This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചൈനീസ് മതങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

14:06, 6 ഫെബ്രുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ഉള്ളടക്കം

ചൈനീസ് മതങ്ങള്‍

ലോകസംസ്കാരത്തിനു വളരെ വിലപ്പെട്ട സംഭാവനകള്‍ നല്കിയിട്ടുള്ള ചൈന ആധ്യാത്മികരംഗത്തും മഹത്ത്വം നിലനിര്‍ത്തിയിട്ടുണ്ട്. ചരിത്രാതീതകാലം മുതല്‍ തന്നെ ചൈനീസ് ജനതയ്ക്ക് അവരുടേതായ മതവിശ്വാസങ്ങളും പാരമ്പര്യാനുഷ്ഠാനങ്ങളും ഉണ്ടായിരുന്നു. തയ്വാന്‍, ഹോങ്കോങ്, സിംഗപ്പൂര്‍ തുടങ്ങിയ മേഖലകളില്‍ നിലനില്ക്കുന്ന മതസ്ഥാപനങ്ങളുടെയും മതാനുഷ്ഠാനങ്ങളുടെയും ഉറവിടം ചൈനയാണ്.

ആമുഖം

അതിപുരാതനമായ ഒരു സാംസ്കാരിക പൈതൃകം ചൈനയ്ക്കുണ്ട്. ചരിത്രാതീതകാലത്ത് പല ജനവര്‍ഗങ്ങള്‍ ചൈനയില്‍ ഉണ്ടായിരുന്നു. സു.ബി.സി. 5000-ത്തില്‍ തന്നെ ഇതില്‍ പല ജനവിഭാഗങ്ങളും കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്നതായും വീട്ടുമൃഗങ്ങളെ വളര്‍ത്തിയിരുന്നതായും ചരിത്രരേഖകളുണ്ട്. ഇവരുടെ ശരീരഘടന ഇപ്പോഴത്തെ ചൈനക്കാരുടേതിനു സമാനമായിരുന്നു എന്നും തെളിവുകളുണ്ട്. നിയോലിത്തിക് കാലഘട്ടത്തില്‍ (സു.ബി.സി. 3200) നല്ല സാംസ്കാരിക നിലവാരം പുലര്‍ത്തിയിരുന്ന പല പ്രാദേശിക ജനവിഭാഗങ്ങളും ചൈനയില്‍ ഉണ്ടായിരുന്നു. പില്ക്കാലത്ത് ഇവിടങ്ങള്‍ ചൈനീസ് സംസ്കാരത്തിന്റെ കേന്ദ്രബിന്ദുക്കളായി മാറി. ബി.സി. 5000-ാമാണ്ടിനു മുമ്പുതന്നെ വ്യക്തമായ മതവിശ്വാസം ചൈനീസ് സംസ്കാരത്തിന്റെ ഭാഗമായി മാറിയിരുന്നു. പൂര്‍വികരെ ആരാധിക്കുക എന്നതായിരുന്നു അവരുടെ മതവിശ്വാസത്തിന്റെ ആരംഭം എന്നു കരുതാവുന്നതാണ്. ഒറ്റപ്പെട്ട ശവക്കല്ലറകളില്‍ ഒരു പ്രത്യേക ദിശയില്‍ തല വച്ച് മലര്‍ത്തിയായിരുന്നു ശവശരീരം മറവു ചെയ്തിരുന്നത്. ശവസംസ്കാരത്തോടനുബന്ധിച്ച് മതപരമായ ചില അനുഷ്ഠാനങ്ങളും നടത്തിയിരുന്നുവെന്ന് പര്യവേക്ഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. മരണാനന്തരജീവിതം ഉണ്ടെന്ന വിശ്വാസത്തിലാണ് ഇത്തരം അനുഷ്ഠാനങ്ങള്‍ നടന്നിരുന്നത്. മരണശേഷം മറ്റേതോ ലോകത്തില്‍ ജീവിതം തുടരുന്ന പൂര്‍വികരെ ആരാധിക്കുകയെന്നത് പാവനമായ കര്‍ത്തവ്യമായി പുരാതന ചൈനക്കാര്‍ കരുതിയിരുന്നു.

പ്രത്യേക ഭരണ കാലഘട്ടങ്ങള്‍

ഷങ് വംശ കാലഘട്ടം

ചൈനയിലെ ആദ്യത്തെ രാജവംശം എന്നു കരുതപ്പെടുന്ന ഷങ് (Shang) വംശക്കാരുടെ കാലത്ത് (സു.ബി.സി. 1523-1028) പൂര്‍വികരെ ആരാധിക്കുന്ന പതിവ് ജനങ്ങള്‍ക്കിടയില്‍ നിലനിന്നിരുന്നു. സമ്പന്നര്‍ ശവക്കുഴികളില്‍ മൃതദേഹത്തോടൊപ്പം ശിരച്ഛേദം ചെയ്യപ്പെട്ട അടിമകള്‍, കുതിരകള്‍, നായകള്‍, പിച്ചളപ്പാത്രങ്ങള്‍, രത്നങ്ങള്‍, വിലപിടിപ്പുള്ള മറ്റു വസ്തുക്കള്‍ എന്നിവയും അടക്കം ചെയ്തിരുന്നു. ഇഹലോകജീവിതത്തിലെപ്പോലെ തന്നെ മരണാനന്തര ജീവിതത്തിലും പിതൃക്കള്‍ സുഖസമൃദ്ധിയോടെ ജീവിക്കണമെന്ന പ്രത്യാശയിലാണ് ഇത്രയും ആഡംബരപൂര്‍വമായ ശവസംസ്കാരം നടത്തിവന്നത്. രോഗം മാറ്റുന്നതിനും കാര്‍ഷികവിള വര്‍ധിപ്പിക്കുന്നതിനും പിതൃക്കള്‍ക്ക് കഴിവുണ്ടെന്ന് അനന്തര തലമുറക്കാര്‍ വിശ്വസിച്ചു. പിതൃക്കളെക്കാള്‍ ശക്തരായ ദൈവങ്ങള്‍ പ്രപഞ്ചത്തിലുണ്ടെന്ന വിശ്വാസവും കാലക്രമത്തില്‍ രൂപംകൊണ്ടു. ദൈവങ്ങള്‍ക്കും തങ്ങള്‍ക്കും ഇടയില്‍ പിതൃക്കള്‍ മധ്യവര്‍ത്തികളായി വര്‍ത്തിക്കുമെന്നും അവര്‍ വിശ്വസിച്ചു. അനുഗ്രഹിക്കുവാനെന്നതുപോലെ തന്നെ ശിക്ഷിക്കുന്നതിനും പിതൃക്കള്‍ക്കു കഴിയുമെന്നു വിശ്വസിച്ച പിന്‍തലമുറക്കാര്‍, പിതൃക്കളെ പ്രീതിപ്പെടുത്തുവാനും അവര്‍ക്കു പ്രകോപനമുണ്ടാകാനിടയുള്ള പ്രവൃത്തികളില്‍ നിന്ന് അകന്നു നില്ക്കുവാനും പ്രത്യേകം ശ്രദ്ധിച്ചു. പിതൃക്കളെ ആരാധിക്കുന്നതോടൊപ്പം തന്നെ നദികള്‍, പര്‍വതങ്ങള്‍, മഴ, കൊടുങ്കാറ്റ് തുടങ്ങിയ പ്രതിഭാസങ്ങളെ ദൈവമായി സങ്കല്പിച്ച് ആരാധിക്കുന്ന പതിവും ഷങ് രാജവംശകാലത്തു നിലവില്‍ വന്നു. പിതൃക്കളെയും ദേവന്മാരെയും പ്രസാദിപ്പിക്കുന്നതിനു ജന്തുക്കളെയും പുഷ്പഫലാദികളെയും അവര്‍ അഗ്നിയില്‍ ഹോമിച്ചിരുന്നു.

ജോ വംശ കാലഘട്ടം

ഷങ് രാജവംശത്തിന്റെ പതനത്തിനുശേഷം ചൈനയില്‍ ഭരണഭാരമേറ്റ 'ജോ' (Chou) വംശരാജാക്കന്മാരുട കാലത്തും പിതൃപൂജയില്‍ അധിഷ്ഠിതമായ മതവിശ്വാസം ചൈനയില്‍ വളര്‍ന്നു വികസിച്ചുകൊണ്ടിരുന്നു. തങ്ങളുടെ ആരോഗ്യം, ദീര്‍ഘായുസ്, കാര്‍ഷികാഭിവൃദ്ധി തുടങ്ങിയവ പിതൃക്കളുടെ അനുഗ്രഹത്തെ ആശ്രയിച്ചിരിക്കുന്നുവെന്ന് ജോ വംശ കാലത്തെ ജനങ്ങള്‍ കരുതി. പിതൃപൂജയോടനുബന്ധിച്ച് ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്ന പതിവും ഇക്കാലത്തുണ്ടായി. ജനങ്ങളുടെ മതവിശ്വാസങ്ങളെയും അനുഷ്ഠാനങ്ങളെയും ക്രോഡീകരിച്ചുകൊണ്ട് ഐ ചിങ് (I ching) എന്നൊരു ഗ്രന്ഥവും ഇക്കാലത്തു പ്രത്യക്ഷപ്പെട്ടു. ഒരു വിജ്ഞാനഗ്രന്ഥമായും ഭരണാധിപന്മാര്‍ക്ക് ഒരു മാര്‍ഗദീപമായും ഈ ഗ്രന്ഥം അഗീകരിക്കപ്പെട്ടിരുന്നു. ഭൂമിയെ ആരാധിക്കുകയെന്നത് ഈ കാലഘട്ടത്തിലെ ഒരു പ്രത്യേകതയായിരുന്നു. തലസ്ഥാന നഗരിയിലും രാജ്യത്തിന്റെ മറ്റു പ്രധാന കേന്ദ്രങ്ങളിലും ഭൂമിയുടെ പ്രതീകങ്ങളായി പ്രത്യേകരൂപത്തില്‍ മണ്‍കൂനകള്‍ തയ്യാറാക്കി, അവയ്ക്കു മുമ്പില്‍ ആരാധന നടത്തിയിരുന്നു. രാജകുമാരന്റെ ജനനം, രാജാവിന്റെ സിംഹാസനാരോഹണം തുടങ്ങിയ വിശേഷ സന്ദര്‍ഭങ്ങളില്‍ ഇത്തരം മണ്‍കൂനകള്‍ക്കു മുമ്പില്‍ പ്രത്യേക തരത്തിലുള്ള ആരാധനകള്‍ നടത്തിയിരുന്നു. മാതാവായി സങ്കല്പിക്കപ്പെട്ടിരുന്ന ഭൂമിയുടെ ശക്തി ഈ മണ്‍കൂനകളില്‍ കേന്ദ്രീകരിച്ചിരിക്കുന്നുവെന്നായിരുന്നു ജനങ്ങളുടെ വിശ്വാസം. മണ്‍കൂനയ്ക്കു സമീപം പ്രത്യേകതരത്തില്‍ നട്ടുവളര്‍ത്തിയിരുന്ന ഒരു മരം ഭൂമിയെയും സ്വര്‍ഗത്തെയും ബന്ധിപ്പിക്കുന്ന കണ്ണിയായി അവര്‍ കരുതി. ഓരോ ഋതുഭേദത്തോടും അനുബന്ധിച്ച് പിതൃപൂജയും മറ്റ് ആരാധനകളും നടത്തുകയെന്നത് ജോ വംശകാലത്തെ പ്രഭുക്കന്മാര്‍ നിഷ്കര്‍ഷയോടെ പാലിച്ചിരുന്നു.

മനുഷ്യരുടെ പ്രവൃത്തികളിന്മേല്‍ സ്വര്‍ഗസ്ഥനായ ദൈവം നിയന്ത്രണം ചെലുത്തുന്നു എന്നൊരു സങ്കല്പവും ജോ രാജവംശകാലത്തു രൂപംകൊണ്ടു. 'ത്യാന്‍ മിങ്' (Tien-ming - Mandate of Heaven) എന്ന ഈ സിദ്ധാന്തമനുസരിച്ച് സ്വര്‍ഗത്തില്‍ നിവസിക്കുന്ന അത്യുന്നതനായ ദൈവം മനുഷ്യരുടെയിടയില്‍ ക്രമസമാധാനം നിലനിര്‍ത്തുന്നു. തന്റെ പ്രതിപുരുഷനായ രാജാവിലൂടെയാണ് ദൈവം ഈ ചുമതല നിര്‍വഹിക്കുന്നത്. 'സ്വര്‍ഗപുത്രന്‍' അഥവാ 'ത്യാന്‍ദ്സു' (Tientzu) എന്നാണ് ഇത്തരം രാജാക്കന്മാര്‍ അറിയപ്പെട്ടിരുന്നത്. ദൈവത്തിന്റെ പ്രതിപുരുഷന്‍ എന്ന നിലയില്‍ പ്രജകളുടെ ക്ഷേമകാര്യങ്ങള്‍ സംരക്ഷിക്കുകയാണ് രാജാവിന്റെ ചുമതല. ദുര്‍ഭരണം നടത്തുന്ന രാജാവിനെ സ്വര്‍ഗീയ നിര്‍ദേശം ലഭിക്കുമ്പോള്‍ സ്ഥാനഭ്രഷ്ടനാക്കി പകരം മറ്റൊരു രാജാവ് അഥവാ രാജവംശം ഭരണാധികാരം ഏറ്റെടുക്കും. 'ദൈവാഗമസിദ്ധാന്ത'(Theory of Divine Origin) ത്തില്‍ അടിയുറച്ച ഈ വിശ്വാസം പില്ക്കാലത്തുതന്നെ ചൈനയുടെ ഭരണസംവിധാനത്തെ സ്വാധീനിച്ചു. സ്വേച്ഛാധിപതിയായ ഏതൊരു രാജാവും സ്വര്‍ഗീയ നിര്‍ദേശപ്രകാരമാണ് താന്‍ ഭരണം നടത്തുന്നതെന്നു ന്യായീകരിക്കുവാന്‍ ശ്രമിച്ചിരുന്നു. രാജാവിനെതിരെ വിപ്ലവം സംഘടിപ്പിക്കുകയാണെങ്കില്‍ ആ വിപ്ലവത്തെ ന്യായീകരിക്കുന്നതിനു വിപ്ലവകാരികളും 'സ്വര്‍ഗീയ നിര്‍ദേശസിദ്ധാന്ത'ത്തെ ഉപയോഗപ്പെടുത്തിയിരുന്നു. അതിന്റെ ഫലമായി ഒരുതരം അരാജകത്വം തന്നെ ചൈനയില്‍ ഉടലെടുത്തുവെന്നു പറയാം. ദൈവത്തിന്റെ നിര്‍ദേശപ്രകാരമാണ് യുദ്ധം നടത്തുന്നത് എന്ന് അവകാശപ്പെടുന്ന രാജാവ് യുദ്ധത്തില്‍ പരാജയപ്പെടുകയാണെങ്കില്‍ അത് ദൈവത്തിന്റെ ബലഹീനതയായി വ്യാഖ്യാനിക്കപ്പെട്ടു. അതിന്റെ പരിണതഫലമെന്നവണ്ണം ദൈവത്തിന്റെ ശക്തിയെയും ദൈവത്തെ തന്നെയും ചോദ്യം ചെയ്യുവാന്‍ ചിലര്‍ മുതിര്‍ന്നു.

മതാചാരങ്ങള്‍ മനുഷ്യര്‍ക്ക് ഉപകാരപ്രദമാംവിധം രൂപപ്പെടുത്തണമെന്ന ചിന്താഗതിയാണ് മാ ത്സു (Mo Tzu സു.ബി.സി. 470-391) എന്ന ചിന്തകനുണ്ടായിരുന്നത്. പ്രപഞ്ചത്തെ മുഴുവന്‍ നിയന്ത്രിക്കുന്ന ഒരു ദൈവം ഉണ്ടെന്ന് ഇദ്ദേഹം പഠിപ്പിച്ചു. 'ട്യെന്‍' (Tien) എന്നാണ് ഈ ദൈവം അറിയപ്പെടുന്നത്. ട്യെന്‍ എല്ലാ മനുഷ്യര്‍ക്കും സ്നേഹം, സമാധാനം, ഐശ്വര്യം എന്നിവ പ്രദാനംചെയ്യുന്നു. എല്ലാ കാര്യങ്ങളും ഉടനുടന്‍ മനസ്സിലാക്കുന്ന ട്യെന്‍, ശിഷ്ടര്‍ക്കു നന്മയും ദുഷ്ടര്‍ക്ക് ശിക്ഷയും നല്കുന്നു. ബി.സി. 4-ാം ശ.-ല്‍ മങ്ദ്സു (Mengtzu) എന്ന മതചിന്തകന്‍ ജനമധ്യത്തില്‍ വലിയ സ്വാധീനം നേടി. ഭക്ഷണം, പാര്‍പ്പിടം തുടങ്ങിയ ഭൗതികാവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കാതെ ജനങ്ങളുടെ ആധ്യാത്മിക ഉന്നതിക്കുവേണ്ടി ശ്രമിക്കുന്നത് അര്‍ഥശൂന്യമാണെന്നായിരുന്നു മങ്ദ്സുവിന്റെ വാദം. നന്മയും തിന്മയും തമ്മില്‍ തിരിച്ചറിയുന്നതിനുള്ള കഴിവ് ഒരു ദൈവികദാനമെന്നവണ്ണം മനുഷ്യര്‍ക്കു ലഭിച്ചിട്ടുണ്ടെന്നു അദ്ദേഹം വിശ്വസിച്ചു. ഭൗതിക കാര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്കിയിരുന്നുവെങ്കിലും ആധ്യാത്മിക കാര്യങ്ങളുടെ പ്രാധാന്യവും മങ്ദ്സു വിസ്മരിച്ചില്ല. ബി.സി. 3-ാം ശ.-ല്‍ ജീവിച്ചിരുന്ന ഷന്‍ ജിങ് (Hsun Ching) എന്ന പണ്ഡിതനും ചൈനീസ് മതചിന്തകള്‍ക്ക് വിലപ്പെട്ട സംഭാവനകള്‍ നല്കി. സ്വര്‍ഗത്തെയും ദൈവത്തെയും കുറിച്ചുള്ള സങ്കല്പങ്ങള്‍ക്ക് ഇദ്ദേഹം പുതിയ മാനങ്ങള്‍ കണ്ടെത്തി. സ്വര്‍ഗം, ഭൂമി, മനുഷ്യര്‍ എന്നിവ പരസ്പരം വേര്‍പിരിഞ്ഞു നില്ക്കുന്ന മൂന്നു പ്രത്യേക പ്രതിഭാസങ്ങളായി ഇദ്ദേഹം വ്യാഖ്യാനിച്ചു. മതത്തിന്റെ പേരില്‍ നിര്‍വഹിക്കപ്പെടുന്ന ആചാരങ്ങള്‍ അധികവും സാമൂഹികമായി മാത്രം പ്രസക്തമാണ്. അതിനുദാഹരണമാണ് ശവസംസ്കാരാനുഷ്ഠാനങ്ങള്‍. മതത്തിന്റെ പേരില്‍ ജനങ്ങള്‍ നടത്തിവന്ന അര്‍ഥശൂന്യമായ അനേകം ആചാരങ്ങള്‍ക്കു വിരാമമിടുവാന്‍ ഷന്‍ ജിങ്ങിന്റെ ഉപദേശങ്ങള്‍ക്കു സാധിച്ചു.

ബി.സി. 3-ാം ശ.-ല്‍ ഛിന്‍ (Chin) രാജവംശം ചൈനയില്‍ അധികാരമേറ്റു. ഷീ-ഹ്വങ് ടി (Shih-Huang Ti) ആയിരുന്നു ഈ വംശത്തിലെ ശക്തനായ ഭരണാധികാരി. ഒരു രാജാവ് അധികാരത്തില്‍ വരണമെങ്കില്‍ ദൈവത്തിന്റെ (മതത്തിന്റെ) അംഗീകാരം ഉണ്ടായിരിക്കണമെന്ന പൗരാണിക ചൈനീസ് വിശ്വാസത്തെ ഷീ- ഹ്വങ് ടി നിഷേധിച്ചു. എങ്കിലും ചക്രവര്‍ത്തിയെ മതദ്വേഷിയായി ആരും കരുതിയില്ല. കാരണം, തന്റെ പര്യടനവേളകളില്‍ ചക്രവര്‍ത്തി സമീപമുള്ള ദേവലയങ്ങളില്‍ ആരാധന നടത്തുക പതിവായിരുന്നു. പ്രകൃതിശക്തികളെ ആരാധിക്കുന്ന പതിവിനെയും ഷീ-ഹ്വങ് ടി പ്രോത്സാഹിപ്പിച്ചു.

ഹാന്‍ വംശ കാലഘട്ടം.

ഛിന്‍ രാജവംശത്തിന്റെ പതനത്തെത്തുടര്‍ന്ന് ചൈനയില്‍ ഭരണമേറ്റ ഹാന്‍(Han)രാജവംശം എല്ലാ മതങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന നയം സ്വീകരിച്ചു. ജനങ്ങളുടെ ക്ഷേമം കൈവരിക്കുകയാണ് തങ്ങളുടെ മുഖ്യലക്ഷ്യമെന്ന് ഹാന്‍ വംശ ചക്രവര്‍ത്തിമാര്‍ വിശ്വസിച്ചു. രാജാക്കന്മാര്‍ക്കുള്ള അധികാരത്തിന്റെ ഉറവിടം 'സ്വര്‍ഗീയപാത' അഥവാ 'ദൗ' (ഠമീ) ആണെന്ന ചിന്തയും ഹാന്‍വംശ ചക്രവര്‍ത്തിമാരെ സ്വാധീനിച്ചിരുന്നു. വു (ബി.സി. 141-87) ടീ ചക്രവര്‍ത്തിയുടെ കാലത്ത് ചൈനയില്‍ ഒരു ഔദ്യോഗിക മതം തന്നെ ഉണ്ടായി. പ്രപഞ്ചത്തെ മുഴുവന്‍ നിയന്ത്രിക്കുന്ന 'തൈ ഈ' (Tai I) എന്ന ഒരു മഹാശക്തിയില്‍ കേന്ദ്രീകരിച്ചുള്ളതായിരുന്നു ഈ പുതിയ മതം. എല്ലാ ദൈവങ്ങളും ഒരുമിച്ചുകൂടുന്നുവെന്നു വിശ്വസിക്കപ്പെട്ടിരുന്ന തൈ (Tai) പര്‍വതത്തെ ഒരു പരിശുദ്ധ സ്ഥലമായി ചക്രവര്‍ത്തി പ്രഖ്യാപിച്ചു. മതാനുഷ്ഠാനങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള അനേകം ഗ്രന്ഥങ്ങളും ഹാന്‍വംശകാലത്തു രചിക്കപ്പെട്ടു. ലീചി (Lichi-Reward of Rites) എന്ന ഗ്രന്ഥം അവയില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു. ഹാന്‍ ചക്രവര്‍ത്തിമാര്‍ ദൈവത്തിന്റെ പ്രതിപുരുഷന്മാരാണെന്ന ചിന്ത ജനങ്ങളില്‍ വളര്‍ത്തിയെടുക്കുവാന്‍ അവര്‍ക്കു കഴിഞ്ഞു. പര്‍വതങ്ങളില്‍ അനശ്വരരായ നിരവധി ദൈവങ്ങള്‍ വസിക്കുന്നതായി ഹാന്‍ ചക്രവര്‍ത്തിമാര്‍ വിശ്വസിച്ചു. തങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുമ്പോള്‍ സഹായിക്കുവാന്‍ ഈ ദൈവങ്ങള്‍ ഇറങ്ങി വരുമെന്നും ഇവര്‍ പ്രത്യാശിച്ചു. പ്രത്യേക വ്യക്തിത്വത്തോടുകൂടി അനേകം ദേവന്മാര്‍ മനുഷ്യരെ സഹായിക്കുവാന്‍ സദാ സന്നദ്ധരായി കഴിയുന്നുവെന്ന വിശ്വാസവും ഹാന്‍ കാലഘട്ടത്തില്‍ പ്രബലമായി. മനുഷ്യര്‍ക്ക് സമാധാനവും ഐശ്വര്യവും ദീര്‍ഘായുസ്സും പ്രദാനം ചെയ്യുന്ന ഒരു രക്ഷകന്‍ ഒരു നാള്‍ പ്രത്യക്ഷപ്പെടുമെന്ന പ്രത്യാശയും അവര്‍ പുലര്‍ത്തിവന്നു.

തങ്-സൂങ് വംശ കാലഘട്ടം.

എ.ഡി. 7-ാം ശ. മുതല്‍ 14-ാം ശ. വരെയുള്ള കാലയളവില്‍ ചൈനയില്‍ മതപരമായ ജീവിതം പുതിയ രൂപവും ഭാവവും കൈവരിച്ചുവെന്നു പറയാം. തങ് (Tang), സൂങ് (Sung) എന്നീ രാജവംശങ്ങളാണ് ഈ കാലഘട്ടത്തില്‍ ചൈനയെ നിയന്ത്രിച്ചിരുന്നത്. ചൈനയിലെ പൗരാണിക മതങ്ങളെല്ലാം ഇക്കാലത്തു തഴച്ചു വളര്‍ന്നു. നെസ്തോറിയന്‍ വിഭാഗത്തില്‍പ്പെട്ട ക്രിസ്തുമതം, ഇസ്ലാം, സൊറോസ്ട്യ്രനിസം (Zoroastrianism) എന്നീ വിദേശമതങ്ങളും ചൈനയില്‍ പ്രചരിച്ചു. 1270-കളില്‍ മംഗോളിയന്‍ വംശജര്‍ ചൈനയുടെ വലിയൊരു ഭാഗം ആക്രമിച്ച് കൈവശപ്പെടുത്തി. മംഗോളിയന്‍ ഭരണകാലത്ത് (യുവാന്‍ രാജവംശം, 1271-1368) എല്ലാ മതങ്ങള്‍ക്കും ചൈനയില്‍ പ്രചാരം ലഭിച്ചു. 1368-ല്‍ ചൈനയില്‍ മംഗോള്‍ ഭരണം അവസാനിച്ചു. 1368 മുതല്‍ 1644 വരെ നീണ്ടുനിന്ന മിങ് വംശ ഭരണകാലത്ത് ചൈനയില്‍ മതപരമായ ജീവിതം വീണ്ടും ചില പരിവര്‍ത്തനങ്ങള്‍ കൈവരിച്ചു. മിങ് ഭരണാധികാരികള്‍ പൊതുവേ ദൗയിസത്തിന്റെ അനുകൂലികളായിരുന്നു.

കണ്‍ഫ്യൂഷ്യനിസം

ചൈനയിലെ മതവിശ്വാസങ്ങള്‍ക്ക് തത്ത്വചിന്തയുടെ പരിവേഷം കൈവന്നത് കണ്‍ഫ്യൂഷ്യനിസത്തിന്റെ ആവിര്‍ഭാവത്തോടുകൂടിയായിരുന്നു. സദാചാരമൂല്യങ്ങളിലും നീതിയിലും അധിഷ്ഠിതമായ ഒരു ഭരണസംവിധാനം ഉണ്ടായിക്കാണാന്‍ കണ്‍ഫ്യൂഷ്യസ് ആഗ്രഹിച്ചു. ഇദ്ദേഹത്തിന്റെ ഉപദേശങ്ങളില്‍ ധാരാളം പേര്‍ ആകൃഷ്ടരായി. സമൂഹത്തില്‍ സദാചാരമൂല്യങ്ങള്‍ നഷ്ടപ്പെടാതെ സൂക്ഷിക്കുകയാണ് തങ്ങളുടെ പ്രധാന ലക്ഷ്യം എന്ന് ഇദ്ദേഹം തന്റെ അനുയായികളെ നിരന്തരം ഉദ്ബോധിപ്പിച്ചുകൊണ്ടിരുന്നു. ദീര്‍ഘകാലം നീണ്ടു നിന്ന ഒരു സാമൂഹിക സദാചാരനവീകരണത്തിന് ഇദ്ദേഹം തുടക്കമിട്ടു. രാജാക്കന്മാര്‍ തങ്ങളുടെ മുന്‍ഗാമികളായ പിതൃക്കളോട് ഭക്തി കാണിക്കണം. പ്രജകളോടു കാരുണ്യം കാണിക്കണം തുടങ്ങിയവ കണ്‍ഫ്യൂഷ്യസിന്റെ പ്രധാന ആദര്‍ശങ്ങളായിരുന്നു. യഥാര്‍ഥ സദാചാര ബോധത്തോടുകൂടി ജീവിക്കുന്ന വ്യക്തിയെ ഒരു ശ്രേഷ്ഠനായ മനുഷ്യന്‍ (Superior Man) എന്നു കണ്‍ഫ്യൂഷ്യസ് വിശേഷിപ്പിച്ചിരുന്നു. എല്ലാ മനുഷ്യരെയും ശ്രേഷ്ഠാവസ്ഥയിലേക്കു നയിക്കുന്ന പാതയായി കണ്‍ഫ്യൂഷ്യന്‍ സിദ്ധാന്തങ്ങള്‍ പരിഗണിക്കപ്പെട്ടു. കാലക്രമത്തില്‍ കണ്‍ഫ്യൂഷ്യസിന്റെ അനുയായികള്‍ ഒരു പ്രത്യേക മതവിഭാഗമായി മാറി. ബി.സി. അഞ്ചും നാലും ശതകങ്ങളില്‍ ഈ മതവിഭാഗക്കാര്‍ക്ക് ചൈനീസ് സമൂഹത്തില്‍ ഗണ്യമായ സ്ഥാനം ലഭിച്ചിരുന്നു. ഷീ-ഹ്വാങ് ടി ചക്രവര്‍ത്തിയുടെ കാലത്ത് (ഭ.കാ. ബി.സി. 221-06) കണ്‍ഫ്യൂഷ്യനിസത്തിന്റെ പ്രതാപം ക്ഷയിച്ചു. എന്നാല്‍ ഹാന്‍ രാജവംശകാലത്ത് കണ്‍ഫ്യൂഷ്യനിസത്തിന്റെ സ്വാധീനം പുനര്‍ജനിച്ചു. കണ്‍ഫ്യൂഷ്യസ് രചിച്ച ഗ്രന്ഥങ്ങളും കണ്‍ഫ്യൂഷ്യന്‍ മതവുമായി ബന്ധപ്പെട്ട മറ്റു ഗ്രന്ഥങ്ങളും ചൈനയില്‍ പ്രചാരം നേടി. കണ്‍ഫ്യൂഷ്യസിന്റെ നാമധേയത്തിലുള്ള നിരവധി ആരാധനാലയങ്ങളും നിര്‍മിക്കപ്പെട്ടു.

ഹാന്‍ വംശഭരണത്തിന്റെ (ബി.സി. 202 എ.ഡി. 220) ഉത്തരാര്‍ധത്തില്‍ കണ്‍ഫ്യൂഷ്യനിസത്തില്‍ ഭിന്നിപ്പുണ്ടായി. കണ്‍ഫ്യൂഷ്യസിന് ദൈവിക പരിവേഷം നല്കുവാന്‍ ഒരു കൂട്ടം പണ്ഡിതന്മാര്‍ ശ്രമിച്ചു. വരും ശ.-ങ്ങളിലെ സംഭവങ്ങളെ പ്രവചിക്കത്തക്ക ദൈവികശക്തി കണ്‍ഫ്യൂഷ്യസിനുണ്ടായിരുന്നുവെന്ന് ഇക്കൂട്ടര്‍ വ്യാഖ്യാനിച്ചു. എന്നാല്‍ കണ്‍ഫ്യൂഷ്യസിനെ ദൈവമായി ആരാധിക്കുവാന്‍ ഈ മതത്തിലെ മറ്റൊരു കൂട്ടം പണ്ഡിതന്മാര്‍ വിസമ്മതിച്ചു. ആദ്യവിഭാഗക്കാര്‍ക്ക് രാജകുടുംബത്തിന്റെ പിന്തുണ ഉണ്ടായിരുന്നതിനാല്‍ കണ്‍ഫ്യൂഷ്യസിനു ദൈവികശക്തി ഉണ്ടായിരുന്നുവെന്ന ചിന്താഗതിക്ക് വലിയ സ്വാധീനം ലഭിച്ചു.

നവ-കണ്‍ഫ്യൂഷ്യനിസം

ഹാന്‍ രാജവംശത്തിന്റെ പതനത്തിനുശേഷം സദാചാരമൂല്യങ്ങളുടെ ഉറവിടം, സാമൂഹ്യാചാരക്രമം എന്നീ നിലകളില്‍ കണ്‍ഫ്യൂഷ്യനിസം ചൈനയില്‍ തുടര്‍ന്നുവെങ്കിലും കണ്‍ഫ്യൂഷ്യന്‍ തത്ത്വചിന്തയില്‍ കാര്യമായ വളര്‍ച്ചയൊന്നും ഉണ്ടായില്ല. എന്നാല്‍ 11-ാം ശ.-ല്‍ സ്ഥിതി ആകെ മാറി. തത്ത്വചിന്താധിഷ്ഠിതമായ പ്രസ്ഥാനമായി കണ്‍ഫ്യൂഷ്യനിസത്തെ വളര്‍ത്തിയെടുക്കുവാന്‍ തത്ത്വചിന്തകര്‍ നിശ്ചയിച്ചു. പ്രത്യേക പ്രവര്‍ത്തന ശൈലിയിലൂടെയാണ് കണ്‍ഫ്യൂഷ്യന്‍ ചിന്തകന്മാര്‍ ചൈനീസ് ജനതയെ സ്വാധീനിച്ചത്. മത്സരപ്പരീക്ഷകളിലൂടെ ഇക്കൂട്ടര്‍ ചൈനയിലെ സിവില്‍സര്‍വീസിലെയും സൈനികസര്‍വീസിലെയും ഉന്നത ഔദ്യോഗിക പദവികളില്‍ കടന്നുകൂടി. ജോ തന്‍ ഈ (Chou Tun Yi), ഷൌ യങ് (Shao Yang), ജങ് ദ് സൈ (Chang Tsai) തുടങ്ങിയവര്‍ ഇക്കൂട്ടത്തില്‍ പ്രമുഖരായിരുന്നു. ഇവര്‍ രൂപം നല്‍കിയ പ്രസ്ഥാനം 'നവ-കണ്‍ഫ്യൂഷ്യനിസം' (Neo-Confucianism) എന്ന പേരില്‍ അറിയപ്പെട്ടു. സമൂഹത്തില്‍ ക്രമവത്കൃതമായ ജീവിതസമ്പ്രദായം ഏര്‍പ്പെടുത്തുക, ജനങ്ങളില്‍ സദാചാരബോധം ഉണര്‍ത്തുക എന്നീ ലക്ഷ്യങ്ങളോടെ അനേകം തത്ത്വജ്ഞാനഗ്രന്ഥങ്ങളും രചിക്കപ്പെട്ടു. ജൂ ഷീ (Chu Hsi) രചിച്ച ലീഷ്വേ (Lihsieh), ലൂ ഷ്യന്‍ സാന്‍ (Lu Hsian Sann) രചിച്ച ഷിന്‍-ഷ്വേ (Hsin-Hsueh) എന്നീ ഗ്രന്ഥങ്ങള്‍ ഇക്കൂട്ടത്തില്‍ ശ്രദ്ധേയങ്ങളാണ്. ചൈനീസ് മതങ്ങളുടെ ചരിത്രത്തില്‍ നവ-കണ്‍ഫ്യൂഷ്യനിസം ചെലുത്തിയ സ്വാധീനം വളരെ പ്രധാനപ്പെട്ടതായിരുന്നു. തത്ത്വജ്ഞാനരംഗത്ത് ഇക്കൂട്ടര്‍ നല്കിയ സംഭാവനകളുടെ ഫലമായി അനേകായിരം ബുദ്ധിജീവികള്‍ ദൗയിസവും ബുദ്ധമതവും ഉപേക്ഷിച്ചു കണ്‍ഫ്യൂഷ്യനിസം സ്വീകരിച്ചു. സാധാരണ സാമൂഹിക ജീവിതത്തിലെ സദാചാരമൂല്യങ്ങളിലെല്ലാം കണ്‍ഫ്യൂഷ്യന്‍ ചിന്തയുടെ സ്വാധീനം ദൃശ്യമായി.

17-ാം ശ.-ത്തോടു കൂടി കണ്‍ഫ്യൂഷ്യന്‍ തത്ത്വചിന്തകളില്‍ വലിയ മാറ്റങ്ങള്‍ വന്നു ചേര്‍ന്നു. കൂടുതല്‍ ദേശീയവും ഭൗതികവും ആയ ഭാവം ഈ മതം കൈവരിച്ചു. എന്നാല്‍ ഈ മതത്തിലെ പണ്ഡിത ഔദ്യോഗിക വിഭാഗം പലതരത്തിലുള്ള ആധ്യാത്മിക മതാനുഷ്ഠാനങ്ങളില്‍ വ്യാപൃതരായി തുടര്‍ന്നു. കണ്‍ഫ്യൂഷ്യനിസം, ദൗയിസം, ബുദ്ധിസം എന്നീ പ്രബല മതങ്ങള്‍ പരസ്പര സൗഹാര്‍ദത്തില്‍ അധിഷ്ഠിതമായ ഏകോപന ഭാവത്തില്‍ നിലനില്‍ക്കണമെന്ന ചിന്താഗതിയും ചില കണ്‍ഫ്യൂഷ്യന്‍ പണ്ഡിതന്മാര്‍ വളര്‍ത്തിയെടുത്തു.

ചൈനയിലെ അവസാനത്തെ രാജവംശം എന്നറിയപ്പെടുന്ന മഞ്ചു രാജവംശം (ചിങ് വംശം) കണ്‍ഫ്യൂഷ്യനിസത്തിന്റെ രക്ഷാധികാരികളെപ്പോലെ കഴിഞ്ഞിരുന്നതിനാല്‍ ഈ മതത്തിന് ഇക്കാലത്ത് വലിയ പ്രോത്സാഹനം ലഭിച്ചിരുന്നു. കുമിന്താങ് ഭരണകാലത്ത് പുരോഗമനവാദികള്‍ കണ്‍ഫ്യൂഷ്യനിസത്തെ എതിര്‍ത്തു.

ദൗയിസം

ചൈനയില്‍ ഉദയം ചെയ്ത മറ്റൊരു പ്രമുഖ മതമാണ് ദൗയിസം. പ്രപഞ്ചത്തില്‍ സര്‍വപുണ്യങ്ങളുടെയും പ്രതീകമായി ഒരു സ്വര്‍ഗീയപാത അഥവാ 'ദൗ' (Tao) ഉണ്ടെന്നതാണ് ഈ ചിന്താഗതിയുടെ സത്ത. ലൗ ദ്സു (സു.ബി.സി. 575-485) ആണ് ദൗയിസത്തിന്റെ സ്ഥാപകന്‍. ഇദ്ദേഹം രചിച്ച ഗ്രന്ഥമാണ് ടൌ ടെ ജിങ് (Tao Te Ching). ഇദ്ദേഹത്തിന്റെ അനുയായിയാണ് ജ്യൂ അങ് ദ്സു (Chuang Tzu) എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവായ ജ്യൂ അങ് ദ്സു (സു.ബി.സി. 369-?) സസ്യങ്ങളും ജന്തുക്കളും നിറഞ്ഞ ഭൂലോകം അതിന്റെ പ്രകൃതിദശയില്‍ സമാധാനവും ഐക്യവും നിറഞ്ഞതായിരുന്നു. യുദ്ധങ്ങള്‍, സംഘട്ടനങ്ങള്‍ തുടങ്ങിയ അസ്വസ്ഥതകള്‍ക്കു കാരണം മനുഷ്യരുടെ അക്രമവാസനയാകുന്നു. വിവിധ മനുഷ്യരുടെ വീക്ഷണഗതികളെ ഏകോപിപ്പിച്ചാല്‍ ഇത്തരം അസ്വസ്ഥതകള്‍ക്കു പരിഹാരം കണ്ടെത്തുവാന്‍ കഴിയും. തങ്ങളുടെ നിരന്തരമായ മന്ത്രോച്ചാരണങ്ങളിലൂടെ മഹര്‍ഷിമാര്‍ക്ക് ഇത്തരം ഏകോപനം കൈവരുത്താനും അതുവഴി സമൂഹത്തില്‍ അക്രമവാസന കുറയ്ക്കാനും കഴിയുമെന്ന് ദൗയിസം പഠിപ്പിച്ചു. ലൗ താന്‍ (Lao Tan) രചിച്ച 'സ്വര്‍ഗീയപാതയും അതിന്റെ ആന്തരികശക്തിയും' എന്നര്‍ഥം വരുന്ന ലൗ ദ്സു (lao tzu) എന്ന ഗ്രന്ഥത്തിലും ദൗയിസത്തിന്റെ ആശയങ്ങള്‍ അടങ്ങിയിരിക്കുന്നു. സ്വര്‍ഗീയപാത (ദൗ) ആണ് മുഴുവന്‍ പ്രപഞ്ചത്തിന്റെയും ഉദ്ഭവത്തിനു കാരണം. പ്രപഞ്ചത്തിലെ സര്‍വചരാചരങ്ങളുടെയും പ്രവര്‍ത്തനങ്ങളെ ദൗ ഏകോപിപ്പിക്കുന്നു വിലപ്പെട്ട സമയം വഴക്കുകള്‍ക്കായി പാഴാക്കിക്കളയാതിരുന്നാല്‍ ജ്ഞാനിയായ മനുഷ്യന്‍ സമാധാനത്തോടുകൂടി ദീര്‍ഘകാലം ജീവിക്കുമെന്നും ദൗയിസം പഠിപ്പിച്ചു. പ്രപഞ്ചത്തിന്റെ അടിസ്ഥാന ജീവശ്വാസമാണ് ദൗ എന്ന ശക്തി. പ്രകൃതിയും ദേവന്മാരും മനുഷ്യരും ഉദ്ഭവിക്കുന്നത് ദൗയില്‍ നിന്നാണ്. പ്രപഞ്ചത്തില്‍ സൃഷ്ടികര്‍മം പുരോഗമിക്കുന്തോറും ദൗയുടെ നില ജീര്‍ണമായിക്കൊണ്ടിരിക്കും. എന്നാല്‍ മന്ത്രോച്ചാരണങ്ങള്‍, മതാനുഷ്ഠാനങ്ങള്‍ എന്നിവയിലൂടെ ദൗയുടെ മൗലികമായ പ്രാണബലവും പ്രവര്‍ത്തനക്ഷമതയും വീണ്ടെടുക്കാന്‍ കഴിയും. പ്രാപഞ്ചികദൈവങ്ങള്‍ ദൗയുമായി പുനര്‍ബന്ധം സ്ഥാപിക്കുന്നതിനുവേണ്ടി അവരെ ക്ഷണിക്കുകയെന്നതാണ് മന്ത്രോച്ചാരണങ്ങളുടെയും മറ്റു മതാനുഷ്ഠാനങ്ങളുടെയും അടിസ്ഥാനലക്ഷ്യം. നിരന്തരമായ മതാനുഷ്ഠാനങ്ങള്‍ കൊണ്ട് ശരീരത്തില്‍ നിന്നും ജീവന്‍ വേര്‍പിരിയാത്തവിധം അനശ്വരത കൈവരിക്കാമെന്നും ദൗയിസം പഠിപ്പിച്ചു.

ബി.സി. 4-ാം ശ.-ല്‍ ദൗയിസം ഒരു സംഘടിത മതത്തിന്റെ രൂപം കൈക്കൊണ്ടു. പണ്ഡിതരായ പുരോഹിതന്മാര്‍ ഈ മതത്തില്‍ ഉണ്ടായി. ദൈവങ്ങളില്‍ അവര്‍ വിശ്വസിച്ചു. സങ്കീര്‍ണത നിറഞ്ഞ മതാനുഷ്ഠാനങ്ങളും മതപരമായ പുണ്യഗ്രന്ഥങ്ങളും നിലവില്‍ വന്നു. ദൗ തത്ത്വചിന്തയ്ക്ക് വ്യക്തമായൊരു രൂപം നല്കാന്‍ പല കാലഘട്ടങ്ങളില്‍ ജീവിച്ചിരുന്ന അനേകം ചിന്തകന്മാരുടെ ശ്രമം വേണ്ടി വന്നു. എ.ഡി. 220-ല്‍ ചൈനയുടെ ഒരു ഭാഗം ഭരിച്ചിരുന്ന വേയ് (wei) രാജവംശം ദൗയിസത്തെ ഔദ്യോഗികമായി അംഗീകരിച്ചു.

എ.ഡി. 4-ാം ശ.-ല്‍ ദൗയിസത്തിന്റെ വളര്‍ച്ചയ്ക്കു സഹായകരമായ ഒരു ചിന്താഗതി ചൈനയുടെയും തെക്കുകിഴക്കന്‍ ഭാഗങ്ങളില്‍ ഉണ്ടായ ചില പ്രത്യേകതരം സസ്യങ്ങളും ധാതുക്കളും ഉപയോഗിച്ചാല്‍ അനശ്വരത കൈവരിക്കാമെന്ന് ചില ചിന്തകന്മാര്‍ അഭിപ്രായപ്പെട്ടു. ഈ ചിന്താഗതിയെ ആധാരമാക്കി 320-ല്‍ കാ ഹുങ് (Ko Hung) പൗ പുദ്സു (Pao Putzu) എന്നൊരു ഗ്രന്ഥം രചിച്ചു. കാ ഹുങ്ങിന്റെ ആശയങ്ങളെ പ്രഭുവംശജര്‍ അനുകൂലിച്ചു 360-നും 370-നും ഇടയ്ക്കു യങ് ഷി (Yang Hsi) എന്നൊരു യുവാവ്, തനിക്കു നേരിട്ടൊരു ദര്‍ശനത്തിലൂടെ ദൈവത്തില്‍ നിന്നും ജ്ഞാനം ലഭിച്ചുവെന്ന് അവകാശപ്പെട്ടു. മനുഷ്യരാശിയുടെ രക്ഷയ്ക്കായി ഒരു ദൈവിക പുരുഷന്‍ താമസിയാതെ പ്രത്യക്ഷപ്പെടും എന്നൊരു പ്രത്യാശയും ദൗയിസ്റ്റുകളുടെയിടയില്‍ വളര്‍ന്നു. രക്ഷകന്റെ ആഗമനത്തോടുകൂടി ദുഷ്ടന്മാര്‍ നിര്‍മാര്‍ജനം ചെയ്യപ്പെടുമെന്നും ശിഷ്ടന്മാര്‍ മാത്രം ഉള്‍ക്കൊള്ളുന്ന ഒരു രാജ്യം ഉദയം ചെയ്യുമെന്നും അവര്‍ പ്രത്യാശിച്ചു. യങ് ഷിക്കുണ്ടായ ദര്‍ശനങ്ങളെ ശ്രദ്ധാപൂര്‍വം മനസ്സിലാക്കിയ ഷൂമി (Hsumi) പ്രഭു ദൗയിസ്റ്റ് സിദ്ധാന്തങ്ങളെ വീണ്ടും ക്രോഡീകരിച്ചു. മൗ ഷാന്‍ (Maoshan) ദര്‍ശനങ്ങള്‍ എന്നാണ് പുതിയ തത്ത്വചിന്തകള്‍ അറിയപ്പെട്ടത്. 5-ാം ശ.-ല്‍ ദൗ ഹുങ് ജിങ് (Tao Hung Ching) ദൗയിസ്റ്റു സിദ്ധാന്തങ്ങളെ വീണ്ടും പരിഷ്കരിച്ച് ചെന്‍കൗ (Chenkao) എന്ന പേരില്‍ പ്രസിദ്ധീകരിച്ചു. 5-ാം ശ.-ത്തോടുകൂടി ചൈനയിലാകമാനം ദൗയിസം സജീവമായി.

തങ് വംശജര്‍ ഭരണം ഏറ്റെടുത്തപ്പോള്‍ ദൗയിസത്തിനു കൂടുതല്‍ രാജകീയസംരക്ഷണം ലഭിച്ചു. കീ അങ് സു (Kiang Su) പ്രവിശ്യയില്‍ ദൗയിസത്തിലെ മൗ ഷാന്‍ പ്രസ്ഥാനം വളരെ ശക്തമായിതീര്‍ന്നു. പിന്നീട് അധികാരത്തില്‍ വന്ന സൂങ് (Sung) വശജരും ദൗയിസത്തെ പലവിധത്തില്‍ സഹായിച്ചു. 12-ാം ശ.-ന്റെ ആരംഭത്തില്‍ ഒരുകൂട്ടം മഞ്ചൂറിയന്‍ വംശജര്‍ ഉത്തരചൈനയെ ആക്രമിച്ചു കീഴടക്കി. മഞ്ചൂറിയന്‍ ഭരണകാലത്ത് തൈ ഈ (Tai I), ദാ ദൗ (TaTao), ച്വാന്‍ ചെന്‍ (Chuan Chen) എന്നീ മൂന്നു ദൗയിസ്റ്റ് പ്രസ്ഥാനങ്ങള്‍ രൂപം കൊണ്ടു. സന്ന്യാസ ജീവിതക്രമം അവലംബിച്ച ആദ്യത്തെ ദൗയിസ്റ്റ് പ്രസ്ഥാനമായിരുന്നു ച്വാന്‍ ചെന്‍. കാലക്രമത്തില്‍ ച്വാന്‍ ചെന്‍ പ്രസ്ഥാനക്കാര്‍ ബുദ്ധമതാശ്രമങ്ങള്‍ പിടിച്ചടക്കുവാന്‍ ആരംഭിച്ചു. ഇത് ബുദ്ധമതക്കാരും ദൗയിസ്റ്റുകളും തമ്മിലുള്ള സംഘര്‍ഷത്തിനു കാരണമായിത്തീര്‍ന്നു. 14-ാം ശ.-ല്‍ ഭരണാധികാരികളായിത്തീര്‍ന്ന മിങ് ചക്രവര്‍ത്തിമാരും ദൗയിസത്തെ പ്രോത്സാഹിപ്പിച്ചു. മതപരമായ ചടങ്ങുകളനുഷ്ഠിക്കുക, ഭക്തിഗാനങ്ങള്‍ രചിക്കുക, ദൈവത്തിനുവേണ്ടിയുള്ള സന്ദേശങ്ങള്‍ തയ്യാറാക്കുക തുടങ്ങിയ ചുമതലകള്‍ നിര്‍വഹിക്കുന്നതിനുവേണ്ടി ദൗയിസ്റ്റ് പുരോഹിതന്മാരെ സര്‍ക്കാര്‍ നിയമിച്ചു. 1444-ല്‍ ദൗയിസ്റ്റ് നിയമസംഹിത ക്രോഡീകരിക്കപ്പെട്ടു.

മഞ്ചു രാജാക്കന്മാരുടെ കാലത്ത് ദൗയിസത്തിനു പറയത്തക്ക പ്രോത്സാഹനമൊന്നും ലഭിച്ചില്ല. സന്ന്യാസജീവിതം നയിച്ചിരുന്ന ച്വാന്‍ ചെന്‍ വിഭാഗക്കാരോടൊപ്പം ഛങ് ഈ (Chang Yi) വിഭാഗക്കാരും ദൗയിസത്തില്‍ ഇക്കാലത്തു പ്രബലരായിരുന്നു. ഭൂതപ്രേതാദികളെ ഒഴിപ്പിക്കുന്നതിനുള്ള മന്ത്രവാദം ദൗയിസത്തിന്റെ പ്രധാന പ്രത്യേകതയായിരുന്നു. വിവാഹിതരായ പുരോഹിതന്മാര്‍ മതാനുഷ്ഠാനങ്ങള്‍ക്കു നേതൃത്വം നല്കിയിരുന്നു. പാശ്ചാത്യവത്കരണ പ്രക്രിയ ശക്തമായതോടെ ദൗയിസം ദുര്‍ബലമായി.

ബുദ്ധമതം.

ബി.സി.3-ാം ശ.-ല്‍ ഷീ-ഹ്വാങ് ടി ചക്രവര്‍ത്തിയുടെ കാലത്താണ് ബുദ്ധമതം ചൈനയില്‍ കടന്നുകൂടിയതെന്നു വിശ്വസിക്കപ്പെടുന്നു. എ.ഡി. 1-ാം ശ.-ല്‍ മാത്രമേ ചൈനയില്‍ ബുദ്ധമതം പ്രചാരം കൈവരിച്ചുള്ളു. ഹാന്‍ സാമ്രാജ്യം ക്ഷയിച്ചു വന്ന കാലമായിരുന്നു അത്. ഇന്ത്യയിലെ കനിഷ്ക ചക്രവര്‍ത്തിയുടെ താത്പര്യമനുസരിച്ച് ബുദ്ധസന്ന്യാസിമാര്‍ ചൈനയിലേക്കു പോയി. എ.ഡി. 65-ല്‍ ഉത്തര കീ അങ്സു (Kiangsu) പ്രവിശ്യയിലെ ഒരു രാജാവ് ബുദ്ധനെ പൂജിച്ചിരുന്നതായി ഒരു രാജകീയ ശാസനത്തില്‍ നിന്നും മനസ്സിലാക്കാം. ആന്‍ഷഹ് കൗ (Anshih Kao) എന്നൊരു ബുദ്ധസന്ന്യാസി 148-ല്‍ ഉത്തരഹാന്‍ തലസ്ഥാനമായ ല യങ് (Lo-Yang) നഗരത്തില്‍ താമസിച്ചിരുന്നതായും രേഖകളുണ്ട്. ഇദ്ദേഹത്തിന്റെ അനുയായികള്‍ ബൗദ്ധഗ്രന്ഥങ്ങളെ ചൈനീസ് ഭാഷയിലേക്കു വിവര്‍ത്തനം ചെയ്തു. 194-ല്‍ കീ അങ്സുവില്‍ ആദ്യമായി ഒരു ബൗദ്ധക്ഷേത്രവും പണി കഴിക്കപ്പെട്ടു. ഈ ക്ഷേത്രത്തില്‍ ഒരു ബുദ്ധവെങ്കല വിഗ്രഹവും പ്രതിഷ്ഠിക്കപ്പെട്ടിരുന്നു. 4-ാം ശ.മായപ്പോഴും അനേകം ബുദ്ധസന്ന്യാസാശ്രമങ്ങള്‍ ചൈനയില്‍ പലയിടത്തും സ്ഥാപിതമായി. കുടുംബബന്ധങ്ങള്‍ ഉപേക്ഷിച്ച് മുഴുവന്‍ സമയവും മത കാര്യങ്ങള്‍ക്കുവേണ്ടി ഉഴിഞ്ഞുവച്ചിരുന്ന ബുദ്ധസന്ന്യാസിമാര്‍ ഗ്രാമീണ ജനതയെ ഏറെ ആകര്‍ഷിച്ചു. വിദ്യാസമ്പന്നരായ ജനങ്ങള്‍ക്കും ബുദ്ധമതാശയങ്ങള്‍ വിശേഷിച്ചും അഹിംസാതത്ത്വം വളരെ ആകര്‍ഷകമായിരുന്നു. ഉത്തര ചൈനീസ് മേഖലയില്‍ ഇക്കാലത്ത് ഉദയം ചെയ്ത പല ചെറിയ രാജ്യങ്ങളിലെയും ഭരണാധികാരികള്‍ ബുദ്ധമത ഭക്തരായിരുന്നു. ചൈനയുടെ തെക്കു ഭാഗത്താണ് ബുദ്ധമതത്തിനു കൂടുതല്‍ ബുദ്ധിജീവികളുടെ പിന്തുണ ലഭിച്ചത്. ഹാന്‍ സാമ്രാജ്യത്തിന്റെ പതനത്തോടെ കണ്‍ഫ്യൂഷ്യനിസത്തിനു സംഭവിച്ച ക്ഷീണം ബുദ്ധമതത്തിന്റെ വളര്‍ച്ചയ്ക്കു സഹായകകരമായിത്തീര്‍ന്നു. ദൗ ആന്‍ (Tao an), ഹ്വേ യാന്‍ (Hui Yan), കുമാര ജീവന്‍ തുടങ്ങിയ പണ്ഡിതന്മാര്‍ ബുദ്ധമത സംസ്കൃത ഗ്രന്ഥങ്ങളെ ചൈനീസ് ഭാഷയിലേക്കു വിവര്‍ത്തനം ചെയ്തു. കുമാരജീവന്റെ ശ്രമഫലമായി മഹായാനബുദ്ധമതം ചൈനയില്‍ കാര്യമായ വളര്‍ച്ച കൈവരിച്ചു. കുമാരജീവന്റെ ശിഷ്യനായ ദൗ ഷങ് (Tao Shang) ബുദ്ധന്റെ 'നിര്‍വാണം' എന്ന ആശയത്തിന് പുതിയ വ്യാഖ്യാനം നല്കി. അവിശ്വാസികള്‍ക്കുപോലും മോക്ഷം ലഭിക്കുന്നതിന് ബുദ്ധമതാശയങ്ങള്‍ സഹായകമാകുമെന്ന ചിന്താഗതിയാണ് ദൗ ഷാങ് പുലര്‍ത്തിയിരുന്നത്. ചില ചക്രവര്‍ത്തിമാര്‍ ബുദ്ധമതത്തെ നിരോധിക്കുവാന്‍ ശ്രമിച്ചു. എങ്കിലും മറ്റു ചക്രവര്‍ത്തിമാര്‍ ബുദ്ധമതത്തിന് എല്ലാവിധ സഹായങ്ങളും നല്കി. വൂ (Wu) ചക്രവര്‍ത്തി ദൗയിസ്റ്റ് ആരാധനാകേന്ദ്രങ്ങളെ തകര്‍ത്തുകൊണ്ട് ബുദ്ധമതക്ഷേത്രങ്ങള്‍ പണികഴിപ്പിച്ചു. 5-ാം ശ.-ല്‍ ബുദ്ധമതം ചൈനയിലാകെ വേരുപിടിച്ചു കഴിഞ്ഞിരുന്നു. ബുദ്ധക്ഷേത്രങ്ങളും ബുദ്ധവിഗ്രഹങ്ങളും അനേകം സ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. ബുദ്ധസന്ന്യാസാശ്രമങ്ങള്‍ക്കു ഭൂമി ദാനം ചെയ്യുക, സന്ന്യാസാശ്രമങ്ങളില്‍ സേവനം അനുഷ്ഠിക്കുക, സന്ന്യാസിമാര്‍ക്കു സസ്യഭക്ഷണം നല്കുക, ബുദ്ധഗ്രന്ഥങ്ങള്‍ പകര്‍ത്തി എഴുതുക തുടങ്ങിയവ സുകൃതകൃത്യങ്ങളായി ജനങ്ങള്‍ കരുതി.

6-ാം ശ.-ല്‍ ജീവിച്ചിരുന്ന 'ജീഹി' (Chihi) എന്ന ബുദ്ധസന്ന്യാസി 'ത്യാന്‍ തൈ' (Tien tai) എന്നൊരു മതത്തിനു രൂപം നല്കി. മഹായാന ബുദ്ധമതക്കാരുടെ ചിന്താഗതിക്കനുരൂപമായ വിധത്തിലാണ് ജീഹി തന്റെ ആശയങ്ങള്‍ ആവിഷ്കരിച്ചത്. 581-ല്‍ സൂയി (Sui) രാജവംശം ചൈനയില്‍ അധികാരമേറ്റു. നാല്പതു വര്‍ഷത്തോളം നീണ്ടു നിന്ന സൂയി ഭരണകാലത്ത് ബുദ്ധമതത്തിനു കൂടുതല്‍ പ്രോത്സാഹനം ലഭിച്ചു. 7-ാം ശ.-ല്‍ സൂയി ഭരണകൂടത്തെ തകിടം മറിച്ചുകൊണ്ട് അധികാരം പിടിച്ചെടുത്ത തങ് (Tang) രാജവംശം കണ്‍ഫ്യൂഷ്യനിസത്തിനും ദൗയിസത്തിനും പ്രോത്സാഹനം നല്കുന്ന നയമാണ് സ്വീകരിച്ചത്. എങ്കിലും ഇക്കാലത്ത് ബുദ്ധമതം ചൈനീസ് സാമൂഹിക രംഗത്ത് അസാമാന്യമായ സ്വാധീനം ഉറപ്പിച്ചു കഴിഞ്ഞിരുന്നു. ചില ടങ് രാജാക്കന്മാര്‍ ബുദ്ധമതത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. തൈത് സങ് (Tait Sung) രാജാവ് പ്രധാന യുദ്ധക്കളങ്ങളില്‍ ബുദ്ധക്ഷേത്രങ്ങള്‍ പണികഴിപ്പിക്കുകയും രാജ്യത്തിന്റെ സുസ്ഥിരതയ്ക്കുവേണ്ടി ബുദ്ധമന്ത്രങ്ങള്‍ ഉരുവിടുവാന്‍ ബുദ്ധസന്ന്യാസിമാരോടാവശ്യപ്പെടുകയും ചെയ്തിരുന്നു. ഇന്ത്യാ സന്ദര്‍ശനത്തില്‍ ഏര്‍പ്പെട്ടിരുന്ന ഹിയൂന്‍സങ് ചൈനയിലേക്കു തിരിച്ചു വന്നതോടെ (645) ബുദ്ധമതത്തിന്റെ നില കൂടുതല്‍ ഭദ്രമായി. രാജകൊട്ടാരത്തില്‍ ഇദ്ദേഹത്തിനു സ്വാഗതം ലഭിച്ചു. ഇന്ത്യയില്‍ നിന്നും ഇദ്ദേഹം കൊണ്ടു വന്ന അമൂല്യ ഗ്രന്ഥങ്ങളെ ചൈനീസ് ഭാഷയിലേക്കു വിവര്‍ത്തനം ചെയ്യുന്നതിനുവേണ്ടി പണ്ഡിതന്മാരെ ചക്രവര്‍ത്തി നിയോഗിച്ചു. വിജ്ഞാനവാദം എന്ന ബുദ്ധഗ്രന്ഥത്തിന് അവതാരികയെഴുതിയത് ചക്രവര്‍ത്തി തന്നെ ആയിരുന്നു. ഹിയൂന്‍സങ്ങിന്റെ ശിഷ്യനായിരുന്ന ഹ്വയാന്‍ (Huayen) പുതിയൊരു ബുദ്ധപാരമ്പര്യത്തിനു രൂപം നല്കിയതോടെ ബുദ്ധമതത്തിന് ചൈനീസ് ജനതയുടെയിടയില്‍ അഭൂതപൂര്‍വമായ പ്രചാരം ലഭിച്ചു. ബുദ്ധമതവുമായി ബന്ധപ്പെട്ട ഉത്സവങ്ങള്‍-ബുദ്ധന്റെ ജന്മദിനം, എല്ലാ ആത്മാക്കളുടെയും ദിനം തുടങ്ങിയവ-രാജ്യമെങ്ങും ആഘോഷിക്കപ്പെട്ടു. അനേകം പേര്‍ ബുദ്ധസന്ന്യാസികളായി മാറി. ബുദ്ധന്റെ ഉപദേശങ്ങള്‍ പൊതുജനങ്ങളുടെ അറിവിനുവേണ്ടി കല്ലില്‍ കൊത്തിവയ്ക്കുക, ബുദ്ധസന്ന്യാസാശ്രമങ്ങള്‍ക്ക് ഉദാരമായ സംഭാവനകള്‍ നല്കുക തുടങ്ങിയവ സര്‍വസാധാരണമായിത്തീര്‍ന്നു.

ഇക്കാലത്ത് യാഥാസ്ഥിതികരായ ബുദ്ധമതക്കാരുടെയിടയില്‍ 'ഛാന്‍' (Chan) എന്നൊരു പ്രസ്ഥാനം രൂപംകൊണ്ടു. 8-ാം ശ.-ലാണ് ഛാന്‍ ചിന്ത ബുദ്ധസാഹിത്യത്തില്‍ കടന്നുകൂടിയത്. ശരിയായ ധ്യാനംകൊണ്ട് വ്യക്തി സ്വയം ബോധവാനായിത്തീരണമെന്ന് ഈ പ്രസ്ഥാനം പഠിപ്പിച്ചു. മഹായാനബുദ്ധമതമാര്‍ഗമാണ് ഇക്കൂട്ടര്‍ സ്വീകരിച്ചത്. ധ്യാനത്തിന് ഇവര്‍ വലിയ പ്രാധാന്യം നല്കിയിരുന്നു. ഈ പ്രസ്ഥാനത്തിന്റെ പ്രമുഖനായ പുരോഹിതശ്രേഷ്ഠന്‍ ആയിരുന്നു ദൗ ഷീന്‍ (Tao hsin). ബുദ്ധപ്രതിമയ്ക്കു മുമ്പില്‍ ആരാധന നടത്തുക, ബുദ്ധന്റെ നാമം നിരന്തരം ഉരുവിടുക തുടങ്ങിയ മാര്‍ഗങ്ങളിലൂടെ മനഃശാന്തി നേടാമെന്ന് ഇദ്ദേഹം പഠിപ്പിച്ചു. ഹങ് ഷെന്‍ (Hungjen), ഫാഷൂ (Faju), ഷീന്‍സ്യൊ (Shinsiu) തുടങ്ങിയവരും ഛാന്‍പ്രസ്ഥാനത്തിന്റെ വളര്‍ച്ചയെ സഹായിച്ചിരുന്നു. അച്ചടക്കത്തോടുകൂടി സന്ന്യാസാശ്രമജീവിതം, സമൂഹപ്രാര്‍ഥന, ശാരീരികാധ്വാനം എന്നീ കാര്യങ്ങള്‍ക്ക് ഛാന്‍ പ്രസ്ഥാനക്കാര്‍ കൂടുതല്‍ പ്രാധാന്യം നല്കി.

ബുദ്ധമതം ചൈനയില്‍ അസാമാന്യമായ വളര്‍ച്ച കൈവരിച്ചുവെങ്കിലും ഈ പ്രസ്ഥാനത്തിന് വലിയ എതിര്‍പ്പും നേരിടേണ്ടിവന്നിട്ടുണ്ട്. ഭരണകൂടം, കണ്‍ഫ്യൂഷ്യനിസം, ദൗയിസം എന്നീ ഘടകങ്ങളില്‍ നിന്നുമാണ് ഏറ്റവും കൂടുതല്‍ എതിര്‍പ്പുണ്ടായത്. ബുദ്ധമതക്ഷേത്രങ്ങള്‍ സമ്പന്നമാണെന്ന് ധാരണ പരന്നതോടുകൂടി (9-ാം ശ.) ഈ മതത്തോടുള്ള എതിര്‍പ്പിനും ശക്തി വര്‍ധിച്ചു. വൂ ദ്സൂങ് (Wu-Tsung) ചക്രവര്‍ത്തിയുടെ ഒരു ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 4,600 ബുദ്ധസന്ന്യാസാശ്രമങ്ങളും 40,000-ത്തിലധികം ബുദ്ധക്ഷേത്രങ്ങളും തകര്‍ക്കപ്പെട്ടു. എങ്കിലും ബുദ്ധ ആശയങ്ങളും സംസ്കാരവും ചൈനീസ് ജീവിതത്തിന്റെ അവിഭാജ്യഘടകമായിത്തുടര്‍ന്നു.

സുങ് രാജവംശകാലത്ത് ചൈനീസ് ബുദ്ധമതം ഉന്മേഷം കൈവരിച്ചു. സന്ന്യാസിമാര്‍ക്കു പുറമേ, സാധാരണ വിശ്വാസികളും മതകാര്യങ്ങളില്‍ സംഘടിതമാംവിധം പ്രവര്‍ത്തിച്ചു തുടങ്ങി യെന്നതാണ് സുങ് കാലഘട്ടത്തിലെ ബുദ്ധമതത്തിന്റെ പ്രത്യേകത. 12-ാം ശ.-ല്‍ ആയിരക്കണക്കിനു ബുദ്ധസംഘടനകള്‍ രൂപം കൊണ്ടിരുന്നു. നിര്‍വാണം, മോക്ഷം, ശുദ്ധീകരണം തുടങ്ങിയ ബുദ്ധാശയങ്ങള്‍ സാധാരണജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ ഈ സംഘടനകള്‍ വലുതായ പങ്കുവഹിച്ചു. ബുദ്ധമതം ചൈനീസ് സാമൂഹ്യജീവിതവുമായി ഇഴുകിച്ചേര്‍ന്നത് ഇത്തരം സംഘടനകളുടെ പ്രവര്‍ത്തനം കൊണ്ടായിരുന്നു.

മംഗോള്‍ ഭരണകാലത്ത് ബുദ്ധമതത്തിനു ചൈനയില്‍ വീണ്ടും രാജകീയ പിന്തുണ ലഭിച്ചു. ഇക്കാലത്ത് തിബത്തില്‍ നിന്നുള്ള ബുദ്ധസന്ന്യാസിമാര്‍ ചൈനയിലേക്കു കുടിയേറ്റം നടത്തി. ഇവര്‍ക്ക് ഭരണാധികാരികളുടെയിടയില്‍ അസാമാന്യമായ സ്വാധീനം ലഭിച്ചു. തിബത്തന്‍ സന്ന്യാസിമാര്‍ ചൈനയിലെ ബുദ്ധസംഘാരാമങ്ങളുടെ അധിപന്മാരായി നിയമിക്കപ്പെട്ടു.

മിങ് ഭരണകാലത്ത് ബുദ്ധമത്തിന്റെ പ്രവര്‍ത്തന ശൈലിയില്‍ വീണ്ടുംമാറ്റമുണ്ടായി. സാധാരണക്കാരായ വിശ്വാസികളുടെ സംഘങ്ങള്‍ സജീവമാംവിധം പ്രവര്‍ത്തനം തുടര്‍ന്നു. ബുദ്ധമതസന്ന്യാസിമാര്‍ക്ക് ഗവണ്‍മെന്റില്‍ നിന്ന് അംഗീകാരവും സര്‍ട്ടിഫിക്കറ്റുകളും നല്കപ്പെട്ടു. ബുദ്ധമതത്തിന് നവ-കണ്‍ഫ്യൂഷ്യനിസവുമായി ആശയപരമായ ഐക്യം കൈവന്നതാണ് ഇക്കാലത്തെപ്രധാന പരിവര്‍ത്തനം.

മഞ്ചു രാജവംശ കാലത്തും ബുദ്ധമതത്തിനു പ്രോത്സാഹനംലഭിച്ചു. മഞ്ചു വംശജര്‍ക്കു ഭരണാധിപത്യം ലഭിക്കുന്നതിനു മുമ്പ് അവര്‍ തിബത്തന്‍ ബുദ്ധമതത്തിന്റെ അനുകൂലികളായിരുന്നു. മഞ്ചു രാജവംശം സ്ഥാപിച്ച നൂര്‍ഹാഛി (Nurhachi) രാജാവിനെ ബോധിസത്വന്റെ അവതാരമായി അവര്‍ ചിത്രീകരിച്ചു. 1652-ല്‍ അന്നത്തെ തിബത്തിലെ ദലൈലാമ, മഞ്ചു ചക്രവര്‍ത്തിയുടെ ക്ഷണമനുസരിച്ച് പീക്കിങ് സന്ദര്‍ശിച്ചു. 18-ാം ശ. മുതല്‍ ദലൈലാമ ഭരിച്ചിരുന്ന തിബത്തന്‍ പ്രദേശത്തെ സംരക്ഷിത മേഖല (Protectorate) ആയി മഞ്ചു ചക്രവര്‍ത്തിമാര്‍ ഏറ്റെടുത്തു. മഞ്ചു ചക്രവര്‍ത്തിമാര്‍ പൊതുവെ ഛാന്‍ പ്രസ്ഥാനത്തിന്റെ അനുകൂലികളായിരുന്നു. അവരുടെ ശ്രമഫലമായി ബുദ്ധമത നിയമസംഹിത അച്ചടിച്ചു പ്രസിദ്ധീകരിച്ചു.

ക്രിസ്തുമതം.

7-ാം ശ.-ലാണ് ക്രിസ്തുമതം ആദ്യമായി ചൈനയില്‍ പ്രചരിച്ചതെന്നു വിശ്വസിക്കപ്പെടുന്നു. നെസ്തോറിയന്‍ വിഭാഗത്തില്‍പ്പെട്ട ക്രിസ്ത്യാനികളാണ് ആദ്യം ചൈനയിലെത്തിച്ചേര്‍ന്നത്. വാണിജ്യകേന്ദ്രങ്ങളായ വന്‍നഗരങ്ങളില്‍ നിവസിച്ചിരുന്ന വിദേശീയരുടെയിടയില്‍ മാത്രം ഈ മതവിഭാഗം ഒതുങ്ങി നിന്നു. 845-ല്‍ നെസ്തോറിയനിസത്തെ തകര്‍ക്കുന്നതിനുള്ള ശ്രമം ചൈനയിലുണ്ടായി. അതിനെത്തുടര്‍ന്ന് ക്രിസ്തുമതം അവിടെ ദുര്‍ബലമായി. എന്നാല്‍ 14-ാം ശ.-ല്‍ മംഗോള്‍ ഭരണകാലത്ത് നെസ്തോറിയനിസത്തിന് ചൈനയില്‍ വീണ്ടും പ്രചാരം ലഭിച്ചു. 1330-ല്‍ മുപ്പതിനായിരത്തിലധികം നെസ്തോറിയന്‍ വിശ്വാസികള്‍ ചൈനയിലുണ്ടായിരുന്നു. ഹാങ്ചൌ (Hangchow), യാങ്ചൌ (Yangchow) തുടങ്ങിയവയായിരുന്നു പ്രധാന നെസ്തോറിയന്‍ കേന്ദ്രങ്ങള്‍. മംഗോള്‍ വംശജരുടെ ഭരണം അവസാനിച്ചപ്പോള്‍ നെസ്തോറിയനിസം വീണ്ടും ദുര്‍ബലമായി.

14-ാം ശ. മുതല്‍ റോമന്‍ കത്തോലിക്കാ മതവിശ്വാസവും ചൈനയില്‍ പ്രചരിച്ചു തുടങ്ങി. നിക്കോളോ, മാര്‍ക്കോപോളോ എന്നീ ഇറ്റാലിയന്‍ സഞ്ചാരികളായിരുന്നു കത്തോലിക്കാമതവിശ്വാസത്തെ ചൈനയിലെത്തിച്ചതെന്നു പറയാം. ഈ ശ.-ല്‍ ത്തന്നെ ഫ്രാന്‍സിസ്കന്‍ മിഷനറിമാരും ചൈനയില്‍ എത്തിച്ചേര്‍ന്നു.

16-ാം ശ.-ത്തില്‍ ചൈനയില്‍ റോമന്‍ കത്തോലിക്കാ മതവിശ്വാസം പ്രചരിപ്പിക്കാനുള്ള ശ്രമം സംഘടിതമായ രീതിയില്‍ ആരംഭിച്ചു. ഇറ്റലിക്കാരായ ഈശോസഭാവൈദികരായിരുന്നു ഇതിനു മുന്‍കൈ എടുത്തത്. വേറെയും അനേകം ഈശോസഭാ മിഷനറിമാര്‍ ഈ കാലഘട്ടത്തില്‍ മതപരിവര്‍ത്തന പരിപാടി തുടര്‍ന്നുകൊണ്ടിരുന്നു. 1663-ല്‍ ഒരു ലക്ഷത്തിലധികം ചൈനക്കാര്‍ ക്രിസ്തുമതം സ്വീകരിച്ചിരുന്നു. 1662 മുതല്‍ 1722 വരെ അധികാരത്തിലിരുന്ന കങ്ഷീ (Kanghsi) ചക്രവര്‍ത്തി യൂറോപ്യന്‍ സംസ്കാരത്തോട് വലിയ താത്പര്യമുള്ള ആളായിരുന്നു. ഇദ്ദേഹത്തിന്റെ കാലത്താണ് ഏറ്റവും കൂടുതല്‍ ചൈനക്കാര്‍ ക്രിസ്തുമതം സ്വീകരിച്ചത്.

എന്നാല്‍ താമസിയാതെ ചൈനയിലെ ക്രിസ്ത്യാനികളുടെയിടയില്‍ത്തന്നെ ഭിന്നിപ്പും കിടമത്സങ്ങളും പ്രത്യക്ഷപ്പെട്ടു. യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം ചൈനീസ് ക്രൈസ്തവരുടെയിടയിലുള്ള കെട്ടുറപ്പിനെ ദോഷകരമാംവിധം ബാധിച്ചു, ചൈനീസ് മതങ്ങളുമായി ഇഴുകിച്ചേരുകയെന്നതായിരുന്നു ഈശോസഭാ മിഷനറിമാരുടെ പ്രവര്‍ത്തനശൈലി. പിതൃക്കളെ ആരാധിക്കുക, കണ്‍ഫ്യൂഷ്യസിനെ ആരാധിക്കുക തുടങ്ങിയ ഭക്ത്യഭ്യാസങ്ങള്‍ ചൈനീസ് ക്രൈസ്തവര്‍ അനുഷ്ഠിക്കുന്നതിനെ ഈശോസഭക്കാര്‍ തടഞ്ഞില്ല. എന്നാല്‍ ഫ്രാന്‍സിസ്കന്‍ മിഷനറിമാര്‍ ഇത്തരം അനുഷ്ഠാനങ്ങളെ എതിര്‍ത്തു. ഫ്രാന്‍സിസ്കന്‍ മിഷനറിമാരുടെ പ്രേരണാഫലമായി മാര്‍പ്പാപ്പയും ഈശോസഭക്കാരുടെ പ്രവര്‍ത്തന ശൈലിയെ എതിര്‍ത്തു. സന്ന്യാസസഭകളുടെ കിടമത്സരങ്ങളുടെ ഫലമായി ചൈനയിലെ ക്രിസ്തുമതത്തിന്റെ വളര്‍ച്ച പൊടുന്നനെ നിലച്ചു. 18-ാം ശ.-ന്റെ മധ്യത്തോടുകൂടി ചൈനയില്‍ പലേടത്തും ക്രിസ്തുമത പീഡനങ്ങളും നടന്നു. എങ്കിലും പല സ്ഥലങ്ങളിലും ക്രൈസ്തവ സമൂഹങ്ങള്‍ രഹസ്യമാംവിധം തുടര്‍ന്നും നിലനിന്നു. 1810-ല്‍ ചൈനയിലൊട്ടാകെ രണ്ടു ലക്ഷത്തിലധികം റോമന്‍ കത്തോലിക്കരുണ്ടായിരുന്നുവെങ്കിലും അവരെ നയിക്കുവാന്‍ 31 യൂറോപ്യന്‍ മിഷനറിമാരും 80 തദ്ദേശീയ വൈദികരും മാത്രമേ ഉണ്ടായിരുന്നുള്ളു.

19-ാം ശ.-ല്‍ പ്രൊട്ടസ്റ്റന്റ് വിഭാഗക്കാരും ചൈനയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ലണ്ടന്‍ മിഷന്‍ സൊസൈറ്റി നിയോഗിച്ച റോബര്‍ട്ട് മോറിസന്‍ എന്ന പ്രൊട്ടസ്റ്റന്റ് മിഷനറി 1807-ല്‍ കാന്റണില്‍ എത്തിച്ചേര്‍ന്നു. ഇദ്ദേഹത്തിന്റെ ശ്രമഫലമായി 1814-മുതല്‍ അനേകം ചൈനക്കാര്‍ പ്രൊട്ടസ്റ്റന്റ് ക്രൈസ്തവരായി പരിവര്‍ത്തനം ചെയ്യപ്പെട്ടു. 1819-ല്‍ ബൈബിള്‍ ചൈനീസ് ഭാഷയിലേക്കു വിവര്‍ത്തനം ചെയ്തു. താമസിയാതെ മറ്റു യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും അമേരിക്കയില്‍ നിന്നും കൂടുതല്‍ മിഷനറിമാര്‍ എത്തിച്ചേര്‍ന്നതോടുകൂടി അനേകായിരം ചൈനക്കാര്‍ പ്രൊട്ടസ്റ്റന്റ് വിശ്വാസം സ്വീകരിച്ചു.

ഇസ്ലാംമതം.

7-ാം ശ.-ല്‍ ഇസ്ലാംമതം ചൈനയില്‍ എത്തിച്ചേര്‍ന്നു. 713-ല്‍ ഖാലിഫ് ആയിരുന്ന വാലിദ് (Walid) നിയോഗിച്ച പ്രതിനിധികളെ ചൈനീസ് ഭരണകൂടം സ്വീകരിച്ചതായി രേഖകളുണ്ട്. 8-ാം ശ.-ന്റെ മധ്യത്തോടുകൂടി ഇസ്ലാംമതത്തില്‍ അനേകം ചൈനക്കാര്‍ ചേര്‍ന്നു. അറബിവംശജരായ മുസ്ലിങ്ങള്‍ ഇക്കാലത്ത് ചൈനയിലെ കടല്‍ത്തീരനഗരങ്ങളില്‍ താമസിച്ചിരുന്നു. ചൈനയ്ക്ക് ഇന്ത്യയുമായും ദക്ഷിണപൂര്‍വേഷ്യയുമായും ഉണ്ടായിരുന്ന നാവിക വ്യാപാരത്തിന്റെ കുത്തക കുറെക്കാലം ഈ അറബി മുസ്ലിങ്ങള്‍ക്കായിരുന്നു. യുവാന്‍ (Yuan) രാജവംശഭരണകാലത്ത് (1271-1368) ചൈനയുടെ വിവിധ ഭാഗങ്ങളില്‍ മധ്യേഷ്യക്കാരായ അനേകം മുസ്ലിങ്ങള്‍ കുടിയേറിപ്പാര്‍ത്തു. അറബികളും മധ്യേഷ്യക്കാരും ആയ മുസ്ലിങ്ങള്‍ വാണിജ്യകാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. മതപരിവര്‍ത്തനകാര്യങ്ങളില്‍ അവര്‍ വലിയ ശുഷ്കാന്തി കാണിച്ചില്ല. എങ്കിലും അനേകം ചൈനക്കാര്‍ ഇസ്ലാം മതം സ്വീകരിച്ചു. ആദ്യകാലത്ത് ചൈനയിലെ മുസ്ലിങ്ങള്‍ സുന്നി വിഭാഗക്കാരായിരുന്നു. എന്നാല്‍ 16-ാം ശ.-ല്‍ സൂഫി വിഭാഗക്കാരും ധാരാളം ഉണ്ടായി. കാലക്രമത്തില്‍ മുസ്ലിങ്ങള്‍ ചൈനയിലെ പ്രബല ന്യൂനപക്ഷക്കാരായിത്തീര്‍ന്നു.

ജനകീയമതം

സംഘടിതരീതിയിലുള്ള മതപ്രസ്ഥാനങ്ങള്‍ക്ക് പുറമേ, ചൈനയുടെ എല്ലാഭാഗത്തും വിശേഷിച്ചും ഗ്രാമപ്രദേശങ്ങളില്‍ ജനകീയമതം നിലവിലുണ്ടായിരുന്നു. ചൈനയിലെ പഴക്കമേറിയ മതപ്രസ്ഥാനമാണിത്. ചൈനയില്‍ പരക്കെ വ്യാപിച്ചിട്ടുള്ള മതവിശ്വാസങ്ങളുടെയും മതാനുഷ്ഠാനങ്ങളുടെയും സഞ്ചയമാണിത്. ഇതിന് ചൈനയില്‍ പ്രത്യേക പേരു നല്കിയിട്ടില്ല. ചിലര്‍ ഇതിനെ ദൈവാരാധന എന്നും മറ്റു ചിലര്‍ ക്ഷേത്രാരാധന എന്നും പറഞ്ഞുവന്നിരുന്നു. കണ്‍ഫ്യൂഷ്യനിസം, ദൗയിസം, ബുദ്ധമതം തുടങ്ങിയ എല്ലാ മതങ്ങളുടെയും വിശ്വാസങ്ങളും ആചാരങ്ങളും ദൈവസങ്കല്പങ്ങളും ആരാധനാക്രമങ്ങളും ജനകീയമതത്തില്‍ മിശ്രണം ചെയ്തിരിക്കുന്നു. സംഘടിത സ്വഭാവം തീരെ ഇല്ലാത്ത പ്രദേശങ്ങളിലെ ഏതെങ്കിലും ക്ഷേത്രത്തിലെ ആരാധനാക്രമത്തെ ആശ്രയിച്ചാണ് ജനകീയമതം നിലനിന്നിരുന്നത്. ഒരേ ദേവന്റെ തന്നെ പേരിലുള്ള രണ്ടു ദേവാലയങ്ങളില്‍ ആരാധന നടത്തുന്നവര്‍ രണ്ടു വിഭാഗക്കാരായിട്ടായിരിക്കും അറിയപ്പെടുക. ദൈവത്തില്‍ നിന്നും അപ്പോഴപ്പോള്‍ ലഭിക്കുന്ന നിര്‍ദേശങ്ങളാണ് തങ്ങളുടെ മതാനുഷ്ഠാനത്തിന്റെ അടിസ്ഥാനമെന്ന് ജനകീയമതം പഠിപ്പിച്ചു. ഏതെങ്കിലും ഒരു വ്യക്തിയുടെയോ പ്രത്യേക ആശയത്തിന്റെയോ നാമത്തില്‍ രൂപം കൊണ്ടിട്ടുള്ളതല്ല ഈ മതം. ബി.സി. 8-ാം ശ.-ല്‍ത്തന്നെ മനുഷ്യാത്മാവിന്റെ അനശ്വരതയെക്കുറിച്ചുള്ള സങ്കല്പങ്ങള്‍ ചൈനീസ് ചിന്തകന്മാരെ സ്വാധീനിക്കുവാന്‍ തുടങ്ങിയിരുന്നു. ഒരു വ്യക്തി മരിക്കുമ്പോള്‍ അയാളുടെ ഇഹലോകത്തിലെ ജീവിതം മാത്രമേ അവസാനിക്കുന്നുള്ളുവെന്നും അയാളുടെ ജീവിതം മറ്റേതെങ്കിലും ലോകത്തില്‍ മറ്റേതെങ്കിലും രീതിയില്‍ തുടരുമെന്നും ഇക്കൂട്ടര്‍ വിശ്വസിച്ചു. കഴിയുന്നിടത്തോളം കാലം മരിക്കാതെ സൂക്ഷിക്കുക, മരിച്ചു കഴിഞ്ഞാല്‍ ശരീരം നശിക്കാതെ രാസവസ്തുക്കള്‍ പുരട്ടി ഭദ്രമായി സൂക്ഷിക്കുക തുടങ്ങിയ ആചാരങ്ങളും ഈ വിശ്വാസത്തോടനുബന്ധിച്ച് ഉടലെടുത്തു.

ചില ദേവതകളും ആത്മാക്കളും മനുഷ്യരില്‍ നിവേശിച്ച്, അവരെക്കൊണ്ട് അദ്ഭുതകൃത്യങ്ങള്‍ ചെയ്യിക്കുന്നുവെന്ന വിശ്വാസവും ഇക്കാലത്തുണ്ടായി. ഷാമനിസം (Shamanism) എന്ന പേരിലാണ് ഈ വിശ്വാസം അറിയപ്പെട്ടിരുന്നത്. ദൈവവുമായി അടുത്ത ബന്ധമുണ്ടെന്ന് ഇക്കൂട്ടര്‍ അവകാശപ്പെട്ടു. ആവശ്യമുള്ള കാലത്തു മഴപെയ്യിക്കുക, കാലാവസ്ഥയെ ഗുണകരമാംവിധം നിയന്ത്രിക്കുക തുടങ്ങിയ കാര്യങ്ങള്‍ ദൈവത്തെ പ്രസാദിപ്പിച്ചു ചെയ്യിക്കുവാന്‍ സാധിക്കുമെന്ന് ഇവര്‍ അവകാശപ്പെട്ടു. കുടുംബ-ഗോത്ര-ഗ്രാമതലങ്ങളില്‍ ഇത്തരത്തിലുള്ള ആചാരങ്ങള്‍ നിലവിലുണ്ടായിരുന്നു. പൂര്‍വികരെ ആരാധിക്കുക, പ്രകൃതിയിലെ ചില ശക്തികള്‍ക്കു ബലി അര്‍പ്പിക്കുക, പുണ്യസ്ഥലങ്ങളില്‍ ബലി അര്‍പ്പിക്കുക, ഭൂതങ്ങളില്‍ വിശ്വസിക്കുക, മന്ത്രവാദം കൊണ്ട് ദുര്‍ഭൂതങ്ങളെ ഒഴിപ്പിക്കുക തുടങ്ങിയവ ജനകീയ മതത്തിന്റെ പ്രത്യേകതകളായിരുന്നു. 1966-ലെ സാംസ്കാരിക വിപ്ലവം വരെയും ജനകീയ മതം ചൈനയില്‍ സജീവമാംവിധം തുടര്‍ന്നിരുന്നു.

ആധുനിക പ്രവണത

1949-ല്‍ കമ്യൂണിസ്റ്റ് ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതോടുകൂടി ചൈനീസ് മതരംഗത്ത് അടിസ്ഥാനപരമായ ചില മാറ്റങ്ങളുണ്ടായി. എങ്കിലും തൈവാന്‍ പ്രദേശത്തും ഹോങ്കോങ്ങിലും ജനങ്ങളുടെ മതവിശ്വാസം പഴയപടി തുടര്‍ന്നു. ചൈനീസ് വന്‍കരയിലാകട്ടെ, മതങ്ങളോട് നിഷേധാത്മകമായ നയമാണ് പീപ്പിള്‍സ് റിപ്പബ്ലിക് അധികാരികള്‍ അവലംബിച്ചത്. ഇഷ്ടമുള്ള മതം സ്വീകരിക്കുന്നതിനോടൊപ്പം മതങ്ങളെ എതിര്‍ക്കുന്നതിനുള്ള അവകാശവും ജനങ്ങള്‍ക്കു നല്കപ്പെട്ടു. അതോടുകൂടി ചൈനീസ് മതങ്ങള്‍ ക്ഷയോന്മുഖമായിത്തീര്‍ന്നു. 1966 മുതല്‍ 69 വരെ നീണ്ടു നിന്ന സാംസ്കാരിക വിപ്ലവകാലത്ത് ചൈനീസ് മതങ്ങളെല്ലാം നിര്‍ജീവമായിത്തീര്‍ന്നു. ഫ്യൂഡല്‍ വ്യവസ്ഥിതിയിലെ അന്ധവിശ്വാസങ്ങളായി മതങ്ങള്‍ ചിത്രീകരിക്കപ്പെട്ടു. ഇത്തരം അന്ധവിശ്വാസങ്ങളെ-മതങ്ങളെ ദൂരീകരിക്കേണ്ടത് നവചൈനയുടെ നിര്‍മാണത്തിന് അത്യന്താപേക്ഷിതമാണെന്ന് സാംസ്കാരിക വിപ്ലവനേതാക്കള്‍ ജനങ്ങളെ ധരിപ്പിച്ചു. സാംസ്കാരിക വിപ്ലവകാലത്ത് എല്ലാ മതങ്ങളിലും പെട്ട അനേകം ദേവാലയങ്ങള്‍ നശിപ്പിക്കപ്പെട്ടു. ദേവാലയങ്ങളോടൊപ്പം മതപരമായ ഗ്രന്ഥങ്ങളും നശിപ്പിക്കപ്പെടുകയുണ്ടായി. മാവോ ദ്സെ ദൂങ്ങും അദ്ദേഹത്തിന്റെ ചിന്താഗതികളും ചൈനീസ് ജനതയെ സ്വാധീനിച്ചു. മാവോയുടെ ആശയങ്ങളെ ഒരു പുതിയ മതവിശ്വാസമെന്നവണ്ണം ജനങ്ങള്‍ സ്വീകരിച്ചു. മാവോയുടെ മരണശേഷം ഭരണകൂടം മതങ്ങളുടെ നേര്‍ക്ക് ഉദാരമായ നിലപാടു കൈക്കൊണ്ടു. അതിന്റെ ഫലമായി 1980-നുശേഷം എല്ലാ മതവിഭാഗങ്ങളുംപെട്ട അനേകം ദേവാലയങ്ങള്‍ ചൈനയിലെങ്ങും ഉയര്‍ന്നു. 1949-നുമുമ്പുള്ള ജീവിതത്തിലേക്ക് ചൈനീസ് ജനത സാവധാനം നീങ്ങിക്കൊണ്ടിരിക്കുന്നുവെന്ന പ്രതീതിയാണ് ഇന്നു ദൃശ്യമാകുന്നത്.

(പ്രൊഫ. നേശന്‍. റ്റി. മാത്യു; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍