This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജപ്പാന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

03:15, 30 മാര്‍ച്ച് 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ഉള്ളടക്കം

ജപ്പാന്‍

Japan

കിഴക്കന്‍ ഏഷ്യയിലുള്ള ഒരു ദ്വീപരാഷ്ട്രം. ഏഷ്യാവന്‍കരയുടെ കിഴക്കേ തീരത്തു നിന്നു മാറി തെക്കു പടിഞ്ഞാറ് വടക്കുകിഴക്കു ദിശയില്‍ സ്ഥിതിചെയ്യുന്ന ഈ ദ്വീപസമൂഹത്തിന് വക്രാകൃതിയാണുള്ളത്. 2,200 കി.മീ. നീളമുള്ള ജപ്പാന്റെ മൊത്തം വിസ്തൃതിയുടെ 98 ശ.മാനത്തോളം ഹൊക്കൈഡോ, ഹോണ്‍ഷൂ, ഷിക്കോകൂ, ക്യൂഷു എന്നീ ദ്വീപുകളാണ്. ബാക്കി 2 ശ.മാ. റികിയു ശൃംഖല ഉള്‍പ്പെട്ട 3,300-ഓളം ദ്വീപുകള്‍ ചേര്‍ന്നതാണ്. മൊത്തം വിസ്തീര്‍ണത്തിന്റെ 60 ശ.മാനത്തോളമുള്ള ഹോണ്‍ഷൂവാണ് ഏറ്റവും വലിയ ദ്വീപ്.

ജപ്പാന്‍ ഔദ്യോഗികമായി 'നിപ്പണ്‍' എന്ന പേരില്‍ അറിയപ്പെടുന്നു. ഈ പദത്തിന് ജാപ്പനീസ് ഭാഷയില്‍ 'സൂര്യന്റെ ഉദ്ഭവസ്ഥാനം' എന്നാണര്‍ഥം. ഈ പേരും രാജ്യത്തിന്റെ പ്രത്യേകസ്ഥാനവും കൂടിയാണ് ജപ്പാന് 'ഉദയസൂര്യന്റെ നാട്' എന്ന വിശേഷണം നേടിക്കൊടുത്തത്.

ഏതാണ്ട് 2000 വര്‍ഷങ്ങള്‍ക്കു മുമ്പ് ജപ്പാന്‍ സ്ഥാപിതമായി. ലോകത്തില്‍ ഇന്നു രാജവാഴ്ച നിലവിലുള്ള ഏറ്റവും പഴക്കമുള്ള രാജ്യവും ജപ്പാന്‍ ആണ്. ജാപ്പനീസ് സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന സാകലീന്‍ ദ്വീപുകള്‍, കുറീല്‍ ദ്വീപുകള്‍, മഞ്ചൂറിയ, കൊറിയ, ഫോര്‍മോസ എന്നിവ രണ്ടാം ലോകയുദ്ധത്തില്‍ നഷ്ടമായി. റഷ്യന്‍ വന്‍കരയിലെ വ്ളാഡിവോസ്തോക് തുറമുഖത്തു നിന്ന് 1,300 കി.മീ. കിഴക്കുമാറിയാണ് സാകലീന്‍ ദ്വീപിന്റെ സ്ഥാനം. ഹൊക്കൈഡോ ദ്വീപ് സാകലീന്‍ ദ്വീപിനു തെക്കായി സ്ഥിതിചെയ്യുന്നു. ജപ്പാന്റെ തെക്കേയറ്റത്തു നിന്ന് 150 കി.മീ. പടിഞ്ഞാറായിട്ടാണ് കൊറിയന്‍ റിപ്പബ്ളിക്കിന്റെ സ്ഥാനം. വ. ഓകോട്സ്ക് കടല്‍, തെക്കും കിഴക്കും പസിഫിക് സമുദ്രം, തെ.പ. കിഴക്കന്‍ ചീനക്കടല്‍, പ. ജപ്പാന്‍കടല്‍ എന്നിവയാണ് അതിരുകള്‍, വിസ്തീര്‍ണം: 3,77,944 ച.കി.മീ; ജനസംഖ്യ: 128,056,026 (2010); ജനസാന്ദ്രത: 337.1; തലസ്ഥാനം: ടോക്യോ; നാണയം: യെന്‍. റഷ്യ, ചൈന, വ.കൊറിയ, തെ. കൊറിയ എന്നിവയാണ് ജപ്പാന്റെ അയല്‍ രാജ്യങ്ങള്‍.

ജപ്പാന്‍ ദ്വീപസമൂഹത്തിലെ ചില പ്രധാനപട്ടണങ്ങളും അവയിലെ ജനസംഖ്യയും (2010 സന്‍സസ് പ്രകാരം): ടോക്യോ- 89,49,447; യോകോഹാമ-36,89,603; ഒസാക-26,66,371; നാഗോയാ-22,63,907; സാപോറോ-19,14,434; കോബി-15,44,873; ക്യോട്ടോ-14,74,473; കാവസാകി-14,25,678; കിടാകിയൂഷു-9,77,288; ഫുകുവോക-14,63,826; സൈതാമ-12,22,910; ഹിരോഷിമ-11,74,209; സെന്‍ഡായ്-10,45,903.

ഭൂപ്രകൃതി

സമുദ്രാന്തര്‍ഭാഗത്തുനിന്ന് കുത്തനെ ഉയര്‍ന്നു നില്ക്കുന്ന പര്‍വതഭാഗങ്ങളാണ് ജപ്പാന്‍ ദ്വീപസമൂഹം. സമുദ്രോപരിതലത്തിലുള്ള പ്രദേശങ്ങളുടെ അഞ്ചില്‍ നാലു ഭാഗവും പര്‍വതപ്രദേശങ്ങളാണ്. ജപ്പാനില്‍ അങ്ങോളമിങ്ങോളം ചെറുമലനിരകളും സമൃദ്ധമായുണ്ട്. ഈ മലകളും മലഞ്ചരിവുകളും വാര്‍ത്താവിനിമയത്തിനു തടസ്സമാകാറുണ്ട്. ഇക്കാരണത്താല്‍ ജാപ്പനീസ് റെയില്‍വേയില്‍ തുരങ്കങ്ങള്‍ ധാരാളമായി കാണാം. 1970 മീറ്ററിലധികം ഉയരമുള്ള അനേകം പര്‍വതശൃംഗങ്ങള്‍ ജപ്പാനിലുണ്ട്. 'ജപ്പാനിലെ ആല്‍പ്സ്' എന്നു വിശേഷിക്കപ്പെടാറുള്ള പല കൊടുമുടികളും മധ്യഹോണ്‍ഷൂവില്‍ ഉടനീളം കാണപ്പെടുന്നു. 2425-3182 മീ. വരെയാണ് ഇവയുടെ ഉയരം. ടോക്യോ നഗരത്തിനു തെ.പടിഞ്ഞാറായി കാണുന്ന ഫ്യൂജിയാമ അഗ്നിപര്‍വതമാണ് ഏറ്റവും ഉയരം കൂടിയ കൊടുമുടി. ഉയരം 3,755മീ.

ജപ്പാന്റെ പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ജപ്പാന്‍ കടല്‍ പസിഫിക് സമുദ്രത്തിന്റെ തന്നെ ഭാഗമാണ്. കിഴക്കുവശത്തായുള്ള ജപ്പാന്‍ ട്രെഞ്ചിന് 9,000 മീറ്ററിലധികം ആഴമുണ്ട്. 10,000 മീറ്ററിലേറെ ആഴമുള്ള കുറീല്‍, ഇസു എന്നീ ആഴക്കടല്‍ ട്രെഞ്ചുകളും ഇതിനടുത്തു തന്നെയാണ്.

നിരപ്പാര്‍ന്ന ജാപ്പനീസ് സമതലങ്ങള്‍ തീരപ്രദേശത്തിനടുത്തായി കാണുന്നു. ഇത് കരയുടെ അഞ്ചിലൊന്നോളം വരും. മലകളില്‍ നിന്നുദ്ഭവിക്കുന്ന നദികള്‍ കൊണ്ടുവരുന്ന എക്കല്‍ അടിഞ്ഞുണ്ടായവയാണ് മിക്ക സമതലങ്ങളും. ഇവയില്‍ ഭൂരിഭാഗവും ചെറുതും കുന്നുകളാല്‍ വേര്‍തിരിക്കപ്പെട്ടതുമാണ്. ഇക്കൂട്ടത്തില്‍ ഏറ്റവും വലുപ്പമേറിയ കാന്റോ സമതലം ഹോണ്‍ഷൂ ദ്വീപിന്റെ പസിഫിക് തീരത്തായി സ്ഥിതിചെയ്യുന്നു. ടോക്യോ നഗരം ഇവിടെയാണ്. കാന്റോ സമതലത്തിന്റെ വിസ്തീര്‍ണം: 13,000 ച.കി.മീ. ഒസാകാ സമതലം, ഹൊക്കൈഡോ സമതലങ്ങള്‍, വ.പടിഞ്ഞാറന്‍ ഫോണ്‍ഷൂവിലെ സമതലങ്ങള്‍, നാഗോയ സമതലം എന്നിവയും പ്രധാനം തന്നെ. ജപ്പാനിലെ കൃഷി, വ്യവസായം മുതലായവ കേന്ദ്രീകരിച്ചിരിക്കുന്നത് സമതലങ്ങളിലാണ്. ജനസാന്ദ്രതയും ഇവിടെ കൂടുതലാകുന്നു.

പസിഫിക് തീരത്തിനു ചുറ്റുമായി കാണുന്ന 'റിങ് ഒഫ് ഫയര്‍' എന്ന അഗ്നിപര്‍വത-ഭൂകമ്പജന്യപ്രദേശത്താണ് ജപ്പാന്‍ സ്ഥിതിചെയ്യുന്നത്. ആകെയുള്ള 192 അഗ്നിപര്‍വതങ്ങളില്‍ 50 എണ്ണവും ഇടയ്ക്കിടെ പൊട്ടിത്തെറിക്കുന്നവയാണ്. ജപ്പാനില്‍ ഭൂകമ്പങ്ങള്‍ സാധാരണമാണെങ്കിലും വന്‍തോതില്‍ അനുഭവപ്പെടാറില്ല.

2,700 കി.മീ. നീളമുള്ള ക്രമരഹിതമായ ഒരു തീരപ്രദേശമാണ് ജപ്പാനുള്ളത്. തീരത്തേക്കു കടന്നുകയറുന്ന ആഴമേറിയ സമുദ്രഭാഗങ്ങളും കരകളാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന ചെറുജലാശയങ്ങളുമെല്ലാം ഇവിടത്തെ തീരദേശവാണിജ്യത്തിനും തുറമുഖങ്ങളുടെ വികസനത്തിനും കാരണമായിരിക്കുന്നു. എന്നാല്‍ ആഴം കുറഞ്ഞ പ്രദേശങ്ങളില്‍ വന്‍കപ്പലുകള്‍ക്ക് അടുക്കാനാവാത്തതിനാല്‍, ആഴക്കടലിലേക്കു തള്ളിനില്ക്കുന്ന പര്‍വതഭാഗങ്ങളാല്‍ സംരക്ഷിതമായ സമുദ്രഭാഗങ്ങളില്‍ 'പുറം-തുറമുഖങ്ങള്‍' ജന്മമെടുത്തു. ഇന്നത്തെ ടോക്യോ, ഒസാകാ എന്നീ തുറമുഖങ്ങള്‍ ഇങ്ങനെ വികസിച്ചവയാണ്. ഈ ആധുനിക തുറമുഖങ്ങള്‍ക്കൊപ്പം പഴയ തുറമുഖങ്ങളും ആഴംകൂട്ടി വികസിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ ശ്രദ്ധ പതിപ്പിച്ചതിനാല്‍ പഴയതും പുതിയതുമായ തുറമുഖങ്ങള്‍ ഒരുപോലെ വാണിജ്യം കൈകാര്യം ചെയ്യുന്നു.

മലകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന സമതലങ്ങള്‍ ജപ്പാനില്‍ ധാരാളം ഉണ്ട്. എക്കല്‍ അടിഞ്ഞുണ്ടായ ഈ സമതലങ്ങള്‍ കരയുടെ 17 ശ.മാനത്തോളം വരും. കൂട്ടത്തില്‍ ഏറ്റവും വലുപ്പമേറിയ 'കോഫ്യൂ' തടം ഉള്‍പ്പെടെയുള്ള പല സമതലങ്ങളും അതിവിസ്തൃതവും ജനസാന്ദ്രവുമാണ്. ചില സമതലങ്ങളില്‍ തട്ടുതട്ടായാണ് ഭൂമിയുടെ കിടപ്പ്. പഴക്കമേറിയ എക്കല്‍നിക്ഷേപങ്ങള്‍ പുതിയതില്‍ നിന്നു വ്യതിരിക്തമായി നിന്ന് തട്ടുകള്‍ക്കു ജന്മമേകുന്നു.

കാലാവസ്ഥ

മണ്‍സൂണ്‍ കാലാവസ്ഥയനുഭവപ്പെടുന്ന തെ. കിഴക്കന്‍ ഏഷ്യയ്ക്ക് വ.കി. മാറിയാണ് ജപ്പാന്‍ ദ്വീപുകള്‍ സ്ഥിതിചെയ്യുന്നത്. മിതോഷ്ണപ്രദേശങ്ങളാണ് ഇവയില്‍ മിക്കതും. ഇവിടെ വേനല്‍ക്കാലം മിതോഷ്ണവും ഈര്‍പ്പം നിറഞ്ഞതുമാകുന്നു; മഞ്ഞുകാലം തണുപ്പുകുറഞ്ഞതും. എന്നാല്‍ ഹൊക്കൈഡോ, ഹോണ്‍ഷൂവിന്റെ വ. ഭാഗങ്ങള്‍ എന്നിവയുള്‍പ്പെട്ട ചില പ്രദേശങ്ങളില്‍ സ്ഥിതി വ്യത്യസ്തമാണ്. അക്ഷാംശ വ്യതിയാനങ്ങള്‍ക്കനുസൃതമായുണ്ടാകുന്ന കാലാവസ്ഥാവ്യത്യാസമാണ് ഇതിനു കാരണം. വ. 15o മുതല്‍ 45o വരെയുള്ള അക്ഷാംശങ്ങള്‍ക്കിടയിലാണ് ജപ്പാന്‍ ദ്വീപിന്റെ സ്ഥാനം. ഇക്കാരണത്താല്‍ തെ.പടിഞ്ഞാറന്‍ ജപ്പാനില്‍ നീണ്ടതും ചൂടുള്ളതുമായ വേനല്‍ക്കാലവും ഹ്രസ്വമായ മഞ്ഞുകാലവും അനുഭവപ്പെടുന്നു. എന്നാല്‍ ജപ്പാന്റെ വ.ഭാഗത്ത് ചൂടേറിയ വേനല്‍ക്കാലവും ദീര്‍ഘവും ശൈത്യമേറിയതുമായ മഞ്ഞുകാലവുമാണുള്ളത്. ആഗസ്റ്റ് ആണ് ചൂടേറിയ മാസം; ജനുവരി തണുപ്പുകൂടിയ മാസവും. മധ്യഭാഗങ്ങളില്‍, പ്രത്യേകിച്ച് തീരപ്രദേശത്ത് താപനിലയില്‍ ഗണ്യമായ വ്യത്യാസം കാണുന്നു. സെപ്തംബറില്‍ കൊടുങ്കാറ്റുകള്‍ സാധാരണമാണ്. വസന്ത-ശരത്കാലങ്ങളില്‍ ഇവിടെ സുഖകരമായ കാലാവസ്ഥയനുഭവപ്പെടുന്നു. തെക്കന്‍ പ്രദേശങ്ങളില്‍ മിതോഷ്ണകാലാവസ്ഥയനുഭവപ്പെടുമ്പോള്‍ വടക്കന്‍ പ്രദേശങ്ങളില്‍ വന്‍കരകാലാവസ്ഥയാണ്. അന്തരീക്ഷത്തിലെ ഉയര്‍ന്ന പാളികളിലുണ്ടാകുന്ന വായൂപ്രവാഹകേന്ദ്രീകരണമാണ് ഇതിനു കാരണം. പ., തെ.പ. എന്നിവിടങ്ങളില്‍ നിന്നുവരുന്ന പടിഞ്ഞാറന്‍ കാറ്റുകളും, ഉഷ്ണമേഖലയിലെ തെക്കുപടിഞ്ഞാറന്‍ കാറ്റുകളും, തെ. കിഴക്കുനിന്നു വീശുന്ന ഉഷ്ണമേഖലാ കിഴക്കന്‍ കാറ്റുകളുമാണ് ഇവിടെ സമ്മേളിക്കുന്നത്. ഇത് ജപ്പാനില്‍ അടിക്കടി മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയ്ക്ക് കാരണമാകുന്നു.

മത്സ്യബന്ധനം ഒരു ദൃശ്യം

ശൈത്യകാലത്ത് ഏഷ്യയില്‍ നിന്നു വരുന്ന വ.പടിഞ്ഞാറന്‍ ശീതക്കാറ്റുകളും വേനല്‍ക്കാലത്ത് പസിഫിക് സമുദ്രത്തില്‍ നിന്നു വീശുന്ന തെ.കിഴക്കന്‍ കാറ്റുകളും ജപ്പാനിലെ കാലാവസ്ഥയെ നിയന്ത്രിക്കുന്നതുകാരണം ഇതിനെ പലപ്പോഴും മണ്‍സൂണ്‍ കാലാവസ്ഥയെന്നു വിശേഷിപ്പിക്കാറുണ്ട്. വടക്കന്‍ ദിശയിലൊഴുകുന്ന 'കുറോഷിയോ ഉഷ്ണജലപ്രവാഹം' വടക്കേ ഹോണ്‍ഷൂ വരെയുള്ള തെക്കും കിഴക്കും തീരങ്ങള്‍ക്കടുത്തുകൂടെ പോകുന്നതിനാല്‍ ഇവിടത്തെ ശൈത്യം ലഘൂകരിക്കപ്പെടുന്നു. ബ്ലാക്ക് കറന്റ്, ജപ്പാന്‍ പ്രവാഹം എന്നീ പേരുകളിലും ഇതറിയപ്പെടുന്നുണ്ട്. തെക്കന്‍ ദിശയിലൊഴുകുന്ന ഒയാഷിയോ ശീതജലപ്രവാഹമാണ് വടക്കേ ഹോണ്‍ഷൂവിലെയും ഹോക്കൈഡോവിലെയും കാലാവസ്ഥയെ നിയന്ത്രിക്കുന്നത്. വേനല്‍ക്കാലത്ത് ശൈത്യവും മഞ്ഞും മൂടല്‍മഞ്ഞും ഉണ്ടാക്കുന്ന ഈ പ്രവാഹം ഓകോട്സ്ക് പ്രവാഹം എന്ന പേരിലും അറിയപ്പെടുന്നു. ജപ്പാന്‍ തീരങ്ങളിലുള്ള ഉഷ്ണ-ശീതജലപ്രവാഹങ്ങള്‍ സമുദ്രജലജീവിതത്തെ സമ്പന്നമാക്കുന്നുണ്ട്.

വന്‍കരകളുടെ സാമിപ്യം ജപ്പാനിലെ കാലാവസ്ഥയെ നിയന്ത്രിക്കുന്ന മറ്റൊരു സുപ്രധാന ഘടകമാണ്. വന്‍കരകളില്‍ നിന്നു പുറത്തേക്കോ പുറത്തുനിന്ന് വന്‍കരകളിലേക്കോ പോകുന്ന വായുപിണ്ഡങ്ങള്‍ ജപ്പാനിലൂടെ കടന്നുപോകുമ്പോള്‍ അവ കാലാവസ്ഥയെ ബാധിക്കുന്നു.

മുത്തുച്ചിപ്പി വാരുന്ന തൊഴിലാളി

ദ്വീപസമൂഹത്തിന്റെ രൂപഘടനയ്ക്കും കാലാവസ്ഥയില്‍ വ്യക്തമായ പങ്കുണ്ട്. പര്‍വതങ്ങളുടെ മഴനിഴല്‍പ്രദേശങ്ങളില്‍ വരണ്ട കാലാവസ്ഥയനുഭവപ്പെടുമ്പോള്‍ മലയോരങ്ങളില്‍ മഞ്ഞുവീഴ്ചയും മൂടല്‍മഞ്ഞും പതിവാണ്.

പൊതുവേ ജൂണ്‍-ജൂലായ് മാസങ്ങളാണ് ജപ്പാനിലെ മഴക്കാലം. ജൂണ്‍ മധ്യം മുതല്‍ ജൂലായ് മധ്യംവരെ കിട്ടുന്ന മഴ പ്ലം മഴ എന്നറിയപ്പെടുന്നു. ജാപ്പനീസ് ഭാഷയില്‍ ബായ്-യു എന്നു വിളിക്കുന്ന ഈ മഴ വേനല്‍ക്കാലാരംഭത്തിലാണ് ലഭിക്കുന്നത്. വേനല്‍ക്കാലത്തിന്റെ അവസാനഘട്ടത്തില്‍ കൊടുങ്കാറ്റുകള്‍ കൊണ്ടുവരുന്ന കനത്തമഴയും ഇവിടെ ലഭ്യമാണ്. ശരാശരി വാര്‍ഷികവര്‍ഷപാതം 90 മുതല്‍ 225 സെ.മീ. വരെയാണ്. വ.പടിഞ്ഞാറന്‍ തീരത്ത് സമൃദ്ധമായ മഞ്ഞുമഴ ലഭിക്കുന്നു. ജപ്പാന്‍ കടലില്‍നിന്നു വീശുന്ന മഞ്ഞുകാലത്തെ മണ്‍സൂണ്‍ കാറ്റുകള്‍ക്കു തൊട്ടു മുമ്പാണിത്.

മഞ്ഞുകാലത്ത് ജപ്പാനു ചുറ്റുമുള്ള ആഴമേറിയ സമുദ്രം വന്‍കരകളെക്കാള്‍ ചൂട് കൂടുതലുള്ളതാണ്. വന്‍കരകളില്‍ നിന്നു വരുന്ന ശീതവായുപ്രവാഹങ്ങള്‍ സമുദ്രം കടക്കുന്നതോടെ ഈര്‍പ്പം ആഗിരണം ചെയ്ത് മലയോരങ്ങളില്‍ മഴയും മഞ്ഞും പെയ്യിക്കുന്നു. ഫിലിപ്പീന്‍സിനു കിഴക്കായി പടിഞ്ഞാറേ പസിഫിക് സമുദ്രത്തില്‍ രൂപം കൊള്ളുന്ന ചുഴലിക്കൊടുങ്കാറ്റുകളുടെ പാതയിലാണ് ജപ്പാന്റെ സ്ഥാനം. ഇവ ജപ്പാന് നാശത്തോടൊപ്പം സമൃദ്ധമായ മഴയും നല്കുന്നു.

ജലസമ്പത്ത്

ജപ്പാനിലെ നദികളുടെ സ്വഭാവം ഇവിടത്തെ ഭൂമിയുടെ ഘടനയെയും പൊക്കം കൂടിയ പ്രദേശങ്ങളില്‍ ലഭിക്കുന്ന മഴയുടെ തോതിനെയും ആശ്രയിച്ചിരിക്കുന്നു. ചെറുതെങ്കിലും വേഗതയേറിയവയാണ് ഇവിടത്തെ നദികള്‍. ഏറ്റവും വലിയ നദിയായ ഷിനാനോയുടെ നീളം 368 കി.മീ. മാത്രമാണ്. മിക്കവാറും എല്ലാ നദികളും വൈദ്യുതോത്പാദനത്തിനും സമതലങ്ങളിലുള്ള വയലുകളിലെ ജലസേചനത്തിനും സഹായകമാകുന്നു. നദികള്‍ കൂടുതലും മലനിരകളില്‍ നിന്നുദ്ഭവിച്ച് കുന്നുകള്‍ക്കിടയിലുള്ള താഴ്വാരങ്ങളിലൂടെ ഒഴുകി ചെറുകുന്നുകളെ ഖണ്ഡിച്ച് ലംബമായി സമുദ്രത്തിലെത്തിച്ചേരുന്നു. ചെറുനദികളുടെ നീര്‍വാര്‍ച്ചാപ്രദേശം ചെറുതാണെങ്കിലും മഴയുടെ ലഭ്യതയനുസരിച്ച് ഇവയിലെ ജലത്തിന്റെ തോതില്‍ ഗണ്യമായ വ്യത്യാസം കാണുന്നു. ജപ്പാന്‍ തീരത്തോടടുത്തു കാണുന്നയിടങ്ങളിലൊഴികെ നദികള്‍ വേനല്‍ക്കാലത്താണ് പ്രൌഢാവസ്ഥയിലെത്തുന്നത്. ഇടയ്ക്കിടെയുണ്ടാകുന്ന ചുഴലിക്കൊടുങ്കാറ്റുകള്‍ക്കൊപ്പം പെയ്യുന്ന പേമാരിയില്‍ ഇവ കരകവിഞ്ഞ് നാശനഷ്ടങ്ങള്‍ വിതയ്ക്കുക പതിവാണ്.

കപ്പല്‍ നിര്‍മാണശാല

അപൂര്‍വം നദികളുടെ അഴിമുഖങ്ങളൊഴികെ മറ്റൊന്നിനും ഗതാഗതപ്രാധാന്യമില്ല. നദികളുടെ വലുപ്പക്കുറവും വേഗതക്കുറവുമാണ് ഇതിനു കാരണം. എന്നാല്‍ എക്കല്‍ത്തടങ്ങളിലെ നദികളുടെ കൈവഴികളും തോടുകളും ചിലപ്രദേശങ്ങളില്‍ പ്രാദേശിക ഗതാഗതത്തിനുപയോഗപ്പെടുന്നുണ്ട്. ശതകങ്ങളോളം ഒസാകാ സമതലത്തിലും നഗരത്തിലും നദിയും തോടുമുള്‍പ്പെട്ട ജലഗതാഗതത്തിനായിരുന്നു മുന്‍തൂക്കം. അടുത്തകാലത്താണ് മറ്റു ഗതാഗത മാര്‍ഗങ്ങള്‍ ഇവിടെ പ്രാവര്‍ത്തികമായത്.

ജപ്പാനിലെ നദികള്‍ ജലസേചനത്തിനും വൈദ്യുതിയുത്പാദനത്തിനും വിപുലമായ തോതില്‍ ഉപയോഗിക്കപ്പെടുന്നു. ചെറുനദികളില്‍ നിന്നുള്ള വൈദ്യുതിയുത്പാദനമാണ് ഒരു പരിധിവരെ ആധുനിക ജപ്പാന്റെ വികസനത്തിനു കാരണമായിരിക്കുന്നത്. നദികളിലെ ജലവിതാനത്തില്‍ വരുന്ന വ്യത്യാസമനുസരിച്ച് വൈദ്യുതോത്പാദനവും വ്യത്യസ്തമാകുന്നു. വൈദ്യുതിയുടെ പ്രധാന സ്രോതസ് അണുശക്തി വൈദ്യുതി നിലയങ്ങളാണ്. 1995-ല്‍ 9,89,966 ദശലക്ഷം കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിച്ചു. 19 അണുവൈദ്യുതി നിലയങ്ങളിലായി 50 അണുശക്തി റിയാക്ടറുകള്‍ പ്രവര്‍ത്തിക്കുന്നു. ഇതില്‍ നിന്നാണ് 29.4 ശ.മാ. വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. ആറു പുതിയ പ്ലാന്റുകള്‍ നിര്‍മാണദശയിലാണ്. 1995-ല്‍, 8,61,000 കി.ലി. അസംസ്കൃത പെട്രോളിയവും 2,209 ദശലക്ഷം ഘ.മീ. പ്രകൃതിവാതകവും ഉത്പാദിപ്പിച്ചു. 1995-ല്‍ 266.9 ദശലക്ഷം കി.ലി. അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്യേണ്ടിവന്നു.

ജപ്പാനിലെ തടാകങ്ങള്‍ വലുപ്പം കുറഞ്ഞവയാണ്. ഹോണ്‍ഷൂദ്വീപിലെ 165 ച.കി.മീ. വിസ്തീര്‍ണമുള്ള 'ബീവാ' തടാകമാണ് വലുപ്പത്തില്‍ ഏറ്റവും മുന്നില്‍. ഭൂഗര്‍ഭ അഗ്നിപര്‍വതങ്ങളുമായി ബന്ധപ്പെട്ട ധാരാളം 'ചൂടു നീരുറവകള്‍' ജപ്പാനിലങ്ങോളമിങ്ങോളമുണ്ട്.

25,600 കി.മീറ്ററോളം നീളമുള്ളതാണ് ജപ്പാന്റെ തീരപ്രദേശം. പാറക്കെട്ടുകള്‍, ചെറിയ ഉള്‍ക്കടലുകള്‍, ചെറുജലാശയങ്ങള്‍ എന്നിവ തീരപ്രദേശത്ത് ധാരാളമുണ്ട്. ഹോണ്‍ഷൂ, ഷികോകൂ, ക്യുഷു എന്നീ ദ്വീപുകള്‍ക്കിടയിലായി കരയിലേക്കു കയറിക്കിടക്കുന്ന സമുദ്രഭാഗങ്ങള്‍ അതിമനോഹരമാണ്. നിശ്ചലമായി കിടക്കുന്ന ഈ പസിഫിക് സമുദ്രഭാഗം ചെറുദ്വീപുകളാല്‍ സമൃദ്ധവുമാണ്.

ഉപരിതല ജലം ധാരാളമുണ്ടെങ്കിലും ജപ്പാനില്‍ പലപ്പോഴും ജലക്ഷാമം ഉണ്ടാകാറുണ്ട്. നഗരങ്ങളിലും വ്യവസായങ്ങള്‍ ധാരാളമുള്ള പ്രദേശങ്ങളിലുമാണ് സാധാരണ ഇതു സംഭവിക്കുന്നത്. ഇക്കാരണത്താല്‍ ആവശ്യത്തിന്റെ 40 ശ.മാനത്തിനും ഭൂഗര്‍ഭജലത്തെ ആശ്രയിക്കേണ്ടി വരുന്നു. ജപ്പാന്റെ ആധുനികവത്കരണവും വര്‍ധിച്ച ജലസേചനോപാധികളുമാണ് കടുത്ത ജലദൌര്‍ലഭ്യത്തിനു കാരണം. ഭൂഗര്‍ഭജലത്തിന്റെ അമിതോപയോഗം ഭൂഗര്‍ഭജലഭൃതങ്ങളുടെ വരള്‍ച്ചയില്‍ എത്തിനില്ക്കുകയാണ്.

ആധുനിക ജപ്പാന്‍ അഭിമുഖീകരിക്കുന്ന മറ്റൊരു പ്രധാന സമ്പദ്-പരിസ്ഥിതി പ്രശ്നം മാലിന്യനിര്‍മാര്‍ജനമാണ്. വ്യാവസായികാവശ്യങ്ങള്‍ക്കായി പല സ്ഥലങ്ങളിലും കടല്‍ നികത്തിയെടുത്തിരിക്കുന്നതിനാല്‍ മാലിന്യനിര്‍മാര്‍ജനം പ്രയാസമാകുന്നു. പുരോഗതിയിലേക്കു കുതിച്ചുകൊണ്ടിരിക്കുന്ന ആധുനിക ജപ്പാനില്‍ പരിസ്ഥിതി പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാതെ കിടക്കുകയാണ്; പരിഹാരച്ചെലവ് അനുദിനം ഏറിവരുന്നതും ഒരു തടസ്സം തന്നെ.

വനങ്ങളും ജീവജാലങ്ങളും

ജാപ്പനീസ് മലനിരകളില്‍ ഫലഭൂയിഷ്ഠമായ മണ്ണും പലതരം സസ്യജാലങ്ങളും ഉണ്ട്. ജപ്പാന്റെ 60 ശ.മാ.-വും വനാവൃതമാണ്; 10 ശ.മാ.-ത്തോളം തരിശുഭൂമിയും. കുത്തനെയുള്ള ചരിവുകള്‍, അമിതമായ മരംവെട്ടുമൂലം മണ്ണൊലിപ്പുണ്ടായ ഇടങ്ങള്‍, ലാവ അടിഞ്ഞപ്രദേശങ്ങള്‍ എന്നിവ ഇപ്രകാരം ഉപയോഗശൂന്യമായിരിക്കുന്നു.

ജപ്പാനില്‍ ആദ്യകാലത്തുണ്ടായിരുന്ന കാടുകള്‍ അക്ഷാംശീയസ്ഥാനത്തിനും ഭൂപ്രദേശങ്ങളുടെ ഉയരത്തിനും അനുസൃതമായിരുന്നു. ജപ്പാന്റെ വടക്കേയറ്റത്തുള്ള ഭൂപ്രദേശങ്ങളിലും ഉയരം കൂടിയ മലനിരകളിലും സ്തൂപികാഗ്രിതവനങ്ങളാണ് പ്രധാനമായി കണ്ടിരുന്നത്. ഫര്‍, സ്പ്രൂസ്, പൈന്‍, സീഡര്‍ എന്നിവയാണ് പ്രധാന ഇനങ്ങള്‍. ഹൊക്കൈഡോ ദ്വീപിന്റെ വടക്കന്‍ ഭാഗങ്ങളിലും ഇത്തരം വനങ്ങള്‍ക്കായിരുന്നു പ്രാമുഖ്യം. വീതികൂടിയ ഇലകളുള്ള ഇലപൊഴിയും വൃക്ഷങ്ങള്‍ സമൃദ്ധമായുള്ള വനങ്ങളാണ് തെക്കന്‍ ജപ്പാനില്‍ പ്രധാനമായുണ്ടായിരുന്നത്. മിതോഷ്ണമേഖലാവനങ്ങളില്‍ കര്‍പ്പൂരം, നെന്മേനിവാക തുടങ്ങിയവയായിരുന്നു പ്രധാന മരങ്ങള്‍. വടക്കന്‍ ജപ്പാനിലെ മറ്റു പ്രദേശങ്ങളിലും മധ്യജപ്പാനിലും (വടക്കന്‍ ഹോണ്‍ഷൂ വരെ) ഇടകലര്‍ന്നുള്ള മിതോഷ്ണവനങ്ങളാണ് കണ്ടിരുന്നത്. ഓക്ക്, മേപ്പിള്‍, എം, ബീച്ച്. ബെര്‍ച്ച്, പോപ്ലാര്‍ എന്നിവയായിരുന്നു പ്രധാന വൃക്ഷങ്ങള്‍. എന്നാല്‍ ശതകങ്ങളായുള്ള ഉപയോഗം മൂലം ഇന്ന് ഈ സ്ഥിതി അപ്പാടെ മാറിയിരിക്കുന്നു. ഇലപൊഴിയും കാടുകള്‍ തെ. പടിഞ്ഞാറന്‍ പ്രദേശങ്ങളിലും സ്തൂപികാഗ്രിത വനങ്ങള്‍ രാജ്യത്തുടനീളവും ഇപ്പോള്‍ കാണാം.

ഇവിടെ മുമ്പുണ്ടായിരുന്ന മിക്കവാറും നിബിഡവനങ്ങളെല്ലാം ഇന്ന് വെട്ടിത്തെളിച്ചിരിക്കുന്നു. അവയുടെ സ്ഥാനത്ത് പുതുതായി നട്ടുപിടിപ്പിച്ച സ്തൂപികാഗ്രിത വൃക്ഷങ്ങളോ വിറകിനായി ഉപയോഗിക്കുന്ന താഴ്ന്ന തരം മരങ്ങളോ ആണുള്ളത്. മൊത്തം കാടിന്റെ ഏതാണ്ട് 36 ശ.-മാനവും ഇങ്ങനെയുള്ളതാണ്. കൃത്രിമ സ്തൂപികാഗ്രിത വനങ്ങള്‍ 25 ശ.മാനവും തടിപ്പണിക്കാവശ്യമായ വൃക്ഷങ്ങളുള്ള കാടുകള്‍ 27 ശ.മാനവും വരും. ഇങ്ങനെയുള്ള കാടുകളില്‍ പകുതിയോളവും സ്തൂപികാഗ്രിത വൃക്ഷങ്ങളാണ്. താഴ്ന്ന അക്ഷാംശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വരെ സ്തൂപികാഗ്രിത മരങ്ങള്‍ കാണുന്നുണ്ടെങ്കിലും പള്‍പ്പ് നിര്‍മാണത്തിനാവശ്യമായ മരങ്ങള്‍ കൂടുതലും ജപ്പാന്റെ തെക്കന്‍ പ്രദേശങ്ങളില്‍ നിന്നുമാണു ലഭിക്കുന്നത്. തെക്കന്‍ പ്രദേശങ്ങളിലെ കാലാവസ്ഥയും ഉത്പന്നങ്ങളുടെ വ്യാപാരസാധ്യതകളുമാണ് ഇതിനു കാരണം.

ജപ്പാനില്‍ നൈസര്‍ഗികവനങ്ങള്‍ ധാരാളമുണ്ടെങ്കിലും ഇവ രാജ്യത്തിന്റെ തടി-പള്‍പ്പ് നിര്‍മാണാവശ്യങ്ങള്‍ക്ക് മതിയാവുന്നില്ല. ഇക്കാരണത്താല്‍ തടി ഇറക്കുമതി ചെയ്യേണ്ടതായി വരുന്നു. തടിയുടെയും തടിയുത്പന്നങ്ങളുടെയും ഉത്പാദനത്തിലും ഇറക്കുമതിയിലും മുമ്പന്തിയില്‍ നില്ക്കുന്ന രാജ്യങ്ങളിലൊന്നാണ് ജപ്പാന്‍. 1994-ല്‍ 3,13,49,000 ഘ.മീ. തടി മുറിക്കുകയുണ്ടായി. ഇവിടത്തെ തടിയുടെ ഉപഭോഗവും വൃക്ഷങ്ങളുടെ നൈസര്‍ഗിക വളര്‍ച്ചയും ആനുപാതികമല്ലാത്തതിനാല്‍ തടിയുടെ ഗുണം കുറയുന്നു. ആവശ്യത്തിലധികം തടി മുറിച്ചു മാറ്റുന്നതിനാല്‍ മണ്ണൊലിപ്പും ഒരു പ്രധാന പരിസ്ഥിതിപ്രശ്നമാകുന്നുണ്ട്. ഇത്തരം പരിസ്ഥിതി പ്രശ്നങ്ങളുടെ പരിഹാരാര്‍ഥം ജപ്പാനിലെ 14 ശ.മാ. വനങ്ങള്‍ സംരക്ഷിച്ചിരിക്കുകയാണ്. ജപ്പാനില്‍ തടിക്ഷാമം ഇത്ര സങ്കീര്‍ണമാവുന്നതിനുള്ള മറ്റൊരു പ്രധാന കാരണം ഇന്നും ജപ്പാന്‍ ജനത ഇന്ധനത്തിനായി കൂടുതലും തടി, കല്‍ക്കരി എന്നിവയെ ആശ്രയിക്കുന്നു എന്നതാണ്. പട്ടണങ്ങളില്‍ മാത്രമേ പാചകഗ്യാസും വൈദ്യുതിയും പ്രധാന ഗാര്‍ഹിക ഇന്ധനമായി ഉപയോഗിക്കപ്പെടുന്നുള്ളു.

വനങ്ങള്‍ക്കു പുറമേ, തിങ്ങിയ മുളങ്കാടുകളും പലതരത്തിലുള്ള മരങ്ങളും ജപ്പാനില്‍ കാണുന്നു. പനകള്‍, തഴകള്‍ എന്നിവയുള്‍പ്പെട്ട ഉഷ്ണമേഖലാ സസ്യങ്ങള്‍ ക്യുഷുവിന്റെ തെക്കെയറ്റത്താണു വളരുന്നത്. ജപ്പാനില്‍ ധാരാളമായുള്ള പൂച്ചെടികളില്‍ പ്രധാനം പൂക്കളുള്ള ചെറുമരങ്ങളും ദേശീയപുഷ്പമായ 'ബ്ലോസ'വും ആണ്.

ഇവിടത്തെ പ്രകൃതി ധാരാളം ജീവജാലങ്ങളെയും പരിപോഷിപ്പിക്കുന്നു. 140-ലേറെ തരം സസ്തനികള്‍ ഇവിടെയുണ്ട്. കരടി, കാട്ടുപോത്ത്, ആന്റലോപ്, മാന്‍, കുറുക്കന്‍, അണ്ണാന്‍, ബാജര്‍, ഓട്ടര്‍, മുയല്‍ എന്നിവ ഇക്കൂട്ടത്തിലെ പ്രധാന മൃഗങ്ങളാണ്. ചെറിയ വാലും കവിളില്‍ സഞ്ചികളുമുള്ള മകാക് എന്നയിനം കുരങ്ങ് ജപ്പാനില്‍ ധാരാളമായുണ്ട്. വാല്‍റസ്, സീല്‍, തിമിംഗലം എന്നിവയാണ് സമുദ്രജലസസ്തനികളില്‍ മുഖ്യം.

ജാപ്പനീസ് ദ്വീപുകളില്‍ 450 ഇനത്തിലേറെ പക്ഷികളുണ്ട്. ഇതില്‍ മൂന്നിലൊന്നോളം വിവിധയിനത്തില്‍പ്പെട്ട നീര്‍പ്പക്ഷികളും ബാക്കിയില്‍ കൂടുതലും പാട്ടുപാടുന്ന കിളികളുമാണ്. 30 ഇനത്തിലധികം പാമ്പുകളെയും ഇവിടെ കണ്ടെത്താം. വിഷമുള്ള രണ്ടിനം പാമ്പുകള്‍ പ്രധാന ദ്വീപുകളിലും നാലിനം ഓകിനാവയിലും കാണുന്നു.

സമ്പദ്ഘടന

രണ്ടാം ലോകയുദ്ധത്തില്‍ പൂര്‍ണമായി തകര്‍ന്നു തരിപ്പണമായ ജപ്പാന്‍, അവിടത്തെ ജനതയുടെ സ്ഥിരോത്സാഹവും കഠിനപ്രയത്നവും മൂലം അഭൂതപൂര്‍വമായ ഒരു ഉയര്‍ത്തെഴുനേല്പിനു വിധേയമായി. ഇന്ന് ലോകരാഷ്ട്രങ്ങളുടെ മുന്‍നിരയിലാണ് ജപ്പാന്റെ സ്ഥാനം. 20-ാം ശ.-ല്‍ ലോകം കണ്ടതില്‍ ഏറ്റവും വര്‍ധിച്ച സാമ്പത്തിക പുരോഗതി ജപ്പാന്റേതാണ്. ഇന്ന് ജപ്പാന്റെ മൊത്തദേശീയോത്പാദനം (ജി.എന്‍.പി) ജര്‍മനിയുടേതിനു തുല്യമാണ്.

ടൊയോട്ടോ ഫാക്ടറി

ലോകരാഷ്ട്രങ്ങളില്‍ യു.എസ്. കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വ്യാവസായിക പുരോഗതി കൈവരിച്ചിട്ടുള്ള രാഷ്ട്രം ജപ്പാനാണ്. ആയിരത്തിത്തൊള്ളായിരത്തി അറുപതുകളിലും എഴുപതുവരെയും ജപ്പാനില്‍ മൊത്ത ദേശീയോത്പാദനത്തിന്റെ വളര്‍ച്ചാ നിരക്ക് കൂടുതലായിരുന്നു. ഒരു വര്‍ഷത്തിന് 11 ശ.മാ എന്ന തോതില്‍. ഇത് യു.എസ്സിനെക്കാള്‍ കൂടുതലായിരുന്നു. എന്നാല്‍ യുദ്ധാനന്തരകെടുതികള്‍ ഏറ്റവും കൂടുതലായി അനുഭവപ്പെട്ടു തുടങ്ങിയത് എഴുപതുകളുടെ മധ്യത്തോടെയായിരുന്നു. യുദ്ധത്തിനുശേഷമുണ്ടായ തൊഴിലില്ലായ്മ, പണപ്പെരുപ്പം, പെട്രോള്‍ തുടങ്ങിയ ഇറക്കുമതിയുത്പന്നങ്ങളുടെ വിലക്കയറ്റം എന്നീ ഘടകങ്ങളാണ് ഈ സാമ്പത്തികത്തകര്‍ച്ചയ്ക്കു കാരണമായത്. 73-നുശേഷം ഇതു കൂടുതല്‍ രൂക്ഷമായി. ജപ്പാനോളം ഇറക്കുമതിയുത്പന്നങ്ങളെ ആശ്രയിച്ചിരുന്ന മറ്റൊരു വ്യാവസായിക രാഷ്ട്രവുമുണ്ടായിരുന്നില്ല.

വ്യാവസായികരംഗത്തെ സഹകരണാടിസ്ഥാനത്തിലുള്ള മാനേജ്മെന്റ്, വിദ്യാസമ്പന്നരും വിദഗ്ധരുമായ തൊഴിലാളികള്‍, സമ്പാദ്യ നിക്ഷേപങ്ങളുടെ അഭിവൃദ്ധി, വിദേശവാണിജ്യം എന്നിവയാണ് ആധുനിക ജപ്പാന്റെ അതിദ്രുതവികാസത്തിനു കാരണമായ മുഖ്യ ഘടകങ്ങള്‍. കൂട്ടായ നിയന്ത്രണത്തോടെ പ്രാവര്‍ത്തികമാക്കിയിരുന്ന ഇവയ്ക്ക് കാര്യമായ ചിട്ടയൊന്നുമുണ്ടായിരുന്നില്ലെങ്കിലും ഇവയുടെ പ്രഭാവം ശക്തമായിരുന്നു. എല്ലാം രംഗങ്ങളിലും ഒരുപോലെ ഇത് അനുഭവവേദ്യമായിരുന്നുതാനും.

ജപ്പാനിലെ ഒരു സ്റ്റീല്‍ ഫാക്ടറി

ജപ്പാനില്‍ വന്‍വ്യവസായങ്ങള്‍ കൂട്ടമായിട്ടാണ് കാണപ്പെടുന്നത്. സാമ്പത്തിക-വ്യാവസായിക-വാണിജ്യകേന്ദ്രങ്ങള്‍ ഇവിടെ പരസ്പരപൂരകങ്ങളായി വര്‍ത്തിക്കുന്നു. ജപ്പാന്റെ സമ്പദ്ഘടനയുടെ അടിസ്ഥാനഘടകങ്ങളാണിവ. ചെറുതും ഇടത്തരവുമായ വ്യവസായങ്ങള്‍ക്കും ഇവയോടൊപ്പം തന്നെ പ്രാധാന്യമുണ്ട്. ജാപ്പനീസ് വ്യവസായ വാണിജ്യമേഖലകളില്‍ സര്‍ക്കാരുടമയില്‍ വരുന്ന സ്ഥാപനങ്ങള്‍ വളരെ കുറവാണ്; ഗതാഗത-വാര്‍ത്താവിനിമയ മേഖലകളില്‍ സ്ഥിതി നേരേമറിച്ചും. ഗവണ്‍മെന്റുടമസ്ഥതയിലുള്ളവയാണധികവും. എഴുപതുകളുടെ ആദ്യംവരെ ജാപ്പനീസ് വ്യവസായങ്ങളില്‍ വിദേശനിക്ഷേപങ്ങള്‍ തീരെ കുറവായിരുന്നു. ഈ മേഖലകളിലേര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളായിരുന്നു ഈ കുറവിനു കാരണം. എഴുപതുകളിലും അതിനുശേഷവുമായി ഇവയില്‍ പലതിനും ഗവണ്‍മെന്റനുവദിച്ച ഇളവുകള്‍ ഈ നിലയ്ക്കു വ്യത്യാസം വരുത്തി.

ജപ്പാനിലെ വ്യാവസായികാഭിവൃദ്ധി മൂലമുണ്ടാകുന്ന സാമൂഹിക-പരിസ്ഥിതി പ്രശ്നങ്ങള്‍ ജാപ്പനീസ് ജനത നേരിടുന്ന ഏറ്റവും സങ്കീര്‍ണമായ പ്രശ്നമാണ്. അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുന്ന ജല-വായു മലിനീകരണത്തിന്റെ തോത് വളരെ ഉയര്‍ന്നതാണ്; പ്രത്യേകിച്ചും പട്ടണങ്ങളില്‍. പാര്‍പ്പിടം, ഭൂവിനിയോഗം, ഗതാഗതം ഇവയ്ക്കുള്ള സൗകര്യങ്ങളും പട്ടണങ്ങളില്‍ തീരെ അപര്യാപ്തമായിരിക്കുന്നു.

ജപ്പാന്റെ സമ്പദ്ഘടനയെ നിയന്ത്രിക്കുന്ന മുഖ്യ ഘടകമാണ് ഉത്പാദന മേഖല. ഏറ്റവും കൂടുതല്‍ തൊഴിലാളികളുള്ളതും ഈ മേഖലയില്‍ തന്നെ. പ്രധാന കയറ്റുമതി ഉത്പന്നങ്ങളെല്ലാം ഈ മേഖലയില്‍ നിന്നു ലഭിക്കുന്നു. അടിസ്ഥാന വസ്തുക്കളുടെ നിര്‍മാണത്തില്‍ ലോകരാഷ്ട്രങ്ങളുടെ മുമ്പന്തിയിലാണ് ജപ്പാന്‍. ലോകത്ത് ഏറ്റവു കൂടുതല്‍ കപ്പലുകള്‍ നിര്‍മിക്കുന്നത് ജപ്പാനിലാണ്. മോട്ടോര്‍ വാഹനങ്ങള്‍, കൃത്രിമനാരുകള്‍ എന്നിവയുടെ ഉത്പാദനത്തില്‍ രണ്ടാം സ്ഥാനവും സ്റ്റീല്‍, സിമന്റ് എന്നിവയുടെ ഉത്പാദനത്തില്‍ മൂന്നാം സ്ഥാനവും ജപ്പാനുണ്ട്. മൊത്തവ്യാവസായികോത്പാദനത്തില്‍ യു.എസ്സിനു തൊട്ടു പിന്നിലാണ് ജപ്പാന്റെ സ്ഥാനം.

ടെലിവിഷന്‍ ഫാക്ടറിയില്‍ പണിയെടുക്കുന്ന സ്ത്രീകള്‍

ജപ്പാനിലെ വ്യവസായമേഖല പ്രധാനമായും പസിഫിക് തീരത്തുള്ള തെക്കന്‍ ഹോണ്‍ഷൂവിലെ ടോക്യോ-യോകോഹാമ, ഒസാകാ-കോബി-ക്യോട്ടോ, നാഗോയ എന്നിവിടങ്ങളിലും വടക്കന്‍ ക്യുഷുവിലും കേന്ദ്രീകരിച്ചിരിക്കുന്നു. അനുദിനം വികസിക്കുന്ന വിസ്തൃതമായ ഒരു വ്യാവസായിക മേഖലയാണ് ടോക്യോ-യോകോഹാമ പ്രദേശത്തുള്ളത്. വ്യാവസായികോപകരണങ്ങള്‍, ഉപഭോക്തൃ-ഉത്പന്നങ്ങള്‍, ഇരുമ്പുരുക്ക്, കപ്പല്‍, രാസവസ്തുക്കള്‍, തുണി എന്നിവ ജപ്പാനിലെ പ്രധാന വ്യാവസായികോത്പന്നങ്ങളില്‍ പെടുന്നു. വ്യാവസായികോപകരണങ്ങള്‍ക്കും ഉപഭോക്തൃ-ഉത്പന്നങ്ങള്‍ക്കുമാണ് കൂടുതല്‍ പ്രാധാന്യം. ജപ്പാനിലെ ഉയര്‍ന്നുകൊണ്ടിരിക്കുന്ന സാമ്പത്തികാഭിവൃദ്ധിക്കും ഉയര്‍ന്ന ജീവിതനിലവാരത്തിനും കയറ്റുമതിനിരക്കിനും ഇവയുടെ ഉത്പാദനം ഒരു പരിധിവരെ കാരണമായിരിക്കുന്നു. ഘനവൈദ്യുതതോപകരണങ്ങള്‍, മെഷീന്‍ ടൂളുകള്‍ എന്നിവയാണ് വ്യാവസായികോപകരണങ്ങളില്‍ പ്രധാനമായവ. പ്രധാന ഉപഭോക്തൃ ഉത്പന്നങ്ങള്‍ മോട്ടോര്‍ സൈക്കിള്‍, മോട്ടോര്‍ വാഹനം, സൈക്കിള്‍, ടെലിവിഷന്‍ സെറ്റ്, റേഡിയോ, ഫോട്ടോഗ്രാഫിക് ഉപകരണങ്ങള്‍, വാച്ച് എന്നിവയാണ്.

ജപ്പാനിലെ ഇരുമ്പുരുക്കു വ്യവസായത്തിനാവശ്യമായ അയിരും കല്‍ക്കരിയും ഇറക്കുമതി ചെയ്യുകയാണെങ്കിലും ആധുനികവും സാങ്കേതികമേന്മ ഏറിയതുമായ ജാപ്പനീസ് വ്യവസായങ്ങള്‍ രാജ്യത്തിനാവശ്യമായ ഇരുമ്പും ഉരുക്കും ഉത്പാദിപ്പിച്ചെടുക്കുന്നതിനു പുറമേ, മറ്റ് ധാരാളം ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നുമുണ്ട്. ഇരുമ്പല്ലാത്ത മറ്റനേകം ലോഹങ്ങളും ഇവിടെ ഉരുക്കി ശുദ്ധീകരിച്ചെടുക്കുന്നു.

ലോകത്തിലെ എല്ലാ തുറമുഖങ്ങളിലെയും കൂടി മൊത്തം ഇറക്കുമതിയുടെ പകുതിയോളം ജാപ്പനീസ് തുറമുഖങ്ങളിലൂടെ നിര്‍വഹിക്കപ്പെടുന്നു. ഇവിടത്തെ നാവികസമ്പത്തില്‍ ഏറിയ പങ്കും വലിയ ചരക്കുകപ്പലുകളാണ്. ഇവ വിദേശാവശ്യങ്ങള്‍ക്കായുപയോഗിക്കുന്നു. പെട്രോളിയം 'സൂപ്പര്‍ ടാങ്കറു'കളും ഇതില്‍പ്പെടുന്നു. ചെലവുകുറഞ്ഞ നിര്‍മാണ മാര്‍ഗങ്ങളും അത്യന്താധുനിക സാങ്കേതികവിദ്യകളുടെ ആവിര്‍ഭാവവുമാണ് ജപ്പാനിലെ കപ്പല്‍നിര്‍മാണപുരോഗതിക്കു പ്രധാനകാരണം.

അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുന്ന മറ്റൊരു മേഖലയാണ് രാസവസ്തു വ്യവസായം. ആസിഡ്, ആല്‍ക്കലി, വളം പെട്രോ-കെമിക്കല്‍ എന്നിവയുടെ നിര്‍മാണത്തിനാണ് ഈ മേഖലയില്‍ പ്രാമുഖ്യം. രണ്ടാം ലോകയുദ്ധത്തിനുമുമ്പുള്ള വര്‍ഷങ്ങളില്‍ വസ്ത്രനിര്‍മാണ വ്യവസായം ഇവിടെ ഏറെ പുരോഗതി പ്രാപിച്ചിരുന്നെങ്കിലും പരുത്തി വ്യവസായത്തിന് ഈ മേഖലയിലുണ്ടായിരുന്ന സ്ഥാനം ഇന്ന് കൃത്രിമനാരുകള്‍ കൈയടക്കിയിരിക്കുകയാണ്. കമ്പിളി, പട്ട് എന്നിവയുടെ നിര്‍മാണത്തിനും ജപ്പാനില്‍ പ്രാധാന്യമുണ്ട്.

ഭക്ഷ്യസംസ്കരണം, വസ്ത്രനിര്‍മാണം, കടലാസും കടലാസുത്പന്നങ്ങളും, കളിമണ്‍ പാത്രങ്ങള്‍, മണ്‍പാത്രങ്ങള്‍, കണ്ണാടി എന്നിവ ഇവിടത്തെ മറ്റു വ്യവസായങ്ങളില്‍ പെടുന്നു. വിവിധയിനം തുണികള്‍, ചിത്രപ്പണികള്‍ ചെയ്ത കളിമണ്‍പാത്രങ്ങള്‍ എന്നിവയുള്‍പ്പെടെ ധാരാളം കരകൗശലവസ്തുക്കളും ഇവിടെ ഉത്പാദിപ്പിക്കുന്നുണ്ട്.

ആകെ ഭൂവിസ്തൃതിയുടെ 16 ശ.മാ.-ത്തോളം മാത്രമേ കൃഷിഭൂമിയായുള്ളു. ബാക്കി പര്‍വതപ്രദേശങ്ങളാണ്. ചിലയിടങ്ങളില്‍ തട്ടുതട്ടായി തിരിച്ച മലഞ്ചരിവുകള്‍ കൃഷിക്കുപയോഗിക്കുന്നു. എന്നാല്‍ രാജ്യത്തിനാവശ്യമായതിന്റെ മുക്കാല്‍ ഭാഗത്തോളം ധാന്യങ്ങള്‍ ഉത്പാദിപ്പിക്കാന്‍ ജപ്പാന് കഴിയുന്നുണ്ട്.

കടുംകൃഷി സമ്പ്രദായങ്ങളാണ് ജപ്പാനില്‍ സ്വീകരിച്ചിട്ടുള്ളത്. പ്രയത്നശീലരായ ജനങ്ങള്‍ ഇടതടവില്ലാതെ കൃഷി ചെയ്യുന്നതിനാല്‍ പരമാവധി ഉത്പാദനം ലഭിക്കുന്നു. കൃഷിയോടനുബന്ധിച്ചുള്ള കൂടുതല്‍ ജോലികളും കൈകൊണ്ടുതന്നെയാണ് ചെയ്യുന്നതെങ്കിലും ചെറിയ യന്ത്രങ്ങളുപയോഗിച്ച് ഇതു ലഘൂകരിക്കാറുണ്ട്. ഇവിടത്തെ കൃഷിക്കാര്‍ വന്‍തോതിലാണ് വളം ഉപയോഗിക്കുന്നത്. ഇക്കാരണങ്ങളാല്‍ ഏറ്റവും കൂടുതല്‍ വിളവു ലഭിക്കുന്ന രാജ്യങ്ങളിലൊന്നായിരിക്കുന്നു ജപ്പാന്‍.

ജപ്പാനിലെ മിക്കവാറും കൃഷിയിടങ്ങളും സ്വകാര്യഉടമസ്ഥതയിലുള്ള തുണ്ടുകൃഷിഭൂമികളാണ്. യുദ്ധത്തിനുശേഷമുണ്ടായ മാറ്റങ്ങള്‍ കൃഷിക്കാര്‍ക്ക് തങ്ങള്‍ ജോലിചെയ്യുന്ന പാടങ്ങള്‍ സ്വന്തമാക്കിക്കൊടുത്തതാണ് ഇതിനു കാരണം. കൃഷിക്കാരില്‍ ഭൂരിഭാഗവും ഒഴിവുസമയങ്ങളില്‍ മറ്റു ജോലികളില്‍ ഏര്‍പ്പെടുന്നത് വരുമാനവര്‍ധനവിനും കാരണമാകുന്നു.

ജനങ്ങളുടെ പ്രധാന ആഹാരമായ നെല്ലാണ് മുഖ്യവിള. മൊത്തം ആഭ്യന്തരോപയോഗത്തിന് ആവശ്യമായതിലും കൂടുതല്‍ നെല്ല് ജപ്പാനിലുത്പാദിപ്പിക്കുന്നുണ്ട്. ബാര്‍ലി, ഗോതമ്പ് തുടങ്ങിയ ധാന്യങ്ങളും കൃഷി ചെയ്യുന്നു. പച്ചക്കറികള്‍, സോയാബീന്‍, തേയില, പുകയില എന്നിവയാണ് മറ്റു പ്രധാന വിളകള്‍. ജപ്പാനില്‍ ഉത്പാദിപ്പിക്കപ്പെടുന്ന പഴങ്ങളില്‍ പ്രധാനം ഓറഞ്ച്, ആപ്പിള്‍, പീച്ച്, പെയര്‍ എന്നിവയാണ്. പട്ടുനൂല്‍ കൃഷിയും ജപ്പാനിലെ ഒരു വിഭാഗത്തിന്റെ ഉപജീവനമാര്‍ഗമാകുന്നു.

ജപ്പാനില്‍ കാലിവളര്‍ത്തല്‍ പറയത്തക്ക രീതിയിലില്ല. രാജ്യത്തിനുള്ളിലെ ഉപഭോഗാവശ്യങ്ങള്‍ക്കനുസരിച്ച് ഇതു വികസിച്ചുകൊണ്ടിരിക്കുന്നു.

ഏറ്റവും കൂടുതല്‍ മത്സ്യബന്ധനം നടത്തുന്ന രാജ്യങ്ങളിലൊന്നാണ് ജപ്പാന്‍. ജാപ്പനീസ് ജനതയുടെ പോഷകമൂല്യമേറെയുള്ള ആഹാരവും മത്സ്യം തന്നെ. ജപ്പാനിലെ ജലാശയങ്ങള്‍, പ്രത്യേകിച്ച് പസിഫിക് സമുദ്രതീരം, ലോകത്തിലെ പ്രധാന മത്സ്യശേഖരകേന്ദ്രങ്ങളിലൊന്നാണ്. ജപ്പാന്‍ തീരത്തിലെ കുറോഷിയോ ഉഷ്ണജലപ്രവാഹവും ഒയാഷിയോ ശീതജലപ്രവാഹവും സന്ധിക്കുന്ന ഭാഗം മത്സ്യബന്ധനത്തിനു പേരുകേട്ടതാണ്. പരമ്പരാഗതമായുള്ള ചെറുവള്ളങ്ങളാണ് തീരത്തോടടുത്ത പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിനുപയോഗിക്കുന്നത്; വലിയ കപ്പലുകള്‍ ആഴക്കടല്‍ മത്സ്യബന്ധനത്തിനും. ദീര്‍ഘദൂരം യാത്ര ചെയ്യുന്ന വലിയ കപ്പലുകളില്‍ മത്സ്യങ്ങള്‍ ദിവസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കുന്നതിനുള്ള സൗകര്യങ്ങളുണ്ട്. കോഡ്, അയല, മത്തി, ജാക്ക്, റെഡ്ഫിഷ്, ചൂര, കണവ, ക്നാവള്ളി, കക്ക എന്നിവയാണ് പ്രധാന സമുദ്രവിഭവങ്ങള്‍. മത്സ്യാഹാരമായ കടല്‍പ്പായല്‍ കടലില്‍ നിന്നു ശേഖരിക്കുന്നതിനു പുറമെ, തീരത്തോടടുത്തു കിടക്കുന്ന ആഴം കുറഞ്ഞ സമുദ്രഭാഗങ്ങളില്‍ കൃഷിചെയ്യപ്പെടുന്നുമുണ്ട്. അന്താരാഷ്ട്ര തിമിംഗലവേട്ട നിയന്ത്രണത്തിന് എതിരു നില്‍ക്കുന്ന ജപ്പാനില്‍ തിമിംഗലവേട്ട ഒരു പ്രധാന ഉപജീവനമാര്‍ഗമാണ്.

ജപ്പാന്റെ പലഭാഗങ്ങളിലും ശുദ്ധജല മത്സ്യബന്ധനം മുഖ്യമാണ്. വര്‍ഷങ്ങളായി നടത്തിവരുന്ന ഈ മത്സ്യക്കൃഷിയില്‍ കാര്‍പ് ഉള്‍പ്പെടെ വിവിധയിനം മത്സ്യങ്ങള്‍ വളര്‍ത്തപ്പെടുന്നു. ഇതുകൂടാതെ ഉള്‍നാടന്‍ തടാകങ്ങളില്‍ നിന്നും നദികളില്‍ നിന്നും ധാരാളം മത്സ്യങ്ങള്‍ ലഭിക്കുന്നുമുണ്ട്. നാഗോയ, നാഗസാകി എന്നീ പ്രദേശങ്ങള്‍ക്കു ചുറ്റുമായി വ്യാപിച്ചിരിക്കുന്ന കൃത്രിമ മുത്തുത്പാദനം താരതമ്യേന അവികസിതമെങ്കിലും ഇതിന് ഒരു സുപ്രധാന സ്ഥാനമാണുള്ളത്.

ജപ്പാനിലെ വനങ്ങള്‍ സംരക്ഷിതപ്രദേശങ്ങളെന്ന നിലയ്ക്കും വിലപിടിപ്പുള്ള പ്രകൃതി വിഭവങ്ങള്‍ എന്ന നിലയ്ക്കും പ്രാധാന്യമര്‍ഹിക്കുന്നു. 40 ശ.മാ.-ലധികം വനങ്ങളും സര്‍ക്കാരുടമയിലാണ്; ശേഷമുള്ളത് വ്യക്തികളുടെയോ കോര്‍പ്പറേഷന്റെയോ അധീനതയിലും.

കെട്ടിടനിര്‍മാണം, പേപ്പര്‍ വ്യവസായങ്ങള്‍, മറ്റു വ്യവസായങ്ങള്‍ എന്നിവയ്ക്കായി ധാരാളം തടിയുത്പന്നങ്ങള്‍ ഇവിടെ ആവശ്യമായി വരുന്നു. ആഭ്യന്തരാവശ്യത്തിനായി ഇവിടെയുള്ള തടിയുത്പന്നങ്ങള്‍ തികയാതെ വരുന്നതിനാല്‍ തടി ഇറക്കുമതിചെയ്യുകയാണ് പതിവ്. ഭാവിയില്‍ തടിയുത്പാദനത്തിന്റെ തോത് കൂട്ടുന്നതിനുവേണ്ടി വനങ്ങളുടെ ഉത്പാദനക്ഷമത വര്‍ധിപ്പിക്കുന്ന പല ആധുനിക മാര്‍ഗങ്ങളും ജപ്പാനില്‍ നടപ്പിലാക്കിക്കഴിഞ്ഞു.

ജപ്പാനില്‍ ഖനനത്തിന് താരതമ്യേന കുറഞ്ഞ പ്രാധാന്യമേയുള്ളു. ലഭ്യമായ ധാതുനിക്ഷേപങ്ങളൊന്നും തന്നേ അളവിലും ഗുണത്തിലും മെച്ചമല്ല. ഇവയുടെ ഖനനപ്രക്രിയ ബുദ്ധിമുട്ടേറിയതാണുതാനും. ലോഹ-അലോഹധാതുക്കള്‍ കുറഞ്ഞയളവിലുത്പാദിപ്പിക്കുന്ന ചെറിയ ചില ഖനികളും ജപ്പാനിലുണ്ട്. ആഭ്യന്തരോപയോഗത്തിന്റെ ചെറിയൊരംശം മാത്രമാണ് ഇവയ്ക്കു നല്കാന്‍ കഴിയുന്നത്. ഉത്പാദനം സമൃദ്ധമാണെങ്കിലും ജപ്പാനിലെ കല്‍ക്കരി നിക്ഷേപങ്ങള്‍ താഴ്ന്ന നിലവാരത്തിലുള്ളതാണ്. ഹൊക്കൈഡോ, ക്യുഷു എന്നീ പ്രദേശങ്ങളില്‍ കല്‍ക്കരി നിക്ഷേപങ്ങളുണ്ട്.

ഗതാഗതവും വാര്‍ത്താവിനിമയവും

ജപ്പാനിലെ പ്രധാന ഗതാഗതമാര്‍ഗം റെയില്‍വേയാണ്. രാജ്യത്തിനുള്ളില്‍ ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്കുള്ള മുഖ്യ സഞ്ചാരോപാധി എന്നതിനു പുറമേ, ചരക്കുകള്‍ കൊണ്ടുപോകുന്നതിനും റെയില്‍വേ ഉപയോഗപ്പെടുന്നു. സര്‍ക്കാരുടമയിലുള്ള 'ജാപ്പനീസ് നാഷണല്‍ റെയില്‍വേസ്' (JNR) ല്‍ രാജ്യത്തിനകത്തുള്ള 80 ശ.മാ. റെയില്‍പ്പാതകളും എല്ലാം അന്തര്‍ നഗരപാതകളും ഉള്‍പ്പെടുന്നു. 1987-ല്‍ ജെഎന്‍ആര്‍ ഏഴ് സ്വകാര്യകമ്പനികളായി പുനഃസംഘടിപ്പിക്കപ്പെട്ടു. ഇത് ജാപ്പനീസ് റെയില്‍വേസ് ഗ്രൂപ്പ് (JR) എന്നറിയപ്പെടുന്നു. ഹോണ്‍ഷൂവിനെയും ഹൊക്കൈഡോയെയും ബന്ധിപ്പിക്കുന്ന ഒരു 'സമുദ്രാന്തര ഭൂഗര്‍ഭറെയില്‍ ടണല്‍'-സീകന്‍ ടണല്‍-1988-ല്‍ ഗതാഗതത്തിനായി തുറന്നു കൊടുത്തു. 53.9 കി.മീ. നീളമുള്ള ഇത് ലോകത്തിലെ ഏറ്റവും നീളം കൂടിയ ടണലുകളിലൊന്നാണിത്.

സൂപ്പര്‍ എക്സ് പ്രസ്സ് ട്രെയിന്‍

ടോക്യോ-ഒസാകാ നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന റെയില്‍പ്പാത 1964-ല്‍ പ്രവര്‍ത്തിച്ചു തുടങ്ങി. മണിക്കൂറില്‍ 225 കി.മീ. വേഗതയില്‍ പായുന്ന 'ബുള്ളറ്റ്' ട്രെയിന്‍ ഓടാനുള്ള സൗകര്യം ഈ പാതയ്ക്കുണ്ട്. 29 കി.മീ. നീളമുള്ള ടോക്യോ-യോകോഹാമയാണ് ജപ്പാനിലെ ആദ്യത്തെ റെയില്‍പ്പാത. 1872-ലാണ് ഇത് പ്രവര്‍ത്തിച്ചു തുടങ്ങിയത്. മോട്ടോര്‍ വാഹനങ്ങളുടെ പെരുപ്പവും നഗരപ്രാന്തങ്ങളില്‍ നിന്നും പട്ടണങ്ങളിലേക്കുള്ള ജനങ്ങളുടെ കുടിയേറ്റവും ജപ്പാനിലെ റെയില്‍വേയുടെ ഉപയോഗം കുറയ്ക്കുന്നു. ടോക്യോ, ഫൂകുവോകാ, കോബി, ക്യോട്ടോ, നാഗോയ, ഒസാകാ, സപോറോ, സെന്‍ഡായ്, യോകോഹാമ എന്നിവിടങ്ങളില്‍ 'മെട്രോ' സര്‍വീസും 19 നഗരങ്ങളില്‍ 'ട്രാം' സര്‍വീസും ഉണ്ട്.

ഹൈവേകളുടെ നിര്‍മാണോപയോഗങ്ങളില്‍ മറ്റു വ്യാവസായികരാജ്യങ്ങളെ അപേക്ഷിച്ച് ജപ്പാന്‍ പിന്നിലാണ്. 1970-കളുടെ തുടക്കത്തില്‍ ടോക്യോ-ഒസാകാ നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരേ ഒരു 'അന്തര്‍-നഗര സൂപ്പര്‍ ഹൈവേ' മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്. പ്രധാന റോഡുകള്‍ പോലും പാകി വൃത്തിയാക്കിയതായിരുന്നില്ല. രാജ്യത്തുടനീളമുള്ള നഗരങ്ങളെയും നഗരപ്രാന്തങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു 'എക്സ്പ്രസ് വേ' പദ്ധതി പണിതീര്‍ന്നുവരുന്നു. ജപ്പാനില്‍ വര്‍ധിച്ചു കൊണ്ടിരിക്കുന്ന ഗതാഗതക്കുരുക്കിന് ഒരു പരിധിവരെ ഇതു പരിഹാരമാകും. ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സമുദ്രാന്തര്‍ റോഡ് ടണലിന്റെ പണി 1997-ല്‍ പൂര്‍ത്തിയായി. 11.3 ദശലക്ഷം ഡോളര്‍ ചെലവഴിച്ചു നിര്‍മിച്ച ഈ ടോക്യോ ബേ അക്വാലൈനിലൂടെ ടോക്യോ ഉള്‍ക്കടല്‍ കടക്കുന്നതിന് 15 മിനിറ്റു മതിയാകും. 4.4 കി.മീ. പാലവും 9.4 കി.മീ. ടണലും ഉള്‍ക്കൊള്ളുന്നതാണ് ഈ പാത.

മെയ്ഷിന്‍ എക്സ് പ്രസ്സ് വേ, കോബി, ഒസാകാ, ക്യോട്ടാ, നഗോയ എന്നിവയെ ബന്ധിപ്പിക്കുന്നു

ജപ്പാനില്‍ തീരദേശ കപ്പല്‍ഗതാഗതത്തിന് പ്രാധാന്യമേറെയാണ്. ജനസാന്ദ്രതയേറിയ വികസിത വ്യാവസായിക പ്രദേശങ്ങളധികവും തീരത്തു കേന്ദ്രീകരിച്ചിരിക്കുന്നതാണ് ഇതിനു കാരണം. രണ്ടാം ലോകയുദ്ധകാലത്ത് സിംഹഭാഗവും നശിപ്പിക്കപ്പെട്ട നാവിക വാണിജ്യമേഖല ഇന്ന് അത്യന്താധുനികമായി നവീകരിക്കപ്പെട്ടിരിക്കുന്നു. ലോകരാഷ്ട്രങ്ങളുടെ മുമ്പന്തിയിലെത്തിനില്‍ക്കുന്നതാണിത്. ജപ്പാനിലുള്ള അറുനൂറിലധികം തുറമുഖങ്ങളില്‍ യോകോഹാമ, കോബി, നാഗോയ, ഒസാകാ, ടോക്യോ എന്നിവയാണ് പ്രധാനപ്പെട്ടവ.

രാജ്യത്തിനകത്തും പുറത്തുമുള്ള വ്യോമഗതാഗതത്തിന്റെ നിയന്ത്രണം 'ജപ്പാന്‍ എയര്‍ ലൈന്‍സി'(JAL)നാണ്. അര്‍ധസര്‍ക്കാര്‍ ഉടമയിലുള്ള ഒരു സ്ഥാപനമാണിത്. മുമ്പ് ടോക്യോ, ഒസാകാ എന്നീ നഗരങ്ങളിലുണ്ടായിരുന്ന വിമാനത്താവളങ്ങള്‍ ജപ്പാനിലെ ആഭ്യന്തര-വിദേശ വ്യോമഗതാഗതം നിയന്ത്രിച്ചിരുന്നു. ടോക്യോയിലെ നറീറ്റ, ഹനീഡ (ടോക്യോ ഇന്റര്‍നാഷനല്‍) എന്നീ വിമാനത്താവളങ്ങള്‍ ഫൂകുവോകാ, കാഗോഷീമാ, ഹിരോഷിമ, നാഹ, നിഗാറ്റ (Niigata), സപോറോ, സെന്‍ഡായ്, നാഗോയ, ഒസാകാ (കാന്‍സായ്) എന്നിവ ഇന്നത്തെ അന്താരാഷ്ട്ര വിമാനത്താവളങ്ങളാണ്. ജപ്പാന്‍ ഏര്‍ലൈന്‍സ്, ജപ്പാന്‍ ഏര്‍സിസ്റ്റം, ആള്‍ നിപ്പണ്‍ ഏര്‍വേസ് എന്നിവയാണ് പ്രധാന വിമാനസര്‍വീസുകള്‍. 1953-ല്‍ സ്ഥാപിതമായ 'ജപ്പാന്‍ ഏര്‍ലൈന്‍സ്' 1987-ല്‍ സ്വകാര്യ ഉടമസ്ഥതയിലായി. ഇന്ന് ടോക്യോയില്‍ നിന്ന് യു.എസ്., യാറോപ്പ്, മധ്യ-പൂര്‍വരാജ്യങ്ങള്‍, തെ.കിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളിലേക്ക് വിമാനസര്‍വീസുകളുണ്ട്.

ജപ്പാനിലെ ടെലിഫോണ്‍, ടെലിഗ്രാഫ് തുടങ്ങി എല്ലാ വാര്‍ത്താവിനിമയ മാധ്യമങ്ങളും ലോകത്തില്‍ വച്ചേറ്റവും ആധുനികമാണ്. വാര്‍ത്താ-വിനിമയ മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നു. ടെലിഫോണുകളുടെ എണ്ണത്തില്‍ യു.എസ്. കഴിഞ്ഞ് അടുത്ത സ്ഥാനമാണ് ജപ്പാനുള്ളത്. അത്യന്താധുനികമായ പല മാര്‍ഗങ്ങളുപയോഗിച്ച് ജപ്പാനിലെ തപാല്‍ വകുപ്പ് വളരെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു.

റേഡിയോ, ടെലിവിഷന്‍ എന്നിവയുടെ സ്വകാര്യ-പൊതുപ്രക്ഷേപണ നിലയങ്ങള്‍ ജപ്പാനിലുണ്ട്. പൊതു സ്ഥാപനങ്ങളായ 'നിപ്പണ്‍ ഹോസോ കിയോകായ്' (NHK-നിപ്പണ്‍ ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷന്‍), 'നാഷണല്‍ അസോസിയേഷന്‍ ഒഫ് കമേഴ്സ്യല്‍ ബ്രോഡ്കാസ്റ്റേഴ്സ്' (Minporen) എന്നിവയാണ് മുഖ്യ നിലയങ്ങള്‍. എന്‍എച്ച്കെ പ്രധാനമായി സാംസ്കാരിക-വിദ്യാഭ്യാസ മേഖലകളുമായി ബന്ധപ്പെട്ട പരിപാടികളും വാര്‍ത്തയും പ്രക്ഷേപണം ചെയ്യുന്നു. വിനോദപരിപാടികള്‍ കുറവാണ്. റേഡിയോ ജപ്പാനും എന്‍എച്ച്കെയുടെ കീഴില്‍ തന്നെയാണ്. ഹ്രസ്വതരംഗങ്ങളുപയോഗിച്ച് പ്രക്ഷേപണം ചെയ്യുന്ന പരിപാടികള്‍ ലോകത്തെങ്ങും ലഭ്യമാകുന്നു. ജപ്പാനിലുള്ള സ്വകാര്യ ടെലിവിഷന്‍-റേഡിയോ സ്റ്റേഷനുകള്‍ വിനോദപരിപാടികള്‍ക്കു പ്രാധാന്യം നല്കുന്നവയാണ്. ഒരു സര്‍വകലാശാലാ നിലയവും മതപ്രക്ഷേപണനിലയവും കൂടി ജപ്പാനില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

വായനാശീലമുള്ളവരാണ് ജാപ്പനീസ് ജനത. ആകെയുള്ള 121 ദിനപത്രങ്ങളില്‍ 4 എണ്ണം ഇംഗ്ളീഷിലുള്ളവയാണ് (2007). ലോകത്തിലെ തന്നെ വലിയ പ്രസിദ്ധീകരണ വ്യവസായങ്ങളിലൊന്ന് ജപ്പാന്റെതാണ്. 1985-നു ശേഷം ജപ്പാനില ടെലിഫോണ്‍ സര്‍വീസ് സ്വകാര്യവത്കരിക്കപ്പെട്ടു.

വാണിജ്യം

ലോകവാണിജ്യത്തില്‍ സുപ്രധാനമായൊരു സ്ഥാനം ജപ്പാനുണ്ട്. 1970-കളുടെ തുടക്കത്തില്‍ യു.എസ്സിനും പശ്ചിമജര്‍മനിക്കും പിന്നിലായിരുന്നു ജപ്പാന്റെ സ്ഥാനം. 1960-കളുടെ മധ്യത്തില്‍ തന്നെ ജപ്പാന്റെ വിദേശവ്യാപാരം വികസിച്ചുതുടങ്ങിയിരുന്നു. ഇതുമൂലമുള്ള വിദേശനാണ്യശേഖരം ഏറെയാണ്.

വ്യാവസായികാവശ്യത്തിനായി അസംസ്കൃത സാധനങ്ങളായ പെട്രോളിയം, കല്‍ക്കരി, ഇരുമ്പയിര്, തടി, പരുത്തി എന്നിവ ഇറക്കുമതി ചെയ്യുന്നു. വ്യാവസായിക-അസംസ്കൃത സാധനങ്ങളുടെ ഇറക്കുമതിയില്‍ ലോകത്തില്‍ ഒന്നാംസ്ഥാനം ജപ്പാനാണ്. ധാന്യങ്ങള്‍, പഞ്ചസാര, സോയാബീന്‍ എന്നിവയാണ് മറ്റ് ഇറക്കുമതി വിഭവങ്ങള്‍. യു.എസ്., ആസ്റ്റ്രേലിയ, ഇന്തോനേഷ്യ, കാനഡ, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് വിവിധവിഭവങ്ങള്‍ ജപ്പാന്‍ ഇറക്കുമതി ചെയ്യുന്നുണ്ട്.

സംസ്കൃതോത്പന്നങ്ങളുടെ കയറ്റുമതിയില്‍ ജപ്പാന് മുഖ്യസ്ഥാനമാണുള്ളത്. ഇരുമ്പുരുക്കുത്പന്നങ്ങള്‍, കപ്പലുകള്‍, മോട്ടോര്‍ വാഹനങ്ങള്‍, ഘന-വൈദ്യുതോപകരണങ്ങള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, ഫോട്ടോഗ്രഫിക് ഉപകരണങ്ങള്‍, കൃത്രിമ നാരുകള്‍ എന്നിവയാണ് പ്രധാന കയറ്റുമതിയിനങ്ങള്‍. 1950-കള്‍ മുതല്‍ തന്നെ ജപ്പാന്‍ മേല്‍ത്തരം സാധനങ്ങള്‍ കയറ്റുമതി ചെയ്തു തുടങ്ങിയിരുന്നു. സംസ്കൃതോത്പന്നങ്ങള്‍ പ്രധാനമായി യു.എസ്സിലേക്കാണ് കയറ്റി അയയ്ക്കുന്നത്. ചൈന, തെ.കൊറിയ, തൈവാന്‍, ജര്‍മനി, ബ്രിട്ടന്‍ തുടങ്ങി മിക്കവാറും ലോകരാഷ്ട്രങ്ങളിലേക്ക് ജപ്പാന്‍ കയറ്റുമതിചെയ്യുന്നുണ്ട്.

ജനങ്ങള്‍

ജപ്പാനിലെ ജനങ്ങളില്‍ ഭൂരിഭാഗവും മംഗളോയിഡ് വംശത്തില്‍പ്പെട്ടവരാണ്. ഇവരുടെ ഉത്പത്തിയെക്കുറിച്ച് വ്യക്തമായ തെളിവുകളൊന്നുമില്ല. ഇവര്‍ എ.ഡി. 300-നു മുമ്പുള്ള ശ.-ളില്‍ ഏഷ്യയില്‍ നിന്നു കുടിയേറിയവരാണെന്നു കരുതപ്പെടുന്നു. അന്ന് ഇവിടെ നിവസിച്ചിരുന്ന കോകസോയ്ഡ് വിഭാഗത്തില്‍പ്പെട്ട 'ഐനു' വംശജരോട് ഇവര്‍ക്ക് ഏറ്റുമുട്ടേണ്ടി വന്നു. ഇന്നത്തെ ജാപ്പനീസ് ജനതയില്‍ ഏറിയ പങ്കും ഈ രണ്ടു നരവിഭാഗങ്ങളുടെയും സങ്കരയിനമാണ്. ശുദ്ധ ഐനു വംശജരായ വളരെ കുറച്ചുപേര്‍ ഇന്നും ഹൊക്കൈഡോയില്‍ കഴിയുന്നുണ്ട്.

ചനോയ്-ജപ്പാന്റെ പ്രാചീന അനുഷ്ഠാനമായ ചായ വിരുന്ന്

1967-ല്‍ തന്നെ ജപ്പാനിലെ ജനസംഖ്യ 10 കോടി ആയിരുന്നു. 1970 ആയപ്പോള്‍ ഇത് 10,37,20,000 ആയിത്തീര്‍ന്നു. യു.എസ്സിനെക്കാള്‍ പന്ത്രണ്ടിരട്ടിയായിരുന്നു ഇത്. ജപ്പാനിലെ മലമ്പ്രദേശങ്ങളില്‍ ജനസാന്ദ്രത വളരെ കുറവും സമതലങ്ങളില്‍ വളരെ കൂടുതലുമാണ്. 1970-ല്‍ ജപ്പാനിലെ 150 നഗരങ്ങളില്‍ ജനസംഖ്യ ഓരോ ലക്ഷത്തിലേറെയായിരുന്നു. ലോകത്തിലെ അത്യാധുനിക രാഷ്ട്രങ്ങളിലൊന്നാണ് ജപ്പാന്‍. ജാപ്പനീസ് ജനത വിദ്യാസമ്പന്നരും മത്സരബുദ്ധിയുള്ളവരുമാണ്. തൊഴിലില്ലായ്മയടക്കം ധാരാളം ദൈനംദിന പ്രശ്നങ്ങളെ ജപ്പാന് അഭിമുഖീകരിക്കേണ്ടി വരുന്നുണ്ട്. നവീന ചികിത്സാമാര്‍ഗങ്ങളും ആരോഗ്യപരിപാലനവുംമൂലം ആയുഷ്കാലം കൂടിയതും വ്യവസായകേന്ദ്രങ്ങളിലെ ഏറിയ ജനസാന്ദ്രതയും ഇതിന്റെ മുഖ്യകാരണങ്ങളാണ്. ജപ്പാനിലെ 50 ശ.മാ.ത്തിലധികം ജനങ്ങളും രാജ്യവിസ്തൃതിയുടെ 1.25 ശ.മാ. ഭാഗത്തു വസിക്കുന്നു. ചിലയിടങ്ങളില്‍ ജനസാന്ദ്രത ച.കി. മീറ്ററിന് 4000 കവിയാറുണ്ട്.

ചൈനീസ് കലകളുടെ സ്വാധീനം വ്യക്തമായി പ്രകടിപ്പിക്കുന്നവയാണ് ജാപ്പനീസ് കലകളെല്ലാം തന്നെ. 19-ാം ശ.-ത്തോടെ ജാപ്പനീസ് ജനത പാശ്ചാത്യ സംസ്കാരം സ്വാംശീകരിക്കാന്‍ തുടങ്ങി. പഴമയുടെയും പുതുമയുടെയും സംയോഗം ജാപ്പനീസ് ജീവിതത്തിന്റെ എല്ലാ മേഖലകളിലും കാണാം. വസ്ത്രധാരണം മുതല്‍ കെട്ടിടനിര്‍മാണം വരെ എല്ലാ തലങ്ങളിലും ഇതു പ്രതിഫലിക്കുന്നു. ജപ്പാന്‍കാരന്റെ സ്വഭാവരൂപീകരണത്തില്‍ ഇവിടത്തെ ബുദ്ധ-ഷിന്റോ-കണ്‍ഫ്യൂഷ്യസ് മതങ്ങള്‍ക്ക് സുപ്രധാനമായൊരു പങ്കുണ്ട്. ഇതോടൊപ്പം സുദീര്‍ഘമായ രാജഭരണകാലവും വ്യാവസായിക വിപ്ലവവും അതിന്റെ സംഭാവനകളും നല്കിയിരിക്കുന്നു. വ്യവസായവത്കരണത്തിന്റെ ഭാഗമായി ഗ്രാമങ്ങളില്‍ നിന്നു നഗരങ്ങളിലേക്കു കുടിയേറിപ്പാര്‍ത്തുതുടങ്ങിയ ജനങ്ങള്‍ നാഗരിക സംസ്കാരത്തെ ആശ്ലേഷിക്കാനാരംഭിച്ചു. രണ്ടാം ലോകയുദ്ധത്തിനുശേഷം അമേരിക്കന്‍ സംസ്കാരം ഇവരെ സ്വാധീനിച്ചുതുടങ്ങി. മഷിയുപയോഗിച്ച് പട്ടില്‍ പടം വരയ്ക്കുന്ന കല, ശില്പനിര്‍മാണം, ചിത്രരചന ഇവയെല്ലാം ജപ്പാനിലെ പ്രധാന കലകളാണ്. 13-ാം ശ.-നുശേഷം സെന്‍ ബുദ്ധമതക്കാരാണ് പ്രകൃതി ചിത്രരചനയ്ക്കു തുടക്കം കുറിച്ചത്. 17-18 ശ.-ലെ ജാപ്പനീസ് ചിത്രങ്ങള്‍ പടിഞ്ഞാറന്‍ ചിത്രങ്ങളെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. വാസ്തുശില്പകലയിലും തനതായ സംഭാവനകള്‍ ജപ്പാന്റേതായി കണ്ടെത്താം. പ്രകൃതി സൗന്ദര്യം യഥാതഥമായി ചിത്രീകരിക്കുന്ന രീതിയിലുള്ള ഉദ്യാന നിര്‍മാണം (landscape gardening), ബോണ്‍സായ്, ഇകബാന (പുഷ്പാലങ്കാരം), സെറാമിക് പാത്ര നിര്‍മാണം, ഓറിഗാമി (കടലാസ് മടക്കി മൃഗങ്ങളെയും മറ്റും ഉണ്ടാക്കുന്നത്) എന്നിവ ഇവിടത്തെ പരമ്പരാഗത കലകളില്‍ പെടുന്നു.

കരോസ്തുവിലെ ഉത്സവ ഘോഷയാത്ര

'നോ' (No) എന്നറിയപ്പെടുന്ന ഒരു ക്ലാസ്സിക് നാടകരൂപം 14-ാം ശ.-ല്‍ ജപ്പാനില്‍ ജന്മമെടുത്തു. പദ്യവും ഗദ്യവും സമൂഹഗാനവും നൃത്തവും ഒന്നിച്ചരങ്ങേറുന്ന ഈ കലാരൂപം മതത്തിലും നാടോടിക്കഥകളിലും നിന്നാണ് പ്രചോദനമുള്‍ക്കൊണ്ടിരുന്നത്. നടന്‍ കഥാപാത്രത്തിനനുയോജ്യമായ മുഖംമൂടി ധരിക്കുന്നുവെന്നതാണ് ഇതിന്റെ പ്രത്യേകത. ബുണ്‍ റാകൂ എന്നു പേരുള്ള ഒരിനം പാവകളി, കബുകീ നാടകങ്ങള്‍, വിവിധയിനം നൃത്തരൂപങ്ങള്‍ എന്നിവ ജപ്പാനില്‍ ഇന്നും പ്രചാരത്തിലുള്ള കലാരൂപങ്ങളാണ്. ജാപ്പനീസ് സംസ്കാരത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഘടകമാണ് 'ചായ സത്കാരം' (Tea Ceremony). പ്രാദേശിക വ്യത്യാസങ്ങളോടുകൂടി കാണുന്ന ഈ ആചാരം വളരെ അനുഷ്ഠാനപരമാകുന്നു. അതിഥി സത്കാരത്തിന് പരമ്പരാഗതമായ ഉപചാര രീതികളില്‍ ഏറ്റവും മെച്ചമായതാണ് ഈ ചടങ്ങ് എന്നാണു ജാപ്പനീസ് ജനതയുടെ വിശ്വാസം.

കുടുംബബന്ധങ്ങളിലധിഷ്ഠിതമാണ് ജാപ്പനീസ് സംസ്കാരം. വളരെ ആചാരപരമായ കുടുംബബന്ധങ്ങള്‍ പരമ്പരാഗതമായി പുരുഷനെ ഗൃഹനാഥനായി അംഗീകരിക്കുന്നു. ഭാര്യയ്ക്ക് രണ്ടാം സ്ഥാനമേയുള്ളു. വളരെ ചെറുപ്രായത്തില്‍ തന്നെ കുടുംബത്തിലെ സ്ഥാനമാനങ്ങളെക്കുറിച്ചും അച്ചടക്ക-മര്യാദകളെക്കുറിച്ചും കുട്ടികളെ ബോധവാന്മാരാക്കുന്നു. ആണ്‍കുട്ടികള്‍ക്കാണ് കുടുംബത്തില്‍ പ്രാധാന്യം.

ജപ്പാനിലെ വീടുകള്‍ മിക്കവാറും തടികൊണ്ടുണ്ടാക്കിയവയാണ്. വളരെ ലളിതവും ഋജുവായ രീതിയില്‍ നിര്‍മിക്കപ്പെട്ടതുമായ ഈ വീടുകളില്‍ വിവിധയിനം കടലാസുകള്‍ കൊണ്ടു പൊതിഞ്ഞ പലകകളാണ് ജനലുകളും വാതിലുകളുമായുപയോഗിക്കുന്നത്. ഇവ കനം കുറഞ്ഞതും പെട്ടെന്നു മാറ്റാവുന്നവയുമാണെന്നുമാത്രമല്ല, ഏറിയഭാഗവും പുറത്തേക്കു തുറക്കുന്നവയുമാണ്. ചില വീടുകള്‍ക്കടുത്തായി നൈസര്‍ഗികോദ്യാനങ്ങള്‍ കാണാം. മുറികളുടെ തറയില്‍ റ്ററ്റാമി എന്ന ഒരുതരം പായ് വിരിക്കുന്നത് ഇവിടെ പതിവാണ്. ജാപ്പനീസ് ജനത ഗൃഹോപകരണങ്ങള്‍ വളരെ കുറച്ചു മാത്രമേ ഉപയോഗിക്കാറുള്ളു.

ജാപ്പനീസ് ഭാഷ മറ്റു പൌരസ്ത്യഭാഷകളില്‍ നിന്നു വിഭിന്നമാണെങ്കിലും ഇതിന്റെ ലിപിക്ക് ചൈനീസ് ലിപിയുമായി സാമ്യമുണ്ട്. 1946-ലെ ഭരണഘടന ജനതയ്ക്ക് മതസ്വാതന്ത്യ്രമനുവദിച്ചു. ഷിന്റോ, ബുദ്ധമതം എന്നിവയാണ് പ്രധാന മതങ്ങള്‍. പാശ്ചാത്യനാടുകളില്‍ കണ്‍ഫ്യൂഷ്യനിസം ഒരു മതമായി അംഗീകരിക്കപ്പെട്ടില്ലെങ്കിലും ജപ്പാനിലെ വ്യക്തി-സാമൂഹിക ബന്ധങ്ങളില്‍ ഇതിനു സുപ്രധാനമായൊരു സ്ഥാനമുണ്ട്.

6 മുതല്‍ 15 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് 6 വര്‍ഷത്തെ അടിസ്ഥാനവിദ്യാഭ്യാസവും മൂന്നു വര്‍ഷത്തെ ലോയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസവും സൗജന്യമാണ്. 3 വര്‍ഷത്തെ അപ്പര്‍ സെക്കന്‍ഡറി തലത്തില്‍ ഫീസ് ഈടാക്കുന്നുണ്ട്. ഇതിലേക്ക് പ്രവേശനം മത്സരപ്പരീക്ഷയുടെ അടിസ്ഥാനത്തില്‍ നിര്‍ണയിക്കുന്നു. സമ്പൂര്‍ണ സാക്ഷരത നേടിയിട്ടുള്ളവരാണ് ജപ്പാന്‍കാര്‍.

ജപ്പാനിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കൂടുതലും സ്വകാര്യ ഉടമസ്ഥതയിലുള്ളവയാണ്. സ്ത്രീകള്‍ അധികവും ജൂനിയര്‍ കോളജുകളില്‍ ചേരുന്നു. അഞ്ചുവര്‍ഷത്തെ പഠനപദ്ധതിയുള്ള ടെക്നിക്കല്‍ കോളജുകള്‍ അധികവും ഗവണ്‍മെന്റധീനതയിലാണ്. ഇവ ലോയര്‍ സെക്കന്‍ഡറി കഴിഞ്ഞു വരുന്നവര്‍ക്ക് പ്രവേശനം നല്കുന്നു. 1877-ല്‍ സ്ഥാപിതമായ ടോക്യോ സര്‍വകലാശാല ജാപ്പനീസ് സര്‍വകലാശാലകളില്‍ അഗ്രിമസ്ഥാനത്താണ്. 1897-ല്‍ സ്ഥാപിതമായ ക്യോട്ടോ, 1907-ല്‍ സ്ഥാപിതമായ ടൊഹോകു (ആസ്ഥാനം-സെന്‍ഡായ്), ക്യുഷു (ആസ്ഥാനം-ഫൂകുവോക-1910), ഹൊക്കൈഡോ (ആസ്ഥാനം-സപോറോ-1918), ഒസാകാ (1931), നാഗോയ (1939) എന്നീ സര്‍വകലാശാലകള്‍ ഗവണ്‍മെന്റധീനതയില്‍ ഉള്ളവയാണ്. കീയോ (1858), വാസീദാ (1882), നീ ഹൊണ്‍ (1889) തുടങ്ങിയ സര്‍വകലാശാലകള്‍ സ്വകാര്യ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്നു. ടോക്യോയിലും അതിനടുത്ത പ്രദേശങ്ങളിലുമായി ഇവ കേന്ദ്രീകൃതമാണ്. ജപ്പാനിലെ വനിതാ സര്‍വകലാശാലകളില്‍ പ്രധാനം ടോക്യോ, ഓകനോമിറ്റ്സു എന്നിവയാണ്. ഇവിടെ 576 കോളജുകളുണ്ട്.

ജപ്പാനിലെ പ്രധാന സ്പോട്സിനമാണ് ബേസ്ബാള്‍. ഇത് 19-ാം ശ.-ല്‍ തന്നെ ഇവിടെ പ്രാബല്യത്തിലുണ്ടായിരുന്നു. സുമോ എന്നറിയപ്പെടുന്ന ദ്വന്ദ്വയുദ്ധം, ജൂഡോ, കെന്റോ (മുളയോ വാളോ ഉപയോഗിച്ചുള്ള പ്രതിരോധവിനോദം) എന്നിവ ഇവിടത്തെ പരമ്പരാഗത കായിക വിനോദങ്ങളില്‍ പെടുന്നു. മറ്റു പ്രധാന കായികവിനോദങ്ങള്‍ നീന്തല്‍, ജിംനാസ്റ്റിക്സ്, ടെന്നിസ്, ടേബിള്‍ ടെന്നിസ്, വോളിബോള്‍, ഗോള്‍ഫ്, അത്ലറ്റിക്സ് എന്നിവയാണ്.

ഭരണകൂടം

1947-ല്‍ നിലവില്‍ വന്ന ഭരണഘടനയാണ് ജപ്പാനില്‍ പ്രാബല്യത്തിലുള്ളത്. അതിനു മുമ്പു നിലവിലിരുന്നത് 1889-ലെ ഭരണഘടനയനുസരിച്ചുള്ള ഭരണമായിരുന്നു. രാജ്യത്തിന്റെ ഭരണത്തലവന്‍ ചക്രവര്‍ത്തിയാണ്. ഇദ്ദേഹത്തിന് പ്രതീകാത്മകമായ അധികാരങ്ങളേ ഉള്ളു. യഥാര്‍ഥഭരണം നിയന്ത്രിക്കുന്നത് പ്രധാനമന്ത്രി തലവനായുള്ള മന്ത്രിസഭയാണ്. പാര്‍ലമെന്റിലെ ഭൂരിപക്ഷമനുസരിച്ചു നിശ്ചയിക്കുന്ന വ്യക്തിയെ പ്രധാനമന്ത്രിയായി ചക്രവര്‍ത്തി നിയമിക്കുന്നു. മന്ത്രിസഭയിലെ മറ്റംഗങ്ങളെ നിയമിക്കുന്നതു പ്രധാനമന്ത്രിയാണ്. മന്ത്രിസഭ പാര്‍ലമെന്റിനോട് ഉത്തരവാദപ്പെട്ടിരിക്കുന്നു.

ജപ്പാനിലെ പാര്‍ലമെന്റ് ഡയറ്റ് എന്നറിയപ്പെടുന്നു. ഇതിനു രണ്ടു മണ്ഡലങ്ങളുണ്ട്. ഹൗസ് ഒഫ് റെപ്രസെന്റേറ്റിവ്സ് എന്ന അധോമണ്ഡലവും ഹൗസ് ഒഫ് കൗണ്‍സിലേഴ്സ് എന്ന ഉപരിമണ്ഡലവും. അധോമണ്ഡലത്തില്‍ അഞ്ഞൂറ് അംഗങ്ങളുണ്ട്. ഇതിന്റെ കാലാവധി നാലുവര്‍ഷമാണ്. ഉപരിമണ്ഡലത്തില്‍ 252 അംഗങ്ങളുണ്ട്. കാലാവധി ആറു വര്‍ഷമാണ്. അംഗസംഖ്യയുടെപകുതി മൂന്നു വര്‍ഷത്തിലൊരിക്കല്‍ തിരഞ്ഞെടുക്കപ്പെടുന്നു. പ്രായപൂര്‍ത്തി വോട്ടവകാശമാണ് ജപ്പാനില്‍ നിലവിലുള്ളത്. ഇരുപതു വയസ്സുപൂര്‍ത്തിയായവര്‍ക്ക് വോട്ടവകാശമുണ്ട്.

നീതിന്യായനിര്‍വഹണത്തിന്റെ പരമാധികാരം സുപ്രീം കോടതിയില്‍ നിക്ഷിപ്തമായിരിക്കുന്നു. ഇതിലെ ജഡ്ജിമാരെ നിയമിക്കുന്നതു മന്ത്രിസഭയാണ്. മന്ത്രിസഭയുടെ ശിപാര്‍ശയോടെ ചീഫ് ജസ്റ്റിസിനെ ചക്രവര്‍ത്തി നിയമിക്കുന്നു. നിയമങ്ങളുടെ സാധുതയെയും ഗവണ്‍മെന്റിന്റെ ചെയ്തികളെയും നിയന്ത്രിക്കാന്‍ സുപ്രീംകോടതിക്ക് അവകാശമുണ്ട്. കീഴ്കോടതികളുടെമേല്‍ സുപ്രീംകോടതിക്ക് നിയന്ത്രണമുണ്ട്.

ഭരണാവശ്യങ്ങള്‍ക്കായി രാജ്യത്തെ 47 പ്രവിശ്യകളായി വിഭജിച്ചിരിക്കുന്നു. പ്രവിശ്യകളുടെ ഭരണകര്‍ത്താവ് ഗവര്‍ണര്‍ ആണ്. ഒരു മണ്ഡലം മാത്രമുള്ള നിയമസഭയും ഉണ്ട്. നഗരങ്ങള്‍ക്കും ഗ്രാമങ്ങള്‍ക്കും തദ്ദേശഭരണ നിര്‍വഹണത്തിന് പ്രത്യേക സഭയും മേയറും ഉണ്ട്.

നിരവധി രാഷ്ട്രീയപാര്‍ട്ടികള്‍ ജപ്പാനിലുണ്ട്. 1955 മുതല്‍ ദീര്‍ഘകാലം ജപ്പാനില്‍ ഭരണം നടത്തിയിരുന്ന രാഷ്ട്രീയ പാര്‍ട്ടി ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ആയിരുന്നു. യാഥാസ്ഥിതികചായ്വുള്ളതാണ് ഇത്. ഇതിനു പുറമെ ന്യൂ ഫ്രോണ്ടിയര്‍ പാര്‍ട്ടി, ഡെമോക്രാറ്റിക് ഒഫ് ജപ്പാന്‍, ജപ്പാന്‍ കമ്യൂണിസ്റ്റു പാര്‍ട്ടി, സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി, ന്യൂ ഹാര്‍ബിങ്ഗെര്‍ പാര്‍ട്ടി തുടങ്ങി നിരവധി രാഷ്ട്രീയ പാര്‍ട്ടികളുമുണ്ട്. ഏറ്റവും വലിയ പ്രതിപക്ഷകക്ഷിയായ ഫിന്‍ഷിന്റോ 1997 ഡി.-ല്‍ പിരിച്ചുവിട്ടു. 1998 ജനുവരിയില്‍ 6 പുതിയ പാര്‍ട്ടികള്‍ രംഗപ്രവേശം ചെയ്തു. കൂട്ടുകക്ഷി ഗവണ്‍മെന്റു രൂപവത്കരണം ജപ്പാനില്‍ പ്രാവര്‍ത്തികമായിട്ടുണ്ട്.

സ്വയംപ്രതിരോധത്തിനു സജ്ജമാണ് ജപ്പാനിലെ നാവിക, വ്യോമ, കരസേനാവിഭാഗങ്ങള്‍.

യു.എന്‍., കൊളംബോ പ്ലാന്‍, എ.പി.ഇ.സി. (Asia-Pacific Economic Co-operation group), ഒ.ഇ.സി.ഡി.(Organization for Economic Co-operation and Development) എന്നിവയില്‍ അംഗമാണ് ജപ്പാന്‍.

ചരിത്രം

ജപ്പാന്റെ ആദ്യകാല ചരിത്രത്തെ സംബന്ധിച്ച അറിവു പരിമിതമാണ്. 8-ാം ശ. മുതലുള്ള ചരിത്രഗ്രന്ഥങ്ങള്‍ മാത്രമേ ഇന്ന് ലഭ്യമായിട്ടുള്ളു. ഇക്കൂട്ടത്തില്‍ ആദ്യമായിട്ടുള്ളവ എ.ഡി. 712-ലെ കോജികിയും 720-ലെ നിഹൊന്‍ഗിയുമാണ്. ചരിത്രത്തേക്കാളേറെ ഐതിഹ്യവും കെട്ടുകഥകളും ഉള്‍ക്കൊള്ളുന്നതാണ് ഇവ എന്നൊരഭിപ്രായമുണ്ട്.

"നോ" നടന്‍

അതിപുരാതനകാലം മുതല്‍ ജപ്പാനില്‍ ജനജീവിതമുണ്ടായിരുന്നു എന്നു വിശ്വസിക്കപ്പെടുന്നു. ഐനു (Ainu) എന്ന പേരിലറിയപ്പെടുന്ന ആദിമ നിവാസികള്‍ ആദ്യകാലത്ത് ജാപ്പനീസ് ദ്വീപുകള്‍ മുഴുവന്‍ വ്യാപിച്ചിരുന്നതായി കരുതുന്നു. പുതിയ ജനവര്‍ഗങ്ങള്‍ ജപ്പാനിലേക്കു വന്നതോടെ ഇവര്‍ വടക്കന്‍ ദ്വീപുകളിലേക്ക് തള്ളിമാറ്റപ്പെട്ടു. ഇന്നത്തെ ജപ്പാന്‍കാരുടെ പൂര്‍വികര്‍ ഇവിടെ കുടിയേറിപ്പാര്‍ത്തത് ഏഷ്യാവന്‍കരയില്‍ നിന്നും മറ്റുമാണെന്ന് കരുതപ്പെടുന്നു. ജപ്പാനില്‍ ആധിപത്യം സ്ഥാപിച്ച ഈ ജനസഞ്ചയം തുടര്‍ന്നു വിവിധ വര്‍ഗങ്ങളായി വിഭജിച്ചു. ഓരോ വര്‍ഗവും ഓരോ മുഖ്യന്റെ കീഴിലായിരുന്നു. ബി.സി. 660-ല്‍ ജിമ്മു ടെന്നോ (Jimmu Tenno) ജപ്പാനിലെ ആദ്യ ചക്രവര്‍ത്തിയായി എന്നു പറയപ്പെടുന്നു. എന്നാല്‍ ഒരു ഐതിഹ്യം എന്നതില്‍ക്കവിഞ്ഞ് ചരിത്രപരമായ വസ്തുത എന്ന് ഇതിനെ കണക്കാക്കാന്‍ പറ്റിയ രേഖകളില്ല.

ഇക്ബാനാ പരിശീലനം

ഓരോ വര്‍ഗത്തില്‍പ്പെടുന്ന ജനസമൂഹങ്ങളുടേതായ പ്രത്യേക ചെറു രാജ്യങ്ങള്‍ നിലനിന്നിരുന്ന ജപ്പാനില്‍ എ.ഡി. 5-ാം ശ.ത്തോടെ യമാത്തോ എന്ന വര്‍ഗം ശക്തിയാര്‍ജിച്ചു. ഇക്കാലത്ത് ജപ്പാന്‍ കൊറിയയുമായി അടുത്ത ബന്ധം സ്ഥാപിച്ചിരുന്നു. കൊറിയ വഴിയുള്ള ചൈനീസ് സംസ്കാരവുമായുള്ള സമ്പര്‍ക്കം ജപ്പാന്റെ സാംസ്കാരികപുരോഗതിക്കു കാരണമായി. ചൈനീസ് ലിപി, തത്ത്വശാസ്ത്രം, സാഹിത്യം, കണ്‍ഫ്യൂഷ്യന്‍ വ്യവസ്ഥിതി എന്നിവ ജപ്പാനില്‍ പ്രചാരം നേടി. 6-ാം ശ.-ന്റെ മധ്യത്തോടെ ബുദ്ധമതവും ജപ്പാനില്‍ പ്രചരിച്ചു. 7-ാം ശ.-ല്‍ ചൈനീസ് വ്യവസ്ഥിതിയെ അടിസ്ഥാനമാക്കി ഭരണനിര്‍വഹണത്തിനു വേണ്ടിയുള്ള നിയമസംഹിതകള്‍ നിലവില്‍ വരുകയും തുടര്‍ന്ന അവ പലപ്പോഴായി പരിഷ്കരിക്കപ്പെടുകയും ചെയ്തു. ചക്രവര്‍ത്തിയുടെ നിയന്ത്രണത്തിലുള്ള കേന്ദ്രീകൃത ഭരണമായിരുന്നു ഇത്. 710-ഓടെയാണ് നാറാ കേന്ദ്രമാക്കി യമാത്തോ വര്‍ഗത്തിന്റെ വ്യവസ്ഥാപിത ഭരണം നിലവില്‍ വന്നത്. ഭരണകേന്ദ്രം എന്നതിനു പുറമേ സാംസ്കാരികവും മതപരവും ആയ കേന്ദ്രം കൂടിയായിരുന്നു ഇത്. 794-ല്‍ തലസ്ഥാനം നാറായില്‍ നിന്നും സമീപത്തുള്ള ക്യോടോയിലേക്കു മാറ്റി (1868 വരെ ഇവിടം ജപ്പാന്റെ തലസ്ഥാനമായി തുടര്‍ന്നു). ക്രമേണ ഭരണനേതൃത്വത്തിന്റെ ശക്തി ക്ഷയിക്കുകയും രാജസേവകരും മറ്റുള്ള ഇടത്തട്ടുകാരും ഭരണനേതൃത്വം വീതിച്ചെടുക്കുകയും ചെയ്തു. ഫ്യൂജിവാറാ (Fujiwara) എന്ന പ്രഭു കുടുംബമായിരുന്നു ഇപ്രകാരം ഭരണം കൈയാളിയതില്‍ പ്രമുഖമായത് (858). 12-ാം ശ. വരെ ജപ്പാന്റെ ഭരണം ഈ കുടുംബത്തിന്റെ കൈയിലമര്‍ന്നു. ഇവര്‍ ക്രമേണ ചക്രവര്‍ത്തിയുടെ മേല്‍ അമിതസ്വാധീനം ചെലുത്തുകയും 11-ാം ശ. ആയപ്പോഴേക്കും ചക്രവര്‍ത്തിയെ നാമമാത്ര ഭരണാധികാരിയാക്കി നിര്‍ത്തിക്കൊണ്ട് യഥാര്‍ഥ അധികാരം കൈയാളുന്ന തരത്തില്‍ ശക്തി പ്രാപിക്കുകയും ചെയ്തു. ഇതുമുതല്‍ക്കാണ് ജപ്പാനില്‍ ചക്രവര്‍ത്തി നാമമാത്ര ഭരണാധികാരി ആകുന്ന അവസ്ഥയുണ്ടായത്.

ഷോഗണ്‍ ഭരണകാലം. കേന്ദ്രഭരണകൂടം ക്ഷയിക്കുകയും രാജ്യം ആഭിജാത്യപ്രഭുവര്‍ഗക്കാര്‍ അനുഭവിച്ചുപോന്ന പരമ്പരാഗത എസ്റ്റേറ്റുകള്‍ ആയി മാറുകയും ചെയ്ത അവസ്ഥയാണ് പിന്നീടുണ്ടായത്. ഈ മാറ്റം ജപ്പാനില്‍ ഫ്യൂഡല്‍ സമ്പ്രദായത്തിനു തുടക്കം കുറിച്ചു. ഫ്യൂഡല്‍ പ്രഭുക്കള്‍ തങ്ങളുടെ അധീനതയിലായ സ്ഥലങ്ങള്‍ സൂക്ഷിക്കുവാനും തങ്ങളെ സംരക്ഷിക്കുവാനുമായി സമുറായ് എന്ന പേരില്‍ അറിയപ്പെട്ട യോദ്ധാക്കളെ നിയോഗിച്ചു.

12-ാം ശ. ആയപ്പോഴേക്കും ഫ്യൂജിവാറാ കുടുംബം ദുര്‍ബലമാവുകയും സമുറായ്കള്‍ക്കു നേതൃത്വം നല്കിയിരുന്ന ടെയ്റ (Taira), മിനാമോത്തോ (Minamoto) എന്നീ കുടുംബങ്ങള്‍ പ്രബലരാവുകയും ചെയ്തു. അധികാരത്തിനുവേണ്ടി യുദ്ധം ചെയ്യാന്‍ ഈ രണ്ടു കുടുംബങ്ങളും മുതിര്‍ന്നതോടെ ജപ്പാന്‍ ആഭ്യന്തരയുദ്ധത്തിന്റെ പിടിയിലമര്‍ന്നു. 1156-ലും 1159-60-ലും നടന്ന യുദ്ധത്തില്‍ ടെയ്റ കുടുംബം മുന്നേറുകയും അവരുടെ നേതാവായ കിയോമോറി (Kiyomori) ഭരണനേതൃസ്ഥാനത്തേക്കുയരുകയും ചെയ്തു. എന്നാല്‍ 1185-ല്‍ നടന്ന യുദ്ധത്തില്‍ ടെയ്റ കുടുംബത്തെ പരാജയപ്പെടുത്തിക്കൊണ്ട് മിനാമോത്തോ കുടുംബത്തിലെ യോറിത്തോമൊ (Yoritomo) നേതൃസ്ഥാനത്തേക്കുയര്‍ന്നു. ഇദ്ദേഹത്തിന്റെ ആസ്ഥാനം ടോക്യോയ്ക്കടുത്തുള്ള കാമാകൂറാ ആയിരുന്നു. 1192-ല്‍ ചക്രവര്‍ത്തിയില്‍ നിന്നും ഷോഗണ്‍ പദവി (രാജ്യത്തെ ഉന്നത സൈനിക പദവി) നേടിയ ഇദ്ദേഹം സിവില്‍ സൈനിക അധികാരങ്ങള്‍ ഷോഗണില്‍ സമന്വയിപ്പിച്ചുകൊണ്ടുള്ള സൈനിക ഭരണപദ്ധതി ആവിഷ്കരിച്ചു. ഷോഗണ്‍ കാലഘട്ടം 1867 വരെ നിലനിന്നു. ഷോഗണ്‍ കാലഘട്ടവും രാജ്യത്തിന്റെ ചക്രവര്‍ത്തിമാരെ അപ്രസക്തരാക്കുന്ന തരത്തിലുള്ളതായിരുന്നു. സൈനിക ഭരണം നിലവില്‍ വന്നതോടെ രാജഭരണത്തിന്റെ ആസ്ഥാനമായ ക്യോടോയുടെ പ്രാധാന്യം കുറഞ്ഞു. യോറിത്തോമൊ തുടക്കം കുറിച്ച ഷോഗനെറ്റ് സമ്പ്രദായം രാജ്യത്ത് നിലനിന്ന ഫ്യൂഡല്‍ വ്യവസ്ഥിതിക്ക് ആക്കം കൂട്ടി.

ദേശീയ ഇന്‍ഡോര്‍ സ്റ്റേഡിയം

യോറിത്തോമോയ്ക്കു ശേഷം മിനാമോത്തോ കുടുംബത്തെ ഒഴിവാക്കിക്കൊണ്ട് മറ്റൊരു കുടുംബമായ ഹോജൊ (Hojo) 1200-ഓടെ കാമാകൂറാ ഷോഗനെറ്റില്‍ ആധിപത്യം സ്ഥാപിച്ചു. ഏകദേശം നൂറു വര്‍ഷക്കാലം ഹോജൊ കുടുംബം ഭരണനേതൃത്വത്തിലുണ്ടായിരുന്നു. ഇക്കാലത്ത് മംഗോള്‍ ചക്രവര്‍ത്തിയായിരുന്ന കുബ്ളൈഖാന്‍ ജപ്പാനെ ആക്രമിച്ചു കീഴടക്കുവാന്‍ നടത്തിയ ശ്രമങ്ങല്‍ (1274, 1281) പരാജയപ്പെട്ടു.

സുമോ ഗുസ്തി

ആഭ്യന്തരക്കുഴപ്പം മൂലം 14-ാം ശ.-ത്തോടെ ഹോജൊ കുടുംബത്തിന്റെ രാഷ്ട്രീയ മേല്‍ക്കോയ്മയ്ക്ക് ഇടിവു സംഭവിച്ചു. 1330-കളില്‍ ഡയ്ഗോ II ചക്രവര്‍ത്തി (Daigo II) ജപ്പാനില്‍ സാമ്രാജ്യത്വഭരണം ശക്തിപ്പെടുത്തുന്നതിനു ശ്രമിച്ചു. ഹോജൊ കുടുംബം സ്ഥാനഭ്രഷ്ടരായെങ്കിലും 1336-ല്‍ ഡയ്ഗോയുടെ ആശ്രിതന്‍ അഷികാഗാ (Ashikaga ) ഡയ്ഗോയ്ക്കെതിരെ കലാപത്തിനു മുതിര്‍ന്നതോടെ ചക്രവര്‍ത്തിഭരണം പുനഃസ്ഥാപിക്കുവാനുള്ള ശ്രമം പരാജയപ്പെട്ടു. ചക്രവര്‍ത്തിയില്‍ നിന്നും ഷോഗണ്‍ പദവി ലഭിച്ച അഷികാഗാ ക്യോടോ ആസ്ഥാനമാക്കി ഭരണം സ്ഥാപിച്ചു (1338). ജപ്പാനില്‍ സാംസ്കാരിക വികസനത്തിന്റെ കാലമായിരുന്നു ഇത്. ക്യോടോ ഒരു സാംസ്കാരിക കേന്ദ്രമായി വികസിച്ചു.

ഷോഗണിലെ സാമന്തര്‍ തമ്മിലുള്ള അധികാരത്തര്‍ക്കത്തില്‍ നിന്നും 1467-ല്‍ ആരംഭിച്ച ഓനിന്‍ യുദ്ധം (Onin war) 1477 വരെ നീണ്ടുനിന്നു. ഇതോടെ അഷികാഗാ ഷോഗണിന്റെ ശക്തി ക്ഷയിക്കാന്‍ തുടങ്ങി. തുടര്‍ന്നുള്ള നൂറു വര്‍ഷക്കാലം അഷികാഗാ ഷോഗണിനു ഭീഷണിയാകുന്ന തരത്തില്‍ ഫ്യൂഡല്‍ പ്രഭുക്കന്മാര്‍ ശക്തരാവുകയും അവര്‍ തമ്മിലുള്ള പോരാട്ടങ്ങള്‍ ഈ കാലത്തെ പ്രക്ഷുബ്ധമാക്കുകയും ചെയ്തു. അക്കാലം വരെ നിലവിലിരുന്ന തദ്ദേശഭരണം നിര്‍വഹിച്ചിരുന്ന സൈനിക ഗവര്‍ണര്‍മാരുടെ സ്ഥാനത്ത് ഡീമ്യൊ (Daimyo) എന്ന സ്വതന്ത്ര ഫ്യൂഡല്‍ ഭരണാധിപന്മാര്‍ അധികാരത്തില്‍ വന്നു. എന്നാല്‍ ആഭ്യന്തരയുദ്ധത്തിനിടയിലും ജപ്പാന് സാമ്പത്തികമായും വാണിജ്യപരമായും അഭിവൃദ്ധിയുണ്ടായി. 1543-ല്‍ പോര്‍ച്ചുഗീസ് നാവികര്‍ വാണിജ്യാര്‍ഥം ജപ്പാനില്‍ എത്തിയതോടെ ജപ്പാന് യൂറോപ്യന്‍ ബന്ധമുണ്ടായി. സ്പെയിന്‍കാരായിരുന്നു തുടര്‍ന്നെത്തിയ യൂറോപ്യന്മാര്‍. 1549-ല്‍ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ ജപ്പാനിലെത്തി ക്രിസ്തുമതം പ്രചരിപ്പിക്കുന്നതിലേര്‍പ്പെട്ടു. തുടര്‍ന്നുള്ള നൂറുവര്‍ഷക്കാലം യൂറോപ്പുമായുള്ള വാണിജ്യബന്ധം വിപുലമായി.

ഹെദാഓഷി

1560-കള്‍ മുതല്‍ ഡീമ്യൊകളെ ഏകോപിപ്പിച്ചുകൊണ്ട് ഭരണം നടത്തുന്നതിനുള്ള നീക്കം വിവിധ മേഖലകളില്‍ നിന്നുണ്ടായിക്കൊണ്ടിരുന്നു. 1582 മുതല്‍ ഇപ്രകാരം ശ്രമിച്ചുകൊണ്ടിരുന്ന ഹെദാഓഷി (Hideyoshi 1536-98) 1590 ആയപ്പോഴേക്കും ജപ്പാനില്‍ അധികാരം സ്ഥാപിച്ചു കഴിഞ്ഞു. ഇദ്ദേഹം സാമ്രാജ്യവിസ്തൃതി ലക്ഷ്യമാക്കി 1592-ലും 1596-ലും കൊറിയയെ ആക്രമിച്ചെങ്കിലും പരാജയപ്പെട്ടു.

ഹെദാഓഷിയുടെ മരണശേഷമുണ്ടായ അധികാര വടംവലിയില്‍ ടോക്കുഗാവാ ഇയെയാസു (Tokugawa leyasu) 1600-ല്‍ അധികാരം സ്ഥാപിച്ചു. ഇദ്ദേഹത്തിന് 1603-ല്‍ ഷോഗനെറ്റ് പദവി ലഭിച്ചു. ടോക്കുഗാവാ ഷോഗനെറ്റ് 1868 വരെ ഭരണം നടത്തി. എദോ (Edo) ആയിരുന്നു ആസ്ഥാനം (1868-ല്‍ ടോക്യോ എന്ന് പേരുമാറി).

ഇക്കാലത്ത് കാര്യശേഷിയുള്ളതും കേന്ദ്രീകൃതവുമായ ഭരണം നിലനിന്നു. ഭരണസ്ഥിരതയും ആഭ്യന്തരസമാധാനവും ഉള്ളതായിരുന്നു ഇക്കാലം. ടോക്കുഗാവാ ഷോഗണ്‍ കാലത്ത് ജപ്പാനിലെ സമൂഹം ഉച്ചനീചത്വമുള്ള നിരവധി തട്ടുകളായി വിഭജിക്കപ്പെട്ടിരുന്നു. തനതായ നിയമസംഹിത, നാണ്യവ്യവസ്ഥ എന്നിവ നടപ്പില്‍ വരുത്തി. മറ്റു രാജ്യങ്ങളില്‍ നിന്നും ഒറ്റപ്പെട്ടുനില്ക്കുന്ന നയമാണ് ഷോഗനെറ്റ് സ്വീകരിച്ചത്. ക്രിസ്ത്യന്‍ മിഷണറിമാര്‍ ജപ്പാനില്‍ എത്തി മതപരിവര്‍ത്തനം നടത്തിയത് ഭരണാധികാരികളെ ആശങ്കാകുലരാക്കി. ക്രിസ്തുമതത്തോടൊപ്പം പാശ്ചാത്യശക്തികളും ജപ്പാനില്‍ ആധിപത്യം സ്ഥാപിച്ചേക്കാം എന്നവര്‍ ഭയപ്പെട്ടു. അതിനാല്‍ ക്രിസ്തുമതപ്രചാരണവും വിദേശരാജ്യങ്ങള്‍ ജപ്പാനില്‍ വാണിജ്യകാര്യങ്ങളില്‍ ഇടപെടുന്നതും ഒഴിവാക്കാന്‍ ഷോഗനെറ്റ് നടപടികളെടുത്തു. ടോക്കുഗാവാ കാലത്ത് രാജ്യത്തിന്റെ കാര്‍ഷിക അടിത്തറ പ്രബലമായി, വ്യവസായവും വാണിജ്യവും അഭിവൃദ്ധിപ്പെടുകയും വാണിജ്യനഗരങ്ങള്‍ വികാസം പ്രാപിക്കുകയും ചെയ്തു.

ക്യോട്ടോയിലെ പുരാതന രാജകൊട്ടാരം 794

18-ാം ശ.-ന്റെ മധ്യത്തോടെ ജപ്പാന്‍ ഒരു പരിവര്‍ത്തനത്തിന്റെ വക്കിലെത്തി. ചില പ്രഭുകുടുംബങ്ങളും സമുറായ്കളും ഭരണത്തോട് അസന്തുഷ്ടിയുള്ളവരായി. വിദേശ ശക്തികളുടെ വെല്ലുവിളികളും ടോക്കുഗാവാ ഭരണത്തിന് ഭീഷണിയായി. 19-ാം ശ.-ന്റെ മധ്യത്തോടെ ജപ്പാന്റെ പരമ്പരാഗതമായ ഒറ്റപ്പെട്ടുനില്ക്കല്‍ നയത്തിനെതിരെ വിദേശത്തു നിന്നും സമ്മര്‍ദമുണ്ടായി. 1853-ല്‍ യു.എസ്. പ്രതിനിധി മാത്യു സി.പെറി (Mathew C. Perry ) വാണിജ്യചര്‍ച്ചകള്‍ക്കായി ജപ്പാനിലെത്തി. 1854 മാ.-ല്‍ വാണിജ്യ കരാറുണ്ടാക്കി.

ഒറ്റപ്പെട്ടു നില്ക്കല്‍ നയത്തിലുണ്ടായ പ്രകടമായ ഈ വ്യതിയാനം ഒരു വിഭാഗം ഫ്യൂഡല്‍ പ്രഭുക്കന്മാര്‍ക്കും സമുറായ്കള്‍ക്കും സ്വീകാര്യമായിരുന്നില്ല. ഈ വ്യതിയാനത്തിന്റെ പേരില്‍ അവര്‍ ഷോഗനെറ്റിനെ രാഷ്ട്രീയമായി എതിര്‍ത്തു. വിദേശീയരില്‍ നിന്നും നാടിനെ സംരക്ഷിക്കുന്നതില്‍ ഷോഗണ്‍ പരാജയപ്പെട്ടു എന്ന് ടോക്കുഗാവാ ഭരണത്തെ എതിര്‍ത്ത ഇക്കൂട്ടര്‍ ആക്ഷേപം ഉന്നയിച്ചു. ഇവര്‍ ടോക്കുഗാവാ വിരുദ്ധ ചേരി സൃഷ്ടിച്ചുകൊണ്ട് എതിര്‍ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടു. 1867-68 ആയപ്പോഴേക്കും ഇരു വിഭാഗവും തമ്മിലുള്ള മത്സരം ടോക്കുഗാവാ ഭരണത്തിന്റെ പതനത്തില്‍ കലാശിച്ചു. പതിനഞ്ചാമത്തെയും അവസാനത്തെയും ടോക്കുഗാവാ ഭരണാധികാരി ഷോഗണ്‍ കെയ്കോ 1867 ഒ. 14-ന് തന്റെ അധികാരം ചക്രവര്‍ത്തിക്കു സമര്‍പ്പിച്ചു സ്ഥാനമൊഴിഞ്ഞു.

മെയ്ജി ചക്രവര്‍ത്തി

ആധുനിക കാലഘട്ടം. 1868-ല്‍ ജപ്പാന്റ ചരിത്രത്തില്‍ ഒരു പുതുയുഗത്തിന് തുടക്കം കുറിച്ചു. മെയ്ജി (Meiji) ചക്രവര്‍ത്തി (1852-1912) അധികാരം പുനഃസ്ഥാപിച്ചു. ജപ്പാന്റെ സാമ്രാജ്യതലസ്ഥാനം ക്യോട്ടോയില്‍ നിന്നും എദോയിലേക്കു മാറ്റി; ടോക്യോ എന്ന് പുനര്‍നാമകരണം നടത്തി. ടോക്കുഗാവാ ഭരണത്തിനും എഴുന്നൂറോളം വര്‍ഷക്കാലം ജപ്പാനില്‍ നിലനിന്ന ഫ്യൂഡല്‍ ഭരണത്തിനും അന്ത്യം കുറിച്ചു. രാഷ്ട്രീയ സാമൂഹിക, സാമ്പത്തിക, സാംസ്കാരിക രംഗത്തെ നവീകരണമായിരുന്നു പുതിയ ഭരണകൂടത്തിന്റെ ലക്ഷ്യം.

മറ്റു ലോകരാജ്യങ്ങളോടു കിടപിടിക്കത്തക്ക രീതിയില്‍ ജപ്പാനെ നവീകരിക്കുന്നതിനാവശ്യമായ നയമാറ്റം ഈ ഭരണകൂടം നടത്തി. രാഷ്ട്രീയവ്യവസ്ഥയും സാമൂഹ്യക്രമവും സാമ്പത്തിക വ്യവസ്ഥിതിയും കാലോചിതമായി പരിഷ്കരിക്കുവാന്‍ മെയ്ജി ഭരണകൂടം തയ്യാറായി. ഇതിനായി വിദേശത്തേക്ക്, പ്രത്യേകിച്ച് യൂറോപ്പിലേക്ക് പ്രതിനിധികളെ അയച്ചു. ടോക്കുഗാവാ ഭരണകാലത്തുണ്ടായിരുന്ന വര്‍ഗ വ്യവസ്ഥിതി ഇല്ലാതാക്കി. സമഗ്രമായ വിദ്യാഭ്യാസ പദ്ധതി ആവിഷ്കരിച്ചു. ഗവണ്‍മെന്റുടമയില്‍ വ്യവസായ സംരംഭങ്ങള്‍ കൊണ്ടുവന്നു. സമുറായിയുടെ സ്ഥാനത്ത് ആധുനിക രീതിയിലുള്ള നാവികസേനയും കരസേനയും സംഘടിപ്പിച്ചു. പാശ്ചാത്യമാതൃകയില്‍ ഭരണം പുനഃസംഘടിപ്പിച്ചു. 1889-ല്‍ പുതിയ ഭരണഘടന നിലവല്‍ വന്നു (ഇത് 1947 വരെ നിലനിന്നു). ചക്രവര്‍ത്തിക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്കി, പ്രധാനമന്ത്രിയും മറ്റു മന്ത്രിമാരുമുള്ള മന്ത്രിസഭയും രണ്ടു മണ്ഡലങ്ങളുള്ള പാര്‍ലമെന്റും (ഡയറ്റ്) നിലവില്‍ വന്നു. പുതിയ നിയമ വ്യവസ്ഥിതിയും നാണ്യവ്യവസ്ഥയും ബാങ്കിങ് സംവിധാനവും നടപ്പിലാക്കി.

ദ നാഷണല്‍ ഡയറ്റ് ബില്‍ഡിങ്

സേനാ നവീകരണവും വ്യവസായവത്കരണവും സാമ്പത്തിക മുന്നേറ്റവും സാധ്യമാക്കിയ ജപ്പാന്റെ ശ്രദ്ധ പിന്നീട് സാമ്രാജ്യവികസനത്തില്‍ കേന്ദ്രീകരിച്ചു. ഏഷ്യയില്‍ ആധിപത്യം സ്ഥാപിക്കുന്നതിനുള്ള മുന്നോടിയായി ജപ്പാന്‍ കൊറിയയില്‍ ശ്രദ്ധ പതിപ്പിച്ചു. ചൈനയും കൊറിയയില്‍ ജപ്പാനോടു മത്സരിച്ചു. ഈ മത്സരം 1894-95-ല്‍ ചൈന ജപ്പാന്‍ യുദ്ധത്തില്‍ കലാശിച്ചു. ഈ യുദ്ധത്തില്‍ ചൈനയുടെ മേല്‍ നേടിയ വിജയം ജപ്പാന് മറ്റു ശക്തികളുടെ അംഗീകാരം ലഭിക്കുന്നതിനുതകി. 1902-ല്‍ ജപ്പാന്‍ ഇംഗ്ലണ്ടുമായി സഖ്യമുണ്ടാക്കി. ഏഷ്യയില്‍ റഷ്യയുടെ ഭീഷണി തടയുന്നതിന് ജപ്പാന് ഈ സഖ്യം സഹായകമായി. 1904-05-ല്‍ നടന്ന യുദ്ധത്തില്‍ റഷ്യയ്ക്കുമേല്‍ നേടിയ വിജയം ജപ്പാനെ ഏഷ്യയിലെ ഏറ്റവും വലിയ സൈനിക ശക്തിയാക്കി മാറ്റി. കൊറിയയുടെ മേലുള്ള ജപ്പാന്റെ സ്വാധീനം ഈ യുദ്ധത്തോടെ വര്‍ധിച്ചു. 1910-ല്‍ കൊറിയ ജപ്പാന്റെ കോളനിയായി മാറി.

ജപ്പാനെ സാമ്പത്തികമായി ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ മെയ്ജി ഭരണം വ്യാവയാസിക വികസനത്തിനു നേതൃത്വം നല്കി. ആദ്യകാലത്ത് വ്യവസായ സംരംഭങ്ങള്‍ക്ക് ഗവണ്‍മെന്റുതന്നെ മുന്‍കൈയെടുത്തു. തുടര്‍ന്ന് സ്വകാര്യവ്യക്തികള്‍ ഈ രംഗത്തേക്കു വന്‍തോതില്‍ കടന്നുവന്നു. ഒന്നാം ലോക യുദ്ധത്തിന്റെ തുടക്കത്തില്‍ ജപ്പാന്‍ വ്യാവസായിക രംഗത്ത് വളരെ പുരോഗമിച്ചിരുന്നു.

അണുബോംബാക്രമണത്തില്‍ തകര്‍ന്നടിഞ്ഞ ഹിരോഷ്മ നഗരം

ഒന്നാം ലോകയുദ്ധത്തില്‍ ജപ്പാന്‍ സഖ്യകക്ഷികളോടൊപ്പമായിരുന്നു. കൂടുതലും പസിഫിക് മേഖലയിലായിരുന്നു ജപ്പാന്‍ യുദ്ധത്തിലേര്‍പ്പെട്ടത്. ചൈനയിലും ദക്ഷിണ പസിഫിക്കിലുമുള്ള ജര്‍മന്‍ അധീനപ്രദേശങ്ങള്‍ കൈവശപ്പെടുത്തുന്നതില്‍ ജപ്പാന്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ചൈനയെ സാമന്ത രാജ്യമാക്കുന്നതിനു സമാനമായ തരത്തിലുള്ള ഇരുപത്തൊന്ന് ആവശ്യങ്ങള്‍ (1915) ജപ്പാന്‍ ഉന്നയിച്ചു. എന്നാല്‍ ചൈനയുടെയും യു.എസ്സിന്റെയും എതിര്‍പ്പിനു മുന്നില്‍ ഈ ആവശ്യങ്ങളില്‍ ചിലത് ഉപേക്ഷിക്കുവാന്‍ ജപ്പാന്‍ നിര്‍ബന്ധിതമായെങ്കിലും അംഗീകരിച്ചു കിട്ടിയ ആവശ്യങ്ങള്‍ ജപ്പാനെ സംബന്ധിച്ച് നയപരമായ വിജയമായിരുന്നു. യുദ്ധാവസാനമായപ്പോഴേക്കും ജപ്പാന്റെ സാമ്പത്തിക സ്ഥിതി യുദ്ധാരംഭത്തിലുണ്ടായിരുന്ന അവസ്ഥയില്‍ നിന്നും വളരെയേറെ പുരോഗമിച്ചിരുന്നു.

യുദ്ധത്തിന് അന്ത്യം കുറിച്ച പാരിസ് സമാധാന സമ്മേളനത്തില്‍ (1919) ബ്രിട്ടന്‍, ഫ്രാന്‍സ്, ഇറ്റലി, യു.എസ്. എന്നീ രാജ്യങ്ങള്‍ക്കൊപ്പം നിര്‍ണായക സ്ഥാനം നേടിയ ജപ്പാന്‍ 1920-ല്‍ ലീഗ് ഒഫ് നേഷന്‍സില്‍ അംഗമായി. ജര്‍മനിയുടേതായി പസിഫിക്കിലുണ്ടായിരുന്ന പ്രദേശങ്ങള്‍ ലീഗ് ഒഫ് നേഷന്‍സിന്റെ മാന്‍ഡേറ്റ് ടെറിട്ടറി ആയി ജപ്പാന് ലഭിച്ചു.

യുദ്ധാനന്തരകാലം ജപ്പാനില്‍ രാഷ്ട്രീയവും സാമൂഹികവുമായ മാറ്റങ്ങളുടെ കാലമായിരുന്നു. ഭരണ നേതൃത്വത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രാധാന്യം വര്‍ധിപ്പിച്ചു. പുതിയ രാഷ്ട്രീയ സംഘടനകള്‍ പലതും ഉണ്ടായിക്കൊണ്ടിരുന്നു. ജനാധിപത്യം, ലിബറല്‍, സോഷ്യലിസ്റ്റ് സംഘടനകള്‍ സ്ഥാപിതമായി. വ്യാവസായിക, കാര്‍ഷിക, തൊഴിലാളി സംഘടനകള്‍ ശക്തി പ്രാപിച്ചു. 1925-ല്‍ പ്രായപൂര്‍ത്തി വോട്ടവകാശം നിലവില്‍ വന്നു. ജനപ്രതിനിധി സഭയിലെ ഭൂരിപക്ഷ കക്ഷിയുടെ നേതാവ് പ്രധാനമന്ത്രിയാകുന്ന കീഴ്വഴക്കം 1920-കളില്‍ നിലവില്‍ വന്നു. 1925-ല്‍ റഷ്യയുമായി ഉടമ്പടിയുണ്ടാക്കി. ആഗോളതലത്തിലും ലീഗ് ഒഫ് നേഷന്‍സിന്റെ പ്രവര്‍ത്തനത്തിലും ജപ്പാന്‍ സജീവമായി. 1923-ലെ ഭൂകമ്പം ജപ്പാനില്‍ ഏറെ നാശനഷ്ടങ്ങളുണ്ടാക്കി. 1920-കളിലെ സാമ്പത്തിക മാന്ദ്യം ജപ്പാനും അഭിമുഖീകരിക്കേണ്ടി വന്നു.

1930-കളില്‍ സൈനികശേഷി വര്‍ധിപ്പിക്കുന്നതില്‍ ജപ്പാന്‍ ശ്രദ്ധിച്ചിരുന്നു. ജപ്പാന്‍ സൈന്യം മഞ്ചൂറിയ കീഴടക്കി അവിടെ ഒരു പാവ ഗവണ്‍മെന്റ് സ്ഥാപിച്ചു (1931-32) ലീഗ് ഒഫ് നേഷന്‍സ് ജപ്പാന്റെ ഈ നടപടിയെ അപലപിച്ചു. 1933-ല്‍ ജപ്പാന്‍ ലീഗില്‍ നിന്നും പിന്മാറി. ഈ ദശകത്തില്‍ സൈന്യം ജപ്പാനിലെ സിവിലിയന്‍ ഭരണത്തില്‍ സ്വാധീനം ഉറപ്പിക്കാന്‍ ശ്രമം നടത്തി. 1932-ല്‍ പ്രധാനമന്ത്രി സുയോഷി ഇനൂകി(Tsuyoshi Inukai)യുടെ വധവും 1936-ല്‍ ഗവണ്‍മെന്റിനെ അട്ടിമറിക്കാനുള്ള ശ്രമവും ഉണ്ടായി. 1937-ല്‍ ചൈനയുമായി യുദ്ധം ഉണ്ടായി. 1938-ഓടെ ജപ്പാന്‍ ചൈനയില്‍ കൂടുതല്‍ സൈനിക മുന്നേറ്റം നടത്തി. ഇതിനിടെ ജപ്പാന്‍ ജര്‍മനിയുമായും ഇറ്റലിയുമായും കൂടുതല്‍ അടുത്തു.

രണ്ടാം ലോകയുദ്ധം ആരംഭിച്ചതോടെ ജപ്പാന്‍ ജര്‍മനിയും ഇറ്റലിയുമായി സഖ്യത്തിലേര്‍പ്പെട്ടു (1940). യു.എസ്സുമായുള്ള ബന്ധം വഷളായി തുടങ്ങി. ജപ്പാന്‍, ഹവായ്യിലെ യു.എസ്. സൈനികത്താവളമായ പേള്‍ ഹാര്‍ബര്‍ ആക്രമിച്ചു (1941 ഡി. 7). ഇതോടെ ജപ്പാന്‍ രണ്ടാം ലോകയുദ്ധത്തില്‍ നേരിട്ടേര്‍പ്പെട്ടു.

യുദ്ധത്തിന്റെ ആദ്യഘട്ടം ജപ്പാന് അനുകൂലമായിരുന്നു. ഏറ്റവും കൂടുതല്‍ ഭൂഭാഗങ്ങള്‍ ജപ്പാന്റെ അധീനതയില്‍ നിലനിന്നത് 1942-ല്‍ ആയിരുന്നു. ഫിലിപ്പീന്‍സ്, ബ്രിട്ടീഷ് മലയാ, മ്യാന്മര്‍, ഈസ്റ്റ് ഇന്‍ഡീസ് (ഇന്തോനേഷ്യ) എന്നീ പ്രദേശങ്ങള്‍ ജപ്പാന്‍ കീഴടക്കി. എന്നാല്‍ യു.എസ്സിനോട് ഉണ്ടായ തോല്വി (1942) മുതല്‍ സഖ്യകക്ഷികള്‍ക്ക് അടിയറവു പറയുന്നതു (1945) വരെ ജപ്പാന് യുദ്ധത്തില്‍ തുടര്‍ച്ചയായ പരാജയമാണു നേരിട്ടത്. 1945 ആഗ. 6-ന് ഹിരോഷിമയിലും ആഗ.9 നാഗസക്കിയിലും യു.എസ്. അണുബോംബ് വര്‍ഷിച്ചതോടെ ജപ്പാന്റെ പതനം പൂര്‍ണമായി. 1945 ആഗ.14-ന് ജപ്പാന്‍ സഖ്യകക്ഷികള്‍ക്കു കീഴടങ്ങാന്‍ സന്നദ്ധമായി. ഔദ്യോഗികമായ കീഴടങ്ങല്‍ ചടങ്ങ് 1945 സെപ്. 2-നു ടോക്യോ ഉള്‍ക്കടലില്‍ യു.എസ്.എസ്. മിസോറി എന്ന പടക്കപ്പലില്‍ നടന്നു. ജപ്പാന്‍ യു.എസ്സിന്റെ നേതൃത്വത്തിലുള്ള സഖ്യകക്ഷികളുടെ അധിനിവേശത്തിലായി. യു.എസ്. സൈന്യത്തിലെ ജനറല്‍ ഡഗ്ലസ് മക്ആര്‍തര്‍ സഖ്യകക്ഷികളുടെ സര്‍വസൈന്യാധിപനായി. ഇത് 1952 വരെ തുടര്‍ന്നു. കീഴടക്കിയ പ്രദേശങ്ങളൊക്കെയും ജപ്പാന് നഷ്ടമായി. ജപ്പാന്റെ സൈനികശേഷി കുറയ്ക്കാനും ജനാധിപത്യമര്യാദകള്‍ ജപ്പാനില്‍ നടപ്പിലാക്കുവാനും സഖ്യകക്ഷികള്‍ പ്രതിജ്ഞാബദ്ധമായിരുന്നു. ജനാധിപത്യവത്കരണത്തിന്റെ ആദ്യപടിയായി 1947 മേയില്‍ ജപ്പാനില്‍ പുതിയ ഭരണഘടന നിലവില്‍ വന്നു. ചക്രവര്‍ത്തി നാമമാത്ര ഭരണാധികാരിയായി. തനിക്കു പാരമ്പര്യമായി കല്പിച്ചുപോന്ന ദിവ്യത്വം ചക്രവര്‍ത്തി ത്യജിച്ചു. ഭരണാധികാരം ജനപ്രതിനിധി സഭയുടെ ഉത്തരവാദിത്വത്തിലായി. അധിനിവേശകാലത്ത് സാമ്പത്തിക പരിഷ്കാരങ്ങളും വിദ്യാഭ്യാസ നവീകരണവും ഭൂപരിഷ്കരണ പ്രവര്‍ത്തനങ്ങളും നടപ്പിലായി. തൊഴിലാളി സംഘടനാ രംഗം സജീവമായി. 1947-ലെ തിരഞ്ഞെടുപ്പില്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതൃത്വത്തിലുള്ള കൂട്ടുകക്ഷി ഗവണ്‍മെന്റ് നിലവില്‍ വന്നു. രാഷ്ട്രീയ കൂട്ടുകെട്ടിലും ഗവണ്‍മെന്റു രൂപവ്തകരണത്തിലും പിന്നീട് മാറ്റമുണ്ടായി. പുതിയ രാഷ്ട്രീയ കക്ഷികള്‍ ഉണ്ടാവുകയും ചെയ്തു. 1949 ആയപ്പോഴേക്കും സഖ്യകക്ഷികള്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണത്തില്‍ അയവു വരുത്തി. 1951 സെപ്. 8-ലെ സാന്‍ഫ്രാന്‍സിസ്കോ ഉടമ്പടി പ്രകാരം അധിനിവേശം 1952 ഏ. 28-ന് അവസാനിച്ചു. ഇതോടെ ജപ്പാന്‍ സ്വതന്ത്ര രാജ്യമായി നിലവില്‍ വന്നു. 1956-ല്‍ ജപ്പാന്‍ ഐക്യരാഷ്ട്രസഭയില്‍ അംഗമായി.

അധിനിവേശം അവസാനിച്ച ശേഷം ജപ്പാനില്‍ രാഷ്ട്രീയ പരിവര്‍ത്തനങ്ങളുണ്ടായി. നിലവിലുണ്ടായിരുന്ന രാഷ്ട്രീയ കക്ഷികള്‍ക്കു പുറമെ 1954 ന.-ല്‍ ജപ്പാന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാപിതമായി. 1955 ന.-ല്‍ ലിബറല്‍ പാര്‍ട്ടിയും ജപ്പാന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയും ലയിച്ച് ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി രൂപവത്കൃതമായി. തുടര്‍ന്ന് ജപ്പാനില്‍ ദീര്‍ഘകാലം ഭരണ നേതൃത്വത്തിലുണ്ടായിരുന്നത് ഈ കക്ഷിയാണ്.

1950-കളില്‍ തയ്വാന്‍, ഇന്ത്യ, ബര്‍മ (മ്യാന്മര്‍), ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി ജപ്പാന്‍ സമാധാന ഉടമ്പടികളുണ്ടാക്കിയിരുന്നു. യു.എസ്സുമായി ഉണ്ടാക്കിയ പ്രതിരോധ ഉടമ്പടി 1950-കളിലും 60-കളിലും ജപ്പാനില്‍ പരക്കെ പ്രതിഷേധത്തിനു കാരണമായി.

1926 മുതല്‍ ചക്രവര്‍ത്തിയായിരുന്ന ഹിരോഹിതോ 1989 ജനു.-ല്‍ മരണമടഞ്ഞു. അദ്ദേഹത്തിന്റെ പുത്രന്‍ അകിഹിതോ തുടര്‍ന്നു ചക്രവര്‍ത്തിയായി (നോ: അകിഹിതോ സുഗുണോമിയ). 38 വര്‍ഷത്തെ തുടര്‍ച്ചയായ ഭരണത്തിനുശേഷം 1993-ല്‍ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി പ്രതിപക്ഷത്താവുകയും മറ്റ് ഏഴു കക്ഷികള്‍ ചേര്‍ന്ന കൂട്ടുകക്ഷി ഭരണം നിലവില്‍ വരുകയും ചെയ്തു. 1994-ല്‍ രാഷ്ട്രീയ കൂട്ടുകെട്ടില്‍ ഉണ്ടായ മാറ്റത്തെത്തുടര്‍ന്ന് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയും ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയും ഒത്തുചേര്‍ന്ന് സോഷ്യലിസ്റ്റു പാര്‍ട്ടി നേതൃത്വത്തിലുള്ള ഗവണ്‍മെന്റുണ്ടാക്കി. ഈ ഗവണ്‍മെന്റിനെത്തുടര്‍ന്ന് 1996 മുതല്‍ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിനേതൃത്വത്തിലുള്ള ഗവണ്‍മെന്റാണ് ജപ്പാനില്‍ ഭരണം നടത്തുന്നത്. 1998 ജൂല.- 13-ന് റ്യൂതാരോ ഹാഷിമോതോ രാജിവച്ചതിനെ തുടര്‍ന്ന് കെയ്സോ ഒബുചി ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പുതിയ പ്രസിഡന്റും പ്രധാനമന്ത്രിയുമായി തെരഞ്ഞെടുക്കപ്പെട്ടു. ഇദ്ദേഹം ജൂല. 30-ന് അധികാരമേറ്റു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍