This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഘോഷ്, റാഷ്ബിഹാരി (1845 - 1921)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

15:59, 12 ജനുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഘോഷ്, റാഷ്ബിഹാരി (1845 - 1921)

ബംഗാളി സ്വാതന്ത്ര്യസമരസേനാനിയും സാമൂഹിക പരിഷ്കര്‍ത്താവും. ബര്‍ദ്വാന്‍ ജില്ലയിലെ ടോര്‍ക്കോന ഗ്രാമത്തില്‍ ജഗബന്ധു ഘോഷിന്റെ പുത്രനായി 1845 ഡി. 23-ന് റാഷ്ബിഹാരി ജനിച്ചു. ബര്‍ദ്വാന്‍ രാജ് കൊളീജിയേറ്റ് സ്കൂളിലെ വിദ്യാഭ്യാസത്തിനുശേഷം ഇദ്ദേഹം കൊല്‍ക്കത്തയിലെ പ്രസിഡന്‍സി കോളജില്‍ ചേര്‍ന്ന് എഫ്.എ. പരീക്ഷ വിജയിച്ചു (1862). 1865-ലെ ബി.എ. പരീക്ഷയില്‍ ജയിച്ച ഇദ്ദേഹം 1867-ല്‍ ഒന്നാംക്ളാസോടെ എം.എ. പരീക്ഷ പാസായി. 1871-ല്‍ നിയമബിരുദമെടുത്ത ഇദ്ദേഹത്തിന് 1884-ല്‍ നിയമത്തില്‍ ഡോക്ടറേറ്റ് ബിരുദവും ലഭിച്ചു.

റാഷ്ബിഹാരി ഘോഷ്

ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറുടെ ആരാധകനായിരുന്നു റാഷ് ബിഹാരി. ബംഗാളിന്റെ മഹത്തായ പാരമ്പര്യത്തില്‍ അഭിമാനിച്ചിരുന്ന റാഷ്ബിഹാരി വിദേശപര്യടനങ്ങള്‍ക്കുശേഷവും ബംഗാളിന്റെ വസ്ത്രധാരണരീതി തന്നെയാണ് പിന്തുടര്‍ന്നിരുന്നത്. പക്ഷേ, പാശ്ചാത്യജീവിത രീതി ഇദ്ദേഹത്തെ ആകര്‍ഷിച്ചിരുന്നു. ശൈശവവിവാഹത്തോടോ വിധവാ വിവാഹത്തോടോ എതിര്‍പ്പില്ലായിരുന്നു. ചെറുപ്പത്തില്‍ ക്രിസ്തുമതത്തിലേക്കു മതപരിവര്‍ത്തനം നടത്തുവാന്‍ ആഗ്രഹിച്ചെങ്കിലും പിതാവിന്റെ എതിര്‍പ്പുമൂലം സാധിച്ചില്ല. ഹിന്ദു-മുസ്ലിം ഐക്യത്തിന്റെ ശക്തനായ ഒരു വക്താവായിരുന്നു ഇദ്ദേഹം.

കല്‍ക്കത്ത സര്‍വകലാശാലയുമായി റാഷ്ബിഹാരിക്ക് ദൃഢമായ ബന്ധമുണ്ടായിരുന്നു. 1879-ല്‍ ഫെലോ ആയ ഇദ്ദേഹം 1893 മുതല്‍ 1895 വരെ നിയമ ഫാക്കല്‍റ്റിയുടെ പ്രസിഡന്റായിരുന്നു. 1887 മുതല്‍ 1899 വരെ സിന്‍ഡിക്കേറ്റ് അംഗവുമായിരുന്നു. വിദ്യാര്‍ഥികള്‍ ശാസ്ത്രസാങ്കേതികവിഷയങ്ങള്‍ പഠിക്കുന്നതിനായി വിദേശത്തുപോകുന്നതിനോട് ഇദ്ദേഹത്തിന് എതിര്‍പ്പില്ലായിരുന്നു. എന്നാല്‍ നിയമപഠനത്തിനായി വിദേശത്തു പോകുന്നതിനോടു വിയോജിച്ചു. നാഷണല്‍ കൗണ്‍സില്‍ ഒഫ് എഡ്യൂക്കേഷന്റെ ഒന്നാമത്തെ പ്രസിഡന്റായിരുന്നു റാഷ്ബിഹാരി. സ്ത്രീവിദ്യാഭ്യാസ പ്രോത്സാഹനത്തിനായി കല്‍ക്കത്താ സര്‍വകലാശാലയില്‍ നിന്ന് ഏറ്റവും മികച്ച രീതിയില്‍ ബിരുദം സമ്പാദിക്കുന്ന വിദ്യാര്‍ഥിനിക്കുവേണ്ടി സ്വര്‍ണ മെഡല്‍ ഏര്‍പ്പെടുത്തി. 1905-ലാണ് ആദ്യമായി രാഷ്ട്രീയ രംഗത്ത് വരുന്നത്. 1906-ല്‍ കോണ്‍ഗ്രസിന്റെ കല്‍ക്കത്താ സമ്മേളനത്തിന്റെ സ്വീകരണക്കമ്മിറ്റി ചെയര്‍മാനായിരുന്നു. കോണ്‍ഗ്രസിന്റെ 1907-ലെ സൂററ്റ് സമ്മേളനത്തിലും 1908-ലെ മദ്രാസ് സമ്മേളനത്തിലും ഇദ്ദേഹം അധ്യക്ഷനായിരുന്നു. രാഷ്ട്രീയത്തില്‍ ഒരു മിതവാദിയായ ഇദ്ദേഹം സ്വദേശിപ്രസ്ഥാനത്തില്‍ പ്രമുഖ പങ്കു വഹിച്ചു. ഗോഖലെയുടെ രാഷ്ട്രീയ ആശയങ്ങള്‍ ഇദ്ദേഹത്തെ സ്വാധീനിച്ചിരുന്നു. 1891 മുതല്‍ 1896 വരെയും 1906 മുതല്‍ 1907 വരെയും റാഷ് ബിഹാരി ഇന്ത്യന്‍ ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ അംഗമായിരുന്നു. 1908-ല്‍ സിവില്‍ നടപടിക്രമബില്ല് തയ്യാറാക്കുന്നതില്‍ ഇദ്ദേഹം കാര്യമായ പങ്കു വഹിച്ചു. തന്റെ ജന്മസ്ഥലത്ത് ഒരു വിദ്യാലയവും ആശുപത്രിയും സ്ഥാപിച്ചു. 1921-ല്‍ ഇദ്ദേഹം നിര്യാതനായി.

(ഡോ. കെ.കെ. കുസുമന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍