത്തിന്റെ നേട്ടങ്ങളാണ്.

(വി. മന്മഥന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍