This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചേംബേഴ്സ്, വില്യം (1723 - 96)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:25, 30 മാര്‍ച്ച് 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ചേംബേഴ്സ്, വില്യം (1723 - 96)

Chambers, William

ജോര്‍ജിയന്‍ കാലഘട്ടത്തിലെ ഒരു ബ്രിട്ടീഷ് എക്ലെക്റ്റിവ് വാസ്തുശില്പി. സ്കോട്ടിഷ് പിന്‍ഗാമിത്വമുള്ള ഒരു വ്യാപാരിയുടെ മകനായി 1723-ല്‍ സ്വീഡനിലെ ഗോട്ടെബോര്‍ഗില്‍ ജനിച്ചു. ഇംഗ്ലണ്ടിലെ റിപ്പണില്‍ പ്രാഥമികവിദ്യാഭ്യാസം നടത്തിയശേഷം സ്വീഡിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയില്‍ ജോലിക്കു ചേര്‍ന്നു. 1749-ല്‍ ചേംബേഴ്സ് പാരിസിലെ ജാക്വസ് ഫ്രാന്‍സ്വാ ബ്ളോണ്ടലിന്റെ കീഴില്‍ വാസ്തുവിദ്യ അഭ്യസിച്ചു. അടുത്തവര്‍ഷം റോമിലേക്കുപോയ ഇദ്ദേഹം 1755 വരെ അവിടെയും വാസ്തുവിദ്യാപഠനം തുടര്‍ന്നു. 1755-ല്‍ ഇംഗ്ലണ്ടില്‍ മടങ്ങിയെത്തി ലണ്ടനില്‍ സ്ഥിരതാമസമാക്കിയ ചേംബേഴ്സ് അന്നത്തെ വെയില്‍സ് രാജകുമാരന്റെ (ജോര്‍ജ് III) വാസ്തുവിദ്യാധ്യാപകനായി നിയമിതനായി. പില്ക്കാലത്ത് ഇംഗ്ലണ്ടിലെ ഔദ്യോഗിക വാസ്തുശില്പി ആകാനും അനവധി ഔദ്യോഗിക സ്ഥാനമാനങ്ങള്‍ അലങ്കരിക്കുവാനും ഈ നിയമനം ചേംബേഴ്സിനു സഹായകമായിത്തീര്‍ന്നു.

വില്യം ചേംബേഴ്സ് രൂപകല്പന ചെയ്ത സോമസ്റ്റര്‍ മന്ദിരം

ക്ലാസിക്കല്‍ വാസ്തുശില്പകലാരീതിയില്‍ ചേംബേഴ്സ് രൂപകല്പന നടത്തിയ വാസ്തുശില്പങ്ങളില്‍ വച്ചേറ്റവും പ്രസിദ്ധമായത് ലണ്ടനിലെ ബൃഹത്തായ സോമര്‍സെറ്റ് മന്ദിര(Somerset House)മാണ്.

ഇംഗ്ലണ്ടിലെ റോയല്‍ അക്കാദമിയുടെ സ്ഥാപകാംഗവും ആദ്യത്തെ ഖജാന്‍ജിയും ആയിരുന്നു ചേംബേഴ്സ്. റോബര്‍ട്ട് ആദമിനോടൊപ്പം 18-ാം ശതകത്തിന്റെ മൂന്നാം പാദത്തില്‍ ഇംഗ്ലീഷ് നിയോക്ലാസിക്കല്‍ വാസ്തുശില്പകലയുടെ നേതൃസ്ഥാനം അലങ്കരിച്ച ചേംബേഴ്സ് പല്ലേഡിയന്‍, റൊക്കോകൊ എന്നീ വാസ്തുവിദ്യാസമ്പ്രദായങ്ങളുടെ പ്രയോക്താക്കളില്‍ പ്രഥമഗണനീയരിലൊരാള്‍ കൂടിയാണ്. യൂറോപ്യന്‍ വാസ്തുശില്പകലയില്‍, പ്രത്യേകിച്ച് ഫ്രഞ്ച് വാസ്തുശില്പകലയില്‍ തനിക്കുള്ള ഗഹനമായ പാണ്ഡിത്യം ഉപയോഗിച്ച് ചേംബേഴ്സ് പല്ലേഡിയന്‍ സമ്പ്രദായത്തിനു പുതിയ മാനം നല്കിയെങ്കിലും ഇദ്ദേഹം പൊതുവേ അറിയപ്പെടുന്നത് ഒരു യാഥാസ്ഥിതിക വാസ്തുശില്പിയായിട്ടാണ്.

ചേംബേഴ്സിന്റെ സര്‍ഗാത്മക ശൈലി ഏറ്റവും കടുതല്‍ പ്രശോഭിതമാകുന്നത് ഇദ്ദേഹം തന്നെ രൂപകല്പന ചെയ്ത ചെറിയ വാസ്തുശില്പങ്ങളിലാണ്. ഇവയില്‍ പ്രധാനപ്പെട്ടവ ഡബ്ലിനടുത്തുള്ള മരിനൊയിലെ കാസിനൊ, വില്‍ട്ടണിലെ വാതായനം, റൊംഹാംടനിലെ ബെസ്ബെറൊയുടെ വില്ല, എഡിന്‍ബെര്‍ഗിലെ ഡഡിങ്സ്റ്റന്‍ മന്ദിരം, സറെയിലെ കിവോ കൊട്ടാരത്തിലെ ചിത്രപ്പണികളോടുകൂടിയ മന്ദിരങ്ങള്‍ എന്നിവയാണ്.

സ്വീഡിഷ് രാജാവില്‍ നിന്നും 'നൈറ്റ്ഹുഡ് ഒഫ് ദ പോളാര്‍ സ്റ്റാര്‍' ബഹുമതി 1772-ല്‍ ലഭിച്ച ചേംബേഴ്സിന് ഇംഗ്ലണ്ടിലെ 'സര്‍' (Sir) പദവിയും പിന്നീട് ലഭ്യമായി. ഡിസൈന്‍സ് ഒഫ് ചൈനീസ് ബില്‍ഡിങ്സ് (1757), എ ട്രീറ്റൈസ് ഓണ്‍ സിവില്‍ ആര്‍ക്കിടെക്ചര്‍ (1759), എ ഡെസര്‍ട്ടേഷന്‍ ഓണ്‍ ഓറിയന്റല്‍ ഗാര്‍ഡനിങ് (1772) തുടങ്ങിയ കൃതികളും ഇദ്ദേഹം രചിച്ചിട്ടുണ്ട്.

1796-ല്‍ ലണ്ടനില്‍ നിര്യാതനായി.
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍