This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചമരി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

13:52, 14 ജനുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചമരി

Yak

ആര്‍ട്ടിയോഡാക്റ്റില (Artiodactyla) സസ്തനി ഗോത്രത്തിലെ ബോവിഡേ (Bovidae) കുടുംബത്തില്‍പ്പെടുന്ന ഇരട്ടക്കുളമ്പുള്ള ഒരു ജീവി. ശ.നാ.: ബോസ്മ്യൂട്ടസ് ഗ്രന്നിയെന്‍സ് (Bosmutus grunniens). ഇതിന് കാട്ടുപോത്തിനോട് നല്ല സാമ്യമുണ്ട്. ചമരിയുടെ പ്രധാന ആവാസകേന്ദ്രം തിബത്താണ്. സമുദ്രനിരപ്പില്‍നിന്ന് ഏകദേശം 4-6 കി.മീ. ഉയരമുള്ള പര്‍വതനിരകളിലാണ് സാധാരണയായി കാണുന്നത്. തിബത്തിലെ ഏറ്റവും സാമ്പത്തിക പ്രാധാന്യമുള്ള മൃഗവും ചമരിതന്നെ. ശീതകാലാവസ്ഥയില്‍ ജീവിക്കുന്നതിനനുയോജ്യമായ വിധത്തിലുള്ള അനുകൂലനങ്ങള്‍ ചമരിയില്‍ ധാരാളമായി കണ്ടുവരുന്നു. സ്ഥൂലിച്ച ശരീരം, നീളമുള്ള തല, വാലുവരെ നീണ്ടു കിടക്കുന്ന രോമങ്ങള്‍ കൊണ്ടുമൂടിയ ശരീരം എന്നിവയാണ് ഇവയുടെ സവിശേഷതകള്‍.

ചമരി

ചമരിക്ക് ഏകദേശം 1.8-2.5 മീ. ഉയരവും 750 കി.ഗ്രാം വരെ ഭാരവുമുണ്ട്. ശരീരത്തിന് കറുപ്പുനിറമാണ്. കാല്, കൊമ്പ് എന്നിവയ്ക്കു നല്ല നീളമുണ്ട്. ശരീരാവരണത്തിന് നല്ല കട്ടിയും ഉണ്ടാവും. അതിശീതമാകുമ്പോള്‍ ഇതിന് ഘനം വീണ്ടും കൂടുന്നു. ജടപോലെയുള്ള രോമങ്ങള്‍ പലപ്പോഴും തറവരെ മുട്ടിനില്ക്കാറുണ്ട്.

ചമരി വന്യജീവിയാണെങ്കിലും മറ്റു കന്നുകാലികളെപ്പോലെ വീട്ടില്‍ വളര്‍ത്തത്തക്കവിധം മെരുക്കിയെടുക്കാനും സാധിക്കും. ഇപ്രകാരം മെരുക്കിയെടുത്തു വളര്‍ത്തുന്ന ചമരിക്ക് വലുപ്പക്കുറവും വര്‍ണവ്യത്യാസവും കാണാറുണ്ട്. ഇവ കറുപ്പും വെളുപ്പം ഇടകലര്‍ന്ന് പല നിറങ്ങളിലും കാണപ്പെടുന്നു. ചമരിക്ക് സങ്കരോത്പാദന ശേഷിയുണ്ട്. എന്നാല്‍ മറ്റേത് ഇനത്തോട് ചമരി ഇണചേര്‍ന്നാലും അതിലൂടെ ഉണ്ടാകുന്ന ആണ്‍കന്നുകള്‍ക്ക് ഉത്പാദനശേഷി കാണുകയില്ല.

വലിയ പറ്റങ്ങളായിട്ടാണ് ചമരി ജീവിക്കുന്നത്. ഇതില്‍ വിവിധ പ്രായങ്ങളിലുള്ള ആണ്‍-പെണ്‍ ചമരികള്‍ ഉള്‍പ്പെടുന്നു. ഇണചേരുന്ന സമയമൊഴിച്ചാല്‍ ആണ്‍മൃഗം കൂടുതലായും ഏകാന്തമായോ അല്ലെങ്കില്‍ ചെറിയ സംഘങ്ങളായോ ആണ് കഴിയുന്നത്. കരടി, ചെന്നായ എന്നീ മൃഗങ്ങളാണ് ഇവയുടെ മുഖ്യശത്രുക്കള്‍. പുല്ലും കുറ്റിച്ചെടികളുമാണ് ചമരിയുടെ പ്രധാന ഭക്ഷണം. അതിരാവിലെയും വൈകുന്നേരവും മാത്രമേ സാധാരണയായി ഇവ ഭക്ഷണം കഴിക്കുകയുള്ളു. പകല്‍ സമയങ്ങളില്‍ കൂടുതലും ഉറങ്ങുകയാണ് ചെയ്യാറുള്ളത്.

സാധാരണയായി സെപ്. മാസത്തിലാണ് ചമരി ഇണചേരുന്നത്. ഇക്കാലത്ത് പ്രത്യേകരീതിയിലുള്ള ഒരു ശബ്ദം (grunting) ഇവ പുറപ്പെടുവിക്കുന്നു. ഗര്‍ഭകാലം ഏകദേശം 280 ദിവസമാണ്. ജൂണ്‍ മാസമാകുമ്പോള്‍ പ്രസവിക്കുന്നു. വന്യചമരി രണ്ടുവര്‍ഷത്തിലൊരിക്കലേ പ്രസവിക്കാറുള്ളൂ. എന്നാല്‍ വീട്ടില്‍ വളര്‍ത്തുന്നയിനം വര്‍ഷം തോറും പ്രസവിക്കാറുണ്ട്.

ഭാരം ചുമക്കാന്‍ ചമരിക്ക് അസാമാന്യമായ കഴിവുണ്ട്. പ്രത്യേകിച്ച് ഉയര്‍ന്ന കുന്നിന്‍ പ്രദേശങ്ങളില്‍ യാത്രചെയ്യാനും സാധനങ്ങള്‍ ചുമന്നുകൊണ്ടുപോകാനും ഇവയെ ധാരാളമായി ഉപയോഗിക്കുന്നു. ഇവയുടെ മാംസവും പാലും സ്വാദിഷ്ടമാണ്. ചമരിയുടെ രോമം, തുകല്‍ എന്നിവ വസ്ത്രനിര്‍മാണത്തിനും ചാണകം ഇന്ധനമായും വാല് ചാമരമായും ഉപയോഗിക്കുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9A%E0%B4%AE%E0%B4%B0%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍