This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചേമ്പ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:20, 6 ഫെബ്രുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചേമ്പ്

ഒരു പ്രധാന കിഴങ്ങുവര്‍ഗവിള. അരേസി (Araceae) സസ്യകുടുംബത്തില്‍പ്പെടുന്ന ഒരു വാര്‍ഷിക ഓഷധിയാണിത്. ശാസ്ത്രനാമം: കൊളൊക്കേഷ്യ ആന്റിക്വോറം (Colocasia antiquorum) ചേമ്പിന്റെ ഉദ്ഭവസ്ഥലം തെക്കു കിഴക്കേ ഏഷ്യയാണ്. പോളിനേഷ്യന്‍ രാജ്യങ്ങളില്‍ ഇത് സമൃദ്ധമായി വളരുന്നു. ഇതിന്റെ ആറ് സ്പീഷീസുകള്‍ ഇന്ത്യയില്‍ വളരുന്നുണ്ട്. കേരളത്തില്‍ വിവിധ പരിതഃസ്ഥിതികളില്‍ വളരുന്ന കറുത്ത ചേമ്പ്, ശീമച്ചേമ്പ്, പാല്‍ച്ചേമ്പ് (കണ്ടിച്ചേമ്പ്), വര്‍ഷച്ചേമ്പ് (ചെറു ചേമ്പ്), കുളച്ചേമ്പ്, നനച്ചേമ്പ്, കണ്ണന്‍ ചേമ്പ്, മലയാര്യന്‍ ചേമ്പ്, ചുട്ടിച്ചേമ്പ്, കറുത്തകണ്ണന്‍, വെളുത്തകണ്ണന്‍, ആറാട്ടുപുഴക്കണ്ണന്‍, താമരക്കണ്ണന്‍, ആനക്കൊമ്പ്, വെട്ടത്തുനാടന്‍, കൊട്ടുചേമ്പ്, വാഴച്ചേമ്പ്, കരിഞ്ചേമ്പ് തുടങ്ങിയ ഇനങ്ങളാണുള്ളത്. ഇലത്തണ്ടുകളുടെ നിറത്തെ ആസ്പദമാക്കി വെളുത്ത ഇലത്തണ്ടുള്ളവ എന്നും പച്ചയോ നീലാരുണമോ ആയ ഇലത്തണ്ടുള്ളവയെന്നും രണ്ടുതരമുണ്ട്. ഒരു വാര്‍ഷിക സസ്യമായ ചേമ്പിന്റെ തണ്ട് നീളം കുറഞ്ഞതും വെള്ളം പോലെയോ പാല്‍ പോലെയോ ഉള്ള ലാറ്റക്സ് നിറഞ്ഞതുമാണ്. ഇതില്‍നിന്ന് നീണ്ട പത്രവൃന്തവും വിസ്തൃതമായ പാളികളും ഉള്ള പത്രങ്ങള്‍ പുറപ്പെടുന്നു.

ചേമ്പ്

ഈ ജീനസ്സിന്റെ ഒരു പ്രത്യേകത ഇതിന്റെ പൂങ്കുലയാണ്. അനവധി ചെറുപുഷ്പങ്ങളടങ്ങിയ ഒരു ലഘു സ്പാഡിക്സ് ആണിതിന്റെ പൂങ്കുല. ഇതിനെ പൂര്‍ണമായി പൊതിയുന്ന വലിയൊരു സഹപത്രശല്ക്കം (bract) ഉണ്ട്. പുഷ്പങ്ങള്‍ ഏകലിംഗിയോ ദ്വിലിംഗിയോ ആയിരിക്കും. ഇവയ്ക്ക് പരിദളപുടങ്ങളുണ്ടാകാറില്ല. പാകമാകുമ്പോഴും ഫലങ്ങള്‍ സ്പാഡിക്സില്‍ ഉറപ്പിച്ച നിലയിലായിരിക്കും.

ചേമ്പിന്റെ ചെറിയ ഘനകന്ദം മണ്ണിനടിയില്‍ സ്ഥിതിചെയ്യുന്നു. ഇതില്‍നിന്ന് വലയവിന്യാസത്തില്‍ നീണ്ട പത്രവൃന്തങ്ങളോടുകൂടിയ ധാരാളം ഇലകളുണ്ടാകുന്നു. പത്രവൃന്തത്തിന് ചുവടു ഭാഗത്ത് ചെറിയൊരു പത്ര ആച്ഛദമുണ്ടായിരിക്കും. ഛത്രികാകാരമുള്ള ഇലകളുടെ നടുഭാഗത്തുനിന്നാണ് പത്രവൃന്തം പുറപ്പെടുന്നത്. ഈ പ്രത്യേക സ്വഭാവമാണ് ആന്റിക്വോറം സ്പീഷീസിനെ അതുപോലുള്ള മറ്റ് അരോയ്ഡുകളില്‍നിന്നും തിരിച്ചറിയുവാനുതകുന്നത്. ദീര്‍ഘായതമോ അണ്ഡാകാരമോ ആയ പത്രപാളി വിസ്താരമുള്ളതും കട്ടിയുള്ളതുമാണ്. നല്ല കടുംപച്ച നിറമുള്ള ഇലകളുടെ പത്രാധാരം അല്പം അകത്തേക്ക് കയറിയതും പത്രാഗ്രം കൂര്‍ത്തിരിക്കുന്നതുമാണ്. ചെടിക്ക് ഏകദേശം ഒരു മീ. വരെ ഉയരം വയ്ക്കും. തണ്ടിന്റെ അടിഭാഗം വണ്ണംവയ്ക്കുമ്പോള്‍ ഗോളാകൃതിയില്‍ മാംസളമായി വളര്‍ന്നു ഗഹ്വരങ്ങള്‍ (caves) രൂപപ്പെടുന്നു. ഇവയ്ക്ക് വണ്ണത്തെക്കാള്‍ കൂടുതല്‍ നീളമുണ്ടായിരിക്കും. ഘനകന്ദത്തില്‍ തണ്ടിലെ പര്‍വസന്ധികളെ പ്രതിനിധീകരിക്കുന്ന വലയാകൃതിയിലുള്ള അടയാളങ്ങള്‍ കാണാം. ഏറ്റവും മുകളിലെ വലയങ്ങളുടെ പുറത്തുനിന്ന് മുകുളങ്ങള്‍ ഉണ്ടാവുന്നു. ഘനകന്ദത്തിന്റെ ഉപരിഭാഗം പരുപരുത്തതാണ്. ഘനകന്ദത്തില്‍നിന്ന് പുറപ്പെടുന്ന വേരുപടലം നാരുപോലുള്ളതും ഉപരിതലീയവുമാണ്. വളരെക്കുറഞ്ഞ അധ്വാനംകൊണ്ട് കൂടുതല്‍ ആദായം കിട്ടുന്ന ചേമ്പ് നമ്മുടെ നാട്ടിലെ എല്ലായിനം മണ്ണിലും കൃഷി ചെയ്യുന്നുണ്ട്. മണലും ചെളിയും ചേര്‍ന്ന ഈര്‍പ്പമുള്ള വയലുകളില്‍ വേനല്‍ക്കാലത്ത് കൃഷി ചെയ്താല്‍ നല്ല വിളവ് ലഭിക്കും. വെള്ളം കെട്ടിക്കിടക്കുന്ന താഴ്ന്ന പ്രദേശങ്ങളില്‍ കൃഷിചെയ്യപ്പെടുന്ന ചേമ്പിന് ഗുണവും രുചിയും കുറവാണ്. കേരളത്തില്‍ ഓണാട്ടുകരയും നെട്ടൂരും ചേമ്പുകൃഷിക്ക് പ്രസിദ്ധമാണ്.

ഏതു കാലാവസ്ഥയിലും കൃഷിചെയ്യാവുന്ന ചേമ്പ് പ്രധാനമായും രണ്ട് സമയങ്ങളിലാണ് കൃഷി ചെയ്യാറുള്ളത്. മേയ്-ജൂണില്‍ നട്ട് ഒക്ടോബര്‍-നവംബറില്‍ വിളവെടുക്കുന്നവയും മഴയെ ആശ്രയിച്ചു പറമ്പുകളില്‍ കൃഷിചെയ്യുന്നവയും. സെപ്തംബര്‍-ഒക്ടോബറില്‍ നട്ട് ഫെബ്രുവരി-മാര്‍ച്ചില്‍ നനച്ചു വളര്‍ത്തുന്നവയുമാണവ. ജൂണ്‍-ജൂലായില്‍ നട്ട് ജനുവരിയില്‍ വിളവെടുക്കുന്ന കര്‍ക്കടകച്ചേമ്പും ഫെബ്രുവരി-മാര്‍ച്ചില്‍ നട്ട് ജൂണില്‍ പാകമാകുന്ന വൃശ്ചികച്ചേമ്പും നമ്മുടെ നാട്ടില്‍ കൃഷി ചെയ്യുന്ന രണ്ടിനങ്ങളാണ്. ഏറ്റവും കൂടുതല്‍ കൃഷി ചെയ്യുന്ന ഇനം 'താമരക്കണ്ണന്‍' ആണ്.

പൂര്‍ണ വളര്‍യെത്തിയ ചെടികള്‍ പിഴുതെടുത്ത് തായ്ക്കിഴങ്ങിന്റെ വശങ്ങളിലുള്ള നല്ല വിത്തുകള്‍ അടര്‍ത്തിയെടുക്കുന്നു. മൂന്നുനാല് ദിവസം ഇവയെ തണലില്‍ ഉണങ്ങാനനുവദിക്കുന്നു. അതിനുശേഷം തണലും വായുവും ഉള്ള സ്ഥലത്ത് മണല്‍ നിരത്തി വിത്തുകള്‍ സൂക്ഷിക്കുന്നു. ചിതല്‍ ആക്രമിക്കാതെ 10 ശ.മാ. വീര്യമുള്ള ബി.എച്ച്.സി. പൊടി മണലിനോട് ചേര്‍ത്ത് വിതറുന്നു. മുളപൊട്ടിവരുന്ന സാമാന്യം വലുപ്പമുള്ള വിത്തുകളാണ് നടാനുപയോഗിക്കുന്നത്.

തിരുവനന്തപുരത്തെ ശ്രീകാര്യത്തുള്ള കേന്ദ്ര കിഴങ്ങു ഗവേഷണ കേന്ദ്രത്തിലെ 'വി. 260' എന്ന ഇനം ചേമ്പ് ഞാറ്റടികളുണ്ടാക്കി പറിച്ചു നടാന്‍ പറ്റിവയാണ്. ധാരാളമായി ചിനപ്പുകള്‍ പൊട്ടുന്ന ഈ ഇനത്തിന്റെ ചിനപ്പുകളാണ് പറിച്ചുനടുന്നത്. ഇങ്ങനെ ചെയ്യുന്നതുമൂലം വിത്തിന് ആവശ്യമുള്ള കിഴങ്ങിന്റെ അളവു കുറയ്ക്കാന്‍ സാധിക്കും.

രോഗങ്ങളും കീടങ്ങളും ചേമ്പുകൃഷിയെ സാരമായി ബാധിക്കാറില്ല. ബ്ലൈറ്റ് രോഗം ചിലയിടങ്ങളില്‍ കാണാറുണ്ട്. ആദ്യം ഇലകളിലും ഇലഞെടുപ്പുകളിലും കറുത്തതോ തവിട്ടുനിറമോ ഉള്ള പൊട്ടുകളുണ്ടായി പിന്നീട് അതില്‍ മുഴുവന്‍ വ്യാപിച്ച് ചെടികളെ നശിപ്പിക്കുന്നു. ഈ രോഗം കിഴങ്ങുകളെ ബാധിച്ചാല്‍ അവ ചീഞ്ഞുപോകുന്നു. ഇത് തടയാന്‍ രണ്ടുമൂന്ന് സമയങ്ങളില്‍ കൃഷിയിറക്കാതിരിക്കയാണ് ഏറ്റവും ഉത്തമം. 500 ലി. വെള്ളത്തില്‍ ഒരു കി.ഗ്രാം സൈറാം, സിനമ്പ്, ബ്ലു കോപ്പര്‍ ഫംഗിസൈഡ് ഇവയിലേതെങ്കിലുമൊന്ന് 2 ഗ്രാം ഒരു ലി. വെള്ളത്തില്‍ എന്ന തോതില്‍ ചേര്‍ത്തുതളിക്കുന്നത് ഈ രോഗത്തെ തടയും. ഇലകള്‍ തിന്നുന്ന ചെറുപ്രാണികളെ നിയന്ത്രിക്കാന്‍ ഹെക്ടറിന് 2.5 ലി. മാലാത്തിയേന്‍ 500 ലി. വെള്ളത്തില്‍ ചേര്‍ത്ത് തളിക്കുകയോ അല്ലെങ്കില്‍ പൊടി വിതറുകയോ ചെയ്താല്‍ മതി.

ചേമ്പിന്റെ ഇലകള്‍ക്ക് മഞ്ഞ നിറമാകുമ്പോള്‍ വിളവെടുക്കാം. ചേമ്പിന് 6-9 മാസം വരെ മൂപ്പുണ്ട്. നന്നായി വിളയാത്ത ചേമ്പ് അധികകാലം സൂക്ഷിച്ചുവയ്ക്കാന്‍ കൊള്ളുകയില്ല.

ഘനകന്ദത്തിലെ മുഖ്യഘടകം അന്നജമാണ്. ചേമ്പിന്റെ എല്ലാ ഭാഗങ്ങളും ആഹാരത്തിന് ഉപയോഗിക്കുന്നു. ഉരുളക്കിഴങ്ങിലുള്ളതിനെക്കാള്‍ ഇരട്ടി ഭക്ഷ്യമൂല്യം ഇതിനുണ്ട്. അന്നജം, മാംസ്യം എന്നിവയും സോഡിയം, കാത്സ്യം, ഇരുമ്പ് തുടങ്ങിയ ധാതുക്കളും ജീവകം 'എ', റിബോഫ്ലേവിന്‍, അസ്കോര്‍ബിക് ആസിഡ് തുടങ്ങിയ ജീവകങ്ങളും ഇതിലടങ്ങിയിരിക്കുന്നു. ചേമ്പില്‍ കാത്സ്യം ഓക്സലേറ്റ് പരലുകളുള്ളതിനാല്‍ ചേമ്പില്‍നിന്നും ചൊറിച്ചില്‍ അനുഭവപ്പെടാറുണ്ട്. ഇത്തരം പരലുകള്‍ കിഴങ്ങു വെന്താല്‍ അപ്രത്യക്ഷമാകുന്നു. ചേമ്പിന്റെ ഇളം ഇലത്തണ്ടുകള്‍ പച്ചക്കറിയായി ഉപയോഗിക്കുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9A%E0%B5%87%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍