This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചിറക്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

17:37, 21 ജനുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ഉള്ളടക്കം

ചിറക്

വായുവില്‍ ഉയര്‍ന്നുപൊങ്ങാനും സഞ്ചരിക്കാനും ഉപകരിക്കുന്ന അവയവം. ഷട്പദങ്ങള്‍ക്കും പക്ഷികള്‍ക്കും ചില സസ്തനികള്‍ക്കും പറക്കാനുള്ള കഴിവുണ്ട്.

പറക്കല്‍

ശരീരപാര്‍ശ്വങ്ങളില്‍ സ്ഥിതിചെയ്യുന്ന ചിറകുകള്‍ ചലിപ്പിക്കുമ്പോള്‍ ഭൂഗുരുത്വാകര്‍ഷണത്തിന് വിധേയമാകാതെ വായുവിനെ ഭേദിച്ചു മുകളിലോട്ട് ഉയരാനോ മുമ്പോട്ട് സഞ്ചരിക്കാനോ വേണ്ട ഊറ്റം ലഭിക്കുന്നു. പറക്കുന്ന ജീവജാലങ്ങളില്‍ ഓരോ വിഭാഗത്തിനും തനതായ പറക്കല്‍ ശൈലി ഉണ്ട്. ചിറകുകളുടെ ഇടതടവില്ലാതുള്ള ചലനമാണ് തുടര്‍ച്ചയായ പറക്കല്‍ സാധ്യമാക്കിത്തീര്‍ക്കുന്നത്. പൂര്‍ണമല്ലാത്ത വൃത്തരൂപത്തിലോ 8-ന്റെ ആകൃതിയിലോ ചലിക്കുന്ന ചിറകുകള്‍ മുമ്പോട്ടുള്ള സഞ്ചാരത്തിന് ആവശ്യമായ ഊറ്റവും കാറ്റിലുയരാനാവശ്യമായ തള്ളലും നല്കുന്നു. ചിറകുകളുടെ ചലനംമൂലം വായു പിന്‍ഭാഗത്തേക്ക് ശക്തമായി തള്ളപ്പെടുമ്പോള്‍ ഒരു പ്രതിപ്രവര്‍ത്തനം എന്നപോലെ ശരീരം വായുവില്‍ ഉയരുകയും മുമ്പോട്ട് നീങ്ങുകയും ചെയ്യുന്നു. പക്ഷികളുടെ മിനുസമുള്ള ചിറകിന്റെ ഉപരിതലം മുന്‍ഭാഗത്ത് ചെറുതായി ഉയര്‍ന്ന് താഴോട്ടും ചിറകിന്റെ അടിഭാഗം ഉപരിഭാഗത്തിന്റെ ഉയര്‍ച്ചയ്ക്കൊപ്പം ചെറുതായി ഒതുങ്ങി ഉള്ളിലേക്കും വളഞ്ഞുനേര്‍ത്തിരിക്കുന്നു. ഇത്തരം ആകൃതിയുള്ള ചിറകിനെ കടന്ന് പിന്നോക്കം പോകുന്ന വായുവില്‍ ഉണ്ടാകുന്ന മര്‍ദവ്യത്യാസമാണ് പറവയുടെ ശരീരത്തെ മുന്നിലേക്കും അതോടൊപ്പംതന്നെ മുകളിലേക്കും നീങ്ങി പറക്കല്‍ സാധ്യമാക്കിത്തീര്‍ക്കുന്നത്.

ആദ്യത്തെ പറവ

ആദ്യമായി വായുവിലൂടെ പറന്നുനടന്ന ജീവിയെക്കുറിച്ചുള്ള അറിവ് ലഭ്യമല്ല. പറവകളില്‍ മുന്‍പന്തിയിലെത്തുക പക്ഷികളാണ്. ടെറോഡാക്ടയിലുകള്‍, ചില സസ്തനികള്‍, പക്ഷികള്‍, പറക്കും തവളകള്‍, ചില മീനുകള്‍ എന്നിവയ്ക്ക് പറക്കാന്‍ കഴിവുണ്ട്. ഇവയില്‍ മുന്‍കാലുകള്‍ ചിറകുകളായി രൂപാന്തരപ്പെട്ടിരിക്കുന്നു. എന്നാല്‍ ഷട്പദങ്ങളിലെ ചിറകുകള്‍ മുന്‍കാലുകള്‍ രൂപംപ്രാപിച്ചുണ്ടായതല്ല.

ഷട്പദങ്ങള്‍

ആദ്യമായി ചിറകുകള്‍ രൂപംകൊണ്ടത് ഷട്പദങ്ങളിലാണ്. ഷട്പദങ്ങള്‍ ഭൂമിയില്‍ പറക്കാന്‍ തുടങ്ങിയിട്ട് ഏകദേശം 30,00,00,000 വര്‍ഷമാകും. ചിറകിന്റെ ഉദ്ഭവം, പരിണാമവികാസങ്ങള്‍ എന്നിവയെല്ലാംതന്നെ തര്‍ക്കവിഷയമാണ്. ജന്മശത്രുക്കളായ എട്ടുകാലികളില്‍നിന്നും രക്ഷപ്പെടാന്‍ ഷട്പദങ്ങള്‍ക്ക് പ്രകൃതി നല്കിയ ഉപാധിയായി ചിറകുകളെ വിലയിരുത്തുന്ന ജന്തുശാസ്ത്രജ്ഞന്മാരുണ്ട്.

മണ്‍മറഞ്ഞുപോയ വലുപ്പം കുറഞ്ഞ ഷട്പദങ്ങളിലായിരിക്കണം ചിറകുകളുടെ ആവിര്‍ഭാവം. ചാടിച്ചാടി നടന്നിരുന്ന ഷട്പദങ്ങളെ കാറ്റിലൊഴുകി വേഗത്തില്‍ സഞ്ചരിക്കാന്‍ സഹായിക്കാനായി ഉടലെടുത്തതാകാം ഇത്തരം ചിറകുകള്‍ എന്നൊരു ശാസ്ത്രമതമുണ്ട്. ഉരസ്സില്‍നിന്നും പാര്‍ശ്വങ്ങളിലേക്ക് നീണ്ടുനില്ക്കുന്ന അവയവങ്ങളായിരുന്നു മുന്‍കാല ചിറകുകള്‍. ഈ ചിറകുകള്‍ക്ക് ചലനശേഷി ഉണ്ടായിരുന്നില്ല എന്നാണ് വിശ്വസിക്കുന്നത്. കാലാന്തരത്തില്‍ പേശികളും മറ്റു ചലനസഹായികളും വളര്‍ച്ച പ്രാപിക്കുകയും ചിറകുകള്‍ ചലിക്കാന്‍ കഴിവുള്ളവയായിത്തീരുകയും ചെയ്തിരിക്കണം. മേയ് ഫ്ളൈ എന്ന ഈയലിന്റെ കീടാവസ്ഥയില്‍ അടിവയറ്റില്‍ കാണുന്ന ചലിക്കുന്ന ശ്വാസനാളീശകലങ്ങള്‍ക്ക് (tracheal gills) സമാനമായി ഉരസ്സിലെ ശ്വാസനാളികളില്‍നിന്നും ക്രമേണ ഉരുത്തിരിഞ്ഞുവന്നതാണ് ആദ്യകാല ചിറകുകള്‍ എന്ന അഭിപ്രായവും നിലവിലുണ്ട്. ഇന്ന് കാണുന്ന ഷട്പദങ്ങളിലെ ചിറകുകള്‍ ഉരസ്സില്‍നിന്നും ജോടികളായി വളര്‍ന്നിറങ്ങിയവയാണ്. കട്ടിയുള്ള വരമ്പുകള്‍പോലെ തോന്നിക്കുന്ന ഞരമ്പുകള്‍കൊണ്ട് ബലപ്പെടുത്തിയിട്ടുള്ളതാണ് ഈ ചിറകുകള്‍. ഇത്തരം വരമ്പുകള്‍ക്കുള്ളിലൂടെ ശ്വാസനാളികള്‍ കടന്നുപോകുന്നത് ദൃശ്യമാണ്. സിരാവിന്യാസം എല്ലാ ഷട്പദങ്ങളിലും ഒരുപോലെയല്ല. ഷട്പദങ്ങളുടെ വര്‍ഗീകരണത്തിന് സിരാവിന്യാസ വ്യത്യാസങ്ങള്‍ ഉപയോഗിച്ചുവരുന്നു.

ഷട്പദങ്ങളില്‍ ഒന്നില്‍ക്കൂടുതല്‍ ജോടി ചിറകുകള്‍ കാണാറുണ്ട്. എങ്കിലും സുതാര്യമായ ഒരു ജോടി ചിറകുകള്‍ മാത്രമേ പറക്കാന്‍ ഉപയോഗിക്കാറുള്ളൂ. പക്ഷികളിലും സസ്തനികളിലും കണ്ടുവരുന്നതുപോലെ മാംസപേശികളുടെ നേരിട്ടുള്ള പ്രവര്‍ത്തനമല്ല ചിറകുകളെ ചലിപ്പിക്കുന്നത്. ഉരസ്സിനുള്ളില്‍ നെടുകെയും കുറുകെയും വിന്യസിച്ചിരിക്കുന്ന മാംസപേശികളുടെ സങ്കോചവികാസങ്ങള്‍ ഉരസ്സിനെ ചുരുക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നു. ഉരസ്സിന്റെ ചലനം അതിനോടുചേര്‍ന്ന ചിറകുകളെയും ചലിപ്പിക്കുന്നു; ഇതിന്റെ ഫലമായാണ് പറക്കല്‍ സാധ്യമായിത്തീരുന്നത്. ചലിക്കുന്ന ചിറകുകളുടെ അഗ്രങ്ങള്‍ വായുവില്‍ വൃത്തം വരയ്ക്കുന്നതായി തോന്നും. ചലനം നിലയ്ക്കുമ്പോള്‍ ഭൂരിഭാഗം ഷട്പദങ്ങളുടെയും ചിറക് ഉരസ്സിന്റെയും അടിവയറ്റിന്റെയും മുകളിലായി ഒതുങ്ങിയിരിക്കും.

വ്യാളിത്തുമ്പിയുടെ ചിറക്

വ്യാളിത്തുമ്പി (Dragon fly) ഒഴികെയുള്ള മിക്ക ഷട്പദങ്ങളുടെയും ചിറകുകള്‍ പ്രവര്‍ത്തിക്കുന്നത് പേശികളുടെ നേരിട്ടല്ലാതുള്ള പ്രവര്‍ത്തനഫലമായാണ്. ഡിക്റ്റിയേപ്റ്റെറാ വിഭാഗത്തില്‍പ്പെട്ട ഷട്പദങ്ങളില്‍ ചിറക് ചലിപ്പിക്കാന്‍ സഹായിക്കുന്ന ഉരസ്സിലെ പേശികള്‍തന്നെയാണ് കാലുകളും ചലിപ്പിക്കുന്നത്. ഡിപ്റ്റിറ (diptera) വിഭാഗത്തില്‍പ്പെട്ട ഷട്പദങ്ങളില്‍ (ഉദാ. ഈച്ചവര്‍ഗം) പുറകിലത്തെ ജോടി ചിറകുകള്‍ ചുരുങ്ങി തോലനികളായി(halteres)ത്തീരുന്നു. ഈ തോലനികള്‍ പറക്കല്‍ നിയന്ത്രിക്കുന്ന കേന്ദ്രവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു.

ഷട്പദങ്ങളില്‍ ഹെറ്ററോപ്റ്റെറ (Heteroptera) ഗോത്രത്തില്‍പ്പെടുന്നവയാണ് മൂട്ട. മൂട്ടയുടെ ശരീരത്തിന്റെ ഉപരിഭാഗത്ത് 'X' ആകൃതിയില്‍ മടക്കിവച്ചിരിക്കുന്ന ചിറകുകള്‍ ആ ഗോത്രത്തില്‍പ്പെട്ട ഷട്പദങ്ങളെ വേഗം തിരിച്ചറിയാന്‍ സഹായിക്കുന്നു. ഇവയുടെ ഉരസ്സിന്റെ പാര്‍ശ്വങ്ങളിലായി രണ്ടുജോടി ചിറകുകളുണ്ട്. മുന്‍ചിറക് തുകല്‍പോലെ കട്ടികൂടിയതും സുതാര്യമായ അഗ്രങ്ങളോടുകൂടിയതുമാണ്. ചിറകിന്റെ കട്ടിയുള്ളതും സുതാര്യവുമായ ഭാഗങ്ങള്‍ വേര്‍തിരിക്കാന്‍ ഒരു പ്രത്യേക അടയാളം കാണപ്പെടുന്നുണ്ട്. പിന്‍ചിറക് വളരെ സുതാര്യവും ലോലവുമാണ്. കട്ടിയുള്ള മുന്‍ചിറക് പിന്‍ചിറകിന് സംരക്ഷണത്തിനായി രൂപംകൊണ്ടതായിരിക്കണം. ഈ ഓര്‍ഡറിലുള്‍പ്പെട്ട വിവിധയിനം മൂട്ടകളുടെ ചിറകുകള്‍ ആകൃതിയിലും വലുപ്പത്തിലും വ്യത്യസ്തമാണ്.

ലെപിഡോപ്റ്റെറ (Lepidoptera) ഓര്‍ഡറില്‍പ്പെടുന്ന ഷട്പദങ്ങളാണ് ചിത്രശലഭങ്ങള്‍. സമാധിദശയുടെ അന്ത്യത്തില്‍ പ്യൂപ്പയുടെ വെളിയില്‍ വരുമ്പോഴാണ് ചിറകുകള്‍ വിടരുക. മേച്ചിലോടുകള്‍ അടുക്കിയതുപോലെ ചിറകുകളില്‍ ചെതുമ്പലുകള്‍ ക്രമമായി അടുക്കിയിരിക്കുന്നു. നാനാവര്‍ണങ്ങള്‍ പേറുന്ന ചെതുമ്പലുകള്‍ ചിത്രശലഭങ്ങളുടെ ചിറകുകള്‍ക്ക് ഭംഗിയും ആകര്‍ഷകത്വവും നല്കുന്നു. ഓരോ ചെതുമ്പലും പതിഞ്ഞു പരന്നതെങ്കിലും വായു സംഭരിക്കാനുതകുന്ന രീതിയില്‍ അകംപൊള്ളയാണ്.

സുപചരിചിതമായ ഷട്പദമാണ് കൊതുക്. അതിന്റെ ചിറകുകള്‍ ഒരു സെക്കന്‍ഡില്‍ 600-ല്‍പ്പരം പ്രാവശ്യം ചലിക്കുന്നു. ആ ചലനങ്ങള്‍ കാറ്റിലുണ്ടാകുന്ന പ്രകമ്പനമാണ് കൊതുകിന്റെ മൂളലായി നമ്മുടെ ചെവിയിലെത്തുക.

തൈസനോപ്റ്റെറ ഓര്‍ഡറില്‍പ്പെടുന്ന ഷട്പദങ്ങളാണ് ചിറകുള്ള ഷട്പദങ്ങളില്‍ ഏറ്റവും വലുപ്പം കുറഞ്ഞത് (ഉദാ. ത്രിപ്സ്).

പക്ഷികള്‍

പക്ഷികളുടെ ചിറക് മാംസപേശികളും അസ്ഥികളുംകൊണ്ട് രൂപപ്പെടുത്തിയതാണ്. ഉരഗജീവികളില്‍നിന്ന് രൂപംകൊണ്ട ഉഷ്ണരക്തമുള്ള ജന്തുക്കളാണ് പക്ഷികള്‍. ഇവയുടെ മുന്‍കാലുകള്‍ പറക്കാനുള്ള ചിറകായും പിന്‍കാലുകള്‍ ശാഖകളിലും ചില്ലകളിലും പിടിച്ചിരിക്കുന്നതിന് യോജിച്ച വിരലുകളോടാകൂടിയവയും രൂപംപ്രാപിച്ചതാണ്.

ഉരോസ്ഥിയില്‍ തുടങ്ങി ഭുജാസ്ഥിയുടെ കീഴ്ഭാഗംവരെ പടര്‍ന്നുകിടക്കുന്ന പേശീസമൂഹമായ ഉരച്ഛദപേശി(pectoralis)കളുടെ പ്രവര്‍ത്തനത്താലാണ് ചലനം സാധ്യമാക്കുന്നത്. ഉരച്ഛദപേശികള്‍ ഭുജാസ്ഥിയില്‍ ബന്ധമുറപ്പിച്ചിരിക്കുന്നത് ഉപപേശികള്‍ വഴിയാണ്. ഒന്നിനുപുറകിലൊന്നായി സ്ഥിതിചെയ്യുന്ന പൂര്‍വ ഉരച്ഛദപേശിയും ഉരച്ഛദപേശിയും ഇടവിട്ട് സങ്കോചിക്കുകയും വികസിക്കുകയും ചെയ്യുമ്പോള്‍ ചിറക് മുകളിലോട്ടും താഴോട്ടും ചലിച്ചുതുടങ്ങുന്നു.

ആര്‍ക്കിയോപ്റ്റെറിക്സ്

പക്ഷികളെ വര്‍ഗീകരിക്കുന്നത് അവയുടെ ചിറകിന്റെ ആകൃതിയും വലുപ്പവും അടിസ്ഥാനമാക്കിയാണ്. പക്ഷികളുടെ സ്വഭാവവും ജീവിതരീതികളും വരെ ചിറകിനെ ആശ്രയിച്ചിരിക്കുന്നു. പറക്കുന്ന രീതിയെ പൊതുവേ രണ്ടായി തിരിക്കാം. (i) വട്ടംചുറ്റി പൊങ്ങിയുംതാണും ഒഴുകി-ഒഴുകിയുള്ള പറക്കല്‍. ഇത്തരം പറക്കലില്‍ പക്ഷി അധികദൂരം പറന്നു മാറാറില്ല. (ii) ചിറകടിച്ചുയര്‍ന്ന് ദൂരത്തേക്ക് പറക്കല്‍. 85,000-ത്തില്‍പ്പരം വര്‍ഗങ്ങളടങ്ങുന്ന പക്ഷിസമൂഹത്തിലെ ഓരോ ഇനത്തിനും തനതായ പറക്കല്‍ ശൈലിയും ശൈലിക്കൊത്ത ചിറകുകളും ഉണ്ട്.

വട്ടംചുറ്റി പറക്കല്‍ ശൈലിതന്നെ വ്യത്യസ്തങ്ങളാണ്. കൂടെക്കൂടെ പറന്ന് ഉയരുകയും താഴുകയും ചെയ്യുക; പറന്നുയര്‍ന്നശേഷം വൃത്താകൃതിയില്‍ വായുവില്‍ ഒഴുകിപ്പറക്കുക-ഇതാണ് കടല്‍പ്പക്ഷികള്‍, പരുന്ത്, കഴുകന്‍ തുടങ്ങിയവയുടെ രീതി. ഇവയുടെ ചിറകുകള്‍ക്ക് നീളം പൊതുവേ കൂടുതലും വീതി താരതമ്യേന കുറവുമാണ്. കഴുകനെയും പരുന്തിനെയും അപേക്ഷിച്ച് കടല്‍പ്പക്ഷികളുടെ ചിറകിന് വീതി കുറവാണ്. ഈ പക്ഷികളുടെ തൂവല്‍വിന്യാസത്തിനും ചില പ്രത്യേകതകളുണ്ട്. വിടര്‍ത്തിപ്പിടിച്ച നീണ്ട ചിറകിന്റെ അഗ്രഭാഗത്തിനടുത്തായി പറക്കത്തൂവലുകള്‍ ഇളക്കിമാറ്റിയതുപോലെ വിടവുകള്‍ കാണാം. കാറ്റിന്റെ ഗതിവിഗതികളെ നേരിട്ട് സുഗമമായ പറക്കിലിനായി പ്രകൃതി ഇണക്കിയ സംവിധാനമാണ് ഈ വിടവുകള്‍. കാറ്റിന്റെ ശക്തിയില്‍ പറക്കത്തൂവലുകള്‍ക്ക് മര്‍ദവ്യത്യാസം അനുഭവപ്പെടുന്ന വേളകളില്‍ അധിക ചലനത്തിനാവശ്യമായ തൂവല്‍സ്ഥലം കണ്ടെത്താനും ഈ വിടവ് സഹായിക്കും. ജീവിതസാഹചര്യവും ശൈലിയും അനുസരിച്ച് ഈ പക്ഷികുടുംബത്തില്‍ ഓരോ ഇനത്തിന്റെയും തൂവലുകളുടെ വലുപ്പം, ഘടന, സ്ഥാനം എന്നിവ വ്യത്യസ്തമാണ്.

ചില പക്ഷികള്‍ക്ക് വായുവില്‍ ഒഴുകി നടക്കാന്‍ വൈദഗ്ധ്യം ഉണ്ട്. ബാറ്റ് ലര്‍ (Bateleur) എന്ന കുറുകിയ വാലുള്ള ആഫ്രിക്കന്‍ കഴുകന്‍ പറന്നുയര്‍ന്ന് കഴിഞ്ഞാല്‍ കാറ്റിലൂടെ ചിറകടിക്കാതെ 55 മുതല്‍ 85 വരെ കി.മീ. വേഗതയില്‍ തെന്നിമാറാന്‍ കഴിവുണ്ട്. ഈ കഴുകന്‍ ശരീരം ചരിച്ചും നിവര്‍ത്തിയുമാണ് സഞ്ചാരത്തിന്റെ ഗതി നിയന്ത്രിക്കുന്നത്. വായുസഞ്ചാരത്തിനിടയില്‍ വേട്ടയാടുന്ന പക്ഷികള്‍ക്ക് നീളമുള്ളതും വീതികുറഞ്ഞതുമായ ചിറകുകളാണുള്ളത്. പൊന്മാനെപ്പോലെ ഒരിടത്തിരുന്ന് ഇരയെ കണ്ടുപിടിച്ചശേഷം ഒറ്റക്കുതിപ്പിന് കൊക്കിലൊതുക്കുന്ന സ്വഭാവമുള്ള പക്ഷികളില്‍ പ്രായേണ വൃത്താകൃതിയിലുള്ള ചിറകുകളാണുള്ളത്. തറയിലിറങ്ങി ആഹാരം തേടുന്ന പക്ഷികള്‍ക്കും കാലുകൊണ്ട് മണ്ണിളക്കി ഭക്ഷണം കണ്ടെത്തുന്ന പക്ഷികള്‍ക്കും വലുപ്പവും ഭാരവുമുള്ള ചിറകുകളാണുള്ളത്. കോഴികളുടെ ചിറകുകള്‍ നീളം കുറഞ്ഞതും വീതികൂടിയതുമാണ്. ഇത്തരം ചിറകുകളുടെ സഹായത്താല്‍ വളരെ കുറച്ച് ദൂരവും ഉയരവും മാത്രമേ സഞ്ചരിക്കാന്‍ സാധിക്കുകയുള്ളൂ. ദീര്‍ഘദൂരസഞ്ചാരികളായ പ്രാവുകള്‍, താറാവുകള്‍ എന്നിവയുടെ ചിറകടി അതിവേഗത്തിലാണ്. ഇവയ്ക്ക് കുറച്ചു സമയത്തിനുള്ളില്‍ അധികദൂരം പിന്നിടാന്‍ സാധിക്കും. പറക്കുന്നതിനു പുറമേ ജലയാത്രയില്‍ ഗതി നിയന്ത്രിക്കാനും തെന്നിനീങ്ങാനും താറാവിന്റെ ചിറകുകള്‍ ഉപയുക്തമാണ്. വായുവിലും വെള്ളത്തിലും ഒരുപോലെ സഞ്ചരിക്കുന്നതിന് ഉതകുന്നതാണ് താറാവ്, കടല്‍പ്പക്ഷികളായ പെട്രല്‍ തുടങ്ങിയവയുടെ ചിറകുകള്‍. വേഗത്തില്‍ പറക്കുന്നതിനുപുറമേ പെട്ടെന്ന് ഗതിമാറ്റം വരുത്തി പറക്കുക, ഒരേ സ്ഥലത്തുനിന്ന് പറക്കുക എന്നീ ശീലങ്ങളുള്ള കുരുവിയുടെ ചെറിയ ചിറകുകളില്‍ ഒരു പ്രത്യേക വളവുണ്ട്. ധ്രുവപ്രദേശങ്ങളിലും ശീതരാജ്യങ്ങളിലും കണ്ടുവരുന്ന അല്‍സിഡോ ഗോത്രപ്പക്ഷികളുടെ ചിറക് തുഴപോലെ രൂപംകൊണ്ടിരിക്കുന്നു. ബലമുള്ളതും പതിഞ്ഞതുമായ അസ്ഥികളുള്ള ഇവയുടെ ചിറകില്‍ ദൃഢപേശികളുണ്ട്. ഇത്തരം ചിറകുകള്‍ ഉപയോഗിച്ച് വെള്ളത്തിനടിയില്‍ വേഗത്തിലും ഒട്ടേറെ ദൂരത്തിലും സഞ്ചരിക്കാന്‍ ഇവയ്ക്ക് സാധിക്കും. പെന്‍ഗ്വിന്റെ ചിറകിന് ജലജീവിതത്തിനനുയോജ്യമായ രൂപമാറ്റമുണ്ട്.

ഏറ്റവും വലുപ്പം കുറഞ്ഞ പക്ഷി ക്യൂബയിലെ 'ഹമ്മിങ് ബേഡ്' ആണ്. ഇതിന്റെ ചിറകിന്റെ നീളം 6 സെ.മീ.; ഭാരം 3 ഗ്രാം. വലുപ്പത്തില്‍ ഒന്നാമന്‍ 2.5 മീറ്ററോളം ഉയരവും 135 കി.ഗ്രാമോളം ഭാരവുമുള്ള ഒട്ടകപ്പക്ഷിയാണ്. ഇതിന്റെ വലുപ്പവും ഭാരവും പരിഗണിക്കുമ്പോള്‍ ചിറകുകള്‍ നന്നേ ചെറുതാണെന്ന് കാണാം. പറക്കുന്നതിന് യോജിച്ച ചിറകുകളും ശരീരഘടനയും കൈവരിച്ച പക്ഷികള്‍ക്ക് ഭാരവും വലുപ്പവും താരതമ്യേന കുറവാണെന്ന് കാണാം.

അസ്ഥികള്‍

പക്ഷികളുടെ അസ്ഥികൂടം അതിന്റെ ഭാരക്കുറവിനും അതോടൊപ്പം അമിതബലത്തിനും പേരുകേട്ടതാണ്. വിവിധ അസ്ഥികളുടെ ഒന്നായിത്തീരലും വായുനിറയാന്‍ പറ്റിയ വിധത്തില്‍ പൊള്ളയായ അസ്ഥികളുടെ ആവിര്‍ഭാവവും പക്ഷികളുടെ മാത്രം പ്രത്യേകതയാണ്. ഈ പ്രത്യേകത വായുവില്‍ ഉയരാനും പറന്നുനീങ്ങാനും പക്ഷികള്‍ക്ക് ഏറെ സഹായകരമാണ്.

പക്ഷികളുടെ ചിറകിലെ അസ്ഥികള്‍ പരിശോധിച്ചാല്‍ പറക്കാനായി വന്ന മാറ്റങ്ങള്‍ വ്യക്തമാകും. കൈമുട്ടിലെയും മണിക്കുഴയിലെയും സന്ധിയെല്ലുകള്‍ ഒരേ തലത്തിലേക്ക് നീങ്ങിയതിനു പുറമേ, ചെറുഅസ്ഥികളെല്ലാംകൂടെ ഒന്നായിത്തീരുകയും ചെയ്തിരിക്കുന്നു. വിരലുകളുടെ എണ്ണത്തിലെ കുറവ്, നഖങ്ങളുടെ തിരോധാനം, തൂവലുകളുടെ ആവിര്‍ഭാവം എന്നിവയെല്ലാം ചിറകിന്റെ രൂപംകൊള്ളല്‍ പ്രക്രിയയിലെ പ്രത്യേകതകളാണ്. ചിറകിലെ അസ്ഥികള്‍ പൊള്ളയാണ്. ഹ്യൂമറസിലെ വായു അറകള്‍ ശരീരത്തിലെ മറ്റു വായുസഞ്ചികളുമായി ബന്ധപ്പെട്ടിരിക്കുന്നു. ചെറിയ പക്ഷികളെ അപേക്ഷിച്ച് വലിയവയുടെ അസ്ഥികള്‍ക്ക് ബലം കൂടുതലാണ്; അവയിലെ വായുസഞ്ചികള്‍ വലുതുമാണ്. പൊള്ളയായ അസ്ഥികള്‍ക്ക് അധികബലം നല്കാന്‍വേണ്ടി ചിറകിന്റെ മര്‍ദം വഹിക്കേണ്ട ഭാഗങ്ങളില്‍ അസ്ഥികൊണ്ടുതന്നെ തീര്‍ത്ത താങ്ങുകളുമുണ്ട്. പറക്കത്തൂവലുകള്‍ കൂര്‍പ്പരാസ്ഥിയുടെ തലത്തില്‍ നിരനിരയായി ഉറപ്പിച്ചിരിക്കുന്നു. മാംസപേശികള്‍ കൂര്‍പ്പരാസ്ഥിയിലൂടെ തൂവലുകളെ നിയന്ത്രിക്കുന്നതിനാല്‍ കൂര്‍പ്പരാസ്ഥിക്ക് ബഹിഗ്രകോഷ്ടാസ്ഥിയെക്കാള്‍ ഭാരം ഉണ്ട്. കൈക്കുഴയിലെ നൗകാചന്ദ്രാസ്ഥി(seapholunar)യും കീലാകാരാസ്ഥി (cuneiform)യും ചിറകിന്റെ അസ്ഥിശൃംഖലയിലും കാണാം. ഒട്ടി ഒന്നായിച്ചേര്‍ന്ന കൈക്കുഴയിലെ മണിബന്ധാസ്ഥികളും കൈപ്പത്തിയിലെ കരദാസ്ഥികളുംകൂടി ചിറകിനനുയോജ്യമായ അസ്ഥിസമുച്ചയത്തിന് രൂപംകൊടുക്കുന്നു എന്നതാണ് പൊതുവായ ധാരണ. ഓരോ പക്ഷിവര്‍ഗത്തിലും പറക്കല്‍ ശൈലിക്കിണങ്ങുംവിധം ചിറകിന്റെ അസ്ഥിസമുച്ചയം രൂപപ്പെട്ടിരിക്കുന്നു. ഉരഗജീവികളുടെ മുന്‍കാലുകള്‍ രൂപംപ്രാപിച്ചതാണ് പക്ഷികളുടെ ചിറകുകള്‍ എന്നൊരു ധാരണയുണ്ടെങ്കിലും ഉരഗാസ്ഥികളില്‍ ഏതൊക്കെയാണ് ചിറകിലെ അസ്ഥികളില്‍ കാണുന്നത് എന്നതിനെപ്പറ്റി വിദഗ്ധര്‍ക്ക് ഭിന്നാഭിപ്രായമാണുള്ളത്.

പേശികള്‍

രണ്ടുജോടി ദൃഢപേശികളാണ് ചിറകിനെ മുകളിലോട്ടും താഴോട്ടും ചലിപ്പിക്കുന്നത്. ഉരപേശികള്‍ ചിറകിനെ താഴ്ത്താനും മേലെ അംസതുണ്ഡ (coracoid) പേശികള്‍ ചിറകിനെ ഉയര്‍ത്താനും ഉപകരിക്കുന്നു. ഉരപേശികള്‍ ഉരാസ്ഥിയില്‍ ഒരു പ്രത്യേക കോണില്‍ ഉറപ്പിച്ചിരിക്കുന്നു. ഒരു കപ്പിയിലെന്നപോലെ ചിറകിനെ പിടിച്ചുയര്‍ത്താന്‍ കഴിയുംവിധമാണ് ഉരപേശികള്‍ ഒരു കതിഞരമ്പുവഴി ഭുജാസ്ഥിയുടെ തലഭാഗത്തിന് ഉപരിയായി ഉറപ്പിച്ചിരിക്കുന്നത്. അംസതുണ്ഡം, സംയുക്ത അസകാസ്ഥി, അംസഫലകാസ്ഥി എന്നീ അസ്ഥികള്‍ ഒന്നിച്ചുചേരുമ്പോഴുണ്ടാകുന്ന വൃത്താകൃതിയിലുള്ള വിടവില്‍ക്കൂടിയാണ് അംസതുണ്ഡപേശിയിലെ കതിഞരമ്പ് ഭുജാസ്ഥിയിലെത്തുന്നത്. ഭൂരിഭാഗം പക്ഷികളിലും മേലെ അംസതുണ്ഡ പേശികള്‍ ഉരച്ഛദപേശികളെക്കാള്‍ വളരെ ചെറുതാണ്. പെന്‍ഗ്വിന്‍, ആക്വിസ്, സ്വിഫ്റ്റ്, ഹമ്മിങ് ബേഡ് തുടങ്ങിയ ചിലയിനം പക്ഷികളില്‍ മാത്രമാണ് ഉരച്ഛദപേശികളെക്കാള്‍ വലുപ്പം കൂടിയ സൂപ്പര്‍കോറക്കോയിഡ് പേശികള്‍ കണ്ടുവരുന്നത്.

വാവലുകള്‍

വാവലുകള്‍ പറക്കാന്‍ കഴിവുള്ള സസ്തനികളാണ്. മുന്‍കൈയിലെ തള്ളവിരലൊഴിച്ചുള്ള വിരലുകളെല്ലാംതന്നെ വളരെ നീണ്ടതും ഒരു നേര്‍ത്ത ചര്‍മംകൊണ്ട് ആവരണം ചെയ്യപ്പെട്ടവയുമാണ്. ശരീരത്തിന്റെ പാര്‍ശ്വങ്ങളില്‍ തുടങ്ങി കൈകാലുകളിലെ അസ്ഥികളെ ആവരണം ചെയ്യുന്നതോടൊപ്പം കൈയുടെ അഗ്രം തുടങ്ങി കാലിന്റെ അഗ്രം വരെ നീളുന്ന ചര്‍മപടലമാണ് വാവലിന്റെ ചിറകായി പ്രവര്‍ത്തിക്കുന്നത്. ഈ ചര്‍മത്തിന് രണ്ടു പാളികളുണ്ട്. ശരിരത്തിന്റെ നിറത്തിനെക്കാള്‍ അല്പം കടുത്ത നിറമാണ് ചിറകുകള്‍ക്ക്. ഈ ചര്‍മപാളികള്‍ക്കിടയിലൂടെ രക്തക്കുഴലുകളും നാഡീവ്യൂഹങ്ങളും പേശികളും വിന്യസിച്ചിരിക്കുന്നു. വിശ്രമവേളകളില്‍ ചിറക് ശരീരത്തോടുചേര്‍ത്ത് മടക്കിവച്ചിരിക്കും. സാധാരണയായി തള്ളവിരലിലും ചിലപ്പോള്‍ ചൂണ്ടുവിരലിലും അഗ്രങ്ങളില്‍ കൊളുത്തുകള്‍പോലെയുള്ള ഭാഗങ്ങള്‍ കാണാം. ഇവ ചിറകില്‍നിന്നും വേര്‍പെട്ട് നില്ക്കുന്നു. മരച്ചില്ലകളില്‍ മാറിമാറി നീങ്ങാനും അള്ളിപ്പിടിച്ച് ഉയരത്തിലേക്ക് കയറാനും ഈ കൊളുത്തുകള്‍ ഉപയോഗിക്കുന്നു. വാവലുകളില്‍ത്തന്നെ ചിറകുകളുടെ ആകൃതിയിലും വലുപ്പത്തിലും വ്യത്യാസങ്ങള്‍ പ്രകടമാണ്. മുന്‍കൈയുടെ നീളവും വലുപ്പവും അനുസരിച്ച് പറക്കല്‍ ശൈലിയിലും വ്യത്യാസങ്ങള്‍ കണ്ടുവരുന്നു. പിടിച്ച ഇരയെ സൗകര്യത്തിനൊത്ത് കൊക്കിലൊതുക്കാനും ചിറക് ഉപയോഗപ്പെടുത്താറുണ്ട്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9A%E0%B4%BF%E0%B4%B1%E0%B4%95%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍