This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചര്‍ക്ക

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

14:50, 14 ജനുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചര്‍ക്ക

നൂല്‍ നൂക്കുന്നതിനുപയോഗിക്കുന്ന യന്ത്രം. ചര്‍ക്കയെ ദേശത്തിന്റെ ഐശ്വര്യത്തിന്റെയും സ്വാതന്ത്യ്രത്തിന്റെയും പ്രതീകമായി രാഷ്ട്രപിതാവായ മാഹാത്മാഗാന്ധി കണക്കാക്കിയിരുന്നു. സ്വതന്ത്രഭാരതത്തിന്റെ പുനരുജ്ജീവനത്തിനും സാമ്പത്തിക പുരോഗതിക്കും നൂല്‍നൂല്‍പുപോലുള്ള ലളിതമായ ഒരു വ്യവസായം ആവശ്യമാണെന്നു കരുതിയ മഹാത്മജി ചര്‍ക്കയുടെ വ്യാപകമായ ഉപയോഗം പ്രോത്സാഹിപ്പിച്ചു. രാജ്യത്ത് എമ്പാടും നിലവിലുണ്ടായിരുന്ന തൊഴിലില്ലായ്മയും ദാരിദ്യ്രവും മഹാത്മാഗാന്ധിയെ വളരെയേറെ വേദനിപ്പിച്ചു. ചര്‍ക്ക ഉപയോഗിച്ച് നൂല്‍നൂറ്റ് വസ്ത്രങ്ങളുണ്ടാക്കുവാന്‍ കഴിയുമെങ്കില്‍ ഒരളവുവരെയെങ്കിലും ജനങ്ങളുടെ ദാരിദ്യ്രവും തൊഴില്‍രാഹിത്യവും പരിഹരിക്കുവാന്‍ കഴിയുമെന്ന് അദ്ദേഹം ദൃഢമായി വിശ്വസിച്ചു. ചര്‍ക്കയുടെ പ്രവാചകനായ ഗാന്ധിജി തന്റെ ജീവിതത്തിന്റെ സിംഹഭാഗവും ചര്‍ക്ക പ്രചരിപ്പിക്കുന്നതിന് വിനിയോഗിച്ചു. അദ്ദേഹത്തിന്റെ എല്ലാ മൂല്യങ്ങളുടെയും മൂര്‍ത്തീഭാവമായിരുന്നു ചര്‍ക്ക. സത്യവും അഹിംസയും സംയമനവും സ്നേഹവും സാമൂഹികനീതിയും എല്ലാം ഉളവാക്കുകയും ഉദ്ദീപിപ്പിക്കുകയും ചെയ്യുന്ന യന്ത്രവിശേഷമായി ഗാന്ധിജി ചര്‍ക്കയെ ആരാധിച്ചിരുന്നു. തന്റെ ശ്രദ്ധ മുഴുവന്‍ ചര്‍ക്കയില്‍ ചെലുത്തിയതുമൂലം ഗാന്ധിജി മറ്റു ഗ്രാമവ്യവസായങ്ങളെ അവഗണിച്ചില്ലേ എന്നുപോലും പലരും സംശയിച്ചിരുന്നു. എങ്കിലും ചര്‍ക്കയെ കേന്ദ്രീകരിച്ചുള്ള ഗ്രാമീണ പുനരുദ്ധാരണ പരിപാടികള്‍ സംവിധാനം ചെയ്യുന്നതില്‍ ഗാന്ധിജി ജാഗരൂകനായിരുന്നു. ഓരോ ഗൃഹത്തിലും ഓരോ ചര്‍ക്കയും ഓരോ ഗ്രാമത്തിലും ഒന്നോ അതിലധികമോ നെയ്ത്തുതറികളും ഉണ്ടായിരിക്കണമെന്ന് അദ്ദേഹം വാദിച്ചു. ഗുജറാത്തിലെ വിജാപ്പൂരില്‍ ഗ്രാമഭവനങ്ങളില്‍ ചര്‍ക്കകള്‍ ഉണ്ടായിരുന്നതായി ഗാന്ധിജി കാണുകയും സ്വന്തം ആശ്രമത്തില്‍ ചര്‍ക്കകള്‍ക്കും നൂല്‍നൂല്പിനും മുന്തിയസ്ഥാനം നല്കുകയും ചെയ്തു. ചര്‍ക്കയില്‍ പല പരിഷ്കാരങ്ങള്‍ വരുത്തുകയും അതു നിര്‍മിക്കാന്‍ വേണ്ട ഉപകരണങ്ങള്‍ ആശ്രമത്തില്‍ത്തന്നെ ഉണ്ടാക്കുകയും ചെയ്തു. ഓരോ ഇന്ത്യാക്കാരനും ചര്‍ക്കയില്‍ ഉണ്ടാക്കുന്ന നൂലുകൊണ്ടുള്ള വസ്ത്രങ്ങള്‍ നിര്‍മിക്കുകയാണെങ്കില്‍ ഇന്ത്യയില്‍ സാധ്യമായ ഒരു പ്രധാന കുടില്‍വ്യവസായത്തെ പുനഃസ്ഥാപിക്കാമെന്ന് ഗാന്ധിജി കരുതി. ചര്‍ക്കയെ കൊച്ചുകുട്ടികള്‍ക്കുപോലും പ്രവര്‍ത്തിപ്പിക്കാമെന്നതായിരുന്നു ഇതിന്റെ മറ്റൊരു ഗുണം. ദരിദ്രരുടെ ഉപജീവനമാര്‍ഗമായും ഇടത്തരക്കാരുടെ കുടുംബവരവിന് ഒരു പൂരകമായും ചര്‍ക്ക നിലകൊള്ളും. കര്‍ഷകര്‍ക്ക് അവരുടെ കഠിനാധ്വാനത്തിനുശേഷം ഉല്ലാസപ്രദമായ ഒരു വിനോദമായി നൂല്‍നൂല്‍പ്പിനെ സമീപിക്കാം. കര്‍ഷകരുമായുള്ള നമ്മുടെ സമ്പര്‍ക്കം ചര്‍ക്കയിലൂടെ അവരെ സേവിക്കുന്നതിലൂടെ തുടങ്ങുന്നുവെന്നു ഗാന്ധിജി കരുതി. ഈവിധം പൊതുവായ സംഘടിത ജീവിതത്തിന് അടിസ്ഥാനമായി ചര്‍ക്കയെ കരുതാവുന്നതാണ്. ഇന്ത്യയിലെ ജനലക്ഷങ്ങള്‍ക്ക് അലസതയില്‍ കഴിയേണ്ടിവരുന്ന ഓരോ നിമിഷവും പൊതുനന്മയെ ലാക്കാക്കി ഉത്പാദന പ്രവര്‍ത്തനത്തിനായി ചര്‍ക്കയിലൂടെ വിനിയോഗിക്കാം.

ചര്‍ക്ക

രാഷ്ട്രപിതാവിലൂടെ നേടിയെടുത്ത സ്വാതന്ത്യ്രത്തിന്റെ പ്രതീകമായ ആദ്യകാല ചര്‍ക്ക പില്ക്കാലത്ത് ഒട്ടനവധി പരിണാമങ്ങള്‍ക്കു വിധേയമായി. ചര്‍ക്കയില്‍ സാങ്കേതികമാറ്റങ്ങള്‍ വരുത്തി അതില്‍നിന്നും ഉത്പാദിപ്പിക്കാവുന്ന നൂലിന്റെ ഗുണവും അളവും വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു. ഇന്നു രാജ്യത്തു ചര്‍ക്കയുടെ പല നൂതനമോഡലുകളും നിലവിലുണ്ട്. ഇപ്രകാരം പരിഷ്കരിച്ച ചര്‍ക്കകളില്‍ വച്ച് 'അംബര്‍ചര്‍ക്ക'യ്ക്കു പഞ്ചവത്സരപദ്ധതികളില്‍ കൂടുതല്‍ പ്രാധാന്യം നല്കപ്പെട്ടു. മൂന്നാം പദ്ധതിക്കാലത്തുമാത്രം 3 ലക്ഷം അംബര്‍ചര്‍ക്കകള്‍ രാജ്യത്ത് സ്ഥാപിക്കണമെന്ന ലക്ഷ്യമുണ്ടായിരുന്നു. പരമ്പരാഗത ചര്‍ക്കകളെ കൂടാതെ അംബര്‍ചര്‍ക്കകള്‍ വഴിയും കൂടുതല്‍ ഖാദി ഉത്പാദിപ്പിക്കണമെന്ന് ഖാദി-ഗ്രാമ വ്യവസായങ്ങളെക്കുറിച്ചു പഠനം നടത്തിയ അശോക്മേത്താ കമ്മിറ്റിയും ശിപാര്‍ശ ചെയ്യുകയുണ്ടായി. ഓരോ പദ്ധതിക്കാലത്തും പുതിയ മോഡല്‍ ചര്‍ക്കകള്‍ വഴിയുള്ള നൂല്‍ ഉത്പാദന വര്‍ധനയുണ്ടായി. ആറാം പദ്ധതിക്കാലത്ത് ഏറ്റവും ആധുനികരീതിയിലുള്ള 5035 ചര്‍ക്കകള്‍ ഖാദിനൂലുണ്ടാക്കാനായി സ്ഥാപിച്ചു. ഇത്തരം ചര്‍ക്കകളുടെ ഉത്പാദനക്ഷമത വര്‍ധിച്ചെങ്കിലും നൂലിന്റെ ഗുണമേന്മയില്‍ ചില പോരായ്മകള്‍ കണ്ടു. ചര്‍ക്കകള്‍ ഉത്പാദിപ്പിച്ച നൂല്‍ കൈത്തറിമേഖലയില്‍ ഉപയോഗിക്കാനുള്ള ഊര്‍ജിതശ്രമം ആറാം പദ്ധതിക്കാലത്തുണ്ടായി. വസ്ത്രനിര്‍മാണരംഗത്ത് ടെക്സ്റ്റൈല്‍ മില്ലുകളോടു കിടപിടിക്കുവാന്‍ തക്കകരുത്ത് ഖാദിപ്രസ്ഥാനത്തിനുണ്ടാക്കിയത് മസ്ലിന്‍ ചര്‍ക്കയുടെ വരവോടെയാണ്. മസ്ലിന്‍ ചര്‍ക്കകളുടെ നൂതനമായ പ്രവര്‍ത്തനരീതി നൂല്‍നൂല്‍പ്പുരംഗത്ത് അദ്ഭുതകരമായ മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ട്. 100-ാം നമ്പര്‍ നൂല്‍ മുതല്‍ 250-ാം നമ്പര്‍ നൂല്‍വരെ ഉത്പാദിപ്പിക്കാന്‍ പറ്റുന്ന തരത്തിലുള്ള സാങ്കേതിക സംവിധാനങ്ങള്‍ മസ്ലിന്‍ ചര്‍ക്കയിലുണ്ട്.

(എസ്. കൃഷ്ണയ്യര്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9A%E0%B4%B0%E0%B5%8D%E2%80%8D%E0%B4%95%E0%B5%8D%E0%B4%95" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍