This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജാനകി അമ്മാള്‍, ഇ.കെ. (1897 - 1984)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:22, 21 ഫെബ്രുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജാനകി അമ്മാള്‍, ഇ.കെ. (1897 - 1984)

ഇ.കെ.ജാനകി അമ്മാള്‍

ഭാരതീയ ജനിതക ശാസ്ത്രജ്ഞ. 1897 ന. 4-നു തലശ്ശേരിയില്‍ ജനിച്ചു. ദിവാന്‍ ബഹദൂര്‍ ഇ.കെ. കൃഷ്ണനും കുര്യെയി ദേവിയുമാണ് മാതാപിതാക്കള്‍. പ്രാഥമിക വിദ്യാഭ്യാസം തലശ്ശേരിയിലും ഹൈസ്കൂള്‍ വിദ്യാഭ്യാസം മദ്രാസിലും ആയിരുന്നു. മദ്രാസ് പ്രസിഡന്‍സി കോളജില്‍ നിന്ന് ബി.എ. ബിരുദം നേടിയ ഇവര്‍ 1921-ല്‍ സസ്യശാസ്ത്രത്തിലും 1923-ല്‍ ഭൂഗര്‍ഭശാസ്ത്രത്തിലും ബിരുദാനന്തരബിരുദം സമ്പാദിച്ചു. രണ്ടുവര്‍ഷം മദ്രാസ് വിമന്‍സ് കോളജില്‍ അധ്യാപനം നടത്തിയശേഷം യു.എസ്സില്‍ എത്തിയ അമ്മാള്‍ മിഷിഗന്‍ സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും (1925) ഡി.എസ്സി ബിരുദവും (1931) നേടി. മിഷിഗന്‍ സര്‍വകലാശാല ഓണററി എല്‍.എല്‍.ഡി. ബിരുദം നല്കി അമ്മാളെ ബഹുമാനിക്കുകയുണ്ടായി.

അമേരിക്കയില്‍ നിന്നു തിരിച്ചെത്തിയ അമ്മാളിന് തിരുവനന്തപുരത്തെ മഹാരാജാസ് കോളജ് ഒഫ് സയന്‍സില്‍ (ഇന്നത്തെ യൂണിവേഴ്സിറ്റി കോളജ്) സസ്യശാസ്ത്ര പ്രൊഫസറായി നിയമനം ലഭിച്ചു. 1934-ല്‍ കോയമ്പത്തൂരിലെ കരിമ്പു ഗവേഷണ കേന്ദ്രത്തില്‍ ജനിതകശാസ്ത്രജ്ഞയായി   ചേര്‍ന്നു. അവിടെ ഇവര്‍ നടത്തിയ ഗവേഷണങ്ങളും കണ്ടുപിടിത്തങ്ങളും ലോകപ്രസിദ്ധമാണ്. 1939-ല്‍ അവിടെ നിന്ന് ഇംഗ്ലണ്ടിലെ 'ജോണ്‍ ഇന്‍സ് ഹോര്‍ട്ടികള്‍ച്ചറല്‍ ഇന്‍സ്റ്റിറ്റ്യൂഷ'നിലെത്തിയ ഇവര്‍ അസിസ്റ്റന്റ് സൈറ്റോളജിസ്റ്റ് ആയി നിയമിതയായി. 1946 മുതല്‍ 52 വരെ ലണ്ടനിലെ റോയല്‍ ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റിയില്‍ സൈറ്റോളജിസ്റ്റായി ഗവേഷണം തുടര്‍ന്നു. 1952-ല്‍ ബൊട്ടാണിക്കല്‍ സര്‍വേ ഒഫ് ഇന്ത്യ പുനഃസംഘടിപ്പിക്കുന്നതിനുവേണ്ടി അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവാഹര്‍ലാല്‍ നെഹ്റുവിന്റെ ക്ഷണം സ്വീകരിച്ചു കൊല്‍ക്കത്തയിലെത്തി. സെന്‍ട്രല്‍ ലബോറട്ടറി (ലഖ്നൌ), റിസര്‍ച്ച് ലബോറട്ടറി (ജമ്മു) എന്നിവയുടെ ഡയറക്ടര്‍, ഭാഭാ ആറ്റോമിക് റിസര്‍ച്ച് ലബോറട്ടറിയിലെ വിസിറ്റിങ് പ്രൊഫസര്‍ മുതലായ സ്ഥാനങ്ങള്‍ ഇവര്‍ അലങ്കരിച്ചിട്ടുണ്ട്. 1957-ല്‍ മദ്രാസ് സര്‍വകലാശാലയില്‍ എമരിറ്റസ് സയന്റിസ്റ്റ് ആയി. 1984 ഫെ. 2-നു നിര്യാതയാകുന്നതുവരെ അവിടെത്തന്നെ ഗവേഷണം തുടര്‍ന്നു.

ലണ്ടന്‍ ലിനിയന്‍ സൊസൈറ്റി, അമേരിക്കന്‍ ജനറ്റിക്സ് സൊസൈറ്റി, റോയല്‍ ജിയോഗ്രഫിക് സൊസൈറ്റി, സിഗ്മത്ധ സൊസൈറ്റി ഒഫ് യു.എസ്.എ., ഇന്ത്യന്‍ നാഷണല്‍ സയന്‍സ് അക്കാദമി തുടങ്ങിയ സംഘടനകള്‍ ഫെലോഷിപ്പുകള്‍ നല്കി അമ്മാളിനെ ആദരിക്കുകയുണ്ടായി.

അമ്മാള്‍ വികസിപ്പിച്ചെടുത്ത സങ്കരയിനം കരിമ്പിനങ്ങളാണ് ഫിലിപ്പൈന്‍സുള്‍പ്പെടെ മിക്ക രാജ്യങ്ങളിലും കൃഷിചെയ്തു വരുന്നത്. ടൂളിപ്പുകള്‍, റോഡോസെന്‍ഡ്രോണ്‍ തുടങ്ങിയ സസ്യങ്ങള്‍; വന്‍കരകളുടെ നീക്കങ്ങളും ചലനങ്ങളും; ഹിമാലയന്‍ പര്‍വതനിരകളുടെ ഉദ്ഭവം തുടങ്ങി വിവിധ വിഷയങ്ങളില്‍ ഇവര്‍ ഗവേഷണം നടത്തിയിട്ടുണ്ട്. ക്യാന്‍സറിന്റെ കാരണങ്ങളെക്കുറിച്ച് ആദ്യമായി ഗവേഷണം നടത്തിയവരിലൊരാളാണ് അമ്മാള്‍. ഇവര്‍ രചിച്ച പ്രശസ്ത ഗ്രന്ഥമാണ് ക്രോമസോം അറ്റ്ലസ് ഒഫ് ദ് കള്‍ട്ടിവേറ്റഡ് പ്ലാന്റ്സ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍